Column
ലൗ ജിഹാദ്
Column

വ്യവഹാരങ്ങളില്‍ തളയ്ക്കപ്പെട്ട മുസ്‌ലിം ജീവിതങ്ങള്‍

ഡോ. ബിനോജ് നായര്‍
|
11 May 2023 2:30 PM GMT

സര്‍ക്കാരുകളുടെ വംശീയവേട്ടയില്‍ നിന്ന് രക്ഷ തേടി ഉടമസ്ഥാവകാശം തെളിയിക്കുന്ന കൃത്യമായ രേഖകളുമായി കോടതിയെ സമീപിയ്ക്കുന്നവര്‍ക്ക് മുന്നില്‍ നീതിപീഠം മിക്ക അവസരങ്ങളിലും കൈമലര്‍ത്തുക മാത്രമാണ് ചെയ്യുന്നത്. | TheFourthEye

ഇന്ത്യയിലെ ഹിന്ദുത്വ ഭരണകൂടം മുസ്‌ലിംകളെ തിരഞ്ഞുപിടിച്ച് ദ്രോഹിയ്ക്കാനായി നിയമത്തിന്റെ സാധ്യതകള്‍ ദുരുപയോഗം ചെയ്യുന്നതായി Human Rights Watch ഒരു പുതിയ പഠനത്തില്‍ പറയുന്നു. എല്ലാവര്‍ക്കും ബാധകമായ നിയമം അനുശാസിയ്ക്കുന്ന ശിക്ഷാവിധികള്‍ എന്ന വ്യാജേന മുസ്‌ലിംകള്‍ക്കെതിരെ അന്യായവും അസന്തുലിതവുമായി നിയമം നടപ്പാക്കുക എന്ന കുതന്ത്രം നിരവധി സംസ്ഥാനങ്ങളില്‍ അവര്‍ പ്രയോഗിയ്ക്കുന്നതായി സംഘടനയുടെ ദക്ഷിണേഷ്യന്‍ കാര്യങ്ങളുടെ ഡയറക്ടര്‍ മീനാക്ഷി ഗാംഗുലി ആരോപിയ്ക്കുന്നു. മുസ്‌ലിംകളെ അന്യായമായി ലക്ഷ്യം വെയ്ക്കാന്‍ തങ്ങള്‍ക്ക് നിയമം ഒരു തടസ്സമല്ല, മറിച്ച് ഒരു സാധ്യതയാണെന്നുള്ള സന്ദേശം അവര്‍ക്ക് നല്‍കാനുള്ള ഒരു ഭീഷണോപാധിയായി സംഘ്പരിവാര്‍ ഇത് ഉപയോഗപ്പെടുത്തുന്നു. ഹിന്ദുത്വസര്‍ക്കാരുകള്‍ ഈ വിധം ദുരുപയോഗം ചെയ്യുന്നത് നിയമത്തിന്റെ തന്നെ സാധ്യതകള്‍ ആയതിനാല്‍ കോടതിവഴി പോലും അതിനെ ചെറുക്കുക ഇരകളായ മുസ്‌ലിംകള്‍ക്ക് പ്രയാസമായി വരുന്നു.


സ്ത്രീകളോട് അപമര്യാദയായി പെരുമാറി, പെണ്‍കുട്ടികളെ ശല്യപ്പെടുത്തി തുടങ്ങിയ വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തി കഴിഞ്ഞ വര്‍ഷം നവരാത്രി ആഘോഷങ്ങള്‍ക്കിടെ മുസ്‌ലിം ചെറുപ്പക്കാരെ തിരഞ്ഞു പിടിച്ച് അവഹേളിയ്ക്കുകയും ആക്രമിയ്ക്കുകയും ചെയ്തത് ഗുജറാത്തിലെ പൊലീസ് ആയിരുന്നു. മതിലുകളില്‍ ചേര്‍ത്ത് നിര്‍ത്തിയും വൈദ്യുത പോസ്റ്റുകളില്‍ കെട്ടിയിട്ടും പൊലീസുകാര്‍ മുസ്‌ലിം ചെറുപ്പക്കാരെ പരസ്യമായി തല്ലുമ്പോള്‍ ആവേശത്തോടെ ആര്‍ത്തുവിളിക്കുന്ന സംഘ്പരിവാരങ്ങളുടെ വിഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയുണ്ടായി.

ഇതിനൊപ്പം ഹിന്ദു പെണ്‍കുട്ടികളെ വശീകരിയ്ക്കാനും വഴിതെറ്റിയ്ക്കാനും ശ്രമിയ്ക്കുന്ന ലൗജിഹാദിന്റെ ഏജന്റുമാര്‍ എന്ന പേരിലും ഇത്തരം സംഭവങ്ങളില്‍ മുസ്ലിം ചെറുപ്പക്കാരെ പൊലീസ് ക്രൂരമായി വേട്ടയാടുന്നു. പെണ്‍കുട്ടികളെ മതം മാറ്റി ഇസ്‌ലാമിലേക്ക് കൊണ്ടുപോവുകയും എണ്ണം വര്‍ധിപ്പിക്കാനായി കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കുന്ന ജനസംഖ്യാ ജിഹാദിന്റെ പോരാളികളാക്കി ഉപയോഗിക്കുകയും ചെയ്യുന്നു എന്ന തികച്ചും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ മുസ്‌ലിം ചെറുപ്പക്കാര്‍ക്ക് ഇന്നത്തെ ഇന്ത്യയില്‍ പുതിയ അനുഭവമല്ല.

മുസ്‌ലിംകളുടെ കുടുംബങ്ങളെ വഴിയാധാരമാക്കാനും അവരെ പേടിപ്പിച്ച് വരുതിയില്‍ നിര്‍ത്താനുമായി നിരവധി ഹിന്ദുത്വ ഭരണകൂടങ്ങള്‍ ദുരുപയോഗം ചെയ്യുന്ന അങ്ങേയറ്റം മനുഷ്യത്വരഹിതവും ക്രൂരവുമായ മറ്റൊരു ശിക്ഷാ നടപടിയാണ് ബുള്‍ഡോസര്‍ പ്രയോഗം. നേരത്തെ സൂചിപ്പിച്ച ഗുജറാത്തിലെ ഗര്‍ബാ സംഭവത്തിലെ 'കുറ്റക്കര്‍ക്ക്' നേരെയും ഈ വിധം ബുള്‍ഡോസര്‍ പ്രയോഗം നടത്തിയിരുന്നു. ചെറുപ്പക്കാരെ പൊതുനിരത്തുകളില്‍ പരസ്യമായി കെട്ടിയിട്ട് മര്‍ദിച്ചതിന് പുറമെയാണ് അവരുടെ വീടുകള്‍ ഇപ്രകാരം ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത്.

മധ്യപ്രദേശിലെ ഖാര്‍ഗാവ്, ആനന്ദ്, സബര്‍ക്കന്ത തുടങ്ങിയ ജില്ലകളിലെ നിരവധി വീടുകളെ സംസ്ഥാന സര്‍ക്കാര്‍ ഇപ്രകാരം ലക്ഷ്യം വെയ്ക്കുകയുണ്ടായി. ഹിന്ദുമത ആഘോഷങ്ങള്‍ക്കിടെ ഹിന്ദുത്വവാദികള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും പരിസരപ്രദേശത്തെ മുസ്‌ലിംകള്‍ക്കെതിരെ കള്ളപ്പരാതികള്‍ നല്‍കുകയും തൊട്ടു പിറകെ സര്‍ക്കാര്‍ അധികാരികള്‍ ബുല്‍ഡോസറുകളുമായി വന്ന് സ്ത്രീകളും കുട്ടികളുമടങ്ങുന്ന കുടുംബങ്ങളെ പെരുവഴിയിലേയ്ക്ക് ഇറക്കുകയും ചെയുന്നത് ഇന്ന് വടക്കേ ഇന്ത്യയില്‍ സ്ഥിരം സംഭവമാണ്. ഹിന്ദുത്വ സര്‍ക്കാരുകള്‍ തങ്ങളുടെ ഇത്തരം വംശീയപദ്ധതികള്‍ നടപ്പിലാക്കുന്നതോ അനധികൃത നിര്‍മാണങ്ങള്‍ ഒഴിപ്പിയ്ക്കാനെന്ന വ്യാജേനയുമാണ്.


പ്രതിഷേധിയ്ക്കുന്നവരുടെയും സര്‍ക്കാര്‍ നയങ്ങളെ ജനാധിപത്യമാര്‍ഗങ്ങളിലൂടെ എതിര്‍ക്കുന്നവരുടെയും വീടുകള്‍ വെറും മണ്‍കൂനകളായി മാറുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തുകയും വെല്ലുവിളിയ്ക്കുകയും ചെയ്യുന്നത് ഉത്തരവാദിത്വപ്പെട്ട മുഖ്യമന്ത്രിമാരും ആഭ്യന്തരമന്ത്രിമാരുമാണെന്നത് ജനാധിപത്യവും മനുഷ്യാവകാശവുമെല്ലാം ഹിന്ദുത്വഭരണത്തിന് കീഴില്‍ വെറും പ്രഹസനമായി മാറിക്കഴിഞ്ഞു എന്നുള്ളതിന്റെ വ്യക്തമായ തെളിവുകളാണ്. ഈവിധം പട്ടാപ്പകല്‍ നിയമവാഴ്ചയെ അട്ടിമറിയ്ക്കുന്ന ഭരണാധികാരികളില്‍ യു.പി, അസം, മധ്യപ്രദേശ്, കര്‍ണ്ണാടകം എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാര്‍ മുന്‍പന്തിയിലാണ്. എന്നാല്‍, വീടുകള്‍ പൊളിയ്ക്കുന്ന സമയത്ത് ഇരയാകുന്ന മുസ്‌ലിം ഭവനങ്ങളും വാണിജ്യസ്ഥാപനങ്ങളുമെല്ലാം സര്‍ക്കാരിന്റെ മുന്നില്‍ അനധികൃത നിര്‍മിതികളായി മാറുന്നു എന്നത് കിരാതരൂപമുള്ള ഹിന്ദുത്വ ഇരട്ടമുഖം വെളിവാക്കുന്നു.

കൃത്യമായ രേഖകളും ഉടമസ്ഥാവകാശവും ഉള്ളവരാണ് ഒരു സുപ്രഭാതത്തില്‍ ഈ വിധം കുടിയിറക്കപ്പെടുന്നത്. മിക്ക സംഭവങ്ങളിലും നിയമം അനുശാസിയ്ക്കുന്ന നോട്ടീസ് കാലാവധി ഇവര്‍ക്ക് നിഷേധിയ്ക്കപ്പെടുന്നു. ഹല്‍ദ്വാനിയിലെ പതിനായിരക്കണക്കിന് മുസ്‌ലിംകളെ ഒറ്റ രാത്രി കൊണ്ട് പെരുവഴിയിലാക്കിയ ഉത്തരാഖണ്ഡിലെ ബി.ജെ.പി സര്‍ക്കാരിന്റെ ക്രൂരത അധികാരത്തിന്റെ തണലില്‍ നടപ്പാക്കപ്പെടുന്ന സംഘ്പരിവാറിന്റെ കിരാത പദ്ധതികളുടെ നേര്‍സാക്ഷ്യമാണ്. സുപ്രീം കോടതിയുടെ കൃത്യമായ ഇടപെടല്‍ ഒന്ന് മാത്രമാണ് സ്ത്രീകളും കുഞ്ഞുങ്ങളും അടങ്ങുന്ന ഇവിടത്തെ 4000 കുടുംബങ്ങളെ പെരുവഴിയില്‍ നിന്ന് തല്‍ക്കാലം രക്ഷിച്ചെടുത്തിട്ടുള്ളത്.


എന്നാല്‍, കോടതികളില്‍ നിന്ന് ഇപ്രകാരമുള്ള സത്വര ഇടപെടല്‍ ഭൂരിഭാഗം അവസരങ്ങളിലും ഉണ്ടാകുന്നില്ലെന്നത് മതവിശ്വാസം ഒന്ന് കൊണ്ട് മാത്രം അനാഥമാക്കപ്പെടുന്ന ആയിരക്കണക്കിന് ജീവിതങ്ങളുടെ മൗനനൊമ്പരമാണ്. സര്‍ക്കാരുകളുടെ വംശീയവേട്ടയില്‍ നിന്ന് രക്ഷ തേടി ഉടമസ്ഥാവകാശം തെളിയിക്കുന്ന കൃത്യമായ രേഖകളുമായി കോടതിയെ സമീപിയ്ക്കുന്നവര്‍ക്ക് മുന്നില്‍ നീതിപീഠം മിക്ക അവസരങ്ങളിലും കൈമലര്‍ത്തുക മാത്രമാണ് ചെയ്യുന്നത്. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും ഐക്യരാഷ്ട്ര സഭ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകള്‍ക്കുമൊന്നും ഒരു പരിധിയ്ക്കപ്പുറം ഇടപെടാനാകാത്ത സാഹചര്യത്തില്‍ ഇന്ത്യയിലെ കോടതികളുടെ ഭാഗത്തു നിന്ന് പലപ്പോഴുമുണ്ടാകുന്ന അലംഭാവവും മൃദുഹിന്ദുത്വ പരിലാളനവും രാജ്യത്തെ ന്യൂനപക്ഷങ്ങളെ വംശഹത്യയുടെ മുനമ്പിലാണ് തളച്ചിട്ടിരിയ്ക്കുന്നത്.


Similar Posts