ചൈനീസ് വൈദ്യം
|ചൈനീസ് ചികിത്സാ പദ്ധതിയനുസരിച്ച് പുര്‍ണ്ണ ആരോഗ്യം എന്നത് ശാരീരികവും മാനസികവും തത്വചിന്താപരവും അത്മീയവും ആയ ആരോഗ്യാവസ്ഥകളുടെ സന്തുലനം ആണ്. രോഗപ്രതിരോധത്തിന് രോഗചികിത്സയേക്കാള്‍ പ്രധാന്യം കൊടുക്കുന്ന രീതിയാണിവിടെ അവലംബിച്ചു വരുന്നത്. | DaVelhaMedicina - ഭാഗം: 08
ക്രിസ്തുവിനു മുന്‍പ് 2800-2500 കാലത്തെ ചൈനക്കാരുടെ ചികിത്സാ രീതികളെപ്പറ്റി ഐതിഹ്യകഥകളല്ലാതെ മറ്റു രേഖകളൊന്നുമില്ല. താവോ മത വിശ്വാസികളുടെ ദൈവമായ പാന്‍ കു (Pan Ku) വിന്റെ പ്രബോധനങ്ങള്‍ പിന്‍പറ്റിക്കൊണ്ട് രാജ്യം ഭരിച്ച ഷെന്‍ നങ് (Shen Nung-ബിസി 2838-2698) ചക്രവര്‍ത്തിയാണ് ചൈനീസ് വൈദ്യശാഖയുടെ പിതാവ്. കൃഷി രീതികളെപ്പറ്റിയും ഔഷധച്ചെടികളെപ്പറ്റിയും ചൈനക്കാര്‍ക്ക് ആദ്യമായി അറിവ് നല്‍കിയത് ഇദ്ദേഹമായിരുന്നു. ചൈനീസ് ചികിത്സാ പദ്ധതിയനുസരിച്ച് പുര്‍ണ്ണ ആരോഗ്യം എന്നത് ശാരീരികവും മാനസികവും തത്വചിന്താപരവും അത്മീയവും ആയ ആരോഗ്യാവസ്ഥകളുടെ സന്തുലനം ആണ്. രോഗപ്രതിരോധത്തിന് രോഗചികിത്സയേക്കാള്‍ പ്രധാന്യം കൊടുക്കുന്ന രീതിയാണിവിടെ അവലംബിച്ചു വരുന്നത്. ജലം, മരം, അഗ്‌നി, ഭൂമി, ലോഹം, എന്നിങ്ങനെ അഞ്ച് വസ്തുക്കളുടെ സഞ്ചയമായാണ് ആരോഗ്യത്തെ വിശദീകരിച്ചിരിക്കുന്നത്. ചൈനീസ് വൈദ്യപദ്ധതിയനുസരിച്ച് 'ചീ'(Qi) എന്ന ഊര്‍ജസ്രോതസ്സ് ശരീരത്തിലാകമാനം ഒഴുകിപ്പരന്നാല്‍ മാത്രമേ ഒരാള്‍ക്ക് ആരോഗ്യവാനായി തുടരാന്‍ സാധിക്കുകയുള്ളു. ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് പോലെ (ചിത്രം -01) യിന്‍ & യാന്‍ വെളുത്ത നിറത്തിലുള്ള പ്രകാശപൂര്‍ണ്ണവും സ്‌ത്രൈണവുമായ വലതുവശവും, യാന്‍ എന്നത് പുരുഷഗുണങ്ങളോട് കൂടിയ കറുത്ത നിറത്തിലുള്ള ഇടതു ഭാഗവും; ആരോഗ്യവാനായ ഒരാളില്‍ യിനും യാനും തുലനാവസ്ഥയിലായിരിക്കും.
അക്കാലത്തെ ഏറ്റവും പ്രസിദ്ധമായ പുസ്തകം 'Yellow emperors classic of internal medicine' ആണ്. BC 2698-2598 മുതല്‍ രാജ്യം ഭരിച്ച Yellow emperor എന്ന് വിളിക്കപ്പെട്ട ഹ്യൂന്‍ചി അത്ഭുതകരമായ പലതരം കഴിവുകള്‍ക്കും ഉടമയായിരുന്നു. നാടോടികളായി ജീവിച്ചിരുന്ന ജനതയെ ഭരണ സംബന്ധിയായ മന്ദിരങ്ങള്‍, കൃഷി, മൃഗങ്ങളെ പൂട്ടി വലിക്കുന്ന വണ്ടികള്‍, വള്ളങ്ങള്‍, സംഗീതഉപരണങ്ങള്‍, എന്നിവ പരിചയപ്പെടുത്തിയത് ഇദ്ദേഹമാണ്. വന്യമൃഗങ്ങളെ ഇണക്കാന്‍ സഹായകരമായ കഴിവുകള്‍ ഹ്യുന്‍ചിക്ക് ഉണ്ടായിരുന്നുവത്രേ. ഇങ്ങനെ ഇണക്കിയെടുത്ത കരടികളും മറ്റു മൃഗങ്ങളും അദ്ദേഹത്തോടൊപ്പം യുദ്ധങ്ങളില്‍ പങ്കെടുത്തിരുന്നതായാണ് കഥകള്‍.
ഹ്യൂന്‍ചി നേജിങ് (Huang chi Neijing) എന്ന് ചൈനീസ് ഭാഷയില്‍ പേരുള്ള മേല്‍പ്പറഞ്ഞ ഗ്രന്ഥത്തിന് രണ്ടു ഭാഗങ്ങളുണ്ട്; 81 അധ്യായങ്ങള്‍ വീതമുള്ള ഇതിന്റെ ആദ്യ ഭാഗം ചോദ്യോത്തര രൂപത്തിലാണ് എഴുതപ്പെട്ടിരിക്കുന്നത്. ഷാങ്‌സി പ്രവിശ്യയിലുള്ള ഫസ്റ്റ് എംപററിന്റെ (First Emperor) ശവകുടീരം 1970ല്‍ ആകസ്മികമായി ഉല്‍ഖനനം ചെയ്യപ്പെട്ടതോടെയാണ് പുരാതന ചൈനീസ് ചികിത്സാപദ്ധതികളെപ്പറ്റി കൂടുതല്‍ വിവരം ലഭിച്ചത്-
ചൈനയിലെ മാവാങ്ടുയി ശവസംസ്‌കാരസ്ഥാനത്ത് (Mawandui burial site )പുരാതന ഹാന്‍ രാജവംശത്തില്‍പ്പെട്ട ഒരു ചക്രവര്‍ത്തിയുടെയും കുടുംബത്തിന്റെയും പരലോക ജീവിതത്തിലെ ആവശ്യങ്ങള്‍ക്കായി അവരോടൊപ്പം മറവു ചെയ്യപ്പെട്ട എണ്ണമറ്റ ജീവനുള്ളവയും അല്ലാത്തവയുമായ വസ്തുക്കളില്‍ വൈദ്യസംബന്ധിയായ പുസ്തകങ്ങളും ഉള്‍പ്പെട്ടിരുന്നു. ആധുനിക കാലത്ത് ഈ രീതി പിന്‍പറ്റുന്ന ചികിത്സകര്‍ പിന്‍തുടരുന്നത് yellow Emperor's Book ആണ്. മൂലകൃതി പില്‍കാലത്ത് അനേകം പേര്‍ മാറ്റിയെഴുതുകയും കൂട്ടിച്ചേര്‍ക്കല്‍ നടത്തുകയും ചെയ്തുവത്രേ. പാരമ്പര്യ രീതിയില്‍ ചൈനീസ് വൈദ്യം പിന്‍തുടരുന്നവരുടെ ബൈബിള്‍ ആണിത്. പലകാലങ്ങളില്‍ ഈ ഗ്രന്ഥം അനേക ഭാഷകളിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ട്. 2011ല്‍ ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ പുറത്തിറക്കിയിരുന്നു.
ഷാങ് രാജവംശത്തിന്റെ (BC1600-1046) കാലത്തു ആമയുടെ തോടിനു പുറത്തും കാളയുടെ തോളെല്ലിലും മറ്റും എഴുതപ്പെട്ടതായി കണ്ടെത്തിയ രേഖകള്‍ അക്കാലത്തെ ചികിത്സ, രാഷ്ട്രീയം, ജ്യോതിശാസ്ത്രം എന്നിവയെപ്പറ്റിയുള്ള അറിവുകള്‍ നല്‍കുന്നു. രോഗങ്ങള്‍ ഉള്‍പ്പടെ അനിഷ്ടകരമായ എന്ത് സംഭവിക്കുന്നതും മുന്‍ഗാമികളുടെ അപ്രീതി മൂലമാണെന്ന വിശ്വാസം നിലനിന്നിരുന്നു. ഇത്മൂലം ഇവരെ സംപ്രീതരാക്കാനായി പൂജകള്‍ നടത്തുന്നതും കാഴ്ചകള്‍ ഒരുക്കുന്നതും ചൈനക്കാര്‍ക്ക് ഇന്നും വളരെ പ്രധാനമാണ്. അഹിതകരമായി എന്തെങ്കിലും സംഭവിച്ചാല്‍ ഇവര്‍ വൂ(wu) എന്ന് വിളിക്കപ്പെടുന്ന മന്ത്രവാദികളെ സമീപിച്ചിരുന്നു. സ്വര്‍ഗത്തിനും മനുഷ്യനും മദ്ധ്യേയുള്ള ഇടനിലക്കാരായി ഇവര്‍ പ്രവര്‍ത്തിച്ചു വന്നു.
സൂ(Zhou) വംശത്തിന്റെ ഭരണകാലത്ത് കണ്‍ഫ്യൂഷനിസം, ബുദ്ധിസം, താവോയിസം എന്നിവ പ്രചാരത്തിലായിരുന്നു. ലാവോ സൂ (Lao Tzu) യുടെ ഉപദേശങ്ങള്‍ നെടുംതൂണായ ദാവോയിസം (Daoism) പ്രകൃതിയുമായി ഇണങ്ങിച്ചേര്‍ന്ന് ജീവിക്കുന്നത്തിന് മുന്‍തൂക്കം നല്‍കുന്നു. വന്‍ മതിലിന്റെ നിര്‍മാണം, ചൈനീസ് ലിപി ഏകീകരണം, അളവും തൂക്കവും ഏകീകരിക്കല്‍, പ്രസിദ്ധമായ ടെറാക്കോട്ട ആര്‍മി എന്നിവ ചിന്‍ രാജവംശത്തിലെ (ബി.സി 221-206) ചക്രവര്‍ത്തിയായ ചിന്‍ ഷി വോങിനെ അമരനാക്കി. ഗ്രാമ്യഭാഷകള്‍ പലതായിരുന്നതു മൂലം പുതിയ ആശയങ്ങളും അറിവുകളും വിശാലമായ രാജ്യം മുഴുവന്‍ എത്തിക്കുന്നതിന് ലിപിയുടെഏകീകരണം വളരെ സഹായകരമായി. എ.ഡി ഒന്നോ രണ്ടോ നൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്ന ഹുവാ തോ (Hua T'o) എന്ന സര്‍ജന്‍, കൈകാലുകള്‍ മുറിച്ചു മാറ്റുക, മുറിവുകളുടെ ചികിത്സ എന്നീ ശസ്ത്രക്രീയകള്‍ക്ക് മുന്‍പ് അദ്ദേഹം സ്വന്തമായി നിര്‍മിച്ചെടുത്ത വേദന സംഹാരിയായ ഒരു ലായനി രോഗിക്ക് നല്‍കിയിരുന്നതായി രേഖകള്‍ ഉണ്ട്. ചക്രവര്‍ത്തിമാരുടെ കൊട്ടാരങ്ങളിലേക്ക് ആവശ്യമായ ഷണ്ഡന്മാരെ സൃഷ്ടിക്കുന്നതിവേണ്ടി വൃഷണഛേദം ചെയ്യുന്നതിന് മുന്‍പും ഇത്തരം മരുന്നുകള്‍ നല്‍കിയിരുന്നുവത്രെ. പക്ഷെ, ഇതില്‍ ചേര്‍ത്തിരുന്ന മരുന്നുകളോ അവയുടെ അളവോ എവിടെയും കാണാനില്ല. വൃഷണവും പുരുഷ ലിംഗവും കൂടി ഒരു സില്‍ക് തുണിക്കഷ്ണം കൊണ്ട് കൂട്ടിക്കെട്ടിയ ശേഷം അരിവാള്‍ രൂപത്തിലുള്ള കത്തി കൊണ്ട് അവ മുറിച്ചു മാറ്റും. ആലത്തിന്റെയും മരപ്പശയുടെയും ഒരു മിശ്രിതം രക്തസ്രാവം തടയാനായി അവിടെ പുരട്ടും; നേരിയ പെന്‍സില്‍ പോലുള്ള ഒരു ചെറിയ തടിക്കഷണം കൊണ്ട് മൂത്രകുഴല്‍ അടച്ചു വയ്ക്കും. ജീവനോടെ ബാക്കിയാവുന്നവര്‍, മൂന്ന് മാസങ്ങള്‍ക്കകം രാജകൊട്ടാരത്തിലെ എണ്ണിയാലൊടുങ്ങാത്ത വെപ്പാട്ടിമാരുടെ കാവല്‍ക്കാരന്മാരില്‍ ഒരാളായി ചുമതല ഏറ്റെടുക്കുന്നതായിരുന്നു പതിവ്.
ഉന്നതകുലജാതരായ പെണ്‍കുട്ടികളുടെ കാലുകള്‍ നീളത്തിലുള്ള തുണിയുപയോഗിച്ചു വരിഞ്ഞു മുറുക്കിക്കെട്ടി അവയെ വളരുന്നതില്‍ നിന്നും തടയുന്നത് അക്കാലത്തെ മറ്റൊരു വിചിത്ര രീതിയായിരുന്നു. പാദത്തിന്റെ മുന്‍ഭാഗം വീതി കുറഞ്ഞതായി രൂപാന്തരപ്പെട്ട് കാണപ്പെടും. വളരെ ചെറുപ്പകാലത്ത് തന്നെ തുടങ്ങുന്ന ഈ സൗന്ദര്യവല്‍ക്കരണം അവരെ കാമ്യവധുക്കള്‍ ആക്കിത്തിര്‍ക്കുമെന്നായിരുന്നു വിശ്വസം. ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന വേദന സമ്മാനിക്കുന്നതാണ് ഈ 'സൗന്ദര്യവല്‍ക്കരണ രീതി''.
ടാംഗ് രാജവംശം (എ.ഡി 618 -905)
രണ്ടാം സുവര്‍ണ കാലം എന്നറിയപ്പെട്ട ഇക്കാലത്ത് കച്ചവടവും യാത്രയും മൂലം ധാരാളം ആശയങ്ങളും തത്വദര്‍ശനങ്ങളും ചൈനയിലെത്തി. ചൈനയിലെ ഏറ്റവും പ്രസിദ്ധ ഡോക്ടറായ സണ്‍ സി മിയാവോ (Sun Si Miao) ജീവിച്ചിരുന്നത് ഇക്കാലത്താണ്. ഇദ്ദേഹം ചൈനയില്‍ അങ്ങോളമിങ്ങോളം സഞ്ചരിച്ചു ഔഷധച്ചെടികള്‍ ശേഖരിച്ച് പരിശോധനകള്‍ നടത്തുകയും വിശദവിവരങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തു.
സൂങ്ങ് രാജവംശം (എ.ഡി 960-1279)
സങ്കേതിക വിദ്യയിലും മറ്റും വളരെ പുരോഗതിയുണ്ടായ കാലമായിരുന്നു ഇത്. സിവില്‍ സര്‍വീസ് പരീക്ഷകള്‍, മെഡിക്കല്‍ സ്‌പെഷ്യലിസ്റ്റുകളുടെ പരീക്ഷ എന്നിവയുടെ നിയമാവലിയും മറ്റും ഇക്കാലത്താണ് നിര്‍മിക്കപ്പെട്ടത്.
എ.ഡി 1247ല്‍ സങ് സൂ (Sung Tz'u), എന്ന ജഡ്ജി വൈദ്യ ചികിത്സയുടെ നിയമ വശങ്ങളെ പറ്റി 'Hsi YuanLu' എന്നൊരു ഗ്രന്ഥം ക്രോഡീകരിച്ചു. മരണകാരണം കൃത്യമായി കണ്ടു പിടിക്കുന്നത് എങ്ങനെ എന്നുള്ള വിശദ വിവരങ്ങള്‍ ഇതില്‍ കാണാം. മുങ്ങി മരണം, വിഷം ഉള്ളില്‍ച്ചെന്നുള്ള മരണം, കഴുത്ത് ഞെരിച്ചു ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തല്‍, കത്തിക്കുത്ത് എന്നിങ്ങനെ പലവിധത്തിലുള്ള മരണ കാരണങ്ങള്‍ എങ്ങനെ വേര്‍തിരിച്ചറിയാം എന്ന് വിശദമായി ഇതില്‍ പറയുന്നുണ്ട്. കൊലപാതകവും ആത്മഹത്യയും തമ്മില്‍ എങ്ങനെ വേര്‍തിരിച്ചറിയാം എന്നും ഇതില്‍ വിശദീകരിച്ചിട്ടുണ്ട്. കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കുന്നതിനെപ്പറ്റിയും വിഷം ഉള്ളില്‍ ചെന്നാല്‍ നല്‍കേണ്ട മരുന്നുകളെപ്പറ്റിയും ഇതില്‍ കാണാം.
എ.ഡി 1368-1644 വരെ ഭരണം നടത്തിയ മിംഗ് രാജവംശത്തിന്റെ കാലത്ത് വൈദ്യവിദ്യാഭ്യാസത്തിന് വേണ്ടിയുള്ള ധാരാളം സര്‍വ്വകലാശാലകള്‍ സ്ഥാപിക്കപ്പെട്ടു. ഇങ്ങനെ പരമ്പര്യ ചൈനീസ് വൈദ്യത്തിന് ഉയര്‍ത്തെഴുന്നേല്‍പ്പ് ലഭിച്ചു. മറ്റുനാടുകളിലേത് പോലെ ഇവിടെയും മനുഷ്യശരീരം കീറിമുറിച്ച് പഠനത്തിനായി ഉപയോഗിക്കുന്നത് നിരോധിക്കപ്പെട്ടിരുന്നു. ധാരാളമായി ലഭിച്ച പ്ലേഗ് രോഗികളുടെ ശവശരീരങ്ങള്‍ ഇതിന് താല്‍പര്യമുള്ളവര്‍ക്ക് ഇത്തരം പഠനങ്ങളില്‍ സഹായകരമായി. പരലോകത്ത് തങ്ങളുടെ മുന്‍ഗാമികളുടെ ഒപ്പം ചേരണമെങ്കില്‍ മൃതദേഹത്തിന് വൈകല്യം സംഭവിക്കാന്‍ പാടില്ല എന്ന വിശ്വാസം നിലനിന്നിരുന്നു. ചൈനീസ് മരുന്നുകളുടെ വിശദവിവരങ്ങള്‍ അടങ്ങിയ 'Compendium of materia medica of Chinese medicine' ഇക്കാലത്താണ് രചിക്കപ്പെട്ടത്. 52 വോള്യങ്ങള്‍ അടങ്ങിയ ഈ കൃതി 1552ല്‍ രചിക്കപ്പെട്ടു എന്ന് വിശ്വസിക്കപ്പെടുന്നു. പുരാതന കാലത്ത് സ്ത്രീകളെ, പുരുഷ ഡോക്ടര്‍മാര്‍ പരിശോധിക്കുന്നത് അധാര്‍മികമായി കണക്കാക്കിയിരുന്നു. ഇത് മൂലം എല്ലാ ഡോക്ടര്‍മാരുടെ കയ്യിലും ഒരു നഗ്‌നയായ സ്ത്രീയുടെ പ്രതിമ ഉണ്ടാവും. രോഗികള്‍ പ്രശ്‌നങ്ങളുള്ള ഭാഗം തൊട്ടു കാണിച്ചുകൊണ്ടാണ് തങ്ങളുടെ രോഗവിവരം ഡോക്ടറോട് വിശദീകരിക്കുന്നത്.
പിന്നീട് കുറെ കാലം ചൈനീസ് വൈദ്യമേഖലയില്‍ കാര്യമായ പുരോഗതി ഒന്നും ഉണ്ടായില്ല. മുന്‍ഗാമികളോടുള്ള ആദരവും വിശ്വാസവും അവരെ പുറകോട്ട് വലിച്ചു. പത്തൊന്‍പതാം നൂറ്റാണ്ടില്‍ മാത്രമാണ് ആധുനിക വൈദ്യശാസ്ത്രം ചൈനയിലെത്തിയത്.
1911ല്‍ അവസാനത്തെ ചിംഗ് രാജവംശത്തിന്റെ ഭരണത്തിന് അവസാനമായി.
1949ല്‍ കമ്യൂണിസ്റ്റുകള്‍ അധികാരത്തിലെത്തിയതിനെ തുടര്‍ന്ന് ദേശീയവാദികള്‍ തൈവാനിലേക്ക് പലായനം ചെയ്തു. സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലം ഇക്കാലത്ത് ചൈനീസ് വൈദ്യം പുനരുജ്ജീവിക്കപ്പെട്ടു. 1950ല്‍ ചൈനയിലെ നാല് പ്രധാന വന്‍ നഗരങ്ങളില്‍ ചൈനീസ് വൈദ്യ പഠനത്തിനായുള്ള സര്‍വ്വകലാശാല ആരംഭിച്ചു. ഇവിടെ നിന്ന് പുറത്തിറങ്ങിയ അനവധി നഗ്‌നപാദ ഡോക്ടര്‍മാര്‍ ഉള്‍നാട്ടുകളിലെ ലക്ഷക്കണക്കിനുള്ള സാധാരണക്കാരുടെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടു.
ചൈനക്കാരുടെ കണ്ടുപിടുത്തമാണെങ്കിലും അക്യുപങ്ചര്‍ ഇന്ന് ലോകം മുഴുവന്‍ കൂടുതല്‍ പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്. ഇംഗ്ലണ്ടിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിലും മറ്റും ഇത് ഇടം നേടിയിട്ടുണ്ട്. പ്രകൃതിചികിത്സ പോലെയുള്ള മറ്റു രീതികള്‍ ഇന്ന് പടിഞ്ഞാറ് നാടുകളില്‍ പോലും ജനപ്രിയമായി മാറിക്കൊണ്ടിരിക്കുന്നു. മയക്കുന്നതിനുള്ള മരുന്ന് കൊടുത്തശേഷം, സര്‍ജറി ചെയ്യുന്ന ഭാഗം ലോക്കല്‍ അനസ്‌തേഷ്യ കൊണ്ട് മരവിപ്പിച്ച ശേഷം രോഗി ഉണര്‍ന്നിരിക്കെ തന്നെ ഹൃദയശസ്ത്രക്രിയകള്‍ പോലും ചൈനയില്‍ ചെയ്തുവരുന്നുണ്ട്. രോഗിയുടെ ദേഹത്ത് കുത്തി ഇറക്കിയ സൂചികളിലേക്ക് ഇടവിട്ട് ഇടവിട്ട് വൈദ്യുതി കടത്തിവിടും. സാധാരണ ചെയ്യുന്നതു പോലെ ജനറല്‍ അനസ്തീഷ്യ വേണമോ അതോ അക്യുപംക്ചര്‍ മാത്രം മതിയോ എന്ന കാര്യം രോഗിക്ക് തെരഞ്ഞെടുക്കാം. ചിലവും ഏകദേശം മുന്നില്‍ ഒന്ന് മാത്രമേ വരികയുള്ളു. അമിത ഭാരം കുറക്കുന്നതിനും പുകവലി നിര്‍ത്തുന്നതിന് പോലും ഇത് സഹായിക്കുമെന്ന് അനുഭവസ്ഥര്‍ പറയുന്നു.
ചൈനീസ് ചികിത്സ പദ്ധതിക്ക് അഞ്ചു ഭാഗങ്ങളാണുള്ളത്.
1. അക്യുപംക്ചര്‍ - ശരീരത്തിലെ ചില പ്രധാന സ്ഥലങ്ങളില്‍ വളരെ നേര്‍ത്ത സൂചികള്‍ കൊണ്ട് കുത്തി 'ചി' യെ ഉത്തേജിപ്പിക്കുന്നു രീതി
2. ഔഷധചെടികള്‍ (herbs) ഉപയോഗിച്ച് ഉള്ള ചികിത്സ
3. കപ്പിംഗ് - ചൂടാക്കിയ കപ്പുകള്‍ ഉപയോഗിച്ച് പേശികളിലും സന്ധികളിലും ഉള്ള വേദന ചികിത്സിക്കുന്നു; രക്ത ഓട്ടം വര്‍ധിപ്പിക്കുന്നത് വഴിയാണ് രോഗി സുഖംപ്രാപിക്കുന്നത്
4. ട്വിന - ചൈനീസ് മസ്സാജ്
5. തായ്ച്ചി - രക്ത ചംക്രമണം വര്‍ധിപ്പിച്ചു ആരോഗ്യം നിലനിര്‍ത്തുക
ചികിത്സയില്‍ സാധാരണയായി ഉപയോഗിച്ചു വരുന്ന ഔഷധച്ചെടികള്‍ താഴെപ്പറയുന്നവയാണ്.
ഹോങ്ങ് ഹുവാ (Honghua)
ഓറഞ്ചു നിറത്തില്‍ ജമന്തിയുടെ ഇനത്തില്‍പ്പെട്ട ഈ ചെടി വേദന സംഹാരിയായും രക്തം കട്ടി പിടിക്കുന്നത് തടയുന്നതിനും രക്തഓട്ടം ക്രമപ്പെട്ടുത്താനും ഉപയോഗിക്കുന്നു. ഇത് ഓറഞ്ച് നിറത്തില്‍ നിന്നും ചുവപ്പിലേക്ക് മാറുന്നതിനു മുമ്പ് തന്നെ പറിച്ചെടുക്കേണ്ടതുണ്ട്. ഇതിനായി കര്‍ഷകര്‍ പാടത്ത് ഉറക്കമിളച്ച് കാത്തിരിക്കും. അത്ര കൃത്യമായി പറിച്ചെടുത്താല്‍ മാത്രമേ ഇതിന്റെ ഔഷധഗുണങ്ങള്‍ ഏറ്റവും നന്നായി ലഭിക്കുകയുളളുവത്രേ!
കുങ്കുമപ്പൂവ്
ദഹനം മെച്ചപ്പെടുത്താനും ജൈവികവിഷത്തെ (toxins) നുകളെ ദേഹത്തു നിന്ന് ദൂരീകരിക്കാനും കഫത്തിന്റെ ശല്യത്തിന് ചികിത്സയായും ഉപയോഗിക്കുന്നു. ആധുനിക കാലത്ത് കൃത്രിമ പ്രകാശത്തില്‍ ഗ്രീന്‍ ഹൗസുകളില്‍ ഇത് കൃഷി ചെയ്തു വരുന്നു. ഇതിന്റെ പൂവ് രാവിലെ 2-3 മണിക്കൂര്‍ മാത്രമേ വിടര്‍ന്നിരിക്കുകയുളളു. സാധാരണ കൃഷിക്കാര്‍ എട്ട് മണിയോടെയാണ് പൂ നുള്ളുന്നത് പുരുഷന്മാര്‍ പൂ നുള്ളകയും സ്ത്രീകള്‍ പുമ്പൊടി നിറഞ്ഞ സ്‌റ്റൈലുകള്‍ (style) ഇളക്കി മാറ്റുകയുമാണ് ചെയ്യുന്നത്. കുങ്കുമത്തിന്റെ ഹെര്‍ബല്‍ എസ്സെന്‍സ് ഈ പുഷ്പത്തിന്റെ stigma എന്ന ഭാഗത്തു നിന്നാണ് ലഭിക്കുന്നത്. 80-100വരെ പൂക്കളില്‍ നിന്ന് ഒരു ഗ്രാം കുങ്കുമം മാത്രമേ ലഭിക്കുകയുള്ളു. പറിച്ചെടുത്ത ഉടന്‍ തന്നെ ഇവ ഉണക്കി എടുക്കണം. ഇത്തരത്തില്‍ വളരെ കരുതലോടെ പാകപ്പെടുത്തി എടുക്കുന്നത് മൂലം ആകാം കുങ്കുമത്തിന്റെ വില വളരെ അധികമായിരിക്കുന്നത്.
റോഡിയോള (Rhodiola)
വളരെ തണുത്ത കാലാവസ്ഥയില്‍ കുന്നിന്‍ പ്രദേശത്തും മലകളിലും ആണ് ഇത് വളരുന്നത്. ഉത്തേജക മരുന്നായും രക്തം കട്ടപിടിക്കാതിരിക്കാനും ഇത് ഉപയോഗിക്കുന്നു. മല കയറ്റക്കാര്‍ക്ക് ഓക്‌സിജന്‍ കുറവ് മൂലം ഉണ്ടാകുന്ന മൗണ്ടന്‍ സിക്ക്‌നസിന്റെ (Mountain Sickness) ചികിത്സക്കും ഇത് ഫലപ്രദമാണ്.
Chinese foxglove root
അലര്‍ജികള്‍, രക്തക്കുറവ്, കാന്‍സര്‍, പ്രമേഹം, സന്ധി വേദനകള്‍, ഉറക്കക്കുറവ്, പല തരത്തിലുള്ള ഇന്‍ഫെക്ഷന്‍ വേദനകള്‍ എന്നിവക്ക് മരുന്നായും ശരീരത്തിലെ ടോക്‌സിനുകളെ മാറ്റാനും ഇത് ഉപയോഗിക്കുന്നു. ഇതിന്റെ കിഴങ്ങ് സൂര്യപ്രകാശത്തില്‍ ഉണക്കിയും ആവിയില്‍ പുഴുങ്ങി ഉണക്കിയും ചികിത്സക്ക് ഉപയോഗിക്കുന്നു.
ഡ്രാഗണ്‍ ബ്ലഡ് ട്രീ
ഈ മരത്തിന്റെ കറ രക്തസ്രാവം ശമിപ്പിക്കാനും രക്തഓട്ടം മെച്ചപ്പെടുത്താനും വേദന കുറക്കാനും ഉപയോഗിച്ചു വരുന്നു. ഇതിന്റെ ഇലകൊണ്ടുണ്ടാക്കിയായ കഷായം പഞ്ചസാരയിലെ രക്തത്തിന്റെ അളവ് കുറക്കുമത്രേ. ഇതിന്റെ തടി ചെറിയ കക്ഷണങ്ങളായി മുറിച്ച് വെള്ളത്തില്‍ തിളപ്പിച്ച് വറ്റിച്ചും ഇതില്‍ നിന്നുള്ള മരുന്ന് ഉണ്ടാക്കി എടുക്കാറുണ്ട്.
Lingzhi(majical mushroom)
ദീര്‍ഘായുസ്സ്, ഉന്‍മേഷം, യുവത്വം എന്നിവക്ക് വേണ്ടിയും ലൈംഗിക ആസക്തി വര്‍ധിപ്പിക്കുന്നതിന് വേണ്ടിയുമാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്.
Ginseng(Renshen)
രണ്ടു കാലുകളോട് കൂടി മനഷ്യന്റെ ആകൃതിയാണ് ഈ കിഴങ്ങിന്. കാഴ്ചയില്‍ ഒരാള്‍ നടന്ന് പോകുന്നത് പോലെ തോന്നും. ''ചി'യെ ഉത്തേജിപ്പിക്കാനും ഹൃദയാഘാതം സംഭവിച്ചവരുടെ ചികിത്സക്കായും ഇത് ഉപയോഗിക്കുന്നു. ഇതിന്റെ ഉപയോഗം ദീര്‍ഘായുസ്സ് നല്‍കുമത്രേ! തീരെ കേടുപറ്റാതെയും പൊട്ടിപ്പോകാതെയും വേണം ഇത് കുഴിച്ചെടുക്കാന്‍. പുരാതന കാലത്ത് മാനിന്റെ എല്ലുകൊണ്ടുണ്ടാക്കിയ വടികളാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. ഇത് പറിച്ചെടുക്കുന്ന അവസരത്തില്‍ ആ ചെടിയിലുള്ള പാകമായ വിത്തുകള്‍ അവിടെ കുഴിച്ചിടാറാണ് പതിവ്. ഇതിന്റെ വംശം നിലനിര്‍ത്തുന്നതില്‍ ഇന്നാട്ടുകാര്‍ ഇത്തരത്തില്‍ പ്രത്യേക ശ്രദ്ധ കാണിച്ചുവരുന്നു. ഇത് കുഴച്ചെടുക്കുന്നതിന് മുന്‍പ് പാരമ്പര്യരീതിയില്‍ കര്‍ഷകര്‍ ഈ ചെടിയെ സാഷ്ടാംഗം നമസ്‌കരിക്കുന്ന രീതി നിലവിലുണ്ട്.
അതിമധുരം (gan cao - Licorice)
ദഹനം മെച്ചപ്പെടുത്താനും ശരീരത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്തു ശുദ്ധീകരിക്കാനും കഫം സംബന്ധിയായ അസുഖങ്ങള്‍ക്കും ഇത് ഉപയോഗിക്കുന്നു. പാരമ്പര്യ ചൈനീസ് ചികിത്സയിയിലെ മിക്ക മരുന്നുകളിലും ലിക്കോറിസ് ഒരു ചേരുവയാണ്.
Tianna(Gastrodia)
തലകറക്കം, കൈകാല്‍ പെരുപ്പ് എന്നിവക്ക് ചികിത്സയായും ടോണിക്ക് ആയും ഇത് ഉപയോഗിക്കുന്നു.
Qianshi(ginseng in water)-Gorgon fruit
കാഴ്ച, കേള്‍വി എന്നിവ മെച്ചപ്പെടുത്താനും ദീര്‍ഘായുസ്സിന് വേണ്ടിയും 'ചി'യെ ഉത്തേജിപ്പിക്കാനും ഈ മരുന്ന് ഉപയോഗിച്ചു വരുന്നു. ചൂട് മൂലം ഇതിന്റെ ഗുണഫലം കുറയുമെന്ന വിശ്വാസം ഉള്ളത് കൊണ്ട് ഇതിന്റെ വിളവെടുപ്പ് അര്‍ധരാത്രിയിലാണ് സാധാരണയായി നടത്തുന്നത്. കിഴങ്ങിനകത്തെ വിത്തുകള്‍ പൊളിച്ച് എടുക്കുന്ന പരിപ്പാണ് മരുന്നായി ഉപയോഗിക്കുന്നത്.
Hongqu( hongchu)- red yeast rice
യീസ്റ്റ് ഉപയോഗിച്ചു അരി പുളിപ്പിച്ചു നിറംമാറ്റി എടുക്കുന്ന ചുവന്ന നിറമുള്ള ഈ അരി അമിതാഹാരം കൊണ്ട് ഉണ്ടാകുന്ന ദഹനക്കേടിന് ചികിത്സയായി ഉപയോഗിക്കുന്നു. വിലക്കൂടുതല്‍ നിമിത്തം പണ്ട് കാലത്തു ധനികര്‍ക്കു മാത്രമേ ഇത് വാങ്ങാന്‍ കഴിഞ്ഞിരുന്നുള്ളു. വൈന്‍ ഉണ്ടാക്കാനും ഭക്ഷണത്തിന് നിറം കൊടുക്കാനും ഇത് ഉപയോഗിക്കുന്നുണ്ട്.
Huajuhong
കമ്പിളി നാരങ്ങ (Pomelo fruit) യുടെ ഉണങ്ങിയ തൊലിയാണിത്. കഫവും ചുമയും കുറക്കാനും ഞണ്ടിറച്ചി മൂലം ഉണ്ടാകുന്ന അലര്‍ജിയുടെ ചികിത്സക്കും അമിതമദ്യപാനത്തിന്റെ ദൂഷ്യഫലങ്ങളെ പ്രതിരോധിക്കാനും ഇത് ഉപയോഗിക്കുന്നു.
Gouqi( goji)- wolf berry
വളരെ ചെറിയ തക്കാളി പോലെയുള്ള ഈ പഴം ടോണിക്കായും കിഡ്‌നി രോഗങ്ങള്‍ക്ക് ചികിത്സക്കായും ഉപയോഗിക്കുന്നു. ഇതുപയോഗിച്ചു ഉണ്ടാകുന്ന ചായ പുറമെ പുരട്ടുന്നതിനും, ഗുളിക രൂപത്തിലും ഇത് ഉപയോഗിച്ച് വരുന്നു.
Juha (ക്രിസാന്തിമം)
ചായ ശരീരം ചൂടാക്കാനും ചെറിയ ജലദോഷപ്പനിക്കും കരള്‍ ശുദ്ധീകരിക്കാനും ശ്വാസം മുട്ടിനും കാഴ്ചക്കുറവിനും ഉപയോഗിക്കുന്നു. മൊട്ട് വിരിഞ്ഞു് പതിനഞ്ച് ദിവസത്തിനകം പറിക്കുന്നതാണ് ഏറ്റവും ഉത്തമം. ഉണങ്ങിയ പൂഷ്പങ്ങള്‍ കൊണ്ട് തലയണ ഉണ്ടാക്കുകയും ചായ ഉണ്ടാക്കുന്നതും മറ്റും മേല്‍പ്പറഞ്ഞ ഉദ്ദേശങ്ങളോടെയാണ്.
(തുടരും)
ഡോ. സലീമ ഹമീദ്: തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി. കാനഡയില്‍ ഫാമിലി ഫിസിഷ്യനായി ജോലി ചെയ്യുന്നു. എന്റെ വഴിയമ്പലങ്ങള്‍, ആന്‍ഡലൂസിയന്‍ ഡയറി, പോര്‍ച്ചുഗല്‍-ഫെഡോ സംഗീതത്തിന്റെ നാട് എന്നീ യാത്രാവിവരണ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു. പുസ്തകപ്പച്ച, അമേരിക്കന്‍ കഥക്കൂട്ടം, ലോക്ഡൗണ്‍ സ്‌കെച്ചുകള്‍, കഥ 2021, കഥാസ്‌കോപ്പ് എന്നീ ആന്തോളജികളില്‍ എഴുതിയിട്ടുണ്ട്. ആനുകാലികങ്ങളിലും ഓണ്‍ലെന്‍ മാധ്യമങ്ങളിലും ലേഖനങ്ങളും യാത്രാവിവരണങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.