IFFK: അനുഭവങ്ങളുടെ ബേക്കപ്പുമായാണ് ഞാന്‍ നില്‍ക്കുന്നത് - ദീപിക സുശീലന്
|മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന പല സിനിമകളും ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ അവൈലബിള്‍ ആണ്. പക്ഷേ, പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം തിയേറ്റര്‍ എക്സ്പീരിയന്‍സ് ചെയ്യാന്‍ അവര്‍ ഫെസ്റ്റിവലുകളെ തെരഞ്ഞെടുക്കുന്നു. | അഭിമുഖം : ദീപിക സുശീലന് / റാഷിദ നസ്രിയ
ചലച്ചിത്രമേളയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ എന്ന ഉത്തരവാദിത്തം ഏറ്റെടുക്കുമ്പോള്‍ ഉണ്ടായ വെല്ലുവിളികള്‍ എങ്ങനെ എക്സ്പീരിയന്‍സ് ചെയ്യുന്നു?
ഐ.എഫ്.എഫ്.കെയില്‍ ഞാന്‍ 2010 തൊട്ട് 2017 വരെ വര്‍ക്ക് ചെയ്തിട്ടുണ്ട്. ബീനാപോളിന്റെ പ്രോഗ്രാം അസിസ്റ്റന്റ് ആയിട്ടും പ്രോഗ്രാം മാനേജര്‍ ആയിട്ടും വര്‍ക്ക് ചെയ്തിട്ടുണ്ട്. ഞാന്‍ ഇപ്പോള്‍ ഇവിടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടറായി വരുന്നത് അനുഭവത്തിന്റെ ബേക്കപ്പുമായിട്ടാണ്. ഒരു മുഴുവന്‍ പ്രോഗ്രാം ചെയ്തത് ഗോവ അന്താരാഷ്ട്ര ഫെസ്റ്റിവെലില്‍ ആണ്. അവിടെ ആര്‍ട്ടിസ്റ്റിക് ഡയറക്ട് എന്ന പേരിലായുന്നില്ല എന്റെ ഉത്തരവാദിത്വം. എന്നാല്‍, അതുതന്നെയായിരുന്നു ഞാന്‍ ചെയ്തിരുന്നത്. ഇതിലൊന്നും എനിക്ക് പ്രത്യേകിച്ച് വെല്ലുവിളി തോന്നിയിട്ടില്ല. മാത്രമല്ല ഞാന്‍ ഐ.എഫ്.കെയില്‍ ആര്‍ട്ടിസ്റ്റിക് ഡയറക്ടറായി വരുന്നത് ഈ ആഗസ്റ്റിലാണ്. ആ സമയത്ത് ഐ.ഡി.എഫ്.എഫ്.കെ നടക്കുകയായിരുന്നു. രണ്ടുമാസം ഇത്രയധികം ആളുകള്‍ പങ്കെടുക്കുന്ന വലിയ ചലച്ചിത്ര മേള പ്രോഗ്രാമിങ് ചെയ്യാനുള്ള എക്സ്പെര്‍ടൈസ് എന്ന് പറയുന്നത് എന്റെ മുന്‍ അനുഭവങ്ങളാണ്. അതെനിക്ക് ഒരു ചലഞ്ചേ ആയി തോന്നിയില്ല.
2017 IDSFK വരെയാണ് ഞാന്‍ ചലച്ചിത്ര അക്കാദമിയില്‍ ഉണ്ടായിരുന്നത്. ഒരു കാലഘട്ടം വരെ ഞാന്‍ കണ്ടു പരിചയിച്ചിട്ടുള്ള മുഖങ്ങളെല്ലാം മാറി. പുതിയ കുറെ ആളുകള്‍ വരുന്നു. എണ്ണത്തില്‍ മാറ്റമുണ്ട്. അതുകൊണ്ട് ഉത്തരവാദിത്തമുണ്ട്. അതുപോലെ സംഘാടനത്തില്‍ കുറെ തരം പുനരാലോചനകളും കുറെ റീവര്ക്കിംഗും ആവശ്യമുള്ള ഫെയ്സ് ആണെന്ന തിരിച്ചറിവും കൂടി ഉണ്ട്.
മുന്‍കാലങ്ങളില്‍ നിന്ന് ഇത്തവണ ഫെസ്റ്റിവല്‍ എങ്ങനെ വ്യത്യസ്തമാവുന്നത്?
ഇത്തവണത്തെ മേളയുടെ പ്രത്യേകതയായിട്ട് പറയാവുന്നത്, സിനിമകളുടെ എണ്ണത്തില്‍ കൂടുതലുണ്ട്. എഴുപത് രാജ്യങ്ങളില്‍ നിന്നായി 186 സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. സൈലന്‍സ് മൂവീസിനെ ഒരു പ്രത്യേക പാക്കേജ് ആയി കൊണ്ടുവന്നിട്ടുണ്ട്. അതില്‍ തന്നെ ലൈവ് മ്യൂസ്ക് പ്രത്യകം എടുത്തുപറയേണ്ടതാണ്. പ്രേക്ഷകര്‍ വലിയ ആവേശത്തോടെയാണ് അതിനെ ഏറ്റെടുത്തത്. സൈലന്‍സ് മൂവി വിത്ത് ലൈവ് മ്യൂസിക് എന്നത് പ്രേക്ഷകര്‍ നന്നായി എക്സ്പീരിയന്‍സ് ചെയ്തു. സര്‍ബിയയാണ് കണ്ഡ്രി ഫോക്കസ് ആയി എടുത്തത്. ആദ്യമായാണ് സെര്‍ബിയ ഐ.എഫ്.എഫ്.കെയില്‍ കണ്ഡ്രി ഫോക്കസ് ആയി വരുന്നത്. 32 വനിതാ സംവിധായകരുടെ ചിത്രങ്ങള്‍ ഇത്തവണ മേളയില്‍ ഉണ്ട്. പ്രേക്ഷകരുടെ കാര്യത്തില്‍ ഇത്തവണ റെക്കോര്‍ഡ് പാര്ട്ടിസിപേഷനാണ്.
നാഷണല്‍ തലത്തില്‍ ചലച്ചിത്രമേളകളുടെ ഭാഗമായി ധാരാളം പ്രോപ്പഗണ്ട സിനിമകള്‍ ഉണ്ട്. എന്നാല്‍, ഇതിന്റെ ഒരു കൗണ്ടര്‍ പാര്‍ട്ട് എന്ന തരത്തില്‍ പുതിയ സിനിമകള്‍ വരുന്നുണ്ട്. ഇത്തരം സിനിമകള്‍ക്ക് ഐ.എഫ്.കെയില്‍ ഇടം ഉണ്ടോ?
ഇത്തരം വിഷയങ്ങളിലുള്ള രാഷ്ട്രിയ ചര്‍ച്ചകള്‍ ഇവിടുന്ന് തുടങ്ങണമെന്ന നിലപാടാണ് എനിക്കുള്ളത്. അത്തരം ചര്‍ച്ചകള്‍ ഉണ്ടായിട്ടുമുണ്ട്. ഐ.എഫ്.എഫ്.കെയില്‍ എല്ലാതരത്തിലുള്ള കണ്ടന്റുകള്‍ക്കും ഇടം കൊടുക്കുന്നുണ്ട്. അതില്‍ ഒരു രാഷ്ട്രീയ പക്ഷഭേദം ഇല്ലാതെ വേദി കൂടിയാണിത്.
ഇത്തവണ ഡെലിഗേറ്റ് പങ്കാളിത്തം കൂടുതലാണ്. അതേസമയം സിനിമ കാണാന്‍ പറ്റുന്നില്ല എന്ന പരാതിയുമുണ്ട്. ഈ പ്രശ്നത്തെ എങ്ങനെ മറികടക്കാം?
ഐ.എഫ്.കെയുടെ പ്രത്യേകത അഞ്ച് സിനിമയും കാണുന്ന ഡെലിഗേറ്റുകളാണ് ഇവിടെയെത്തുന്നത് എന്നതാണ്. ലോകത്ത് ഒരു ഫിലിം ഫെസ്റ്റിവലും എല്ലാ സിനിമയും കാണാന്‍ പറ്റും എന്ന് ഉറപ്പു നല്‍കുന്നില്ല. ഫെസ്റ്റിവല്‍ ഡെലിഗേറ്റ്സ് കൂടുന്നത് ഫെസ്റ്റിവലിന്റെ വിജയത്തെയാണ് കാണിക്കുന്നത്. എല്ലാവര്ക്കും എല്ലാ സിനിമയും കാണാന്‍ പറ്റുന്ന തരത്തില്‍ ഫെസ്റ്റിവെല്‍ നടത്താന്‍ പറ്റില്ല.
ആളുകളുടെ കാഴ്ചയുടെ സ്വഭാവം തന്നെ മാറിയിട്ടുണ്ടല്ലോ. ഒ.ടി.ടി പ്ലാറ്റ്ഫോം സിനിമയുടെ ലഭ്യത എങ്ങനെയാണ് ഫെസ്റ്റിവെലില്‍ പ്രതിഫലിക്കുന്നത്?
ഒ.ടി.ടി പ്ലാറ്റ്ഫോം തന്നെ രാഷ്ട്രീയ സ്റ്റേറ്റ്മെന്റ് ആണ്. പ്ലാറ്റ്ഫോമില്‍ ലഭ്യമാകുന്ന സിനിമകള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടെങ്കിലും തിയേറ്റര്‍ അനുഭവത്തില്‍ നിന്നാണ് ആളുകള്‍ ഫെസ്റ്റിവലിലേക്ക് വരുന്നത്. അതുപോലെ പുറത്തു നടക്കുന്ന ഓപ്പണ്‍ ഡിസ്കഷന് എന്നിവയിലൂടെ ഉണ്ടാകുന്ന സാമൂഹികതക്ക് വേണ്ടിയും ഡെലിഗേറ്റുകള്‍ ചലച്ചിത്രമേളയില്‍ പങ്കെടുക്കുന്നു. പ്രേക്ഷകര്‍ക്ക് ഫെസ്റ്റിവെല്‍ നല്കുന്ന ഒരു എനര്‍ജി ഉണ്ട്. അതും പ്രധാനമാണ്.
ഇത്തവണ ഫെസ്റ്റിവെലില്‍ പങ്കെടുക്കാന്‍ ചെറുപ്പക്കാരാണ് കൂടുതല്‍ വന്നിട്ടുള്ളത്. അതിനെ എങ്ങനെയാണ് നോക്കിക്കാണുന്നത്?
വളരെ പോസിറ്റീവ് ആയിട്ടാണ് ഇതിനെ ഞാന്‍ കാണുന്നത്. ഒരു പത്തുവര്‍ഷം മുന്‍പൊക്കെ ഒരു കാര്യം ഓപ്പണ്‍ ആയിട്ട് സംസാരിക്കാനോ ഫേസ്ബുക്കില്‍ ഒരു ശക്തമായ നിലപാടെടുക്കാനോ മടി ഉണ്ടായിരുന്ന ഒരു ജനറേഷന് ആയിരുന്നു. അതൊക്കെ മാറി. ഇത്തരം ഇടങ്ങളിലെ കൂടിച്ചേരലുകളിലൂടെ നമുക്ക് സംസാരിക്കാനും, ഇടപെടാനുമൊക്കെയുള്ള ധൈര്യം ഉണ്ടാക്കുന്നുണ്ട്.