Interview
ബുക് ഫാം
Interview

വായനയുടെ മലപ്പുറം മോഡലാണ് ബുക് ഫാം

റാഷിദ നസ്രിയ
|
16 Sep 2023 4:52 AM GMT

ചില ആളുകള്‍ വായിക്കുന്നതിന് പകരം ഇവിടെ വരുന്ന ആളുകളോട് സംസാരിച്ച് തിരിച്ച് പോകും. അവര്‍ പുസ്തകം എടുക്കുകയോ വായിക്കുകയോ ചെയ്യണമെന്നില്ല. അവര്‍ക്ക് കൂടിയുള്ള ഇടമാണ് ബുക് ഫാം. | അഭിമുഖം: സമീര്‍ മേച്ചേരി / റാഷിദ നസ്രിയ

വായിക്കാന്‍ ഓണ്‍ലൈന്‍ ഉറവിടങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാവുന്ന ഡിജിറ്റല്‍ യുഗത്തില്‍ പഴയതുപോലെ ഒരുമിച്ചിരുന്ന് വായിക്കാനും പരസ്പരം സംസാരിച്ചിരിക്കാനും, ചര്‍ച്ച ചെയ്യാനും, പാട്ടു പാടാനും, ചിത്രം വരക്കാനും ഉള്ള അപൂര്‍വം ഇടങ്ങളിലൊന്നാണ് മലപ്പുറത്തെ കോട്ടക്കുന്നിന്റെ ചെരുവില്‍ സമീര്‍ മേച്ചേരി നടത്തുന്ന ബുക് ഫാം. ഒപ്പം ഒരു കോഫി ഷോപ്പും. മലപ്പുറത്തെ കുറിച്ചുള്ള സ്റ്റീരിയോ ടൈപ്പ് ബ്രേക്ക് ചെയ്യുന്ന മുന്‍കൈ. ബുക് ഫാം ഒരു വായനാ സമൂഹത്തെ സൃഷ്ടിക്കുന്നു. സാംസ്‌കാരിക ഇടം എന്ന നിലയിലും മലപ്പുറത്തിന്റെ തുറവിയായി അടയാളപ്പെടുത്തുന്ന ഇടം. ബുക്ഫാം ഒരു ദേശത്തെ കുറിച്ചുള്ള മുന്‍ വിധികളെയാണ് അപനിര്‍മിക്കുന്നത്. ഇവിടെ സംഗീതമുണ്ട്, വായനയുണ്ട്, പരസ്പരം നിരുപാധികമായി കേള്‍വി കൊടുക്കുന്ന മനുഷ്യരുണ്ട്, വ്യത്യസ്തമായ പുസ്തകങ്ങളുണ്ട്, ചര്‍ച്ചകളുണ്ട്. അതിലൂടെ സ്വയം നിര്‍മിക്കുന്ന, നവീകരിക്കുന്ന മനുഷ്യരുണ്ട്. ബുക് ഫാമിന് നേതൃത്വം കൊടുക്കുന്ന സമീര്‍ മേച്ചേരിയുമായി റാഷിദ നസ്രിയ നടത്തിയ അഭിമുഖം.

ബുക് ഫാം എന്ന ആശയത്തെ കുറിച്ച്?

ബുക് ഫാം എന്നത് വായിക്കാന്‍ താല്‍പര്യമുള്ള ആളുകള്‍ക്ക് സ്വസ്ഥമായി വന്നിരുന്ന് വായിക്കാനുള്ള ഒരു ഇടമാണ്. വ്യത്യസ്ത തരം പുസ്തങ്ങള്‍ ആളുകള്‍ക്ക് ലഭ്യമാക്കുന്നതിലൂടെ ഒരു വായനാ സംസ്‌കാരം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ്. ഓരോ പുസ്തകവും നമ്മളെ വായനയുടെ ആകാശത്തേക്ക് എത്തിക്കുന്നു. സാധാരണഗതിയില്‍ മറ്റു ലൈബ്രറിയില്‍ നിന്ന് പുസ്തകം എടുത്താല്‍ ഒരു നിശ്ചിത സമയത്തിനുള്ളില്‍ തിരിച്ചു കൊടുക്കേണ്ടതുണ്ടല്ലോ. അതുകൊണ്ടുതന്നെ മിക്കവാറും വായിക്കാതെതന്നെ തിരിച്ചു കൊടുക്കേണ്ടതായി വരുന്നു. ആളുകള്‍ക്ക് വായിക്കാന്‍ വേണ്ടത്ര സമയം കൊടുക്കുന്നില്ല. എന്നാല്‍, ഇവിടെ അണ്‍ലിമിറ്റഡായി പുസ്തങ്ങള്‍ എടുക്കാം. വായിച്ചു കഴിഞ്ഞ് ഒരു പുസ്തകത്തെക്കുറിച്ച് അതിന്റെ എഴുത്തുകാരനുമായി സംസാരിക്കാനുള്ള സാഹചര്യം ഒരുക്കി കൊടുക്കുന്നുമുണ്ട്. നമുക്ക് അവരുടെ വര്‍ത്തമാനം കേള്‍ക്കാഠ. പുസ്തകത്തെ കുറിച്ച് ചെറിയ ചെറിയ ടോക്കുകള്‍ സംഘടിപ്പിക്കുന്നുണ്ട് ഇവിടെ. ബുക്ഫാം കേവലം വായനയുടെ ഇടം മാത്രമല്ല. ആളുകള്‍ പരസ്പരം സംസാരിച്ചിരിക്കുന്ന, പാട്ട് പാടുന്ന, വരയ്ക്കുന്ന ചര്‍ച്ചകളിലേര്‍പ്പെടുന്ന, സൗഹൃദ കൂട്ടായ്മയുടെ ഇടം കൂടിയാണ്. ഒരു ഹ്യൂമന്‍ ലൈബ്രറി പോലെ പ്രവര്‍ത്തിക്കുന്നു എന്നും പറയാം. ചില ആളുകള്‍ വായിക്കുന്നതിന് പകരം ഇവിടെ വരുന്ന ആളുകളോട് സംസാരിച്ച് തിരിച്ച് പോകും. അവര്‍ പുസ്തകം എടുക്കുകയോ വായിക്കുകയോ ചെയ്യണമെന്നില്ല. അവര്‍ക്ക് കൂടിയുള്ള ഇടമാണ് ബുക് ഫാം.


എന്തുകൊണ്ട് ബുക് ഫാം?

വ്യക്തിപരമായി വായനയില്‍ താല്‍പര്യമുള്ള ആളാണ് ഞാന്‍. എന്നാല്‍, വളരെ ലേറ്റ് ആയിട്ടാണ് വായനയിലേക്ക് വന്നത്. വായന എന്റെ ജീവിതത്തെ, ചിന്തകളെ സ്വാധീനിച്ചുണ്ട്. വായിക്കാന്‍ തുടങ്ങിയത് മുതല്‍ ഞാന്‍ ആലോചിക്കുന്ന കാര്യമാണ് സ്വസ്ഥമായി ഇരുന്നു വായിക്കാന്‍ പറ്റുന്ന ഒരിടം. അങ്ങനെ വായനയ്ക്ക് സ്വസ്ഥമായിട്ടുള്ള ഇടം അന്വേഷിച്ച് നടക്കുന്നതിനിടയാണ് ഞാന്‍ ഇങ്ങനെ ഒരു ഇടം കണ്ടെത്തുന്നത്. ബുക്ക് ഫാം തുടങ്ങുന്നതിന് പത്ത് വര്‍ഷത്തോളം കാത്തിരുന്നു. അതുവരെ തുടങ്ങാതിരുന്നതിന് കാരണം സാമ്പത്തികമായിരുന്നു. തുടങ്ങുന്നതിനു മൂന്നു മാസം മുന്‍പ് ഞാന്‍ ഒരു സര്‍വ്വേ നടത്തിയിരുന്നു. ആളുകള്‍ എന്തുകൊണ്ടാണ് ലൈബ്രറിയിലേക്ക് വരാനുള്ള മടി എന്ന ചോദ്യത്തിനുള്ള ഉത്തരം ലൈബ്രറിയുടെ ആറ്റിറ്റിയൂഡ് എന്നായിരുന്നു. എടുക്കുന്ന പുസ്തക്കള്‍ ഒരു സമയത്തിനുള്ളില്‍ തിരിച്ചു കൊടുക്കണം എന്ന നിലയിലാണ് പല ലൈബ്രറികളും പ്രവര്‍ത്തിക്കുനത്. പല ലൈബ്രറികളും ലൈബ്രേറിയന്റെ എല്ലാ ജോലികളും കഴിഞ്ഞിട്ട് താല്‍കാലികമായി ഒരു വൈകുന്നേരം ഏകദേശം ഒരു എട്ട് മണി വരെ നടത്തുന്ന സംവിധാനമാണല്ലോ. ഇത്തരം നിബന്ധനകളില്ലാതെ ഏതൊരാള്‍ക്കും എത് സമയത്തും പുസ്തകമെടുക്കാന്‍ പറ്റുന്ന ഒരു സ്ഥലം വേണം എന്ന് മനസ്സില്‍ കൊണ്ട് നടന്നതിന്റെ ഫലമായിട്ടാണ് ബുക് ഫാം യാഥാര്‍ഥ്യമാകുന്നത്. ഒരുപാട് ആളുകള്‍ക്ക് സ്വസ്ഥമായി ഇരുന്ന് വര്‍ത്തമാനം പറഞ്ഞിരിക്കാന്‍ ഒരു ഇടം ഉണ്ടായി എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമായിട്ടാണ് ഞാന്‍ കാണുന്നത്. പലരും വന്നിരുന്ന് പുസ്തകം വായിക്കുകയും സംസാരിച്ചിരുന്ന് പോകുകയും ചെയ്യാറുണ്ട്. ഒരിക്കല്‍ ഇവിടെ വന്ന പലരും ഇനിയും വരും എന്ന് പറഞ്ഞിട്ടാണ് തിരിച്ചുപോകുന്നത്.

ബുക്ക് ഫാം ഒരു ഹ്യൂമന്‍ ലൈബ്രറി പോലെ പ്രവര്‍ത്തിക്കുന്നു എന്നു പറഞ്ഞല്ലോ. എന്താണതിന്റെ ആശയം?

പരസ്പരം സൗഹൃദ കൂട്ടായ്മയുടെ ഇടമാകുന്നതോടുകൂടി ബുക് ഫാം ഒരു ഹ്യൂമന്‍ ലൈബ്രറി പോലെ പ്രവര്‍ത്തിക്കുന്നു. ഇവിടെ ആളുകള്‍ അവരുടെ സന്തോഷങ്ങളും ദുഃഖങ്ങളും പരസ്പരം പങ്കിടുന്നു. പുതിയ സൗഹൃദ കൂട്ടായ്മകള്‍ രൂപപ്പെടുന്നു. ബുക്ഫാമില്‍ മൂസിക് പ്രോഗ്രാമുകള്‍ സംഘടിപ്പിക്കാറുണ്ട്. ആളുകള്‍ ചര്‍ച്ചകളിലേര്‍പ്പെടുന്നു. എല്ലാ തരം വിഷയങ്ങളും ചര്‍ച്ചകളില്‍ വരുന്നു. ചിലര്‍ ഒരു ഭാഗത്ത് മാറി നിന്ന് വായിക്കുന്നു. ചിലര്‍ സംഗീത ഉപകരണങ്ങള്‍ വായിക്കുന്നു. ചിലര്‍ പാടുന്നു. ചിലര്‍ പുസ്തകങ്ങളുമായി സൗഹൃദം സ്ഥാപിക്കുന്നു. ഇവിടെ പരസ്പരം കണക്ട് ചെയ്യുന്ന മനുഷ്യര്‍ ഒന്നിച്ചു ചേരുന്നു എന്നത് സന്തോഷമായിട്ടുള്ള കാര്യമാണ്. ഇങ്ങനെയാണ് ബുക്ഫാം ഒരു ഹ്യൂമന്‍ ലൈബ്രറിയായി കൂടി പ്രവര്‍ത്തിക്കുന്നത്.


കോഫീ ഷോപ്പിനോട് ചേര്‍ന്നാണ് ബുക്ക് ഫാം. ഇതു രണ്ടും എങ്ങനെ ബന്ധിപ്പിക്കുന്നു?

കോഫി ഷോപ്പുകളുടെ ചരിത്രം പരിശോധിച്ചാല്‍, പേര്‍ഷ്യയിലാണ് ആദ്യമായി കോഫി ഷോപ്പ് തുടങ്ങുന്നത്. അക്കാലത്ത് കോഫി ഷോപ്പില്‍ ആളുകള്‍ ഒരുപാട് സമയം ചെലവഴിക്കുമായിരുന്നു. അവിടെ ആളുകള്‍ വന്ന് പാട്ടുകള്‍ പാടുമായിരുന്നു. രാഷ്ട്രീയമായ വര്‍ത്തമാനങ്ങള്‍ നടത്തുന്ന ഇടം കൂടിയായിരുന്നു കോഫീ ഷോപ്പുകള്‍. അതിലേക്ക് ഒരു ഫ്രഞ്ച് അല്ലെങ്കില്‍ ഇറ്റാലിയന്‍ ആശയമായ ബുക്കും കൂടി ചേര്‍ത്തു എന്നതാണ് ബുക്ഫാമിന്റെ പ്രത്യേകത. കേരളത്തില്‍ ഇങ്ങനെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ലൈബ്രറികള്‍ ഇല്ല. മലപ്പുറത്ത് ഒരു വായന സമൂഹമുണ്ട്. ബുക്ഫാം തുടങ്ങുന്നത് 2019 സെപ്റ്റംബര്‍ 28നാണ്. അത് കോവിഡ് കാലം കൂടിയാണ്. ആളുകള്‍ സിനിമയിലേക്കും വായനയിലേക്കും തിരിഞ്ഞ സമയം. കോവിഡ് വന്നതോടുകൂടി ബുക്ഫാമിന്റെ പ്രസക്തി വര്‍ധിക്കുകയാണ് ഉണ്ടായത്. ആളുകള്‍ ഒരുപാട് വായിക്കുകയും ചിന്തിക്കുകയും ചെയ്ത കാലഘട്ടമാണല്ലോ അത്. ഇതിനുമുമ്പ് ഞാന്‍ പല കോളജുകളിലും ഗസ്റ്റ് അധ്യാപകനായി ജോലി ചെയ്യുമായിരുന്നു. ആ തൊഴിലുപേക്ഷിച്ചിട്ടാണ് ഒരു മുഴു സമയ ലൈബ്രറി എന്ന ആശയത്തിലേക്ക് തിരിഞ്ഞത്. ഇന്ന് ബുക്ഫാം നാലാമത്തെ വര്‍ഷത്തിലേക്ക് കടക്കുന്നു. വളരെയധികം പോസിറ്റീവ് പ്രതികരണങ്ങളാണ് ബുക്ഫാമിന് ഉണ്ടായത്.

ബുക് ഫാമിന്റെ സാമൂഹ്യ പ്രാധാന്യത്തെ കുറിച്ച്?

മലപ്പുറത്തെ ആളുകള്‍ക്ക് വായിക്കാനും സംസാരിക്കാനും പറ്റുന്ന ഇടമില്ല. ഇതുപോലെയുള്ള കോഫി ഷോപ്പുകള്‍ ഇല്ല. കൂടുതല്‍ റസ്റ്റോറന്റുകള്‍ ആണുള്ളത്. ആളുകള്‍ക്ക് സംസാരിക്കാനും, വായിക്കാനും, പാട്ടുപാടാനും, വരയ്ക്കാനും ഒരു ഇടമായിരുന്നു ഞാന്‍ ആഗ്രഹിച്ചത്. ആളുകള്‍ വായനയിലൂടെ നവീകരിക്കുകയും, ബുക് ഫാമില്‍ നിന്ന് ഉണ്ടാവുന്ന സൗഹൃദ കൂട്ടായ്മയുടെ സാമൂഹിക ഇടപെടലും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്. ബുക്ഫാം അതിന് ഒരു കാരണമാകുന്നു എന്നതാണ് ബുക്ഫാമിന്റെ സാമൂഹ്യ പ്രസക്തി. തുടങ്ങിയ സമയത്ത് പലരും മലപ്പുറത്ത് വായിക്കുന്നവര്‍ ഉണ്ടോ എന്ന് ചോദിച്ചു. മലപ്പുറത്ത് വായനക്കാര്‍ ഉണ്ട് എന്നതിന്റെ ഉത്തരമാണ് ബുക്ഫാം നാലാം വര്‍ഷത്തിലേക്ക് കടക്കുന്നത്.


ബുക് ഫാമിന്റെ റീഡിങ് കള്‍ച്ചറിനെ കുറിച്ച്?

ബുക് ഫാമില്‍ ഇരുപത്തി രണ്ട് മുതല്‍ നാല്‍പത്തി അഞ്ച് വയസ്സ് വരെ ഇടയിലുള്ള ആളുകളാണ് പുസ്തകം എടുക്കുന്നത്. വായനക്കാര്‍ കൂടുതലും തിരഞ്ഞെടുക്കുന്ന പുസ്തകം ഫിക്ഷനാണ്. സര്‍ക്കാര്‍ നടത്തുന്ന ലൈബ്രറിയില്‍ പോലും ഇംഗ്ലീഷ് പുസ്തകങ്ങള്‍ വളരെ കുറവാണ്. ഉണ്ടെങ്കില്‍ തന്നെ അതൊക്കെ ക്ലാസിക് ടെക്സ്റ്റുകള്‍ മാത്രമാണ്. വായനക്കാര്‍ക്ക് പുസ്തകങ്ങള്‍ നിര്‍ദേശിക്കാന്‍ ഓപ്ഷനുണ്ട്. അത് ബുക്ക് ഫാമിന്റെ ഒരു പ്രത്യേകതയാണ്.

ഗവേഷണകര്‍ പുസ്തകങ്ങള്‍ തേടി എത്താറുണ്ടോ?

സാഹിത്യത്തില്‍ ഗവേഷണം നടത്തുന്ന ആളുകള്‍ പുസ്തകങ്ങള്‍ക്ക് വേണ്ടി ഇവിടെ സമീപിക്കാറുണ്ട്. അവര്‍ക്ക് വേണ്ട പുസ്തകങ്ങള്‍ ലഭ്യമാക്കാന്‍ ശ്രമിക്കാറുമുണ്ട്. അവര്‍ ചോദിക്കുന്ന പുസ്തകങ്ങള്‍ ഇവിടെ ഉണ്ടായിക്കൊള്ളണമെന്നില്ല അതുകൊണ്ട് അവര്‍ക്ക് എത്തിച്ചു കൊടുക്കാറുണ്ട്. അതുപോലെ സാഹിത്യത്തില്‍ മാത്രമല്ല, ചരിത്രത്തിലും ഗവേഷണം നടത്തുന്നവര്‍ വരാറുണ്ട്. അവര്‍ ആവശ്യപ്പെടുന്ന പുസ്തകങ്ങള്‍ ലഭ്യമാക്കി കൊടുക്കാറുമുണ്ട്.

ബുക് ഫാമിന്റെ ഭാവിരൂപം എന്താണെന്നു കൂടെ പറയാമോ?

ഒരര്‍ഥത്തില്‍ വായനയുടെ മലപ്പുറം മോഡലാണ് ബുക് ഫാം എന്നും പറായാം. അതിന് തുടര്‍ച്ചയുണ്ടാകണം. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബുക്ഫാം തുടങ്ങണം. കോഫീ ഷോപ്പുകള്‍ കൂടി ചേര്‍ത്ത് കുറച്ച് അധിക സമയം ആളുകള്‍ക്ക് ഇരിക്കാന്‍ കൂടി പറ്റുന്ന ഒരു സ്ഥലമാണ് മനസ്സിലുള്ളത്. അത് സഫലമാകും എന്നാണ് വിചാരിക്കുന്നത്.



Similar Posts