ആ പത്താം നമ്പറുകാരെല്ലാം എവിടെപ്പോയി?
|പന്തുകൊണ്ട് മായാജാലം കാണിക്കുന്ന, ഗോള്‍മുഖത്ത് വിള്ളലുണ്ടാക്കാന്‍ കിണഞ്ഞു ശ്രമിക്കുന്ന, വിളക്കിലേക്ക് പ്രാണികളെ എന്ന പോലെ മൈതാനത്തെ മുഴുവന്‍ തന്നിലേക്കാവാഹിക്കുന്ന നമ്പര്‍ പത്തുകാരുടെ അഭാവം ഫുട്ബോളിന്റെ സൗന്ദര്യം കുറക്കുമോ? - മുഹമ്മദ് ഷാഫി എഴുതുന്ന കോളം - എന്‍ഗാഞ്ചെ (Enganche) ആരംഭിക്കുന്നു.
2018 ലോകകപ്പില്‍ എന്നെ ആനന്ദിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്ത ഒരു കളിക്കാരനെപ്പറ്റി ടൂര്‍ണമന്റിനു ശേഷം ഞാന്‍ നടത്തിയ പ്രവചനം പൊട്ടിപ്പാളീസാവുകയാണുണ്ടായത്. കൊളംബിയയുടെ ഹുവാന്‍ഫര്‍ ക്വിന്റേറോ എന്ന അനുഗൃഹീതനായ മിഡ്ഫീല്‍ഡര്‍ എത്രയും വേഗം യൂറോപ്പിലെ ഒരു മുന്‍നിര ക്ലബ്ബില്‍ കളിക്കുന്നത് കാണാം എന്നായിരുന്നു അത്.
എഫ്.സി പോര്‍ട്ടോയില്‍ നിന്ന് ലോണില്‍ പോയി അര്‍ജന്റീനയിലെ റിവര്‍പ്ലേറ്റില്‍ കളിക്കുകയായിരുന്നു അന്ന് ക്വിന്റേറോ. പ്രീക്വാര്‍ട്ടര്‍ വരെയുള്ള കൊളംബിയയുടെ മത്സരങ്ങളില്‍ ഫൈനല്‍ തേഡില്‍ അയാള്‍ നടത്തിയ ചടുലവും ത്രസിപ്പിക്കുന്നതുമായ നീക്കങ്ങള്‍ കണ്ട് മനംനിറഞ്ഞ എനിക്ക് അങ്ങനെയൊരു പ്രവചനം നടത്തുന്നതില്‍ യാതൊരു ശങ്കയുമില്ലായിരുന്നു. പക്ഷേ, റയല്‍ മാഡ്രിഡ് പ്രസിഡണ്ട് ഫ്ളോറന്റിനോ പെരസ് താല്‍പര്യം പ്രകടിപ്പിച്ചു എന്നൊരു വാര്‍ത്തയല്ലാതെ, എന്റെ പ്രവചനത്തെ ഭാഗികമായെങ്കിലും സാധൂകരിക്കുന്ന സംഭവങ്ങളൊന്നുമുണ്ടായില്ല. 2019ല്‍ ലോണ്‍ കാലാവധി തീര്‍ന്നപ്പോള്‍ റിവര്‍പ്ലേറ്റ് ക്വിന്റേറോയെ വില കൊടുത്തു വാങ്ങി. ഒരു വര്‍ഷത്തിനു ശേഷം താരം ചൈനീസ് ലീഗില്‍ ഭാഗ്യം പരീക്ഷിച്ചെങ്കിലും വീണ്ടും റിവറില്‍ തന്നെ തിരിച്ചെത്തി.
കഴിഞ്ഞ ലോകകപ്പിലെ മികച്ച രണ്ടാമത്തേതായി തെരഞ്ഞെടുക്കപ്പെട്ട ഗോള്‍ നേടുകയും രണ്ടു ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്ത, അതിനും വര്‍ഷങ്ങള്‍ മുമ്പ് തന്റെ 19-ാം വയസ്സില്‍ ലണ്ടനിലെ ദി ടൈംസ് 'അസൂയ ജനിപ്പിക്കുന്ന യുവ കളിക്കാരന്‍' എന്നു വിശേഷിപ്പിച്ച ക്വിന്റേറോക്ക് ഫുട്ബോളിന്റെ മുഖ്യധാരയായ യൂറോപ്പില്‍ അവസരം ലഭിക്കാതിരുന്നത് എന്തുകൊണ്ടായിരിക്കും?
ആ ചോദ്യത്തിന് കൃത്യമായൊരു വിശദീകരണം ലഭിച്ചത് ഇക്കഴിഞ്ഞ സെപ്റ്റംബര്‍ അവസാന വാരത്തിലാണ്; ബ്രസീലിന്റെ ഇതിഹാസ താരം കക്കയാണ് അതു പറഞ്ഞത്. ഒരുകാലത്ത് ഏറ്റവുമധികം ആഘോഷിക്കപ്പെട്ട 'പത്താം നമ്പര്‍ റോള്‍' പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് അപ്രത്യക്ഷമായിക്കഴിഞ്ഞെന്നും, തന്നെ പോലെ മൈതാനത്ത് സ്വതന്ത്രനായി വിഹരിക്കുകയും മുന്‍നിരയിലേക്ക് പന്തെത്തിക്കാന്‍ സ്വന്തം രീതിയില്‍ യത്നിക്കുകയും ചെയ്തിരുന്ന ആ ഗണത്തില്‍പ്പെട്ട അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍മാര്‍ക്ക് ഇപ്പോഴത്തെ ഫുട്ബോള്‍ ശൈലികളില്‍ സ്ഥാനമില്ലെന്നും സ്പാനിഷ് മാധ്യമം മാഴ്സയോട് കക്ക പറയുന്നു.
ആക്രമണത്തിലും പ്രതിരോധത്തിലും ഒരേപോലെ പങ്കെടുക്കാന്‍ കഴിയുന്ന, നേര്‍രേഖയിലുള്ള ചിന്തയും തളരാത്ത ശരീരങ്ങളുമുള്ള ബോക്സ് ടു ബോക്സ് മിഡ്ഫീല്‍ഡര്‍മാര്‍ ഇപ്പോള്‍ ഏറെക്കുറെ എല്ലാ ടീമുകളുടെയും അവിഭാജ്യ ഘടകമായിക്കഴിഞ്ഞു. സൗന്ദര്യവാദികളല്ലാത്ത, തെറ്റുവരുത്താതിരിക്കുന്നതില്‍ ബദ്ധശ്രദ്ധ നല്‍കുന്ന, നിയന്ത്രിക്കുന്നതിനേക്കാള്‍ പന്ത് പാസ്/ഡെലിവര്‍ ചെയ്യാന്‍ ഉത്സാഹിക്കുന്ന ബോക്സ് ടു ബോക്സ് കളിക്കാര്‍ പത്താം നമ്പറുകാരെ റിപ്ലേസ് ചെയ്തു കഴിഞ്ഞു എന്നു പറയാം.
സെന്‍ട്രല്‍ സര്‍ക്കിള്‍ പരിസരം മുതല്‍ എതിര്‍ ടീമിന്റെ ഗോള്‍വര വരെ സ്വന്തം ഇഷ്ടത്തിനനുസരിച്ച് ഓപറേറ്റ് ചെയ്യാന്‍ സ്വാതന്ത്ര്യമുള്ള, ഗോളുകള്‍ക്കും എതിര്‍ ബോക്സിലെ അപകടകരമായ നീക്കങ്ങള്‍ക്കും പിന്നില്‍ ചരടുവലിക്കുന്ന, ഭാവനാവിലാസവും സര്‍ഗാത്മകതയും അടിസ്ഥാന ഗുണങ്ങളായുള്ള കളിക്കാരാണ് പരമ്പരാഗത പത്താം നമ്പറുകള്‍. മറഡോണയെയും യുവാന്‍ റോമന്‍ റിക്വല്‍മിയെയും സിനദെയ്ന്‍ സിദാനെയും പോലെ ടീമിന്റെ നീക്കങ്ങളുടെ-പ്രത്യേകിച്ചും ആക്രമണത്തിന്റെ-കേന്ദ്രബിന്ദുക്കള്‍. (2006 ലോകകപ്പില്‍ സെര്‍ബിയക്കെതിരെ അര്‍ജന്റീന 26 പാസുകള്‍ക്കൊടുവില്‍ നേടിയ ഗോളില്‍ എട്ട് ടച്ചുകള്‍ റിക്വല്‍മിയുടേതായിരുന്നു എന്നോര്‍ക്കുക)
അസാമാന്യമായ ഡിബ്ലിങ് മികവും പന്തടക്കവും, സഹതാരങ്ങളുടെ മനസ്സും ശരീരവും വായിച്ചുകൊണ്ടുള്ള പാസുകളും അവരുടെ പ്രധാന വിശേഷണങ്ങളില്‍ വരും. പ്രതിരോധനിരയെ സ്തബ്ധരാക്കി ബോക്സിലേക്ക് അവര്‍ നല്‍കുന്ന ത്രൂപാസുകള്‍ക്കും കൃത്യതയോടെ വന്നുപതിക്കുന്ന ക്രോസുകള്‍ക്കും ചാട്ടുളികളുടെ മൂര്‍ച്ചയാണുണ്ടാവുക. എങ്ങനെയും ഗോളടിക്കാന്‍ കഴിവുള്ള, ബോക്സിനു ചുറ്റും തക്കംപാര്‍ത്തു നടക്കുന്ന പോച്ചര്‍മാര്‍ പത്താം നമ്പറുകള്‍ക്ക് പൂര്‍ണത നല്‍കുന്നു. പന്ത് കുറ്റവാളിയും അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ന്യായാധിപനുമെങ്കില്‍ ആരാച്ചാര്‍മാരാണ് ഗോളടിക്കാര്‍.
പ്രതിരോധത്തില്‍ നിയതമായ റോളുണ്ടാകാറില്ലെങ്കിലും വീണ്ടെടുക്കപ്പെടുന്ന പന്തില്‍ നിന്ന് ആക്രമണം തുടങ്ങാവുന്ന പാകത്തിലായിരിക്കും ഓഫ് ദി ബോള്‍ അവസരങ്ങളില്‍ പത്താം നമ്പറുകള്‍ നില്‍ക്കുക. അവരിലേക്ക് പന്തെത്തുന്നതോടെ ടീം ചാര്‍ജാവുന്നു. മാര്‍ച്ചിങ് ഓര്‍ഡര്‍ ലഭിച്ച സൈനികരെപ്പോലെ സഹകളിക്കാര്‍ ആക്രമണത്തിന് സജ്ജരാവുന്നു.
ക്വിന്റേറോയെയും ഫിലിപ്പ് കുട്ടിന്യോയെയും സെസ്‌ക് ഫാബ്രിഗസിനെയും ഓസ്‌കറിനെയും മസൂദ് ഓസിലിനെയും പോലുള്ള പരമ്പരാഗത ശൈലീകാരന്മാരുടെ വിളയാട്ടം ഖത്തറില്‍ കാണാനാകില്ലെന്നാണ് കരുതുന്നത്.
അതിവേഗതയില്‍ കളിക്കുകയും വിങ്ങുകളിലൂടെ ആക്രമിക്കുകയും ചെയ്യുന്ന പുതിയ കാല ഫുട്ബോള്‍ ശൈലിയില്‍ സര്‍വസ്വതന്ത്രരായ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍മാര്‍ക്ക് റോള്‍ കുറവാണ്; ഇല്ല എന്നു തന്നെ പറയാം. കാരണം, പന്തിന്മേല്‍ കൂടുതല്‍ ടച്ചുകളെടുക്കുകയും കൂടുതല്‍ സമയം ചെലവഴിക്കുകയും ചെയ്യുന്ന അവര്‍ ടീമിന്റെ ആക്രമണ വേഗത കുറക്കുമെന്ന് കോച്ചുമാര്‍ കരുതുന്നു. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇപ്പോള്‍ ടീമുകളുടെ ഡിഫന്‍സ് ലൈന്‍ മധ്യവരയോട് കൂടുതല്‍ അടുത്താണ്. അക്കാരണത്താല്‍, പത്താം നമ്പര്‍ റോളുകാര്‍ക്ക് തനതു ശൈലിയില്‍ കളിക്കാനുള്ള സ്പേസ് പരിമിതമാവുന്നു. ആക്രമണത്തിലും പ്രതിരോധത്തിലും ഒരേപോലെ പങ്കെടുക്കാന്‍ കഴിയുന്ന, നേര്‍രേഖയിലുള്ള ചിന്തയും തളരാത്ത ശരീരങ്ങളുമുള്ള ബോക്സ് ടു ബോക്സ് മിഡ്ഫീല്‍ഡര്‍മാര്‍ ഇപ്പോള്‍ ഏറെക്കുറെ എല്ലാ ടീമുകളുടെയും അവിഭാജ്യ ഘടകമായിക്കഴിഞ്ഞു. സൗന്ദര്യവാദികളല്ലാത്ത, തെറ്റുവരുത്താതിരിക്കുന്നതില്‍ ബദ്ധശ്രദ്ധ നല്‍കുന്ന, നിയന്ത്രിക്കുന്നതിനേക്കാള്‍ പന്ത് പാസ്/ഡെലിവര്‍ ചെയ്യാന്‍ ഉത്സാഹിക്കുന്ന ബോക്സ് ടു ബോക്സ് കളിക്കാര്‍ പത്താം നമ്പറുകാരെ റിപ്ലേസ് ചെയ്തു കഴിഞ്ഞു എന്നു പറയാം.
അതുകൊണ്ട്, ക്വിന്റേറോയെയും ഫിലിപ്പ് കുട്ടിന്യോയെയും സെസ്‌ക് ഫാബ്രിഗസിനെയും ഓസ്‌കറിനെയും മസൂദ് ഓസിലിനെയും പോലുള്ള പരമ്പരാഗത ശൈലീകാരന്മാരുടെ വിളയാട്ടം ഖത്തറില്‍ കാണാനാകില്ലെന്നാണ് ഞാന്‍ കരുതുന്നത്. ജമാല്‍ മുസിയാല, ജാക്ക് ഗ്രീലിഷ്, പെഡ്രി തുടങ്ങി അറ്റാക്കിങ് മനഃസ്ഥിതിയുള്ള ശൈലീകാരന്മാരായ മിഡ്ഫീല്‍ഡര്‍മാര്‍ക്ക് കുറവില്ലെങ്കിലും കൃത്യമായി ചിട്ടപ്പെടുത്തിയ ഒരു സിസ്റ്റത്തിലെ പരിമിതമായ റോളിനപ്പുറം അവര്‍ക്ക് കളിക്കാനാവുമോ എന്നതില്‍ സംശയമുണ്ട്.
പന്തുകൊണ്ട് മായാജാലം കാണിക്കുന്ന, ഗോള്‍മുഖത്ത് വിള്ളലുണ്ടാക്കാന്‍ കിണഞ്ഞു ശ്രമിക്കുന്ന, വിളക്കിലേക്ക് പ്രാണികളെ എന്ന പോലെ മൈതാനത്തെ മുഴുവന്‍ തന്നിലേക്കാവാഹിക്കുന്ന നമ്പര്‍ പത്തുകാരുടെ അഭാവം ഫുട്ബോളിന്റെ സൗന്ദര്യം കുറക്കുമോ? മറിച്ചാണു സംഭവിക്കുക എന്നാണ് തോന്നുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ പ്രൊഫഷണല്‍ ഫുട്ബോള്‍ കൈവരിച്ച വേഗതയും, ഒരു ചെസ്സുകളിപ്പലകയിലെന്ന പോലെ കളിക്കാരെ ഉപയോഗിക്കുന്ന കോച്ചുമാരുടെ ബുദ്ധിതന്ത്രങ്ങളും കളിയോടുള്ള മതിപ്പ് കൂട്ടിയിട്ടേയുള്ളൂ. ഖത്തര്‍ അതിനെ അടുത്ത പടിയിലേക്ക് കൊണ്ടുപോകും എന്നാണ് പ്രതീക്ഷ.