Interview
ട്രെന്റി ആയിട്ടുള്ള പൊളിറ്റിക്‌സുള്ള സിനിമ എന്ന നിലക്കല്ല ആട്ടം ചെയ്ത് - ആനന്ദ് ഏകര്‍ഷി
Interview

ട്രെന്റി ആയിട്ടുള്ള പൊളിറ്റിക്‌സുള്ള സിനിമ എന്ന നിലക്കല്ല ആട്ടം ചെയ്ത് - ആനന്ദ് ഏകര്‍ഷി

നബിൽ ഐ.വി
|
5 Jan 2024 12:50 PM GMT

കേരളത്തിലെ തീയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുന്നതിനു മുന്‍പ് തന്നെ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലടക്കം ഏറെ ശ്രദ്ധിക്കപ്പെടുകയും അവാര്‍ഡുകള്‍ നേടുകയും ചെയ്ത ചിത്രമാണ് ആട്ടം. മലയാള സനിമയിലെ പൊളിറ്റിക്കല്‍ കറക്ട്‌നസ്സിനെ കുറിച്ചും സ്ത്രീ-പുരുഷ ദ്വന്ദത്തെ കുറിച്ചുമൊക്കെയുള്ള ചര്‍ച്ചകള്‍ വീണ്ടും ഉയര്‍ന്നുവരികയാണ് ആട്ടം സിനിമയിലൂടെ. | സിനിമയുടെ സംവിധായകന്‍ ആനന്ദ് ഏകര്‍ഷിയുമായി നബില്‍ ഐ.വി നടത്തിയ അഭിമുഖം.

ആനന്ദ് ഏകര്‍ഷി ഒരു തിയറ്റര്‍ ആര്‍ട്ടിസ്റ്റാണ്. തിയറ്റര്‍ പശ്ചാത്തലമുള്ള പ്രമേയം തന്നെയാണ് സിനമയുടേത്. നാടകത്തില്‍ നിന്ന് സിനിമ എന്ന കണ്‍സെപ്റ്റിലേക്ക് എത്തുന്നത് എങ്ങിനെയാണ്?

ഈ സിനിമയുടെ തുടക്കം എന്നു പറയുന്നത്, ഞങ്ങള്‍ നാടക സുഹൃത്തുക്കളൊക്കെ കൂടി ഒരു ദിവസം ഒരു യാത്ര പോയപ്പോള്‍ വിനയ് ഫോര്‍ട്ടാണ് എന്തുകൊണ്ട് നമുക്ക് എന്തെങ്കിലും ഒന്ന് ചെയ്തുകൂടാ എന്ന് ചോദിക്കുന്നത്. നീ ഒരു കഥ എഴുതുകയാണെങ്കില്‍ നമ്മുടെ കൂടെ ഉള്ള എല്ലാവര്‍ക്കും സനിമയില്‍ ഒരു അവസരം കൊടുക്കാം എന്നുകൂടി വിനയ് പറഞ്ഞു. അങ്ങിനെയാണ് ഈ പ്രൊജക്റ്റിനെ കുറിച്ചുള്ള ആലോചനകള്‍ നടക്കുന്നത്.

എല്ലാവരും ചര്‍ച്ച ചെയ്യപ്പെട്ട ഒരു കാര്യം ആയിരുന്നു ആട്ടം എന്ന സിനിമയുടെ കാസ്റ്റിംഗ്. എങ്ങനെ ആയിരുന്നു ഇതിലേക്ക് അഭിനേതാക്കളെ കണ്ടെത്തിയത്?

പതിമൂന്നു പേരടങ്ങുന്ന ഈ സിനിമയില്‍ ഷാജോണ്‍ ചേട്ടനും നായികയായ സെറിനും ഒഴിച്ച് വിനയ് ഫോര്‍ട്ട് ഉള്‍പ്പടെ ബാക്കി പതിനൊന്നു പേരും ലോകധര്‍മ്മി എന്നു പറഞ്ഞ ഒരു തീയറ്റര്‍ ഗ്രൂപ്പിലെ അംഗങ്ങള്‍ ആയിരുന്നു. ഞാനും ആ ഗ്രൂപ്പിന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ നമുക്ക് വര്‍ഷങ്ങളോളം അറിയാവുന്ന സുഹൃത്തുക്കളാണ് കൂടെ ഉള്ളത് എന്നുള്ള ഒരു നേട്ടം ഉണ്ടായിരുന്നു.

ആട്ടം യഥാര്‍ഥത്തില്‍ അഭിനേതാക്കള്‍ക്ക് വേണ്ടി എഴുതിയ ഒരു സിനിമയാണ്. സാധാരണയായി ഒരു കഥ ജനിച്ചതിന് ശേഷമാണ് അതിലെ കഥാപാത്രങ്ങള്‍ ആരാണ് എന്ന് നിശ്ചയിക്കുന്നത്. എന്നാല്‍, ആട്ടത്തില്‍ ആദ്യം ഉണ്ടായത് കഥാപാത്രങ്ങള്‍ ആയിരുന്നു. അവര്‍ക്ക് വേണ്ടിയാണ് കഥ എഴുതുന്നതും അത് ഒരു സിനിമ ആയതും.

സിനിമയുടെ അകത്തു നാടകം കടന്നുവരുമ്പോള്‍ അഭിനേതാക്കള്‍ക്ക് ഒരുപാട് വെല്ലുവിളികള്‍ ഉണ്ടാവാറുണ്ട്. അത്തരത്തില്‍ വെല്ലുവിളികള്‍ നേരിട്ടിരുന്നോ?

ഈ സിനിമയില്‍ അഭിനയിച്ച പതിനൊന്നുപേരോളം നാടകക്കാരാണ്. എനിക്ക് ഇരുപത് വര്‍ഷത്തോളം ആയി അറിയാവുന്ന സുഹൃത്തുക്കളാണ്. ഇവരെല്ലാം നാടകത്തിലെ മികച്ച അഭിനേതാക്കളാണ്. എന്നാല്‍, സിനിമയിലേക്ക് വരുമ്പോള്‍ അഭിനയത്തിന്റെ ആ ഒരു സംക്രമണം ഉണ്ട്. കാരണം, സിനിമയിലെ അഭിനയം തികച്ചും വ്യത്യസ്തമാണ്. അതിനു വേണ്ടി ഏകദേശം മുപ്പത്തിയഞ്ചു ദിവസം പരിശീലനം ചെയ്തിരുന്നു. എല്ലാ സീനുകളും പരിശീലനം ചെയ്തിരുന്നു. അത് വളരെയധികം ഉപകാരപ്രദമായിട്ടുണ്ട്. എഴുത്തില്‍ ആണെങ്കിലും കൂടുതല്‍ യാഥാര്‍ഥ്യത്തില്‍, നമ്മള്‍ സാധാരണ സംസാരിക്കുന്ന പോലെ എങ്ങനെ അവര്‍ക്ക് സംസാരിക്കാം എന്ന് ആലോചിച്ചിരുന്നു.


സിനിമയിലെ ഒരു രംഗം

സിനിമയിലടക്കം മുഴുവന്‍ കലാസൃഷ്ടികളിലും പൊളിറ്റിക്കല്‍ കറക്ട്‌നസ്സ് വേണമെന്ന് നിര്‍ബന്ധം പിടിക്കുന്ന ഒരു പ്രേക്ഷക സമൂഹം ഇവിടെ രൂപപ്പെട്ടിട്ടുണ്ട്. അതിനോട് എന്‍ഗേജ് ചെയ്യുന്നുണ്ടോ ആട്ടം?

പൊളിറ്റിക്കല്‍ കറക്ട്‌നസ്സിനെ പേടിച്ചുകൊണ്ട് സിനിമയെടുക്കേണ്ട അവസ്ഥ ഇന്നുണ്ട്. പ്രേക്ഷകരുടെ ഒരു സ്വയം സെന്‍സര്‍ബോര്‍ഡിന്റെ അന്തരീക്ഷം നിലനില്‍ക്കുന്നുണ്ട് ഇവിടെ. സിനിമ ചെയ്യുമ്പോള്‍ തന്നെ, സിനിമ ഇറങ്ങിയതിനുശേഷം ആളുകള്‍ എന്ത് പറയും എന്ന് ആലോചിച്ച് സിനിമ ചെയ്യാന്‍ സാധിക്കില്ല. അവരെ പ്രീതിപ്പെടുത്താന്‍ വേണ്ടി സിനിമ ചെയ്യാന്‍ കഴിയില്ല. അതെല്ലാം പരിഗണിച്ച് സിനിമയെടുക്കുമ്പോള്‍ അത് സത്യസന്ധമല്ലാത്ത കലാസൃഷ്ടി ആയി മാറും. സിനിമയാവട്ടെ, മറ്റു കലാ സൃഷ്ടികളാകട്ടെ അവ ചെയ്തുവരുമ്പോള്‍ ഒരു പൊളിറ്റിക്‌സ് രൂപപ്പെട്ടു വരാം. അത് സ്വാഭാവികവും സത്യസന്ധവുമായിരിക്കും. ട്രെന്റി ആയിട്ടുള്ള പൊളിറ്റിക്‌സുള്ള സിനിമ എന്ന നിലക്കല്ല ആട്ടം ചെയ്തിട്ടുള്ളത്. അത്തരത്തില്‍ വ്യാഖ്യാനിക്കപ്പെടുമെന്ന് തോന്നിപ്പിക്കുന്ന ചില മൂവ്‌മെന്റുകള്‍ സിനിമയില്‍ നിന്ന് ബോധപൂര്‍വം എടുത്തു മാറ്റുകയടക്കം ചെയ്തിട്ടുണ്ട്. അതേസമയം വളരെ ഗൗരവപ്പെട്ട ഒരു വിഷയത്തെ തന്നെയാണ് സിനിമ അഡ്രസ്സ് ചെയ്യുന്നത്.

പ്രേക്ഷകര്‍ക്ക് തുടക്കം മുതല്‍ തന്നെ ഒരു പിരിമുരുക്കം അനുഭവപ്പെടണം എന്ന് കഥ എഴുതുന്ന സമയത്ത് തന്നെ തീരുമാനിച്ചിരുന്നോ?

ഒരു സസ്‌പെന്‍സ് ഡ്രാമ ആയിരിക്കണം എന്നും ഉന്നയിക്കുന്ന വിഷയം കാര്യഗൗരവം ഉള്ളതാണെങ്കിലും വളരെ സിനിമാറ്റിക് ആയിരിക്കണം എന്നും ആദ്യമേ തീരുമാനിച്ചിരുന്നു. കാണാന്‍ വരുന്ന പ്രേക്ഷകന് ഉദ്വേകജനകമായ ഒരു അനുഭവം ഉണ്ടാവണം എന്ന് സ്‌ക്രിപ്റ്റ് എഴുതുന്ന ആദ്യ സമയം മുതല്‍ തന്നെ നിശ്ചയിച്ചിരുന്നു. കാണുന്ന ആളുകള്‍ക്ക് ഒരു ടെന്‍ഷന്‍ അനുഭവപ്പെടുന്ന ഒരു സിനിമ ആയിരിക്കണം എന്ന് വിചാരിച്ചിരുന്നു.

സിനിമ ധാരാളം മേളകളില്‍ പ്രദര്‍ശിപ്പിച്ചു കഴിഞ്ഞു? എന്താണ് അനുഭവം?

ലോസ് ആഞ്ചല്‍സില്‍ നടന്ന ഐ.എഫ്.എഫ്.എല്‍ (ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ലോസ് ആഞ്ചല്‍സ്)ല്‍ മികച്ച സിനിമയായി തെരഞ്ഞെടുത്തു. ഐ.എഫ്.എഫ്.ഐയില്‍ ഇന്ത്യന്‍ സിനിമയിലെ ആദ്യ സിനിമയായിരുന്നു ആട്ടം. കൂടാതെ ജിയോ മാമി ചലച്ചിത്ര മേളയിലും ആട്ടം പ്രദര്‍ശനത്തിന് എത്തിയിരുന്നു. ഐ.എഫ്.എഫ്.കെയില്‍ ആദ്യ പ്രദര്‍ശനത്തിന് തന്നെ നല്ലവണ്ണം കാണികളുണ്ടായിരുന്നു. രണ്ടാമത്തെ പ്രദര്‍ശനത്തോടെ അത് ഇരട്ടിയായി. മൂന്നാമത്തെ പ്രദര്‍ശനത്തിന് കാണികളെ നിയന്ത്രിക്കാന്‍ പൊലീസ് ഇടപെടലുകളടക്കം വേണ്ടിവന്നു. ഐ.എഫ്.എഫ്.കെയില്‍ മികച്ച മലയാള ചിത്രത്തിനുള്ള നാറ്റ്പാക്ക് അവാര്‍ഡും സിനിമക്ക് ലഭിച്ചു.


ആനന്ദ് ഏകര്‍ഷി, നബില്‍ ഐ.വി


Similar Posts