'കഥയുണ്ടാകുന്ന കഥ ' പറഞ്ഞ് സുഭാഷ് ചന്ദ്രന്‍
|മലയാളികളുടെ ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ ജീവിതമാണ് തനിക്ക് എഴുത്തുകാരനാകാന്‍ ആത്മവിശ്വാസം നല്‍കിയതെന്ന് സുഭാഷ് ചന്ദ്രന്‍.
ഹിംസയെ രാഷ്ട്രീയ ജീവിതത്തിന്റെ അടിസ്ഥാനമാക്കിയ ആളുകള്‍ ലോകത്ത് നിരവധിയാണെന്ന് മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍. നിയമസഭാ പുസ്തകോത്സവ വേദിയില്‍ എഴുത്തിന്റെയും വായനയുടെയും അനുഭവങ്ങള്‍ പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം. മഹാത്മാഗാന്ധിയുടെ ജീവിതവും ആശയങ്ങളും എപ്രകാരം തന്നെ സ്വാധീനിച്ചിട്ടുണ്ടെന്ന് അദ്ദേഹം വിവരിച്ചു. മനുഷ്യന്റെ ദുഃഖവും ബുദ്ധിമുട്ടുകളും ദുരിതങ്ങളും ഒക്കെയാണ് ഒരാളെ എഴുത്തുകാരനാക്കുന്നതെന്ന് മുന്‍പ് ദൃഢമായി വിശ്വസിച്ചിരുന്നു. എന്നാല്‍, വ്യക്തിപരമായ ദുഃഖങ്ങളല്ല എഴുത്തിന് കാരണമെന്ന് പിന്നീട് മനസിലായി.
മലയാളികളുടെ ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ ജീവിതമാണ് തനിക്ക് എഴുത്തുകാരനാകാന്‍ ആത്മവിശ്വാസം നല്‍കിയതെന്ന് സുഭാഷ് ചന്ദ്രന്‍ പറഞ്ഞു. 'ഈഡിപ്പസിന്റെ അമ്മ', 'ജഡമെന്ന സങ്കല്‍പ്പം', 'ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം', 'മനുഷ്യന് ഒരു ആമുഖം' തുടങ്ങിയ രചനകള്‍ എഴുതാനുണ്ടായ പശ്ചാത്തലം അദ്ദേഹം വായനക്കാരുമായി പങ്കുവച്ചു. മറ്റുള്ളവരുടെ ജീവിതാനുഭവങ്ങള്‍ സ്വാംശീകരിക്കുന്ന സാഹിത്യസൃഷ്ടികളെ ആളുകള്‍ മാനിക്കും.
എല്ലാ മനുഷ്യരിലും എഴുതാനുള്ള സര്‍ഗ്ഗശേഷിയുണ്ട്. എന്നാല്‍, അഗ്‌നിപര്‍വതങ്ങളെപ്പോലെ ഉള്ളില്‍ തിളയ്ക്കുന്ന കഥകള്‍ പുറത്തേക്കിടുന്ന ദുര്‍ബല മനസുള്ളവരാണ് എഴുത്തുകാരാകുന്നത്. എഴുത്തു ജീവിതത്തിലെ നീണ്ട ഇടവേള സ്വാഭാവികമായി സംഭവിക്കുന്നതാണെന്ന് സുഭാഷ് ചന്ദ്രന്‍ പറഞ്ഞു. ജീവിച്ചിരിക്കുമ്പോള്‍ എഴുത്തുകാരനെക്കുറിച്ച് നല്ല വാക്ക് പറയാന്‍ വായനക്കാര്‍ക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.