Column
അവാർഡുമില്ല ആ വാർഡുമില്ല
Column

അവാർഡുമില്ല ആ വാർഡുമില്ല

നയതന്ത്ര
|
11 Sep 2022 1:21 PM GMT

കേരളത്തിലെ ദീനം ബാധിച്ച ആ വാർഡുകളിലൂടെ ടീച്ചറമ്മ നടക്കുന്നതും നോക്കി നയതന്ത്ര കാത്തിരിന്നു. പക്ഷെ ടീച്ചറമ്മക്ക് ആ വാർഡും കിട്ടിയില്ല , മികച്ച ആരോഗ്യമന്ത്രിക്കുള്ള മാഗ്സാസെ അവാർഡ് വാങ്ങാൻ അനുമതി നൽകുകയും ചെയ്തില്ല. സഖാവിന് സമ്മതമല്ലയെന്ന് ചുരുക്കം. | പൊളിറ്റിക്കൽ പാർലർ

2006 മുതൽ 2011 വരേ കേരളത്തിൻറെ മുഖ്യമന്ത്രിയായിരുന്ന വി. എസ് അച്ചുതാനന്ദന്, ഒരു ആനന്ദവും കൊടുക്കാതെയായിരുന്നു പാർട്ടി അദ്ധേഹത്തിന് മുന്നിൽ വഴിമുടക്കി നിന്നിരുന്നത്. അന്നതിന് കൊടിപിടിച്ചത് പാർടി സെക്രട്ടറിയായിരുന്ന ഇപ്പോഴത്തെ മുഖ്യനാണ്. ഭരണത്തിൻറെ ചക്രം തിരിച്ചിരുന്നത് അക്കാലത്ത് സെക്രട്ടറിയേറ്റിൽ നിന്നായിരുന്നില്ല, ഏ.കെ.ജി സെൻററിൽ നിന്നായിരുന്നു. അതിൻറെ വ്യഥയും വേദനയും വി.എസ് പരസ്യമായി പലയിടത്തും ഉന്നയിച്ചിട്ടുള്ളതാണ്. കൂടെകിടക്കുന്നവർക്കല്ലേ രാപ്പനി അറിയുകയുള്ളൂ. ഈ രാപ്പനി പേടിയാണ് ഇന്ന് സഖാവ് പിണറായിയെ മദിച്ചുകൊണ്ടിരിക്കുന്നത്.

കോൺഗ്രസിൽ നേതാക്കൾക്കും അനുയായികൾക്കും എന്തും വിളിച്ചുപറയാനുള്ള അവകാശമുണ്ട്. അതിനെയാണ് കോൺഗ്രസ് എന്നു പറയുന്നത്. കൂട്ടം, സമ്മേളനം, സഭ, സമാജം എന്നൊക്കെയാണല്ലോ ആ വാക്കിൻറെയർഥം തന്നെ. ഒരാൾക്കൂട്ടം, അവരുടെ പ്രവർത്തനവും പെരുമാറ്റവുമാണ് കോൺഗ്രസ്. അവർ പലതും വിളിച്ചു പറയുന്നു, പ്രവർത്തിക്കുന്നു. ആ കൂട്ടത്തിന് ഒരു നേതാവു പോലും ഇല്ലാതായിട്ട് നാളേറെയായി. പ്രസിഡണ്ട് സ്ഥാനത്തേക്ക് മൽസരിക്കാൻ തങ്ങളില്ലേയെന്ന് പറഞ്ഞ് ഓടി രക്ഷപ്പെടുകയാണ് രാഹുലും പ്രിയങ്കയും. പ്രസിഡണ്ട് പദത്തിനായി മൽസരം മുറുകുമ്പോൾ കന്യാകുമാരി മുതൽ കാശ്മീർ വരെ ഭാരത് ജോഡോ യാത്രയുമായി ഇറങ്ങിത്തിരിച്ചിരിക്കുയാണ് രാഹുൽജി.

നേർവിപരീതമാണ് മാർക്സിസ്റ്റ് പാർടിയുടെ അവസ്ഥ. എല്ലാം ഒരാൾ തീരുമാനിക്കുന്നു. മറ്റുള്ളവർ പഞ്ചപുഛമടക്കി അനുസരിക്കുന്നു. അതിന് പറയപ്പെടുന്ന ഓമനപ്പേരുകളാണ് അനുസരണം ,അച്ചടക്കം, കാഡറിസം എന്നതൊക്കെ. പേജിലും സ്റ്റേജിലും ചാനലിലും വന്നിരുന്ന് ന്യായീകരിക്കുന്നുണ്ടെങ്കിലും പല തീരുമാനങ്ങളിലും, പ്രതിഷേധിച്ച് വിങ്ങിപ്പൊട്ടുന്ന നെഞ്ചാണ് സഖാക്കളുടേതെന്ന് അവരുടെ ശരീരഭാഷയിൽ നിന്നും മനസിലാകും. ഞാനാണ് പാർടി, ഞാനാണ് സംസ്ഥാനം എന്നു പറയാതെ പറയുകയാണ് മുഖ്യസഖാവ്. . ലീഗിനെക്കുറിച്ച് പറയാറുണ്ട് അവിടെയെല്ലാകാര്യങ്ങളും തങ്ങൾ തീരുമാനിക്കുമെന്ന്. ഇവിടെ തങ്ങൾക്ക് പകരം സഖാവാണെന്ന് മാത്രം.

സ്പീക്കർ ഷംസീറിന് നൽകുന്ന ആശംസയാണ് വേദനാജനകം. സ്പീക്കർ സ്ഥാനത്തോട് ഷംസീറിന് പരുവപ്പെടാനാകും, സ്ട്രൈക്കറെ പിടിച്ചു റഫറിയാക്കിയതാണെങ്കിലും. അങ്ങിനെ ആക്കി സംസാരിക്കരുതായിരുന്നു,

അപ്രകാരം സഖാവിൻറെ ഇഛക്കൊത്ത് വിനീതവിധേയനാകാനുള്ള സൌഭാഗ്യം ഇപ്പോൾ കൈവന്നിരിക്കുന്നത് ഗോവിന്ദൻ മാഷ്ക്കാണ്. ഗോവിന്ദൻ സഖാവിൻറെ കാര്യം അതോടുകൂടി ഗോവിന്ദയായി. ഇഷ്ടപെട്ടാലും ഇല്ലെങ്കിലും ഇനി പറയുന്നിടത്തൊക്കെ ഒപ്പിട്ടുകൊടുത്തേ മതിയാകൂ. പ്രാരംഭമെന്നോണം മന്ത്രി സ്ഥാനം രാജിവെക്കുന്നു. അടുത്തതായി എം എൽ എ സ്ഥാനവുമെന്നാണ് പറഞ്ഞുകേൾക്കന്നത്. പാർടിയുടെ കാര്യമല്ലേ . എന്തൊക്കെ എന്തോയെന്ന് ആർക്കറിയാം.

ഗോവിന്ദന് പകരം മന്ത്രിയായി കണ്ണൂരിൽ നിന്നും തന്നെ മിശിഹ വരുമെന്നാണ് സെക്രട്ടറിയേറ്റ് വിചാരിച്ചിരുന്നത്. അപ്പോൾ സ്വാഭാവീകമായും ഷംസീറിൻറെ മനസിൽ ലഡു പൊട്ടി. കുടുംബാദികൾ ലഡു വിതരണം നടത്തുകയും ചെയ്തു. തലശേരിയിൽ പൂത്തിരി കത്തിച്ചു. നേരത്തെ തന്നെ മുഖ്യൻറെ മരുമകന് വേണ്ടി, അതായത് പാർടിക്ക് വേണ്ടി തഴയപ്പെട്ട മുതിർന്ന സഭാ സാമാജികനായിരുന്നു ഷംസീർ. വാർത്ത കേട്ടപാതി ഷംസീർ വൈകാതെ തന്നെ മലബാർ എക്സ്പ്രസിൽ തീരുവനന്തപുരത്തേക്ക് തിരിച്ചു. ട്രെയിനിറങ്ങിയപ്പോഴാണറിയുന്നത് താൻ സ്പീക്കറാണെന്ന്. മന്ത്രി പദം , സ്പീക്കർ എം. ബി രാജേഷ് കൊണ്ടുപോയി. സങ്കടം അതല്ല . സ്പീക്കർ ഷംസീറിന് നൽകുന്ന ആശംസയാണ് വേദനാജനകം. സ്പീക്കർ സ്ഥാനത്തോട് ഷംസീറിന് പരുവപ്പെടാനാകും, സ്ട്രൈക്കറെ പിടിച്ചു റഫറിയാക്കിയതാണെങ്കിലും. അങ്ങിനെ ആക്കി സംസാരിക്കരുതായിരുന്നു, ബഹുമാനപ്പെട്ട സ്പീക്കർ സർ എന്നാണ് നയതന്ത്രക്ക് പറയാനുള്ളത്.

കേരളത്തിലെ ആരോഗ്യമന്ത്രി ഇപ്പോൾ അത്ര ആരോഗ്യത്തോടെയല്ല പെരുമാറുന്നത് എന്നാണല്ലോ ഭരണത്തിലിരിക്കുന്നവരുടെ തന്നെ പരാതി. മന്ത്രിയുടെ ജില്ലയിലാണ് ഒരു പെൺകുട്ടി തെരുവുനായ കടിയേറ്റ്, മതിയായ ചികിൽസ കിട്ടാതെ മരിച്ചത്. പേവിഷത്തിനുള്ള മരുന്ന് ഗുണനിലവാരമുള്ളതാണെന്ന് മന്ത്രി നിയമസഭയിൽ ആവർത്തിച്ചുറപ്പിച്ച് പറയുമ്പോഴാണ് മുഖ്യമന്ത്രി എഴുന്നേറ്റ് നിന്ന് അല്ല ഗുണനിലവാരം പരിശോധിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് തിരുത്തിപ്പറഞ്ഞത്. വിത്യസ്ത ചോദ്യങ്ങൾക്ക് ഒരേയുത്തരം നൽകിയെന്നതിൻറെ പേരിൽ കഴിഞ്ഞദിവസം സ്പീക്കർ ആരോഗ്യമന്ത്രിയെ ശാസിക്കുക കൂടി ചെയ്തു.പരാതി മൂത്തപ്പോഴാണ് ആരോഗ്യമന്ത്രിയെ മാറ്റുമെന്നും മുൻ മന്ത്രി ടീച്ചറമ്മ മിടുമിടുക്കിയായി മന്ത്രി സഭയിൽ തിരിച്ചെത്തുമെന്നുമുള്ള ശ്രുതി പാർലറിൽ മുഴങ്ങിക്കേട്ടത്. കേരളത്തിലെ ദീനം ബാധിച്ച ആ വാർഡുകളിലൂടെ ടീച്ചറമ്മ നടക്കുന്നതും നോക്കി നയതന്ത്ര കാത്തിരിക്കുകയും ചെയ്തു. പക്ഷെ ടീച്ചറമ്മക്ക് ആ വാർഡും കിട്ടിയില്ല , മികച്ച ആരോഗ്യമന്ത്രിക്കുള്ള മാഗ്സാസെ അവാർഡ് വാങ്ങാൻ അനുമതി നൽകുകയും ചെയ്തില്ല. സഖാവിന് സമ്മതമല്ലയെന്ന് ചുരുക്കം.


സാമ്പത്തികലാഭവും ആരോഗ്യവും നല്ല ഉറക്കവും ലഭിക്കുന്നിതിനാൽ ട്രെയിനിൽ യാത്ര ചെയ്യുന്നതാണ് നല്ലെതന്നാണ് സഖാവ് ഇ. പി കേരളീയരെ ഓണനാളിൽ ഉപദേശിക്കുന്നത്.


ഇനി പാർലറിൽ നമുക്കൽപ്പം തമാശകൾ കേൾക്കാം. സാമ്പത്തികലാഭവും ആരോഗ്യവും നല്ല ഉറക്കവും ലഭിക്കുന്നിതിനാൽ ട്രെയിനിൽ യാത്ര ചെയ്യുന്നതാണ് നല്ലെതന്നാണ് സഖാവ് ഇ. പി കേരളീയരെ ഓണനാളിൽ ഉപദേശിക്കുന്നത്. താനും കുടുംബവും ഇൻഡിഗോയിൽ യാത്ര ചെയ്യാത്തതിനാൽ ആ വിമാനാകമ്പനിക്കാണ് നഷ്ടമെന്നും ഇപി പറയുന്നുണ്ട്. പക്ഷെ പാർടിക്ക് നല്ല ലാഭമുണ്ടെന്നാണ് കൃത്യമായി ലെവി അടക്കുന്ന സഖാക്കൾ പറയുന്നത്. കൊടികൾക്ക് മഹത്വമുണ്ട് പക്ഷെ അത് സംരംഭങ്ങൾക്ക് മുന്നിൽ നാട്ടാനുള്ളതല്ലെന്നും വ്യവസായങ്ങളെ പൂട്ടിക്കാനുളളതല്ലെന്നും മന്ത്രി പി. രാജീവ്. കൊച്ചിയിലെ മെട്രോ സ്റ്റേഷനുകൾക്ക് മുന്നിൽ നടന്നു കൊടി കുത്തിയ ആളാണ് താനെന്ന കാര്യം മന്ത്രിയായപ്പോൾ പുംഗവൻ മറന്നുകാണും. കേന്ദ്രം അനുമതി നൽകിയാൽ കെറെയിൽ നടപ്പാക്കുമെന്ന് പാർടി സെക്രട്ടറി എംവി ഗോവിന്ദൻ. മുഖ്യമന്ത്രി പോലും വിട്ടുകളഞ്ഞതും സമരക്കാർ മറന്നടങ്ങിയിരിക്കുന്നതുമായ കേസാണ് മാഷെ അത്, വെറുതെ ചൊറിഞ്ഞ് കുത്തിപ്പൊക്കണ്ട.

അതാ അമിത് ഷാ വരുന്നുണ്ട്. പട്ടികജാതി മോർച്ച സംഘടിപ്പിച്ച പട്ടികജാതി സംഗമത്തിലെ ഉദ്ഘാടന പ്രസംഗത്തിലെ പരാമർശങ്ങൾ ബഹുകേമായി. കേരളത്തിൽ ബിജെപിയെ വിജയിപ്പിക്കാൻ ബലിദാനികൾ വേണമത്രെ.ഓരോ വോട്ടും ഇലക്ട്രോണിക്ക് യന്ത്രത്തിൽ വീഴണമെന്നല്ല, കേന്ദ്ര ആഭ്യന്തര വീരൻ ആഹ്വാനം ചെയ്യുന്നത്. പട്ടികജാതിക്കാർ നിലത്ത് മരിച്ചുവീഴണമെന്ന്. മുന്നോക്കജാതിക്കാർക്ക് ഭരിച്ചുരസിക്കാൻ പട്ടികജാതിക്കാരൻ മരിച്ചുരമിക്കണമല്ലോ. കൊള്ളാം നല്ല പ്രത്യയശാസ്ത്രം. നല്ല സംസ്കാരം . നല്ല നമസ്ക്കാരം.




Similar Posts