പേര്‍ഷ്യന്‍ പരവതാനി പോലെ ഇറാനില്‍ നിന്നും ഒരു പ്രണയ നോവല്‍
|ഇറാനിയന്‍ എഴുത്തുകാരി മര്‍ജാന്‍ കമാലിയുടെ 'ദ സ്റ്റേഷണറി ഷോപ്പ്' എന്ന നോവലിന്റെ വായന | ഇരട്ടവര
ലോകസാഹിത്യത്തെ നിരീക്ഷിക്കുന്ന ആര്‍ക്കും തിരിച്ചറിയാന്‍ കഴിയുന്നതാണ് അറേബ്യന്‍ സാഹിത്യത്തിന്റെ കുതിച്ചു കയറ്റം. ലോക വായന ഭൂപടത്തില്‍ ഇടം നേടിയ ഷാര്‍ജ ബുക്ക് ഫെയര്‍ നേരിട്ടു കാണാന്‍ ഇട വന്നപ്പോള്‍ ഈ അറേബ്യന്‍ വസന്തം ഞാന്‍ നേരിട്ട് കണ്ടറിഞ്ഞതാണ്. എല്ലാത്തരം വിലക്കുകളെയും അതിലംഘിച്ച് സാഹിത്യത്തിന്റെ പച്ചത്തുരുത്തില്‍ അഭയം തേടുന്ന ഒരു വലിയ സംഘം പുതുനിര അറേബ്യന്‍ എഴുത്തുകാരെ ഷാര്‍ജ ബുക്ക് ഫെയറില്‍ കാണാനും പരിചയപ്പെടാനും എനിക്ക് കഴിഞ്ഞു.
അതിശയിപ്പിക്കുന്ന വിധം പെണ്ണെഴുത്തിന്റെ ഒരു വസന്തകാലമാണ് അറേബ്യന്‍ സാഹിത്യത്തില്‍. അക്കൂട്ടത്തില്‍ അന്താരാഷ്ട്ര പ്രശസ്തി നേടിയ പ്രമുഖ ഇറാനിയന്‍ എഴുത്തുകാരി മര്‍ജാന്‍ കമാലിയുടെ ദ സ്റ്റേഷണറി ഷോപ്പ് എന്ന നോവല്‍ വായിച്ചു തീര്‍ത്തപ്പോള്‍ ഇരട്ടവരയില്‍ പരിചയപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. നിരവധി അന്തര്‍ദേശീയ പുരസ്ക്കാരങ്ങള്‍ നേടിയ ഈ എഴുത്തുകാരി പേര്‍ഷ്യന്‍ സംസ്കാരത്തെ തന്റെ എഴുത്തുകളില്‍ ചേര്‍ത്തുപിടിക്കുന്നു
കാല്പനികമായ ഒരു പ്രണയകഥയ്ക്കപ്പുറം രാഷ്ട്രീയ പ്രാധാന്യമുള്ള ഒരു അനുരാഗകാവ്യമാണ് ഈ നോവല്‍. 1953 ല്‍ നടന്ന ഭരണ അട്ടിമറിയുടെ പിന്നാമ്പുറത്താണ് ഈ നോവല്‍ ഇതള്‍ വിരിയുന്നത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവായ ഇറാന് പ്രസിഡന്റ് മുഹമ്മദ് മൊസാദിനെ അമേരിക്കയുടെയും ഇംഗ്ലണ്ടിന്റെയും സഹായത്തോടെ വിമതര്‍ അധികാരത്തില്‍ പുറത്താക്കുകയായിരുന്നു. ഇറാന്റെ സമൃദ്ധമായ എണ്ണ ശേഖരത്തില്‍ കണ്ണുള്ള സാമ്രാജ്യത്വ ശക്തികള്‍ പുരോഗമന സര്‍ക്കാറിനെ അട്ടിമറിച്ച് മുഹമ്മദ് റസ ഷാ എന്ന വിമത നേതാവിനെ അധികാരത്തിലെത്തിച്ചു. 1953 ല്‍ നടന്ന ഈ രക്തരൂക്ഷിതമായ അട്ടിമറിയില്‍ 300 ഓളം ആളുകള്‍ കൊല്ലപ്പെട്ടു. ഈ ചരിത്ര സന്ധിയില്‍ നിന്നാണ് ഈ എഴുത്തുകാരി ഈ അസാധാരണമായ പ്രണയ കഥ പറയുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്.
1953ലാണ് നോവല്‍ ആരംഭിക്കുന്നത്. ഇറാനിലെ ടെഹറാന്‍ എന്ന നഗരത്തില്‍ സ്റ്റേഷനറി ഷോപ്പും പുസ്തകശാലയും നടത്തുകയാണ് ഫക്കിറി എന്ന മധ്യവയസ്കന്. പുരോഗമന ആശയങ്ങളുടെ കേന്ദ്രമായ ടെഹറാനിലെ ബുദ്ധിജീവികളുടെ കേന്ദ്രമാണ് ഈ പുസ്തകശാല. പത്ര പ്രവര്‍ത്തകനും വിപ്ലവകാരിയുമായ ബഹ്മാന് അസ്ലാന് എന്ന യുവാവ് ഈ പുസ്തകശാലയിലെ സ്ഥിര സന്ദര്‍ശകനാണ്.
റൂമിയുടെ ആരാധകനായ യുവാവിനെ ഫക്കിറിക്ക് ഒരുപാടിഷ്ടമാണ്. പുരോഗമനപരമായ ഒരു കുടുംബത്തിലെ അംഗമായ ഹൈസ്ക്കൂള് വിദ്യാര്‍ഥിനി റോയയും സ്ഥിരമായി ഈ സ്റ്റേഷനറി ഷോപ്പും പുസ്തകശാലയും സന്ദര്‍ശിക്കാറുണ്ട്. രസകരമായ പേനകള്‍, നോട്ടുബുക്കുകള്‍, മഷി, പുസ്തകങ്ങള്‍ എല്ലാം ഒരുക്കുന്ന ഒരു അത്ഭുതലോകം അവളെ ഏറെ ആകര്‍ഷിക്കുന്നു.
ഒരു ദിവസം പതിവുപോലെ ഷോപ്പിലെത്തുന്ന അവള് ബഹ്മാനെ കാണുന്നതോടെ അഗാധമായ ഒരു പ്രണയത്തിലേക്ക് വഴുതി വീഴുന്നു. അതിവേഗം തന്നെ ഇരുവരും അനുരാഗത്തിലേക്ക് പ്രവേശിക്കുന്നതിന് സഹായിയും സംരക്ഷനുമായി ഫക്കിറിയും മാറുന്നതോടെ പുസ്തകശാലയില്‍ പ്രണയം തളിര്‍ക്കുന്നു. പുസ്തകശാലയ്ക്കു പുറമെ നഗരത്തിലെ കഫേകള്‍, ഭക്ഷണശാലകള്‍, നൃത്തശാലകള്‍, സിനിമ തിയേറ്ററുകള്‍ എന്നിവിടങ്ങളിലൊക്കെയായി റോയയും ബഹ്മാനും പ്രണയം ആഘോഷിക്കുന്നു.
യുവവിപ്ലവകാരിയായ ബഹ്മാന് ഒരു പത്രപ്രവര്ത്തകന് എന്ന നിലയില്‍ പുരോഗമന വിശ്വാസികള്‍ക്കിടയില്‍ പ്രശസ്തനാണ്. റോയയുടെ സഹോദരിയാണ് സറി. വീട്ടില്‍ പിതാവും മാതാവും അവളുടെ ഈ ബന്ധത്തിന് അനുകൂലമായ നിലപാട് എടുക്കുന്നു.
വിവാഹ ആലോചനയിലേക്ക് പ്രണയം നീളുന്ന അവസരത്തിലാണ് രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധി ടെഹ്റാനിലും പിടി മുറുക്കുന്നത്. ഷാ അനുകൂലികള്‍ അധികാരത്തിലിരിക്കുന്ന പ്രസിഡണ്ടിനെ പുറത്താക്കാനുള്ള സമരത്തിലാണ്. ഇതിനിടയില്‍ സര്‍ക്കാറിനെ പിന്തുണക്കുന്ന ബഹ്മാനും തന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് പ്രകടനങ്ങളില്‍ പങ്കെടുക്കുന്നു. റോയയെ സമരങ്ങള്‍ ആശങ്കപ്പെടുത്തുന്നുണ്ട്. റോയയുടെ പിതാവും പ്രസിഡണ്ടിനെ പിന്തുണയ്ക്കുന്ന പുരോഗമന വാദിയാണ്.
രാജ്യം കലാപത്തിലേക്ക് നീങ്ങുമ്പോള്‍ ബഹ്മാന് വിവാഹ ആലോചനയുമായി റോയയുടെ കുടുംബത്തെ സമീപിക്കുന്നു. ഈ ബന്ധത്തിന് ബഹ്മാന്റെ ഉമ്മയ്ക്ക് താല്പര്യമില്ല. അവര്‍ മകനു വേണ്ടി മറ്റൊരു വധുവിനെ കണ്ടെത്തിയിട്ടുണ്ട്. ആ പെണ്‍കുട്ടിയാവട്ടെ റോയയെ തെരുവില്‍ തനിയെ കാണുമ്പോള്‍ ഭീഷണിപ്പെടുത്തുന്നുണ്ട്. തന്റെ കാമുകനും മാതാവും വീട്ടിലെത്തി വിവാഹാലോചനയില്‍ പങ്കെടുത്തത് അത്ര സുഖകരമായ രീതിയിലല്ലായിരുന്നു. കാമുകന്റെ ഉമ്മയുടെ എതിര്‍പ്പ് അവളെ പ്രതിസന്ധിയിലാക്കുന്നു.
കലാപം പൊട്ടിപ്പുറപ്പെടുന്നതോടെ ദുരൂഹ സാഹചര്യത്തില്‍ ബഹ്മാനെ കാണാതെ ആവുന്നതോടെ റോയ തകര്‍ന്നു പോവുന്നു. ഒളിവില്‍ നിന്നും ഫക്കിറി വഴി അയാള്‍ അവള്‍ക്ക് കത്തുകള്‍ അയക്കുന്നുണ്ടെങ്കിലും ഒന്നും വ്യക്തമല്ല. തെരുവ് കലാപത്തിലാണ്. രണ്ടും കല്പിച്ച് കാമുകനെ അന്വേഷിച്ച് പുസ്തകശാലയിലേക്ക് നടക്കുന്ന റോയ പ്രകടനക്കാര്‍ക്ക് നടുവില്‍ അകപ്പെട്ടു പോവുന്നു. പ്രകടനം നിമിഷ നേരം കൊണ്ട് കലാപമാവുന്നു. പുസ്തകശാല കലാപകാരികള്‍ തീയിടുന്നു. അവളുടെ കൈകളില്‍ കിടന്ന് ഫക്കിറി വെടിയേറ്റ് മരിക്കുന്നു. ഈ സംഭവത്തോടെ കടുത്ത വിഷാദത്തിലേക്ക് വഴുതി വീഴുന്നു.
വീട്ടില്‍ ദുഃഖിതയായി കഴിയുന്ന മകളെ ആശ്വസിപ്പിക്കാന്‍ പിതാവിന് മുന്നില്‍ ഒറ്റ വഴിയെ തെളിയുന്നു. തന്റെ പെണ്മക്കളെ അയാള്‍ ഏറെ നിര്‍ബന്ധിച്ച് അമേരിക്കയില്‍ ഉപരിപഠനത്തിനായ് അയക്കുക എന്നതാണത്. ഒടുവില്‍ ഇരുവരും ഉന്നത വിദ്യാഭ്യാസത്തിനായി കാലിഫോര്‍ണിയയില്‍ എത്തുന്നു. പ്രണയ തകര്‍ച്ചയില്‍ നിന്നും മെല്ലെ മോചിതയാവുന്ന റോയ അവസാനം വാള്‍ട്ടര്‍ എന്ന സഹപാഠിയില്‍ തന്റെ പുതു പ്രണയം കണ്ടെത്തുന്നു. സിറിയാവട്ടെ ജാക്ക് എന്ന ഒരു കവിയെ പ്രണയിക്കുന്നു. ഇരുവരും അമേരിക്കയില്‍ ഒരു പുതുജീവിതം തുടങ്ങുന്നു.
കാലം അതിവേഗം കടന്നുപോകവെ അവരുടെ ജീവിതത്തില്‍ പല പ്രതിസന്ധികളും ഉടലെടുക്കുന്നു. നോവല്‍ അവസാന ഭാഗത്തേക്ക് എത്തുമ്പോള്‍ കാലിഫോര്‍ണിയയില്‍ ഒരു സ്റ്റേഷനറി ഷോപ്പില്‍ റോയ തന്റെ പ്രിയപ്പെട്ടവനായ ബഹ്മാന്റെ മകനെ കണ്ടെത്തുന്നു. അയാളില്‍ നിന്നും അവള് തന്റെ പഴയ കാമുകന്റെ വിവരങ്ങളത്രയും അറിയുന്നുണ്ട്. തങ്ങള്‍ ഒരുമിച്ച് കണ്ട ഒരു സ്വപ്നം പോലെ ഒരു സ്റ്റേഷണറി ഷോപ്പ് അയാള്‍ സാധ്യമാക്കിയതില്‍ അവള് സന്തോഷിക്കുന്നുണ്ട്.
ടെഹ്റാനില്‍ നിന്നും അമേരിക്കയിലേക്ക് ബഹ്മാനും കുടുംബവും കുടിയേറുകയായിരുന്നു. അള്‍ഷിമേഴ്സ് ബാധിതനായി അയാളിപ്പോള്‍ ഒരു വൃദ്ധസദനത്തില്‍ കഴിയുകയാണ്. അവള് ബഹ്മാന്റെ സമീപത്തേക്ക് എത്തുന്നതോടെ. പഴയ കമിതാക്കളുടെ കൂടിക്കാഴ്ച്ചയോടെ നോവല്‍ അവസാനിക്കുന്നു
ഒരു അസാധാരണമായ പ്രണയ കഥയാണ് മര്‍ജാന്‍ കമാലി പറയുന്നത്. 1953 മുതല്‍ 2013 വരെ നീണ്ടുനില്‍ക്കുന്ന സമയ കാലങ്ങളിലൂടെ നോവല്‍ സഞ്ചരിക്കുന്നു. ആഖ്യാനത്തിന്റെ ദൃശ്യഭംഗി വായനയെ സവിശേഷ അനുഭവമാക്കുന്നു. പേര്‍ഷ്യന്‍ സംസ്കാരത്തിന്റെ പ്രത്യേകിച്ചും പേര്‍ഷ്യന്‍ ഭക്ഷണ വൈവിധ്യങ്ങളുടെ വിവരണങ്ങള്‍ ഈ നോവലിനെ കൂടുതല്‍ ആസ്വാദ്യകരമാക്കുന്നുണ്ട്. ഇറാന്റെ പുരോഗമന മുഖത്തില്‍ നിന്നുള്ള മാറ്റം ഈ നോവലിന്റെ രാഷ്ട്രീയ വായനയും സാധ്യമാക്കുന്നുണ്ട്.