
ഹിറ്റ്മാനും നീലപ്പടയും ഫിറ്റാണ്

പ്രായവും ശരീരഘടനയൊന്നും തന്റെ വീര്യം തകർത്തിട്ടില്ലെന്ന് കളിയിലെ മാൻ ഓഫ് ദി മാച്ച് പട്ടത്തിലൂടെ രോഹിതും തെളിയിച്ചു
ഗില്ലും കോഹ്‌ലിയും രോഹിതുമൊക്കെ കൂടാരം കയറിയത്തുടങ്ങി. ഒരിക്കൽകൂടി കിവികൾക്ക് മുന്നിൽ മുട്ടുമടക്കേണ്ടി വരുമോ എന്ന് ആരാധകരൊന്ന് സംശയിച്ച നിമിഷം. ഇടക്ക് 17 റൺസ് നേടുന്നതിനിടയിൽ മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ടപ്പോൾ നീലക്കുപ്പായക്കാർ ചെറുതായൊന്നു വിയർക്കാനും തുടങ്ങി.
ഒടുവിൽ അക്സറും ശ്രേയസും ചേർന്ന് ഗതിമാറി നീങ്ങിയ നീലക്കപ്പലിനെ വിജയതീരമടുപ്പിച്ചു. പിന്നാലെ വന്ന ജഡേജക്ക് ചെറിയൊരു കൈ സഹായം നൽകേണ്ട ആവശ്യം മാത്രം. വെള്ളപ്പന്തിനെ ബൗണ്ടറി കടത്തിക്കൊണ്ട് ജഡ്ഡു, രാഹുലിനെ നോക്കിയൊരു ചിരി തൊടുത്തുവിട്ടു. പതിറ്റാണ്ടിന് ശേഷം ടീം ഇന്ത്യക്ക് ചാമ്പ്യൻസ് ട്രോഫി കിരീടം.
കിങ് കോഹ്‌ലിയും ഹിറ്റ്മാനും ചേർന്ന് ഗ്രൗണ്ടിൽ സ്റ്റമ്പുമെടുത്ത് ആനന്ദ നൃത്തം ചവിട്ടി. തന്റെ 'ഫിറ്റല്ലാത്ത ശരീരം' വെച്ച് അയാളാ ട്രോഫിയെടുത്ത് ആകാശത്തേക്കുയർത്തി. ഇനിയയാൾ അറബിക്കടൽ കടക്കുന്നത് വെറും കയ്യോടെയല്ല. 140 കോടി ജനങ്ങൾക്ക് മുമ്പിലൂടെ അയാൾക്ക് നെഞ്ചും വിരിച്ച് നടക്കാം. തന്റെ വിമർശകരുടെ വായയടപ്പിക്കാൻ ഇതിൽ കൂടുതൽ അയാൾക്കിനിയെന്ത് ചെയ്യാനാവും..

ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യക്കാർ മൂന്നാം മുത്തമിടുമ്പോൾ ക്യാപ്റ്റൻ എന്ന നിലയിൽ ഈ നാഗ്പുരുകാരന് ഏറെ സന്തോഷിക്കാവുന്ന മുഹൂർത്തമായിരുന്നു. കിവീസിനെതിരെയുള്ള ഫൈനൽ മത്സരത്തിൽ ഏഴ് ഫോറും മൂന്നു സിക്സറുമടക്കം 76 റൺസാണ് രോഹിത് നേടിയത്. എല്ലാ ഫോർമാറ്റിലും ഇന്ത്യൻ ടീമിനെ ഫൈനലിലെത്തിച്ച ക്യാപ്റ്റൻ എന്നതിനപ്പുറം ചാമ്പ്യൻസ് ട്രോഫിയിൽ മൂന്നാം മുത്തമിടുന്ന ഏക ടീം എന്ന ഖ്യാതിയുമായാണ് ടീം ഇന്ത്യയിലേക്ക് വിമാനം കയറുന്നത്.
2013 ഇൽ ധോണിക്ക് കീഴിൽ നേടിയ വിജയത്തിന് 12 വർഷത്തിന് ശേഷമാണ് ഈ നേട്ടം. സെമിയിൽ കരുത്തരായ ഓസ്ട്രേലിയയെ തോൽപിച്ചു കൊണ്ടാണ് ഇത്തവണ ടീം ഇന്ത്യ ഫൈനലിലെത്തുന്നത്. തുടക്കത്തിൽ വലിയ നഷ്ടങ്ങളില്ലാതെ മുന്നേറിയ ന്യൂസിലാൻഡിനെ കുൽദീപിനെ ഉപയോഗിച്ച് നേരിടാനുള്ള ശ്രമം ഫലം കണ്ടു. രചിനും വില്യംസണും മടങ്ങിയപ്പോൾ കിവികൾക്ക് ചെറുതായൊന്ന് കാലിടറി. റണ്ണൊഴുകാൻ മടിയുള്ള, സ്പിന്നർമാർക്ക് ആധിപത്യമുള്ള പിച്ചിൽ ബ്രേസ്വല്ലിന്റെ പരിശ്രമം ന്യൂസിലാന്റിന് ഭേദപ്പെട്ട സ്കോർ നൽകി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ഇടക്കൊന്നു പതറിയെങ്കിലും പിന്നീട് സ്കോർ ഭേദപ്പെട്ട രീതിയിൽ മുന്നോട്ട് പോയി.അക്സർ പട്ടേലിനെയും കെ.എൽ രാഹുലിനെയും പൊസിഷൻ മാറ്റിയിറക്കിയതും വിജയം കണ്ടു. ഫീൽഡിങ്ങിലുണ്ടായ ചെറിയ ഒരു പതർച്ച ടീമിന്റെ ശുഭാപ്തിവിശ്വാസം കളഞ്ഞെങ്കിലും വരുൺ ചക്രവർത്തിയും ഹാർദിക് പാണ്ട്യയും പരിചയ സമ്പന്നനായ മുഹമ്മദ് ഷമിയുമൊക്കെ ചേർന്നപ്പോൾ മനോഹരമായ ഒരു വിജയക്കുപ്പായം തുന്നിയെടുക്കാൻ ഇന്ത്യൻ ടീമിന് അധികം വിയർക്കേണ്ടി വന്നില്ല.
1998ൽ തുടങ്ങിയ ചാമ്പ്യൻസ് ട്രോഫിയുടെ ഒമ്പതാമത്തെ പതിപ്പായിരുന്നു ഇത്തവണത്തേത്. ഇതിനു മുമ്പ് 2002ലും 2013 ലും ഇന്ത്യ കിരീടം ചൂടിയിട്ടുണ്ട്. 2017 ൽ കലാശപ്പോരിൽ പാകിസ്താനോട് തോൽക്കുകയായിരുന്നു.2023 ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ഏകദിന ലോകകപ്പിലും കഴിഞ്ഞ വർഷം വെസ്റ്റ് ഇൻഡീസിലും യുഎസിലുമായി നടന്ന ട്വന്റി -ട്വന്റി ലോകകപ്പിലും ടീം ഇന്ത്യ ഫൈനലിലെത്തിയിരുന്നു.ഇതിൽ ട്വന്റി -ട്വന്റി ലോകകപ്പിൽ മാത്രമാണ് ടീം കപ്പടിച്ചത്. എന്നാൽ ടൂർണമെന്റിലെ ഒറ്റക്കളി പോലും തോൽക്കാതെയാണ് ഇത്തവണ ഇന്ത്യ കിരീടം നേടുന്നത്.
കോഹ്‌ലിയുടെ കളിമികവാണ് ഇന്ത്യയെ ഫൈനലിലെത്തിക്കുന്നത്. സെമിയിൽ ഓസ്ട്രേലിയക്കെതിരെ 98 പന്തിൽ 84 റൺസ് എടുത്ത അദ്ദേഹം ഇളക്കം തട്ടിയ 'കിംഗ്' എന്ന തന്റെ ഓമനപ്പേരിനെ ഒരിക്കൽക്കൂടി കൂട്ടിക്കെട്ടി. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ 50 പ്ലസ് നേടുന്ന താരവും ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരവും മാറ്റാരുമല്ല. ഇടക്ക് മോശം ഫോമിന് പഴി കേട്ടിരുന്ന അദ്ദേഹം ഈ ടൂർണമെന്റിൽ സ്ഥിരത തിരിച്ചുപിടിച്ചത് ആരാധകർക്ക് പ്രതീക്ഷക്ക് വക നൽകുന്നതാണ്.

ഒരു പിടി വിമർശനങ്ങൾ കൂടി ടീം ഇന്ത്യക്ക് കേൾക്കേണ്ടി വന്നിരുന്നു. മൂന്ന് പതിറ്റാണ്ടിന് ശേഷം ഒരു ഐസിസി ടൂർണമെന്റിന് ആതിഥേയരാവുന്ന പാകിസ്താന്‍ കളിക്കാൻ ഇന്ത്യ തയ്യാറായില്ല . 2008 ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം പാകിസ്താനുമായുള്ള എല്ലാ ക്രിക്കറ്റ് ബന്ധവും ഉപേക്ഷിച്ചിരുന്ന ബിസിസിഐ ചാമ്പ്യൻസ് ട്രോഫിക്ക് പാകിസ്താനിലേക്കില്ലെന്നറിയിച്ചു . എതിർപ്പുകളുണ്ടായിരുന്നെങ്കിലും ബിസിസിഐ നിലപാട് അംഗീകരിക്കാതിരിക്കാൻ ഐസിസിക്കായില്ല. പാകിസ്താനില്‍ നടക്കുന്ന ടൂർണമെന്റിൽ ഇന്ത്യക്ക് മാത്രം ദുബൈയിലായിരുന്നു മൈതാനം.
ഇന്ത്യയെ നേരിടണമെങ്കിൽ മറ്റു ടീമുകൾ ദുബൈലേക്ക് വിമാനം കയറണം.അതു കഴിഞ്ഞ് അടുത്ത മത്സരത്തിന് തിരിച്ചു പാകിസ്താനിലേക്ക് തന്നെ മടങ്ങണം. ഇങ്ങനെ ചില വിചിത്രത കൂടി നിറഞ്ഞതാണ് ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫി. ഒരേ ഗ്രൗണ്ടിൽ കളിക്കുന്നതിന്റെ അധിക അനുകൂല്യത്തെ വിമർശിച്ചുകൊണ്ട് ഓസ്ട്രേലിയൻ താരം പാറ്റ് കമ്മിൻസും ഇംഗ്ലീഷ് താരം ജോസ് ബട്ലറും രംഗത്തെത്തിയിരുന്നു. ഇന്ത്യയുമായുള്ള മത്സരത്തിനായി ന്യൂസിലാൻഡ് 7150 കിലോമീറ്ററും സൗത്ത് ആഫ്രിക്ക 3286 കിലോമീറ്ററും സഞ്ചരിച്ചു എന്ന കണക്കുകൾ സൂചിപ്പിച്ച മുൻ പാക് താരം സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിരുന്നു.
അതേസമയം ഒരേ ഗ്രൗണ്ടിൽ കളിക്കുന്നത് ഇന്ത്യക്ക് ഗുണമാണെന്ന വാദം തള്ളി ക്യാപ്റ്റൻ രോഹിത് തന്നെ രംഗത്തെത്തിയിരുന്നു. ദുബൈ തങ്ങളുടെ ഹോം ഗ്രൗണ്ട് അല്ലെന്നും വിമർശനങ്ങൾക്കുള്ള മറുപടിയായി അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ കഴിഞ്ഞ ടൂർണമെന്റുകളിലെ തോൽവിയറിയാത്ത മുന്നേറ്റമാണ് ആരാധകർക്ക് എടുത്തു കാണിക്കാൻ ഉള്ളത്. തുടർച്ചയായി പന്ത്രണ്ടാം തവണയും ടോസ് നഷ്ടമാവുകയെന്ന അനാവശ്യ റെക്കോർഡുകൂടി ഈ കളിയോടുകൂടി രോഹിതിന്റെ പേരിലുണ്ട്.

ബോർഡർ ഗവസ്കർ ട്രോഫിയിൽ ഏറെ പഴി കേട്ട നായകൻ മാച്ചിന് ശേഷം അഭിമാനത്തോടെ മാധ്യമങ്ങളോട് പറഞ്ഞു. 'എങ്ങനെ ബാറ്റ് ചെയ്യണമെന്ന് എനിക്ക് ധാരണയുണ്ട്. അതാണ് ഞാൻ കാണിക്കാൻ ശ്രമിക്കുന്നത്'. വിരമിക്കുമെന്ന അഭ്യൂഹങ്ങൾക്കും കൂടി വിരാമമിട്ടുകൊണ്ടാണ് രോഹിത് ചോദ്യങ്ങളെ നേരിട്ടത്. 37കാരന്റെ പോരാട്ട വീര്യം ചോർന്നിട്ടില്ലെന്ന മറുപടിയായി കൂടിയാണ് അയാൾ ഫൈനലിൽ ബാറ്റേന്തിയത്. 17 വർഷമായി ടീമിന്റെ ഭാഗമായ രോഹിത് ഏകദിനത്തിൽ മൂന്ന് ഇരട്ട സെഞ്ച്വറി, ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ (264)എന്നീ റെക്കോർഡുകൾക്ക് ഉടമയാണ്.
തന്റെ ഫിറ്റ്നസ്സിനെ ചോദ്യം ചെയ്തവരൊക്കെ തനിക്ക് അഭിനന്ദനങ്ങളുമായി രംഗത്തെത്തി. പ്രായവും ശരീരഘടനയൊന്നും തന്റെ വീര്യം തകർത്തിട്ടില്ലെന്ന് കളിയിലെ മാൻ ഓഫ് ദി മാച്ച് പട്ടത്തിലൂടെ അയാൾ തെളിയിച്ചു. ഗംഭീറിന്റെ തന്ത്രങ്ങൾക്ക് ഇനി അധികം നിലനിൽപ്പില്ലെന്ന് വിമർശിച്ചവരെല്ലാം ഈ കപ്പ് കണ്ട് ഉന്മാദ നൃത്തമാടിയിരിക്കാം. ഒടുവിൽ 25 കൊല്ലം മുമ്പത്തെ കീവീസിനോടുള്ള കണക്ക് തീർത്ത് അപരാചിതരായി ഇന്ത്യ തിരിച്ചു വരുന്നു. പൂർവാധികം ശക്തിയോടെ..