'രവീന്ദ്രന്‍ മാഷ്' ആകുന്നതിനു മുന്‍പുള്ള കുളത്തൂപുഴ രവിയുടെ മദ്രാസ്സ് ജീവിതം
|അരഞ്ഞാണം എന്ന സിനിമയില്‍ നായകന്‍ ശങ്കറിന്റെ ശബ്ദം ഡബ് ചെയ്തത് രവി ആയിരുന്നു. ഇതിനിടക്ക് അദ്ദേഹം ഒരു സിനിമയില്‍ വില്ലന്റെ വേഷം അഭിനയിക്കുകയും ചെയ്തു. പി.എ ബക്കറും ബഹദൂറും കൂടി നിര്‍മിച്ച 'മാന്‍പേട' എന്ന സിനിമയായിരുന്നു അത്. | ആദം അയ്യൂബിന്റെ സിനിമാ ജീവിതം - വൈഡ് ആംഗിള്‍: 33
ജീവിത യാത്രയില്‍ അഗാധ സൗഹൃദങ്ങളും, ക്ഷണിക ബന്ധങ്ങളും എന്റെ ജീവിത വീഥികളിലൂടെ കടന്നു പോയി. ഇടപഴകിയ പതിനായിരക്കണക്കിന് മുഖങ്ങളില്‍, പലതും അവ്യക്തമായി വിസ്മൃതിയില്‍ ലയിക്കുമ്പോള്‍, ചില മുഖങ്ങള്‍ കൂടുതല്‍ കൃത്യതയോടെ ദീപ്തമാവുന്നു. പ്രത്യേകിച്ച് സിനിമാലോകത്തെ അസംഖ്യം കലാകാരന്മാര്‍. പലരും അവരുടെ സ്വപ്നങ്ങളോടൊപ്പം മണ്ണില്‍ വീണുറങ്ങി. മറ്റു ചിലര്‍ പ്രതികൂല സാഹചര്യങ്ങളോട് സംഘര്‍ഷം ചെയ്തു, അവസാനം പ്രശസ്തിയുടെ കൊടുമുടി കയറി. അവരില്‍ ഒരാളാണ് എന്റെ സുഹൃത്ത് - കുളത്തൂപ്പുഴ രവി. പക്ഷെ, ആ പേര് ഇപ്പോഴത്തെ തലമുറയ്ക്ക് അറിയില്ല. അദ്ദേഹം പ്രശസ്തനായത് രവീന്ദ്രന്‍ മാഷ് എന്ന പേരിലാണ്. അതെ, നൂറ്റി അന്‍പതില്‍പരം സിനിമകളിലെ 1500 ല്‍ പരം അനശ്വരമായ ഗാനങ്ങളിലൂടെ പ്രശസ്തനായ സംഗീത സംവിധായകന്‍ രവീന്ദ്രന്‍ മാഷ്!
1969 ല്‍ പുറത്തിറങ്ങിയ 'വെള്ളിയാഴ്ച' എന്ന സിനിമയില്‍ പാടാന്‍ ബാബുരാജ് രവിക്ക് അവസരം നല്‍കി. പക്ഷെ, ആ സിനിമയോ ഗാനമോ ഒരു ബ്രേക്ക് നല്‍കിയില്ല. കഷ്ടപ്പാടിന്റെ നാളുകളില്‍ രവി ചെയ്യാത്ത ജോലികള്‍ ഇല്ല. കോറസ് ഗായകന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, ജൂനിയര്‍ ആര്‍ട്ടിസ്റ്റ്, തുടങ്ങി പല ജോലികളും ചെയ്ത്, ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു അദ്ദേഹം.
കുളത്തൂപ്പുഴ രവിയെ കോടമ്പാക്കത്തു വെച്ച് മുന്‍പേ പരിചയപ്പെട്ടിട്ടുണ്ട്. പല സ്റ്റുഡിയോകളിലും, ഡബ്ബിങ് തിയേറ്ററുകളിലും ഒക്കെ വെച്ച് ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. അഭിനയിക്കാനോ, ഡബ് ചെയ്യാനോ ഉള്ള അവസരങ്ങള്‍ തേടിയാണ് അദ്ദേഹം ഇങ്ങനെ സ്റ്റുഡിയോകള്‍ കയറിയിറങ്ങുന്നത്. തിരുവന്തപുരത്തുള്ള സ്വാതി തിരുനാള്‍ സംഗീത കോളജില്‍നിന്ന് സംഗീതം പഠിച്ചിറങ്ങിയ ആളാണ്. അന്ന് യേശുദാസിന്റെ സമകാലികനായിരുന്നു. സിനിമാസ്വപ്നങ്ങളുമായി മദ്രാസിലെത്തിയ അദ്ദേഹത്തിന്റെ ആദ്യ കാലങ്ങള്‍ വളരെ ദുരിതപൂര്‍ണമായിരുന്നു. സംഗീതമായിരുന്നു അദ്ദേഹത്തിന്റെ മേഖല എങ്കിലും, അവിടെ അദ്ദേഹത്തിന്റെ മുന്നില്‍ വാതിലുകള്‍ ഒന്നും തുറന്നില്ല. പിന്നെ അദ്ദേഹം സിനിമയില്‍ എന്ത് ജോലിയും ചെയ്യാന്‍ തയാറായി. അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ ഫലം കണ്ടു. 1969 ല്‍ പുറത്തിറങ്ങിയ 'വെള്ളിയാഴ്ച' എന്ന സിനിമയില്‍ പാടാന്‍ ബാബുരാജ് എന്ന സംഗീത സംവിധായകന്‍ അദ്ദേഹത്തിന് ഒരവസരം നല്‍കി. ഇതേസിനിമയില്‍ തന്നെ എന്റെ നാട്ടുകാരനും സുഹൃത്തുമായ കൊച്ചിന്‍ ഇബ്രാഹിമും ഒരു പാട്ട് പാടിയിട്ടുണ്ട്. പക്ഷെ, ആ സിനിമയോ ഗാനമോ രണ്ടു പേര്‍ക്കും ആവശ്യമായ ഒരു ബ്രേക്ക് നല്‍കിയില്ല. ഇബ്രാഹിം നാട്ടിലേക്കു മടങ്ങി. പക്ഷെ, രവി മദിരാശിയില്‍ തന്നെ തുടര്‍ന്നു. വീണ്ടും കഷ്ടപ്പാടിന്റെ നാളുകള്‍. പിന്നെ അദ്ദേഹം ചെയ്യാത്ത ജോലികള്‍ ഇല്ല. കോറസ് ഗായകന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, ജൂനിയര്‍ ആര്‍ട്ടിസ്റ്റ്, തുടങ്ങി പല ജോലികളും ചെയ്ത്, ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു അദ്ദേഹം. അരഞ്ഞാണം എന്ന സിനിമയില്‍ നായകന്‍ ശങ്കറിന്റെ ശബ്ദം ഡബ് ചെയ്തത് രവി ആയിരുന്നു. ഇതിനിടക്ക് അദ്ദേഹം ഒരു സിനിമയില്‍ വില്ലന്റെ വേഷം അഭിനയിക്കുകയും ചെയ്തു. പി.എ ബക്കറും ബഹദൂറും കൂടി നിര്‍മിച്ച 'മാന്‍പേട' എന്ന സിനിമയായിരുന്നു അത്. പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകാരനായ പി.എം.എ അസീസ് ആയിരുന്നു സംവിധായകന്‍. ജയഭാരതി ആയിരുന്നു നായിക. ഇതില്‍ നായികയെ ഓടിച്ചിടുന്ന വില്ലന്മാരില്‍ ഒരാളായിരുന്നു കുളത്തുപ്പുഴ രവി. പടം എട്ടു നിലയില്‍ പൊട്ടി.
സിനിമയുടെ പോസ്റ്ററുകള്‍ വളരെ ആകര്ഷകമായിരുന്നത് കൊണ്ട് ആദ്യത്തെ ദിവസം ആദ്യത്തെ ഷോക്ക് കുറെ ആളുകള്‍ പടം കാണാന്‍ എറണാകുളം കവിത തിയേറ്ററില്‍ കയറി. രണ്ടാമത്തെ ഷോ കാണാന്‍ ക്യു നിക്കുന്നവരുടെ കൂട്ടത്തില്‍ കൊച്ചിന്‍ ഹനീഫയുമുണ്ടായിരുന്നു.
ഈ സിനിമയേക്കുറിച്ചു കൊച്ചിന്‍ ഹനീഫ പറഞ്ഞ തമാശ ഇങ്ങനെയായിരുന്നു: ആദ്യത്തെ ഷോ കണ്ടിറങ്ങിയ കാണികളില്‍ ഒരാള്‍, ദേഷ്യം സഹിക്കാനാവാതെ, അടുത്ത ഷോ കാണാന്‍ ക്യു നില്‍ക്കുന്നവരുടെ മുന്നിലേക്ക് ഊരിപ്പിടിച്ച കത്തിയുമായി ചാടി വീണു കൊണ്ട് അലറി; ''ഒറ്റെണ്ണം അകത്തു കയറിപ്പോകരുത്''.
ഏതായാലും രവിയുടെ ആ പ്രതീക്ഷയും അവിടെ അസ്തമിച്ചു. അഭിനയിക്കാനുള്ള മോഹമല്ല അദ്ദേഹത്തെ നടനാക്കിയത്. ജീവിക്കാനുള്ള മാര്‍ഗം മാത്രം. കുറച്ചു ദിവസമെങ്കിലും പട്ടിണി കിടക്കാതെ കഴിയാമല്ലോ! ഒരിക്കല്‍ ഞാന്‍ അദ്ദേഹത്തെ എന്റെ സുഹൃത്ത് ജെയിംസ് താമസിക്കുന്ന എന്‍.കെ അഹ്മദ് ലോഡ്ജില്‍ വെച്ചു കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ സ്ഥിതി ദയനീയമായിരുന്നു. അദ്ദേഹം പറഞ്ഞു: '' അടുത്ത പടത്തില്‍ എന്തെങ്കിലും ഒരു ജോലി എനിക്ക് സംഘടിപ്പിച്ചു താ അയൂബ്. ക്ലാപ്പടിക്കുന്ന ജോലിയായാലും ഞാന്‍ ചെയ്‌തോളാം.''
ധനം എന്നത് ഭൗതിക സ്വത്തിന്റെ ശേഖരമല്ല, മനസ്സിന്റെ ധന്യതയാണ്. ആ അര്‍ഥത്തില്‍ രവി എന്നും സമ്പന്നനായിരുന്നു. രവിയുടെ സര്‍ഗ്ഗസിദ്ധികളില്‍ എനിക്ക് വിശ്വാസമുണ്ടായിരുന്നു. അതുകൊണ്ടു ഒരു ക്ലാപ് ബോയ് ആകുന്നതില്‍ നിന്ന് ഞാന്‍ അദ്ദേഹത്തെ നിരുത്സാഹപ്പെടുത്തി. അദ്ദേഹത്തെ ഒരു ജൂനിയര്‍ ആര്ടിസ്റ്റ് ആക്കാനും എന്റെ മനസ്സ് സമ്മതിച്ചില്ല. പക്ഷെ, അതിന്റെ ആവശ്യം വന്നില്ല. അധികം താമസിയാതെ വിധി അദ്ദേഹത്തിന് വേണ്ടി കാത്ത് വെച്ചിരുന്ന സുവര്‍ണ്ണാവസരം കൈ വന്നു. ശശികുമാര്‍ സംവിധാനം ചെയ്യുന്ന 'ചൂള' എന്ന സിനിമയുടെ സംഗീത സംവിധാനം രവീന്ദ്രന്‍ നിര്‍വഹിച്ചു. അതിലെ ഗാനങ്ങള്‍ ഹിറ്റായി. പ്രത്യേകിച്ച് സത്യന്‍ അന്തിക്കാട് എഴുതിയ ' താരകേ, മിഴിയിതളില്‍ കണ്ണീരുമായ് നീ...., ' എന്ന ഗാനവും പൂവച്ചല്‍ ഖാദര്‍ എഴുതിയ 'സിന്ദൂര സന്ധ്യക്ക് മൗനം ...' എന്ന ഗാനവും. രവീന്ദ്രന്‍ എന്ന സംഗീത സംവിധായകന്‍ അതോടെ മലയാള സിനിമയില്‍ തന്റെ വരവറിയിച്ചു. പിന്നെ അദ്ദേഹത്തിന് ഒരിക്കലും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
പിന്നെ ഞങ്ങള്‍ തമ്മില്‍ കാണാനുള്ള അവസരങ്ങള്‍ അധികം ഉണ്ടായില്ല. വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും അദ്ദേഹത്തെ കാണുന്നത് 'അസ്ഥികള്‍ പൂക്കുന്നു' എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ്. പി. ശ്രീകുമാര്‍ സംവിധാനം ചെയ്ത ഈ സിനിമയില്‍ ഞാന്‍ അഭിനയിക്കുന്നുണ്ടായിരുന്നു. തിരുവനതപുരം ടൈറ്റാനിയം ഫാക്ടറിയില്‍ ഇതിന്റെ ഷൂട്ടിംഗ് നടക്കുമ്പോഴാണ്, ആ ചിത്രത്തിന്റെ സംഗീത സംവിധായകന്‍ കൂടിയായ രവീന്ദ്രന്‍ അവിടെ വന്നത്. അന്ന് അദ്ദേഹം സിനിമാസംഗീത ലോകത്തു ജ്വലിച്ചു നില്‍ക്കുന്ന ഒരു താരമായിരുന്നെങ്കിലും, പഴയ സൗഹൃദങ്ങള്‍ മറക്കുന്ന ആളായിരുന്നില്ല അദ്ദേഹം. വിശേഷങ്ങള്‍ പറഞ്ഞും ഓര്‍മകള്‍ അയവിറക്കിയും ഞങ്ങള്‍ കുറെ സമയം ചിലവഴിച്ചു. പിന്നെ ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടില്ല.
വെറും കാല്‍ നൂറ്റാണ്ടു കാലത്തേ സംഗീത യാത്രയില്‍ മലയാള സിനിമാ ഗാനശാഖയില്‍ നാഴികക്കല്ലുകളായ ആയിരക്കണക്കിന് അനശ്വരമായ ഗാനങ്ങള്‍ സമ്മാനിച്ചിട്ടു 2005 മാര്‍ച്ച് മൂന്നാം തിയതി, 61- മത്തെ വയസ്സില്‍ അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു.