നീതിബോധത്തിന്റെ ചോദ്യങ്ങളെറിഞ്ഞ് കവിയരങ്ങ്
|ഒ.എന്‍.വി, സുഗതകുമാരി എന്നീ പ്രിയപ്പെട്ട കവികളുടെ നഷ്ടം മലയാള സാഹിത്യലോകത്തിന് അനുഭവപ്പെടുന്ന കാലമാണിതെന്ന് സച്ചിദാനന്ദന്‍.
പ്രശസ്ത കവികളായ സച്ചിദാനന്ദന്‍, റഫീക്ക് അഹമ്മദ് എന്നിവര്‍ പങ്കെടുത്ത കവിയരങ്ങ് നിയമസഭാ പുസ്തകോത്സവ വേദിയില്‍ നടന്നു. ലാസ്യബോധത്തിന്റെയും നീതിബോധത്തിന്റെയും അപൂര്‍വ സംഗമം മലയാളത്തിന്റെ പൂര്‍വകാല കവികളുടെ വരികളില്‍ കാണാന്‍ കഴിയുമെന്ന് സച്ചിദാനന്ദന്‍ പറഞ്ഞു. കവിത സമന്വയത്തിന്റെ കലയാണെന്നും ഭാഷയാണ് കവിയുടെ മാധ്യമമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒ.എന്‍.വി., സുഗതകുമാരി എന്നീ പ്രിയപ്പെട്ട കവികളുടെ നഷ്ടം മലയാള സാഹിത്യലോകത്തിന് അനുഭവപ്പെടുന്ന കാലമാണിതെന്ന് സച്ചിദാനന്ദന്‍ സ്മരിച്ചു. സുഗതകുമാരിയെക്കുറിച്ചുള്ള തന്റെ കവിത ചൊല്ലിയാണ് അദ്ദേഹം കവിതാ പാരായണം ആരംഭിച്ചത്. 'ഇല്ല വരില്ലിനി' എന്ന കവിത സദസില്‍ കൂടിയവരുടെ കണ്ണ് നനയിച്ചു. ഗാസയില്‍ മരിച്ചുവീഴുന്ന കുഞ്ഞുങ്ങളെക്കുറിച്ചുള്ള കവിതയും ദണ്ഡിയാത്രയുടെ സമരവീര്യം ഓര്‍മ്മപ്പെടുത്തുന്ന കവിതയും 'വൈക്കത്ത് ഒരു സായാഹ്നം', 'പുതിയ വീട്' തുടങ്ങിയ കവിതകളും അദ്ദേഹം നിറഞ്ഞ സദസിന് മുന്നില്‍ ആലപിച്ചു.
തുടര്‍ന്ന് കവി റഫീക്ക് അഹമ്മദ് തന്റെ 'ഭൂപടങ്ങള്‍', 'സിഗ്‌നല്‍', 'പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്' എന്നീ കവിതകള്‍ അവതരിപ്പിച്ചു. എല്ലാ കാലഘട്ടങ്ങളിലും ഹിംസയും അക്രമങ്ങളും ഉണ്ടായിരുന്നെങ്കിലും അറിവും ശാസ്ത്രവുമെല്ലാം ഇത്രയും വികസിച്ചിട്ടും പോരാട്ടങ്ങളും സംഘര്‍ഷങ്ങളും തുടരുന്ന വഷളന്‍ ലോകമാണ് ഇന്നുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കര്‍ഷകരുടെ വരണ്ട ജീവിത യാഥാര്‍ഥ്യങ്ങളെ അതിസൂക്ഷ്മമായി വിവരിക്കുന്ന 'പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്' എന്ന കവിതയെ സദസ് വലിയ കയ്യടിയോടെയാണ് സ്വീകരിച്ചത്.