ലോകപരിചയമില്ലാത്ത വിദ്യാഭ്യാസം
|ലോകത്തെ മുന്‍നിര വിശ്വവിദ്യാലയങ്ങളും, സാങ്കേതിക കലാലയങ്ങളും ഇന്‍സ്റ്റിറ്റ്യൂട്ട്- ഇന്‍ഡസ്ട്രി മാതൃകയില്‍ പരസ്പരപൂരകങ്ങളായി പ്രവര്‍ത്തിച്ചു തുടങ്ങിയിട്ട് കാലങ്ങളായെങ്കിലും, നമ്മുടെ നാട്ടില്‍ അത് ഇനിയും വ്യവസ്ഥാപിതമായിട്ടില്ല.|LookingAround
കഴിഞ്ഞ ദിവസം ചുരുക്കം ചില പത്രങ്ങളില്‍ വന്ന ഒരു വാര്‍ത്ത കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ സസൂക്ഷ്മം നോക്കിക്കാണുന്നവര്‍ക്കും, വളരെക്കാലമായി ആ രംഗത്ത് നടക്കുന്ന അനഭിലഷണീയമായ നടപടികളെക്കുറിച്ച് വ്യാകുലപ്പെട്ടിരുന്നവര്‍ക്കും സന്തോഷം നല്‍കുന്ന ഒന്നായിരുന്നു. കേരളത്തിലെ ഐ.ടി.ഐകള്‍ തങ്ങളുടെ പണിപ്പുരകളില്‍ നിന്നും സ്വകാര്യ മേഖലക്ക് ചെയ്ത് കൊടുത്ത ജോലികള്‍ക്ക് പകരമായി നാല്‍പത്തെട്ട് ലക്ഷം രൂപ സ്വരുക്കൂട്ടി എന്നതായിരുന്നു ആ വാര്‍ത്ത. സാധാരണക്കാരെ സംബന്ധിച്ച് ഇത്തരം ഒരു ഇടപാട് നടന്നു പോന്നിരുന്നു എന്നതായിരുന്നു കൗതുകം എങ്കില്‍ മറ്റ് ചിലര്‍ക്ക് അതിലെ പണത്തിന്റെ വലിപ്പമായിരിന്നു വാര്‍ത്ത.
കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് നിന്നും വരുന്ന വാര്‍ത്തകള്‍ കാലങ്ങളായി ശുഭമായ ഒന്നായിരുന്നില്ല. പണക്കൊഴുപ്പിന്റെ വലിപ്പത്തെ ഒന്നിനും കവച്ചു വയ്ക്കാന്‍ സാധിക്കില്ല എന്ന് കരുതുന്നവരുടെ ഇഷ്ടത്തിനൊപ്പമായിരിന്നു അഭ്യാസങ്ങള്‍ എല്ലാം. പ്രൈമറി മുതല്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖല വരെ ഇത്തരത്തില്‍ അരുതാത്ത വഴികളിലൂടെയായിരിന്നു പോയിക്കൊണ്ടിരുന്നത്. പക്ഷെ, കോവിഡ് കാലത്തിനു മുന്നേ തന്നെ വ്യവസ്ഥാപിത വിദ്യാഭ്യാസത്തിന്റെ കുറവുകള്‍ കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞു കൊണ്ടിരുന്നു. കൊച്ചിയിലെ അതിപ്രശസ്തമായ സ്‌കൂളില്‍ നിന്നും പഠിച്ചിറങ്ങി ഡല്‍ഹിയിലെ സെയിന്റ് സ്റ്റീഫന്‍സ് കോളജില്‍ പഠിക്കാന്‍ പോയ സുഹൃത്തിന്റെ മകന്‍ അവധിക്ക് നാട്ടില്‍ വന്നപ്പോള്‍ അവന്റെ അച്ഛനോട് പറഞ്ഞത്, അനിയനെ തുടര്‍ന്നും ആ സ്‌കൂളില്‍ പഠിപ്പിക്കരുത് എന്നാണ്. അവിടെ പഠിച്ചു ഡല്‍ഹിയില്‍ എത്തിയ അവന്‍ കണ്ടത് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് വന്ന മിടുക്കരായ കുട്ടികളെയായിരിന്നു. അവര്‍ നേടിയ മാര്‍ക്കുകള്‍ അവന്‍ നേടിയ അത്ര തന്നെയായിരുന്നെങ്കിലും, അവരുടെ ബൗദ്ധിക വളര്‍ച്ച അവനെക്കാളും പതിന്മടങ്ങായിരിന്നു എന്നാണ് അവന്‍ പറഞ്ഞത്. കേരളത്തിലെ തന്നെ ഏറ്റവും മുന്നില്‍ നില്‍ക്കുന്നു എന്ന് നമ്മള്‍ കരുതുന്ന സ്‌കൂളില്‍ നിന്ന് പോയ കുട്ടിയുടെ സ്ഥിതി ഇതാണെങ്കില്‍, ഇവിടത്തെ മറ്റ് സ്‌കൂളുകളുടെ സ്ഥിതി നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. കേരളത്തിലെ വിദ്യാഭ്യാസ രംഗം സിലബസുകളിലേക്കും, ഗൈഡുകളിലേക്കും, ചോദ്യപ്പേപ്പറുകളിലേക്കും ചുരുങ്ങി പോയിരിക്കുന്നു, അതാണ് പ്രശ്‌നം.
പല കമ്പനി മേധാവികളും പറയാറുണ്ട്, നമ്മുടെ ഐ.ടി.ഐകളിലെ ഡിപ്ലോമക്കാരാണ് ഇവിടത്തെ എഞ്ചിനീയറിംഗ് കോളജില്‍ നിന്നും ഇറങ്ങുന്ന എഞ്ചിനിയര്‍മാരെക്കാളും ഭേദം എന്ന്. എഞ്ചിനീയറിംഗ് കോളജുകളില്‍ ഇന്നുള്ള തരത്തിലുള്ള വ്യവസായ പരിചയ പരിപാടികള്‍ വെറും തട്ടിപ്പാണ് എന്ന് സര്‍വ്വകലാശാലക്കും, കോളജുകള്‍ക്കും, അധ്യാപകര്‍ക്കും, വിദ്യാര്‍ഥികള്‍ക്കും അറിയാം. പക്ഷെ, അവരവരുടെ സൗകര്യങ്ങള്‍ക്കായി അതൊന്നും ആരും ഗൗനിക്കുന്നില്ല.
ഇതുകൊണ്ടാണ് മുകളില്‍ പറഞ്ഞ വാര്‍ത്ത പലര്‍ക്കും സന്തോഷം നല്‍കുന്ന ഒന്നായി മാറിയത്. സംസ്ഥാനത്തെ കുട്ടികള്‍ ഉന്നത വിദ്യാഭ്യാസത്തിനായി മറ്റ് സംസ്ഥാനങ്ങളിലേക്ക് ഒഴുകുന്നു എന്ന പരാതി മാറ്റാനായി പുതിയ പ്രൊഫഷണല്‍ കോളജുകള്‍ക്ക് അനുമതി നല്‍കിയപ്പോള്‍ കേരളത്തിനു വലിയ പ്രതീക്ഷകളായിരുന്നു. ആദ്യ കാലങ്ങളില്‍ ഈ പുതിയ എഞ്ചിനീയറിംഗ് കോളജുകളില്‍ സീറ്റിന് വേണ്ടിയുള്ള തിക്കും തിരക്കുമായിരിന്നു. പക്ഷെ, കാലക്രമേണ സമൂഹത്തിന്റെയും കുടുംബത്തിന്റെയും നിര്‍ബന്ധനത്തിനു വഴങ്ങി ഇവിടെ പഠിക്കാന്‍ ചേരുന്ന കുട്ടികള്‍ക്ക് പഠനം പൂര്‍ത്തിയാക്കിയാല്‍ തന്നെ ജോലി ലഭിക്കാന്‍ കഴിയാതായി തുടങ്ങി. അതിന്റെ കൂടെ, സീറ്റുകള്‍ കാലിയായി കിടക്കാതിരിക്കാനായി കോളജ് മാനേജുമെന്റുകളുടെ നിര്‍ബന്ധത്തിന് വഴങ്ങി പാഠ്യപദ്ധതിയില്‍ വെള്ളം ചേര്‍ക്കുക കൂടി ചെയ്തതോടെ, കേരളത്തിലെ എഞ്ചിനീയറിംഗ് കോളജുകളുടെ നിലവാരം പൊതുവെ മോശമായി.
ഇത് പ്രൊഫഷണല്‍ കോളജുകളിലെ മാത്രം പ്രശ്‌നമല്ല, ഭൂരിഭാഗം ബിരുദബിരുദാനന്തര കോളജുകളിലെയും പ്രശ്‌നമാണ്. പാഠ്യപദ്ധതിയില്‍ മാറ്റങ്ങള്‍ പലപ്പോഴായി കൊണ്ടുവന്നപ്പോഴും, കാലത്തിന്റെ മാറ്റത്തിനനുസരിച്ചുള്ള പഠന സമ്പ്രദായത്തില്‍ കാര്യമായ മാറ്റം വരുത്താത്തതാണ് വിനയായത്. ലോകത്തെ മുന്‍നിര വിശ്വവിദ്യാലയങ്ങളും, സാങ്കേതിക കലാലയങ്ങളും ഇന്‍സ്റ്റിറ്റ്യൂട്ട്- ഇന്‍ഡസ്ട്രി മാതൃകയില്‍ പരസ്പരപൂരകങ്ങളായി പ്രവര്‍ത്തിച്ചു തുടങ്ങിയിട്ട് കാലങ്ങളായെങ്കിലും, നമ്മുടെ നാട്ടില്‍ അത് ഇനിയും വ്യവസ്ഥാപിതമായിട്ടില്ല. നമുക്ക് ഈ മാതൃക അന്യമായത് കൊണ്ടല്ല ഇങ്ങനെ സംഭവിക്കുന്നത്, നമ്മുടെ നാട്ടിലെ പല സര്‍വകലാശാലകളിലും ഇത് നടപ്പില്‍ വരുത്തിയിട്ട് നാളേറെയായി. പക്ഷെ, വിദ്യാഭ്യാസം എണ്ണത്തിന്റെ കണക്കുകൂട്ടലുകളില്‍ പെട്ട് വലയുമ്പോള്‍, എണ്ണുന്ന നോട്ടുകള്‍ക്ക് വേണ്ടി ഇത്തരം പുരോഗമന മാതൃകകള്‍ നമ്മള്‍ വേണ്ടെന്നു വയ്ക്കുന്നതാണ്. പീച്ചിയിലെ ഫോറസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, മണ്ണുത്തിയിലെ കാര്‍ഷിക സര്‍വകലാശാല, കൊച്ചിയിലെ സമുദ്ര ഗവേഷണ ശാല തുടങ്ങിയ ഇടങ്ങളെല്ലാം അവരുടെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ അതാത് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗങ്ങള്‍ക്കും, മനുഷ്യര്‍ക്കും, കര്‍ഷകര്‍ക്കും വേണ്ട ഇടപെടലുകള്‍ നടത്തുന്ന വാര്‍ത്തകള്‍ നമ്മള്‍ കേള്‍ക്കുന്നതാണ്. പക്ഷെ, അതിന്റെ പ്രാധാന്യം തിരിച്ചറിയുന്നില്ല എന്ന് മാത്രം. നാട്ടിലെ പാലങ്ങളും കെട്ടിടങ്ങളും കേടാകുമ്പോള്‍, പരിശോധനക്ക് ഐഐടികളില്‍ നിന്നുള്ള വിദഗ്ദര്‍ വരുമ്പോള്‍ നമ്മുടെ ഭരണാധികാരികള്‍ എന്ത് കൊണ്ട് ചിന്തിക്കുന്നില്ല, നമ്മുടെ ഇവിടെയും 150ലേറെ എഞ്ചിനീയറിംഗ് കോളജുകള്‍ ഉണ്ടായിട്ടും കാര്യമില്ലല്ലോ എന്ന്.
ഇത്തരം കൊടുക്കല്‍ വാങ്ങലുകള്‍ വഴി അവിടെ പഠിക്കുന്ന കുട്ടികള്‍ക്ക് പ്രവര്‍ത്തന പരിചയത്തിലൂടെയുള്ള വിദ്യാഭ്യാസം സാധ്യമാകുന്നു എന്ന് മാത്രമല്ല, അവര്‍ക്കു പുതിയ മേഖലയിലേക്ക് പഠനത്തെ നയിക്കുവാനും സാധിക്കുന്നു. ഇതിന്റെ വ്യക്തമായ ഉദാഹരണമാണ് ഐ.ടി.ഐകളില്‍ നടക്കുന്ന പ്രവര്‍ത്തന പരിചയ ജോലികള്‍. ഇന്നിപ്പോള്‍ നമ്മുടെ എഞ്ചിനീയറിംഗ് കോളജില്‍ നിന്നും ഇറങ്ങുന്ന കുട്ടികള്‍ ഒരു ജോലി സ്ഥലത്തേക്ക് കടന്നു ചെല്ലാന്‍ പ്രാപ്തരാണ് എന്ന് പറയാന്‍ സാധിക്കില്ല. പല കമ്പനി മേധാവികളും പറയാറുണ്ട്, നമ്മുടെ ഐ.ടി.ഐകളിലെ ഡിപ്ലോമക്കാരാണ് ഇവിടത്തെ എഞ്ചിനീയറിംഗ് കോളജില്‍ നിന്നും ഇറങ്ങുന്ന എഞ്ചിനിയര്‍മാരെക്കാളും ഭേദം എന്ന്. എഞ്ചിനീയറിംഗ് കോളജുകളില്‍ ഇന്നുള്ള തരത്തിലുള്ള വ്യവസായ പരിചയ പരിപാടികള്‍ വെറും തട്ടിപ്പാണ് എന്ന് സര്‍വ്വകലാശാലക്കും, കോളജുകള്‍ക്കും, അധ്യാപകര്‍ക്കും, വിദ്യാര്‍ഥികള്‍ക്കും അറിയാം. പക്ഷെ, അവരവരുടെ സൗകര്യങ്ങള്‍ക്കായി അതൊന്നും ആരും ഗൗനിക്കുന്നില്ല.
ഇന്ന് കുട്ടികള്‍ക്കായി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് 10 ദിവസത്തെ ഇന്റേണ്‍ഷിപ് മാത്രമാണ്. ഇതിനു കുട്ടികള്‍ പങ്കെടുക്കുന്നുണ്ടോ എന്ന് പോലും ആരും ശ്രദ്ധിക്കാറില്ല. കുട്ടികള്‍ കൊണ്ട് കൊടുക്കുന്ന ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഒന്നും ചോദിക്കാതെ കോളജ് സ്വീകരിച്ചു വയ്ക്കും. അല്ലെങ്കില്‍ തന്നെ 10 ദിവസം കൊണ്ട് എന്ത് പ്രവര്‍ത്തി പരിചയം നേടാനാണ്! പിന്നെയുള്ളത് വ്യവസായ ടൂറാണ്, അതും അധ്യാപകര്‍ക്കൊപ്പം. കേരളത്തിലെ കോളജുകളില്‍ നിന്നും ഇത്തരം ടൂറുകള്‍ക്ക് പോകുന്ന ബസ്സുകളുടെ റൂട്ട് മാപ്പ് വാങ്ങി നോക്കിയാല്‍, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വ്യവസായങ്ങള്‍ ഉള്ളത് ഗോവയിലാണ് എന്ന് തോന്നിപ്പോകും. ആര്‍ക്കിടെക്റ്റ് പാഠ്യക്രമത്തിലെ പോലെ ചുരുങ്ങിയത് ആറ് മാസത്തെ പ്രവൃത്തി പരിചയം എഞ്ചിനീയറിംഗ് പോലുള്ള സാങ്കേതിക വിദ്യാഭ്യാസത്തിന് നിര്‍ബന്ധമാക്കണം. അതിനുള്ള സമയമുണ്ടോ എന്ന് ചോദിച്ചാല്‍, നിങ്ങള്‍ക്ക് നമ്മുടെ എഞ്ചിനീയറിംഗ് കോളജുകളെ കുറിച്ച് ഒരു ചുക്കും അറിയില്ല എന്ന് പറയേണ്ടി വരും. ഇത്തരം മാറ്റങ്ങള്‍ കൊണ്ട് വരാതെ നമ്മുടെ കുട്ടികളെ നല്ല സാങ്കേതിക വിദഗ്ധരായി രൂപപ്പെടുത്തിയെടുക്കാന്‍ സാധ്യമല്ല. ഇന്ന് സീറ്റുകള്‍ നിറയ്ക്കുവാന്‍ പാടുപെടുന്ന കോളജുകള്‍ താനെ ഈ വഴിക്ക് ചിന്തിച്ചു തുടങ്ങിയാല്‍ മാത്രമേ ഇനിയുള്ള കാലത്തു നിലനില്‍പ്പുള്ളൂ എന്ന് മനസിലാക്കുക. എങ്കില്‍ മാത്രമേ എഞ്ചിനീയറിംഗ് പഠിച്ചു ഇറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് എഞ്ചിനീയറിംഗ് മേഖലയില്‍ തന്നെ ജോലി സമ്പാദിക്കാനും സാധിക്കൂ.
ഇത് എഞ്ചിനീയറിംഗ് കോളജുകളുടെ കാര്യമാണെങ്കില്‍, കേരളത്തിലെ ബിരുദ കോളജുകളുടെ കാര്യം ഇതിലും കഷ്ടമാണ്. അവിടെ നിന്ന് ഇറങ്ങുന്നവര്‍ക്കു ഒരു ബിരുദ സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്നല്ലാതെ എന്ത് ജോലിക്ക് പോകണം എന്നൊരു ലക്ഷ്യബോധം ഉണ്ടാക്കുവാന്‍ ഉതകുന്ന വിദ്യാഭ്യാസം അവര്‍ക്കു ലഭിക്കുന്നില്ല. കോളജ് പഠനം കഴിഞ്ഞു ഇറങ്ങി ഭാഗ്യമുണ്ടങ്കില്‍ 'എന്തെങ്കിലും' ഒരു ജോലി സമ്പാദിക്കുക എന്നതാണ് ലക്ഷ്യം. ഏത് മേഖലയെ മനസ്സില്‍ കണ്ടുകൊണ്ട് വിദ്യ അഭ്യസിക്കണം എന്നോ, അതിന് എന്തെല്ലാം പഠിക്കണം എന്നോ പലര്‍ക്കും അറിയില്ല. സ്‌കൂള്‍ തലത്തില്‍ എന്‍ട്രന്‍സ് പരീക്ഷക്ക് തയ്യാറാക്കാന്‍ മാത്രം കുട്ടികളെ പരുവപ്പെടുത്തിയെടുക്കാതെ, തൊഴില്‍ മേഖലയെ കുറിച്ചുള്ള അവബോധവും അവരില്‍ ഉണ്ടാക്കിയെടുക്കുവാന്‍ നാം ബാധ്യസ്ഥരാണ്. ബി.കോം ഡിഗ്രി വാങ്ങി പുറത്തിറങ്ങുന്ന ഒരു കുട്ടി, കോളജിലെ മൂന്ന് കൊല്ലത്തെ പഠനം കൊണ്ട് സ്വാംശീകരിച്ച വിജ്ഞാനത്തെ എങ്ങനെ പ്രായോഗിക തലത്തില്‍ തന്റെ ജോലി സ്ഥലത്തു ഉപയോഗപ്പെടുത്തും എന്നതിനെ കുറിച്ച് ബോധവാനല്ല എന്നതാണ് സങ്കടകരമായ കാര്യം. തങ്ങള്‍ പഠിച്ച വിഷയങ്ങള്‍ കൈകാര്യം ചെയ്യാനുള്ള നൂതനമായ ഉപകരണങ്ങള്‍ എന്തൊക്കെയാണെന്നും അവയില്‍ പരിശീലനം നേടേണ്ടത് അത്യാവശ്യമാണെന്നും കുട്ടികളെ കോളജ് വിദ്യാഭ്യാസത്തിന്റെയൊപ്പം തന്നെ പറഞ്ഞു മനസ്സിലാക്കുക. അക്കൗണ്ടിംഗ്/ സെയില്‍സ്/ ലോജിസ്റ്റിക്‌സ് തുടങ്ങിയ മേഖലകളില്‍ പോകണം എന്ന താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് കോളജ് പഠനകാലം കഴിയുന്നതിനു മുന്‍പ് തന്നെ, ലോകത്തെ തന്നെ മുന്‍നിര ERP (വ്യവസായ വിഭവ ആസൂത്രണ) സോഫ്റ്റ്വെയര്‍ ആയ SAP പഠിച്ചാല്‍ ഉണ്ടാകുന്ന പ്രയോജനം എന്താണെന്നു പോലും കോളജില്‍ പറഞ്ഞു കൊടുക്കുന്നില്ല. ഇത്തരം സാങ്കേതിക പരിശീലന സൗകര്യങ്ങള്‍ കോളജില്‍ തന്നെ തയ്യാറാക്കി കൊടുത്താല്‍, പഠിച്ചിറങ്ങുന്ന കുട്ടികള്‍ക്ക് ജോലി സാധ്യത വര്‍ധിക്കുകയും, ഒരു ജോലി സ്ഥലത്തേക്ക് കടന്നു ചെല്ലാനുള്ള ആത്മവിശ്വാസം കൂടുകയും ചെയ്യും.
ഇത്തരം കൂട്ടിച്ചേര്‍ക്കലുകള്‍ എല്ലാ മേഖലയിലും വരുത്തേണ്ടതുണ്ട്. എഞ്ചിനീയറിംഗ് മേഖലയില്‍ ഇന്നിപ്പോള്‍ ആകെ നല്‍കുന്നത് ഒന്നോ രണ്ടോ സോഫ്റ്റ്‌വെയര്‍ ട്രെയിനിങ് മാത്രമാണ്, അതും കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികള്‍ക്ക്. സിവില്‍ എഞ്ചിനീയറിംഗ് എടുത്തവര്‍ക്ക് കുറഞ്ഞ പക്ഷം ഓട്ടോകാഡ് തുടങ്ങിയ ഡ്രാഫ്റ്റിംഗ് ടൂളുകള്‍ പരിചയപ്പെടുത്തണം, മറ്റ് സ്ട്രീമുകള്‍ക്ക് PMP പോലുള്ള പ്രോജക്ട് മാനേജ്മെന്റ് സെര്‍ട്ടിഫിക്കേഷനുകള്‍ പഠിപ്പിക്കണം. അത് പോലെ, ലോ കോളേജില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഡോക്യുമെന്റ് മാനേജ്മെന്റ് സോഫറ്റ്‌വെയറുകള്‍ പരിശീലിപ്പിക്കുക അത്യാവശ്യമാണ്.
ഇത്തരം വ്യത്യാസങ്ങള്‍ പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമകരമായ ഒന്നും ചെയ്യേണ്ടതില്ല. ഇതിനുള്ള സമയക്രമീകരണങ്ങള്‍ ചയ്തു കൊടുത്താല്‍ മാത്രം മതി. കേരളത്തിലെ കലാലയങ്ങളിലെ അനധ്യായനകാലത്തിന്റെ അത്ര സാവകാശമുള്ള പഠന രീതി വേറെ എവിടെയും ഉണ്ടെന്നു തോന്നുന്നില്ല. കേരളം വിദ്യാഭ്യാസത്തില്‍ മുന്‍പന്തിയില്‍ ആണെന്ന് പറയുമ്പോള്‍ തന്നെ, സ്വന്തം പേരെഴുതാനുള്ള സാക്ഷരത കൊണ്ട് അളവെടുക്കുന്ന രീതി നാം മാറ്റേണ്ടിയിരിക്കുന്നു. വിദ്യാര്‍ഥികള്‍ക്ക് അറിവിനൊപ്പം, ലോക പരിചയവും, വിവേകവും ഉണ്ടാക്കാന്‍ തക്ക രീതിയിലുള്ള പഠനത്തിലേക്ക് നാം മാറേണ്ടിയിരിക്കുന്നു. ലോകം അതിവേഗം മുന്നേറുകയാണ്, അതിനനുസരിച്ചു കേരളവും നൂതന ആശയങ്ങള്‍ നമ്മുടെ വിദ്യാഭ്യാസ മേഖലയില്‍ കൊണ്ടുവന്നില്ലെങ്കില്‍, നമ്മുടെ കുട്ടികള്‍ വരുംകാലത്ത് നമ്മളെയല്ലാതെ മറ്റാരെയുമാകില്ല കുറ്റപ്പെടുത്തുക.