രാമു കാര്യാട്ടിന്റെയും ശ്രീനിവാസന്റെയും സംഘഗാനം
|1970 കള്‍ എന്ന ദശകമാണ് ബ്ലാക്ക് & വൈറ്റ് സിനിമകളുടെ സുവര്‍ണ്ണ കാലം. ഈ ദശകം ബ്ലാക്ക് & വൈറ്റിന്റെ അസ്തമയ കാലം കൂടിയായിരുന്നു. | ആദം അയ്യൂബിന്റെ സിനിമാ ജീവിതം - വൈഡ് ആംഗിള്‍: 39
മലയാള സിനിമയുടെ സുവര്‍ണ്ണ കാലം അടയാളപ്പെടുത്തിയ ചില വര്‍ഷങ്ങള്‍ ഇവയാണ്. വരുമാനത്തിന്റെ കാര്യത്തില്‍ മലയാള സിനിമ ഏറ്റവും ഉയരങ്ങളില്‍ എത്തിയത് 2018 ലാണ്. വെറും 20 ദിവസം കൊണ്ട് 143 കോടി രൂപ കളക്ഷന്‍ നേടിയ വര്‍ഷമായിരുന്നു അത്. മൂന്നു ചിത്രങ്ങള്‍ സംയുക്തമായാണ് ഈ റെക്കോര്‍ഡ് സൃഷ്ടിച്ചത്. കായംകുകുളം കൊച്ചുണ്ണി, ഒടിയന്‍, ജോസഫ് എന്നിവയായിരുന്നു ആ വര്‍ഷത്തെ പ്രധാന പണം വാരിപ്പടങ്ങള്‍. ഈ ചിത്രങ്ങള്‍ ആകെ നേടിയ കളക്ഷന്‍ ഇങ്ങനെയാണ്. കായംകുളം കൊച്ചുണ്ണി 100 കോടി, ഒടിയന്‍ 54 കോടി, ജോസഫ് 50 കോടി. 120 ലധികം ചിത്രങ്ങളുമായി 2011 ആണ് ഏറ്റവും അധികം മലയാള സിനിമകള്‍ റിലീസ് ആയ വര്‍ഷം. 2013 ഉം 2017 ഉം അടയാളപ്പെടുത്തുന്നത് ഏറ്റവും കൂടുതല്‍ മലയാള സിനിമകള്‍ വിജയിച്ച വര്‍ഷമായിട്ടാണ്.
എന്നാല്‍, ഇതിനൊക്കെ മുന്‍പ് മലയാള സിനിമക്ക് മറ്റൊരു സുവര്‍ണ്ണ കാലമുണ്ടായിരുന്നു. 1970 കള്‍ എന്ന ദശകമാണ് ബ്ലാക്ക് & വൈറ്റ് സിനിമകളുടെ സുവര്‍ണ്ണ കാലം. ഈ ദശകം ബ്ലാക്ക് & വൈറ്റിന്റെ അസ്തമയ കാലം കൂടിയായിരുന്നു. എണ്‍പതുകളുടെ ആരംഭ വര്‍ഷങ്ങളില്‍ മലയാളസിനിമയില്‍ അവസാനത്തെ കറുപ്പും വെളുപ്പും സിനിമകളും വന്നു പോയി. എണ്ണത്തില്‍ മാത്രമല്ല, വണ്ണത്തിലും മലയാള സിനിമ ഉയരങ്ങളില്‍ എത്തിയ ഒരു ദശകമായിരുന്നു എഴുപതുകള്‍. കെ.എസ് സേതുമാധവന്‍, പി. ഭാസ്‌കരന്‍, എ. വിന്‍സെന്റ്, രാമു കാര്യാട്ട്, പി.എന്‍ മേനോന്‍, എം. കൃഷ്ണന്‍ നായര്‍ എന്നീ കൃതഹസ്തരായ സംവിധായകര്‍ എഴുപതുകളുടെ പൂര്‍വാര്‍ധത്തെ സമ്പന്നമാക്കിയപ്പോള്‍, ഉത്തരാര്‍ധത്തില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, അരവിന്ദന്‍, ജോണ്‍ എബ്രഹാം, കെ.ജി ജോര്‍ജ്, പി.എ ബക്കര്‍, ഭരതന്‍, പദ്മരാജന്‍ എന്നീ പ്രതിഭകള്‍ മലയാള സിനിമയ്ക്ക് നവഭാവുകത്വങ്ങള്‍ നല്‍കി. ഈ ദശകത്തിന്റെ മധ്യത്തോടെ സ്വതന്ത്ര സംവിധായകരായി അരങ്ങേറ്റം നടത്തിയ ഐ.വി ശശി, ഹരിഹരന്‍ എന്നിവര്‍ കൊമേഴ്ഷ്യല്‍ സിനിമകള്‍ക്ക് പുതിയ ഊര്‍ജം പകര്‍ന്നു. ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ മലയാളം സിനിമ ശ്രദ്ധിക്കപ്പെട്ട ഒരു ദശകം കൂടിയായിരുന്നു ഇത്. ഷാജി എന്‍. കരുണ്‍, മധു അമ്പാട്ട്, രാമചന്ദ്രബാബു, എന്നീ ഫിലിം ഇന്‍സ്റ്റിറ്റിയട്ട് സന്തതികളുടെ സിനിമാട്ടോഗ്രഫിയും മലയാള സിനിമയുടെ ദൃശ്യ ചാരുതയ്ക്കു പുതിയ മാനങ്ങള്‍ നല്‍കി.
'ചുവന്ന വിത്തുകള്‍ക്ക്' ശേഷം സലാം കാരശ്ശേരി നിര്‍മിക്കുന്ന രണ്ടാമത്തെ ബക്കര്‍ ചിത്രമായിരുന്നു സംഘഗാനം. ഈ ചിത്രത്തിന് ചില പ്രത്യേകതകള്‍ ഉണ്ടായിരുന്നു. ആധുനിക മലയാള ചെറുകഥാ ശാഖയില്‍ രാഷ്ട്രീയ ഭാവുകത്വം സന്നിവേശിപ്പിച്ച എം. സുകുമാരന്‍ എന്ന കഥാകൃത്തിന്റെ രചനയായിരുന്നു സംഘഗാനം. സിനിമ ആകുന്നതിനു മുന്‍പേ വായനക്കാര്‍ക്കിടയില്‍ പ്രചാരം നേടിയ കഥയായിരുന്നു അത്. ശ്രീനിവാസന്‍ ആദ്യമായി നയനാകുന്ന സിനിമയും, രാമു കാര്യാട്ട് എന്ന സംവിധായകന്‍ അവസാനമായി അഭിനയിക്കുന്ന സിനിമയുമായിരുന്നു സംഘഗാനം.
ഓരോ വര്‍ഷവും നിര്‍മിക്കപ്പെടുന്ന മലയാള ചിത്രങ്ങളുടെ എണ്ണത്തില്‍ വന്‍ കുതിച്ചു ചാട്ടത്തിനും എഴുപതുകള്‍ സാക്ഷ്യം വഹിച്ചു. ഇതിനു ഒരു കാരണം ഉണ്ടായിരുന്നു. ബ്ലാക്ക് & വൈറ്റ് ചിത്രങ്ങളുടെ നിര്‍മാണച്ചെലവ് വളരെ കുറവായിരുന്നു. രണ്ടോ മൂന്നോ ലക്ഷമുണ്ടെങ്കില്‍ ഒരു മലയാളം സിനിമ നിര്‍മിക്കാം. അന്നത്തെ സൂപ്പര്‍ താരമായ പ്രേംനസീറിന്റെ പ്രതിഫലം വെറും പതിനായിരം രൂപയായിരുന്നു. ഗള്‍ഫിന്റെ പണി കേരളത്തിന്റെ സമ്പത് വ്യവസ്ഥയെ കൊഴുപ്പിച്ച കാലമായിരുന്നു അത്. പ്രവാസികളായ രണ്ടു മൂന്ന് ചെറുപ്പക്കാര്‍ വിചാരിച്ചാല്‍ അന്ന് ഒരു മലയാള സിനിമ എടുക്കാം. നല്ല സിനിമ നിര്‍മിക്കുക എന്ന സദുദ്ദേശത്തോടെ വരുന്ന നിര്‍മാതാക്കളോടൊപ്പം ദുരുദ്ദേശവുമായി വരുന്നവരും ഉണ്ടായിരുന്നു. പല സംവിധാന മോഹികളും ഇതുപോലെ വരുന്ന ഗള്‍ഫുകാരെ ചാക്കിട്ടു പിടിച്ചു, പ്രലോഭനങ്ങളിലൂടെ അവരെ സ്വാധീനിച്ചു സ്വയം സംവിധായകര്‍ ചമഞ്ഞവരും ഉണ്ടായിരുന്നു. പല ചിത്രങ്ങളും പാതി വഴിയില്‍ ഉപേക്ഷിക്കപ്പെട്ടു. ചിലതു പൂര്‍ത്തിയായെങ്കിലും വിതരണക്കാരെ കിട്ടാതെ ലാബുകളില്‍ ഗാഢനിദ്രയില്‍ ആണ്ടു. കളര്‍ സിനിമയുടെ പ്രചാരത്തോടെ പല ബ്ലാക് & വൈറ്റ് ലാബുകളും അടച്ചു പൂട്ടിയപ്പോള്‍, അവിടെ കുന്നുകൂടിക്കിടന്ന ബ്ലാക് & വൈറ്റ് സിനിമകളുടെ പ്രിന്റുകളും നെഗറ്റീവുകളും ഏറ്റെടുക്കാന്‍ ആളില്ലായിരുന്നു. അവിടെ നല്‍കിയിരുന്ന അഡ്രസ്സുകളില്‍ ബന്ധപ്പെട്ടപ്പോള്‍, ആ വിലാസങ്ങളില്‍ ആരുമുണ്ടായിരുന്നില്ല. പല പ്രവാസി നിര്‍മാതാക്കളും സിനിമ നിര്‍മിച്ച് കുത്തുപാളയെടുത്തു വീടും പറമ്പും എല്ലാം വിറ്റു വീണ്ടും മരുഭൂമിയില്‍ ജീവിതം ഹോമിക്കാന്‍ പോയി.
| സംഘഗാനത്തില്‍ ശ്രീനിവാസന്‍
ചെറിയ ബജറ്റ് മാത്രമല്ല ബ്ലാക്ക് & വൈറ്റ് ചിത്രങ്ങളുടെ ആകര്‍ഷണം. പല 'ആര്‍ട്ട്' സിനിമകളും അവാര്‍ഡുകള്‍ നേടി. ബക്കറിന്റെ എല്ലാ ചിത്രങ്ങളും അവാര്‍ഡ് ചിത്രങ്ങളായിരുന്നു. ബക്കറിന്റെ സിനിമകള്‍ വഴി ആദ്യമായി സിനിമയുമായി ബന്ധപ്പെട്ടവരൊക്കെ പിന്നീട് സിനിമയില്‍ സംവിധായകരോ, വലിയ അഭിനേതാക്കളോ ഒക്കെ ആയി.
മണിമുഴക്കത്തിന്റെ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ആന്റണി ഈസ്റ്റ്മാന്‍ സംവിധായകന്‍ ആയ കാര്യം ഞാന്‍ നേരത്തെ പറഞ്ഞിരുന്നല്ലോ. എന്നാല്‍, ഞാന്‍ പറയാന്‍ വിട്ടുപോയ ഒരാള്‍ കൂടിയുണ്ട്. എറണാകുളത്തു മണിമുഴക്കത്തിന്റെ ഷൂട്ടിംഗ് നടക്കുമ്പോള്‍ ദിവസവും എന്നെ കാണാന്‍ വരുന്ന രണ്ടു സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. രണ്ടുപേരും എറണാകുളം എസ്.ആര്‍.വി ഹൈസ്‌കൂളിലെ എന്റെ ക്ലാസ്സ്‌മേറ്റ്‌സ് ആയിരുന്നു. പ്രകാശനും എസ്. നാരായണസ്വാമിയും. പ്രകാശിന് സൗത്ത് ജംഗ്ഷനില്‍ ഒരു ഹോട്ടല്‍ ഉണ്ടായിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞു ഞാന്‍ ഫ്രീ ആവുമ്പോള്‍ രണ്ടുപേരും എന്നെയും കൂട്ടി പ്രകാശിന്റെ ഹോട്ടലില്‍ പോകും. അവിടെയിരുന്നാണ് ചര്‍ച്ച. ചര്‍ച്ച എന്ന് പറഞ്ഞുകൂടാ, നാരായണസ്വാമി സിനിമയേക്കുറിച്ചു എന്നോട് ഒരുപാട് കാര്യങ്ങള്‍ ചോദിക്കും, ഞാനതു പറഞ്ഞു കൊടുക്കും. പ്രകാശന്‍ ഭക്ഷണപാനീയങ്ങള്‍ ഒരുക്കി ഞങ്ങടോപ്പം ഉണ്ടാവും. നാരായണസ്വാമിക്ക് സിനിമയില്‍ വല്യ കമ്പമായിരുന്നു. എന്നെ കാണാന്‍ ഇടയ്ക്കിടെ ലൊക്കേഷനിലും വരുമായിരുന്നു. അവിടെ വെച്ച് വിപിന്‍ദാസിനെ പരിചയപ്പെട്ടു. സിനിമാഭ്രാന്തന്‍ ആണെന്ന് മനസ്സിലായതോടെ വിപിന്‍ദാസ് നാരായണസ്വാമിയെ കൂടെക്കൂട്ടി. മണിമുഴക്കത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞു ഞാന്‍ മദ്രാസിലേക്ക് തിരിച്ചു പോയി. പിന്നെ ഞാന്‍ നാരായണസ്വാമിയെ അധികം കണ്ടിട്ടില്ല. കുറെ നാള്‍ കഴിഞ്ഞു അറിയുന്നത് എസ്.എന്‍ സ്വാമി എന്നപേരില്‍ അയാളൊരു തിരക്കഥാകൃത്തായി എന്നാണ്. വളരെ സന്തോഷമായി. അങ്ങിനെ മണിമുഴക്കത്തില്‍ ഔദ്യോഗികമായി ജോലി ചെയ്തിട്ടില്ലെങ്കിലും ആ ഒരു ബന്ധത്തിലൂടെ എന്റെ സുഹൃത്ത് മലയാളത്തിലെ പ്രഗത്ഭനായ തിരക്കഥാകൃത്തായല്ലോ.
1979 ല്‍ വീണ്ടും ബക്കറിന്റെ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രവുമായി കോഴിക്കോടേക്ക്, നടക്കാവിലുള്ള നമ്മുടെ സ്ഥിരം താവളം വൃന്ദാവന്‍ ടൂറിസ്റ്റ് ഹോമിലേക്ക്. ചിത്രത്തിന്റെ പേര് 'സംഘഗാനം'. നിര്‍മാതാവ് സലാം കാരശ്ശേരി. 'ചുവന്ന വിത്തുകള്‍ക്ക്''ശേഷം അദ്ദേഹം നിര്‍മിക്കുന്ന രണ്ടാമത്തെ ബക്കര്‍ ചിത്രം. ഈ ചിത്രത്തിന് ചില പ്രത്യേകതകള്‍ ഉണ്ടായിരുന്നു. ആധുനിക മലയാള ചെറുകഥാ ശാഖയില്‍ രാഷ്ട്രീയ ഭാവുകത്വം സന്നിവേശിപ്പിച്ച എം. സുകുമാരന്‍ എന്ന കഥാകൃത്തിന്റെ രചനയായിരുന്നു സംഘഗാനം. സിനിമ ആകുന്നതിനു മുന്‍പേ വായനക്കാര്‍ക്കിടയില്‍ പ്രചാരം നേടിയ കഥയായിരുന്നു അത്. ശ്രീനിവാസന്‍ ആദ്യമായി നയനാകുന്ന സിനിമയും, രാമു കാര്യാട്ട് എന്ന സംവിധായകന്‍ അവസാനമായി അഭിനയിക്കുന്ന സിനിമയുമായിരുന്നു സംഘഗാനം. ഇടതുപക്ഷ രാഷ്ട്രീയ ദര്‍ശനങ്ങളോടുള്ള പ്രതിബദ്ധതയാണ് ബക്കറിനേയും സുകുമാരനേയും കൂട്ടിയോജിപ്പിച്ച പൊതുധാര. തിരുവനന്തപുരത്തു താമസിക്കുന്ന എം. സുകുമാരന്‍, സിനിമയുടെ സ്‌ക്രിപ്റ്റ് ബക്കറിനെ ഏല്‍പിച്ചു കഴിഞ്ഞപ്പോള്‍, തന്റെ ദൗത്യം പൂര്‍ത്തിയാക്കി, തന്റെ സര്‍ഗകൂടാരത്തില്‍ അന്തര്‍മുഖനായി ഒതുങ്ങി. അദ്ദേഹം ഷൂട്ടിംഗ് നടക്കുന്ന കോഴിക്കോട് വരികയോ, സിനിമ നിര്‍മാണത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ സന്നിഹിതനാവുകയോ ചെയ്തിട്ടില്ല.
തന്റെ രക്ഷകനായ 'ഗൗതമനെ' തേടി അലയുന്ന ഒരു സാധാരണ ചെറുപ്പക്കാരന്റെ കഥയാണ് സംഘഗാനം. ഈ അന്വേഷണ യാത്രയില്‍ അയാള്‍ കണ്ടുമുട്ടുന്ന കോടീശ്വരനായ ഗൗതമന്റെ വേഷത്തില്‍ രാമു കാര്യാട്ടും, മധ്യവര്‍ഗ ഗൗതമന്റെ വേഷത്തില്‍ പി.ആര്‍ നമ്പ്യാരും, അടിസ്ഥാന വര്‍ഗത്തിന്റെ കരുത്തനായ ഗൗതമനായി പ്രമുഖ നാടക-സാംസ്‌കാരിക പ്രവര്‍ത്തകന്‍ മധു മാഷും വേഷമിട്ടു. തന്റെ രക്തവും രക്ഷകനുമായ 'ഗൗതമനെ' തേടി നഗരത്തിലെത്തുന്ന അഭ്യസ്തവിദ്യനായ തൊഴില്‍രഹിതന്റെ വേഷത്തില്‍ ശ്രീനിവാസന്‍, കഥാപാത്രത്തിന് തികച്ചും അനുയുജ്യനായിരുന്നു.
മണിമുഴക്കത്തിലെ ചെറിയ വേഷത്തിനു ശേഷം ശാന്തകുമാരി 'ചുവന്ന വിത്തുകള്‍' എന്ന സിനിമയിലെ നായികാപദവിയിലേക്കും തുടര്‍ന്ന് സിനിമയിലെ തിരക്കുള്ള സ്വഭാവനടി എന്ന നിലയിലേക്കും ഉയര്‍ന്നതുപോലെ, മണിമുഴക്കത്തില്‍ ചെറിയ വേഷം ചെയ്ത ശ്രീനിവാസനും 'സംഘഗാനത്തില്‍' നായകനും തുടര്‍ന്ന് സിനിമയിലെ തിരക്കേറിയ നടനും, തിരക്കഥാകൃത്തും സംവിധായകനുമൊക്കെ ആയി മാറുകയും ചെയ്തു. എന്നാല്‍, സംഘഗാനത്തിന്റെ ലൊക്കേഷനില്‍ ആദ്യമായി എത്തിയ ദിവസം ശ്രീനിവാസന്‍ വളരെ ആശങ്കാകുലനായിരുന്നു. ആദ്യമായി നായകവേഷം ചെയ്യുന്നതിലെ ഒരു പിരിമുറുക്കം ശ്രീനിയുടെ മുഖത്തുണ്ടായിരുന്നു. ഇതിനെക്കുറിച്ചു ശ്രീനിവാസന്‍ പിന്നീട് എവിടെയോ എഴുതിയത് ഞാന്‍ വായിച്ചിരുന്നു. സുഹൃത്തും സഹപാഠിയുമായ എന്നെ കണ്ടപ്പോഴാണ് അല്‍പം ധൈര്യം കിട്ടിയതെന്ന്.
ഉപരി വര്‍ഗത്തില്‍ തന്റെ രക്ഷകനായ ഗൗതമനെ തേടി നടക്കുന്ന ശ്രീനിവാസന്‍ അതിനു അനുയോജ്യമായ വേഷമാണ് ധരിക്കുന്നതു. സൂട്ടും കോട്ടും ഹാറ്റുമൊക്കെയാണ് ഈ അന്വേഷകന്റെ വേഷം. ഫാക്ടറി മുതലാളിയായ ഈ ഗൗതമന്‍ അവനെ അടിച്ചോടിക്കുന്നു. തന്റെ സ്വപ്നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കുമേറ്റ ഈ പ്രഹരം അന്വേഷകനെ സ്തബ്ധനാക്കുന്നു. പിന്നീട് അയാള്‍ എത്തുന്നത് മധ്യവര്‍ഗ ഗൗതമിന്റെ അടുത്താണ്. അയാളും കൗശലപൂര്‍വ്വം അവനെ ചതിക്കുന്നു. എന്നാല്‍, തന്റെ വര്‍ഗസഹോദരനായ മൂന്നാം ഗൗതമന്‍, അവന്‍ അന്വേഷിക്കാതെ തന്നെ, യാദൃശ്ചികമായി അവന്റെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നു. പക്ഷെ, അവന്‍ അയാളെ വിശ്വസിക്കുന്നില്ല. എന്നാല്‍, പിന്നീട് പൊലീസുമായുള്ള ഒരേറ്റുമുട്ടലില്‍ അയാള്‍ കൊല്ലപ്പെടുമ്പോള്‍, അന്വേഷകന്‍ അവസാനം തന്റെ രക്തത്തെ തിരിച്ചറിയുന്നു.
ഇന്ന് ഏതൊരു ചെറിയ വേഷത്തിനും പുതിയ ആളുകളെ ഓഡിഷന്‍ നടത്തി തെരഞ്ഞെടുക്കുന്ന പതിവുണ്ടല്ലോ. എന്നാല്‍, അന്ന് നിരന്തരം അവസരങ്ങള്‍ തേടി വരുന്നവരെയാണ് ചെറിയ വേഷങ്ങള്‍ ഏല്‍പ്പിക്കുക. പക്ഷെ, അന്നും ബക്കറിന്റെ രീതി വ്യത്യസ്തമായിരുന്നു. പല അഭിനേതാക്കളെയും അദ്ദേഹം കണ്ടെത്തിയിരുന്നത് തെരുവില്‍ നിന്നാണ്. അദ്ദേഹത്തിന്റെ എല്ലാ സിനിമകളിലും അങ്ങിനെ പെട്ടെന്ന് തെരുവില്‍ നിന്ന് കണ്ടെത്തിയ അഭിനേതാക്കളില്‍ പലരും നല്ല പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. ഈ സിനിമയില്‍ അങ്ങിനെ പ്രത്യേകം എടുത്തു പറയേണ്ട ഒരു കഥാപാത്രമുണ്ട്. ഉപരിവര്‍ഗ ഗൗതമനാല്‍ അടിച്ചോടിക്കപ്പെട്ട അന്വേഷകന്‍ വ്രണിതഹൃദയനായി, ഹതാശനായി തെരുവിന്റെ ഓരത്തു വന്നിരിക്കുമ്പോള്‍, അവിടെയിരിക്കുന്ന വൃദ്ധനായ ചെരുപ്പുകുത്തി കാര്യങ്ങള്‍ അന്വേഷിക്കുകയും അവനെ ഉപദേശിക്കുകയും ചെയ്യുന്നു.
''ഒരു ഇടത്തരക്കാരനായ തന്നെ രക്ഷിക്കാന്‍ തന്നെപ്പോലൊരു ഇടത്തരക്കാരനു മാത്രമേ കഴിയൂ''
അങ്ങിനെയാണ് അന്വേഷകന്‍ സൂട്ടും കോട്ടുമെല്ലാം അഴിച്ചു വെച്ച് ഇടത്തരക്കാരനായ ഗൗതമനെ തേടാന്‍ തുടങ്ങുന്നത്. ഈ രംഗം ചിത്രീകരിച്ചത് എറണാകുളത്തു വെച്ചായിരുന്നു. തിരക്കുള്ള കോണ്‍വെന്റ് ജംഗ്ഷനിലൂടെ കോട്ടും സൂട്ടുമണിഞ്ഞും നടക്കുന്ന ശ്രീനിവാസന്‍ റോഡില്‍ വിശ്രമിക്കാന്‍ ഇരിക്കുമ്പോഴാണ് ഒരു വൃദ്ധനെ കാണുന്നത്. അവിടെ ഞങ്ങള്‍ വൃദ്ധനായ ഒരു യഥാര്‍ഥ ചെരിപ്പുകുത്തിയെ കണ്ടു. ഞാന്‍ അയാളോട് പോയി സംസാരിച്ചു. സിനിമയില്‍ ഒരു ചെറിയ വേഷം ചെയ്യാമോ എന്ന് ചോദിച്ചു. അയാള്‍ സമ്മതിച്ചു. ഞാന്‍ ഡയലോഗ് പറഞ്ഞു കൊടുത്തു. ഷോട്ട് സെറ്റ് ചെയ്തു കഴിഞ്ഞപ്പോള്‍ റിഹേഴ്‌സല്‍ നോക്കാമെന്നു പറഞ്ഞു. അയാള്‍ പറഞ്ഞു ''വേണ്ട, റിഹേഴ്‌സല്‍ വേണമെന്നില്ല, നിങ്ങള്‍ എടുത്തോളൂ''
അങ്ങിനെ പ്രോംറ്റിംഗ് ഇല്ലാതെ അയാള്‍ മണിമണിയായി, വളരെ സ്വാഭാവികമായി ഡയലോഗ് പറഞ്ഞു. അതുകൊണ്ടു തന്നെ തിരക്കുള്ള കോണ്‍വെന്റ് ജംഗ്ഷനില്‍ അധികം ആള് കൂടുന്നതിന് മുന്‍പ് തന്നെ സീന്‍ എടുത്തു തീര്‍ത്തു. ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ സലാം കാരശ്ശേരി നൂറു രൂപ തന്നിട്ട് അയാള്‍ക്കു കൊടുക്കാന്‍ പറഞ്ഞു. ഞാന്‍ അതുമായി അയാളെ സമീപിച്ചപ്പോള്‍ അയാള്‍ പറഞ്ഞു; ''വേണ്ട നിങ്ങള്‍ വെച്ചോളൂ, നിങ്ങള്‍ ഇങ്ങനെ സിനിമാ ഷൂട്ടിങ്ങുമായി നടക്കുന്നതല്ലേ. നിങ്ങള്‍ക്ക് ആവശ്യം വരും. എനിക്കാവശ്യമുള്ള പണം ഞാന്‍ എന്റെ തൊഴില്‍ ചെയ്തു സമ്പാദിക്കുന്നുണ്ട്'' എത്ര നിര്‍ബന്ധിച്ചിട്ടു അയാള്‍ ആ പണം വാങ്ങിയില്ല.
തെരുവില്‍ കാണുകയും നമ്മള്‍ അവഗണിക്കുകയും ചെയ്യുന്ന മനുഷ്യരില്‍ എത്രയോ നല്ല കലാകാരന്മാരുണ്ട്, സര്‍വോപരി എത്രയോ മഹാന്മാരായ മനുഷ്യരുണ്ട്! അപ്പൂപ്പന്താടികള്‍ കാറ്റില്‍ പറന്നു പോകും, എന്നാല്‍ മണ്ണില്‍ പുതഞ്ഞു കിടക്കുന്ന അമൂല്യ രത്‌നങ്ങളെ കാലം കണ്ടെത്തുക തന്നെ ചെയ്യും. സിനിമാലോകത്തു അങ്ങിനെ ധാരാളം അപ്പൂപ്പന്താടികളെയും അപൂര്‍വം രത്‌നങ്ങളെയും ഞാന്‍ കണ്ടെത്തിയിട്ടുണ്ട്.
(തുടരും)