ചര്‍ച്ച ചെയ്യപ്പെടുന്ന രാഷ്ട്രീയവും ചര്‍ച്ച ചെയ്യപ്പെടാത്ത യാഥാര്‍ഥ്യവും
|ഇന്ത്യയിലെ മുസ്‌ലിംകളും ഹിന്ദുക്കളും തമ്മില്‍ പരസ്പരം വെട്ടിയും കുത്തിയും മരിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ ഇന്ന് അവശേഷിച്ചിട്ടുള്ള പ്രായോഗികമായ ഒരേയൊരു മാര്‍ഗമാണ് ജംഇയതും ജമാഅത്തും ബറേല്‍വികളും ദയൂബന്ദുകളും ഇപ്പോള്‍ തിരഞ്ഞെടുത്തിട്ടുള്ള ആശയവിനിമയത്തിന്റേതായ മാര്‍ഗം. കുബുദ്ധികളും ദോഷൈക ദൃക്കുകളും ആരോപിക്കുന്നത് പോലെ മുസ്‌ലിംകളുടെ ആത്മാഭിമാനത്തിന് കോട്ടം വരുന്ന രീതിയിലുള്ള എന്തെങ്കിലും വിട്ടുവീഴ്ചകളോ കീഴടങ്ങലോ ഇക്കൂട്ടര്‍ ആര്‍.എസ്.എസിന് മുന്നില്‍ നടത്തിയതായി വിശ്വസിക്കാന്‍ നമുക്ക് തെളിവുകളില്ല. |TheFourthEye
ജംഇയ്യതുല്‍ ഉലമായെ ഹിന്ദ്, ജമാഅത്തെ ഇസ്‌ലാമി, ശിയാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് തുടങ്ങിയ സംഘടനകള്‍ ആര്‍.എസ്.എസ് നേതാക്കളായ ഇന്ദ്രേഷ് കുമാര്‍, റാം ലാല്‍, കൃഷ്ണ ഗോപാല്‍ എന്നിവരുമായി കഴിഞ്ഞ മാസം 14ന് ഡല്‍ഹിയില്‍ വെച്ച് നടത്തിയ ചര്‍ച്ച ഇപ്പോള്‍ കേരളത്തില്‍ ചൂടേറിയ ചര്‍ച്ചാവിഷയമാണ്. സമൂഹത്തില്‍ മുസ്‌ലിംകളെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തി അപരവല്‍കരിക്കാനുള്ള ഒരവസരവും പാഴാക്കാത്ത ഇന്ത്യയിലെ 'മതേതര' രാഷ്ട്രീയ വ്യവസായികളും മാധ്യമ തൊഴിലാളികളും ഏതെങ്കിലും അധോലോക സംഘത്തിന്റെ മധ്യസ്ഥതയില്‍ ഏതോ അജ്ഞാതകേന്ദ്രത്തില്‍ വെച്ച് നടത്തിയ രഹസ്യചര്‍ച്ചയുടെ പ്രതീതിയാണ് ഇപ്പോള്‍ ഈ സംഭവത്തില്‍ സൃഷ്ടിച്ചിട്ടുള്ളത്. എന്നാല്‍, ചര്‍ച്ചയുടെ ഒരു വശത്ത് വംശീയ രാഷ്ട്രീയത്തിന്റെ പ്രയോക്താക്കളായ ആര്‍.എസ്.എസ് പ്രതിനിധികള്‍ ആണെന്നത് മറക്കാതെ തന്നെ യഥാര്‍ഥത്തില്‍ സംഭവിച്ചത് എന്താണെന്ന് ഒന്ന് പരിശോധിക്കാം.
മുസ്‌ലിം സംഘടനാ പ്രതിനിധികളായി ചര്‍ച്ചയില്‍ പങ്കെടുത്ത മൊഹ്തസിം ഖാന്‍, നിയാസ് ഫാറൂഖി, ഫസലുര്‍ റഹ്മാന്‍, നയി ദുനിയയുടെ എഡിറ്ററായ ഷാഹിദ് സിദ്ദിഖി, അജ്മീര്‍ ദര്‍ഗ്ഗയുടെ പ്രതിനിധിയായ സല്‍മാന്‍ ചിഷ്തി എന്നിവരില്‍ ആരെങ്കിലും പിടികിട്ടാപ്പുള്ളികളോ രാജ്യം തലക്ക് വിലയിട്ടിട്ടുള്ള കൊടും ക്രിമിനലുകളോ ആണെന്ന് അവരുടെ രാഷ്ട്രീയ എതിരാളികള്‍ക്ക് പോലും അഭിപ്രായമുണ്ടാവുമെന്ന് തോന്നുന്നില്ല. ഇവരെ കൂടാതെ ചര്‍ച്ചക്ക് സാക്ഷികളായ മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമീഷണര്‍ എസ്.വൈ ഖുറേഷിയോ, അലിഗഢ് സര്‍വ്വകലാശാലയിലെ അക്കാദമിക വിദഗ്ധരോ സ്വന്തം പേരില്‍ ഒരു ക്രിമിനല്‍ കേസ് പോലുമുള്ളവരല്ല. ഇനി ആര്‍.എസ്.എസിന് മുന്നില്‍ മുട്ടിലിഴഞ്ഞു എന്നൊക്കെ മെലോഡ്രമാറ്റിക്ക് ആയി ട്രോള്‍ ഇറക്കാന്‍ ചര്‍ച്ച നടന്നത് നാഗപ്പൂരിലെ സ്വീകരണ മുറിയിലല്ല, ഡല്‍ഹിയുടെ മുന്‍ ലെഫ്റ്റിനന്റ് ഗവര്‍ണറായ നജീബ് ജംഗ് കുടുംബമായി താമസിക്കുന്ന വീട്ടിലാണ്.
വിവാദങ്ങള്‍ കൊഴുത്തത് കേരളത്തിലെ മുസ്‌ലിം സംരക്ഷണത്തിന്റെ സ്വയം പ്രഖ്യാപിത കുത്തക കഴിഞ്ഞ കുറച്ചു കാലമായി ഏറ്റെടുത്തിട്ടുള്ള വിപ്ലവ പാര്‍ട്ടിയുടെ രംഗപ്രവേശത്തോടെയാണ്. ആര്‍.എസ്.എസുമായി മുസ്‌ലിം സംഘടനകള്‍ നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ജനങ്ങളോട് പറയണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെയും സി.പി.എം സംസ്ഥാന സെക്രെട്ടറി ഗോവിന്ദന്‍ മാഷിന്റെയും ആവശ്യം. കേരളത്തിന്റെ സമകാലീന മുതലെടുപ്പ് രാഷ്ട്രീയം വെറുതെയൊന്ന് പിന്തുടരുന്നവര്‍ക്ക് ഇതെല്ലാം ചോദിക്കാനുള്ള മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ധാര്‍മികതയെ ചോദ്യം ചെയ്യാതെ പോകാനാവില്ല.
ഇക്കഴിഞ്ഞ കുറച്ചു കാലമായി മുസ്‌ലിം വോട്ട് ബാങ്കിനെ ഭിന്നിപ്പിച്ച് എല്‍.ഡി.എഫിന് നേട്ടമുണ്ടാക്കുക എന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ വിഭജന നാടകത്തിലെ മുഖ്യ കളിപ്പാവയായി അവതരിക്കാറുള്ളത് മുന്‍ ഉന്നതവിദ്യാഭ്യാസ മന്ത്രിയായ കെ.ടി ജലീല്‍ ആണെന്നത് നാം കാണാറുള്ളതാണല്ലോ. കൃത്യമായ ചരടുവലിയുടെ ഭാഗമായി പെരുന്തച്ചന്റെ മുഖത്തടിക്കുന്ന മരപ്പാവ കണക്കെ സി.പി.എം തിരക്കഥ രചിക്കുന്ന വോട്ട് ബാങ്ക് രാഷ്ട്രീയ നാടകങ്ങളില്‍ എതിര്‍ ചേരിയിലുള്ള മുസ്‌ലിം സംഘടനാ നേതാക്കന്മാരെ ചീത്ത വിളിക്കുന്നതില്‍ ഇദ്ദേഹം കാണിക്കാറുള്ള ശുഷ്‌കാന്തി ചെറുതല്ല. മുസ്‌ലിം ചെറുപ്പക്കാര്‍ക്കിടയില്‍ പരമ്പരാഗത ചേരിയായ കോണ്‍ഗ്രസ്സിനോട് കൃത്യമായ അകലം സൃഷ്ടിച്ച് പരമാവധി വോട്ടുകള്‍ ഇടത് പാളയത്തില്‍ എത്തിക്കുക എന്ന പിണറായിതന്ത്രം ഫലപ്രാപ്തിയില്‍ എത്തിക്കുകയും തന്റെ രാഷ്ട്രീയ യജമാനന്റെ രാജവാഴ്ചയുടെ തുടര്‍ച്ചക്ക് വഴിയൊരുക്കുകയും ചെയ്തത് 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തെ ജലീലിന്റെ സമയോചിതമായ ഇടപെടലുകള്‍ ആയിരുന്നുവല്ലോ. പ്രതീക്ഷിച്ച പോലെ ആര്‍.എസ്.എസ് ചര്‍ച്ചയുടെ വിഷയത്തിലും ജമാഅത്തിനെയും ജംഇയത്തിനെയും പ്രതിസ്ഥാനത്തു നിര്‍ത്തി മീന്‍ പിടിക്കാനുള്ള സി.പി.എം തന്ത്രത്തിന്റെ ഭാഗമായി പിണറായിയുടെ രംഗപ്രവേശത്തിന് മുന്നോടിയായുള്ള ആദ്യ വെടി പൊട്ടിച്ചതും വിശ്വസ്തനായ ജലീല്‍ സാഹിബ് തന്നെ.
ഇതിന്റെ വെളിച്ചത്തിലാണ് സംഘ്പരിവാറുമായി ചര്‍ച്ച നടത്തിയതിന് മുസ്‌ലിം സംഘടനകളെ കുറ്റപ്പെടുത്താനും പള്ള് പറയാനുമുള്ള സി.പി.എം പാര്‍ട്ടിയുടെയും അതിന്റെ ഇപ്പോഴത്തെ നടത്തിപ്പുകാരനായ പിണറായി വിജയന്റെയും വിശ്വാസ്യതയും യോഗ്യതയും നാം പരിശോധിക്കേണ്ടിയിരിക്കുന്നത്. കുറച്ചു കാലം മുന്‍പ് സി.പി.എമ്മും ആര്‍.എസ്.എസുമായി രണ്ടു തവണ ചര്‍ച്ച നടത്തിയതിന് താന്‍ മധ്യസ്ഥത വഹിച്ച കാര്യം കേരളത്തോട് തുറന്ന് പറഞ്ഞത് സത്സംഗ് ഫൗണ്ടേഷന്‍ എന്ന യോഗാ ഗവേഷണ സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായ ശ്രീ. എം ആണ്. കണ്ണൂര്‍ ജില്ലാ സെക്രെട്ടറി ആയിരുന്ന പി. ജയരാജന്റെ ആവശ്യപ്രകാരം മോഹന്‍ ഭാഗവതിന്റെ അംഗീകാരം വാങ്ങി കോടിയേരിയും ആര്‍.എസ്സ്.എസ്സ് നേതാവായ ഗോപാലന്‍കുട്ടി മാസ്റ്ററുമായി ചര്‍ച്ച ചെയ്ത് കൂടിക്കാഴ്ചയുടെ തീയതിയും സ്ഥലവും നിശ്ചയിച്ചത് താനാണ് എന്ന് ആര്‍.എസ്.എസിന്റെ അടുപ്പക്കാരനായ ശ്രീ. എം തുറന്ന് പറഞ്ഞതാണ്. കണ്ണൂരും തിരുവനന്തപുരത്തും നടന്ന രണ്ട് യോഗങ്ങളിലും സാക്ഷാല്‍ പിണറായി വിജയന്‍ പങ്കെടുത്ത കാര്യവും അദ്ദേഹമാണ് വെളിപ്പെടുത്തിയത്.
ആര്‍.എസ്.എസുമായി പാലം പണിത് തന്ന ശ്രീ. എമ്മിനോടുള്ള പിണറായിയുടെ ഉപകാരസ്മരണയുടെ കഥകള്‍ പുറത്തുവരാന്‍ പിന്നെ അധികം വൈകിയില്ല. തിരുവനന്തപുരം നഗരത്തില്‍ യോഗാ കേന്ദ്രം ആരംഭിക്കാനായി ആര്‍.എസ്.എസ് ദല്ലാളായ ശ്രീ. എമ്മിന് പിണറായി വിജയന്‍ സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയത് നാലേക്കര്‍ ഭൂമിയാണ്. സംസ്ഥാന തലസ്ഥാനത്ത് ഇത്രയും സ്ഥലം വിട്ടുനല്‍കാന്‍ മാത്രം എന്ത് നന്മയാണ് താന്‍ സംഘ്പരിവാര്‍ ഏജന്റായ ശ്രീ. എമ്മില്‍ കണ്ടത് എന്ന് പിണറായി വിജയന്‍ ഇന്നേവരെ സമൂഹത്തോട് വെളിപ്പെടുത്തിയിട്ടുണ്ടോ? ശ്രീ. എമ്മിന്റെ കാര്‍മികത്വത്തില്‍ തട്ടിക്കൂട്ടിയൊരുക്കിയ നാട്ടുകാര്‍ക്ക് അഞ്ചു നയാപ്പൈസയുടെ പ്രയോജനമില്ലാത്ത ആര്‍.എസ്.എസ് ബാന്ധവം കൊണ്ട് തനിക്കുണ്ടായ വ്യക്തിപരമായ നേട്ടങ്ങള്‍ എന്തെല്ലാമാണെന്നത് ഉള്‍പ്പെടെയുള്ള അടച്ചിട്ട മുറിയിലെ രഹസ്യങ്ങള്‍ സുതാര്യതയുടെ അപ്പോസ്തലരായ ഇടതുപക്ഷം ഇനി എന്നാണ് ജനങ്ങളോട് പറയുക?
മഴയും വെയിലും വകവെക്കാതെ കണിച്ചുകുളങ്ങരയിലെ വെള്ളാപ്പിള്ളി ഭവനത്തിന് മുന്നില്‍ ദര്‍ശന പുണ്യം പ്രതീക്ഷിച്ചു തൊഴുകൈയുമായി കാത്തുകിടക്കുന്ന രാഷ്ട്രീയ ഭിക്ഷാന്തേഹികള്‍ക്ക് പെരുന്ന വഴി പോയാല്‍ മന്നത്ത് പദ്മനാഭന്റെ സ്മരണകള്‍ തികട്ടി വരും. ഹിന്ദുവോട്ടുകള്‍ ഉറപ്പിക്കാനായി സമുദായ നേതാക്കന്മാരെ മത്സരിച്ചു പ്രീണിപ്പിക്കുന്ന ഇടതും വലതും വെവ്വേറെ അടച്ചിട്ട മുറിയില്‍ പറഞ്ഞുറപ്പിക്കാറുള്ള വോട്ട് കച്ചവടത്തിന്റെ കണക്കുകള്‍ ഏത് വെബ്സൈറ്റിലാണ് പ്രസിദ്ധപ്പെടുത്താറുള്ളത് എന്നറിഞ്ഞാല്‍ കൊള്ളാമായിരുന്നു.
അന്തിക്ക് ഇടയനെ കാണാതലയുന്ന തങ്ങളുടെ പെണ്‍ കുഞ്ഞാടുകളെ മുസ്‌ലിംകള്‍ കഞ്ചാവും മയക്കുമരുന്നും നല്‍കി നാര്‍ക്കോട്ടിക് ജിഹാദിലൂടെ മതംമാറ്റി സിറിയയിലേക്ക് കടത്തുന്നത് ഒളിച്ചിരുന്ന് കണ്ടെത്തിയ പാലാ ബിഷപ്പിന് പണ്ഡിത പട്ടം ചാര്‍ത്തി നല്‍കും മുന്‍പ് അദ്ദേഹവുമായി എന്ത് ഡീലാണ് ഉറപ്പിച്ചത് എന്ന് ജനങ്ങളോട് പറയണമെന്ന് മന്ത്രി വാസവനും തോന്നിയില്ല. ബിഷപ്പ് പ്രസിദ്ധീകരിച്ച ഏത് ഗവേഷണ പ്രബന്ധത്തിന്റെ ബലത്തിലാണ് വാസവന്‍ അദ്ദേഹത്തിന് പണ്ഡിതോചിത പരിഗണന നല്‍കിയത് എന്നെങ്കിലും അറിയാനുള്ള അവകാശം വോട്ടു കുത്തി മന്ത്രിമന്ദിരത്തിലേക്കയച്ച ജനങ്ങള്‍ക്കില്ലേ? സൂര്യന് കീഴെയുള്ള ഒരൊറ്റ മതനേതാവിനെപ്പോലും ഒഴിവാക്കാതെ ഏവരെയും വാരിപ്പുണര്‍ന്ന മാരത്തോണ്‍ മതപ്രീണനത്തിന്റെ വിശദാംശങ്ങള്‍ കൊള്ളാവുന്ന ചുരുക്കം ചില രാഷ്ട്രീയക്കാരില്‍ ഒരാള്‍ എന്ന് കരുതിപ്പോയ ശശി തരൂരിനും വെളിപ്പെടുത്തേണ്ടി വന്നില്ല എന്നതും മറക്കാതിരിക്കുക.
എന്തിനധികം? ആര്‍.എസ്.എസിന്റെ അടുപ്പക്കാരനും അവരുടെ ഹിന്ദുത്വ രാഷ്ട്രീയ മുന്നണിയായ എന്‍.ഡി.എ കുടുംബാംഗവുമായ തുഷാര്‍ വെള്ളാപ്പള്ളിയെ വണ്ടിച്ചെക്ക് കേസില്‍ യു.എ.ഇ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം നിങ്ങള്‍ക്ക് ഓര്‍മയുണ്ടാവുമല്ലോ. ആര്‍.എസ്.എസിന്റെ രാഷ്ട്രീയ പങ്കാളിയായ തുഷാറിന് വേണ്ടി വിടുതല്‍ ശിപാര്‍ശയുമായി വിദേശകാര്യ മന്ത്രി ജയ്ശങ്കറിന് കത്തെഴുതാന്‍ തന്നെ പ്രേരിപ്പിച്ചത് വിശാലമായ രാഷ്ട്രതാല്‍പര്യമോ അതോ അതിലും വിശാലമായ ബിസിനസ് താല്‍പര്യമോ എന്ന് ജനങ്ങളോട് കുമ്പസരിക്കാന്‍ സാക്ഷാല്‍ പിണറായി വിജയന് ബാധ്യതയുണ്ടായിരുന്നില്ലേ? അതില്ലെന്ന് മാത്രമല്ല, മുസ്‌ലിം സംഘടനകള്‍ക്ക് അവര്‍ തിരിയുന്നതും തല ചൊറിയുന്നതുമെല്ലാം മതേതര ജനസമൂഹത്തിന് മുന്നില്‍ രേഖാമൂലം സമര്‍പ്പിക്കേണ്ട ബാധ്യതയുണ്ട് താനും.
മുസ്‌ലിം വിരുദ്ധതയുടെ ചൂണ്ടയുമായി കേരളം എന്ന കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനിറങ്ങിയിട്ടുള്ള പിണറായി വിജയന്‍ എന്ന രാഷ്ട്രീയക്കാരന്‍ ജമാഅത്തിന്റെ നേര്‍ക്ക് തൊടുത്തിട്ടുള്ള ഒളിയമ്പുകളുടെ ലക്ഷ്യം രണ്ടാണ് എന്ന് മനസ്സിലാക്കാം. ബി.ജെ.പിയുടെ സ്വപ്നപദ്ധതിയായ കോണ്‍ഗ്രസ് മുക്ത കേരളം എന്ന ഒറ്റ ലക്ഷ്യത്തിലേക്ക് കാര്യങ്ങളെ കൊണ്ടുചെന്ന് എത്തിക്കുന്നതിന് ഓപ്പറേഷന്‍ പിണറായി ദ്വിമാന പാതയാണ് സ്വീകരിച്ചിട്ടുള്ളത്. ഒന്നാമതായി മുസ്‌ലിം സംഘടനകളില്‍ വിള്ളലുണ്ടാക്കി സ്വയം ന്യൂനപക്ഷ സംരക്ഷണത്തിന്റെ ഹോള്‍സെയ്ല്‍ ഡീലര്‍ ചമഞ്ഞ് കോണ്‍ഗ്രസില്‍ നിന്ന് കഴിയുന്നത്ര പരമ്പരാഗത
മുസ്‌ലിം വോട്ടുകളെ അടര്‍ത്തിയെടുക്കുക. രണ്ടാമതായി, മുസ്‌ലിം വോട്ടുകള്‍ കഴിയുന്നത്ര ഉറപ്പിച്ച ശേഷം ഹിന്ദുക്കളിലും കൃസ്ത്യാനികളിലും മുസ്‌ലിംകളോടുള്ള അവിശ്വാസം പരമാവധി ആളിക്കത്തിച്ച് അവരെ സംഘ്പരിവാറിന്റെ തൊഴുത്തിലും തൊടിയിലും യഥേഷ്ടം മേയാന്‍ വിടുക. ഈ വിധം ഹിന്ദുത്വരാഷ്ട്രീയത്തിന് വെള്ളവും വളവും നല്‍കി സഹായിക്കുന്ന ഒപ്പേറഷന്‍ പിണറായിക്കുള്ള പ്രത്യുപകാരമാണ് അദ്ദേഹത്തിന്റെ മൂക്കിന് കീഴെ നടന്ന സ്വര്‍ണക്കടത്ത് കേസും ഒച്ചിനെക്കാള്‍ പതിയെ ഇഴഞ്ഞു നീങ്ങുന്ന ലാവലിന്‍ കേസും ഇന്നും മോദിയുടെ ഏജന്‍സികളുടെ കണ്ണില്‍പ്പെടാത്തത് എന്ന് ആര്‍ക്കാണ് അറിയാത്തത്?
ജമാഅത്തിന്റെ പ്രതിനിധികളെ ചാനല്‍ ചര്‍ച്ചകളില്‍ വിളിച്ചു വരുത്തി വായ തുറക്കാന്‍ അനുവദിക്കാതെ 'ഇതില്‍ ഇസ്‌ലാമോഫോബിയ എവിടെ' എന്ന് നിര്‍ത്താതെ ആവേശം കൊള്ളുന്ന ആങ്കര്‍ വേഷം കെട്ടിയ വിപ്ലവപാര്‍ട്ടിയുടെ നാവു തീപ്പന്തങ്ങളുടെ വിധേയനാടകങ്ങളും നാം ഇക്കഴിഞ്ഞ ദിവസം കണ്ടതാണ്. പട്ടാപ്പകല്‍ കണ്ണുകെട്ടിയിരുന്ന് 'സൂര്യനെവിടെ'യെന്ന് അന്വേഷിക്കുന്ന മതേതരമാധ്യമങ്ങള്‍ക്ക് ഇത്രയും പറഞ്ഞതില്‍ നിന്ന് തങ്ങളുടെ ചോദ്യത്തിനുള്ള ഉത്തരം കിട്ടിക്കാണുമെന്ന് കരുതുന്നു.
ഇസ്‌ലാമോഫോബിയ എന്ന എരിതീയില്‍ ഒരല്‍പം എണ്ണയൊഴിക്കാന്‍ കിട്ടുന്ന അവസരങ്ങളൊന്നും തന്നെ പാഴാക്കാന്‍ താല്‍പര്യമില്ലാത്ത 'സെക്യൂലര്‍ മൈന്‍ഡ് സെറ്റ്' എളുപ്പം മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാല്‍, സ്വന്തം കാല്‍പാദങ്ങളില്‍ തന്നെ ആഞ്ഞുവെട്ടുന്ന ചില മുസ്‌ലിം സംഘടകളുടെ മതേതര മതിവിഭ്രമം എത്ര ചിന്തിച്ചിട്ടും പിടികിട്ടുന്നില്ല. കൂട്ടത്തിലുള്ളവരെ പുള്ളിതൊട്ട് മതേതര പരസ്യ വിചാരണക്ക് എറിഞ്ഞുകൊടുത്ത് ഒരല്‍പം കൂടുതല്‍ മതേതരന്മാരായി ചമയാനുള്ള ഇക്കൂട്ടരുടെ ജിജ്ഞാസയെ തികഞ്ഞ വങ്കത്തവും കുതികാല്‍വെട്ടുമായി മാത്രമേ കാണാനാവൂ. കുറഞ്ഞപക്ഷം ഹിന്ദുത്വ അക്രമികളുടെ ത്രിശൂലത്തിനും ദണ്ഡകള്‍ക്കും മുന്നില്‍ ഹോമിക്കപ്പെടും മുന്‍പ് ഇരകളായ മുസ്‌ലിംകളുടെ കൂറ് ജമാഅത്തിനോടോ ജംഇയ്യതിനോടോ മുജാഹിദിനോടൊ സുന്നി സംഘടനകളോടോ എന്നത് അക്രമികള്‍ക്ക് ഒരു പ്രശ്‌നമേ ആയിരുന്നില്ല എന്നതെങ്കിലും മഹത്തായ ഒരു സമുദായത്തിനുള്ളില്‍ കാപട്യത്തിന്റെ വിഷമിറ്റുന്ന മതേതരനാട്യക്കാര്‍ ഓര്‍ക്കേണ്ടതാണ്.
ഇന്ത്യയിലെ തെരുവുകളില്‍ ഓരോ മണിക്കൂറിലും അക്രമിക്കപ്പെടുന്ന മുസ്‌ലിം ജീവിതങ്ങള്‍ക്ക് മുന്നില്‍ കുറുവടിയും ശൂലവും കഠാരയുമായി പ്രത്യക്ഷപ്പെടുന്ന അക്രമികള്‍ക്കെല്ലാം സംഘ്പരിവാര്‍ എന്ന ഒരൊറ്റ ആശയപരിസരവും പരിരക്ഷയുമാണുള്ളത് എന്നത് അവിതര്‍ക്കിതമാണ്. സര്‍വ്വ ആക്രമണങ്ങള്‍ക്കും ചൂട്ടു പിടിച്ചു കൊടുക്കുകയും നിയമപരിരക്ഷ ഉള്‍പ്പെടെ ഒരുക്കുകയും ചെയ്യുന്ന ഹിന്ദുത്വ സ്റ്റേറ്റിന്റെ മൂര്‍ത്തരൂപമായ ആര്‍.എസ്.എസുമായി ചര്‍ച്ചക്കുള്ള പ്രസക്തിയെന്ത് എന്ന ചോദ്യം ഒറ്റനോട്ടത്തില്‍ ആശയഭദ്രമാണ് എന്ന് തോന്നാം. മൂര്‍ഖന്റെ വിഷപ്പല്ലില്‍ കോള്‍ഗേറ്റോ സെന്‍സൊഡൈനോ അല്ല സാക്ഷാല്‍ പതഞ്ജലിയുടെ ദന്തചൂര്‍ണ്ണമിട്ട് തേച്ചിട്ടും പ്രയോജനമില്ല എന്നത് സത്യം തന്നെ. എന്നാല്‍, മുസ്‌ലിം എന്ന സ്വത്വമൊന്ന് മാത്രം മൂലം വിടരും മുന്‍പേ കൊഴിയാനുള്ള വിധിയും പേറി നില്‍ക്കുന്ന പിഞ്ചു കുഞ്ഞുങ്ങള്‍ അടക്കമുള്ള സമൂഹത്തിന് മുന്നിലേക്ക് 'ആര്‍.എസ്.എസുമായി ചര്‍ച്ചയില്ല' എന്ന നിര്‍വികാര നിലപാടിലൂടെ ജീവിതത്തിന്റെ വാതില്‍ തന്നെ കൊട്ടിയടക്കുന്നത് ഉത്തരവാദിത്വത്തില്‍ നിന്നുള്ള ഒളിച്ചോട്ടം മാത്രമല്ല തികഞ്ഞ ഭീരുത്വം കൂടിയാവും എന്നതാണ് തന്റെ ബോധ്യം.
ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ തങ്ങള്‍ ഇരകളാക്കപ്പെടുന്ന വംശീയ രാഷ്ട്രീയത്തിന് കാരണക്കാരായ ആര്‍.എസ്.എസിന് മുന്നില്‍ തന്നെ അതിനുള്ള പരിഹാരമാര്‍ഗവും തേടേണ്ടി വരിക എന്നത് ഒരര്‍ഥത്തില്‍ മുസ്‌ലിംകളുടെ ഗതികേടായി കാണാവുന്നതാണ്. ഇന്ത്യ എന്ന രാജ്യത്തിന്റെ വികസനത്തിനും സാംസ്‌കാരിക പൈതൃക ഗരിമക്കും ഹിന്ദുവിനോളം തന്നെ മുതല്‍മുടക്കിയിട്ടുള്ള മഹത്തായ സമൂഹത്തിനെ ഈ ഗതികെട്ട അവസ്ഥയില്‍ കൊണ്ടുചെന്നെത്തിച്ചതിന്റെ അപരാധഭാരത്തില്‍ നിന്ന് ഒരൊറ്റ മുസ്‌ലിം സംഘടനക്കും കൈകഴുകാനാവില്ല. ഈ സാഹചര്യത്തില്‍ തികഞ്ഞ ദൈന്യതയിലും ദാരിദ്ര്യത്തിലും രണ്ടറ്റം കൂട്ടിമുട്ടിക്കാനായി പകലന്തിയോളം പണിയെടുത്തിട്ടും സ്വസ്ഥമായി ഒന്നുറങ്ങാനുള്ള സുരക്ഷിതത്വബോധം അന്യമായിക്കഴിഞ്ഞ മഹാഭൂരിപക്ഷം വരുന്ന ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് മുന്നിലുള്ളത് രണ്ട് വഴികളാണ്.
ഒന്ന്, തെരുവുകളില്‍ അഴിഞ്ഞാടുന്ന സംഘ്പരിവാറിന്റെ അക്രമികളെ അതേ മാതൃകയില്‍ ആയുധമെടുത്ത് നേരിടുക. അത്യന്തം അപകടകരവും അബദ്ധജടിലവുമായ ഈ പാത സ്വീകരിക്കുന്ന പക്ഷം മനുഷ്യരെ പട്ടിണിക്കോലങ്ങളാക്കി മാറ്റിയ റുവാണ്ട, സുഡാന്‍ തുടങ്ങിയ രാജ്യങ്ങളെക്കാള്‍ വിനാശകരമായ ആഭ്യന്തരയുദ്ധത്തിലേക്കാവും മനുഷ്യത്വത്തിന്റെ കളിത്തൊട്ടില്‍ എന്ന് മാര്‍ക്ക് ടൈ്വന്‍ വിശേഷിപ്പിച്ച നമ്മുടെ മാതൃഭൂമി കൂപ്പുകുത്തുക. ഒപ്പം, ഹിന്ദുക്കളുടെ ജീവന്‍ കവര്‍ന്ന് ഗസ്വ-എ-ഹിന്ദ് സ്ഥാപിക്കാന്‍ വെമ്പല്‍ കൊള്ളുന്ന അക്രമിക്കൂട്ടം എന്ന ആര്‍.എസ്.എസിന്റെ വ്യാജപ്രചാരണങ്ങള്‍ക്ക് പ്രവര്‍ത്തിയിലൂടെ സ്ഥിരീകരണം നല്‍കുക എന്ന മഹാപരാധം കൂടിയാവും മുസ്‌ലിംകള്‍ ചെയ്യുക.
മുസ്‌ലിംകളുടെ ഭാഗത്തു നിന്ന് ഒരു ചെറിയ പാകപ്പിഴക്കായി കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുന്ന ഹിന്ദുത്വ ഭരണകൂടം അതിന്റെ മര്‍ദനോപാധികളായ സകലമാന സംഹാര സംവിധാനങ്ങളെയും മുസ്‌ലിംകള്‍ക്ക് മേല്‍ കെട്ടഴിച്ചു വിടാന്‍ പിന്നെ താമസമുണ്ടാകില്ല. ഗുജറാത്തില്‍ തങ്ങള്‍ നടത്തിയ മുസ്‌ലിം വംശഹത്യയെ 'അക്രമികള്‍ക്കുള്ള താക്കീത്' എന്നാക്കി വക്രീകരിച്ചു ന്യായീകരണം ചമച്ച ആഭ്യന്തരമന്ത്രി ഭരിക്കുന്ന രാജ്യത്ത് എടുത്തുചാട്ടം സര്‍വ്വനാശത്തിലേക്കുള്ള ആദ്യ പടിയാണെന്നത് സവര്‍ണ്ണ ഹിന്ദുക്കളല്ലാത്ത മനുഷ്യരെല്ലാം മനസ്സില്‍ എപ്പോഴും കരുതേണ്ട പാഠമാണ്. കുറഞ്ഞ പക്ഷം ഒരു ബില്‍ക്കിസ് ബാനുവിന്റെയോ സക്കിയ ജഫ്രിയുടെയോ അനാഥത്വത്തിന് നേര്‍ക്ക് നിഷ്‌കരുണം വാതിലുകള്‍ കൊട്ടിയടക്കുന്ന സര്‍ക്കാര്‍-നീതിന്യായ സംവിധാനങ്ങളുടെ കഠിനമായ നിര്‍വികാരത താങ്ങാന്‍ ഇനിയൊരിക്കല്‍ കൂടി ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് കഴിയുമെന്ന് തോന്നുന്നില്ല.
ഇന്ത്യയിലെ മുസ്‌ലിംകളും ഹിന്ദുക്കളും തമ്മില്‍ പരസ്പരം വെട്ടിയും കുത്തിയും മരിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ ഇന്ന് അവശേഷിച്ചിട്ടുള്ള പ്രായോഗികമായ ഒരേയൊരു മാര്‍ഗമാണ് രണ്ടാമത്തേത്. അതാണ് ജംഇയതും ജമാഅത്തും ബറേല്‍വികളും ദയൂബന്ദുകളും ഇപ്പോള്‍ തിരഞ്ഞെടുത്തിട്ടുള്ള ആശയവിനിമയത്തിന്റേതായ മാര്‍ഗം. കുബുദ്ധികളും ദോഷൈക ദൃക്കുകളും ആരോപിക്കുന്നത് പോലെ മുസ്‌ലിംകളുടെ ആത്മാഭിമാനത്തിന് കോട്ടം വരുന്ന രീതിയിലുള്ള എന്തെങ്കിലും വിട്ടുവീഴ്ചകളോ കീഴടങ്ങലോ ഇക്കൂട്ടര്‍ ആര്‍.എസ്.എസിന് മുന്നില്‍ നടത്തിയതായി വിശ്വസിക്കാന്‍ തല്‍ക്കാലം നമുക്ക് മുന്നില്‍ തെളിവില്ല. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പായി അയോധ്യ, മുത്വലാഖ് തുടങ്ങിയ വിഷയങ്ങളില്‍ നേടിയെടുത്തത് പോലുള്ള ഒരു അനുകൂല പരിണതി സി.എ.എ, ഏക സിവില്‍ കോഡ്, കാശി, മഥുര തുടങ്ങിയ വിഷയങ്ങളില്‍ 2024ലെ തിരഞ്ഞെടുപ്പിന് മുന്‍പായി ഒപ്പിച്ചെടുക്കാന്‍ ആര്‍.എസ്.എസിന് താല്‍പര്യമുണ്ടാവും എന്നുറപ്പ്. ഇതിനൊന്നും മുന്നില്‍ വഴങ്ങാത്ത വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിച്ച് ചര്‍ച്ചകള്‍ തുടരുന്നതില്‍ ജനാധിപത്യ വിശ്വാസികള്‍ക്കും സമാധാന പ്രേമികള്‍ക്കും എതിര്‍പ്പുണ്ടാവേണ്ട കാര്യമില്ല. മുസ്‌ലിം സംഘടനകള്‍ ചര്‍ച്ച നടത്തുന്നത് ആര്‍.എസ്.എസുമായിട്ടല്ല, മറിച്ച് ഇന്ത്യന്‍ മുസ്‌ലിംകളുടെ ജീവിതങ്ങള്‍ക്ക് മേല്‍ നിര്‍ണ്ണയ സ്വാധീനവും നിയന്ത്രണാധികാരവുമുള്ള സംഘ്പരിവാര്‍ എന്ന രാജ്യം ഭരിക്കുന്ന സംഘടനയുമായിട്ടാണ്.
എത്ര ചിന്തിച്ചിട്ടും പിടി കിട്ടാത്ത കാര്യം സി.പി.എമ്മുമായി ഒന്നല്ല നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയപ്പോഴൊന്നും തകര്‍ന്നു വീഴാത്ത ആകാശം മുസ്‌ലിം സംഘടനകള്‍ ആര്‍.എസ്.എസുമായി ചര്‍ച്ച നടത്തുമ്പോള്‍ എങ്ങനെ തകര്‍ന്നു വീഴുന്നു എന്നതാണ്. മതപരമായ തഖ്വയില്‍ ഉറച്ചു നിന്നുകൊണ്ട് സാമൂഹികമായ ഉത്തരവാദിത്വങ്ങള്‍ കുടുംബത്തോടും സമൂഹത്തോടും രാജ്യത്തോടും നിറവേറ്റുന്നതിന് ബാധ്യതപ്പെട്ട സമൂഹമാണ് ഇസ്‌ലാം. സാമൂഹിക ബന്ധങ്ങള്‍, വസ്ത്രധാരണ രീതി, ഭക്ഷണരീതി, ആരാധനാക്രമങ്ങള്‍ തുടങ്ങിയവയിലെല്ലാമുള്ള നിഷ്‌കര്‍ഷത ഓരോ മുസ്‌ലിമിന്റേയും ബാധ്യതയാണ്.
തികച്ചും രാഷ്ട്രീയ പ്രേരിതവും അനവസരത്തിലുള്ളതുമായ സ്ത്രീശാക്തീകരണ-പുരോഗമന വിദണ്ഡവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് ഇസ്‌ലാമിനെതിരെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ആക്രമണം നടത്തുന്ന സി.പി.എമ്മിന്റെ കാപട്യങ്ങള്‍ നാം നിരവധി തവണ കണ്ടിട്ടുണ്ട്. സാമൂഹിക മുന്നേറ്റങ്ങള്‍ക്ക് നിരന്തരം വിലങ്ങുതടിയാവുന്ന പ്രശ്‌നക്കാര്‍ എന്ന ചാപ്പ ഇസ്‌ലാമിക സമൂഹത്തിന് മേല്‍ ഉറപ്പിച്ചു നിര്‍ത്താനായി പഴയിടത്തിന്റെ സദ്യയില്‍ കോഴിക്കാല് തിരഞ്ഞിറങ്ങിയ അരുണ്‍ കുമാറിനെപ്പോലുള്ള ഇടത് പുരോഗമന ശകുനിമാരെയും നാം കണ്ടു. ഹിജാബിനെ പ്രാകൃതവും സ്ത്രീവിരുദ്ധവുമായി പരസ്യമായി ചിത്രീകരിച്ച കമ്മ്യൂണിസ്റ്റുകാര്‍ വഖ്ഫും സ്‌കൂള്‍ യൂണിഫോമും തുടങ്ങി അതിവിചിത്രമായ ലൈംഗിക സ്വത്വവിവാദങ്ങള്‍ വരെ ഉയര്‍ത്തിക്കൊണ്ടുവരിക വഴി ലക്ഷ്യംവെച്ചത് ഇസ്‌ലാമിനെ പുരോഗമനവിരുദ്ധമെന്ന കള്ളിയില്‍ കെട്ടിയിട്ട് പരസ്യവിചാരണ നടത്താനായിരുന്നു എന്നത് വ്യക്തം.
ആര്‍.എസ്.എസുമായി ചര്‍ച്ചക്ക് തയ്യാറായതിലെ ശരിതെറ്റുകള്‍ തീരുമാനിക്കാനുള്ള അളവുകോല്‍ മുസ്‌ലിംകള്‍ക്ക് നേരെ നടന്നിട്ടുള്ള അക്രമങ്ങളാണെങ്കില്‍ കുറഞ്ഞപക്ഷം കേരളത്തിലെങ്കിലും സി.പി.എമ്മുമായി യാതൊരു വിധ ആശയവിനിമയവും സാധൂകരിക്കപ്പെടില്ല എന്ന് പറയേണ്ടതായി വരും. സി.പി.എമ്മിന്റെ അക്രമങ്ങളില്‍ കൊല്ലപ്പെട്ടിട്ടുള്ള മുസ്‌ലിംകളുടെ എണ്ണം ആര്‍.എസ്.എസുകാര്‍ കൊന്നുതള്ളിയ മുസ്‌ലിംകളുടെ എണ്ണത്തേക്കാള്‍ തീരെ കുറവല്ല. മുസ്‌ലിംകളുടെ ജീവന്‍ വെച്ച് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എപ്രകാരമാണ് രാഷ്ട്രീയ നേട്ടമുണ്ടാക്കിയത് എന്നതിന് 2009ലെ ബീമാപ്പള്ളി വെടിവെപ്പ് തന്നെ പര്യാപ്തമായ തെളിവാണ്. ആറ് മുസ്‌ലിംകളെ വെടിവെച്ചു കൊന്ന ശേഷം അവരെ കോടിയേരി ബാലകൃഷ്ണന്റെ പൊലീസ് ചെറിയതുറയിലെ ക്രിസ്ത്യന്‍ പള്ളി ആക്രമിക്കാന്‍ പദ്ധതിയിട്ടവര്‍ എന്ന് അധിക്ഷേപിക്കുകയാണ് ഉണ്ടായത്. കലാപം തടയാനുള്ള പൊലീസ് ഇടപെടല്‍ എന്ന പേരില്‍ സംഭവത്തെ വെള്ള പൂശാന്‍ അന്നത്തെ അച്യുതാനന്ദന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും പിന്നീട് സംഭവത്തെക്കുറിച്ച് അനേഷിച്ച ജസ്റ്റിസ് രാമകൃഷ്ണന്‍ കമീഷന്‍ പൊലീസ് രചിച്ച കള്ളക്കഥ വെളിച്ചത്തു കൊണ്ടുവന്നു. ഇടത്-വലതു സര്‍ക്കാരുകള്‍ പരസ്പരം സഹകരിച്ച് കമീഷന്‍ റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചപ്പോള്‍ നഷ്ടം മരണപ്പെട്ട മുസ്‌ലിംകളുടെ കുടുംബങ്ങള്‍ക്ക് മാത്രമായി.
സ്വന്തം സമുദായത്തിന്റെ താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും രാജ്യതാല്‍പര്യത്തിനൊപ്പം തന്നെ പാര്‍ശ്വവത്കൃതരായ സ്വജനങ്ങളുടെ അവകാശങ്ങള്‍ക്കായി ഭിന്നതകള്‍ മറന്ന് ഒരുമിക്കാനും മുസ്‌ലിം സംഘടനകള്‍ തയ്യാറാവേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഒറ്റ നോട്ടത്തില്‍ എന്റെ ഈ അഭിപ്രായം മതേതരവിരുദ്ധം എന്ന് തോന്നിക്കാവുന്നതാണെന്നതില്‍ സംശയമില്ല. എന്നാല്‍, ജനപ്രതിനിധികളും മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും മുസ്‌ലിം വംശഹത്യക്ക് പരസ്യമായി കോപ്പുകൂട്ടുകയും ദേശീയതയുടെ കപടമുഖമണിഞ്ഞുകൊണ്ട് നിയമസംവിധാനത്തെ അട്ടിമറിക്കുകയും ചെയ്യുന്ന ഇന്നത്തെ ഇന്ത്യയില്‍ വിഘടിച്ചു നിന്ന് പരസ്പരം ചെളിവാരിയെറിയുന്ന മുസ്‌ലിം സംഘടനകളെ കാത്തിരിക്കുന്നത് സ്വന്തം പൗരത്വത്തിന്റെ മൂല്യം പോലും തുലാസിലാടുന്ന ആപല്‍ക്കരമായ സാഹചര്യമായിരിക്കും എന്ന് തീര്‍ച്ച.
മതവിശ്വാസം എന്ന കാരണത്താല്‍ മാത്രം സംഘ്പരിവാറിന്റെ ക്രൂരമായ ആക്രമണങ്ങള്‍ക്ക് നിരന്തരം വിധേയരാകുന്ന മുസ്‌ലിംകള്‍ ഇന്നത്തെ ഇന്ത്യയില്‍ തങ്ങളുടെ ഏറ്റവും മൂല്യവത്തായ സ്വത്തും അതേ മതസ്വത്വം തന്നെയെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. ജനാധിപത്യ വ്യവസ്ഥയില്‍ അതിനിര്‍ണ്ണായക സ്വാധീനം ചെലുത്താന്‍ മാത്രം ശക്തിയും അര്‍ഹതയുമുള്ള മുസ്‌ലിം വോട്ട് ബാങ്കിലെ ഓരോ അംഗത്തിനുമുള്ള മൂല്യമേറെയാണ്. അടക്കാനാവാത്ത വംശീയവിരോധവും നുരഞ്ഞുപൊന്തുന്ന വെറുപ്പും ഉള്ളിലൊളിപ്പിച്ചും ആര്‍.എസ്.എസുകാര്‍ ചര്‍ച്ചക്കുള്ള വാതിലുകള്‍ മുസ്‌ലിം സംഘടനകള്‍ക്ക് മുന്നില്‍ തുറന്നിടുന്നതിന് പിന്നിലെ പ്രേരകഘടകവും മറ്റൊന്നല്ല. പട്ടാപ്പകല്‍ തങ്ങള്‍ക്ക് നേരെ ക്രൂരമായ അക്രമങ്ങള്‍ നടത്തിയിട്ട് ഭരണഘടനയെയും നിയമവ്യവസ്ഥയെയും കേവലം കൈയില്‍ കെട്ടിയ ചരടിന്റെ ബലത്തില്‍ അട്ടിമറിക്കുന്ന അരാജകസമൂഹത്തില്‍ തങ്ങള്‍ക്ക് ബാക്കിയുള്ള ഏക രക്ഷാകവചം വിശ്വാസത്തിന്റെ ദൃഢതയില്‍ ഉറപ്പിച്ചു നിര്‍ത്തേണ്ട പരസ്പര സഹകരണവും ഐക്യവുമാണെന്ന് ഇനിയെങ്കിലും തമ്മില്‍ തല്ലാന്‍ കാരണം നോക്കിയിരിക്കുന്ന മുസ്‌ലിം സംഘടനകള്‍ തിരിച്ചറിയുന്നത് നന്നായിരിക്കും.
അധികമാരും തയ്യാറാവാത്ത ഈ തുറന്നെഴുത്തിനെ രാജ്യതാല്‍പര്യങ്ങള്‍ക്ക് മേല്‍ മതവിശ്വാസത്തെ പ്രതിഷ്ഠിക്കാനുള്ള ആഹ്വനം എന്ന് വക്രീകരിക്കാന്‍ നിക്ഷിപ്ത താല്‍പര്യക്കാര്‍ മുതിരും എന്നുറപ്പ്. വൈദേശിക അടിമത്തത്തില്‍ നിന്ന് നാടിനെ മോചിപ്പിക്കാന്‍ ക്വിറ്റ് ഇന്ത്യ ഉള്‍പ്പെടെയുള്ള സമരമാര്‍ഗങ്ങള്‍ സംഘടിപ്പിച്ച ഗാന്ധിയെയും ബോസിനെയും ഒറ്റുകൊടുത്തവരില്‍ നിന്ന് ദേശസ്‌നേഹവും ജന്മഭൂമിയോടുള്ള കടമയും പഠിക്കേണ്ട ഗതികേടില്‍ ഇന്ത്യയിലെ മുസ്‌ലിംകള്‍ എത്തിയിട്ടില്ല. അക്കാലത്ത് സംഘ്പരിവാറിന്റെ ദേശസ്‌നേഹ മാതൃകയില്‍ ബ്രിട്ടീഷുകാരുടെ ചുടുചോറ് വാരാന്‍ കൂട്ടാക്കാതെ ശിരസ്സുയര്‍ത്തി നിന്ന് മാതൃരാജ്യത്തിന് വേണ്ടി പൊരുതിയ മുസ്‌ലിം സംഘടനകള്‍ ഇക്കാലത്ത് വ്യാജദേശസ്‌നേഹികളുടെ ചുടുചോറ് വാരി പരസ്പരം കലഹിച്ചു നശിക്കരുത് എന്ന് മാത്രമാണ് അഭ്യര്‍ഥന.