Column
പവന്‍ ഖേരയുടെ അറസ്റ്റ്: (അ)നീതിയുടെ നീളുന്ന കൈകള്‍
Column

പവന്‍ ഖേരയുടെ അറസ്റ്റ്: (അ)നീതിയുടെ നീളുന്ന കൈകള്‍

ഷബീര്‍ അഹമ്മദ്
|
25 Feb 2023 9:56 AM GMT

ലോക നേതാവെന്നും, വിശ്വഗുരുവെന്നും സ്വയം വിളിച്ചു പറഞ്ഞ് നെഗളിക്കുന്ന ഒരാളെ വാക്കുകള്‍ കൊണ്ട് വലിച്ചു ഭിത്തിയില്‍ ഒട്ടിക്കുന്നതില്‍ പവന്‍ ഖേര മിടുക്കനായിരുന്നു. കൂടാതെ ഹിന്ദിയിലും ഇംഗ്ലീഷിലും ഉള്ള അദ്ദേഹത്തിന്റെ വാക്ചാതുര്യം ആളുകളെ പിടിച്ചിരുത്തുന്നതുമായിരിന്നു. അങ്ങനെ ഭരണകൂടത്തിന്റെ നോട്ടപ്പുള്ളിയായി ഈ കോണ്‍ഗ്രസ് നേതാവിനെ കേസില്‍ കുടുക്കാന്‍ മനഃപ്പൂര്‍വം നെയ്ത ഒരു കഥയായിരുന്നു ആ കേസ്. | LookingAround

നമ്മളില്‍ എത്ര പേര് അസം സംസ്ഥാനത്ത് പോയിട്ടുണ്ട്? അല്ലെങ്കില്‍ ഉത്തര്‍പ്രദേശ് പോലൊരു ദേശത്തു പോയിട്ടുണ്ട്? ആഗ്രയില്‍ പോയി താജ്മഹല്‍ കണ്ടത് കൊണ്ട് വേണമെങ്കില്‍ യു.പിയില്‍ പോയിട്ടുണ്ട് എന്ന് സാങ്കേതികമായി പറയാമെങ്കിലും, യു.പിയിലെ അഞ്ചു നഗരങ്ങളുടെ പേര് പറയാന്‍ പറഞ്ഞാല്‍ സാധാരണക്കാര്‍ക്ക് മാത്രമല്ല, നാട്ടില്‍ അത്യാവശ്യം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന ഒരാള്‍ക്ക് പോലും പറയാന്‍ പറ്റില്ല. അങ്ങനെയുള്ള സ്ഥിതിക്ക്, ഒരു യുപ.ി അല്ലെങ്കില്‍ അസം പട്ടണത്തിലെ പൊലീസ് നിങ്ങളെ അനേഷിച്ചു വരുന്നു എന്ന് കരുതുക, എന്താകും സ്ഥിതി!

ഇന്നലെ ഡല്‍ഹി എയര്‍പോര്‍ട്ടിലും, സുപ്രീം കോടതിയിലും നടന്ന സംഭവങ്ങള്‍ കണ്ടപ്പോഴാണ് ഈ ചോദ്യം മനസ്സില്‍ ഉയര്‍ന്നത്. ഇതിനു മുന്‍പും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്, പക്ഷെ, ഇത്രയും അറിയപ്പെടുന്ന ഒരു നേതാവിന്റെ പേര് ഉള്‍പ്പെട്ടത് കൊണ്ട് ഈ സംഭവത്തിന് കൂടുതല്‍ വാര്‍ത്താ മൂല്യം ഉണ്ടായി എന്ന് മാത്രം. കോണ്‍ഗ്രസ് നേതാവും, പാര്‍ട്ടി വക്താവുമായ പവന്‍ ഖേര ഡല്‍ഹിയില്‍ നിന്നും മറ്റ് സഹപ്രവര്‍ത്തകരുടെ കൂടെ റായ്പൂര്‍ക്ക് പോകാന്‍ ബോര്‍ഡിങ് പാസ് വാങ്ങി ഫ്‌ളൈറ്റില്‍ കയറുന്നു. തങ്ങളുടെ പാര്‍ട്ടിയുടെ പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയാണു അവര്‍ പോകുന്നത്. വിമാനം പുറപ്പെടാന്‍ തയ്യാറായി, യാത്രക്കാര്‍ സീറ്റ് ബെല്‍റ്റും ധരിച്ചു ഇരിക്കുമ്പോള്‍, ഇന്‍ഡിഗോ ഫ്‌ളൈറ്റിലെ ഉദ്യോഗസ്ഥര്‍ വന്നു പവന്‍ ഖേരയോട് ഒരു നുണ പറയുന്നു. താങ്കളുടെ ലഗേജില്‍ എന്തോ പ്രശ്‌നമുണ്ട്, ഒന്ന് പുറത്ത് വരെ വരണം. പവന്‍ ഖേര ഹാന്‍ഡ് ലഗേജ് മാത്രമാണ് കൂടെ കൊണ്ടുപോകുന്നത്, അതുകൊണ്ട് അങ്ങനെ ഒരു പ്രശ്‌നം ഉണ്ടാകാന്‍ വഴിയില്ലല്ലോ എന്ന് മറുപടി കൊടുത്തു. പക്ഷെ, ഒന്ന് പുറത്തേക്ക് വരണം എന്ന് ആവശ്യപ്പെട്ടതനുസരിച്ച്, പവന്‍ ഖേര വിമാനത്തിന് പുറത്തേക്കു വന്നപ്പോള്‍ ഡല്‍ഹി പൊലീസിന്റെ ഒരു ഡി.സി.പി അദ്ദേഹത്തോട് പറഞ്ഞു, അസം പൊലീസിന്റെ ആവശ്യപ്രകാരം അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുക്കുകയാണ്. അസമിലെ ഡിമ ഹസാഓ പൊലീസ് സ്റ്റേഷനില്‍ അദ്ദേഹത്തിന് എതിരെ പ്രധാനമന്ത്രിയെ അപമാനിച്ചു, അപകീര്‍ത്തികരമായി സംസാരിച്ചു എന്ന പേരിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

നമ്മുടെ നാട്ടില്‍ എത്ര പേര്‍ ഡിമ ഹസാഒ എന്ന പേര് കേട്ടിട്ടുണ്ട്. പണ്ടെങ്ങോ അസമിലെ രാഷ്ട്രീയ കലുഷിതമായ വാര്‍ത്തകളില്‍ കേട്ടിട്ടുണ്ട് എന്ന് ആരെങ്കിലും പറഞ്ഞാല്‍ ശരിയായിരിക്കും. ഗുവാഹാട്ടിയില്‍ നിന്നും 250 കിലോമീറ്റര്‍ ദൂരത്തില്‍ കിടക്കുന്ന ഒരു മലയോര മേഖലയാണത്. അസമിലെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ, പച്ചപുതച്ച അതി മനോഹരമായ പ്രദേശം. അവിടത്തെ പൊലീസ് സ്റ്റേഷനിലാണ് പവന്‍ ഖേരക്കെതിരെ കേസ് കൊടുത്തിരിക്കുന്നത്!


ഇതാദ്യമായല്ല അന്യസംസ്ഥാന പൊലീസ് ഇങ്ങനെ വന്നു കേസെടുക്കുന്നത്. മാത്രമല്ല, ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ തന്നെയാണ് ഇത്തരം കേസുകള്‍ എടുക്കുന്നതും. പണ്ട് ദിഷ രവി എന്ന പെണ്‍കുട്ടിയെ കര്‍ണ്ണാടകയില്‍ നിന്നും ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തതും, വരാവര റാവുവിനെ തെലങ്കാനയില്‍ നിന്നും മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തതും, ജിഗ്‌നേഷ് മേവാനിയെ ഗുജറാത്തില്‍ നിന്നും അസം പൊലീസ് അറസ്റ്റ് ചെയ്തതുമെല്ലാം ഇത്തരത്തില്‍ തന്നെയായിരുന്നു. ഈ പറഞ്ഞവരെല്ലാം സമൂഹത്തില്‍ അറിയപ്പെടുന്നവരായിരുന്നത് കൊണ്ട്, ആ അറസ്റ്റുകള്‍ക്കെതിരെ ജനരോഷം ഉയരുകയും അവര്‍ക്കൊപ്പം നില്‍ക്കാന്‍ ആളുണ്ടാവുകയും ചെയ്തു.

പവന്‍ ഖേരയും ഭാഗ്യവാനാണ്. അറസ്റ്റ് ചെയ്ത സമയത്ത് ഒരു ബറ്റാലിയന്‍ ഡല്‍ഹി പൊലീസ് സഹായത്തിനു ഉണ്ടായിട്ടും അസം പൊലീസിന് അദ്ദേഹത്തെ ഡല്‍ഹിയില്‍ നിന്നും കൊണ്ടുപോകാന്‍ സാധിച്ചില്ല. ഈ അറസ്റ്റ് നാടകം നടത്തിയ അധികാര വര്‍ഗത്തിന് ലേശം പിഴച്ചു. ഡല്‍ഹി എയര്‍പോര്‍ട്ടില്‍ ഈ സംഭവം നടക്കുന്ന സമയത്ത്, കോണ്‍ഗ്രസ് നേതാവും, മുതിര്‍ന്ന അഭിഭാഷകനുമായ മനു അഭിഷേക് സിംഗ്വി സുപ്രീം കോടതിയില്‍ ചീഫ് ജസ്റ്റിസ് മുന്‍പാകെ മറ്റൊരു അധികാര റാഞ്ചല്‍ കേസില്‍ വാദിച്ചു കൊണ്ടിരിക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ ശിവസേനയുടെ മന്ത്രിസഭയെ അട്ടിമറിച്ച കേസായിരുന്നു അത്. പവന്‍ ഖേരയുടെ വാര്‍ത്ത അറിഞ്ഞയുടന്‍ സിംഗ്വി അത് കോടതിയില്‍ ഉന്നയിക്കുകയും, ഉടന്‍ അത് കേള്‍ക്കാം എന്ന് ചീഫ് ജസ്റ്റിസ് സമ്മതിക്കുകയും ചെയ്തു. കേസില്‍ വാദം കേട്ട കോടതി, പവന്‍ ഖേരയുടെ വാക്കുകള്‍ തെറ്റല്ലേ എന്ന് ചോദിച്ചെങ്കിലും, ചാര്‍ത്തിയ വകുപ്പുകള്‍ അനുചിതമല്ലേ എന്ന സംശയം പ്രകടിപ്പിക്കുകയും, ജാമ്യം നല്‍കുകയുമായിരുന്നു.

കോണ്‍ഗ്രസ് വക്താവ് എന്ന നിലക്ക് മോദിയെയും, സര്‍ക്കാരിനെയും, ബി.ജെ.പിയെയും ദിവസവും എതിര്‍ക്കുകയും, മാധ്യമങ്ങളില്‍ അവരുടെ വാക്കുകളിലെയും പ്രവര്‍ത്തികളിലെയും പൊള്ളത്തരങ്ങള്‍ തുറന്ന് കാട്ടുകയും ചെയ്ത പവന്‍ ഖേരയോട് ഭരണ വര്‍ഗത്തിന് രോഷം തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ. ലോക നേതാവെന്നും, വിശ്വഗുരുവെന്നും സ്വയം വിളിച്ചു പറഞ്ഞ് നെഗളിക്കുന്ന ഒരാളെ വാക്കുകള്‍ കൊണ്ട് വലിച്ചു ഭിത്തിയില്‍ ഒട്ടിക്കുന്നതില്‍ പവന്‍ ഖേര മിടുക്കനായിരുന്നു. കൂടാതെ ഹിന്ദിയിലും ഇംഗ്ലീഷിലും ഉള്ള അദ്ദേഹത്തിന്റെ വാക്ചാതുര്യം ആളുകളെ പിടിച്ചിരുത്തുന്നതുമായിരിന്നു. അങ്ങനെ ഭരണകൂടത്തിന്റെ നോട്ടപ്പുള്ളിയായി ഈ കോണ്‍ഗ്രസ് നേതാവിനെ കേസില്‍ കുടുക്കാന്‍ മനഃപ്പൂര്‍വം നെയ്ത ഒരു കഥയായിരുന്നു ഈ കേസ്. അസമിലേക്ക് പവന്‍ ഖേരയെ കൊണ്ട് പോകാന്‍ സാധിച്ചിരുന്നെങ്കില്‍, അവര്‍ക്ക് കുറച്ചു നാളത്തേക്കെങ്കിലും അവിടെ തളച്ചിടാന്‍ സാധിച്ചേനെ. മനസ്സിലാക്കേണ്ടത്, ഇത് കൂടാതെ യു.പിയിലും, ബി.ജെ.പി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും ഇത്തരം കേസുകള്‍ ഫയല്‍ ചെയ്തു കഴിഞ്ഞിരുന്നു. ഈ കേസുകളില്‍ പവന്‍ ഖേരയെ തളച്ചിടുകയായിരിന്നു അവര്‍ പയറ്റിയ തന്ത്രം. ഇതേ പോലെയുള്ള കാരണങ്ങള്‍ കൊണ്ടാണ് മുകളില്‍ പറഞ്ഞ മറ്റ് ആളുകള്‍ക്ക് എതിരെയും ദൂരെ സംസ്ഥാനങ്ങളില്‍ നിന്ന് പൊലീസ് കേസെടുത്തത്.

മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍, അദ്ദേഹത്തെ മൗന്‍ മോഹന്‍ സിംഗ് എന്ന് വിളിച്ചയാളാണ് ഇന്ന് ആ പദത്തില്‍ കയറി വിലസുന്നത് എന്ന് ഓര്‍ക്കണം. അതെ ആളാണ് ജേഴ്‌സി പശു എന്നും, ഹൈബ്രിഡ് കന്നുകുട്ടി എന്നും, 50 കോടിയുടെ ഗേള്‍ ഫ്രണ്ട് എന്നും മറ്റുമുള്ള പ്രയോഗങ്ങളും നടത്തിയത് എന്നോര്‍ക്കണം. അവരാണ് ഇന്ന് പ്രധാനമന്ത്രിയുടെ പദവിക്ക് അപമാനം വരുത്തി എന്ന് പറഞ്ഞു കേസെടുക്കുന്നത്. ഇന്ന് ദിവസവും ടി.വിയിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും വിദ്വേഷം പരത്തുന്ന നൂറു കണക്കിന് വീഡിയോകളാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്. എതിര്‍ക്കുന്നവരെ വെടിവച്ചു കൊല്ലൂ എന്ന് നഗരവീഥികളിലൂടെ വിളിച്ചു പറഞ്ഞു നടന്നവര്‍ക്കു പാരിതോഷികമായി അധികാര കസേരകളാണ് കൊടുത്തത്. ഗാന്ധിജിയെ ഇന്നും അപമാനിച്ചു നടക്കുന്നവര്‍ക്കെതിരെ അധികാരികള്‍ ഒരു ചെറുവിരല്‍ പോലും അനക്കുന്നില്ല.

ഇന്ന് ഇന്ത്യയിലെ രാഷ്ട്രീയ സാംസ്‌കാരിക മേഖലകളില്‍ ഇടപെട്ട് അഭിപ്രായം പറയുന്ന സാധാരണക്കാര്‍ വരെ സഭ്യമായ ഭാഷയില്‍ ഭരണകൂടത്തെ ദിവസവും വിമര്‍ശിക്കുന്നുണ്ട്, തങ്ങളുടെ അഭിപ്രായങ്ങള്‍ പറയുന്നുണ്ട്. അത് ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്ത് അനുവദിച്ചു കൊടുത്തിട്ടുള്ള സ്വാതന്ത്ര്യമാണ്. നമ്മുടെ ഭരണഘടന അത്തരം അഭിപ്രായ സ്വാതന്ത്ര്യത്തെ പിന്തുണക്കുന്നുമുണ്ട്. അത്തരം അവകാശങ്ങള്‍ മുന്‍നിര്‍ത്തി, സര്‍ക്കാരിന് എതിരെ അഭിപ്രായങ്ങള്‍ പറയുന്ന സാധാരണക്കാരനായ ഒരാളെയാണ് നാളെ കേരളത്തില്‍ നിന്നും ഡിമ ഹസാഓ പൊലീസ് പിടിച്ചു കൊണ്ടുപോകുന്നത് എന്ന് കരുതുക. എന്താകും അങ്ങനെയുള്ള ഒരാളുടെ സ്ഥിതി? കേരള സര്‍ക്കാരിനും പൊലീസിനും മലയാളിയായ അയാളെ ഒന്ന് സഹായിക്കാന്‍ പോലും കഴിയില്ല. അവര്‍ക്കു അസം പൊലീസിന് വേണ്ട സഹായ സൗകര്യങ്ങള്‍ നിയമപ്രകാരം ചെയ്തു കൊടുക്കേണ്ടതായിട്ടും വരും. ഭാഷയറിയാത്ത, ചെന്നെത്താന്‍ രണ്ടോ മൂന്നോ ദിവസമെടുക്കുന്ന രാജ്യത്തിന്റെ ആ മൂലയിലേക്ക് ഒരാളെ കൊണ്ട് പോയാല്‍, സിംഗ്വിയോ കപില്‍ സിബലോ വരും എന്ന ഒരു പ്രതീക്ഷയും വേണ്ട. സുപ്രീം കോടതി പോയിട്ട്, ഹൈക്കോടതിയില്‍ പോലും തന്റെ കേസെത്തിക്കാന്‍ ബുദ്ധിമുട്ടാകും. പിന്നെ കുടുംബം എന്തെങ്കിലും വിറ്റു പെറുക്കി വേണം ഒരു വക്കീലിനെ ഒപ്പിക്കാന്‍. എന്തൊക്കെയായാലും, കേസില്‍ കുരുങ്ങി മാസങ്ങളോളം നീണ്ടു നില്‍ക്കുന്ന പീഡനങ്ങളാകും ഫലം. ഹത്രാസില്‍ പത്രപ്രവര്‍ത്തനത്തിനു പോയ സിദ്ധീഖ് കാപ്പന്റെ കാര്യം നോക്കൂ, പിന്തുണയ്ക്കാന്‍ പത്രപ്രവര്‍ത്തകര്‍ ഉണ്ടായിട്ടു പോലും, രണ്ടു കൊല്ലമാണ് യു.പിയിലെ ജെയിലില്‍ കിടക്കേണ്ടി വന്നത്.

ഇത്തരം സംഭവങ്ങള്‍ നമ്മുടെ കോടതികള്‍ കാണുന്നില്ല എന്നത് അത്ഭുതകരം തന്നെ. ഇത്തരം കേസുകളില്‍ പെടുന്നവര്‍ക്ക് നഷ്ടപരിഹാരമോ, വെറുതെ വിടുമ്പോള്‍ അധികാരികള്‍ക്ക് ശിക്ഷയോ ലഭിക്കാത്തതാണ് ഇതിലെ പ്രശ്‌നം. ആളുകള്‍ക്ക് ഒരു താക്കീത് എന്ന നിലയില്‍ കൂടിയാണ് ഇങ്ങനെ അറിയപ്പെടുന്നവരെ പിടികൂടുന്നത്. അഞ്ചാറു മാസത്തേക്കോ, അതില്‍ അധികമോ അവരെ കോടതികളിലും ലോക്കപ്പിലും കെട്ടിയിട്ടാല്‍, അത് കാണുന്ന ജനങ്ങള്‍ പതിയെ മിണ്ടാതിരിക്കും എന്ന കണക്കുകൂട്ടലിലാണ് ഇതൊക്കെ ചെയ്യുന്നത്. നമ്മുടെ ഭരണഘടനയും നിയമ വ്യവസ്ഥിതിയും രൂപകല്‍പന ചെയ്ത ആദ്യകാല നേതാക്കള്‍ ഒരിക്കലും കരുതിക്കാണില്ല, ലോകത്ത്, അതും ഇന്ത്യയില്‍ ഫാസിസം വരുമെന്ന്. അതാണ് അവര്‍ ചെയ്ത തെറ്റെങ്കില്‍, ഇന്ന് രാജ്യത്ത് ഫാസിസത്തിന് വേരുറപ്പിക്കാന്‍ അനുവാദം നല്‍കിയ നമ്മളാണ് അതിലും വലിയ കുറ്റക്കാര്‍. അനീതിയുടെ ഈ നീളുന്ന കൈകള്‍ക്ക് ബലം നല്‍കാതിരിക്കുയാണ് ഇന്ന് നമ്മള്‍ ചെയ്യേണ്ടത്. ഇല്ല എങ്കില്‍ അനീതിക്കെതിരെ സംസാരിക്കുന്നത് പോയിട്ട്, ചിന്തിക്കുന്നത് പോലും കുറ്റകരമാക്കും. ബ്രിട്ടീഷുകാര്‍ തുറങ്കലില്‍ അടയ്ക്കും എന്ന് കരുതി നമ്മുടെ പൂര്‍വികര്‍ മിണ്ടാതിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു എന്ന് ആലോചിച്ചു നോക്കുക.


Similar Posts