എഴുപതുകളിലെ മലയാള സിനിമയില്‍ നിറഞ്ഞാടിയ മാദക നര്‍ത്തകിക്ക് എന്തു സംഭവിച്ചു?
|ബാലേട്ടന്‍ പലരെയും എന്നെ പരിചയപ്പെടുത്തി. ബാലേട്ടന്‍ ഷോട്ടിന് പോകുമ്പോള്‍ ഞാന്‍ ഒരു മൂലയില്‍ ഒതുങ്ങിയിരുന്നു. മലയാള സിനിമയിലെ സുന്ദരിയും മദാലസയുമായ ഒരു നടിയും അവിടെ ഉണ്ടായിരുന്നു. ചില സിനിമകളില്‍ വില്ലത്തി ആയും, ചിലതില്‍ ക്ലബ്ബുകളിലെ മാദക നര്‍ത്തകി ആയും ഒക്കെ അഭിനയിക്കുന്ന നടിയാണവര്‍ | ആദം അയ്യൂബിന്റെ സിനിമാ ജീവിതം - വൈഡ് ആംഗിള്‍: 29
ബക്കറിന്റെ അണ്ണാ നഗറിലുള്ള വീട്, അദ്ദേഹത്തിന്റെ കോടമ്പാക്കത്തുള്ള 'പൂന ഹോം' പോലെ സിനിമാക്കാരുടെ ഒരു താവളമായിരുന്നു. അവിടെ നിന്ന് അകലെയല്ലാതെയാണ് ഞാന്‍ താമസിക്കുന്ന അമിഞ്ചിക്കരയിലെ അരുണ്‍ ഹോട്ടല്‍. പ്രത്യേകിച്ചു മറ്റു പണി ഒന്നുമില്ലാത്തപ്പോള്‍ ഞാനും അവിടെ കൂടാറുണ്ട്. നടന്‍ നിലമ്പൂര്‍ ബാലന്‍ കുറച്ചു കാലം അവിടെ ഉണ്ടായിരുന്നു. ഒരു ദിവസം അദ്ദേഹത്തിന് ഷൂട്ടിംഗ് ഉണ്ടായിരുന്നു. രാവിലെ ഷൂട്ടിങ്ങിന് പോകാന്‍ ഒരുങ്ങുമ്പോള്‍ നിലമ്പുര്‍ ബാലന്‍ എന്നോട് പറഞ്ഞു:
'' അയൂബ് വരുന്നോ കൂടെ? ''
'' ഏയ് ഞാനില്ല'' ഞാന്‍ ഒഴിവായി.
'' വെറുതെ ഇരിക്കുകയല്ലേ ഇവിടെ. വാ കുറേ ആളുകളെ പരിചയപ്പെടുകയെങ്കിലും ചെയ്യാമല്ലോ '' അദ്ദേഹം പറഞ്ഞു.
'' പോയിട്ട് വാ '' ബക്കറും നിര്‍ബന്ധിച്ചു.
'' ചെലപ്പോ വല്ല ചാന്‍സും കിട്ടിയാലോ '' നിലമ്പൂര്‍ ബാലന്‍ പറഞ്ഞു.
'' അതെ, നാലാള് കാണട്ടെ അയൂബിനെ'' ബക്കറിന്റെ വക.
ഞാന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നിറങ്ങിയതിനു ശേഷം അവസരങ്ങള്‍ക്കായി ആരെയും പോയി കണ്ടിട്ടില്ല. അത് വലിയ നാണക്കേടുള്ള ജോലിയാണ്. പല സംവിധായകരുടെയും പ്രതികരണം അത്ര പ്രോത്സാഹജനകം ആയിരിക്കില്ല. വാസ്തവത്തില്‍ എന്റെ അന്തര്‍മുഖത്വം ആണ് എന്നെ പിന്തിരിപ്പിച്ചത്. ഏതായാലും ബാലേട്ടന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഞാന്‍ അദ്ദേഹത്തോടൊപ്പം ഷൂട്ടിംഗ് ലൊക്കേഷനില്‍ പോയി. ശശികുമാര്‍ സംവിധാനം ചെയുന്ന ഒരു തനി കൊമേര്‍ഷ്യല്‍ പടത്തിന്റെ ഷൂട്ടിംഗ് ആയിരുന്നു. അവിടെ മലയാള സിനിമയിലെ പ്രമുഖ നടീ നടന്മാരെല്ലാവരും ഉണ്ടായിരുന്നു. ബാലേട്ടന്‍ പലരെയും എന്നെ പരിചയപ്പെടുത്തി. ബാലേട്ടന്‍ ഷോട്ടിന് പോകുമ്പോള്‍ ഞാന്‍ ഒരു മൂലയില്‍ ഒതുങ്ങിയിരുന്നു. മലയാള സിനിമയിലെ സുന്ദരിയും മദാലസയുമായ ഒരു നടിയും അവിടെ ഉണ്ടായിരുന്നു. ചില സിനിമകളില്‍ വില്ലത്തി ആയും, ചിലതില്‍ ക്ലബ്ബുകളിലെ മാദക നര്‍ത്തകി ആയും ഒക്കെ അഭിനയിക്കുന്ന നടിയാണവര്‍. Sex bomb എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന നടി! അവര്‍ ഷൂട്ടിങ്ങിന്റെ ഇടവേളകളില്‍ എന്നെ ശ്രദ്ധിക്കുന്നത് ഞാന്‍ കണ്ടു. ഞാന്‍ അവരെ നോക്കാതിരിക്കാന്‍ ശ്രമിച്ചു. എങ്കിലും ഒരിക്കല്‍ ഞങ്ങളുടെ കണ്ണുകള്‍ ഇടഞ്ഞപ്പോള്‍ അവര്‍ എന്നെ നോക്കി വശ്യമായി പുഞ്ചിരിച്ചു. മറുപടിയായി ഞാന്‍ ഒന്ന് പുഞ്ചിരിക്കാന്‍ ശ്രമിച്ചെങ്കിലും അതത്ര വിജയിച്ചില്ല.
ഷൂട്ടിംഗ് കഴിഞ്ഞു ഞങ്ങള്‍ വീട്ടിലേക്ക് മടങ്ങി. വഴിയില്‍ വെച്ച് ബാലേട്ടന്‍ ചോദിച്ചു:
''ആരെയെങ്കിലുമൊക്കെ പരിചയപ്പെട്ടോ? ''
'' ഇല്ല''
''ഒറ്റയ്ക്ക് ചടഞ്ഞു കൂടി ഇരുന്നാല്‍ എങ്ങനെ പരിചയപ്പെടും. ഹെഡ് ചെയ്തു അങ്ങോട്ട് കേറി പരിചയപ്പെടണം''
ഞാന്‍ ഒന്നും മിണ്ടിയില്ല.
വീട്ടിലെത്തിയപ്പോള്‍ ബക്കര്‍ ചോദിച്ചു '' എങ്ങിനെ ഉണ്ടായിരുന്നു ഷൂട്ടിംഗ് ''
''അയൂബിനു ഒരു ഉഗ്രന്‍ കോള് ഒത്തു വന്നിട്ടുണ്ട്'' ബാലേട്ടന്‍ പറഞ്ഞു.
ഞാന്‍ അത്ഭുതത്തോടെ അദ്ദേഹത്തെ നോക്കി ''എനിക്കോ''
'' ഒരു പുളിങ്കൊമ്പാണ് അയൂബിന്റെ മുന്നില്‍ നീട്ടിയിരിക്കുന്നത്. കേറിപ്പിടിച്ചാല്‍ കേറിപ്പോകാം '' ബാലേട്ടന്‍ കണ്ണിറുക്കിക്കൊണ്ടു പറഞ്ഞു.
''എന്താ അയൂബ് '' ബക്കര്‍ ചോദിച്ചു.
'' എനിക്കറിയില്ല ബക്കര്‍ജി ''
'' നമ്മുടെ നടി............ഇല്ലേ?, അവള്‍ക്കു അയൂബിനെ അങ്ങ് ബോധിച്ചു. എന്നോട് അയൂബിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഒക്കെ ചോദിച്ചറിഞ്ഞു.''
ഞാന്‍ നെഞ്ചിടിപ്പോടെ ബാലേട്ടന്റെ മുഖത്തേക്ക് നോക്കി. എന്നെ നോക്കി പുഞ്ചിരിച്ച നടിയുടെ മുഖം എന്റെ മുന്നില്‍ തെളിഞ്ഞു.
'' അവള്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. അയൂബിന് വിരോധമില്ലെങ്കില്‍ അവളോടൊപ്പം താമസിക്കാം എന്ന് പറഞ്ഞു''
ബാലേട്ടന്‍ എന്നെ നോക്കി ഒരു കള്ളച്ചിരിയോടെ പറഞ്ഞു.
''അയൂബ് എന്ത് പറയുന്നു? '' ബക്കര്‍ ചോദിച്ചു.
'' വേണ്ട, എനിക്ക് താല്‍പര്യമില്ല'' എനിക്കതു പറയാന്‍ ഒട്ടും ആലോചിക്കേണ്ടി വന്നില്ല.
'' കറക്റ്റ് ! അതാണ് ശരിയായ നിലപാട് '' ബക്കര്‍ പറഞ്ഞു.
'' ബക്കര്‍ജി എന്താണീ പറയുന്നേ '' ബാലേട്ടന്‍ ആവേശത്തോടെ പറഞ്ഞു.
'' എത്ര നാള്‍ കോടമ്പാക്കത്തെ തെരുവുകളില്‍ അലഞ്ഞാലാണ് ഒന്ന് രക്ഷപ്പെടുക. അതിനും ഉറപ്പൊന്നുമില്ല. ഇത് അയൂബിനു ഒരു സുവര്‍ണാവസരമാണ് '' ബാലേട്ടന്‍ വാദിച്ചു.
'' അവളുടെ ബംഗ്ലാവില്‍ സുഖമായ താമസം, നല്ല ഭക്ഷണം. പിന്നെ ഒരു സുന്ദരിപ്പെണ്ണിന്റെ കൂടെ അന്തിയുറക്കവും. അവള്‍ക്കാണെങ്കില്‍ ഇഷ്ടം പോലെ പടങ്ങളും ''
'' ഇതൊന്നും ശാശ്വതമല്ല ബാലേട്ടാ. ഗ്ലാമര്‍ പോകുമ്പോ, അവസരങ്ങളും തീരും. പിന്നെ അയൂബ് തെരുവിലാകും '' ബക്കര്‍ പറയുന്നത് സ്വന്തം അനുഭവങ്ങളില്‍ നിന്നാണെന്നു എനിക്കും ബാലേട്ടനും മനസ്സിലായി. ഈ വാടക വീട്ടിലേക്കു മാറുന്നതിനു മുന്‍പ് അദ്ദേഹത്തിന്റെ സ്ഥിതിയും സമാനമായിരുന്നു. ആ ബന്ധത്തില്‍ നിന്ന് മോചിതനായതിനു ശേഷമാണു അദ്ദേഹം രക്ഷപ്പെട്ടത്.
'' ബാലേട്ടാ ഞാന്‍ വളരെ കഷ്ടപ്പെട്ടാണ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ചത്''
'' ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കാന്‍ എന്ത് കഷ്ടപ്പാട് ? ''
ബാലേട്ടന്‍ വിടാന്‍ തയ്യാറല്ലായിരുന്നു.
'' എന്റെ പഠിത്തത്തെ സപ്പോര്‍ട്ട് ചെയ്യാനുള്ള സാമ്പത്തിക സ്ഥിതി എന്റെ വീട്ടുകാര്‍ക്ക് ഇല്ലായിരുന്നു. ഇപ്പോഴും ഇല്ല. പട്ടിണി കിടന്നും നരകിച്ചുമാണ് ഞാനീ കോഴ്‌സ് കംപ്ലീറ്റ് ചെയ്തത്. അത് ഒരു സുന്ദരിപ്പെണ്ണിന്റെ കൂടെ അന്തിയുറങ്ങാന്‍ വേണ്ടിയല്ല''
ബാലേട്ടന്‍ ഒന്നും മിണ്ടിയില്ല.
'' ഇണ ചേരുകയും വയറു നിറക്കുകയും ചെയ്യുക എന്നത് മൃഗങ്ങളുടെ മാത്രം ജീവിക്കിത ലക്ഷ്യമാണ്. മനുഷ്യന്‍ അതിനു വേണ്ടി മാത്രമല്ലല്ലോ ജീവിക്കുന്നത് '' ഞാന്‍ തുടര്‍ന്നു.
'' എനിക്ക് സിനിമയോട് വല്ലാത്ത അഭിനിവേശമാണ്. അതുകൊണ്ടാണ് ഞാന്‍ ആരുടെയും പിന്നാലെ അവസരങ്ങള്‍ തെണ്ടി നടക്കാതെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന് സിനിമ അക്കാദമിക് ആയി പഠിക്കാന്‍ തീരുമാനിച്ചത് ''
ബക്കര്‍ ആരാധനയോടെ എന്നെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹം പറഞ്ഞു:
'' അയൂബ് സിനിമയില്‍ രക്ഷപ്പെടുമോ ഇല്ലയോ എന്നെനിക്കറിഞ്ഞു കൂടാ. അയൂബ് വളരെ കഴിവുകളുള്ള ആളാണ്. പക്ഷെ, സിനിമയില്‍ രക്ഷപെടാന്‍ കഴിവ് മാത്രം പോരാ. പക്ഷെ, ഒരു കാര്യം പറയാം. ഈ പെണ്ണിന്റെ കൂടെ പോയാല്‍, അയൂബിന്റെ ഭാവി ഇരുളടഞ്ഞതായിരിക്കും ''
'' ഒരിക്കലും പോകില്ല ബക്കര്‍ജി. അങ്ങനത്തെ മണ്ടത്തരങ്ങളൊന്നും ഞാന്‍ ചെയ്യില്ല ''
ആ ചര്‍ച്ച അവിടെ അവസാനിച്ചു.
നിലമ്പൂര്‍ ബാലന്‍, പി.എ ബക്കര്‍
വര്‍ഷങ്ങള്‍ക്കു ശേഷം, ഞാന്‍ കണ്മണി ഫിലിംസിന്റെ (ചെമ്മീന്‍ നിര്‍മിച്ച കമ്പനി) 'അസ്തി ' എന്ന സിനിമയുടെ കോ ഡിറക്ടറും പ്രൊഡക്ഷന്‍ കോണ്‍ട്രോളറും ഒക്കെ ആയി ജോലി ചെയ്യുന്ന സമയത്ത് ആ നടി എന്നെ കാണാന്‍ ഓഫിസില്‍ വന്നിരുന്നു. അവസരങ്ങള്‍ തേടി പലരും വരാറുണ്ടായിരുന്നു. അന്ന് അവരുടെ ഗ്ലാമറും ശരീര പുഷ്ടിയും കുറെയൊക്കെ നഷ്ടപ്പെട്ടിരുന്നു. അവര്‍ ഇന്നലെയുടെ പുഷ്പമായിക്കഴിഞ്ഞിരുന്നു. മലയാള സിനിമ പഴയ ഫോര്‍മുല ചിത്രങ്ങളൊക്കെ പിന്നിട്ടു ബഹുദൂരം മുന്നോട്ടു സഞ്ചരിച്ചിരുന്നു. അതുകൊണ്ടു അവര്‍ പണ്ട് അഭിനയിച്ചിരുന്ന തരത്തിലുള്ള കഥാപാത്രങ്ങളും സിനിമയില്‍ നിന്ന് അപ്രത്യക്ഷമായി.
'' ഇപ്പോള്‍ വര്‍ക്കൊക്കെ കുറവാണു '' അവര്‍ പറഞ്ഞു.
ഞാന്‍ വര്‍ക്ക് ചെയ്യുന്ന സിനിമയില്‍ അവര്‍ക്കു പറ്റിയ വേഷങ്ങള്‍ ഒന്നുമില്ലായിരുന്നു. വിവരം ഞാനവരെ ധരിപ്പിച്ചു. അവര്‍ക്കു അഭിനയിക്കാന്‍ അവസരത്തിലേറെ, ജീവിക്കാന്‍ പണമായിരുന്നു വേണ്ടിയിരുന്നത്.
എന്റെ കൈയില്‍ നിന്നൊരു ചെറിയ തുകയും കമ്പനി അക്കൗണ്ടില്‍ നിന്ന് കുറച്ചു പൈസയും എടുത്തു ഞാനവര്‍ക്ക് നല്‍കി. അത് കൃത്യമായി കണക്കെഴുതി വെക്കുകയും, പിന്നീട് കണക്കുകള്‍ അവതരിപ്പിക്കുന്ന വേളയില്‍, നിര്‍മാതാവ് ബാബു സേട്ടിനോട് കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തുകയും ചെയ്തു. പക്ഷെ, അദ്ദേഹത്തിന് അതിലൊന്നും താല്‍പര്യമില്ലായിരുന്നു.
അവര്‍ പടിയിറങ്ങി പോകുന്നത് നോക്കിനിന്നപ്പോള്‍, വര്‍ഷങ്ങള്‍ക്കു മുന്‍പ് ബക്കര്‍ പറഞ്ഞ വാക്കുകള്‍ ഞാനോര്‍ത്തു:
''ഒരു കാര്യം പറയാം. ഈ പെണ്ണിന്റെ കൂടെ പോയാല്‍, അയൂബിന്റെ ഭാവി ഇരുളടഞ്ഞതായിരിക്കും''
പക്ഷെ, എന്നേക്കാള്‍ ഇരുളടഞ്ഞത് അവരുടെ ജീവിതം ആയിരുന്നു എന്ന് പിന്നീട് ഞാന്‍ അറിഞ്ഞു.
ക്രൂരനും മദ്യപാനിയുമായ ഒരു ഭര്‍ത്താവിനാല്‍ പീഢിപ്പിക്കപ്പെട്ടു അത്യന്തം ദയനീയമായ ഒരു വാര്‍ധക്യമായിരുന്നു അവരുടേതെന്നും അറിഞ്ഞു. ഒരു പക്ഷെ നിരന്തരമായ ശാരീരികവും മാനസികവുമായ പീഡനവും പട്ടിണിയും കാരണം അവരെ അകാലത്തില്‍ വാര്‍ധക്യം ബാധിച്ചതാവാം. അയാളുടെ മൂന്നാമത്തെ ഭാര്യ ആയിരുന്നുവത്രെ ഇവര്‍. മദ്രാസ് നഗരത്തില്‍ നിന്നകലെ ഒരു ഗ്രാമത്തില്‍ ഒരു കൂരയില്‍ പട്ടിണി കിടന്നും, മദ്യപിച്ചെത്തുന്ന ഭര്‍ത്താവിന്റെ ക്രൂരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങിയും അവര്‍ കുറെ നാള്‍ ജീവിച്ചു. അയല്‍വാസികള്‍ക്ക് പോലും അറിയില്ലായിരുന്നു അവര്‍ നൂറിലധികം സിനിമകളില്‍ അഭിനയിച്ച ഒരു മാദക നടി ആയിരുന്നു എന്ന്. ഒരു ദിവസം ഭര്‍ത്താവു അവരെയും കൊണ്ട് എങ്ങോട്ടോ പോവുകയും കുറെ നാള്‍ കഴിഞ്ഞു ഒറ്റയ്ക്ക് തിരിച്ചു വരികയും ചെയ്തു. അയാള്‍ അവരെ കൊന്നോ അതോ എവിടെയെങ്കിലും ഉപേക്ഷിച്ചോ? അറിയില്ല.
പല രാത്രികളിലും അവരുടെ ദീനമായ നിലവിളികള്‍ അയല്‍വാസികള്‍ കേള്‍ക്കാറുണ്ടായിരുന്നുവത്രെ! അവരുടെ ശരീരത്തില്‍ എപ്പോഴും അടിയുടെയും ചതവിന്റെയും പാടുകള്‍ ഉണ്ടായിരുന്നു. ശരീരമാസകലം ചോര ഒലിക്കുന്ന മുറിവുകള്‍ ഉണ്ടായിരുന്നു. മൂന്നു നാലു ദിവസം തുടര്‍ച്ചയായി പട്ടിണി കിടക്കുമ്പോള്‍, വിശപ്പ് സഹിക്കാനാവാതെ, ഭര്‍ത്താവ് ഇല്ലാത്ത സമയം നോക്കി അവര്‍ അയല്‍ വീടുകളില്‍ പോയി ഭക്ഷണത്തിനു വേണ്ടി യാചിക്കുമായിരുന്നുവത്രേ!
സിനിമയില്‍ ഇത് ആദ്യത്തെ സംഭവമല്ല. പ്രശസ്തിയുടെയും സമ്പത്തിന്റെയും കൊടുമുടിയില്‍ വിരാചിക്കുന്നവര്‍ ജീവിതവാസാനം ഏകാന്തതയിലും ദുരിതത്തിലും ജീവിതം അവസാനിപ്പിച്ച പല സംഭവങ്ങളും ഹോളിവുഡില്‍ വരെ നടന്നിട്ടുണ്ട്. ഹിന്ദി സിനിമയില്‍ അങ്ങിനത്തെ ധാരാളം പേരുണ്ട്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമയുടെ കാലഘട്ടത്തില്‍ ഹിന്ദി സിനിമയുടെ തിളങ്ങുന്ന നായകന്മാരായിരുന്ന ഭരത് ഭൂഷണ്‍, പ്രദീപ് കുമാര്‍, നായികമാരായിരുന്ന മീന കുമാരി, പര്‍വീന്‍ ബാബി, സ്വഭാവ നടന്മാരായിരുന്ന കാദര്‍ ഖാന്‍ (അദ്ദേഹം തിരക്കഥാകൃത്തും ആയിരുന്നു) എ.കെ.ഹങ്കല്‍ തുടങ്ങിയവരുടെ ജീവിതാന്ത്യം ആരാലും ശ്രദ്ധിക്കപ്പെടാതെ അവസാനിക്കുകയായിരുന്നു. ആര്‍ക് ലൈറ്റുകളുടെ പ്രകാശ വൃത്തത്തില്‍ നിന്നും പാര്‍ശ്വങ്ങളിലേക്കു തള്ളിമാറ്റപ്പെട്ടവരെ കുറിച്ച് പിന്നെ ആരും ഓര്‍ക്കുന്നില്ല. പുതിയ താരങ്ങളുടെ ഹരം പിടിപ്പിക്കുന്ന കഥാപാത്രങ്ങളും, മിന്നുന്ന പ്രകടനങ്ങളും, ദുരൂഹതകള്‍ നിറഞ്ഞ സ്വകാര്യ ജീവിതവും പേക്ഷകരെ ത്രസിപ്പിക്കുമ്പോള്‍, ജീവിതത്തിന്റെ ചളിക്കുണ്ടുകളില്‍ വീണു പൊലിഞ്ഞു പോയ താരങ്ങള്‍ മലയാളത്തിലും ഉണ്ടായിട്ടുണ്ട്. ചിലരൊക്കെ ജീവിക്കുന്ന രക്തസാക്ഷികളായി ഇപ്പോഴും എവിടെയെങ്കിലുമൊക്കെ അജ്ഞാതരായി കഴിയുന്നുണ്ടാവും.
(തുടരും)