Shelf
അതേ സുവാരസ് നോക്കിയിരിക്കെ ഘാന പ്രതികാരം ചെയ്തു!
Shelf

അതേ സുവാരസ് നോക്കിയിരിക്കെ ഘാന പ്രതികാരം ചെയ്തു!

മുഹമ്മദ് ഷാഫി
|
2 Dec 2022 6:09 PM GMT

2010 ജൂലൈ മൂന്നിന് ജൊഹാനസ്ബർഗിൽ വെച്ച്, എക്‌സ്ട്രാ ടൈമിന്റെ അവസാന നിമിഷങ്ങളിൽ ഘാനയുടെ ഗോളെന്നുറച്ച ശ്രമം ഗോൾലൈനിൽ വെച്ചു ലൂയിസ് സുവാരസ് കൈകൊണ്ട് തടഞ്ഞത് ഓർമ കാണാത്തവരുണ്ടാവില്ല.

ഇതിലും മധുരമായെങ്ങനെ പ്രതികാരം ചെയ്യും?

പന്ത്രണ്ടു വർഷം മുമ്പ് സ്വന്തം ഭൂഖണ്ഡത്തിൽ നടന്ന ലോകകപ്പിൽ യൂറുഗ്വായിൽ നിന്നേറ്റ മുറിവിന് ഏറ്റവും മധുരതരമാം വിധം പ്രതികാരം ചെയ്തിരിക്കുന്നു ഘാന. ഭ്രമിപ്പിച്ചും മോഹിപ്പിച്ചും പ്രതീക്ഷകളുടെ കൊടുമുടിയിലെത്തിച്ച ശേഷം ശത്രുവിനെ മുറുകെ പിണർന്ന് കൊക്കയിലേക്കൊരു എടുത്തുചാട്ടം. സ്വപ്നസാഫല്യം നേടിയ ഒരു ചാവേറിന്റെ മരണം.

2010 ജൂലൈ മൂന്നിന് ജൊഹാനസ്ബർഗിൽ വെച്ച്, എക്‌സ്ട്രാ ടൈമിന്റെ അവസാന നിമിഷങ്ങളിൽ ഘാനയുടെ ഗോളെന്നുറച്ച ശ്രമം ഗോൾലൈനിൽ വെച്ചു ലൂയിസ് സുവാരസ് കൈകൊണ്ട് തടഞ്ഞത് ഓർമ കാണാത്തവരുണ്ടാവില്ല. ചുവപ്പുകാർഡും പെനാൽട്ടിയും വഴങ്ങിയ ചെകുത്താന്റെ കൈ! 120-ാം മിനുട്ടിൽ, സെമിഫൈനലിന്റെ പടിവാതിലിൽ വെച്ച് അസമോവ ഗ്യാൻ ആ പെനാൽട്ടി പാഴാക്കിയപ്പോൾ ടണലിലേക്കുള്ള വഴിയിൽ തിരിഞ്ഞുനോക്കി സുവാരസ് നടത്തിയൊരു ആഹ്ലാദ പ്രകടനമുണ്ട്. ആഫ്രിക്കൻ ഫുട്‌ബോളിന്റെ നെഞ്ചിന്മേലുള്ള സംഹാരനൃത്തമായിരുന്നു അത്. ആദ്യ കിക്ക് ഗോളാക്കി അസമോവ ഗ്യാൻ പ്രായശ്ചിത്തം ചെയ്തിട്ടും ഷൂട്ടൗട്ടിൽ തോറ്റ്, ലോകകപ്പ് സെമിയിലെത്തുന്ന ആദ്യ ടീമെന്ന ഖ്യാതി നേടാനാവാതെ ഘാന മടങ്ങി. ഷൂട്ടൌട്ടിലെ തോൽവിയേക്കാൾ അവരെ വേദനിപ്പിച്ചത് അന്തിമ വിസിലിനു മുമ്പ് സുവാരസ് നടത്തിയ വഴിവിട്ട ആ സാഹസമായിരുന്നു.

ഇന്ന് ഇതേ ടീമുകൾ എച്ച് ഗ്രൂപ്പിലെ അവസാന മത്സരത്തിൽ നേർക്കുനേർ വന്നപ്പോൾ കാര്യങ്ങൾ കുറച്ചുകൂടി സങ്കീർണമായിരുന്നു. സമനിലയെങ്കിലും നേടാനായാൽ ഘാനയ്ക്കും ജയിച്ചാൽ യൂറുഗ്വായ്ക്കും പ്രീക്വാർട്ടറിലേക്കു കയറാം. ഇതേസമയം നടക്കുന്ന മത്സരത്തിൽ പോർച്ചുഗൽ ദക്ഷിണ കൊറിയയെ ജയിക്കാൻ വിടില്ല എന്നുറപ്പുള്ളതിനാൽ ഘാന - യൂറുഗ്വായ് മത്സരമായിരുന്നു ശ്രദ്ധാകേന്ദ്രം.

ഘാനക്കെതിരെ ആദ്യപകുതിയിൽ രണ്ടു ഗോളടിച്ച് യൂറുഗ്വായ് പ്രീക്വാർട്ടറിലേക്ക് ശക്തമായ അവകാശവാദമുന്നയിക്കുന്നു. അപ്പുറത്ത് പോർച്ചുഗൽ ഗോളടിക്കുകയും കൊറിയ തിരിച്ചടിക്കുകയും ചെയ്യുന്നു. ഇടവേളയ്ക്കു പിരിയുമ്പോൾ കാര്യങ്ങൾ യൂറുഗ്വായ്ക്കനുകൂലമായിരുന്നു.

കരുത്തരായ പോർച്ചുഗലിനെ കൊറിയ അട്ടിമറിച്ചാലും ഗോൾ വ്യത്യാസത്തിൽ മുന്നേറാമെന്ന കണക്കുകൂട്ടലിൽ യൂറുഗ്വായ് അടുത്ത ഗോളിനായി ആക്രമണം ശക്തമാക്കുന്നു. എന്നാൽ, ആദ്യപകുതിയിലെ തിരിച്ചടികൾ മറന്ന് ഘാന അവർക്കു മുന്നിൽ കളിയും വഴിയും ദുർഘടമാക്കുന്നു.

ഒരു ഗോളിന് വഴിയൊരുക്കി ഇന്നും ഘാനയെ മുറിപ്പെടുത്തിയ ലൂയിസ് സുവാരസ് കളത്തിൽ നിന്നു കയറുമ്പോൾ യൂറുഗ്വായ് പ്രീക്വാർട്ടർ യോഗ്യത നേടുന്ന രണ്ടാം സ്ഥാനത്തുണ്ട്.

പക്ഷേ ഫുട്‌ബോളിന്റെ വിധികൾ ആരറിയുന്നു? ഖത്തർ ലോകകപ്പിൽ തീർത്തും സ്വാഭാവികമായിക്കഴിഞ്ഞ അട്ടിമറികളുടെ മറ്റൊരു പതിപ്പിൽ കൊറിയ പോർച്ചുഗലിനെ വീഴ്ത്തിയതോടെ സമവാക്യങ്ങളാകെ തെറ്റി. ഇഞ്ച്വറി ടൈമിലെ പ്രത്യാക്രമണത്തിൽ ഹ്യു മിൻ സോങ് ആസൂത്രണം ചെയ്യുകയും ഹ്വാങ് ഹീ ചാൻ നിർവഹിക്കുകയും ചെയ്ത ഗോൾ പോർച്ചുഗലിനേൽപ്പിച്ച അഭിമാനക്ഷതത്തേക്കാൾ വലുതൊന്ന് യൂറുഗ്വായ്ക്കു നൽകി: ഹൃദയാഘാതം! കൊറിയ ഗോളടിച്ചതോടെ പോയിന്റിലും ഗോൾ വ്യത്യാസത്തിലും അവർ യൂറുഗ്വായ്ക്ക് തുല്യരായി; കൂടുതൽ ഗോളടിച്ച കണക്കിന്റെ ആനുകൂല്യത്തിൽ അവരേക്കാൾ മുന്നിലും!

പോർച്ചുഗൽ - കൊറിയ മത്സരം കഴിഞ്ഞും അഞ്ചു മിനുട്ടിലേറെ സമയം ബാക്കിയുണ്ടായിരുന്നു യൂറുഗ്വായുടെയും ഘാനയുടെയും കളി നടക്കുന്ന മൈതാനത്ത്. യൂറുഗ്വായ്ക്ക് മുന്നേറണമെങ്കിൽ ഒരു ഗോൾ കൂടി നേടണമായിരുന്നു. എന്നാൽ ആ മിനുട്ടുകൾക്ക് ഘാന നൽകിയ വില അഭിമാനത്തിന്റേതായിരുന്നു. ഒരു വ്യാഴവട്ടം മുമ്പ് ഗോളിനും സെമിഫൈനലിനുമിടയിൽ നിഷിദ്ധമായ ആ കൈക്രിയ നടത്തിയ ലൂയിസ് സുവാരസ് ഡഗ്ഔട്ടിൽ ആശങ്കാകുലനായിരിക്കെ, ഇനിയൊരു ഗോളിന് അവസരം നൽകാതെ അവർ യൂറുഗ്വായെ വരിഞ്ഞുമുറുക്കി. കടുത്ത പ്രത്യാക്രമണങ്ങളിലൂടെ മടക്കഗോളിന് വിലപേശി. സ്‌കോർബോർഡിൽ അനക്കങ്ങളില്ലാതെ കളി അവസാനിച്ചു!

തോൽവിയിലും പ്രതികാരസാഫല്യം ഘാനയ്ക്ക് ആഹ്ലാദം പകർന്നപ്പോൾ, ജയിച്ചിട്ടും യൂറുഗ്വായ് ഇടറിവീണു!

Similar Posts