കാമ്പസ് റാഗിങ് റിപ്പോര്‍ട്ട്: ആരിഫ്ഖാന്‍ ആണ് അന്ന് ഗവര്‍ണറെങ്കില്‍ നടപടി ഉണ്ടായേനെ
|തെളിവെടുപ്പിനിടയിലാണ് എസ്.എഫ്.ഐ നേതാക്കള്‍ക്ക് ഇഷ്ടപ്പെടാത്ത വിധം പാട്ടുപാടിയതിന് അതേ സംഘടനയില്‍ പെട്ട അഖില്‍ എന്ന വിദ്യാര്‍ഥിയെ കുത്തി സാരമായി പരിക്കേല്‍പ്പിച്ച സംഭവം പുറത്തു വന്നത്. അതിനെ തുടര്‍ന്ന് പൊലീസ് റെയ്ഡ് നടത്തി. അതിലെ ഒന്നാം പ്രതിയെ പരിശോധിച്ചപ്പോള്‍ അവിടെ നിന്ന് കിട്ടിയത് പരീക്ഷാ ഉത്തര കടലാസുകളും വ്യാജ സീലുകളുമാണ്. | അഭിമുഖം: ജസ്റ്റിസ് പി.കെ ഷംസുദ്ദീന്‍ /ഷഹല ഫര്‍സാന
വയനാട് പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥ് എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ മര്‍ദനത്തെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ ചര്‍ച്ചകളും പ്രതിഷേധങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. കാമ്പസുകളില്‍ എസ്.എഫ്.ഐ നടത്തുന്ന റാഗിങ്ങും അക്രമങ്ങളും ഏകാധിപത്യ നടപടികളും സംബന്ധിച്ച ചര്‍ച്ചകളും സജീവമാണ്. ഈ പശ്ചാത്തലത്തില്‍, കേരളത്തിലെ കോളജുകളിലെ റാഗിങ് സംബന്ധിച്ച് പഠനം നടത്താന്‍ 2019 ല്‍ സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി നിശ്ചയിച്ച കമീഷന്റെ അധ്യക്ഷനായിരുന്ന ജസ്റ്റിസ് പി.കെ ഷംസുദ്ദീന്‍ സംസാരിക്കുന്നു:
2019 ല്‍ കേരള യൂണിവേഴ്‌സിറ്റിയില്‍ റാഗിങ്ങിനെ തുടര്‍ന്ന് ഒരു പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഭാഗ്യത്തിന് കുട്ടിയെ രക്ഷപെടുത്തി, കുട്ടി മരിച്ചില്ല. ആ പശ്ചാത്തലത്തില്‍ സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി, ഇതു സംബന്ധിച്ച് പബ്ലിക് കമീഷനെ വെക്കാന്‍ തീരുമാനിച്ചു. അങ്ങനെ 2019 മെയ് 22 ന് ഒരു കമ്മിറ്റി രൂപീകരിച്ചു. എന്നെ ചെയര്‍മാന്‍ ആക്കിയിട്ടാണ് അങ്ങനെ ഒരു തീരുമാനമെടുത്തത്. സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ മുന്‍ അംഗംവും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് മുന്‍ പ്രിന്‍സിപ്പലുമായ പ്രഫ. വര്‍ഗീസ്, കേരള യൂണിവേഴ്‌സിറ്റി മുന്‍ സിന്‍ഡിക്കേറ്റ് അംഗവും ബയോടെക്‌നോളജി വകുപ്പ് അധ്യക്ഷയുമായ ഡോ. വി. തങ്കമണി, ബാലവകാശ കമീഷന്‍ മുന്‍ അംഗം അഡ്വ. ജെ. സന്ധ്യ, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് ഇംഗ്ലീഷ് വിഭാഗം മുന്‍ പ്രൊഫസര്‍ എ.ജി ജോര്‍ജ് എന്നിങ്ങനെ അഞ്ചുപേരടങ്ങുന്ന കമീഷന്‍ രൂപീകരിച്ചു. ഞങ്ങള്‍ എറണാകുളത്തും, കോഴിക്കോടും, തിരുവനന്തപുരത്തും സിറ്റിംഗ് നടത്തി. വിദ്യാര്‍ഥികള്‍, രാഷ്ട്രീയ നേതാക്കള്‍, ബുദ്ധിജീവികള്‍, അക്കാദമിക് തലത്തിലുള്ള പ്രതിഭാശാലികള്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ നിന്നുള്ള ആളുകളില്‍നിന്ന് ഞങ്ങള്‍ തെളിവെടുത്തു.
ക്ലാസുകള്‍ മാറ്റിവെച്ച് പാര്‍ട്ടി യോഗങ്ങളിലും എസ്.എഫ്.ഐ യോഗങ്ങളിലും പങ്കെടുക്കാന്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിക്കും. പോവാത്ത കുട്ടികള്‍ക്കുനേരെ ശാരീരികമായും മാനസികമായും ഒരുപാട് പീഡനങ്ങള്‍ നടത്തി.
ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞതെന്തെന്നു വെച്ചാല്‍, ഒരു സംഘടന പ്രത്യേകിച്ച് - എസ്.എഫ്.ഐ എല്ലാ യൂണിവേഴ്‌സിറ്റി കാമ്പസുകളിലും മറ്റു കോളജ് കാമ്പസുകളിലും മറ്റൊരു വിദ്യാര്‍ഥി സംഘടനയേയും പ്രവര്‍ത്തിക്കാന്‍ സമ്മതിക്കില്ല. അതിന് സഹായകമായിട്ട് പല അധ്യാപകരും നിന്ന് കൊടുക്കുന്നു. മറ്റുള്ള വിദ്യാര്‍ഥി സംഘടനകള്‍ക്ക് നോമിനേഷന്‍ കൊടുക്കാന്‍ പോലും കഴിയാത്ത അന്തരീക്ഷം ഉണ്ടായി. അതുപോലെ തന്നെ അവരുടെ ഇഷ്ടത്തിനും നിര്‍ദേശങ്ങള്‍ക്കും അനുസരിച്ചു ക്ലാസുകള്‍ മാറ്റിവെച്ച് പാര്‍ട്ടി യോഗങ്ങളിലും എസ്.എഫ്.ഐ യോഗങ്ങളിലും പങ്കെടുക്കാന്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിക്കും. പോവാത്ത കുട്ടികള്‍ക്കുനേരെ ശാരീരികമായും മാനസികമായും ഒരുപാട് പീഡനങ്ങള്‍ നടത്തി. ഈ ഒരു അവസ്ഥയാണ് പൊതുവെ കണ്ടത്. അത് ചെറിയ തോതിലൊന്നും ആയിരുന്നില്ല. കേരള യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ ഒരു മുറിയില്‍ ആയുധങ്ങള്‍ ശേഖരിച്ചു വെച്ചിട്ടുണ്ട്. ആ മുറിക്ക് ഇടി മുറി എന്നാണ് പറയുക. ഇവരുടെ കൂടെ നില്‍ക്കാത്ത വിദ്യാര്‍ഥികളെ ശരീരികമായി പീഡിപ്പിക്കുക, പെണ്‍കുട്ടികള്‍ ആണെങ്കില്‍ അവര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുക, നിരന്തരമായി ഭീഷണിപ്പെടുത്തുക തുടങ്ങിയ പ്രവര്‍ത്തികള്‍ വളരെ വ്യാപകമായി എല്ലാ കാമ്പസുകളിലും ഉണ്ടായിരുന്നു. അവിടെ മാത്രമല്ല, മലബാര്‍ പ്രദേശങ്ങളിലുള്ള കോളജുകളിലും ഇത്തരത്തില്‍ നടക്കുന്നുണ്ട് എന്നുള്ള വ്യക്തമായ തെളിവുകളാണ് ലഭിച്ചത്. ആ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിശദമായ ഒരു റിപ്പോര്‍ട്ട് ഞങ്ങള്‍ അധികാരികള്‍ക്ക് സമര്‍പ്പിച്ചു.
കാമ്പസുകളില്‍ അക്കാദമിക് അന്തരീക്ഷം നിലനില്‍ക്കണം, അത് വളരെ പ്രധാനമായിട്ടുള്ള ഒരു സംഗതിയാണ്. കുട്ടികളെകക്ഷി രാഷ്ട്രീയത്തിനല്ല കോളജുകളില്‍ പറഞ്ഞയക്കുന്നത്, പഠിക്കാന്‍ വേണ്ടിയാണ്. ഞങ്ങള്‍ സംസാരിച്ച ചുരുക്കം ചില ആളുകളുടെ അഭിപ്രായം കാമ്പസുകളില്‍ യൂണിയന്‍ തന്നെ ആവശ്യമില്ല, വിദ്യാര്‍ഥി യൂണിയനുകളുടെ പ്രവര്‍ത്തനം തന്നെ നിരോധിക്കണം എന്നാണ്. പക്ഷെ, ഭൂരിപക്ഷം ആളുകളും വിദ്യര്‍ഥികള്‍ക്ക് രാഷ്ട്രീയമായി കാര്യങ്ങള്‍ അറിയാനുള്ള അവസരം വേണമെന്നും അതിന് വിദ്യാര്‍ഥി സംഘടനകള്‍ ഉണ്ടാകണം എന്നുള്ള കാഴ്ചപ്പാടാണ് പങ്കുവെച്ചത്. അതുകൊണ്ട് നിരോധിക്കാണം എന്നുള്ള നിഗമനത്തില്‍ ഞങ്ങള്‍ എത്തിയില്ല. കമ്പസില്‍ രാഷ്ട്രീയം ഉണ്ടായിക്കോട്ടെ, പക്ഷെ ഇതിനൊക്കെ ഒരു നിയന്ത്രണം വേണം. യൂണിവേഴ്‌സിറ്റി ചട്ടങ്ങളും കോളജിന്റെ ചട്ടങ്ങളും പൂര്‍ണമായും യാതൊരു ഇടപെടലുമില്ലാതെ സുതാര്യമായി കൊണ്ടുപോകാന്‍ കഴിയണം. അത്തരത്തിലുള്ള ഒരു അന്തരീക്ഷം കാമ്പസുകളില്‍ ഉണ്ടാകണം.
കാമ്പസുകളില്‍ ഭൂരിപക്ഷമുള്ള സംഘടനകള്‍ മറ്റുള്ള വിദ്യാര്‍ഥി സംഘടനകളെ കാമ്പസ് ഇലക്ഷനില്‍ പങ്കെടുപ്പിക്കാത്ത അന്തരീക്ഷമുണ്ട്. ഇതില്‍ അധ്യാപകര്‍ക്കും വലിയ പങ്ക് ഉണ്ട്. അതുകൊണ്ട് ഇവര്‍ നോമിനേഷന്‍ കൊടുക്കാന്‍ തന്നെ സമ്മതിക്കില്ല. മറ്റുള്ളവര്‍ക്ക് മത്സരിക്കാന്‍ തന്നെ പറ്റുകയില്ല, അതാണ് സ്ഥിതി.
വാസ്തവത്തില്‍ യൂണിയന്‍ അവിടെ അത് മാത്രമല്ല ചെയ്യുന്നത്. തെളിവെടുപ്പിനിടയിലാണ് എസ്.എഫ്.ഐ നേതാക്കള്‍ക്ക് ഇഷ്ടപ്പെടാത്ത വിധം പാട്ടുപാടിയതിന് അതേ സംഘടനയില്‍ പെട്ട അഖില്‍ എന്ന വിദ്യാര്‍ഥിയെ കുത്തി സാരമായി പരിക്കേല്‍പ്പിച്ച സംഭവം പുറത്തു വന്നത്. അതിനെ തുടര്‍ന്ന് പൊലീസ് റെയ്ഡ് നടത്തി. അതിലെ ഒന്നാം പ്രതിയെ പരിശോധിച്ചപ്പോള്‍ അവിടെ നിന്ന് കിട്ടിയത് പരീക്ഷാ ഉത്തര കടലാസുകളും വ്യാജ സീലുകളുമാണ്. നമ്മുടെ അക്കാദമിക് അന്തരീക്ഷം തകര്‍ക്കുന്ന, വിദ്യാര്‍ഥികളുടെ ജീവിതം തന്നെ തകര്‍ക്കുന്ന, കാമ്പസുകളെ സംഘര്‍ഷ ഭൂമിയാക്കി മാറ്റുന്ന സ്ഥിതിവിശേഷം മാറണം. നിയന്ത്രണം കൊണ്ടുവരണം. നിലവിലുള്ള എല്‍.ഡി.എഫ് ഗവണ്മെന്റ് ഇത് മാറ്റാന്‍ തയ്യാറാവുന്നില്ല. ഞങ്ങള്‍ വിപുലമായിട്ടുള്ള റിപ്പോര്‍ട്ടാണ് എഴുതി കൊടുത്തത്. അന്നത്തെ ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും കൊടുത്തു. എന്നാല്‍, നടപടികളൊന്നും തന്നെ ഉണ്ടായില്ല. അതേസമയം, ജനങ്ങള്‍ വളരെ ആവേശഭരിതരായിട്ടാണ് റിപ്പോര്‍ട്ട് സ്വീകരിച്ചത്.
എസ്.എഫ്.ഐക്ക് പുറമേ, എ.ബി.വി.പി എന്ന വിദ്യാര്‍ഥി സംഘടന തിരുവനന്തപുരം മഹാത്മാ ഗാന്ധി കോളജിലും അവര്‍ക്ക് സ്വാധീനമുള്ള മറ്റു കോളജുകളിലും ഇതര വിദ്യാര്‍ഥി സംഘടനകളെ പ്രവര്‍ത്തിക്കാന്‍ സമ്മതിക്കുന്നിലെന്ന പരാതിയും ഞങ്ങള്‍ക്ക് ലഭിച്ചിരുന്നു. കാമ്പസുകളില്‍ ഭൂരിപക്ഷമുള്ള സംഘടനകള്‍ ഇതുപോലെ മറ്റുള്ള വിദ്യാര്‍ഥി സംഘടനകളെ കാമ്പസ് ഇലക്ഷനില്‍ പങ്കെടുപ്പിക്കാത്ത അന്തരീക്ഷമുണ്ട്. ഇതില്‍ അധ്യാപകര്‍ക്കും വലിയ പങ്ക് ഉണ്ട്. അതുകൊണ്ട് ഇവര്‍ നോമിനേഷന്‍ കൊടുക്കാന്‍ തന്നെ സമ്മതിക്കില്ല. മറ്റുള്ളവര്‍ക്ക് മത്സരിക്കാന്‍ തന്നെ പറ്റുകയില്ല, അതാണ് സ്ഥിതി.
വയനാട് പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥ് മരിച്ച സംഭവം തന്നെയെടുക്കാം. ആ കുട്ടിയെ എത്ര ദിവസം കാമ്പസിലിട്ട് മര്‍ദിച്ചു. വിദ്യാര്‍ഥികള്‍ ആ സംഭവം പുറത്തുപറയാന്‍ തന്നെ ഭയപ്പെട്ടു. സര്‍വകലാശാല അധികാരികളും സംഭവം മൂടിവെച്ചു. ദിവസങ്ങള്‍ കഴിഞ്ഞാണ് വിവരം പുറത്തുവന്നത്. ഈ വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് ഖാന്‍ ഇടപെട്ടു. നടപടികളും ഉണ്ടായി. അന്ന് ഞങ്ങള്‍ റിപ്പോര്‍ട്ട് സമര്‍പിക്കുന്ന സമയത്ത് ആരിഫ്ഖാനാണ് ഗവര്‍ണറെങ്കില്‍ ഒരുപക്ഷേ റിപ്പോര്‍ട്ടിന്‍മേല്‍ നടപടിയുണ്ടായേനെ.