ഡാഡി എന്റെ റോൾ മോഡൽ
|അന്തരിച്ച കോൺഗ്രസ് നേതാവ് ജോർജ് ഈഡനെ മകൻ ഹൈബി ഈഡൻ ഓർത്തെടുക്കുന്നു
ഡാഡിയുമായുള്ള എന്റെ ബന്ധം ഓരോ ഘട്ടത്തിൽ ഓരോന്നായിരുന്നു. ജീവിച്ചിരിന്നപ്പോൾ മമ്മി നഷ്ടപെട്ടത് അറിയിക്കാതെ ഞങ്ങളെ വളർത്തിയാണ് തിരക്കേറിയ രാഷ്ട്രീയ ജീവിതവും കൂടെക്കൂട്ടിയത്. അപ്പോൾ അനിയത്തിയെക്കാൾ എനിക്ക് കൂടുതൽ ലാളന തന്നുവെന്ന് പറയാനാകും. അതൊരു പ്രത്യേകതരം വാത്സല്യമായിരുന്നു.
ഇപ്പോഴും നിറഞ്ഞ സാന്നിധ്യം
ഡാഡിയുടെ മരണശേഷമാണ് ആ സാന്നിധ്യം കൂടുതൽ അറിയാനായത്. കെ.എസ്.യു ജില്ലാ അധ്യക്ഷനായും സംസ്ഥാന അധ്യക്ഷനായും നാടുമുഴുവൻ സഞ്ചരിച്ചപ്പോൾ ലഭിച്ച പരിഗണ ശരിക്കും സ്നേഹവും ലാളനകളുമായിരുന്നു. അദ്ദേഹത്തിന്റെ വിപുലമായ ബന്ധങ്ങളുടെ ആഴം അറിയാനായി. അദ്ദേഹത്തിന്റെ സഹപ്രവർത്തകനായിരുന്ന ജി.കാർത്തികേയൻ സ്പീക്കറായിരുന്നപ്പോൾ ആ സഭയിൽ അംഗമാകാനായി. അദ്ദേഹത്തിന്റെ അടുപ്പക്കരനായിരുന്ന രമേശ് ചെന്നിത്തലയോടൊപ്പം
നിയമസഭാംഗമാകാനായി. അപ്പോഴൊക്കെ അറിഞ്ഞതും ലഭിച്ചതും ജോർജ് ഈഡന്റെ മകൻ എന്ന വാത്സല്യവും പരിഗണനകളുമായിരുന്നു. സാങ്കേതിക സംവിധാനങ്ങളുടെ വളർച്ചയില്ലാതിരുന്ന കാലത്ത് ഒാരോ ഭാഗത്തും അതാത് സമയത്ത് ഓടിയെത്തിയ അദ്ദേഹത്തിന്റെ കഴിവ് അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഞാൻ പിന്തുടരാനാഗ്രഹിക്കുന്ന അനുകരിക്കാനാഗ്രഹിക്കുന്ന രാഷട്രീയ നേതാവാണ് എന്റെ പപ്പ.
മമ്മിയുടെ മരണ ദിവസം.
ആ ദിവസം ഞാൻ ഇന്നും ഒാർക്കുന്നു. എന്നെ ഒന്നാം ക്ലാസിൽ ചേർക്കുന്നതിന് എനിക്ക് വേണ്ട ബുക്കും പുസ്തകങ്ങളുമൊക്കെ വാങ്ങാനായി ഒരു കടയിൽ നിൽക്കുകയായിരുന്നു ഞാനും ഡാഡിയും എന്റെ ഒരു അമ്മാവനും. എറണാകുളത്ത് തോപ്പുംപടിയിലെ വാടക വീട്ടിലായിരുന്നു അന്നത്തെ ഞങ്ങളുടെ താമസം. ഞങ്ങൾ സ്കൂളിലേക്കുള്ളതെല്ലാം വാങ്ങി വീട്ടിലെത്തുമ്പോൾ നിറയെ കറുത്ത മേഘങ്ങളായിരുന്നു ഞങ്ങളെ സ്വീകരിച്ചത്. അമ്മ വിട്ടുപോകുന്ന ദുഃഖം അങ്ങനെയാണ് ഞങ്ങളെ അന്ന് സ്വീകരിച്ചത്. എപ്പോഴും കരുത്തനായി നിൽക്കുന്ന ഡാഡി എന്തോ നിസ്സഹായനായ പോലെ. മണിക്കൂറുകൾക്ക് ശേഷം കരിഞ്ഞ ഒരു അവശിഷ്ടം മാത്രം ലഭിച്ച ഒരു ദിവസം. വല്ലാത്ത ദുഃഖം പേറുന്ന ആ ദിവസം ഇന്നുമോർക്കുന്നു ഞാൻ.
വീട്ടിലെ ഡാഡി
വീട്ടിലെപ്പോഴും സന്തോഷവാനായി ഞങ്ങളുടെ ഒപ്പം നിൽക്കുന്ന ഒരാളായിരുന്നു ഡാഡി. പാട്ടു പാടും ഡാഡി. പാട്ടു പാടുന്ന ആളാണെന്ന കാര്യം അധികമാർക്കും അറിയാത്ത കാര്യമാണ്. ഞാൻ പള്ളുരുത്തിയിൽ ഒരു പരിപാടിക്ക് പോയപ്പോൾ ഡാഡിയുടെ ഒരു സുഹൃത്ത് സെന്റ് ആൽബർട്സ് കോളജിൽ പഠിക്കുന്ന കാലത്ത് നന്നായി മൗത്ത് ഒാർഗൻ വായിക്കുമായിരുന്നു എന്ന് പറഞ്ഞു. കൂടെ ഉണ്ടായിരുന്ന കെ. ബാബു എം.എൽ.എ അത്ഭുതത്തോടെയാണ് അത് കേട്ടത്.
സിനിമ ഇഷ്ടപ്പെട്ടിരുന്ന പഴയ പാട്ടുകളെ സ്നേഹിച്ചിരുന്ന സഹൃദയനായിരുന്നു. സുതാര്യമായിരുന്നു ആ ജീവിതം. വീട്ടിൽ ഏതെങ്കിലും സന്ദർഭങ്ങളിൽ ശകാരിക്കുന്ന രീതിയോ മറ്റോ കാണാനാകില്ലായിരുന്നു. എപ്പോഴും സന്തോഷവാനായിരുന്നു.
മമ്മിയില്ലാത്ത ഡാഡി
രാഷ്ട്രീയ സമ്മർദങ്ങൾ ഡാഡിയെ എപ്പോഴെങ്കിലും ബാധിച്ചതായി അനുഭവപ്പെട്ടിട്ടില്ല. പക്ഷേ, എന്തോ ഒരു ഭാരം എപ്പോഴും കൂടെ ഉണ്ടായിരുന്നതായി തോന്നിയിട്ടുണ്ട്. മമ്മിയുടെ അസാന്നിദ്ധ്യം തന്നെയായിരുന്നു അത്. എന്നാൽ, സുതാര്യമായ ആ ജീവിതം ഒന്നും അങ്ങനെ പുറത്ത് കാണിച്ചിരുന്നില്ല. ഡാഡി കരയുന്നത് പോലും ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ, അതെല്ലാം ആ ജീവിതത്തിന്റെ ഭാഗമായാണ് ഞാൻ മനസ്സിലാക്കിയത്. അതേ സമയം നന്നായി തമാശ പറഞ്ഞിരുന്ന ഡാഡി എന്തും തുറന്ന് പറയുന്ന ശീലമുള്ള വ്യക്തിയായിരുന്നു.
ഇവനെന്റെ മുരളി
എന്റെ ഒരു അടുത്ത ബന്ധുവിന്റെ കല്യാണത്തിന് കുറച്ച് ദിവസം കഴിഞ്ഞ് വീട്ടിലെത്തിയ ജി. കാർത്തികേയനോട് ഡാഡി പറഞ്ഞു, കരുണാകരൻ മുരളീധരനെ വൈകി രാഷ്ട്രീത്തിൽ ഇറക്കിയതുപോലെയല്ല ഞാൻ ഇവനെ നേരത്തെ ഇറക്കി എന്ന് എന്നെ ചൂണ്ടി പറഞ്ഞു. ഇവൻ എന്റെ മുരളിയാണെന്ന് പറഞ്ഞ് ചിരിക്കുകയും ചെയ്തു. ഞാൻ അന്ന് കോളജ് യൂണിയൻ ഭാരവാഹി ആയതു കൊണ്ട് പറഞ്ഞതായിരുന്നു. എന്നാൽ, ജി കാർത്തികേയൻ ഡാഡിയെ വിലക്കുകയാണ് ചെയ്തത്. അവൻ ഇപ്പോൾ പഠിക്കട്ടെ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
എറണാകുളത്തെ ഈഡൻ
ഓരോ തെരഞ്ഞെടുപ്പിലും ഉയരുന്ന ഡാഡിയുടെ ഭൂരിപക്ഷം നോക്കിയാലറിയാം ജനങ്ങളുമായുള്ള ബന്ധം. എല്ലാ വിഭാഗം ആളുകളുമായി നല്ല ബന്ധം. അവരുടെ ഭാഷയിൽ സംസാരിക്കുന്ന അവരോടൊപ്പം ചേരുന്ന പ്രകൃതം. എന്തുകൊണ്ടും എറണാകുളത്തുകാരുടെ ഈഡൻ ആയിരുന്നു ഡാഡി. ഈ സ്നേഹമാണ് എനിക്ക് ലഭിച്ചതും ഇപ്പോഴും ലഭിക്കുന്നതും.
ശീലങ്ങളായിരുന്നു മരണത്തിലേക്ക് നയിച്ചത്.
നല്ല മദ്യപാനിയായിരുന്നു ഡാഡി. ഞാൻ റോൾ മോഡലായി സ്വീകരിക്കുമ്പോൾ അനുകരിക്കാൻ ശ്രമിക്കാത്ത ശീലം. ചില സമയങ്ങളിൽ വഴക്കിട്ടിട്ടുണ്ട് ഇതിന്റെ പേരിൽ. ഡാഡി മത്സരിച്ച ഒരു സന്ദർഭത്തിൽ ഒരു കേണലിന്റെ വീട്ടിൽ 15 വോട്ടുകൾ തേടി ചെന്നു. അദ്ദേഹം അകത്ത് കയറി കേണൽ മദ്യം നൽകി അതും കുടിച്ച് പുറത്ത് വന്ന പ്രവർത്തകരോട് ഡാഡി പറഞ്ഞത് 15 വോട്ടും കിട്ടി രണ്ട് പെഗും കിട്ടി എന്നാണ്. അദ്ദേഹത്തിന്റെ സൗഹൃദം വളർന്നതും ഈ മദ്യപാനം തന്നെയാണ്. അദ്ദേഹത്തിന്റെ മരണകാരണം തന്നെ ഈ മദ്യപാനം തന്നെയാണ്. അദ്ദേഹത്തിന്റെ ജീവിത യാത്രകളിലെ അനുഭവം കൊണ്ടാവാം ഈ ശീലം ഉണ്ടായത്. ഞാൻ മദ്യപാനം തുടങ്ങുമെന്ന് ഭീഷണി മുഴക്കി ഡാഡിയുടെ മദ്യപാനം നിർത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പുകവലി നേരത്തെ നിർത്തിയിരുന്നു.