Column
ജോഡോ യാത്രയും, മാറുന്ന മനസ്സുകളും
Column

ജോഡോ യാത്രയും, മാറുന്ന മനസ്സുകളും

ഷബീര്‍ അഹമ്മദ്
|
12 Jan 2023 7:19 AM GMT

ഭാരത് ജോഡോ യാത്രയുടെ വിജയം ചില പ്രതിപക്ഷ പാര്‍ട്ടികളെയെങ്കിലും അലോസരപ്പെടുത്തിയിട്ടുണ്ട്. അത് യാത്രയുടെ കുഴപ്പമല്ല, ആ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വങ്ങളുടെ ചിന്തയുടെ കുഴപ്പമാണ്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയെ രാജ്യവ്യാപകമായി എതിര്‍ക്കാന്‍ തക്ക ശേഷിയുള്ള ഒരേയൊരു പാര്‍ട്ടി കോണ്‍ഗ്രസ് ആണെന്ന് പ്രഖ്യാപിക്കുന്ന ഈ യാത്ര, അവരില്‍ ദേഷ്യം ഉണ്ടാക്കിയില്ലെങ്കിലേ അത്ഭുതമുള്ളൂ. | LookingAround

കഴിഞ്ഞ ജൂണ്‍ മാസം രാഹുല്‍ ഗാന്ധിയെ, നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി ഇ.ഡി വിളിച്ചു വരുത്തിയപ്പോള്‍, കോണ്‍ഗ്രസ് നേതാക്കള്‍ പോലും ഭയന്നു എന്നതാണ് സത്യം. ദിവസം മുഴുവന്‍ നീണ്ടു നിന്ന ചോദ്യം ചെയ്യല്‍ ഒരു ദിവസം കൊണ്ട് തീര്‍ന്നില്ല. അന്ന് ഈ ചോദ്യം ചെയ്യലുകളെ നേരിടാന്‍ ചെല്ലുന്ന രാഹുലിനെ കണ്ട ജനങ്ങള്‍, അദ്ദേഹത്തിന്റെ ധൈര്യം നിറഞ്ഞ പുഞ്ചിരിയെ മുഖവിലക്കെടുക്കാന്‍ സംശയിച്ചു. പക്ഷെ, എന്‍.ഡി.എ സര്‍ക്കാരിന്റെ തത്തകളില്‍ ഒന്നായി മാത്രം കരുതപ്പെടുന്ന ഇ.ഡിയുടെ ഓലപ്പാമ്പുകളെ നിഷ്‌ക്കരുണം തട്ടിത്തെറിപ്പിച്ചാണ് രാഹുല്‍ ഗാന്ധി മുന്നോട്ട് വന്നത്. ഇത്‌കൊണ്ടൊന്നും തന്നെ കീഴ്‌പ്പെടുത്താനും ഭയപ്പെടുത്താനും സാധിക്കില്ല എന്ന് ഗാന്ധി കുടുംബത്തിലെ ഈ ഇളമുറക്കാരന്‍ തുറന്നു പ്രഖ്യാപിച്ചു. ഈ ചോദ്യം ചെയ്യലുകളുടെ സമയത്തെ നമ്മള്‍ ശ്രദ്ധിക്കേണ്ടതുണ്ട്, രണ്ട് മാസം കഴിഞ്ഞു, സെപ്റ്റംബറില്‍ കന്യാകുമാരി മുതല്‍ കശ്മീര്‍ കാല്‍നടയായി യാത്ര ചെയ്യാന്‍ രാഹുല്‍ തയ്യാറെടുക്കുന്ന ഘട്ടത്തില്‍ ആയിരിന്നു ഇ.ഡിയുടെ ഈ കേഡി കളി!

യാത്രയില്‍ പങ്കെടുത്താല്‍ മോദിയുടെ സര്‍ക്കാരിന്റെ, അമിത്ഷാ ജിയുടെ പൊലീസിന്റെ കണ്ണിലെ കരടാകും എന്ന പേടി കാറ്റില്‍ പറത്തിക്കൊണ്ട് ഇന്ത്യ തന്നെ കൂടെ കൂടുന്ന കാഴ്ചയായിരുന്നു അത്. സര്‍ക്കാരിന്റെ നോട്ടപ്പുള്ളികളാകുമെന്നോ, ഈഡിയും, സിബിഐയും വീട് പടിക്കല്‍ എത്തുമെന്നോ ഉള്ള ഭയം കൂടാതെ നാനാതുറകളിലുള്ള മനുഷ്യര്‍ നിരത്തിലേക്കിറങ്ങി ഈ മനുഷ്യന് ഒപ്പം നടന്നു.

സെപ്റ്റംബര്‍ ഏഴിന്, തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ രാഹുലിന്റെ പദയാത്ര ഉദ്ഘാടനം ചെയ്തപ്പോള്‍ തലമുതിര്‍ന്ന പത്രക്കാര്‍ പോലും അതിനെ ഗൗരവമായി എടുക്കാന്‍ മടിച്ചു. പ്രായോഗിക രാഷ്ട്രീയത്തില്‍ രാഹുലിന് കല്‍പ്പിച്ചു നല്‍കിയിട്ടുള്ള അജ്ഞതയുടെ ഭാഗമായുള്ള പെട്ടെന്നുണ്ടായ ഒരു ഉള്‍പ്രേരണ മാത്രമാണിത് എന്നാണ് അവരില്‍ പലരും എഡിറ്റോറിയല്‍ ഡെസ്‌കുകള്‍ക്ക് പിന്നില്‍ കാലുനീട്ടിയിരിന്നു പറഞ്ഞത്. ഭാരത് ജോഡോ യാത്രയുടെ തുടക്കത്തില്‍ അതിന് ചുക്കാന്‍ പിടിച്ചവര്‍ അവകാശ വാദങ്ങള്‍ അധികം നടത്തിയില്ല എന്നത് ആ യാത്രക്ക് ഗുണം ചെയ്തു, യാത്ര സ്വയം പരസ്യമാകട്ടെ എന്നതായിരുന്നു തീരുമാനം. രാഹുല്‍ നടന്ന് തുടങ്ങിയതോടെ മെല്ലെ മെല്ലെ അതിന്റെ വിശദാംശങ്ങള്‍ പുറത്തു വന്നു തുടങ്ങിയപ്പോഴാണ് ഇതൊരു നിസ്സാര കാര്യമല്ല എന്ന് ജനങ്ങള്‍ക്ക് ബോധ്യം വന്നത്. ബി.ജെ.പി ഈ യാത്രയുടെ ഒരുക്കങ്ങളെ അന്വേഷിച്ചു കണ്ടുപിടിച്ചു, അതിലെ ധൂര്‍ത്തിനെ അപലപിച്ചത് കോണ്‍ഗ്രസിനെ സംബന്ധിച്ചു ഉര്‍വശി ശാപം ഉപകാരം എന്നത് പോലെ ഭവിച്ചു. ഇത്രക്ക് ചിട്ടയോടെ ഹോട്ടലുകളെ ആശ്രയിക്കാതെ, രാഹുല്‍ മുതല്‍ സേവാദള്‍ പ്രവര്‍ത്തകര്‍ വരെ, കണ്ടെയിനര്‍ മുറികളില്‍ താമസിച്ചു, യാത്രയുടെ സമയക്രമം തെറ്റിക്കാതെ മുന്നോട്ട് നീങ്ങിയപ്പോള്‍ രാജ്യം അത് ശ്രദ്ധിച്ചു.


തമിഴ് സ്‌നേഹം ഏറ്റുവാങ്ങി യാത്ര കേരളത്തിലേക്ക് കടന്നപ്പോള്‍ അതൊരു തിരയായി മാറി എന്ന് തന്നെ പറയണം. യാത്ര നടന്നു നീങ്ങുന്ന വഴികളിലേക്ക് ഉള്‍പ്രദേശങ്ങളില്‍ നിന്ന് ജനങ്ങള്‍ ഒഴുകിയെത്തി, സംസ്ഥാന നേതാക്കള്‍ ഐക്യത്തോടെ കൂടെ കൂടി. കേരളത്തില്‍ ഇതൊരു ജനസാഗരമായപ്പോള്‍ ആരും അത്ഭുതപ്പെട്ടില്ല, ഗാന്ധി കുടുംബത്തോട് എന്നും സ്‌നേഹം ചൊരിഞ്ഞിട്ടുള്ള നാടാണ് കേരളം. ഭരണം നഷ്ടപ്പെട്ട സമയമായിട്ടു പോലും, കേരളത്തിലെ കോണ്‍ഗ്രസ് ഈ യാത്രയുടെ സംഘാടനത്തില്‍ എ പ്ലസ് വാങ്ങി എന്ന് ഉറപ്പിച്ചു. യാത്രക്ക് അനാവശ്യ പ്രചാരം തങ്ങളായിട്ട് ഉണ്ടാക്കി കൊടുക്കരുത് എന്ന സംസ്ഥാന കമ്യൂണിസ്റ്റ് നേതാക്കളുടെ അപ്രഖ്യാപിത നയം സൈബര്‍ സഖാക്കള്‍ ലംഘിച്ചെങ്കിലും, അവര്‍ക്ക് കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചില്ല. സ്ഥിരമായി ഉപയോഗിക്കുന്ന ക്‌ളീഷേ ട്രോളുകള്‍ ഇറങ്ങിയെങ്കിലും, അതിനൊന്നും ചെവി കൊടുക്കാന്‍ മലയാളികള്‍ തയ്യാറായില്ല.

ദക്ഷിണേന്ത്യയല്ലേ, അവിടെ ഈ പിന്തുണ സ്വാഭാവികം എന്ന പല്ലവി ബി.ജെ.പി പാടി തുടങ്ങിയപ്പോഴേക്കും രാഹുല്‍ കര്‍ണ്ണാടകയില്‍ എത്തിയിരുന്നു. യാത്രയുടെ തിരക്ക് അവിടെയും കൂടിയതല്ലാതെ കുറഞ്ഞില്ല. പിന്നീട് തെലങ്കാന കടന്നു, മഹാരാഷ്ട്ര വന്നു, മധ്യപ്രദേശ് വന്നു. അത് കഴിഞ്ഞു രാജസ്ഥാന്‍ വന്നു, ഡല്‍ഹി വന്നു, പഞ്ചാബ് വന്നു. ഉത്തരേന്ത്യയില്‍ ഭാരത് ജോഡോ യാത്രക്ക് ആള് കുറയും എന്ന് പറഞ്ഞവരെ അത്ഭുതപ്പെടുത്തിക്കൊണ്ട് ജനങ്ങള്‍ കൂട്ടമായെത്തി. ഭാരതം കണ്ട മറ്റ് യാത്രകളില്‍ നിന്ന് വ്യത്യസ്തമായി, ഒരിടത്തു പോലും, അനിഷ്ട സംഭവമോ, യാത്രികരുടെ ഭാഗത്തു നിന്നും ഒരു തെറ്റായ സംസാരമോ പ്രവര്‍ത്തിയോ ഉണ്ടായില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കണം. സ്‌നേഹത്തിന്റെ വഴികളിലൂടെയാണ് താന്‍ നടക്കുന്നത് എന്ന രാഹുലിന്റെ പ്രഖ്യാപനം, അക്ഷരം പ്രതി ശരിയായി. ഈ യാത്രയില്‍ ഉടനീളം രാഹുല്‍ ആര്‍എസ്എസ്സിനെതിരെയുള്ള തന്റെ പ്രഖ്യാപിത നയങ്ങള്‍ നിരന്തരം ജനങ്ങള്‍ക്ക് മുന്നില്‍ നിരത്തി വച്ച് കൊണ്ടിരിന്നു. അവരുടെ വെറുപ്പിന്റെ രാഷ്ട്രീയത്തെ തന്റെ പ്രസംഗങ്ങളില്‍ നിര്‍ഭയം ആക്രമിച്ചു. രാഷ്ട്രതാല്‍പര്യങ്ങള്‍ക്ക് എതിരെയുള്ള അവരുടെ പ്രവര്‍ത്തനങ്ങളെ തുറന്നു കാട്ടി. കോണ്‍ഗ്രസിന് എതിരെ ഹിന്ദുത്വ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്ന ആളുകള്‍ പോലും പറയാത്തത്ര ശക്തിയില്‍ യാത്രയുടെ എല്ലാ ദിവസങ്ങളിലും രാഹുല്‍ ഫാസിസ്റ്റുകള്‍ക്കെതിരെ സംസാരിച്ചു. യാത്രയുടെ എല്ലാ വേളകളിലും പുഞ്ചിരിയോടെ രാഹുല്‍ പത്രക്കാരുമായി സംവദിച്ചു, അവരുടെ ചോദ്യങ്ങള്‍ക്ക് ഒരു മടിയും കൂടാതെ മറുപടിയും നല്‍കി.

അടിസ്ഥാനപരമായി ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കാണ് അധികാരം എന്ന തിരിച്ചറിവ് ഫാസിസ്റ്റുകളുടെ ഭ്രമത്തില്‍ പെട്ട് മതിമറന്നു പോയവരെ ഓര്‍മിപ്പിക്കാനും ഈ യാത്രക്ക് കഴിഞ്ഞു എന്നത് ചെറിയ കാര്യമല്ല. ഇനി നമുക്ക് നോക്കി കാണേണ്ടത്, രാഹുലിനൊപ്പം നടക്കാന്‍ ജനം തയ്യാറാണ് എന്ന് അവര്‍ പറഞ്ഞു കഴിഞ്ഞു, ഇനി പറയേണ്ടത് കോണ്‍ഗ്രസ്സുകാരാണ്,

യാത്രയുടെ തുടക്കത്തില്‍, രാജ്യത്തെ ഒന്നിപ്പിക്കാനായി തങ്ങള്‍ ഇറങ്ങുന്നു എന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചപ്പോഴും, ഭയത്തിനും, വിദ്വേഷത്തിനും, മതഭ്രാന്തിനും എതിരെയുള്ള പോരാട്ടമാണ് എന്ന് രാഹുല്‍ പറഞ്ഞപ്പോഴും, ഇന്ത്യന്‍ സമൂഹം ഇത്രക്ക് പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല. ഇന്നിപ്പോള്‍ കശ്മീരിലേക്ക് കടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, യാത്ര ജനങ്ങളില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കി എന്നുതന്നെ വേണം പറയാന്‍. രാഹുലിന്റെ മനോധൈര്യം ജനങ്ങളിലേക്ക് പകരുന്ന കാഴ്ചയാണ് കാണുന്നത്. ഇതിന്റെ പ്രതിഫലനമെന്നോണം രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിലെ പ്രമുഖരെ കൂടാതെ, സാധാരണക്കാരായ സ്ത്രീകളും കുട്ടികളും എന്ന് മാത്രമല്ല, സമൂഹത്തിന്റെ എല്ലാ തലങ്ങളിലും ഉള്ള ജനങ്ങള്‍ രാഹുലിന് ഒപ്പം നടക്കാന്‍ തയ്യാറായി. കര്‍ഷകരും, ദിവസ വേതനക്കാരും, പ്രായം ചെന്നവരും, എക്സ് മിലിറ്ററി ജവാന്മാരും, സാമൂഹിക പ്രവര്‍ത്തകരും, കലാ സാംസ്‌കാരിക മേഖലയില്‍ നിന്നുള്ളവരും രാഹുലുമായി കൈകോര്‍ത്തു. യാത്രയില്‍ പങ്കെടുത്താല്‍ മോദിയുടെ സര്‍ക്കാരിന്റെ, അമിത്ഷാ ജിയുടെ പൊലീസിന്റെ കണ്ണിലെ കരടാകും എന്ന പേടി കാറ്റില്‍ പറത്തിക്കൊണ്ട് ഇന്ത്യ തന്നെ കൂടെ കൂടുന്ന കാഴ്ചയായിരുന്നു അത്. സര്‍ക്കാരിന്റെ നോട്ടപ്പുള്ളികളാകുമെന്നോ, ഈഡിയും, സിബിഐയും വീട് പടിക്കല്‍ എത്തുമെന്നോ ഉള്ള ഭയം കൂടാതെ നാനാതുറകളിലുള്ള മനുഷ്യര്‍ നിരത്തിലേക്കിറങ്ങി ഈ മനുഷ്യന് ഒപ്പം നടന്നു.

ഈ യാത്രയുടെ വിജയം എന്ന് പറയുന്നത് ജനമനസ്സുകള്‍ക്ക് ലഭിച്ച ഈ ധൈര്യമാണ്. 2014ല്‍ വിദ്വേഷം വിതച്ചു രാജ്യത്തു ഭരണത്തില്‍ എത്തിയ ഫാസിസ്റ്റ് ചിന്തകളെ തുറന്ന് എതിര്‍ക്കാനുള്ള ഇച്ഛാശക്തി അവരിലേക്ക് തിരികെയെത്തിച്ചു. ഭയപ്പെടുത്തിയുള്ള ഭരണത്തെ തങ്ങള്‍ പേടിക്കുന്നില്ല എന്നവര്‍ തുറന്നു പറഞ്ഞു. ഈ തിരിച്ചറിവിന്റെ പ്രതിഫലനങ്ങള്‍ സമൂഹത്തില്‍ നിന്നും വന്നു തുടങ്ങിയിട്ടുണ്ട്. സംഘ്പരിവാറിനൊപ്പം നിന്ന പല മതമേലധ്യക്ഷന്മാര്‍ മുതല്‍, കച്ചവട സാമ്രാട്ടുകള്‍ വരെ രാഹുലിന്റെ യാത്രയെ പ്രശംസിക്കുന്ന പ്രസ്താവനകള്‍ അടുത്ത ദിവസങ്ങളില്‍ പത്രങ്ങളില്‍ കണ്ടത് ഇതിനാലാണ്. അടിസ്ഥാനപരമായി ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കാണ് അധികാരം എന്ന തിരിച്ചറിവ് ഫാസിസ്റ്റുകളുടെ ഭ്രമത്തില്‍ പെട്ട് മതിമറന്നു പോയവരെ ഓര്‍മിപ്പിക്കാനും ഈ യാത്രക്ക് കഴിഞ്ഞു എന്നത് ചെറിയ കാര്യമല്ല. ഇനി നമുക്ക് നോക്കി കാണേണ്ടത്, രാഹുലിനൊപ്പം നടക്കാന്‍ ജനം തയ്യാറാണ് എന്ന് അവര്‍ പറഞ്ഞു കഴിഞ്ഞു, ഇനി പറയേണ്ടത് കോണ്‍ഗ്രസ്സുകാരാണ്, അവര്‍ തയ്യാറാണോ എന്നതാണ്. ഈ യാത്രയുടെ ഇടയിലാണ് ഹിമാചലില്‍ കോണ്‍ഗ്രസ് ഭരണത്തില്‍ ഏറുന്നത്. ഗുജറാത്തില്‍ ആപ്പിന്റെ അഹങ്കാരം മൂലം കിട്ടിയ തിരിച്ചടി മാറ്റി വച്ചാല്‍ തന്നെയും, ജനങ്ങള്‍ പറയുന്നത് അവര്‍ ഈ ഗ്രാന്‍ഡ് ഓള്‍ഡ് പാര്‍ട്ടിയുടെ യങ് ഡൈനാമിക് നേതാവിനെ വിശ്വസിക്കാന്‍ തയ്യാറാണ് എന്ന് തന്നെയാണ്. പക്ഷെ, അതിന് ഈ യാത്ര അവസാനിക്കരുത്. യാത്ര തീരുന്ന അന്ന് മുതല്‍ കോണ്‍ഗ്രസ് പ്രാദേശിക ഘടകങ്ങള്‍ തങ്ങളുടെ യാത്ര തുടരണം, ജംബോ കമ്മിറ്റികള്‍ക്ക് പകരം ജന കമ്മിറ്റികള്‍ ഉണ്ടാക്കി പ്രവര്‍ത്തനം മെച്ചപ്പെടുത്തണം.


ഈ യാത്രയുടെ വിജയം പക്ഷെ ചില പ്രതിപക്ഷ പാര്‍ട്ടികളെയെങ്കിലും അലോസരപ്പെടുത്തിയിട്ടുണ്ട്. അത് യാത്രയുടെ കുഴപ്പമല്ല, ആ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വങ്ങളുടെ ചിന്തയുടെ കുഴപ്പമാണ്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയെ രാജ്യവ്യാപകമായി എതിര്‍ക്കാന്‍ തക്ക ശേഷിയുള്ള ഒരേയൊരു പാര്‍ട്ടി കോണ്‍ഗ്രസ് ആണെന്ന് പ്രഖ്യാപിക്കുന്ന ഈ യാത്ര, അവരില്‍ ദേഷ്യം ഉണ്ടാക്കിയില്ലെങ്കിലേ അത്ഭുതമുള്ളൂ. പ്രാദേശിക സാന്നിധ്യം മാത്രമുള്ള ഈ പറയുന്ന സോ കോള്‍ഡ് ദേശീയ പാര്‍ട്ടികള്‍ക്ക് നിലനില്‍പ്പിനായി തങ്ങളുടെ തട്ടകങ്ങള്‍ സംരക്ഷിക്കേണ്ട കാര്യം ഓര്‍ത്താണ് ഇത്തരത്തില്‍ പെരുമാറുന്നത്. ഇനിയും അഞ്ചു വര്‍ഷം കൂടി പ്രതിപക്ഷത്തു ഇരുന്നു ഈ രാജ്യത്തിന്റെ അടിവേരുകള്‍ അറുക്കപ്പെടുന്നത് കണ്ടോളാം, എന്നാലും കോണ്‍ഗ്രസിനെ പിന്താങ്ങുന്ന പ്രശ്‌നമില്ല എന്നതാണ് അവരുടെ നയം. പണ്ട് സംഘ്പരിവാറിനെ പിന്താങ്ങി ചരിത്രമുള്ള, ഇന്ത്യയെ ഈ നിലയിലേക്ക് തള്ളിവിട്ടതില്‍ പങ്കുള്ള ആളുകളാണ് ഈ പറയുന്നത് എന്നോര്‍ക്കണം. ഇവര്‍ക്ക് ഈ രാജ്യത്തോട് എന്ത് പ്രതിബദ്ധതയാണുള്ളത് എന്ന് ജനം കാണുന്നുണ്ട് എന്ന് മനസ്സിലാക്കുന്നത് നല്ലതാണ്. കാരണം, ഫാസിസ്റ്റുകളെ തോല്‍പ്പിക്കേണ്ടത് രാഹുലിന്റെ മാത്രം ആവശ്യമല്ല, അടുത്ത തലമുറയുടെ കൂടി ആവശ്യമാണ്.


Similar Posts