ബി.ജെ.പിയുടെ സെമിഫൈനല്‍ വിജയം ഫൈനലില്‍ ഉണ്ടാകണമെന്നില്ല - ഡോ. പി.ജെ ജയിംസ്
|നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യത്തിലെ കക്ഷികള്‍ക്കിടയില്‍ പരസ്പരം വിട്ടുവീഴ്ച ചെയ്യാനും സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാനും കഴിഞ്ഞാല്‍ തീര്‍ച്ചയായും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് അത്ര എളുപ്പമായിരിക്കില്ല. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലത്തെ അവലോകനം ചെയ്യുന്നു. പ്രമുഖ രാഷ്ട്രീയ ചിന്തകന്‍ ഡോ. പി.ജെ ജയിംസുമായി ഫാത്തിമ കെ. നടത്തിയ അഭിമുഖം.
അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പ് ഫലത്തെ പൊതുവായി എങ്ങിനെ വിലയിരുത്തുന്നു?
ഡിസംബര്‍ മൂന്നിന് നടന്ന സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വളരെ അപ്രതീക്ഷിതമായിരുന്നു. 2024 ലെ നിര്‍ണായകമായ ലോക്സഭ തെരഞ്ഞെടുപ്പിന് ഇനിയും ആറുമാസം അവശേഷിക്കെ നടന്ന ഈ തെരഞ്ഞെടുപ്പ് ഒരു സെമിഫൈനല്‍ എന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍. ഈ സെമിഫൈനല്‍ മത്സരത്തില്‍ ബി.ജെ.പി ഏതാണ്ട് നിര്‍ണായകമായ വിജയം നേടിയിരിക്കുകയാണ്. അവരെ സംബന്ധിച്ചിടത്തോളം വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് പോകാനുള്ള എല്ലാ പശ്ചാത്തലവു മായി ഫലം മാറിയിരിക്കുന്നു. വരാനിരിക്കുന്ന പാര്‍ലമെന്റ് ശീതകാല സമ്മേളനത്തില്‍ ഇവരുടെ വിജയത്തിന്റെ ധാര്‍ഷ്ട്യം പ്രകടമാകും എന്നത് വ്യക്തമാണ്. നമ്മള്ക്കറിയാവുന്നതു പോലെ ആര്.എസ്.എസിന്റെ രാഷ്ട്രീയ ഉപകരണം ആണല്ലോ ബി.ജെ.പി. ലോകത്തിലെ ഏറ്റവും വലിയ ദീര്‍ഘിച്ച ചരിത്രമുള്ള ഫാഷിസ്റ്റ് സംഘടന എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആര്.എസ്.എസിന്റെ നിരവധി രഹസ്യവും പരസ്യവുമായ സംഘടനകളില്‍ ഒന്നുമാത്രമാണ് ബി.ജെ.പി. അതിനെ ഉപയോഗിച്ചുകൊണ്ട് 2024ല്‍ അധികാരത്തുടര്‍ച്ചയില്‍ എത്തി, ആര്.എസ്എസിന്റെ ശതാബ്ദി ആഘോഷിക്കുന്ന വേളയില്‍ ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തിലേക്കാണ് പോകുന്നത്. അതുകൊണ്ടുതന്നെ ജനാധിപത്യശക്തികളും പുരോഗമന-മതേതര വിഭാഗങ്ങളും വളരെ ഗൗരവത്തോടെ തന്നെയാണ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ കാണുന്നത്.
അതിനു മുന്നോടിയായി ഉണ്ടായ ഈ തെരഞ്ഞെടുപ്പ് ഫലം തീര്‍ച്ചയായും പുരോഗമന-മതേതര-ജനാധിപത്യ പക്ഷത്തിനും മര്‍ദിത ജനവിഭാഗങ്ങള്‍ക്കൊപ്പം നില്ക്കുന്ന ഇന്ത്യയിലെ ജനങ്ങള്‍ക്കും വലിയ വെല്ലുവിളി തന്നെയാണ്. ലോകം മുഴുവന്‍ തന്നെ നവഫാസിസ്റ്റ് ശക്തികളുടെ മുന്നേറ്റം കാണുന്നുണ്ട്. ലാറ്റിന്‍ അമേരിക്കയിലെ അര്‍ജന്റീനയിലെ ഫലം നമുക്ക് അറിയാം. അതുപോലെ തന്നെ യൂറോപിലെ, താരതമ്യേന ജനാധിപത്യ ഇടം എന്ന് കരുതപ്പെട്ട സ്കാന്ഡിനേവിയന് രാജ്യങ്ങളിലൊന്നായ നെതര്‍ലാന്‍ഡില്‍ നടന്ന തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വന്ന ആള് പറയുന്നത് - മുസ്ലിം ജനവിഭാഗത്തിന്റെ കുടിയേറ്റം പൂര്‍ണമായും ഒഴിവാക്കുകയും അഭയാര്‍ഥികള്‍ക്ക് വേണ്ടിയുള്ള എല്ലാ പരിരക്ഷയും അവസാനിപ്പിക്കുകയും ചെയ്യും എന്നാണ്. തീവ്ര-വലത് നയങ്ങള്‍ നടപ്പാക്കും എന്നതുപോലെയുള്ള അങ്ങേയറ്റം ഇസ്ലാമോഫോബിക് അടിസ്ഥാനപ്പെടുത്തിയുള്ള നയങ്ങളാണ് ഇവരെല്ലാം മുന്നോട്ട് വെച്ചിട്ടുള്ളത്.
ഹിന്ദി ബെല്‍റ്റിലെ 12 സംസ്ഥാനങ്ങള്‍ പൂര്‍ണമായും ബി.ജെ.പി ഭരണത്തിന് കീഴിലായി കഴിഞ്ഞു. ഹിന്ദി ബെല്‍റ്റില്‍ കോണ്‍ഗ്രസ് കേവലം മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രമാണുളത്. തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ പൊതുവില്‍ ബി.ജെ.പിക്ക് ഭരണത്തിലേക്ക് എത്തുന്ന രീതിയിലുള്ള സ്വാധീനമില്ല എന്ന് തന്നെ പറയാം
ഫലസ്തീന് വിഷയത്തില്‍ സയണിസ്റ്റ് പക്ഷം ചേരുന്ന യൂറോപ്യന്‍ സമീപനം നമ്മള് കാണുന്നുണ്ട്. പൊതുവില്‍ യൂറോപ്യന്‍ ഭരണവര്‍ഗങ്ങളും ഇടതു പാര്‍ട്ടികള്‍ എന്നറിയപ്പെടുന്നവരടക്കം - യൂറോകേന്ദ്രിതമയൊരു നിലപാടിന്റെ അടിസ്ഥാനത്തില്‍ - സയണിസ്റ്റ് പക്ഷ സമീപനമാണ് കൈകൊള്ളുന്നത്. അത്തരമൊരു പശ്ചാത്തലത്തില്‍ നിന്ന് നോക്കുമ്പോള്‍, ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പാണ് നടന്നതെങ്കില്‍ പോലും അതിന് വലിയൊരു പ്രാധാന്യമുണ്ട്. അതുകൊണ്ടുതന്നെ ഈ തെരഞ്ഞെടുപ്പ് ഫലം ലോകത്തെ പല മാധ്യമങ്ങളും ചിന്തകരും ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുകയുണ്ടായി. 2024 ലേക്കുള്ള, തീവ്രവലത് ഹിന്ദുത്വ-കോര്‍പ്പറേറ്റ് സാമ്പത്തിക നയങ്ങള്‍ നടപ്പാക്കുന്ന മോദി സര്‍ക്കാരിന്റെ ഊര്‍ജസ്വലമായ നടത്തിപ്പിനു വേണ്ടിയുള്ള സാഹചര്യമാണ് ഒരുങ്ങിയിരിക്കുന്നത് എന്ന് വിലയിരുത്തപ്പെടുന്നുണ്ട്. ഇന്ത്യയിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം വളരെ ഭയപ്പെടേണ്ട സാഹചര്യമാണ് ഉള്ളത്. ഹിന്ദി ബെല്‍റ്റിലെ 12 സംസ്ഥാനങ്ങള്‍ പൂര്‍ണമായും ബി.ജെ.പി ഭരണത്തിന് കീഴിലായി കഴിഞ്ഞു. ഹിന്ദി ബെല്‍റ്റില്‍ കോണ്‍ഗ്രസ് കേവലം മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രമാണുളത്. തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ പൊതുവില്‍ ബി.ജെ.പിക്ക് സ്വാധീനമില്ലെന്ന് നമുക്ക് അറിയാം. ഭരണത്തിലേക്ക് എത്തുന്ന രീതിയിലുള്ള സ്വാധീനമില്ല എന്ന് തന്നെ പറയാം. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍, ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ഇന്ത്യയുടെ രാഷ്ട്രീയ അധികാരം നിര്‍ണയിക്കുന്ന ഹിന്ദി ബെല്‍റ്റുകളില്‍ ഈ തെരഞ്ഞെടുപ്പ് വളരെ ശക്തമായ ഒരു പിന്ബലമായിരിക്കുമെന്നുള്ളതില് സംശയമില്ല.
മിസോറാമില്‍ പൊതുവില്‍ പൗര ജനാധിപത്യ സമൂഹത്തിന്റെ താല്പര്യങ്ങള് പ്രതിനിധാനം ചെയ്യുന്ന സോറം പീപ്പിള്‍സ് മൂവ്മെ്ന്റ് ആണ് വിജയിച്ചു വന്നിട്ടുള്ളത്. ബി.ജെ.പിക്കോ കോണ്‍ഗ്രസിനോ കാര്യമായി ഇടം അവിടെയില്ല. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി എന്ന നിലയില്‍, നിര്‍ണായകമായ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രത്യേക സാഹചര്യവുമായി ബന്ധപ്പെട്ട് കൂടി ബി.ജെ.പി ഇടപെടലുകള്‍ ഉണ്ടാകും. പക്ഷേ, മൂന്ന് സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്കുണ്ടായ വിജയവുമായി താരതമ്യം ചെയ്യുമ്പോള്‍ മെച്ചപ്പെട്ട സാഹചര്യമാണ് മിസോറാമില്‍ കാണാന്‍ കഴിയുന്നത്.
രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളില്‍ ഉള്ളതുപോലെ തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തെലുങ്കാനയില്‍ ഇല്ല എന്നത് വളരെ നല്ല കാര്യമായി കാണണം. അതുകൊണ്ട് കോണ്‍ഗ്രസ് അടിത്തട്ടില്‍ വര്‍ക്ക് ചെയ്യുകയും അവരെ വിജയത്തിലേക്ക് എത്തിക്കുകയും ചെയ്തിട്ടുണ്ട്.
തെലുങ്കാനയില്‍ കോണ്‍ഗ്രസിന് അത്ര പ്രതീക്ഷയില്ലായിരുന്നു. രാജസ്ഥാന്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ആയിരുന്നു അവര്‍ക്ക് വിജയപ്രതീക്ഷ. തുടര്‍ഭരണം ഉറപ്പാക്കുക, മധ്യപ്രദേശിലെ ഭരണ വിരുദ്ധ വികാരം ഉപയോഗപ്പെടുത്തുക, രാജസ്ഥാനില്‍ ഗഹ്ലോട്ടിന്റെ ജനപ്രീതി നയങ്ങളിലൂടെ മുന്നോട്ടുപോവുക എന്നിങ്ങനെയുള്ള കാഴ്ചപ്പാടായിരുന്നു കോണ്‍ഗ്രസിന് ഉണ്ടായിരുന്നത്. പൊതുവില്‍ മാധ്യമങ്ങളില്‍ വന്ന വിലയിരുത്തകളും അങ്ങനെ തന്നെയായിരുന്നു.
തെലങ്കാനയെ അത്ര പ്രാധാന്യത്തോടെ കണ്ടിരുന്നില്ലെങ്കിലും കോണ്‍ഗ്രസിന്റെ അടിത്തട്ടിലുള്ള പ്രവര്‍ത്തനങ്ങള്‍ അവര്‍ക്ക് ഗുണം ചെയ്തു. രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി ജനകീയ പ്രശ്നങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും സംസ്ഥാന രൂപീകരണത്തിന് ശേഷം തുടര്‍ച്ചയായി ബി.ആര്.എസിന്റെ ഭരണത്തിലുണ്ടായ അഴിമതി അടക്കമുള്ള ജനവിരുദ്ധത വികാരങ്ങളെ ശക്തമായി ഉപയോഗപ്പെടുത്താനും കോണ്‍ഗ്രസിന് കഴിഞ്ഞു. രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളില്‍ ഉള്ളതുപോലെ തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അവിടെ ഇല്ല എന്നത് വളരെ നല്ല കാര്യമായി കാണണം. അതുകൊണ്ട് കോണ്‍ഗ്രസ് അടിത്തട്ടില്‍ വര്‍ക്ക് ചെയ്യുകയും അവരെ വിജയത്തിലേക്ക് എത്തിക്കുകയും ചെയ്തിട്ടുണ്ട്. മിസോറാം,തെലങ്കാന വിജയം ഒഴിച്ച് നിര്‍ത്തിയാല്‍ വളരെ വ്യക്തമായ ആധിപത്യം ബി.ജെ.പിക്ക് ഉണ്ടായി എന്നത് ദുഃഖകരമായ കാര്യമാണ്.
കോണ്‍ഗ്രസ്സിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടി തന്നെയല്ലേ നേരിട്ടത്. എന്തായിരിക്കാം ഇതിന്റെ കാരണങ്ങള്‍?
കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം വളരെ വലിയ തിരിച്ചടി തന്നെയാണ് ഉണ്ടായിട്ടുള്ളത്. ഇന്ത്യയില്‍ ബി.ജെ.പി അധികാരത്തില്‍ വരുന്നതില്‍ പരോക്ഷമായി കോണ്‍ഗ്രസിന്റെ പങ്ക് ഒട്ടും ചെറുതല്ല. കോണ്‍ഗ്രസ് അധികാരത്തില്‍ ഇരുന്ന സമയത്താണ് ബാബരി മസ്ജിദ് തകര്‍ത്തത് എന്ന് നമ്മള് തിരിച്ചറിയേണ്ടതുണ്ട്. ഇസ്രായേല്‍ സന്ദര്‍ശിച്ച ആദ്യ പ്രധാനമന്ത്രി നരേന്ദ്രമോദി ആണെങ്കിലും അവരുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുകയും ഇസ്രായേല്‍ എംബസി അടക്കം തുറക്കുന്നതിന് അനുമതി കൊടുത്തതും നരസിംഹ റാവു ഗവണ്മെന്റാണ്. രാമജന്മഭൂമി ശിലാന്യാസം തുടങ്ങിയത് രാജീവ് ഗാന്ധിയാണ്. അധികാര കൈമാറ്റത്തിനുശേഷം രാഷ്ട്രപിതാവിന്റെ വധത്തെ തുടര്‍ന്നുണ്ടായ അന്തരീക്ഷത്തിലും ആര്.എസ്.എസിന്റെ മാന്യത പൊതുസമൂഹത്തില്‍ ഇടിഞ്ഞു പോയിരുന്നു. അതിനെയെല്ലാം മറികടക്കുന്നതിനുള്ള സാഹചര്യം ഒരുക്കിയത് അടിയന്തരാവസ്ഥയാണ്. അതിലൂടെ മുന്നോട്ടുവന്ന അവരുടെ രാഷ്ട്രീയ ഉപകരണമായി ബി.ജെ.പി സ്ഥാപിച്ച് രണ്ട് ശദാബ്ദം കൊണ്ട് അധികാരത്തില്‍ എത്തുകയും ചെയ്തു. ഈ പ്രക്രിയയില്‍ കോണ്‍ഗ്രസ് ആണ് അവരെ ഏറ്റവും കൂടുതല്‍ സഹായിച്ചത്. ബി.ജെ.പിയുടെ താല്പര്യത്തിനൊത്ത് രാമജന്മഭൂമി ശിലാന്യാസം നടത്തുകയും ബാബരി മസ്ജിദ് തകര്‍ക്കല്‍ അടക്കമുള്ള കാര്യങ്ങള്‍ക്ക് തുടക്കമിടുന്നതില്‍ കോണ്‍ഗ്രസിന് വലിയ പങ്കുണ്ട്.
ഇന്‍ഡ്യ മുന്നണിയിലെ സഖ്യകക്ഷികള്‍ക്ക് വേണ്ടത്ര പരിഗണന കൊടുക്കാന്‍ കോണ്‍ഗ്രസ്സ് ശ്രമിച്ചില്ല എന്ന ആരോപണം നേരത്തെ തന്നെയുണ്ട്. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ അത് ശക്തമാവുകയും ചെയ്തു?
ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടി രൂപംകൊണ്ട ഇന്‍ഡ്യ സഖ്യത്തില്‍ കോണ്‍ഗ്രസ് ഒരു വല്യേട്ടന് റോള്‍ ആണ് വഹിച്ചത്. കോണ്‍ഗ്രസ് മാത്രമല്ല, പല പ്രാദേശിക പാര്‍ട്ടികളും അവര്‍ മത്സരിക്കുന്ന സംസ്ഥാനങ്ങളില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല. ഏഴു മുതല്‍ 10 സീറ്റ് വരെ മധ്യപ്രദേശില്‍ സമാജ് വാദി പാര്‍ട്ടിക്ക് കൊടുക്കാം എന്ന ധാരണ അട്ടിമറിച്ചത് കമല്‍ നാഥാണ്. കോണ്‍ഗ്രസിന്റെ കേന്ദ്ര നേതൃത്വത്തില്‍ നിന്നൊരു നിലപാട് ഉണ്ടാവുകയും അത് പിന്നീട് മുഖ്യമന്ത്രി പദം കാത്തിരിക്കുന്ന കമല്‍നാഥ് അട്ടിമറിക്കുകയും ചെയ്തു. അതുപോലെ പല സംസ്ഥാനങ്ങളിലും ഇന്‍ഡ്യ സഖ്യത്തിലെ ഘടകകക്ഷികളുള്ള മണ്ഡലങ്ങളില്‍ ഇന്‍ഡ്യ സഖ്യത്തെ ശക്തിപ്പെടുത്തുന്നതിന് പകരം കോണ്‍ഗ്രസ് അധികാരത്തില്‍ വരിക എന്നുള്ള വലിയേട്ടന് സമീപനമാണ് പ്രകടമായത്. ഓരോ പാര്‍ട്ടിക്കും പ്രാദേശികമായി അതേ കാഴ്ചപാട് തന്നെയാണുള്ളത്. ബി.ജെ.പിയെ അധികാരത്തില്‍ നിന്നും മാറ്റി ജനങ്ങളെ ഫാസിസ്റ്റ് ശക്തികളില്‍ നിന്നും മോചിപ്പിക്കുക എന്നൊരു അജണ്ടയുണ്ടായിരുന്നില്ല. കോണ്‍ഗ്രസ് കഴിഞ്ഞകാലങ്ങളില്‍ പിന്തുടര്‍ന്ന അതേ സമീപനങ്ങള്‍, പരമാവധി വര്‍ഗീയത ഉപയോഗിച്ചുകൊണ്ട് മറ്റു വിഘടത ശക്തികളെ പ്രോത്സാഹിപ്പിച്ചു കൊണ്ട് എങ്ങനെ ചെയ്യുമോ അതുതന്നെയാണ് കോണ്‍ഗ്രസ് ഇപ്പോഴും ചെയ്യുന്നത്. ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം എല്ലാ സീമകളും ലംഘിച്ചിരിക്കുന്നു. അങ്ങേയറ്റം ധ്രുവീകരണം സൃഷ്ടിച്ചുകൊണ്ട് ജനങ്ങളെ വര്‍ഗീയമായും ദേശീയതയുടെ അടിസ്ഥാനത്തിലും ഭിന്നിപ്പിക്കുകയാണ് ബി.ജെ.പിയുടെ അജണ്ട. ഇന്ത്യയില്‍ മൊത്തം അത് നടന്നുകൊണ്ടിരിക്കുകയാണ്. ഹിന്ദുത്വ അജണ്ട അടിച്ചേല്‍പ്പിക്കുന്നതിന്റെ ഭാഗമായി വ്യത്യസ്ത സംസ്കാരം, ഭാഷ, വംശീയ സ്വഭാവം തുടങ്ങിയവയുള്ള ഇന്ത്യയെ അങ്ങേയറ്റം ഏക ശിലാഖണ്ഡമായൊരു സംവിധാനത്തിലേക്ക് കൊണ്ടുവരാന്‍ നടത്തുന്ന ശ്രമങ്ങള്‍ നമുക്കറിയാം.
എല്ലാ കോര്‍പ്പറേറ്റ് ശക്തികളും, പിന്തിരിപ്പന് വിഭാഗങ്ങളും, സവര്‍ണ്ണ ജാതി മേധാവികളും, നഗര കേന്ദ്രീകൃത മധ്യവര്‍ഗ രാഷ്ട്രീയ വിഭാഗങ്ങളുമുള്പ്പെടെ ഉള്ളവരുടെ പിന്തുണ ഉണ്ടായിട്ട് പോലും ബി.ജെ.പിക്ക് ഇപ്പോഴും ഭൂരിപക്ഷ പിന്തുണയില്ല. അതിനെ ഫലപ്രദമായി ഉപയോഗപ്പെടുത്താനുള്ള ഇടപെടല്‍ ഇന്‍ഡ്യ സഖ്യത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല.
രാഷ്ട്രീയമായും ആശയപരമായും ആര്.എസ്.എസ് നയിക്കുന്ന ബി.ജെ.പിയെ നേരിടുന്നതിനുള്ള അടിത്തറ കോണ്‍ഗ്രസ്സിന് ഇല്ല എന്നുള്ളതാണ് നമ്മള് മനസ്സിലാക്കേണ്ടത്. പ്രത്യാശാസ്ത്രപരമായിട്ടും മുന്നോട്ടുവെക്കാന്‍ കഴിയുന്നില്ല. അതുപോലെ തന്നെ, തീവ്ര വലതുനയങ്ങളെ ആണല്ലോ ബി.ജെ.പി നടപ്പാക്കി കൊണ്ടിരിക്കുന്നത്. കോര്‍പ്പറേറ്റുകള്‍ വഴിവിട്ട് പ്രോത്സാഹിപ്പിക്കുന്ന അദാനി, അംബാനി പോലുള്ള ശതകോടീശ്വരന്മാരുടെ താല്പര്യങ്ങളെയാണ് അവര്‍ പ്രതിനിധാനം ചെയ്യുന്നത്. അതിനെ തുറന്ന് കാണിക്കണമെങ്കില്‍ അതില്‍ വ്യത്യസ്തമായ ഒരു നയം വേണം. കോണ്‍ഗ്രസിന് സംബന്ധിച്ചിടത്തോളം അത്തരത്തില്‍ നിലപാടോ നയങ്ങളോ ഇല്ല. ഇതും പരാജയത്തിന്റെ കാരണങ്ങളില്‍ ഒന്നാണ്. ആര്.എസ്.എസിനെ, ബി.ജെ.പിയെ പരാജയപ്പെടുത്തണമെന്ന അജണ്ടക്കപ്പുറം കോണ്‍ഗ്രസിന് അധികാരത്തില്‍ വരണം എന്ന അജണ്ട മാത്രമാണ് പ്രാദേശിക-സംസ്ഥാന- നേതാക്കള്‍ സ്വീകരിച്ചത്. അത് തന്നെയാണ് പ്രാദേശിക പാര്‍ട്ടികളുടെയും സമീപനം. സി.പി.ഐ-സിപിഎം അടക്കമുള്ള ഇടതുപാര്‍ട്ടികളോടുള്ള തെരഞ്ഞെടുപ്പ് സമീപനം നമ്മള് കണ്ടതാണ്. ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഏകോപിക്കുന്നതിന് പകരം ഫാസിസ്റ്റ് വിരുദ്ധ വോട്ടുകളെ ഭിന്നിപ്പിക്കുന്ന സമീപനമായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളിലൂടെ പുറത്തുവന്നത്.
ഇന്‍ഡ്യ മുന്നണിയിലെ കക്ഷികള്‍ക്ക് കോണ്‍ഗ്രസ് പരിഗണന കൊടുത്തില്ലെന്ന് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിച്ചു. ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ നേരിയ വോട്ട് വ്യത്യാസമേയുള്ളൂ. അതേസമയം, ഇന്‍ഡ്യ മുന്നണിയിലെ സഖ്യകക്ഷികള്‍ പിടിച്ച വോട്ടുകള്‍ കൂടി ലഭിച്ചിരുന്നെങ്കില്‍ കോണ്‍ഗ്രസ് പലയിടത്തും ജയിക്കുമായിരുന്നു. ഫാസിസ്റ്റ് വിരുദ്ധ വോട്ടുകള്‍ ഏകോപിപ്പിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു എന്നുള്ളതാണ് വസ്തുത. ഒരുമിച്ച് നിന്നില്‍ തീര്‍ച്ചയായും ബി.ജെ.പി പരാജയപ്പെടുമായിരുന്നു. 2014 ല്‍ 31% വോട്ടാണ് ബി.ജെ.പിക്ക് കിട്ടിയത്. പിന്നീട് രണ്ടാംഘട്ടമായപ്പോള്‍ 40% ത്തോളം അടുത്തു. ഹാട്രിക് നേടാന്‍ വീണ്ടും ശ്രമിക്കുമ്പോള്‍, തനിച്ചുള്ള വോട്ടുകള്‍ പരിശോധിച്ചാല്‍ ഇപ്പോഴും ബി.ജെ.പിക്ക് ഭൂരിപക്ഷം ജനങ്ങളുടെ പിന്തുണ ഇല്ല. എല്ലാ കോര്‍പ്പറേറ്റ് ശക്തികളും, പിന്തിരിപ്പന് വിഭാഗങ്ങളും, സവര്‍ണ്ണ ജാതി മേധാവികളും, നഗര കേന്ദ്രീകൃത മധ്യവര്‍ഗ രാഷ്ട്രീയ വിഭാഗങ്ങളുമുള്പ്പെടെ ഉള്ളവരുടെ പിന്തുണ ഉണ്ടായിട്ട് പോലും ബി.ജെ.പിക്ക് ഇപ്പോഴും ഭൂരിപക്ഷ പിന്തുണയില്ല. അതിനെ ഫലപ്രദമായി ഉപയോഗപ്പെടുത്താനുള്ള ഇടപെടല്‍ ഇന്‍ഡ്യ സഖ്യത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല. ഇതിന്റെ മുഴുവന്‍ ഉത്തരവാദിത്വം കോണ്‍ഗ്രസ്, ഇന്‍ഡ്യ സഖ്യത്തിലെ കക്ഷികള്‍ക്ക് വേണ്ടത്ര പരിഗണന നല്‍കിയില്ല എന്നുള്ളത് തന്നെയാണ്.
ലോക്സഭ തെരഞ്ഞെടുപ്പിനെ ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ എങ്ങിനെയാണ് സ്വാധീനിക്കുക?
ലോക്സഭാ തെരഞ്ഞെടുപ്പ് ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം സന്തോഷകരമായ സാഹചര്യമാണ്. ഇനി പ്രത്യേകിച്ച് ഒന്നും നോക്കേണ്ടതില്ല; അജണ്ടകളെ തീവ്രമാക്കുക എന്നുള്ളത് മാത്രമായിരിക്കും. അതേസമയം ഇതില്‍നിന്ന് ചില പാഠങ്ങള്‍ പഠിക്കണം. സെമിഫൈനലിലെ വിജയം ഫൈനലില്‍ ഉണ്ടാകണമെന്നില്ല. നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യത്തിലെ കക്ഷികളില്‍ വിട്ടുവീഴ്ച ചെയ്യാനും സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാനും കഴിഞ്ഞാല്‍ തീര്‍ച്ചയായും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് അത്ര എളുപ്പമായിരിക്കില്ല.
വോട്ടിങ് മെഷീന് കൃത്രിമം വീണ്ടും ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുകയാണ്. ആധുനിക സാങ്കേതിക വിദ്യകളുടെ കോട്ടയായി അറിയപ്പെടുന്ന അമേരിക്ക പോലും വോട്ടിങ് മെഷീന് ഉപയോഗിക്കാറില്ല. വികസിത രാജ്യങ്ങളെല്ലാം ബാലറ്റാണ്. ഇവിടെ മെഷീന് ഉപയോഗിക്കുന്നതിലൂടെ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതകള്‍ ഉണ്ടെങ്കില്‍ പോലും കോണ്‍ഗ്രസ് - ഇന്‍ഡ്യ സഖ്യത്തെ സംബന്ധിച്ചിടത്തോളം സാഹചര്യങ്ങള്‍ വിലയിരുത്തി ഒരു ബദല്‍ നയം മുന്നോട്ട് വെക്കേണ്ടതുണ്ട്. കാരണം, ഇന്ത്യയിലെ മഹാഭൂരിപക്ഷം ജനങ്ങളും ചരിത്രത്തില്‍ ഇതുവരെ നേരിട്ടിട്ടില്ലാത്ത ഗുരുതരമായ തൊഴിലില്ലായ്മ, ദാരിദ്ര്യം, പട്ടണി, അടിച്ചമര്‍ത്തല്‍, അസമത്വം, മത ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍, ദലിത് ആദിവാസി വിഭാഗങ്ങളോടുള്ള അതിക്രമങ്ങള്‍, സംസ്കാരിക, വിദ്യാഭ്യാസ, ചരിത്ര രചനയില്‍ അതിതീവ്ര സാമ്പത്തിക നയങ്ങള്‍ തുടങ്ങിയവ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇതെല്ലാം നടപ്പാക്കിയ രാജ്യത്തിന്റെ നിര്‍ണായകമായ വിഹിതങ്ങളെ ഏതാനും ഒരുപിടി ശത കോടീശ്വരന്മാരില് നിക്ഷിപ്തമാക്കുന്ന നയങ്ങളാണ് മോദി സര്‍ക്കാരിന്റേത്. ഇത്തരം വിഷയങ്ങളില്‍ ഒരു ബദല്‍ പറയാന്‍ ഇവര്‍ക്ക് കഴിയണം. എന്നാലേ ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയൂ. അതോടൊപ്പം തന്നെ ആര്.എസ്.എസ് മുന്നോട്ട് വെക്കുന്ന ഏറ്റവും പിന്തിരിപ്പനായ മനുസ്മൃതി, മനുവാദം അതിനെ അടിസ്ഥാനമാക്കിയുള്ള ഹിന്ദുത്വ വത്കരണം എന്നിവ തുറന്നുകാണിക്കണം. ഒരു ജനാധിപത സമൂഹമായി നമ്മുടെ രാജ്യം മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള മിനിമം കാര്യങ്ങള്‍ മാനിഫെസ്റ്റോയില്‍ ഉള്‍പ്പെടുത്താന്‍ ഇന്‍ഡ്യ സഖ്യം തയ്യാറായാല്‍ ബി.ജെ.പിക്ക് കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല.
ജാതി സെന്‍സസ് പോലുള്ള പ്രഖ്യാപനങ്ങള്‍ കോണ്‍ഗ്രസ്സിനെ തുണച്ചില്ല എന്ന് വിലയിരുത്താന്‍ പറ്റുമോ? തെരഞ്ഞെടുപ്പ് ഫലം, ജാതി സെന്‍സസ് പോലുള്ള ദലിത് - ന്യൂനപക്ഷ അനുകൂല സമീപനങ്ങളില്‍നിന്ന് കോണ്‍ഗ്രസ്സിനെ പിന്നോട്ടു പോകാന്‍ പ്രേരിപ്പിക്കുമോ?
ജാതിയുമായി ബന്ധപ്പെട്ട നിലപാടുകള്‍ കോണ്‍ഗ്രസിനെ തുണച്ചില്ല എന്ന് പറയാന്‍, അവര്‍ക്ക് അതില്‍ നിലപാടേ ഉണ്ടായിട്ടില്ല. ജാതി സെന്‍സസ് വിയത്തില്‍ കോണ്‍ഗ്രസിന്റെ അകത്തുപോലും അഭിപ്രായ വ്യത്യാസങ്ങളുണ്ട്. മധ്യപ്രദേശില്‍ അവര്‍ ജാതി സെന്‍സസ് വിഷയം ഉന്നയിച്ചു പോലുമില്ല. അവര്‍ അതുമായി മുന്നോട്ട് വന്നിരുന്നെങ്കില്‍ ഫലം വ്യത്യസ്തമാകുമായിരുന്നു. കോണ്‍ഗ്രസ് ജാതി സെന്‍സസ് പ്രയോഗിക്കാതിരുന്നതാണ് പ്രശ്നം. മധ്യപ്രദേശിലും ചത്തീസ്ഗഢിലും ഈ വിഷയങ്ങള്‍ അജണ്ടകളിലേക്ക് കൊണ്ടുവരാന്‍ പോലും അവിടത്തെ കോണ്‍ഗ്രസ് തയ്യാറായില്ല. അങ്ങനെയുള്ള വളരെ ഗുരുതരമായ പ്രശ്നങ്ങളാണ് കോണ്‍ഗ്രസ് പരാജയത്തിലേക്ക് എത്താന്‍ കാരണമായത്. ബി.ജെ.പിയുമായി കോണ്‍ഗ്രസിനെ താരതമ്യം ചെയ്യുമ്പോള്‍ നിലപാടുകളില്‍ അളവ്പരമായി വ്യത്യാസങ്ങള്‍ മാത്രമാണ് നിലനില്‍ക്കുന്നത്. ഗുണപരമായ വ്യത്യാസങ്ങള്‍ ഇല്ലാത്തതുകൊണ്ട് തന്നെ നേട്ടം ഉണ്ടാക്കിയത് തീവ്രഹിന്ദുത്വ ശക്തികളാണ്.
കമല്‍നാഥും അശോക് ഗഹ്ലോട്ടും, ഭൂപേഷ് ബാഗലും എല്ലാം തന്നെ അവരുടെ സംസ്ഥാനത്തിനകത്ത് രാഹുല്‍ ഗാന്ധി മുന്നോട്ടുവയ്ക്കുന്ന നിലപാടുകളില്‍ നിന്ന് വ്യത്യസ്തമായ സമീപനങ്ങളാണ് സ്വീകരിച്ചത്. ഫലത്തില്‍ ബി.ജെ.പിയെ സഹായിക്കുന്ന ഒന്നായി അത്. ഇതായിരുന്നു കോണ്‍ഗ്രസ് തറപറ്റി പോകാന്‍ പ്രധാന കാരണം.
ജാതി സെന്‍സസ് അടക്കമുള്ള വിഷയങ്ങളില്‍ കോണ്‍ഗ്രസ് എടുത്ത് നിലപാട് വളരെ വ്യക്തമാണ് അതൊക്കെ തന്നെ വളരെ കൃത്യമായി മുന്നോട്ടു വെക്കാനും ക്യാമ്പയിന് നടത്താന്‍ തയ്യാറായിരുന്നെങ്കില്‍ പിന്നോക്ക ജനവിഭാഗങ്ങളുടെയും മറ്റു മര്‍ദിത ജനവിഭാഗങ്ങളുടെയും വലിയ പിന്തുണ കോണ്‍ഗ്രസിന് ഉറപ്പാക്കാന്‍ കഴിയുമായിരുന്നു. പക്ഷേ, അതുണ്ടായില്ല. ലളിതമായി കാണേണ്ട വിഷയമല്ല അത്. വടക്കേ ഇന്ത്യയിലെ പിന്നാക്ക വിഭാഗങ്ങളെ വലിയതോതില്‍ സ്വാധീനിക്കാന്‍ ബി.ജെ.പിക്ക് കഴിയുന്നുണ്ട്. പിന്നാക്ക ജാതി സംഘടനകളെ തന്നെ അവര്‍ നിര്‍മിച്ച ഹിന്ദുത്വയിലേക്ക് കൂട്ടിക്കെട്ടാന്‍ ബി.ജെ.പി നടത്തുന്ന ശ്രമങ്ങള്‍ വിജയിക്കുന്നത് കോണ്‍ഗ്രസ് എടുത്തുപോരുന്ന അതിന്റെ സോഫ്റ്റ് ഹിന്ദുത്വ കൊണ്ടു തന്നെയാണ്. ബി.ജെ.പി - ആര്.എസ്.എസ് മുന്നോട്ട് വെക്കുന്ന ബ്രാഹ്മണ്യ വീക്ഷണത്തിന് വ്യത്യാസമായ ഒരു സമീപനം മുന്നോട്ടുവെക്കാന്‍ കോണ്‍ഗ്രസ്സിന് കഴിയുന്നില്ല. അതിന്റെ ഭാഗമായി തന്നെയാണ് ജാതി സെന്‍സസിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിന്റെ അകത്ത് വൈരുധ്യങ്ങളുണ്ടാകുന്നതും അത് തെരഞ്ഞെടുപ്പില്‍ നിഴലിച്ചു കണ്ടതും. ജാതി സെന്‍സസ് പോലുള്ള ജാതിയെ അഡ്രസ്സ് ചെയ്യുന്ന വിഷയങ്ങള്‍ ശക്തമായി മുന്നോട്ട് കൊണ്ടുവന്നിരുന്നുവെങ്കില്‍ ഹിന്ദി ബെല്‍റ്റിലെ പിന്നോക്ക ജനവിഭാഗങ്ങളുടെ വലിയ പിന്തുണ കോണ്‍ഗ്രസിന് ലഭിക്കുമായിരുന്നു. ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ഈ അവസരം ഉപയോഗപ്പെടുത്തി വളരെ തീവ്രമായ ഹിന്ദുത്വ ക്യാമ്പയിന് നടത്താനും അതുവഴി പരമാവധി വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാനുമാണ് ശ്രമിച്ചത്. മുസ്ലിം-മതന്യൂനപക്ഷങ്ങള്‍ക്കെതിരെ വിദ്വേഷം വളര്‍ത്തിക്കൊണ്ടുവന്നു. വടക്ക് കിഴക്കാന്‍ സംസ്ഥാനങ്ങളില്‍ അങ്ങേയറ്റം ക്രിസ്ത്യന്‍ വിരോധം വിളര്ത്തിയതിന്റെ ഫലമായിട്ടാണ് ബി.ജെപി നേട്ടം ഉണ്ടാക്കിയത്. അതിനെ വേണ്ട രീതിയില്‍ കോണ്‍ഗ്രസിന് ചെറുക്കാനും ഇടപെടാനും കഴിഞ്ഞില്ല എന്നുള്ളതാണ് ഈ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പരാജയത്തിലൂടെ പുറത്തുവരുന്നത്. കമല്‍നാഥും , അശോക് ഗഹ്ലോട്ടും, ഭൂപേഷ് ബാഗലും എല്ലാം തന്നെ അവരുടെ സംസ്ഥാനത്തിനകത്ത് രാഹുല്‍ ഗാന്ധി മുന്നോട്ടുവയ്ക്കുന്ന നിലപാടുകളില്‍ നിന്ന് വ്യത്യസ്തമായ സമീപനങ്ങളാണ് സ്വീകരിച്ചത്. ഫലത്തില്‍ ബി.ജെ.പിയെ സഹായിക്കുന്ന ഒന്നായി അത്. ഇതായിരുന്നു കോണ്‍ഗ്രസ് തറപറ്റി പോകാന്‍ പ്രധാന കാരണം.
തീവ്ര ഹിന്ദുത്വത്തെ പ്രതിരേധിക്കാന്‍ മൃദു ഹിന്ദുത്വ എന്ന കോണ്‍ഗ്രസ് സമീപനം വിലപോകില്ല എന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെടുകയല്ലേ?
തീവ്ര ഹിന്ദുത്വത്തെ പ്രതിരോധിക്കാന്‍ മൃദു ഹിന്ദുത്വത്തിന് കഴിയില്ല. തീവ്ര ഹിന്ദുത്വം ഉപയോഗിക്കുന്ന സംവിധാനങ്ങളെയും മൃദുവായി ഉപയോഗിക്കുകയാണല്ലോ കോണ്‍ഗ്രസ് ചെയ്യുന്നത്. അത് ആത്യന്തികമായി തീവ്ര ഹിന്ദുത്വത്തിന്റെ വിജയത്തിലേക്കാണ് പോകുന്നത്. ഗുജറാത്ത് കൂട്ടക്കൊലക്ക് ശേഷം 2004 മുതല്‍ 2014 വരെ കേന്ദ്രം ഭരിച്ചത് കോണ്‍ഗ്രസ് ആയിരുന്നു. 99 മുതല്‍ 2004 വരെ വാജ്പേയി പ്രധാനമന്ത്രിയായി ഇരിക്കേയാണ് ഗുജറാത്ത് കൂട്ടക്കൊല നടക്കുന്നത്. അരുണ്‍ ഷൂരിയോടും അദ്വാനിയോടും വാജ്പേയി ചോദിച്ച ഒരു ചോദ്യം ഷൂരിയുടെ പുസ്തകത്തില്‍ പറയുന്നുണ്ട്. 'രാജധര്‍മം ആണോ ഗുജറാത്തില്‍ നടപ്പാക്കുന്നത് ' എന്നായിരുന്നു ആ ചോദ്യം. ബി.ജെ.പിക്ക് അകത്ത് അത്രമാത്രം അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. ഗുജറാത്ത് കൂട്ടക്കൊലക്ക് ശേഷം അമേരിക്ക 10 വര്‍ഷത്തേക്ക് മോദിക്ക് വിസ നിഷേധിച്ചിരുന്നു. ഗുജറാത്ത് കൂട്ടക്കൊലക്ക് ആര്.എസ്.എസിന് സ്വാധീനമുള്ള അമേരിക്കയിലെ ഇന്ത്യന്‍ ഡെവലപ്മെന്റ് റിലീഫ് ഫണ്ടില്‍ നിന്ന് സമാഹരിച്ച പണം പരസ്യമായും പരോക്ഷമായും ഉപയോഗിക്കപ്പെട്ടു എന്ന് കണ്ടെത്തിയത് അക്കാലത്ത് ചര്‍ച്ചയായിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലായിരുന്നു അമേരിക്കന്‍ സെനറ്റ് കമ്മിറ്റി മോദിക്ക് വിസ നിഷേധിച്ചത്. ഇവിടെ കോണ്‍ഗ്രസ് പത്തു വര്‍ഷക്കാലം ഇന്ത്യ ഭരിച്ചിട്ട് എന്ത് നടന്നു?. ഗുജറാത്ത് വിഷയത്തില്‍ ഏതെങ്കിലും തരത്തില്‍ ഗൗരവമായി അന്വേഷണമോ ഇടപെടലുകളോ നടത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല.
കോണ്‍ഗ്രസിന്റെ മൃദു സമീപനം മൂലം അവര്‍ക്ക് തിരിച്ചടി നേരിട്ടു. അതിന്റെ നേട്ടം ഉണ്ടായത് ബിജെപിക്കാണ്. കോണ്‍ഗ്രസിന്റെ മൃദുഹിദുത്വത്തെ വളരെ ഫലപ്രദമായി ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ബി.ജെ.പി അതിന്റെ തീവ്ര ഹിന്ദുത്വത്തെ മുന്നോട്ടുകൊണ്ടുപോകുന്നത്. മൃദു ഹിന്ദുത്വം അനിവാര്യമായി തീവ്ര ഹിന്ദുത്വത്തിലേക്ക് ഒഴുകി എത്തുകയാണ്. അതിന്റെ ഭാഗമായി തന്നെയാണ് കോണ്‍ഗ്രസിലെ പല നേതാക്കളും ബി.ജെ.പിയിലേക്ക് പോയത്. ശൂന്യതയില്‍ നിന്ന് ഉണ്ടായ ഒരു പ്രസ്ഥാനമല്ല ബി.ജെ.പി. അതിന്റെ വേരുകള്‍ കിടക്കുന്നത്, ഇന്ത്യയുടെ കഴിഞ്ഞ 40 വര്‍ഷക്കാലത്തെ ചരിത്രത്തിലാണ്. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അവര്‍ അനുഭവങ്ങളില്‍ നിന്ന് പാഠം പഠിക്കുന്നില്ല എന്നതാണ് പ്രശ്നം. ഇന്‍ഡ്യ സഖ്യം രൂപം കൊടുക്കുമ്പോഴും മധ്യപ്രദേശിലെ കമല്‍നാഥ് തീവ്ര ഹിന്ദുത്വമാണ് മുന്നോട്ടുവെച്ചത്. രാമക്ഷേത്രത്തിന് കടപ്പെട്ടിരിക്കേണ്ടത് കോണ്‍ഗ്രസിനോടാണ് എന്നാണ് അദേഹം പറഞ്ഞത്.
ആര്.എസ്.എസിന്റെ കേഡര്‍മാരെ ഉപയോഗിച്ചുകൊണ്ടാണ് മധ്യപ്രദേശില്‍ കമല്‍നാഥ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്തിട്ടുള്ളത്. ഭോപ്പാലില്‍ ഇന്‍ഡ്യ സഖ്യത്തിന്റെ റാലി നടത്താന്‍ കമല്‍നാഥ് തയ്യാറായിരുന്നില്ല. കോണ്‍ഗ്രസിലെ വളരെ ചുരുക്കം നേതാക്കന്മാരായ രാഹുല്‍ഗാന്ധിയും മല്ലികാര്‍ജുന്‍ ഗാര്‍ഗെയും സീതാരാമയ്യയും മുന്നോട്ടുവെക്കുന്ന നിലപാടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പല കോണ്‍ഗ്രസ് നേതാക്കളും വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായി മൃതുഹിന്ദുത്വം വളരെ വിദഗ്ധമായി ഉപയോഗപ്പെടുത്തുന്നവരാണ്. മൃദുഹിന്ദുത്വവും-തീവ്രഹിന്ദുത്വവും തമ്മിലുള്ള മത്സരത്തില്‍ അതിന്റെ വിജയം തീവ്ര ഹിന്ദുത്വത്തിന് തന്നെയായിരിക്കും. ഇവര്‍ സോഫ്റ്റ് ആയി ഉപയോഗിക്കുന്നു, അവര്‍ ഹാര്‍ഡ് ആയി ഉപയോഗിക്കുന്നു. ആ പ്രക്രിയയില്‍ ബി.ജെ.പി വളരെ വിദഗ്ധമായി വിജയം നേടി.
ആര്.എസ്.എസിന്റെ താല്പര്യങ്ങള് പലപ്പോഴായി കോണ്‍ഗ്രസ് നിറവേറ്റുകയുണ്ടായി. ആര്.എസ്.എസിന്റെ നേതാവ് മോഹന്‍ ഭഗവത് തന്നെ പറഞ്ഞിട്ടുള്ളത്, ഏതു പാര്‍ട്ടിയെയും തങ്ങളുടെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കാന്‍ കഴിയും എന്നാണ്. ഇത് തിരിച്ചറിയാനും നിലപാട് എടുക്കാനും കഴിയുന്നില്ലെങ്കില്‍ ഗുരുതരമായ പ്രശ്നങ്ങള്‍ ആണ് രാജ്യം നേരിടാന്‍ പോകുന്നത്. ആര്.എസ്.എസിന്റെ തീവ്ര ഹിന്ദുത്വത്തെ കോണ്‍ഗ്രസിന്റെ മൃദു ഹിന്ദുത്വം കൊണ്ട് നേരിടാന്‍ കഴിയില്ല.
തീസരി ബാര്‍ മോദി സര്‍ക്കാര്‍ എന്ന മുദ്രാവാക്യവുമായി ബി.ജെ.പി രംഗത്തു വന്നു കഴിഞ്ഞു?
2024 ലെ തെരഞ്ഞെടുപ്പില്‍ വീണ്ടും മോദി അധികാരത്തില്‍ വരിക എന്ന് പറഞ്ഞാല്‍, ഇന്ത്യ ഒരു ഫാസിസ്റ്റ് രാഷ്ട്രമായി പ്രഖ്യാപിക്കപ്പെടുക എന്ന് തന്നെയാണ്. ഭരണഘടനയുടെ അന്തസത്ത തന്നെ ഇല്ലാതാക്കുന്ന നിയമനിര്‍മാണങ്ങള്‍ പാര്‍ലമെന്റിനെ ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുകയാണ് ബി.ജെ.പി. ഇപ്പോള്‍ തന്നെ സൈന്യത്തെ കാവിവത്കരിച്ചു കഴിഞ്ഞു. സ്റ്റേറ്റ് പവറില്‍ മാത്രമല്ല, അര്‍ധ സൈനിക വിഭാഗത്തെ പോലും അവര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്നുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ 2024 ഇലക്ഷനില്‍ ബി.ജെ.പി അധികാരത്തില്‍ വരിക എന്നു പറഞ്ഞാല്‍ മറ്റൊരു ഘട്ടത്തിലേക്ക് രാജ്യം പോകുന്നു എന്നാണ് മനിസ്സിലാക്കേണ്ടത്.
2024 ലെ ഭരണത്തെ സംബന്ധിച്ച് ഇപ്പോള്‍തന്നെ ആര്.എസ്.എസ്, തീവ്ര ഹിന്ദുത്വ കേന്ദ്രങ്ങളില്‍ നിന്നും മുദ്രാവാക്യങ്ങള്‍ വന്നുകഴിഞ്ഞു. ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളെ രണ്ടാം പൗരന്മാരായി കാണുന്ന, ഗോള്‍വാക്കര്‍ എഴുതിയിട്ടുള്ള വിചാരധാരയില്‍ രാജ്യത്തെ ഏറ്റവും വലിയ ശത്രുക്കള്‍ മുസ്ലിംകളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകാരുമാണ് എന്ന് പറയുന്നു. ആഗോളതലത്തില്‍ തന്നെ അങ്ങനെ ഒരു നിലപാട് ഉയര്‍ന്നു വന്നിട്ടുണ്ട്. കേരളത്തില്‍ തന്നെ എസന്‍സ് പോലുള്ള യുക്തിവാദി സംഘങ്ങള്‍ മുഖ്യ ശത്രുക്കളായി കണ്ടിരിക്കുന്നത് കമ്യൂണിസത്തെയും ഇസ്ലാമിനെയുമാണ്. ഫലസ്തീന് വിഷയത്തില്‍ അത് വ്യക്തമായിട്ടുണ്ട്. ആര്.എസ.്എസിനെ സംബന്ധിച്ചിടത്തോളം തീസരി ബാര്‍ മോദി സര്‍ക്കാര്‍ എന്ന മുദ്രാവാക്യം വിളിക്കാനുള്ള സാഹചര്യം ഉണ്ടായിട്ടുണ്ട്. ബി.ജെ.പിയെ പരാജയപ്പെടുത്തിയാല്‍ പോലും നമ്മുടെ സാമൂഹ്യ, സാമ്പത്തിക, സംസ്കാരിക മേഖലകളിലേക്ക് ആര്.എസ്.എസ് അതിന്റെ നീരാളി കൈകള്‍ വ്യാപിപ്പിച്ചു കഴിഞ്ഞു. ബി.ജെ.പി അധികാരത്തില്‍ നിന്ന് മാറിയാല്‍ പോലും ഫാസിസത്തിന്റെ തിരിച്ചുവരവ് ഉണ്ടാകും. അങ്ങനെ വരാതിരിക്കണമെങ്കില്‍ അടിത്തട്ടില്‍ നിന്നും ഫാസിസ്റ്റ് വിരുദ്ധ ദീര്‍ഘകാല പോരാട്ടങ്ങള്‍ നടത്താന്‍ കഴിയുന്ന ശക്തികള്‍ മുന്നോട്ടുവരണം. കോണ്‍ഗ്രസിന്, അല്ലെങ്കില്‍ മറ്റു ഭരണവര്‍ഗ്ഗ പാര്‍ട്ടികള്‍ക്ക് മാത്രം കഴിയുന്ന കാര്യമല്ല അത്.
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും മറ്റു പ്രാദേശിക പാര്‍ട്ടികളും ഒരുമിച്ച് നിന്നെങ്കില്‍ മാത്രമേ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കഴിയുള്ളൂ. അഭിപ്രായവ്യത്യാസം ഉള്ളവര്‍ ആണെങ്കില്‍ കൂടി വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തുമെന്നുള്ള കാര്യത്തില്‍ താത്കാലികമായ ഒരു ധാരണ എത്തേണ്ടി വരും. രാജ്യം നേരിടുന്നത് വന്‍ വിപത്താണ് എന്ന് തിരിച്ചറിഞ്ഞുകൊണ്ടുള്ള ഒരു നിലപാട് വളര്‍ത്തിക്കൊണ്ടു വരണം. ദലിത്, ആദിവാസി, മുസ്ലിം, സ്ത്രീ, മര്‍ദിത വിഭാഗങ്ങളുടെ വിപുലമായ ഐക്യനിര കെട്ടിപ്പടുക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ തീസരി ബാര്‍ മോദി സര്‍ക്കാര്‍ എന്ന മുദ്രാവാക്യത്തെ ചെറുക്കാന്‍ കഴിയൂ. പൊതുവില്‍ ലോകം തീവ്ര വലതുപക്ഷത്തേക്കാണ് പൊയിക്കൊണ്ടിരിക്കുന്നത്. അതിന്റെ പ്രത്യക്ഷമായ മാനങ്ങള്‍ ഫലസ്തീന് വിഷയത്തില്‍ സയണിസ്റ്റുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന കൂട്ടക്കൊലകളിലും അതിനു പിന്തുണ നല്കുന്ന യൂറോപ്യന്‍ അമേരിക്കന്‍ നിലപാടുകളിലും നമുക്ക് കാണാന്‍ കഴിയുന്നതാണ്. നമ്മുടെ രാജ്യം ദീര്‍ഘകാലമായി പിന്തുടര്ന്നുപോയ ഫലസ്തീന് അനുകൂല നിലപാടുകള്‍ എല്ലാം ഉപേക്ഷിക്കപ്പെട്ടു. ആഗോളമായി തന്നെ തീവ്ര വലതുപക്ഷ നവ ഫാസിസ്റ്റ് ശക്തികള്‍ക്കിടയില്‍ ധാരണ നിലനില്‍ക്കുന്നുണ്ട്. അതീവ ഗൗരവമുള്ള ഇടപെടലുകള്‍ ആവശ്യമുള്ള ഒരു ചരിത്ര സന്ദര്‍ഭത്തിലാണ് നാമിപ്പോള്‍ നില്‍ക്കുന്നത്.