Column
വിന്‍സര്‍ - മോട്ടോര്‍ സിറ്റി
Column

വിന്‍സര്‍ - മോട്ടോര്‍ സിറ്റി

ഡോ. സലീമ ഹമീദ്
|
8 March 2024 11:21 AM GMT

അമേരിക്കയിലേക്ക് റോഡുവഴി യാത്ര ചെയ്യുന്നതിനുള്ള വിന്‍സര്‍ ഡിട്രോയിറ്റ് ക്രോസിംഗ് ഈ നഗരത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും തിരക്കേറിയതും സുതാര്യവുമായ അന്താരാഷ്ട്ര ക്രോസിംഗുകളില്‍ ഒന്നാണിത്. | കാനമേരിക്കന്‍ യാത്രകള്‍; അമേരിക്കന്‍ വന്‍കരയിലെ ചെറുനഗരക്കാഴ്ചകള്‍ - യാത്രാ വിവരണം. ഭാഗം: 06

കാനഡയിലെ ഒന്റേരിയോ പ്രവിശ്യയുടെ ഏറ്റവും തെക്ക് അമേരിക്കന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന പട്ടണം ആണ് വിന്‍സര്‍. ഞങ്ങളുടെ താമസവും എന്റെ ജോലിയും ഇതിന്റെ കിഴക്ക് ഭാഗത്തുള്ള ചാതം എന്ന പട്ടണത്തിലാണ്. ഞങ്ങള്‍ മുന്‍പ് താമസിച്ചിരുന്ന ബെല്‍ റിവര്‍ എന്ന സ്ഥലം വിന്‍സറിന് വളരെ അടുത്താണ് ഇത് മൂലം വിന്‍സറിനെ ഞങ്ങളുടെ ഹോം സിറ്റി എന്ന് പറയുന്നതില്‍ തെറ്റില്ല.

ഇംഗ്ലണ്ടിലെ ധാരാളം സ്ഥലപ്പേരുകള്‍ ഇവിടങ്ങളില്‍ കാണാം വടക്കേ അമേരിക്കയിലെ ആദ്യകാല കുടിയേറ്റക്കാര്‍ പ്രധാനമായും ഇംഗ്ലണ്ടില്‍ നിന്ന് വന്നവര്‍ ആയതിനാല്‍ അവര്‍ തങ്ങളുടെ സ്വന്തം നഗരങ്ങളുടെ പേരുകളുടെ ഓര്‍മ്മ നിലനിര്‍ത്താനായി ബ്രിട്ടീഷ് സ്ഥലനാമങ്ങള്‍ തന്നെ സ്വീകരിച്ചു. ലണ്ടന്‍, വിന്‍സര്‍, ചാതം-കെന്റ് തുടങ്ങിയവ അവയില്‍ ചിലത് മാത്രം; ഇവിടെ അടുത്ത് തന്നെ ഒരു തെംസ് നദി കൂടി ഉണ്ടെന്ന് പറയുമ്പോള്‍ ഒരു നൊസ്റ്റാള്‍ജിയയുടെ ആഴം എത്ര അധികമായിരുന്നു എന്ന് മനസ്സിലാക്കാം.

അമേരിക്കയിലേക്ക് റോഡുവഴി യാത്ര ചെയ്യുന്നതിനുള്ള വിന്‍സര്‍ ഡിട്രോയിറ്റ് ക്രോസിംഗ് ഈ നഗരത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും തിരക്കേറിയതും സുതാര്യവുമായ അന്താരാഷ്ട്ര ക്രോസിംഗുകളില്‍ ഒന്നാണിത്. വിന്‍്‌സറിനെയും അമേരിക്കയിലെ ഡെട്രോയ്റ്റിനെയും ബന്ധിപ്പിക്കുന്ന ഡിട്രോയിറ്റ് നദിക്ക് കുറുകെയുള്ള അംബാസിഡര്‍ പാലമാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഇത്തരം അന്താരാഷ്ട്ര നിര്‍മിതികള്‍ അപൂര്‍വമാണ്. മാത്യു മറൂണ്‍ എന്ന ബില്യനെയറിന്റേതാണ് ഈ പാലം. ഏകദേശം അരമണിക്കൂര്‍ കൊണ്ട് ഇതുവഴി വിന്‍സറില്‍ നിന്നും അമേരിക്കയില്‍ എത്താം.


അംബാസിഡര്‍ ബ്രിഡ്ജ്

കനേഡിയന്‍ പൗരത്വം ഉള്ളവര്‍ക്ക് വിസയുടെ ആവശ്യമില്ല; പാസ്‌പോര്‍ട്ട് മാത്രം കാണിച്ചാല്‍ മതി. സെപ്റ്റംബര്‍ 11ന് ശേഷം മാത്രമാണ് ഇത് നിര്‍ബന്ധമാക്കിയത്. അതിനു മുന്‍പ് അതിര്‍ത്തി കടക്കാന്‍ കനേഡിയന്‍ ഡ്രൈവിംഗ് ലൈസന്‍സ് മാത്രം കാണിച്ചാല്‍ മതിയായിരുന്നു-ഇത് കാരണമാകാം പല മുതിര്‍ന്ന കനേഡിയന്‍ പൗരന്മാര്‍ക്കും പാസ്‌പോര്‍ട്ട് ഇല്ല!

ഒരു ദിവസം അതിര്‍ത്തി കടക്കുന്ന വാഹനങ്ങളുടെ എണ്ണം 1.5 ലക്ഷമാണ് എന്ന് പറയുമ്പോള്‍ ഇവിടെയുള്ള തിരക്കിനെപ്പറ്റി ഒരു ഏകദേശരൂപം കിട്ടിയിരിക്കുമല്ലോ. പാലത്തിലൂടെ ഉള്ള യാത്രയ്ക്കായി ഒരു പ്രാവശ്യം യാത്രയ്ക്കായി എട്ടര കനേഡിയന്‍ ഡോളര്‍ ഫീസ് കൊടുക്കണം. ലോങ്ങ് വീക്കെന്റിനു മുമ്പ് ക്യൂവിന് നീളം കൂടും. ഇതിലൂടെ പലരും ദിവസേന ജോലിക്കായി പോയി വരുന്നുണ്ട് അവര്‍ക്ക് പ്രത്യേക ആര്‍.എഫ്.ഐഡിയുള്ള നെക്‌സസ് കാര്‍ഡ് കയ്യില്‍ ഉണ്ടെങ്കില്‍ വാഹനം നിര്‍ത്താതെ ഇതിലൂടെ ഓടിച്ചു പോകാം.

അമേരിക്കയുടെയും കാനഡയുടെയും ഉള്‍നാടുകളിലേക്കുള്ള ചരക്കുക ഗതാഗതം പ്രധാനമായും ഡിട്രോയിറ്റ് റിവറില്‍ കൂടിയുള്ള ബാര്‍ജുകള്‍ വഴിയാണ്. പഞ്ചമഹാതടാകങ്ങളായ ഈറി, ഹ്യൂറോണ്‍, ഒന്റേരിയോ, സുപ്പീരിയര്‍, മിഷിഗണ്‍ എന്നിവയെ കൂട്ടിയിണക്കുന്ന ഒരു കണ്ണിയായായ ഈ നദിയുടെ അടിയില്‍ കൂടി ഒരു ടണല്‍ ഉണ്ട്. ഇതുവഴിയുള്ള റോഡ് കൂടാതെ ഒരു റെയില്‍വേ ലൈനും രണ്ട് രാജ്യങ്ങളെ കൂട്ടിയോജിപ്പിക്കുന്നു.


കറുത്ത വര്‍ഗക്കാരെ പൂട്ടിയിരുന്ന ചങ്ങലകള്‍ - ബ്ലാക്ക് ഹിസ്റ്ററി മ്യൂസിയത്തില്‍നിന്നുള്ള കാഴ്ച

കാനഡയുടെ ചരിത്രത്തില്‍ വളരെ വലിയ പങ്കുവഹിച്ച ഒരു സ്ഥലമാണ് വിന്‍സര്‍. പതിനെട്ടാം നൂറ്റാണ്ടില്‍ കാനഡ ബ്രിട്ടീഷ് നേരിട്ടുള്ള ഭരണത്തിന്‍ കീഴിലായിരുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ അമേരിക്കയുമായി നടന്ന രണ്ട് യുദ്ധങ്ങളില്‍ ഇത് തന്ത്രപ്രധാനമായ വലിയ പങ്കുവഹിച്ചു. അന്നത്തെ ബ്രിട്ടീഷ് മിലിട്ടറിയുടെ ആസ്ഥാനമായിരുന്ന കോട്ടയും മറ്റും ഇവിടെ നന്നായി സംരക്ഷിച്ചു സൂക്ഷിച്ചിട്ടുണ്ട്. അമേരിക്കക്കാര്‍ക്ക് എതിരായി ബ്രിട്ടീഷുകാരോടൊപ്പം ചേര്‍ന്ന് പോരാടിയ വടക്കന്‍ അമേരിക്കയിലെ ഷാണി ഗോത്രത്തലവനായിരുന്ന റ്റെക്കംസി (Tecum-seh) യുടെപേരിലുള്ള ഒരു ചെറുപട്ടണം ഇതിന് സമീപം ഉണ്ട്.

'അണ്ടര്‍ഗ്രൗണ്ട് റെയില്‍റോഡ്' എന്നറിയപ്പെടുന്ന കറുത്ത വര്‍ഗക്കാരുടെ പലായനം പ്രധാനമായും വിന്‍സറും അടുത്തുള്ള പ്രദേശങ്ങളും കേന്ദ്രീകരിച്ച് ആയിരുന്നു. അമേരിക്കയുടെ വടക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും സ്വാതന്ത്ര്യം നേടിയ അടിമകളെ തിരികെ പിടിക്കാന്‍ ഇറങ്ങി പുറപ്പെട്ടവരില്‍ നിന്ന് രക്ഷപ്പെടാനായി ഏകദേശം 30,000 ഓളം പേര്‍ നദി കടന്ന് വിന്‍സറില്‍ എത്തി എന്ന് കണക്കുകള്‍ പറയുന്നു. പിന്നീട് കാനഡയുടെ പല ഭാഗങ്ങളില്‍ താമസം ഉറപ്പിച്ച ഈ നാട്ടിലെ കറുത്ത വര്‍ഗക്കാരുടെ ചരിത്രത്തിലെ വളരെ പ്രധാനപ്പെട്ട ഒരു അധ്യായമാണ് ഇത്. ഇതിനു തൊട്ടു കിടക്കുന്ന അമേരിക്കന്‍ നഗരമായ ഡെട്രോയിറ്റില്‍ മോട്ടോര്‍ വ്യവസായം അഭിവൃദ്ധി പ്രാപിച്ചപ്പോള്‍ അധികം പേരും അവിടേക്ക് പോയി.


ഒഡെറ്റ് പ്രതിമാ പാര്‍ക്ക്

1920 അമേരിക്കയിലെ മിഷിഗണ്‍ സ്റ്റേറ്റില്‍ മദ്യനിരോധനം നിലവില്‍ വന്നു. എന്നാല്‍, തൊട്ടടുത്ത കിടക്കുന്ന വിന്‍സറില്‍ മദ്യം സുലഭമായിരുന്നു. ഇത് നിമിത്തം അക്കാലങ്ങളില്‍ കള്ളക്കടത്തും വില്‍പനയും ഒരു വലിയ വ്യവസായമായി വളര്‍ന്നു. ഈ അധോലോക സാമ്രാജ്യത്തിന് നേതാവായിരുന്നു അല്‍ കപ്പോണ്‍. ഇറ്റാലിയന്‍ വംശജന്‍ ആയിരുന്ന ഇയാളുടെ പ്രവര്‍ത്തന കേന്ദ്രവും മറ്റും അടുത്തകാലം വരെ നിലനിന്നിരുന്നു. ഒരു സാധാരണ ബൗണ്‍സറായി ജീവിതം ആരംഭിച്ച അയാള്‍ പിന്നീട് റോബിന്‍ഹുഡ് പരിവേഷം ആര്‍ജ്ജിച്ചു, എങ്കിലും നിയമത്തിന്റെ നീണ്ടകരങ്ങള്‍ അയാളെ പിടികൂടുക തന്നെ ചെയ്തു. വിന്‍സറിന്റെ ഒരു കറുത്ത അധ്യായത്തിന്റെ അവസാനം കുറിച്ചു കൊണ്ട് ആ കെട്ടിടം അടുത്തകാലത്ത് പൊളിച്ചുമാറ്റി. അയാളെ ഹീറോയായി കണ്ടിരുന്ന പലരും അവിടെ നിന്ന് ലേലം ചെയ്ത വിറ്റ പല വസ്തുക്കളും മൊമെന്റോ ആയി വാങ്ങുകയുണ്ടായി.

കാനഡയില്‍ മദ്യപിക്കാന്‍ അനുവദനീയമായ പ്രായം പതിനെട്ടും അമേരിക്കയിലേത് ഇരുപത്തിന്നും ആണ്. അതുകൊണ്ട് അമേരിക്കയില്‍ നിന്നും ധാരാളം യുവതി യുവാക്കള്‍ കാനഡയിലേക്ക് വരിക പതിവാണ് പ്രത്യേകിച്ച് അവധി ദിവസങ്ങളില്‍ ഇവരുടെ പ്രധാന ആകര്‍ഷണ കേന്ദ്രം അതിര്‍ത്തിക്കടുത്ത് തന്നെയുള്ള സീസേഴ്‌സ് കസിനോ ആണ്. മദ്യപിക്കാനും ചൂതാട്ടത്തിനും മറ്റു പലതരം വിനോദങ്ങള്‍ക്കും ഉള്ള വിപുലമായ സൗകര്യങ്ങളുള്ള അവിടുത്തെ ഭക്ഷണവും രുചികരമാണ്.


ഡിട്രോയിറ്റ് കാഴ്ച

ചൂതാട്ടത്തില്‍ താല്‍പര്യമുള്ള വിനോദ സഞ്ചാരികളെ ഇവിടെ ആകര്‍ഷിക്കുന്ന ഒരു കേന്ദ്രമാണ് 'സീസേഴ്‌സ് കസീനോ' ആയിരക്കണക്കിന് ബൂത്തുകളിലായി പലതരം ഗെയിംസ് നടക്കുന്നത് കാണാം. വൃദ്ധജനങ്ങള്‍ ധാരാളമായി ഇവിടെ വന്ന് അവരുടെ സമയവും പണവും പാഴാക്കാറുണ്ട്. ഏകാന്തതയാണ് പ്രധാനകാരണം. അഡിക്ഷന് സഹായകരമായ കൗണ്‍സിലിംഗ് കാനഡയിലെ പല ആശുപത്രികളിലും സൗജന്യമായി ലഭിക്കും.

ഹീറാം വാക്കര്‍ ഡിസ്റ്റിലറിയെപ്പറ്റി പറയാതെ ഈ നഗരത്തിന്റെ ചരിത്ര കഥനം പൂര്‍ണമാകില്ല. ഇവിടെ നിര്‍മിക്കപ്പെടുന്ന മദ്യമാണ് രുചിയിലും കടുപ്പത്തിലും വ്യത്യാസത്തോടെ കുപ്പിയില്‍ അടച്ച് പല മദ്യനിര്‍മാണക്കമ്പനികളും വില്‍ക്കുന്നത്. 150 വര്‍ഷത്തില്‍ കൂടുതല്‍ ചരിത്രം അവകാശപ്പെടാവുന്ന ഈ കമ്പനിയുടെ പരിസരം മുഴുവന്‍ മദ്യത്തിന്റെ നേരിയ മണം നിറഞ്ഞതാണ് വായുവിലെ മദ്യത്തിന്റെ സാന്നിധ്യം കൊണ്ടാകാം ഇതിനടുത്തുള്ള എല്ലാ മരങ്ങളുടെയും പുറന്തൊലി കറുത്ത നിറത്തിലാണ് കാണപ്പെടുന്നത്. വര്‍ഷങ്ങളായി അങ്ങനെ തന്നെയാണെന്നും ഒരു വ്യത്യാസവും കാണാറില്ല എന്നും ഇതിന് അടുത്ത് താമസിക്കുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നു.

കാനഡയുടെ മോട്ടോര്‍ സിറ്റി എന്നാണ് വിന്‍്‌സര്‍ അറിയപ്പെടുന്നത്. കൂടാതെ റോസ് സിറ്റി എന്ന പേരും ഉണ്ട്. ദശകങ്ങള്‍ക്ക് മുന്‍പ് ഫോര്‍ഡ്, ക്രൈസ്റ്റ്‌ലര്‍, ജനറല്‍ മോട്ടോര്‍ കമ്പനി എന്നിവയുടെ പ്രധാന ഫാക്ടറികള്‍ എല്ലാം ഇവിടെയായിരുന്നു. അക്കാലത്ത് ഇതുമായി ബന്ധപ്പെട്ട ധാരാളം അനുബന്ധ വ്യവസായങ്ങളും ഇവിടെ വികസിച്ചു വന്നു. പിന്നീട് പല കാരണങ്ങള്‍ കൊണ്ട് പലതും ഇവിടെ നിന്നും മെക്‌സിക്കോയിലേക്കും ചൈനയിലേക്കും മാറ്റി സ്ഥാപിക്കപ്പെട്ടു. എന്നാലും ഇന്നും ഇവിടെയുള്ള ക്രൈസിളര്‍ കമ്പനിയുടെ മിനിവാന്‍ അസംബ്ലി പ്ലാന്റ് ഇവിടെയുള്ളവര്‍ അഭിമാനത്തോടെ ഉച്ചരിക്കുന്ന ഒരു പേരാണ്. നദിക്കരയില്‍ നിന്നാല്‍ കാണുന്ന ഡിട്രോയിറ്റ് നഗരത്തിന്റെ കാഴ്ച വളരെ മനോഹരമാണ്. വിന്‍സറില്‍ വരുന്ന എല്ലാവര്‍ക്കും ആ പശ്ചാത്തലത്തില്‍ നിന്ന് ഒരു ഫോട്ടോ എടുക്കല്‍ നിര്‍ബന്ധമാണ്.

കാനഡയില്‍ കുറ്റകൃത്യങ്ങള്‍ ഏറ്റവും കുറവുള്ള നഗരങ്ങളില്‍ ഒന്നാണ് വിന്‍സര്‍. വിന്‍സര്‍ ഡിട്രോയിറ്റ് ഫ്രീഡം ഫെസ്റ്റിവല്‍ എന്ന പേരില്‍ അറിയപ്പെടുന്ന രണ്ടാഴ്ച നീണ്ട് നില്‍ക്കുന്ന ആഘോഷങ്ങള്‍ സമാപിക്കുന്നത് ജൂലൈ ആദ്യവാരം രണ്ടു പട്ടണങ്ങളും ചേര്‍ന്ന് നടത്തുന്ന വെടിക്കെട്ടോടെ ആണ്. ഒരു കാലത്ത് കാനഡയില്‍ നിന്നും യുദ്ധ പരാജയം ഏറ്റുവാങ്ങിയിട്ടുള്ള അമേരിക്കയുമായുള്ള സൗഹൃദം ഇന്ന് രണ്ട് രാജ്യങ്ങള്‍ക്കും വളരെ പ്രധാനപ്പെട്ടതാണ്. ലോകത്തിലെ ഏറ്റവും നീളം കൂടിയ അതിര്‍ത്തി, ഒരു വേലി പോലും ഇല്ലാതെ സുരക്ഷിതമായി പരിപാലിക്കപ്പെടുന്നു. ജൂലൈ ഒന്നിന് കാനഡയുടെയും ജൂലൈ നാലിന് അമേരിക്കയുടെയും ദേശീയ ദിനങ്ങള്‍ ഇരു രാജ്യങ്ങളും ചേര്‍ന്ന് ഒറ്റ വെടിക്കെട്ടോടെ ആഘോഷിച്ചു വരുന്നു. ഞങ്ങള്‍ മിക്കവാറും എല്ലാ വര്‍ഷവും വെടിക്കെട്ട് കാണാന്‍ പോകാറുണ്ട്. നദിയുടെ മധ്യത്തിലുള്ള ഒരു ബാര്‍ജില്‍ വച്ച് നടത്തുന്ന വെടിക്കെട്ട് കാണാന്‍ ഇരുകരകളിലുമായി ഏകദേശം ഒരു മില്യന്‍ ആളുകള്‍ ആയി തടിച്ചു കൂടാറുണ്ട്.

'Odette Sculpture' പാര്‍ക്ക് ഡിട്രോയിറ്റ് നദിയുടെ കരയിലാണ് സ്ഥിതി ചെയ്യുന്നത്. ലോകപ്രസിദ്ധ ശില്‍പികളുടെ സൃഷ്ടികള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.

(തുടരും)



Similar Posts