മനസ്സു നിറയെ പുസ്തകങ്ങളും അവ തന്ന സന്തോഷങ്ങളും
|പുസ്തകോത്സവത്തിന്റെ അടുത്ത അധ്യായത്തിനായുള്ള കാത്തിരിപ്പെന്ന് എഴുത്തുകാരി.
നവംബര്‍ അഞ്ചിന് രാവിലെതന്നെ തന്നെ തിരുവനന്തപുരത്തു നടക്കുന്ന നിയമസഭാ പുസ്തകോത്സവത്തിനെത്തി. കേരളീയവും മാനവീയവും വിവിധ സ്ഥലങ്ങളിലായി വിപുലമായ ആഘോഷിക്കപ്പെടുമ്പോഴും പുസ്തകോത്സവം കാണാനും ഇഷ്ട പുസ്തകങ്ങള്‍ വാങ്ങാനുമായി കുട്ടികളുള്‍പ്പെടെയുള്ള അക്ഷര സ്നേഹികള്‍ മത്സരിക്കുന്ന കാഴ്ച അത്യധികം ആനന്ദദായകമായിരുന്നു.
സ്കൂളുകളെല്ലാം തങ്ങളുടെ കുട്ടികളെയും കൊണ്ട് പുസ്തകോത്സവത്തിന് വരികയും അവര്‍ക്ക് വിവിധങ്ങളായ പുസ്തകങ്ങളെ പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്യുന്നുണ്ടായിരുന്നു. വിവിധ സ്റ്റേജുകളിലായി എഴുത്തുകാരുടെ പുസ്തക പ്രകാശനങ്ങളും ചര്‍ച്ചകളും നടക്കുന്നതും അതിനായി മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ തങ്ങളുടെ വിലപ്പെട്ട സമയം മാറ്റിവയ്ക്കുന്നതുമായ കാഴ്ചകള്‍ പുസ്തകോത്സവത്തിന്റെ മാറ്റു കൂട്ടി.
സ്ത്രീകള്‍ തന്നെയാണ് തങ്ങളുടെ സുരക്ഷയ്ക്ക് വഴിയൊരുക്കേണ്ടതെന്ന ശൈലജ ടീച്ചറുടെ വാക്കുകള്‍ അഭിമാനത്തോടെയാണ് കേട്ടു നിന്നത്. യു. പ്രതിഭ എം.എല്‍.എ പ്രകാശന കര്‍മം നിര്‍വ്വഹിച്ച തകഴിയുടെ നാലു നോവലുകളുടെ സമാഹാരം 'പ്രിയമുള്ള നോവലുകള്‍ - തകഴി' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയുണ്ടായി. തകഴിയുടെ ജീവിതത്തെക്കുറിച്ചും എഴുത്തു വഴികളെക്കുറിച്ചുമൊക്കെ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ സംസാരിച്ചു.
നിരവധി എഴുത്തുകാരേയും സമാനഹൃദയരേയും വായനക്കാരേയും നേരിട്ടു കാണാനും പുസ്തകങ്ങള്‍ കൈമാറാനും അവസരം ലഭിച്ചു. യുവതാ ബുക്സില്‍ നിന്ന് പതിനെട്ട് പെണ് കഥകളുടെ സമാഹാരം, 'അകത്തേക്കു തുറക്കുന്ന ജനലുകളുടെ' എഴുത്തുകാരുടെ കോപ്പി കൈപ്പറ്റുകയും ലോഗോസില്‍ ചെന്ന് എന്റെ കവിതാ പുസ്തകം നേരിട്ട് കാണുകയും ചെയ്തു. ഷിനിലാല്‍ സാറിന്റെ 'ദേശത്തില്‍ നിന്നും രാഷ്ട്രത്തിലേക്കുള്ള നോട്ടങ്ങള്‍ ' എന്ന വിഷയത്തിലെ ചര്‍ച്ചയും കേട്ട് മടങ്ങുമ്പോള്‍ മനസ്സു നിറയെ പുസ്തകങ്ങളും അവ തന്ന സന്തോഷങ്ങളും മാത്രമായിരുന്നു. ഇനി വരുന്ന വര്‍ഷങ്ങളിലും പുസ്തകോത്സവം ഗംഭീരമാകട്ടെയെന്നും പുസ്തക സ്നേഹികള്‍ അവസാനിക്കാതിരിക്കട്ടെയെന്നും ആത്മാര്‍ത്ഥമായി ആശംസിക്കുന്നു.