Column
നാലുനില കെട്ടിടത്തിന്റെ പൊക്കവും 20 മീറ്റര്‍ വിസ്താരവുമുള്ള സ്‌ക്രീന്‍: ഫ്‌ളൈ ഓവര്‍ കാനഡ യിലെ മായാകാഴ്ചകള്‍
Column

നാലുനില കെട്ടിടത്തിന്റെ പൊക്കവും 20 മീറ്റര്‍ വിസ്താരവുമുള്ള സ്‌ക്രീന്‍: 'ഫ്‌ളൈ ഓവര്‍ കാനഡ' യിലെ മായാകാഴ്ചകള്‍

ഡോ. സലീമ ഹമീദ്
|
29 Jun 2024 11:25 AM GMT

| കാനമേരിക്കന്‍ യാത്രകള്‍; അമേരിക്കന്‍ വന്‍കരയിലെ ചെറുനഗരക്കാഴ്ചകള്‍ - യാത്രാവിവരണം: ഭാഗം: 11

വാന്‍കുവര്‍ പട്ടണമധ്യത്തിലെ വാട്ടര്‍ ഫ്രണ്ട് എന്നറിയപ്പെട്ടുന്ന ഭാഗത്തെ ഏറ്റവും പ്രധാന ആകര്‍ഷണം 'കാനഡ പ്ലെയിസ് ' എന്ന് വിശേഷിപ്പിക്കുന്ന കുറ്റന്‍ കോംപ്ലക്‌സ് ആണ്. ഇവിടെ നിന്നാണ് പ്രസിദ്ധമായ അലാസ്‌കാ ക്രൂയിസുകള്‍ ആരംഭിക്കുന്നത്. ഞങ്ങള്‍ ചെന്ന സമയം ഒരു കൂറ്റന്‍ ഉല്ലാസനൗക തുറമുഖത്ത് നങ്കൂരമിട്ട് കിടക്കുന്നുണ്ടായിരുന്നു. കാനഡ പ്ലെയിസിനുള്ളില്‍ വാന്‍കൂവര്‍ കണ്‍വെന്‍ഷന്‍ സെന്റര്‍, ഹോട്ടലുകള്‍, വാന്‍ കൂവര്‍ വേള്‍ഡ് ട്രെയ്ഡ്‌സെന്റര്‍, 'ഫ്‌ളൈ ഓവര്‍ കാനഡ' എന്ന പ്രസിദ്ധമയായ ഷോ നടക്കുന്ന ഇടം എന്നിവ കാണാം. 'ഫ്‌ളൈ ഓവര്‍ കാനഡ'എന്നത് ഒരു 4D ഷോ ആണ്. 29 കനേഡിയന്‍ ഡോളര്‍ കൊടുത്ത് ടിക്കറ്റ് വാങ്ങാം. നാല് നില കെട്ടിടത്തിന്റെ പൊക്കവും 20 മീറ്റര്‍ വിസ്താരവും ഉള്ള ഒരു സ്‌ക്രീന്‍ ആണ് ഇതിന് വേണ്ടി ഒരുക്കിയിരിയുന്നത്. ആകാശത്തുകൂടി കാനഡയുടെ കിഴക്കുനിന്ന് പടിഞ്ഞാറ് വരെ പറന്ന് പോകുന്ന ഒരു അനുഭവം കൃത്രിമമായി ഉണ്ടാക്കിയിരിക്കുകയാണ് ഇവിടെ. ഇതിനിടെ വെള്ളം ചീറ്റുന്ന തിമിംഗലങ്ങള്‍, ഐസ് ബര്‍ഗുകള്‍, നോര്‍ത്തേണ്‍ ലൈറ്റ്‌സ് (പല നിറങ്ങളില്‍ ഇളകിക്കൊണ്ടിരിക്കുന്ന ഉത്തരധ്രുവത്തിനടുത്ത് കാണുന്ന പ്രകാശധാര), നയാഗ്ര വെള്ളച്ചാട്ടം, കണ്ണെത്താദൂരത്ത് പരന്നു കിടക്കുന്ന സൂചിയിലക്കാടുകള്‍, പഞ്ചമഹാതടാകങ്ങളായ മിഷിഗണ്‍, ഇറി, ഹൂറോണ്‍, ഒന്റേറിയോ, സുപ്പിരിയര്‍ എന്നിവയുടെ മുകളിലൂടെ പറക്കാം. കനേഡിയന്‍ പ്രയറികളിലെ ഗോതമ്പുപാടങ്ങളുടെയും റോക്കീസിന്റെയും വിഹഗ വീക്ഷണം ലഭിക്കും. ഇതിനിടയില്‍ ഇവിടങ്ങളിലെ മന്ദമാരുതനും മഴത്തുള്ളികളും ഗന്ധങ്ങളും ഒക്കെ നമ്മളുടെ പഞ്ചേന്ദ്രിയങ്ങളെ ഒരു അപൂര്‍വ അനുഭൂതിയുടെ ലോകത്തില്‍ എത്തിക്കും. 25 മിനിറ്റാണ് ഈ ഷോയുടെ ദൈര്‍ഘ്യം. പക്ഷേ, അഞ്ചോ പത്തോ മിനിറ്റ് കൊണ്ട് യാത്ര അവസാനിച്ച പോലെ കാഴ്ചക്കാരന് തോന്നും. ഇവിടം സന്ദര്‍ശിക്കുന്നവര്‍ ഒരിക്കലും ഇത് കാണാതിരിക്കരുത്.

1914 മേയ് മാസം പതിനേഴാം തിയതി 376 ഇന്ത്യക്കാരുടെ സംഘം കപ്പലില്‍ കാനഡയിലെ വാല്‍കൂവര്‍ തുറമുഖത്തെത്തി. പ്രധാനമായും സിക്കുകാര്‍ ഉള്‍പ്പെട്ട ഈ സംഘം യാത്ര പുറപ്പെട്ടത് അന്നത്തെ ബ്രീട്ടിഷ് സാമ്രാജ്യത്തിന്റെ ഭാഗമായ ഹോങ്കോങ്ങില്‍ നിന്നാണ്. ചൈനയിലെ ഷാങ്ഹായ്, ജപ്പാനിലെ യോക്കഹോമ എന്നീ തുറമുഖങ്ങളിലൂടെ സഞ്ചരിച്ചാണ് അവര്‍ വാന്‍കൂവറില്‍ എത്തിയത്. പക്ഷേ, ജനിച്ച രാജ്യത്ത് നിന്നുമല്ല അവര്‍ യാത്ര പുറപ്പെട്ടതെന്ന മുടന്തന്‍ ന്യായം പറഞ്ഞ് അവരെ കരയിലിറങ്ങാന്‍ അനുവദിച്ചില്ല.

2010 ലെ ശീതകാല ഒളിമ്പിക്‌സ് വാല്‍കൂവറില്‍ വച്ചാണ് നടന്നത്. ഇതിനോടനുബന്ധിച്ച് നിര്‍മിച്ച ഒളിമ്പിക് കോള്‍ഡ്രണ്‍ (cauldron) കോള്‍ ഹാര്‍ബറിന്റെ ഒരു ഭാഗത്ത് കാണാം. ഉദ്ഘാടനത്തിനും സമാപനത്തിനും കൂടാതെ ടീം കാനഡ സ്വര്‍ണ മെഡല്‍ നേടുന്ന ദിവസങ്ങളില്‍ വൈകുന്നേരം 6-8 മണി വരെ ഇതില്‍ ദീപം തെളിയിച്ചിരുന്നു. ചില പ്രത്യേക വിശേഷദിനങ്ങളില്‍ ഇന്നും ഇതില്‍ ദീപം തെളിയാറുണ്ട്. പെസഫിക് സമുദ്രത്തിന്റെ കുറേ ഭാഗം പട്ടണത്തിനകത്തേക്ക് കയറിക്കിടക്കുന്നത് ബറാര്‍ഡ് ഇന്‍ ലെറ്റ് എന്ന് അറിയപ്പെടുന്നു. ഇവിടെ കടല്‍ തിരകളൊന്നുമില്ലാതെ ശാന്തമാണ്. ഇത് സമുദ്രയാനങ്ങള്‍ക്ക് നങ്കൂരമിടാനും ചരക്ക് ഗതാഗതത്തിനും വളരെ അനുയോജ്യമാണ്. ഹാര്‍ബറില്‍ നിന്നുള്ള കാഴ്ച വളരെ സുന്ദരമാണ്. വെള്ളി മേഘങ്ങള്‍ ശിരസ്സില്‍ വാരിയണഞ്ഞ നീലമലകളെ ദൂരെ കാണാം.

ഇതിനടുത്ത് സീപ്ലേയിന്‍ ലാന്‍ഡ് ചെയ്യുന്നതും ടേക്ക് ഓഫ് ചെയ്യുന്നതും കാണാം. ഇടയ്ക്കിടെ പലതും വരുന്നതും പോകുന്നതും കണ്ടു കുറേ എണ്ണം വെള്ളത്തില്‍ പാര്‍ക്ക് ചെയ്തു കിടപ്പാണ്. പ്രധാനമായും ടൂറിസ്റ്റുകള്‍ക്ക് വേണ്ടിയുള്ളതാണിത്. അമേരിക്കയിലെ സിയാറ്റല്‍ ഉള്‍പ്പടെ ഉള്ള സ്ഥലങ്ങളിലേക്ക് സര്‍വീസ് ഉണ്ട്്. ആദ്യകാലത്ത് ഇവിടെ വന്ന്, സ്ഥിരോല്‍ത്സാഹവും കഠിന പരിശ്രമവും കൊണ്ട്് ചരിത്രത്തില്‍ തങ്ങളുടേതായ മുദ്ര പതിപ്പിച്ച കുറേ മനുഷ്യരുടെ കഥകള്‍ ഇവിടെ കുറേ ഫലകങ്ങളില്‍ എഴുതി വച്ചിട്ടുണ്ട്.


| ഒളിമ്പിക് കോള്‍ഡ്രണ്‍

അവരില്‍ ഒരാളായ ഫ്രാങ്ക് സ്വാന്നെല്‍ (Frank Swannell) ഒണ്ടേറിയോവില്‍ നിന്ന് 1890-ല്‍ ഇവിടെയെത്തിയത്, അക്കാലത്തെ ഗോള്‍ഡ് റഷി (സ്വര്‍ണ്ണവേട്ട)ന്റെ ഒഴുക്കില്‍പ്പെട്ടാണ്. പക്ഷേ, ബ്രിട്ടിഷ് കൊളംബിയയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു നാമം ആയി മാറാനായിരുന്നു അദ്ദേഹത്തിന്റെ നിയോഗം. സ്‌പെയിനിന്റെ രണ്ടിരട്ടി വലിപ്പമുള്ള ഈ പ്രവിശ്യയുടെ പ്രധാന സര്‍വേയര്‍ ആയി 30 കൊല്ലം ജോലി ചെയ്തു. വളരെ കുറച്ച് ഉപകരണങ്ങള്‍ മാത്രം ഉപയോഗിച്ച് ഈ നാടിനെ 640 ഏക്കറുകള്‍ ഉള്ള ബ്ലോക്കുകളായി അളന്ന്, അവിടെയുള്ള ഭൂമിയുടെ സ്വഭാവം, മണ്ണിന്റെ ഗുണം, ഏത് തരത്തില്‍ ഈ ഭൂമി ഉപയോപ്പെടുത്താം എന്നിങ്ങനെയുള്ള കാര്യങ്ങളെപ്പറ്റി ഒരു വിശദമായ റിപ്പോര്‍ട്ടുണ്ടാക്കി. പില്‍ക്കാലത്ത്, ഇത് ഈ നാടിന്റെ വികസനത്തിന് വളരെ പ്രയോജനപ്രദമായി. ആദിവാസികളുടെയും സ്ഥലം പരിചയമുള്ള മരം വെട്ടുകാരുടെയും സഹായത്തോടെ ചെയ്ത ഈ ജോലിക്കിടെ അദ്ദേഹം വനത്തിലൂടെയും ചതുപ്പിലൂടെയും തടാകങ്ങളിലൂടെയും ഒക്കെ സഞ്ചരിച്ചു. അദ്ദേഹം അന്ന് ഉണ്ടാക്കിയ റിപ്പോര്‍ട്ടും എടുത്ത ഫോട്ടോകളും ആര്‍ക്കെവ്‌സില്‍ കാണാം.

1914 മേയ് മാസം പതിനേഴാം തിയതി കോമഗാടമാരു എന്ന ജാപ്പനീസ് കപ്പലില്‍ ഇവിടെയെത്തിയ 376 ഇന്ത്യക്കാരുടെ കഥയും ഇവിടെ ഒരു ഫലകത്തില്‍ കാണാം. പ്രധാനമായും സിക്കുകാര്‍ ഉള്‍പ്പെട്ട ഈ സംഘം യാത്ര പുറപ്പെട്ടത് അന്നത്തെ ബ്രീട്ടിഷ് സാമ്രാജ്യത്തിന്റെ ഭാഗമായ ഹോങ്കോങ്ങില്‍ നിന്നാണ്. ചൈനയിലെ ഷാങ്ങ്ഹായ്, ജപ്പാനിലെ യോക്കഹോമ എന്നീ തുറമുഖങ്ങളിലൂടെ സഞ്ചരിച്ച് അവര്‍ വാന്‍കൂവറില്‍ എത്തി. പക്ഷേ, ജനിച്ച രാജ്യത്ത് നിന്നുമല്ല അവര്‍ യാത്ര പുറപ്പെട്ടതെന്ന മുടന്തന്‍ ന്യായം പറഞ്ഞു അവരെ കരയിലിറങ്ങാന്‍ അനുവദിച്ചില്ല. രണ്ടു മാസം അവര്‍ ദയനീയമായ അവസ്ഥയില്‍ കപ്പലില്‍ കഴിഞ്ഞു. അന്ന് അവിടുത്തെ പ്രധാന രാഷ്ട്രീയ നേതാക്കള്‍ അവരെ കരയിലിറക്കുന്നതിനെതിരായി പ്രകടനങ്ങള്‍ നയിച്ചു. അവസാനം പട്ടാളം അവരെ തുരത്തിയോടിക്കുകയായിരുന്നു. ഇന്ത്യയില്‍ മടങ്ങിയെത്തിയ ഇവരില്‍ 19 പേരെ ബ്രിട്ടിഷുകാര്‍ വെടിവെച്ചു കൊന്നു. ബാക്കിയുള്ളവരെ ജയിലില്‍ ആക്കി. പില്‍ക്കാലത്ത് ജനാഭിപ്രായത്തെ മാനിച്ചു കൊണ്ട് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടാതിരിക്കാനുള്ള നിയമ നിര്‍മാണം ഉണ്ടായി.

റോസി (Rosie the Riveter )എന്ന പേര് വടക്കന്‍ അമേരിക്കയിലെ സ്ത്രീശാക്തീകരണത്തിന്റെ തിളങ്ങുന്ന പ്രതീകമാണ്. രണ്ടാം ലോകമഹായുദ്ധത്തിന് മുന്‍പ് വാന്‍കൂവര്‍ തുറമുഖത്തിന്റെ പല ഭാഗങ്ങളിലായി കപ്പല്‍ നിര്‍മാണത്തിനും കേടുപാടു തീര്‍ക്കുന്നതിനുമായി ധാരാളം പണിശാലകള്‍ ഉണ്ടായിരുന്നു. ഇവിടെ 24 മണിക്കൂറും മൂന്ന് ഷിഫ്റ്റായി ധാരാളം പുരുഷന്മാര്‍ ജോലി ചെയ്തിരുന്നു. ഒരു യുദ്ധക്കപ്പലിന് 383000 വിളക്കാണികള്‍(Rivets) ആവശ്യമുണ്ട്. ഇവിടെ ജോലി ചെയ്തിരുന്ന ധാരാളം പേര്‍ രണ്ടാം ലോകമഹായുദ്ധകാലത്ത് പട്ടാള സേവനത്തിനായി പോയി. തല്‍ഫലമായാണ് സ്ത്രീകള്‍ ഈ ജോലിയ്ക്കായി തിരഞ്ഞെടുക്കപ്പെട്ടത്. ഇത് ഒരു തുടക്കം മാത്രമായിരുന്നു. ഇന്ന് കാണുന്നത് പോലെ ഫാക്ടറികളിലും യുദ്ധത്തിനാവശ്യമായ പടക്കോപ്പുകളും മറ്റും നിര്‍മിക്കുന്ന ഇടങ്ങളിലും സ്ത്രീകള്‍ ജോലി ചെയ്യാന്‍ തുടങ്ങിയത് ഇതിന് ശേഷമാണ്. ഫാക്ടറി തൊഴിലാളികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ച അക്കാലത്താണ് ഓരോരുത്തരെയും പേരിന് പകരം നമ്പര്‍ കൊണ്ട് അടയാളപ്പെടുത്തുന്ന രീതി ആരംഭിച്ചത്. ഇതിന്റെ ഏറ്റവും പുതിയ രൂപമാണ് ജോലിക്കാരുടെ ഐഡന്റിറ്റി കാര്‍ഡുകള്‍. പുരുഷന്മാര്‍ കുത്തകയായി കരുതിയിരുന്ന പല ജോലികളിലും കഴിവ് തെളിയിച്ചു കൊണ്ടു് സ്ത്രീകള്‍ ആത്മവിശ്വാസത്തോടെ സാമ്പത്തിക സ്വാതന്ത്യത്തിന്റെയും സ്ത്രീപുരുഷസമത്വത്തിലേക്കുള്ള പ്രയാണത്തിന്റെയും പുതുലോകത്തേക്ക് പ്രവേശിച്ചത് ഇതോടെയാണ്. ക്രമേണ ലോകം മുഴുവന്‍ ഈ പാതയില്‍ സഞ്ചരിക്കാന്‍ തുടങ്ങി!.

(തുടരും)


Similar Posts