Column
വയനാടന്‍ തമ്പാന്‍
Column

നൂറ് വര്‍ഷം പഴക്കമുള്ള വാര്‍ലോക്കിന്റെ വേഷത്തില്‍ കമല്‍ ഹാസന്‍; ഹൊറര്‍ ചിത്രങ്ങളുടെ ജോണറിലെ ആദ്യ സിനിമ

ആദം അയ്യൂബ്
|
8 Jun 2024 6:03 AM GMT

ഒരു ആദിവാസി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം അന്വേഷിക്കാന്‍ എത്തുന്ന പൊലീസുകാരനായി ഞാനും ആദിവാസി സംഘ നൃത്തിലെ നര്‍ത്തകനായി ജെയിംസും വയനാടന്‍ തമ്പാനില്‍ അഭിനയിച്ചു. | ആദം അയ്യൂബിന്റെ സിനിമാ ജീവിതം - വൈഡ് ആംഗിള്‍: 34

സിനിമയില്‍ ഒന്ന് കാലുറപ്പിച്ചിട്ടു വിവാഹം കഴിക്കാം എന്ന തീരുമാനത്തില്‍ വിവാഹം നീട്ടിക്കൊണ്ടു പോവുകയായിരുന്നു ഞാന്‍. എന്നാല്‍, വയസ്സ് 28 ആയിട്ടും കാലുറക്കാത്തതു കൊണ്ട് ഇനി, വിവാഹം കഴിഞ്ഞിട്ട് കാലുറപ്പിക്കാം എന്ന വീട്ടുകാരുടെ അന്ത്യശാസനത്തിനു വഴങ്ങി എനിക്ക് വിവാഹത്തിനു സമ്മതിക്കേണ്ടി വന്നു. പണം എന്നും എന്നില്‍ നിന്ന് ഒരു അകലം സൂക്ഷിച്ചിരുന്നു. എന്നാല്‍, സ്ത്രീകളുടെ കാര്യത്തില്‍ അങ്ങനെ ആയിരുന്നില്ല. എന്നോട് സൗഹൃദം കൂടാന്‍ എപ്പോഴും പലരും വളരെ താല്‍പര്യം കാണിച്ചിരുന്നു. സൗന്ദര്യധാമങ്ങളുടെ ലോകത്തു, ഒരു ബന്ധത്തിലും പെടാതെ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞത്, എന്റെ മനോബലം മാത്രമല്ല, ദൈവത്തിന്റെ നിയോഗവുംകൂടി ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അങ്ങിനെ വീട്ടുകാര്‍ തീരുമാനിച്ച, നൂര്‍ജഹാന്‍ എന്ന പെണ്‍കുട്ടിയെ ഞാന്‍ ജീവിതസഖിയായി കൂട്ടി.

വിവാഹ ശേഷം ഞാന്‍ ആദ്യം ചെയ്ത സിനിമ വിന്‍സെന്റ് മാസ്റ്ററുടെ 'വയനാടന്‍ തമ്പാന്‍' ആയിരുന്നു. കമല്‍ ഹാസന്‍ നായകനും അഞ്ചു നായികമാരും ഉള്ള ഒരു സിനിമയിരുന്നു അത്. എം.ജി.ആറിന്റെ നായിക ആയിരുന്ന ലത ആണ് പ്രധാന നായിക. കൂടാതെ ചന്ദ്രകല, ലീന, മീര, ശോഭ എന്നിങ്ങനെ നാലു നായികമാര്‍ കൂടി ഉണ്ടായിരുന്നു.


വി.ടി.നന്ദകുമാര്‍ എഴുതിയ ഒരു ഹൊറര്‍ ചിത്രമായിരുന്നു വയനാടന്‍ തമ്പാന്‍. കമല്‍ഹാസന്‍ 100 വര്‍ഷം പഴക്കമുള്ള ഒരു വാര്‍ലോക്കിന്റെ വേഷം ചെയ്യുന്നു. കരിമൂര്‍ത്തി എന്ന ദുര്‍ഭൂതത്തെ പ്രീതിപ്പെടുത്തി നിത്യ യൗവനം നേടാനായി ഓരോ കന്യകമാരെ ബലികൊടുത്തു, തലമുറകളിലൂടെ യുവാവായി പെണ്‍കുട്ടികളെ വശീകരിച്ചു കരിമൂര്‍ത്തിക്കു കാഴ്ച വെക്കുകയും, അവസാനം പിടിക്കപ്പെടുകയും ചെയ്യുന്ന വില്ലന്‍ കഥാപാത്രമാണ് കമല്‍ ഹാസന്റേത്.

മദ്രാസില്‍ വയനാടന്‍ തമ്പാന്റെ ഷൂട്ടിംഗ് നടക്കുമ്പോള്‍ തിരക്കഥയിലെ ചില പ്രശ്‌നങ്ങള്‍ കീറാമുട്ടിയായി. പല തലമുറകളിലൂടെ കടന്നു പോകുന്ന കഥ ആയതുകൊണ്ടും, പല ജാതിയിലും സമുദായത്തിലും പെട്ട പെണ്‍കുട്ടികള്‍, കമല്‍ ഹാസന്റെ നായികമാരും ഇരകളും ആയി വരുന്നത് കൊണ്ടും, യുക്തിക്കു അനുസൃതമായ ചില മാറ്റങ്ങള്‍ അനിവാര്യമായിരുന്നു.

അന്ന് തമിഴ്‌നാട്ടില്‍ റേഡിയോ പരസ്യ രംഗത്ത് അനിഷേധ്യ സാന്നിധ്യമായിരുന്ന റേഡിയോ അഡ്വെര്‍ടൈസിങ് സര്‍വീസസ് കമ്പനിയുടെ ഉടമസ്ഥരായ എസ്. ഹരിഹരനും, എസ്. വെങ്കടേശ്വരനും ചേര്‍ന്ന് നിര്‍മിച്ച ഈ ചിത്രത്തിന്റെ നിര്‍മാതാവിന്റെ മകനും സ്റ്റില്‍ ഫോട്ടോ ഗ്രാഫറുമായ എസ്.വി ശേഖര്‍ പിന്നീട് തമിഴ് സിനിമയില്‍ പ്രശസ്തനായ നടനായി. വിന്‍സെന്റ് മാസ്റ്ററുടെ മൂത്ത മകനായ ജയനന്‍ വിന്‍സെന്റ് ആദ്യമായി സ്വതന്ത്ര ക്യാമറാമാന്‍ ആയി അരങ്ങേറ്റം കുറിച്ച സിനിമയും വയനാടന്‍ തമ്പാന്‍ ആയിരുന്നു. എന്റെ കരിയറിലെയും ഒരു പ്രധാന ദശാസന്ധി ആയിരുന്നു ഈ ചിത്രം. വി.ടി നന്ദകുമാറും വിന്‍സെന്റ് മാഷും ചേര്‍ന്നാണ് ഇതിന്റെ തിരക്കഥ തയാറാക്കിയത്. എന്നാല്‍, മദ്രാസില്‍ ഷൂട്ടിംഗ് നടക്കുമ്പോള്‍ തിരക്കഥയിലെ ചില പ്രശ്‌നങ്ങള്‍ കീറാമുട്ടിയായി. പല തലമുറകളിലൂടെ കടന്നു പോകുന്ന കഥ ആയതുകൊണ്ടും, പല ജാതിയിലും സമുദായത്തിലും പെട്ട പെണ്‍കുട്ടികള്‍, കമല്‍ ഹാസന്റെ നായികമാരും ഇരകളും ആയി വരുന്നത് കൊണ്ടും, യുക്തിക്കു അനുസൃതമായ ചില മാറ്റങ്ങള്‍ അനിവാര്യമായിരുന്നു. തിരക്കഥയിലെ ഈ പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ മാത്രമേ പിറ്റേ ദിവസത്തെ ഷൂട്ടിംഗ് നടക്കൂ.

മാഷ് എന്നെ വിളിച്ചു കാര്യം വിശദീകരിച്ചു. എന്നിട്ടു പറഞ്ഞു:

'' സ്‌ക്രിപ്റ്റില്‍ ചില ഭാഗങ്ങള്‍ മുഴച്ചു നില്‍ക്കുന്നുണ്ട്. നാളെ അതെല്ലാം കറക്റ്റ് ചെയ്തു ആ രംഗങ്ങള്‍ മാറ്റി എഴുതിക്കൊണ്ടു വരണം''.

എന്നെ സംബന്ധിച്ചിടത്തോളം അത് വലിയ അംഗീകാരമായിരുന്നു. പിറ്റേ ദിവസം, മാഷ് പറഞ്ഞത് പോലെ ആ രംഗങ്ങളെല്ലാം മാറ്റി എഴുതി കൊണ്ടുവന്നു. വന്നപാടെ മാഷിനെ ഏല്‍പ്പിക്കാന്‍ ഒരുസങ്കോചമുണ്ടായിരുന്നു. എന്നാല്‍ മാഷ് എന്നെ വിളിച്ചു ചോദിച്ചു

''സ്‌ക്രിപ്റ്റ് എവിടെ?''

ഞാന്‍ സ്‌ക്രിപറ്റ് മാഷിനെ ഏല്‍പ്പിച്ചു. മാഷ് അത് മുഴുവന്‍ വായിച്ചു. എന്നിട്ടു ഒറ്റവാക്കില്‍ പറഞ്ഞു:

''ഗുഡ് !''


| 'വയനാടന്‍ തമ്പാന്‍' ഷൂട്ടിങ് ലൊക്കേഷനില്‍ ആദം അയ്യൂബ്, ജെയിംസ്, കമല്‍ഹാസന്‍, വിന്‍സെന്‍ര് മാസ്റ്റര്‍, ലത

പിന്നെ ഒരു മാറ്റമോ തിരുത്തലോ കൂടാതെ മാഷ് ആ രംഗംങ്ങള്‍ അതേപടി ചിത്രീകരിച്ചു. എനിക്ക് വളരെ സന്തോഷവും അഭിമാനവും തോന്നിയ ദിവസമായിരുന്നു അത്. അതുപോലെ തന്നെ തൃശൂര്‍ ജില്ലയില്‍ ഔട്‌ഡോര്‍ ഷൂട്ടിംഗ് നടക്കുമ്പോള്‍, ഒരു ദിവസം ഷൂട്ടിംഗ് വേഗം തീര്‍ക്കാനായി രണ്ടു യൂണിറ്റ് ആയി ചിത്രീകരിക്കാന്‍ മാഷ് തീരുമാനിച്ചു. അല്‍പം അകലെയുള്ള ഒരു ലൊക്കേഷനില്‍ കമല്‍ ഹാസന്റെ ചില രംഗങ്ങള്‍ ചിത്രീകരിക്കാന്‍ എന്നെ ചുമതലപ്പെടുത്തി. ക്യാമറാമാന്‍ ആയി എന്നോടോപ്പം ജയനന്‍ വിന്‍സന്റിനെയും അയച്ചു. ആ സമയത്തു മാഷ് ലതയുടെ ചില രംഗങ്ങള്‍ ചിത്രീകരിക്കുകയായിരുന്നു. ഞാനും ജെയിംസും ഈ സിനിമയില്‍ അഭിനയിക്കുയും ചെയ്തിട്ടുണ്ട്. ഒരു ആദിവാസി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം അന്വേഷിക്കാന്‍ എത്തുന്ന പൊലീസുകാരനായി ഞാനും ആദിവാസി സംഘ നൃത്തിലെ നര്‍ത്തകനായി ജെയിംസും അഭിനയിച്ചു.


| 'വയനാടന്‍ തമ്പാന്‍' ഷൂട്ടിങ് ലൊക്കേഷനില്‍ കമല്‍ ഹാസന്‍, ആദം അയ്യൂബ്, ലത

1978 സെപ്റ്റംബറില്‍ റിലീസ് ആയ 'വയനാടന്‍ തമ്പാന്‍' സൂപ്പര്‍ഹിറ്റ് ആയി. പിന്നീട്, സംവിധായകന്‍ ജോഗീന്ദര്‍ ചേര്‍ത്ത ചില അധിക രംഗങ്ങളോടെ ചിത്രം തമിഴില്‍ കന്നി വേട്ടൈ എന്ന പേരിലും, ഹിന്ദിയില്‍ പ്യാസ ശൈതാന്‍ എന്ന പേരിലും ഡബ് ചെയ്തു റിലീസ് ചെയ്തു. മലയാളത്തില്‍ ഹൊറര്‍-മാന്ത്രിക ചിത്രങ്ങളുടെ മേഖലയില്‍ ഇത്തരത്തിലുള്ള ആദ്യത്തേതായിരുന്ന ഈ ചിത്രം.


(തുടരും)



Similar Posts