അലയന്‍സ് ഫ്രാന്‍സെയ്സ് ഡയറക്ടറെ അമ്പരപ്പിച്ച് 'ആട്ടം' ഷെല്‍ഫ് ഡെസ്‌ക്
|ഫ്രഞ്ച് എംബസിയുടെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരത്തെ അലയന്‍സ് ഫ്രാന്‍സെയ്സ് സെന്ററിന്റെ ഡയറക്ടര്‍ മാര്‍ഗോട്ട് മീഷോയുടെ ഹൃദയം കവര്‍ന്ന് മലയാള ചിത്രം 'ആട്ടം'. ആനന്ദ് ഏകര്‍ഷിയുടെ സംവിധാന മികവില്‍ പുറത്തിറങ്ങിയ ചിത്രം ചൊവ്വാഴ്ച കലാഭവന്‍ തിയേറ്ററില്‍ നിന്നും കണ്ടിറങ്ങിയ മീഷോ സംസാരിക്കുന്നു.
ആട്ടത്തെകുറിച്ചുള്ള അഭിപ്രായം?
വളരെ സൂക്ഷ്മതലത്തില്‍ അനുഭവിപ്പിക്കുന്നു ആട്ടം. സിനിമ കണ്ടപ്പോള്‍, ഫ്രഞ്ചും, മലയാളവും തമ്മില്‍ കൂടുതല്‍ പങ്കാളിത്തത്തിന് ഇടമുണ്ടെന്ന് എനിക്ക് തോന്നി. സ്ത്രീകളുടെ അവകാശങ്ങള്‍ക്കായുള്ള അന്താരാഷ്ട്ര ദിനം ആഘോഷിക്കുമ്പോള്‍ എന്തുകൊണ്ട് ഈ ചിത്രം പ്രദര്‍ശിപ്പിച്ചു കൂടായെന്നും ഞാന്‍ ചിന്തിച്ചു. ഞാന്‍ ആ വഴി എന്തായാലും നോക്കും.
ഐ.എഫ്.എഫ്.കെയെക്കുറിച്ച് ?
ഇന്ത്യയില്‍ നിന്നും ലോകത്തിന്റെ മറ്റു പലഭാഗങ്ങളില്‍ നിന്നുമുള്ള ക്ലാസിക്കുകളും അതോടൊപ്പം സമകാലിക സിനിമകളും കാണാനുള്ള അത്ഭുതകരമായ അവസരമാണ് ഐ.എഫ്.എഫ്.കെ പ്രദാനം ചെയ്യുന്നത്. ഇത് തികച്ചും ആവേശകരമായ അനുഭവം തന്നെയാണ്. അന്താരാഷ്ട്ര ചിത്രങ്ങള്‍ മേളയ്ക്ക് ഒരു മുതല്‍ക്കൂട്ട് തന്നെയാണ്. എന്നിരുന്നാലും ഞാന്‍ കൂടുതല്‍ ഇന്ത്യന്‍ സിനിമകളാണ് കാണുക. ഒരു വിദേശി എന്ന നിലയ്ക്ക് ഞാന്‍ ഇന്ത്യന്‍ സംസ്‌കാരം കണ്ടെത്താനാണ് ശ്രമിക്കുന്നത്. സാമൂഹിക ആവശ്യങ്ങള്‍ക്കായി നിലകൊള്ളുന്ന പ്രതിബന്ധതയുള്ളവരാണ് ഇവിടെയുള്ള കലാകാരര്‍.
മേളയിലെ ജനപങ്കാളിത്തത്തെ കുറിച്ച് ?
സിനിമാ ആരാധകരെ സംബന്ധിച്ചിടത്തോളം ഇതൊരു മികച്ച അവസരം തന്നെയാണ്. വിദ്യാര്‍ഥികളുടെ സാന്നിധ്യവും സഹായവും വളരെയധികം ഉത്സാഹം നല്‍കുന്നുണ്ട്. ഒരിടത്ത് ഒരുമ പങ്കിടാന്‍ കഴിയുന്ന മാന്ത്രികമായ അത്ഭുതമാണ് സിനിമ. പുതുതലമുറയ്ക്കായി ഈ കലയും സാംസ്‌കാരികതയും നമുക്ക് പകര്‍ന്നു നല്‍കാം.
സിനിമ പ്രോത്സാഹിപ്പിക്കാന്‍ അലൈന്‍സ് ഫ്രാന്‍സെയ്സ് നടത്തുന്ന ശ്രമങ്ങള്‍?
ഫ്രഞ്ച് സിനിമ പ്രോത്സാഹിപ്പിക്കാനായി അലൈന്‍സ് ഫ്രാന്‍സെയ്സ് മാസത്തിലൊരിക്കല്‍ തിരുവനന്തപുരത്ത് പ്രദര്‍ശനം സംഘടിപ്പിക്കാറുണ്ട്. അത് കൊച്ചിയിലേക്കും വ്യാപിപ്പിക്കണമെന്ന് ഉദ്ദേശിക്കുന്നു. ഐ.എഫ്.എഫ്.കെയുടെ ഭാഗമാകാനുള്ള ആഗ്രഹം ഞങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. ഫ്രഞ്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ശ്രമഫലമായി ഞങ്ങള്‍ക്ക് നൂറുകണക്കിന് സിനിമകള്‍ ലഭിച്ചു. അവ സൗജന്യമായി കാണിക്കണം.
ഫ്രാന്‍സിലെ ചലച്ചിത്ര മേളകളെപ്പറ്റി പറയാമോ?
സിനിമയുടെ രാജ്യമാണ് ഫ്രാന്‍സ്. ലൂമിയര്‍ സഹോദരന്മാര്‍ സിനിമയ്ക്ക് ജന്മം നല്‍കിയത് മുതല്‍ ആരംഭിച്ചത് ഇന്ന് കാന്‍ മേളയിലൂടെയും ലിയോണിലെ ഫെസ്റ്റിവല്‍ ലൂമിയറിലൂടെയും തുടരുന്നു. കേരളത്തില്‍ സിനിമ പ്രോത്സാഹിപ്പിക്കുന്നതില്‍ വളരെയധികം സന്തോഷമുണ്ട്. ആട്ടം തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ്.