മമ്മുട്ടിയില്‍ നിന്ന് ശ്രീനിവാസനിലെത്തിയ 'മണിമുഴക്കം'
|എറണാകുളം മഹാരാജാസ് കോളജിനടുത്തുള്ള ഹോട്ടല്‍ ടെര്‍മിനസ് ആയിരുന്നു സിനിമയുടെ ചര്‍ച്ചാവേദി. അവിടെ മുകളിലത്തെ നിലയിലെ ഒരു മുറിയില്‍ ആയിരുന്നു ബക്കറിന്റെ താമസം. ഞാന്‍ അവിടെ കയറിച്ചെല്ലുമ്പോള്‍ അവിടെ ഉണ്ടായിരുന്നത് മൂന്ന് പേരാണ്. പി.എ ബക്കര്‍, കാര്‍ട്ടൂണിസ്റ്റ് തോമസ്, ഭരതന്‍. | ആദം അയ്യൂബിന്റെ സിനിമാ ജീവിതം - വൈഡ് ആംഗിള്‍: 30
1976 ല്‍ ഒരു തമിഴ് സിനിമയില്‍ അഭിനയിക്കാനുള്ള അവസരം കൈവന്നു. വിന്‍സെന്റ് മാസ്റ്റര്‍ സംവിധാനം ചെയ്യുന്ന 'നാം പിറന്ത മണ്ണ്' എന്ന സിനിമയായിരുന്നു അത്. ഹിന്ദിയില്‍ മള്‍ട്ടിസ്റ്റാറര്‍ ചിത്രങ്ങള്‍ അപൂര്‍വമായി വന്നു തുടങ്ങിയ കാലമായിരുന്നു അത്. തമിഴിലെ ആദ്യത്തെ മള്‍ട്ടിസ്റ്റാറര്‍ എന്ന് വിശേഷിപ്പിക്കാവുന്ന സിനിമയായിരുന്നു ഇത്. ശിവാജി ഗണേശന്‍, ജമിനി ഗണേശന്‍, കമല്‍ഹാസന്‍, നാഗേഷ്, കെ.ആര്‍ വിജയ, ഫടാ ഫട് ജയലക്ഷ്മി എന്നീ സൂപ്പര്‍ താരങ്ങള്‍ ഒന്നിച്ചണിനിരന്ന സിനിമ. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു ഐതിഹാസിക പോരാട്ടത്തിന്റെ കഥ പറയുന്ന ഈ ബൃഹത് ചിത്രത്തില്‍ ബ്രിട്ടീഷ് പട്ടാളക്കാരും ഇന്ത്യന്‍ ഒളിപ്പോരാളികളും തമ്മിലുള്ള ഭീകര യുദ്ധ രംഗങ്ങളൊക്കെ ഉണ്ടായിരുന്നു. ശിവാജി ഗണേശന്‍ അവതരിപ്പിച്ച വേട്ടൈക്കാരന്‍ തേവര്‍ എന്ന, ഭൂവുടമ രഹസ്യമായി തന്റെ അനുയായികളോടൊപ്പം ബ്രിട്ടീഷുകാര്‍ക്കെതിരെ നടത്തുന്ന ഒളിയുദ്ധമാണ് സിനിമയുടെ ഇതിവൃത്തം. ഈ സിനിമയില്‍ ബ്രിട്ടീഷുകാരായി അഭിനയിച്ചതെല്ലാം മലയാളികള്‍ ആയിരുന്നു. പി.കെ എബ്രഹാം, ജനാര്‍ദനന്‍, ഞാന്‍, ജെയിംസ് എന്നിവരായിരുന്നു ബ്രിട്ടിഷുകാര്‍. 'അനാവരണം' എന്ന സിനിമയിലെ പുതുമുഖമായിരുന്ന ഷെഫ്‌ലിനും ഇതില്‍ ബ്രിട്ടീഷുകാരനായി. ഈ സിനിമയിലണ് ഞാന്‍ ആദ്യമായി കുതിരപ്പുറത്തു കയറിയത്. 1977 ല്‍ റിലീസ് ചെയ്ത ചിത്രം വന്‍വിജയമായി. 1996 ല്‍ പുറത്തിറങ്ങിയ കമല്‍ ഹാസന്റെ 'ഇന്ത്യന്‍' എന്ന ചിത്രം ഈ സിനിമയെ ആധാരമാക്കിയായിരുന്നു.
നാം പിറന്ന മണ്ണില്‍ ആദം അയ്യൂബും ജെയിംസും +
'പ്രയാണ'ത്തിനു ശേഷം, പടങ്ങള്‍ ഒന്നുമില്ലാതിരുന്ന ഭാരതനെയും ബക്കര്‍ കൂടെക്കൂട്ടി കലാസംവിധായകന്റെ മേലങ്കി അണിയിച്ചു. സിനിമാ ചര്‍ച്ച പലപ്പോഴും ഭരതനും തോമസും തമ്മിലുള്ള വ്യക്തിപരമായ തര്‍ക്കങ്ങളായി പരിണമിക്കുകയായിരുന്നു. തോമാച്ചന്റെ വാക്കുകള്‍ക്ക് അല്‍പം എരിവും പുളിയും കൂടുതലാണ്.
'നാം പിറന്ത മണ്ണിന്റെ' ഷൂട്ടിങ്ങിനു ശേഷം, മനസ്സില്‍ സന്തോഷവും കൈയില്‍ അല്‍പം പണവുമായി ഞാന്‍ നാട്ടിലേക്കു മടങ്ങാനായി മദിരാശി റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍, അവിടെ വെച്ച് പി.എ ബക്കറിനെ കണ്ടു. അദ്ദേഹവും എറണാകുളത്തേക്കു പോവുകയായിരുന്നു. അദ്ദേഹത്തോടൊപ്പം സംവിധായകന്‍ ഭരതനും ഉണ്ടായിരുന്നു. എന്നെ കണ്ടപ്പോള്‍ ബക്കറിന് വലിയ സന്തോഷമായി. തമിഴ് പടത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടു ഞാന്‍ തിരക്കിലായിരുന്നതിനാല്‍, ഞങ്ങള്‍ കുറേക്കാലമായി പരസ്പരം കണ്ടിരുന്നില്ല. ഒരു പുതിയ ചിത്രത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി എറണാകുളത്തേക്കു പോവുകയായിരുന്നു ബക്കറും ഭരതനും. കാര്‍ട്ടൂണിസ്റ്റ് തോമസ് നിര്‍മിക്കുന്ന 'മണിമുഴക്കം' എന്ന സിനിമയായിരുന്നു പുതിയ പ്രൊജക്റ്റ്. ഈ പടത്തില്‍ വര്‍ക്ക് ചെയ്യണമെന്നും നാളെത്തന്നെ ചര്‍ച്ചയില്‍ പങ്കെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ബക്കറും ഭരതനും ഓരോ സിനിമകള്‍ സംവിധാനം ചെയ്തവര്‍ ആയതു കൊണ്ട് ഞാന്‍ ചോദിച്ചു.
'ആരാണ് ഡയറക്ടര്‍?'
ബക്കര്‍ ചിരിച്ചുകൊണ്ട് പറഞ്ഞു?
' ഞാന്‍ തന്നെ. ഭരതന്‍ നമ്മുടെ ആര്ട്ട് ഡയറക്ടര്‍ ആണ്'
കലാസംവിധായകനായിരുന്ന ഭരതന്‍, ആദ്യമായി സംവിധാനം ചെയ്ത ചിത്രം നിരൂപക ശ്രദ്ധ നേടിയ 'പ്രയാണം' ആയിരുന്നു. ആ ചിത്രത്തിന് ശേഷം പുതിയ ചിത്രങ്ങള്‍ ഒന്നും ലഭിക്കാതിരുന്ന ഭരതന്‍, വീണ്ടും ബക്കറിന് വേണ്ടി കലാസംവിധായകന്റെ ദൗത്യം ഏറ്റെടുക്കുവാന്‍ തീരുമാനിക്കുകയായിരുന്നു.
നാം പിറന്ത മണ്ണ്
എറണാകുളം മഹാരാജാസ് കോളജിനടുത്തുള്ള ഹോട്ടല്‍ ടെര്‍മിനസ് ആയിരുന്നു സിനിമയുടെ ചര്‍ച്ചാവേദി. അവിടെ മുകളിലത്തെ നിലയിലെ ഒരു മുറിയില്‍ ആയിരുന്നു ബക്കറിന്റെ താമസം. ഞാന്‍ അവിടെ കയറിച്ചെല്ലുമ്പോള്‍ അവിടെ ഉണ്ടായിരുന്നത് മൂന്ന് പേരാണ്. പി.എ ബക്കര്‍, കാര്‍ട്ടൂണിസറ്റ് തോമസ്, ഭരതന്‍. എനിക്ക് പരിചയം ഇല്ലാത്ത ആള്‍ നിര്‍മാതാവ് കാര്‍ട്ടൂണിസ്റ്റ് തോമസ് മാത്രമാണ്. അദ്ദേഹം ജയനെ നായകനാക്കി, ജേസി സംവിധാനം ചെയ്ത 'ശാപമോക്ഷം' എന്ന ചിത്രത്തിന്റെ നിര്‍മാതാവാണ്. പിന്നീടദ്ദേഹം കമല്‍ഹാസനെ നായകനാക്കി ശങ്കരന്‍ നായര്‍ സംവിധാനം ചെയ്ത 'രാസലീല'യും നിര്‍മിച്ചു. ബക്കറിന്റെ എല്ലാ സിനിമകളിലും സഹസംവിധായകനായി പ്രവര്‍ത്തിച്ച ഞാന്‍, കഥയുടെ ബീജാവാപം മുതല്‍ തന്നെ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുക്കുകയും തിരക്കഥാ രചനയില്‍ പങ്കാളി ആവുകയും ചെയ്യുമായിരുന്നു. എന്നെ മദിരാശി റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കണ്ടില്ലായിരുന്നുവെങ്കില്‍, എറണാകുളത്തു എത്തിയിട്ട് എന്നെ ബന്ധപ്പെടാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു അദ്ദേഹം.
ഒരു അനാഥാലയത്തിന്റെ പശ്ചാത്തലത്തിലാണ് കഥയുടെ ഭൂരിഭാഗവും നടക്കുന്നത്. പള്ളുരുത്തിയിലെ സ്‌നേഹഭവനില്‍ ആയിരുന്നു ചിത്രീകരണം. അവിടത്തെ അന്തേവാസികളെ എല്ലാം ഉള്‍പ്പെടുത്താമെങ്കിലും, കഥാപാത്രങ്ങള്‍ ആവാന്‍ കുറച്ചു ബാലന്മാരെ വേണമായിരുന്നു. വിവരം മണത്തറിഞ്ഞ തോമാച്ചന്റെ സുഹൃത്ത് മൂവീ ബഷീര്‍ ഒരു ശുപാര്‍ശയുമായി വന്നു. അദ്ദേഹത്തിന്റെ ഭാര്യാസഹോദരിയുടെ മകന്‍ ഒരു സിനിമാ ഭ്രാന്തനുണ്ട്, പേര് മമ്മൂട്ടി. അവനു ഒരു വേഷം കൊടുക്കണം.
ഒരു അനാഥന്റെ കഥ പറയുന്ന, സാറാ തോമസിന്റെ 'മുറിപ്പാടുകള്‍' എന്ന നോവലാണ് തോമാച്ചന്‍ സിനിമയ്ക്കായി തെരഞ്ഞെടുത്തത്. അതിന്റെ പകര്‍പ്പവകാശം വാങ്ങി സംവിധായകനെ തേടുമ്പോഴാണ് ബക്കറിനെ കണ്ടുമുട്ടുന്നത്. 'പ്രയാണ'ത്തിനു ശേഷം, പടങ്ങള്‍ ഒന്നുമില്ലാതിരുന്ന ഭാരതനെയും ബക്കര്‍ കൂടെക്കൂട്ടി കലാസംവിധായകന്റെ മേലങ്കി അണിയിച്ചു. സിനിമാ ചര്‍ച്ച പലപ്പോഴും ഭരതനും തോമസും തമ്മിലുള്ള വ്യക്തിപരമായ തര്‍ക്കങ്ങളായി പരിണമിക്കുകയായിരുന്നു. തോമാച്ചന്റെ വാക്കുകള്‍ക്ക് അല്‍പം എരിവും പുളിയും കൂടുതലാണ്. മലയാളികള്‍ സാധാരണ ഉപയോഗിക്കുന്ന ഒരു തെറി വാക്കെങ്കിലും പറയാതെ തോമാച്ചന് ഒരു വാചകം പൂര്‍ത്തിയാക്കാന്‍ കഴിയില്ല. സൂര്യന്‍ അസ്തമിച്ചു കഴിഞാലാണ് ഈ മൂവര്‍ സംഘം ഫുള്‍ ഫോമിലെത്തുന്നത്. പിന്നെ നടക്കുന്ന ചര്‍ച്ചകളില്‍ നിന്ന് സര്‍ഗാത്മകമായ ഒരു സംഭാവനയും പ്രതീക്ഷിക്കാനില്ല. പലപ്പോഴും ഈ ചര്‍ച്ചകളാണ് തോമസ്-ഭരതന്‍ യുദ്ധത്തില്‍ കലാശിക്കുന്നത്. ഭാഗ്യവശാല്‍ എന്റെ വീട് മട്ടാഞ്ചേരിയില്‍ ആയതിനാല്‍ ഈ ലേറ്റ്‌നൈറ്റ് ചര്‍ച്ചകളില്‍ ഞാന്‍ ഭാഗഭാക്കാവാറില്ല. ചര്‍ച്ച ചൂടാവുന്നതിനു മുന്‍പേ ഞാന്‍ സ്ഥലം വിടും. അങ്ങിനെ ഒരു ദിവസം ചര്‍ച്ചയുടെ പോക്ക് പന്തിയല്ലെന്ന് കണ്ടു ഞാന്‍ നേരത്തെ സ്ഥലം വിട്ടു.
പിറ്റേ ദിവസം രാവിലെ ഞാന്‍ ഹോട്ടല്‍ മുറിയില്‍ എത്തിയപ്പോള്‍ മൂവര്‍ സംഘത്തിലെ ഒരാളെ കാണാനില്ല. ഭരതനാണ് അപ്രത്യക്ഷനായിരിക്കുന്നത്. തോമസും ബക്കറും കുളിച്ചു നല്ല വസ്ത്രങ്ങളൊക്കെ ധരിച്ചു ശാന്തരായിരിക്കുന്നു. വസ്ത്രത്തിന്റെ കാര്യം പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. സാധാരണ മുണ്ടും ഷര്‍ട്ടും ധരിക്കുന്ന ബക്കര്‍, അന്ന് ജീന്‍സും നീണ്ട ജുബ്ബയും ധരിച്ച് 'ചെത്തി' നില്‍ക്കുകയായിരുന്നു. അദ്ദേഹത്തെ അങ്ങനെയൊരു വേഷത്തില്‍ കണ്ടിട്ടില്ലാത്തതു കൊണ്ട് ഞാനീ പ്രച്ഛന്ന വേഷത്തിന്റെ കാരണം തിരക്കി.
''ഇത് ഭരതന്റെയാ. അയാളിത് ഇവിടെ ഇട്ടിട്ടു പോയി. എടുക്കാന്‍ മറന്നതായിരിക്കും'' ബക്കര്‍ ശാന്തനായി പറഞ്ഞു.
''എവിടെപ്പോയി ?''
''തോമാച്ചനുമായി പിണങ്ങിപ്പോയതാ''.
ഞാന്‍ തോമാച്ചനെ നോക്കി
''അവന്‍ പോട്ടെന്നേ.............''
എനിക്ക് കാര്യം പിടി കിട്ടി. ഞാന്‍ കൂടുതലൊന്നും ചോദിച്ചില്ല. അവര്‍ രണ്ടുപേരും ചേരില്ലെന്നു എനിക്ക് നേരത്തെ തോന്നിയിരുന്നു. അധികം താമസിയാതെ ഹോട്ടല്‍ ടെര്‍മിനസിലെ മുറി ഒഴിഞ്ഞു ഞങ്ങള്‍ പള്ളിമുക്കിലെ തോമാച്ചന്‍ വാടകയ്‌ക്കെടുത്ത ഒരു വീട്ടിലേക്കു താമസം മാറ്റി.
പി.എ ബക്കര്‍, വിപിന്‍ദാസ്, അദം അയ്യൂബ് എന്നിവര്‍ ലൊക്കേഷനില്‍
സ്‌ക്രിപ്റ്റ് ചര്‍ച്ചകളില്‍ തോമാച്ചന്‍ സജീവമായി പങ്കുകൊണ്ടു. തിരക്കഥ ഏകദേശം പൂര്‍ത്തിയായപ്പോള്‍ പിന്നെ കാസ്റ്റിംഗിനെ കുറിച്ചായി ചര്‍ച്ച. പത്താം ക്ലാസ്സില്‍ പഠിക്കുന്ന പയ്യന്‍ മുതല്‍ ഉദ്യോഗസ്ഥനായ ചെറുപ്പക്കാരന്‍ വരെയുള്ള പ്രായം ഒരേ നടന്‍ തന്നെ അവതരിപ്പിക്കണം. അന്വേഷണം അവസാനം ചെന്നെത്തിയത് ഹരിയിലാണ്. മെരിലാന്‍ഡിന്റെ പുരാണ ചിത്രങ്ങളില്‍ സ്ഥിരമായി നാരദ വേഷം ചെയ്തിരുന്ന ഹരിക്കു അര്‍ഹമായ വേഷങ്ങളൊന്നും ലഭിച്ചിരുന്നില്ല. കൃശഗാത്രനായ ഹരി ആ വേഷത്തിനു തികച്ചും യോഗ്യനാണെന്നു എല്ലാവരും സമ്മതിച്ചു. മദിരാശിയില്‍ നിന്ന് ഊര്‍മിള എന്ന ഒരു തമിഴത്തിപ്പെണ്ണിനെ നായികയാക്കി. പിന്നെ പഴയ നടന്‍ വീരന്‍ (വീര രാഘവന്‍ നായര്‍), ജോണ്‍സണ്‍, തുടങ്ങി കുറച്ചു പഴയ നടന്മാരും ഉണ്ടായിരുന്നു. ഒരു അനാഥാലയത്തിന്റെ പശ്ചാത്തലത്തിലാണ് കഥയുടെ ഭൂരിഭാഗവും നടക്കുന്നത്. പള്ളുരുത്തിയിലെ സ്‌നേഹഭവനില്‍ ആയിരുന്നു ചിത്രീകരണം. അവിടത്തെ അന്തേവാസികളെ എല്ലാം ഉള്‍പ്പെടുത്താമെങ്കിലും, കഥാപാത്രങ്ങള്‍ ആവാന്‍ കുറച്ചു ബാലന്മാരെ വേണമായിരുന്നു. വിവരം മണത്തറിഞ്ഞ തോമാച്ചന്റെ സുഹൃത്ത് മൂവീ ബഷീര്‍ ഒരു ശുപാര്‍ശയുമായി വന്നു. അദ്ദേഹത്തിന്റെ ഭാര്യാസഹോദരിയുടെ മകന്‍ ഒരു സിനിമാ ഭ്രാന്തനുണ്ട്, പേര് മമ്മൂട്ടി. അവനു ഒരു വേഷം കൊടുക്കണം.
തോമാച്ചന്‍ പറഞ്ഞു ?
''അനാഥാലയത്തിലെ അന്തേവാസികളാവാന്‍ പേക്കോലങ്ങളെയാണ് വേണ്ടത്, സുന്ദരക്കുട്ടപ്പന്മാരെയല്ല''.
ഇക്കാര്യത്തില്‍ എന്റെയും തോമാച്ചന്റെയും ഭാഗത്തു നിന്നാണ് രണ്ടു പ്രധാന നിര്‍ദേശങ്ങള്‍ വന്നത്. തോമാച്ചന്റെ സ്ഥാനാര്‍ഥി, അദ്ദേഹം സ്ഥിരമായി പോകുന്ന ബാറിലെ മേശതുടപ്പുകാരന്‍ പയ്യനാണ്. അല്‍പം തടിയുണ്ടെങ്കിലും, ഒരു യഥാര്‍ഥ അനാഥനായ അവന്‍, കഥാപാത്രത്തിന് അനുയോജ്യനായിരുന്നു. ഞാന്‍ ശിപാര്‍ശ ചെയ്തത് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ എന്റെ ജൂനിയര്‍ ആയിരുന്ന ശ്രീനിവാസനെയാണ്. ശ്രീനിവാസന്റെ അന്നത്തെ രൂപം കഥാപാത്രത്തിന് തികച്ചും അനുയോജ്യമായിരുന്നു, ഒട്ടിയ കവിളും, കുഴിഞ്ഞ കണ്ണുകളും ഉള്ള ശ്രീനിവാസന്‍ മുടി കൂടി വെട്ടിയപ്പോള്‍ പൂര്‍ണ്ണമായും കഥാപാത്രമായി. എന്റെ ശുപാര്‍ശ ബക്കറും അംഗീകരിച്ചു. ഞങ്ങളുടെ ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യാപകനായിരുന്ന പ്രഭാകരന്‍ സാറിന്റെ സഹായി ആയിരുന്ന ശ്രീനിവാസനെ ബക്കറിന് നേരത്തെ അറിയാമായിരുന്നു. അങ്ങിനെ ശ്രീനിവാസന്റെ ആദ്യ ചിത്രം 'മണിമുഴക്കം' ആയി. പിന്നീട് തിരക്കുള്ള നടി ആയിത്തീര്‍ന്ന ശാന്തകുമാരി ഈ ചിത്രത്തില്‍ ഒരു കന്യാസ്ത്രീയുടെ വേഷം അണിഞ്ഞു കൊണ്ടാണ് തന്റെ സിനിമാ ജീവിതത്തിനു തുടക്കം കുറിച്ചത്.
എറണാകുളത്തെയും തൃശൂരിലെയും ഷൂട്ടിങ്ങിനു ശേഷം ഞങ്ങള്‍ മദ്രാസിലേക്ക് പോയി. എന്നാല്‍, അപ്പോഴും സിനിമയുടെ അവസാന രംഗത്തെക്കുറിച്ചു വ്യക്തമായ ധാരണ രൂപപ്പെട്ടിട്ടില്ലായിരുന്നു. രണ്ടു കാറുകളിലായി ചുറ്റിസഞ്ചരിച്ചു ഞങ്ങള്‍ മദിരാശി നഗരത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ ഔട്ട്‌ഡോര്‍ രംഗങ്ങള്‍ ഷൂട്ട് ചെയ്യുകയായിരുന്നു. ഉച്ചയ്ക്ക് ഊണ് കഴിക്കാനായി എല്ലാവരും മൗണ്ട് റോഡിലുള്ള ബുഹാരി ഹോട്ടലില്‍ കയറി. ഊണ് കഴിച്ചിറങ്ങിയപ്പോള്‍ ഒറ്റക്കാലനായ ഒരു കൊച്ചു ബാലന്‍ ഹോട്ടലിനു പുറത്തു നിന്ന് ഭിക്ഷ യാചിക്കുകയായിരുന്നു. ഒരു വടിയില്‍ ഊന്നി നിന്നുകൊണ്ട് എല്ലാവരുടെയും മുന്നില്‍ കൈ നീട്ടുന്ന അവന്റെ മുഖത്ത് നിഴലിക്കുന്ന ദൈന്യത മനസ്സില്‍ തട്ടുന്നതായിരുന്നു. ബക്കര്‍ അല്‍പനേരം അവനെ നോക്കി നിന്നു, എന്നിട്ടു തോമാച്ചനോട് പറഞ്ഞു.
''തോമാച്ചാ, ക്ലൈമാക്‌സ് കിട്ടി. ഈ പയ്യനെ വണ്ടിയില്‍ കേറ്റിക്കോ''.
തോമാച്ചന്‍ പറഞ്ഞു
''നിങ്ങള്‍ വിട്ടോ. മറീന ബീച്ചിലേക്കല്ലേ. ഞാന്‍ ഇവനെയും കൊണ്ട് വരാം.''
തോമാച്ചന്‍ അവനു വയറു നിറയെ ആഹാരം വാങ്ങിക്കൊടുത്തതിന് ശേഷം, അവനെയും കൊണ്ട് മറീന ബീച്ചിലെത്തി.
സ്വപ്രയത്‌നം കൊണ്ട് സമൂഹത്തില്‍ മാന്യമായ നിലയില്‍ എത്തിയിട്ടും അനാഥാലയത്തിന്റെ വിലാസം പേറുന്നത് കൊണ്ട് എല്ലാവരാലും തിരസ്‌കരിക്കപ്പെടുന്ന ജോസ് അവസാനം, തന്നെപ്പോലെ അനാഥനായ തെരുവ് ബാലന്റെ കൈയും പിടിച്ചു അനന്തതയിലേക്ക് നടന്നു പോകുന്ന അവസാന രംഗം അങ്ങിനെ ഉണ്ടായതാണ്.