Column
പ്‌ളേഗ് - കറുത്ത മരണം
Column

പ്‌ളേഗ് - കറുത്ത മരണം

ഡോ. സലീമ ഹമീദ്
|
14 Jun 2023 5:23 PM GMT

1349ലെ ഏറ്റവും ഭീകരമായ താണ്ഡവം കഴിഞ്ഞപ്പോള്‍ ഇംഗ്ലണ്ടിലെ ജനസംഖ്യ മൂന്നില്‍ ഒന്നിനെയും കൊണ്ടാണ് പ്ലേഗ് പോയത്. അതിനു ശേഷം എപ്പിഡമിക് എന്ന നിലയില്‍ അത് ഏകദേശം 300 കൊല്ലത്തോളം ഇംഗ്ലണ്ടില്‍ നിലനിന്നു. പ്ലേഗ് മൂലം ഇക്കാലത്ത് മരിച്ച ഒരേ ഒരു രാജാവ് സ്‌പെയിനിലെ അല്‍ഫോന്‍സോ പതിനൊന്നാമന്‍ ആയിരുന്നു. | DaVelhaMedicina - ഭാഗം: 18

പ്‌ളേഗിനെപ്പറ്റി പറയാതെ ലോകചരിത്രം വിവരിക്കാന്‍ സാധ്യമല്ല. മനുഷ്യരുടെ വിശ്വാസം, ജീവിത വീക്ഷണം, മതം, സാംസ്‌കാരിക ജീവിതം എന്നിവയെ ഈ പകര്‍ച്ചവ്യാധിക്കാലം മാറ്റി മറിച്ചു. ക്രിസ്തുവിന്റെ ജനനത്തിനു ശേഷം പ്ലേഗിന്റെ മൂന്നു മഹാമാരികള്‍ ആണ് ലോകത്തെ ഗ്രഹിച്ചത്. എ.ഡി 542 ജസ്റ്റിനിയന്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്തേതാണ് ആദ്യം. രണ്ടാമത്തേത് 1348 ഇംഗ്ലണ്ടിലെ 'ബ്ലാക്ക് ഡെത്ത്'എന്നറിയപ്പെട്ടതാണ്. 1894 ചൈനയില്‍ ആരംഭിച്ച് ഹോങ്കോങ്ങില്‍ എത്തി അവിടെ നിന്ന് ലോകം മുഴുവന്‍ പടര്‍ന്ന രോഗത്തിന്റെ പരമ്പരകളാണ് മൂന്നാമത്തേത്. പക്ഷേ, മൂന്നാം തവണ യൂറോപ്പിലും അമേരിക്കയിലും മരണസംഖ്യ താരതമ്യേന കുറവായിരുന്നു.

പ്‌ളേഗിന്റെ ആദ്യത്തെ അടയാളമായി ചെറിയ പനിയും ദേഹവേദനയും മറ്റുമായാണ് ഇത് ആരംഭിക്കുന്നത്. പിന്നീട് ദേഹത്ത് അവിടവിടെ ചില മുഴകള്‍ പ്രത്യക്ഷപ്പെടുന്നു. പ്രധാനമായും കഴുത്തിലും കക്ഷത്തും കാലിന്റെ ഇടുക്കുകളിലും കഴലകള്‍ (lymph nodes) പ്രത്യക്ഷപ്പെടുകയും അവ വലുതാവുകയും ചെയ്യും. 30 ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇതില്‍ നിന്നും രക്തവും പഴുപ്പും പൊട്ടിയൊലിക്കാന്‍ തുടങ്ങും. പിന്നീട് കഠിനമായ പനിയും അതോടൊപ്പം രക്തം കലര്‍ന്ന ഛര്‍ദ്ദിയും ആരംഭിക്കും. ഇതിനു ശേഷം ദേഹത്ത് അവിടെയവിടെയായി കറുത്തതോ ധൂമവര്‍ണ്ണത്തിലോ ആയിട്ടുള്ള തടിപ്പുകളും നിറവ്യത്യാസവും കണ്ടുതുടങ്ങും. ഇതോടെ രോഗി മരണത്തിന് കീഴടങ്ങും. ഈ ഇനത്തില്‍പ്പെട്ടവരില്‍ 80 ശതമാനം ആളുകളും മരണത്തിനു കീഴടങ്ങി (Bubonic Plague). ചിലപ്പോള്‍ ഈ രോഗം ശ്വാസകോശത്തിലേക്ക് എത്തിച്ചേരുകയും രോഗി രക്തം ചുമച്ച് തുപ്പുകയും ശ്വാസംമുട്ടല്‍ അനുഭവിക്കുകയും ചെയ്യും. ഈ രോഗാവസ്ഥയെ ന്യൂമോണിക്ക് പ്ലേഗ് (Pneumonic Plague) എന്നു വിളിക്കുന്നു. 90 മുതല്‍ 95 ശതമാനം വരെ മരണം ഉറപ്പാണിവിടെ. പലപ്പോഴും രോഗി തുമ്മിയാല്‍ തന്നെ അടുത്തിരിക്കുന്ന വ്യക്തിക്ക് രോഗമുണ്ടാകാനുള്ള സാധ്യത ഉണ്ടായിരുന്നു. മൂന്നാമത്തെ ഇനമായ സെപ്റ്റിസീമിക് പ്‌ളേഗില്‍ (septicemic plague) മരണസാധ്യത 100% ആയിരുന്നു. രോഗാണുകള്‍ രക്തത്തില്‍ കലരുന്നത് മൂലം 14-15 മണിക്കൂര്‍ കൊണ്ട് പോലും രോഗി മരണപ്പെട്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. മരണത്തോട് അടുക്കുന്ന രോഗിയുടെ ശരീരത്തില്‍ പര്‍പ്പിള്‍ നിറത്തിലും കറുത്തനിറത്തിലും ഉള്ള ചെറുതും വലുതുമായ പൊട്ടു പോലെയുള്ള അടയാളങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ അടയാളം കണ്ടു കഴിഞ്ഞാല്‍ അത് ഉറപ്പായും മരണത്തിന് അടയാളമായി കരുതപ്പെട്ടതായി ഡെക്കാമെറോണ്‍ (The Decameron) കഥകളില്‍ ജിയോവാനി ബൊക്കാച്ചിയോ എഴുതിയിട്ടുണ്ട്.

പത്തൊമ്പതാം നൂറ്റാണ്ടിലെ അവസാനത്തിലാണ് യേര്‍സിനിയ പെസ്റ്റിസ് (Yersinia Pestis) എന്ന ബാക്ടീരിയയാണ് ഈ രോഗത്തിന് കാരണമാകുന്നത് എന്ന് കണ്ടെത്തിയത്. എലികളില്‍ ഉള്ള ചെറുതരം ചെള്ളുകളില്‍ നിന്നാണ് മനുഷ്യരിലേക്ക് എത്തുന്നത്. അപൂര്‍വമായി പൂച്ച, പട്ടി, മുയല്‍, കഴുത എന്നിവയില്‍ കൂടിയും മനുഷ്യരിലേക്ക് എത്താറുണ്ട്. എന്നാല്‍, ഏറ്റവും പ്രധാനകാരണം മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്ക് ഈ രോഗം പരക്കാറുണ്ടായിരുന്നു എന്നതാണ്. ഈ രോഗത്തിന്റെ ഉറവിടം എന്താണെന്ന് ആദ്യകാലത്തിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആര്‍ക്കും അറിവുണ്ടായിരുന്നില്ല. ഇതുമൂലം വൈദ്യവൃത്തിയില്‍ ആളുകള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ട കാലമായിരുന്നു ഇത്.

മഹാമാരിയായി രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ ബ്യൂബോണിക്ക് പ്ലേഗ് (Bubonic plague) 541-542 ADയില്‍ ചൈനയില്‍ ആരംഭിച്ചു, പിന്നീട് യൂറോപ്പിലേക്കും പശ്ചിമേഷ്യയിലേക്കും പടര്‍ന്നു. ചൈനയില്‍നിന്നുള്ള കച്ചവടക്കാര്‍ യാത്ര ചെയ്ത വഴികളിലൂടെ (Silk Route) ഇതു വടക്കന്‍ ആഫ്രിക്കയിലേക്ക് എത്തിച്ചേര്‍ന്നു. റോമന്‍ സാമ്രാജ്യത്തിലേക്ക് ഈജിപ്തില്‍നിന്നും ഗോതമ്പ് ധാരാളമായി ഇറക്കുമതി ചെയ്തിരുന്നു. ഇത് വലിയ ധാന്യപ്പുരകളില്‍ സംഭരിച്ചിരുന്നു. ഇത്തരം ധാന്യപുരകള്‍ എലികള്‍ക്ക് പെറ്റുപെരുകാനുള്ള ഏറ്റവും യോജിച്ച വളര്‍ത്തല്‍ കേന്ദ്രമായി മാറി.

റോമിലെ രാജാവായിരുന്ന ജസ്റ്റീനിയന്‍ (AD 482 -565) ചക്രവര്‍ത്തിയുടെ കാലത്ത് യൂറോപ്പില്‍ പടര്‍ന്ന പ്ലേഗ് (AD 541 - 542 വരെ) പതിനാലാം നൂറ്റാണ്ടിലെ അത്രയും ഭീകരമായിരുന്നില്ല. ഈ ഭരണാധികാരി രോഗബാധിതരോട് ഒട്ടും കരുണ കാണിച്ചില്ല. കര്‍ഷകര്‍ രോഗബാധിതരായതോടു കൂടി സാധനങ്ങളുടെ വില ക്രമാതീതമായി കുതിച്ചുയര്‍ന്നു. എന്നാല്‍, രാജാവ് ഇതൊന്നും കണക്കാക്കാതെ പഴയ രീതിയിലുള്ള നികുതി തന്നെ നല്‍കണമെന്ന് നിര്‍ബന്ധം പിടിച്ചു. ഒരാള്‍ മരിക്കുകയാണെങ്കില്‍ അയാളുടെ അയല്‍ക്കാരന്‍ കൃഷിസ്ഥലം, ഏറ്റെടുക്കുകയും അയാള്‍ നല്‍കേണ്ട നികുതി നല്‍കുകയും വേണമെന്നായിരുന്നു ചക്രവര്‍ത്തിയുടെ പിടിവാശി. Procopius എന്ന ചരിത്രകാരന്‍ an-noor ചക്രവര്‍ത്തിക്ക് പ്ലേഗ് ബാധിച്ചതായും അതില്‍ നിന്ന് അദ്ദേഹം സുഖം പ്രാപിച്ചതായും എഴുതിയിട്ടുണ്ട്. ലണ്ടനില്‍ മാത്രം ഏകദേശം 100000 ആളുകള്‍ എ.ഡി 541നും 750നും ഇടയ്ക്ക് മരണത്തിന് കീഴടങ്ങിയിട്ടുണ്ടാവും എന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നു. റോമാസാമ്രാജ്യത്തിന്റെ തകര്‍ച്ചയ്ക്ക് പ്ലേഗ് ഒരു പ്രധാന കാരണമായിത്തീര്‍ന്നു എന്നത് അവിതര്‍ക്കിതമാണ്.

പുതിയ തരം വലിയ കപ്പലുകളുടെ കണ്ടുപിടുത്തത്തോടെ 1340ഇല്‍ കയറ്റുമതി വര്‍ധിച്ചു. പലരാജ്യങ്ങളും സ്വന്തമായി കൃഷി ചെയ്യുന്നതിന് പകരമായി മറ്റു രാജ്യങ്ങളില്‍ നിന്നും ധാന്യം ഇറക്കുമതി ചെയ്തു തുടങ്ങി. ഈ ധാന്യം എത്തിയ ഇടങ്ങളില്‍ എല്ലാം പ്ലേഗ് രോഗം പടര്‍ന്നു പിടിച്ചു. 1320ല്‍ മംഗോളിയയില്‍ ഈ രോഗം ഉണ്ടാകുകയും അവിടെനിന്ന് സില്‍ക്ക് റൂട്ടിലെ കച്ചവടക്കാരിലൂടെ കരിങ്കടല്‍ വരെ എത്തി. പിന്നീട് ഇത് യൂറോപ്പിലേക്കും മധ്യകിഴക്കന്‍ മേഖലകളിലേക്ക് എത്തിച്ചേരുകയും ചെയ്തു.

പതിനാലാം നൂറ്റാണ്ടിലെ പ്ലേഗ് അക്കാലത്തെ ലോക ജനസംഖ്യയായ 500 മില്യണില്‍ നിന്ന് 300 മില്യനെയും തുടച്ചു നീക്കി. യൂറോപ്പ്, പശ്ചിമേഷ്യ, ഇന്ത്യ, കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളില്‍ രോഗം സംഹാരതാണ്ഡവമാടി. ഇത് എവിടെയാണ്, ഉടലെടുത്തതെന്നതിനെപ്പറ്റി പല അഭിപ്രായങ്ങളുണ്ട്. മംഗോളിയന്‍ പീഠഭൂമിയിലായിരിക്കണമെന്നാണ് പണ്ഡിത മതം. പതിനാലാം നൂറ്റാണ്ടിന്റെ മദ്ധ്യം വരെ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്ന Plax mangolica എന്നറിയപ്പെടുന്ന മരുപ്രദേശങ്ങളിലൂടെ ചൈനയില്‍ നിന്ന് ഉള്ള വണിക്കുകള്‍ ധാരാളമായി യാത്ര ചെയ്തു. മരുപ്പച്ചകളും കാരവന്‍ സരായ് എന്ന വിശ്രമസ്ഥലങ്ങളും ഇടകലര്‍ന്ന സില്‍ക്ക് റോഡ് എന്നറിയപ്പെടുന്ന വഴികളിലൂടെ ഇവര്‍ യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കും യാത്ര ചെയ്തു.

യൂറോപിലെ വെനീസ്, ജനോവ, ഫ്‌ലോറന്‍സ് എന്നീ പട്ടണങ്ങള്‍ തമ്മില്‍ കച്ചവട മേല്‍ക്കോയ്മക്കായി കിടമല്‍സരം നടക്കുന്ന കാലമായിരുന്നു അത്. ഇറ്റാലിയന്‍ ഉപദ്വീപില്‍ കാഫ (caffa) എന്ന ഒരു ചെറുപട്ടണം ഉണ്ടായിരുന്നു. ഇപ്പോള്‍ ഇതിന്റെ പേര്് Feodosiya എന്നാണ്. കടലിന്റെ സാമീപ്യവും നല്ലൊരു തുറമുഖത്തിന് വേണ്ട പ്രത്യേക സൗകര്യങ്ങളും നിമിത്തം ജനോവക്കാര്‍ ഈ പട്ടണം സ്വന്തമാക്കി. കാലക്രമേണ ഇത് ധാരാളം മണിമന്ദിരങ്ങളും ഇരുന്നൂറോളം കപ്പലുകള്‍ക്ക് നങ്കൂരം ഇടാന്‍ സൗകര്യമുള്ള ഉള്ള തുറമുഖവും ഉള്‍പ്പെട്ട ഒരു വലിയ പട്ടണമായി മാറി. കിഴക്കും പടിഞ്ഞാറും നിന്നുള്ള കച്ചവടക്കാര്‍ ഒന്നിച്ചു കൂടി ചൈനീസ് സുഖഭോഗ വസ്തുക്കള്‍ വില്‍പ്പന നടത്തുന്ന ഒരു പ്രധാനപ്പെട്ട ഇടമായിരുന്നു ഇത്. പക്ഷേ, ഈ അഭിവൃദ്ധിയോടൊപ്പം അന്നാട്ടുകാര്‍ തീരെ പ്രതീക്ഷിക്കാത്തതും ആഗ്രഹിക്കാത്തതും ആയ പലതും അവിടെ എത്തി. 1343ല്‍ ജനോവക്കാരുടെ ഭരണത്തിന്‍ കീഴില്‍ ആയിരുന്ന കാഫയിലേക്ക് ടാര്‍ട്ടാറികളുടെ പട്ടാളം എത്തി. പക്ഷേ, അവരുടെ പട്ടണമതിലുകളെ തകര്‍ക്കാനോ ഭേദിക്കാനോ മംഗോളിയന്‍ പട്ടാളക്കാര്‍ക്ക് സാധിച്ചില്ല. പട്ടണത്തിന് ചുറ്റുമുള്ള അവരുടെ ഉപരോധം മൂന്ന് വര്‍ഷത്തോളം നീണ്ടു നിന്നു. അക്കാലത്തു തന്നെ മംഗോളിയ, ചൈന, ഇന്ത്യ എന്നിവിടങ്ങളില്‍ വിചിത്രവും മാരകവുമായ ഒരു രോഗം പടര്‍ന്നു പിടിക്കുന്നതായി ഉള്ള വാര്‍ത്ത പരന്നിരുന്നു. എന്നാല്‍, ആരും അത് കാര്യമായി എടുത്തില്ല. 1346 ആയപ്പോഴേക്കും ഈ രോഗം കാഫയില്‍ എത്തി. മംഗോളിയന്‍ പട്ടാളക്കാര്‍ക്ക് ഇതിനെപ്പറ്റി യാതൊരു അറിവും ഉണ്ടായിരുന്നില്ല. പ്ലേഗ് ബാധിതരായി ധാരാളം മംഗോളിയന്‍ പട്ടാളക്കാര്‍ മരിക്കാന്‍ തുടങ്ങി. ജെനോവക്കാര്‍ ദൈവം തങ്ങളുടെ ശത്രുക്കളെ ശിക്ഷിച്ചതായാണ് ഇതിനെ വ്യാഖ്യാനിച്ചത്. കുറച്ച് ദിവസങ്ങള്‍ക്കകം ധാരാളം പട്ടാളക്കാര്‍ ഈയലുകള്‍ പോലെ ചത്തു വീണു. അവര്‍ക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതും വളരെയധികം ആയിരുന്നു ശവങ്ങളുടെ എണ്ണം. അങ്ങനെ അവ അവിടെ കിടന്നു ചീഞ്ഞു തുടങ്ങി. ഇത്തരത്തില്‍ ജീര്‍ണ്ണിക്കുന്ന മൃതദേഹങ്ങളുടെ പലഭാഗങ്ങളിലായി ധാരാളം ദുര്‍ഗന്ധവാഹിയായ പലതരം വാതകങ്ങള്‍ നിറയും. ഇതുകൊണ്ട് നിവര്‍ത്തി കെട്ട മംഗോളിയന്‍ സൈന്യാധിപന്മാര്‍ വലിയ തെറ്റാലി പോലെയുള്ള ചില ഉപകരണങ്ങള്‍ ഉപയോഗിച്ച് മൃതദേഹങ്ങള്‍ നഗരത്തിന്റെ ചുറ്റുമതിലിന് അകത്തേക്ക് എറിയാന്‍ തുടങ്ങി. ഒരു പക്ഷേ ഇതായിരിക്കും ചരിത്രത്തിലെ ആദ്യത്തെ ജൈവായുധ യുദ്ധം (Biological Warfare). മൃതദേഹങ്ങള്‍ മൂലമുള്ള ദുര്‍ഗന്ധം ഒഴിവാക്കലായിരുന്നു ഉദ്ദേശം. പക്ഷേ, ഇവ ഊക്കോടെ വന്നു വീണ് ചിതറി പല കഷണമായി വീഴുന്ന സ്ഥലം മുഴുവന്‍ ദുര്‍ഗന്ധവും മൃതദേഹശകലങ്ങളും രോഗാണുക്കളും കൊണ്ട് നിറഞ്ഞു. അതോടൊപ്പം ഈച്ച, എലി തുടങ്ങിയ ക്ഷുദ്രജീവികള്‍ അവിടെ തേര്‍വാഴ്ച ആരംഭിച്ചു. Rattus Rattus ഇനത്തില്‍പ്പെട്ട കറുത്ത എലികള്‍ ആയിരുന്നു പ്രധാന രോഗാണുവാഹകര്‍. വേഗം പെറ്റു പെരുകുകയും പ്രതികൂല സാഹചര്യങ്ങളില്‍ ജീവിക്കാന്‍ ഉതകുന്ന ശരീര പ്രകൃതിയോട് കൂടിയവയും ആയിരുന്നു ഈ ജീവികള്‍. ഇവയുടെ ശരീരത്ത് കാണപ്പെടുന്ന ഒരു പ്രത്യേക തരം ചെള്ളുകളുടെ അന്നനാളത്തിലാണ് യെര്‍സീനിയ പെസ്റ്റിസ് എന്ന രോഗാണു കാണപ്പെടുന്നത്. ഇത് കടിക്കുന്ന ഭാഗങ്ങളിലെല്ലാം രോഗാണു പരക്കുന്നു. ഈ വിവരങ്ങളൊന്നും അക്കാലത്തെ രോഗികള്‍ക്കോ ഡോക്ടര്‍മാര്‍ക്കോ അറിവുണ്ടായിരുന്നില്ല. ഇരുവിഭാഗത്തിലും പെട്ട ധാരാളം ആളുകള്‍ ഇക്കാലത്ത് മരണപ്പെട്ടു. കുറേപ്പേര്‍ ജെനോവയില്‍ നിന്ന് യൂറോപ്പിലെ മറ്റ് ഭാഗങ്ങളിലേക്ക് രോഗാണുക്കളെയും വഹിച്ചു കൊണ്ട് യാത്രയായി.

''ദി ഗ്രേറ്റ് മോര്‍ട്ടാലിറ്റി''എന്ന ജോണ്‍ കെല്ലിയുടെ പുസ്തകം ഈ കാലത്തെപ്പറ്റി ലഭ്യമായതില്‍ ഏറ്റവും കൃത്യമായ വിവരങ്ങള്‍ നല്‍കുന്നു. കാഫ് നഗരത്തിലെ മൃതദേഹങ്ങള്‍ നിറഞ്ഞ തെരുവുകളില്‍ മദ്യപിച്ച് ലക്ക് കെട്ട പട്ടാളക്കാര്‍ പറ്റുന്നതെല്ലാം കൊള്ളയടിക്കുകയും സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും ചെയ്യുന്ന കാഴ്ചയാണ് അദ്ദേഹം അതില്‍ വിവരിക്കുന്നത്. വന്യമൃഗങ്ങള്‍ അനാഥമായി കിടക്കുന്ന മൃതദേഹങ്ങള്‍ ഭക്ഷിക്കുന്നതും പ്രായമുള്ള സ്ത്രീകള്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹം വലിച്ചു നീക്കുന്നതും ശവങ്ങള്‍ നിറഞ്ഞ നഗരചത്വരങ്ങള്‍ കൂടെ ഓടിനടക്കുന്ന എലികളും കത്തിയെരിയുന്ന ചുറ്റുപാടുമുള്ള കെട്ടിടങ്ങളും അദ്ദേഹത്തിന്റെ വിവരണങ്ങളിലുണ്ട്. പരിഭ്രാന്തരായ അന്നാട്ടുകാര്‍ക്ക് നാട് വിട്ടു പോകുക മാത്രമേ വഴിയുണ്ടായിരുന്നുള്ളു. നാട്ടുകാരെയും വഹിച്ചുകൊണ്ടുള്ള ധാരാളം കപ്പലുകള്‍ യൂറോപ്പിന്റെ മറ്റു പല ഭാഗങ്ങളിലേക്കും മെഡിറ്ററേനിയന്‍ തീരങ്ങളിലേക്കും യാത്രയായി. ഈ കപ്പലുകളില്‍ ഒളിച്ചിരുന്ന ആയിരക്കണക്കിന് എലികള്‍ക്കൊപ്പം മരണം ഇവരെ അനുയാത്ര ചെയ്തു.

കാഫയില്‍ നിന്നും കോണ്‍സ്റ്റാന്റിനോപ്പിളില്‍ എത്തിയ കപ്പലുകള്‍ അവിടത്തെ പകുതിയില്‍ കൂടുതല്‍ ജനങ്ങളെയും മരണത്തിനു കൈമാറി. രോഗത്തെ ഭയന്ന് ആളുകള്‍ ഏറ്റവും പ്രിയപ്പെട്ടവരെപ്പോലും അകറ്റി നിര്‍ത്തി. ഇതേ കാരണം കൊണ്ട് തന്നെ പിതാവ് പുത്രന്റേയും, പുത്രന്‍ പിതാവിന്റെയും മരണാനന്തര കര്‍മങ്ങള്‍ പോലും ഒഴിവാക്കി. അവിടെ ബള്‍ഗേറിയ, ഗ്രീസ് പോളണ്ട് എന്നിവിടങ്ങളിലേക്ക് രോഗം പരന്നു. ഇതോടൊപ്പം ആഫ്രിക്കയുടെ വടക്കന്‍ ഭാഗങ്ങളിലും ഈജിപ്ത്, സിസിലി, എന്നിവിടങ്ങളിലേക്കും കാഫയില്‍ നിന്നുള്ള കപ്പലുകള്‍ എത്തി.

1348 ജനുവരിയില്‍ വെനീസില്‍ എത്തിയ കപ്പലുകള്‍ അവിടെയും മരണം വിതച്ചു. ഭരണാധികാരികള്‍ രോഗപ്രതിരോധത്തിനായി വളരെ കടുത്ത നടപടികളാണ് നടപ്പാക്കിയത്. അവര്‍ തങ്ങളുടെ തുറമുഖങ്ങളില്‍ എത്തുന്ന എല്ലാ കപ്പലുകളും കര്‍ശനപരിശോധനകള്‍ക്ക് വിധേയമാക്കി. പ്‌ളേഗിന്റെ അടയാളങ്ങള്‍ ഉള്ള ഏതെങ്കിലും രോഗികള്‍ അവയില്‍ ഉണ്ടെങ്കില്‍ അതിന് അപ്പോള്‍ തന്നെ തീകൊടുക്കും. ഇവിടെ എത്തുന്ന കപ്പലുകള്‍ എല്ലാം 40ദിവസങ്ങള്‍ യാത്രക്കാരുടെ രോഗലക്ഷണങ്ങല്‍ നിരീക്ഷിക്കാനായി തൊട്ടടുത്ത് തന്നെയുള്ള ചെറുദീപില്‍ നങ്കൂരമിട്ടിരുന്നു. രോഗവ്യാപനം തടയുന്നതിനായുള്ള നിബന്ധിത ഏകാന്ത വാസത്തിന് ഉപയോഗിക്കപ്പെടുന്ന quarantine എന്ന വാക്ക് 40 ദിവസങ്ങള്‍ എന്ന അര്‍ഥം വരുന്ന Quaranta Giorni എന്ന ഇറ്റാലിയന്‍ പദസഞ്ചയത്തില്‍ നിന്നും ഉരുത്തിരിഞ്ഞതാണ്. അക്കാലത്ത് കപ്പലുകളും അതിലെ ജോലിക്കാരും ഇത്തരത്തില്‍ 40 ദിവസം നിരീക്ഷിക്കപ്പെട്ടിരുന്നു. ഇത് തീര്‍ച്ചയായും രോഗപ്രതിരോധത്തിന് ഇന്ന് വളരെയധികം സഹായിച്ചു. ''നിങ്ങളുടെ മരിച്ചവരെ പുറത്തേക്ക് കൊണ്ട് വരിക'' എന്നര്‍ഥം വരുന്ന 'corpi morti' എന്നു വിളിച്ചു പറഞ്ഞു കൊണ്ട് അവരുടെ ഗോണ്ടോളകള്‍ പട്ടണം ചുറ്റി നടന്നു. മൃതദേഹങ്ങള്‍ ഈ ചെറുവള്ളങ്ങളില്‍ കയറ്റി, അവ വേണ്ടവിധത്തില്‍ മറവ് ചെയ്യാനുള്ള ഇടങ്ങളിലേക്ക് കൊണ്ട് പോയി. ഇത്രയൊക്കെ സൂക്ഷ്മത കാണിച്ചിട്ട് പോലും 60 ശതമാനം ആളുകള്‍ പ്ലേഗ് മൂലം വെനീസില്‍ മരണപ്പെട്ടു. ഫ്‌ലോറന്‍സിലെ മരണ സംഖ്യയുടെ ആധിക്യം നിമിത്തം അവര്‍ വലിയ കുഴികളുണ്ടാക്കി അവിടെ മുതദേഹങ്ങള്‍ അട്ടിയട്ടിയായി അതില്‍ അടുക്കി കുഴിമുടുകയായിരുന്നു. ശവപ്പെട്ടികള്‍ ധനികര്‍ക്ക് മാത്രം വാങ്ങാന്‍ കഴിയുന്നവയായി മാറി.

രോഗപ്രതിരോധം വളരെ കാര്‍ക്കശ്യത്തോട് കൂടി നടപ്പാക്കിയ ഇടങ്ങളായിരുന്നു മിലാന്‍ പട്ടണവും പോളണ്ടും. എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ രോഗിയെയും കുടുംബാംഗങ്ങളെയും ഒന്നിച്ച് മതില്‍കെട്ടി മൂടുന്നത് ഈ നാടുകളില്‍ പതിവായിരുന്നു. ഇവിടങ്ങളിലെ ശരാശരി മരണനിരക്ക് പതിനഞ്ച് ശതമാനത്തില്‍ താഴെയായിരുന്നു എന്നത് കഴിയുന്നത്ര നേരത്തെ രോഗിയെ ഒഴിവാക്കുന്നത് രോഗവ്യാപനം തടയാന്‍ സഹായകരമായിരുന്നു എന്നതിന് തെളിവായി കണക്കാക്കപ്പെട്ടു. അക്കാലത്ത് ധാരാളം പൂച്ചകള്‍ ഉള്ള നാടായിരുന്നു പോളണ്ട് എന്നും ഇത് എലികളുടെ എണ്ണം കുറയ്ക്കാന്‍ സഹായിക്കുകയും അത് വഴി രോഗികളുടെ എണ്ണം കുറയ്ക്കാന്‍ ഇടയായി എന്നും വിശ്വസിക്കപ്പെട്ടു.

ഇംഗ്ലീഷ് ചാനല്‍ വഴിയും ബ്രിസ്റ്റോള്‍ തുറമുഖം വഴിയും പ്ലേഗ് ഇംഗ്ലണ്ടിലേക്കും സ്‌കോട്ട്‌ലന്റിലേക്കും എത്തുക തന്നെ ചെയ്തു. 1348ല്‍ ആദ്യം പ്ലേഗ് പൊട്ടിപ്പുറപ്പെട്ടത് വേമൗത്ത് എന്ന ചെറുപട്ടണത്തില്‍ ആയിരുന്നു. അവിടെനിന്ന് ബ്രിസ്റ്റോളിലേക്കും ലണ്ടനിലേക്കും ഇത് കാട്ടുതീ പോലെ പടര്‍ന്നു. 1349ലെ ഏറ്റവും ഭീകരമായ താണ്ഡവം കഴിഞ്ഞപ്പോള്‍ ഇംഗ്ലണ്ടിലെ ജനസംഖ്യ മൂന്നില്‍ ഒന്നിനെയും കൊണ്ടാണ് പ്ലേഗ് പോയത്. അതിനു ശേഷം എപ്പിഡമിക് എന്ന നിലയില്‍ അത് ഏകദേശം 300 കൊല്ലത്തോളം ഇംഗ്ലണ്ടില്‍ നിലനിന്നു. പ്ലേഗ് മൂലം ഇക്കാലത്ത് മരിച്ച ഒരേ ഒരു രാജാവ് സ്‌പെയിനിലെ അല്‍ഫോന്‍സോ പതിനൊന്നാമന്‍ ആയിരുന്നു.

1349ല്‍ പ്ലേഗ് എന്ന മഹാമാരി യൂറോപ്പിനെ കീഴടക്കി. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ അവരുടെ 60% ജനസംഖ്യയെയും കൊന്നൊടുക്കി. മദ്ധ്യകാലത്തെ വിശ്വാസങ്ങളെയും ചിന്താ പദ്ധതികളെയും ഒക്കെ ഈ രോഗം മാറ്റി മറിച്ചു. മൂന്ന് ഗ്രഹങ്ങളുടെ സംഗമം ആണ് ഇതിന് കാരണം എന്ന് ഒരു കൂട്ടരും ദുഷിച്ച വായു(Miasma)വാണ് ഇതിന് കാരണം എന്ന് മറ്റൊരു കൂട്ടരും പറഞ്ഞു. തങ്ങളുടെ പാപങ്ങള്‍ക്ക് ദൈവം നല്‍കിയ ശിക്ഷയാണിത് എന്ന് കരുതി മറ്റൊരു കൂട്ടര്‍ പ്രാര്‍ഥനയിലും മതവുമായി ബന്ധപ്പെട്ട കാര്യങ്ങളിലേയും തിരിഞ്ഞു.


ഡാന്‍സിങ് പ്ലേഗ് - പെയിന്റിംഗ്

1347ല്‍ അലക്‌സാണ്ട്രിയയിലും 1348ല്‍ ഇംഗ്ലണ്ടിലും 1349ല്‍ നോര്‍വേയിലും 1351ല്‍ റഷ്യയിലും പ്ലേഗ് പടര്‍ന്നു പിടിച്ചു; ചരിത്ര രേഖകള്‍ അനുസരിച്ച് ആളുകള്‍ തെരുവില്‍ മരിച്ചു വീഴുകയായിരുന്നു. മൃതദേഹങ്ങള്‍ വലിയ കുഴികളില്‍ ഒന്നിച്ച് മറവ് ചെയ്യപ്പെട്ടു. പാരീസില്‍ ജനസംഖ്യയുടെ 50%വും വെനീസില്‍ 60%വും ആയിരുന്നു മരണനിരക്ക്. തങ്ങളാല്‍ ആവും വിധത്തില്‍ ഒക്കെ ചികിത്സിച്ചിട്ടും മരണനിരക്ക് അതിഭയാനകമായി വര്‍ധിക്കുന്നത് നിമിത്തം ഡോക്ടര്‍മാര്‍ തന്നെ ആരോഗ്യം ഉള്ളവരോട് കഴിയുന്നത്ര വേഗം നാട് വിട്ട് പോകാനും കഴിയുന്നത്ര താമസിച്ചു മടങ്ങിയെത്താനും ഉപദേശിച്ചു. രോഗം ഭയന്നു നാടുവിട്ടു പോന്ന മനുഷ്യര്‍ രോഗാണുക്കളെയും അവരോടൊപ്പം തങ്ങളുടെ നാടുകളിലേക്ക് കൊണ്ടു പോയി. ഏറ്റവും സങ്കടകരമായ കാര്യം ഈ കാലത്ത് ആര്‍ക്കും ഈ രോഗം എങ്ങനെ വരുന്നു എന്നോ, എങ്ങനെയാണ് ഇതിനെ തടയേണ്ടത് എന്നതിനെപ്പറ്റി യാതൊരു ഉള്‍ക്കാഴ്ചയും ഉണ്ടായിരുന്നില്ല എന്നതാണ്.

ആളുകള്‍ രോഗത്തോട് പ്രതികരിച്ചത് പല വിധത്തിലാണ്. മിലാന്‍, വെനീസ്, പലാര്‍മ എന്നീ നഗരങ്ങള്‍ അവയുടെ കവാടങ്ങള്‍ സന്ദര്‍ശകരെ ഒഴിവാക്കാനായി അടച്ചുപൂട്ടി. മെഴ്‌സിയ(Merseilles)പട്ടണത്തില്‍, രോഗം ബാധിച്ച ആളുകള്‍ ജീവിക്കുന്ന ഭാഗം അതിലെ അന്തേവാസികളോടൊപ്പം അടച്ചു പൂട്ടി, അവരുടെ വീടുകള്‍ക്ക് തീ കൊടുത്തു. ഉടമസ്ഥരില്ലാതെ ആടുകളും പശുക്കളും പാടങ്ങളില്‍ മേഞ്ഞു നടന്നു. അക്കാലത്ത് യൂറോപ്പില്‍ പല തുറമുഖങ്ങളിലും വെറും ശവശരീരങ്ങള്‍ മാത്രം നിറഞ്ഞ കപ്പലുകള്‍ ഒഴുകി നടക്കുന്നത് കാണാമായിരുന്നു.

ഇക്കാലത്തു ജര്‍മനിയില്‍ മാസ്സ്ഹിസ്റ്റീരിയ എന്ന് പിന്നീട് കരുത്തപ്പെട്ട ഡാന്‍സിങ് പ്ലേഗ് എന്ന ഒരു രോഗം പടര്‍ന്നുപിടിച്ചു. തുടര്‍ച്ചയായി ദിവസങ്ങളോളം നൃത്തം ചെയ്യുകയായിരുന്നു ഇതിന്റെ ലക്ഷണം. അവസാനം നിര്‍ജ്ജലീകരണം, മുറിവുകള്‍ എന്നിവ കൊണ്ട് ബോധരഹിതരാകുകയോ, മരിച്ചു വീഴുകയോ ചെയ്യുമ്പോള്‍ മാത്രമേ ഇത് അവസാനിച്ചിരുന്നുള്ളു. ചുറ്റുപാടുമുള്ളവരും കണ്ടു നില്‍ക്കുന്നവരിലും ഇത് പടര്‍ന്നു പിടിക്കുന്നു എന്നതാണ് സവിശേഷമായ കാര്യം. അനിച്ഛാപൂര്‍വകമായ ചലനങ്ങളുടെ ഇനത്തില്‍പ്പെട്ട കൊറീയ(Chorea/ St.Vitus's dance)എന്ന രോഗമായിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് പണ്ഡിതമതം. എന്നാല്‍, ഒരു ഗ്രാമം മുഴുവന്‍ ഇത് ബാധിക്കുന്നതെന്തു കൊണ്ടാണെന്ന് അവര്‍ക്കും വിശദീകരിക്കാന്‍ പറ്റിയില്ല. ബാധയൊഴിപ്പിക്കല്‍ കൊണ്ട് രോഗത്തെ തുരത്തി ഓടിക്കാന്‍ കഴിയും എന്നായിരുന്നു പൗരോഹിത്യത്തിന്റെ അവകാശവാദം.

1894ല്‍ അലക്‌സാന്ദ്രേ യെര്‍സിന്‍(Alexandre Yersin) ഹോങ്കോങ്ങില്‍ വച്ച് ആദ്യമായി രോഗാണുക്കളെ കണ്ടെത്തി. 1865ല്‍ ചൈനയില്‍ ഉണ്ടായ രോഗികളില്‍ നിന്നുമാണ് ഇത് വേര്‍തിരിച്ചെടുത്തത്. അദ്ദേഹത്തിന്റെ പേരിനെ ഓര്‍ത്തു കൊണ്ട് യെര്‍സീനിയ പെസ്റ്റിസ് എന്ന് ഈ രോഗാണുവിന് പേരു നല്‍കി. 1898ല്‍ പാകിസ്ഥാനിലെ കറാച്ചിയില്‍ പോള്‍ ലൂയിസ് സിമണ്ട് എന്നെ ആളാണ് ആദ്യമായി ചാരനിറത്തിലുള്ള എലികളില്‍ കാണപ്പെടുന്ന ചെള്ള് മൂലമാണ് ഈ രോഗം പരക്കുന്നത് എന്ന് തെളിയിക്കുന്നത്. പിന്നീട് ജേം തിയറിയും(germ theory) ഇരുപതാം നൂറ്റാണ്ടോടു കൂടി ഈ രോഗം ചികിത്സിക്കാനുള്ള ആന്റിബയോട്ടിക്കുകളും കണ്ടെത്തി. പ്‌ളേഗിന്റെ ആരംഭകാലത്ത് നഷ്ടപ്പെട്ട വൈദ്യവൃത്തിയിലും ഡോക്ടര്‍മാരിലും ഉള്ള വിശ്വാസം വീണ്ടെടുക്കാന്‍ നീണ്ട കാലം വേണ്ടി വന്നു.

(തുടരും)

ഡോ. സലീമ ഹമീദ്: തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി. കാനഡയില്‍ ഫാമിലി ഫിസിഷ്യനായി ജോലി ചെയ്യുന്നു. എന്റെ വഴിയമ്പലങ്ങള്‍, ആന്‍ഡലൂസിയന്‍ ഡയറി, പോര്‍ച്ചുഗല്‍-ഫെഡോ സംഗീതത്തിന്റെ നാട് എന്നീ യാത്രാവിവരണ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു. പുസ്തകപ്പച്ച, അമേരിക്കന്‍ കഥക്കൂട്ടം, ലോക്ഡൗണ്‍ സ്‌കെച്ചുകള്‍, കഥ 2021, കഥാസ്‌കോപ്പ് എന്നീ ആന്തോളജികളില്‍ എഴുതിയിട്ടുണ്ട്. ആനുകാലികങ്ങളിലും ഓണ്‍ലെന്‍ മാധ്യമങ്ങളിലും ലേഖനങ്ങളും യാത്രാവിവരണങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.



Similar Posts