Interview
കാലാവധി കഴിഞ്ഞ മരുന്നുകളുടെ വിതരണം. സി.എ.ജി റിപ്പര്‍ട്ട്,
Interview

കാലാവധി കഴിഞ്ഞ മരുന്നുകളുടെ വിതരണം: സി.എ.ജി റിപ്പോര്‍ട്ട് മുന്‍പും ഉണ്ടായിട്ടുണ്ട് - ഡോ. പി.ജി ഹരി

വൃന്ദ ടി.എം
|
26 Oct 2023 7:30 AM GMT

സര്‍ക്കാര്‍ ആശുപത്രികളില്‍ കാലാവധി കഴിഞ്ഞ മരുന്നുകള്‍ വിതരണം ചെയ്തതായുള്ള സി.എ.ജിയുടെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതോടെ സംസ്ഥാനത്തെ ആശുപത്രികളില്‍ വിശിഷ്യ, സര്‍ക്കാര്‍ ആശുപത്രികളില്‍ വിതരണം ചെയ്യുന്ന മരുന്നുകളുടെ ഗുണനിലവാരവുമായും ക്രമക്കേടുകളുമായും ബന്ധപ്പെട്ടുള്ള ആശങ്കകള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിമരുന്നിട്ടിരിക്കുകയാണ്. വിഷയവുമായി ബന്ധപ്പെട്ട് ജനകീയാരോഗ്യ പ്രവര്‍ത്തകന്‍ ഡോ. പി.ജി ഹരിയുമായി വൃന്ദ ടി.എം നടത്തിയ അഭിമുഖം.

സംസ്ഥാനത്തെ ഇരുപത്തിയാറ് സര്‍ക്കാര്‍ ആശുപത്രികളില്‍ കാലാവധി കഴിഞ്ഞ മരുന്നുകള്‍ വിതരണം ചെയ്തതായുള്ള സി.എ.ജിയുടെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. റിപ്പോര്‍ട്ടിന് പിന്നാലെ ആരോഗ്യ വകുപ്പിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്തുവരുകയുമുണ്ടായി. സംസ്ഥാനത്തുടനീളമുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ വിതരണം ചെയ്യുന്ന മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതില്‍ കേരള സ്റ്റേറ്റ് മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് ഗുരുതര വീഴ്ച വരുത്തിയതായി അദ്ദേഹം ആരോപണം ഉന്നയിച്ചിരിക്കുന്നു.

കാലഹരണപ്പെട്ട മരുന്നുകളുടെ ഉപയോഗം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ജീവന്‍ നഷ്ടപ്പെടുന്നതിനും കാരണമാകും. ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തി വില്‍പന മരവിപ്പിച്ച മരുന്നുകള്‍ സംസ്ഥാനത്തെ 482 ആശുപത്രികളില്‍ എത്തിച്ചുവെന്നാണ് വി.ഡി സതീശന്‍ ആരോപണം ഉന്നയിച്ചത്. 148 ആശുപത്രികള്‍ക്ക്, വില്‍പന നടത്തരുതെന്ന നിര്‍ദേശിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളാണ് വിതരണം ചെയ്തതെന്നും അദ്ദേഹം ആരോപിക്കുന്നു. ഇതോടെ സംസ്ഥാനത്തെ ആരോഗ്യമേഖലയിലെ, വിശിഷ്യ സര്‍ക്കാര്‍ ആശുപത്രികളില്‍ വിതരണം ചെയ്യുന്ന മരുന്നുകളുടെ ഗുണനിലവാരവുമായും ക്രമക്കേടുകളുമായും ബന്ധപ്പെട്ടുള്ള ആശങ്കകള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിമരുന്നിട്ടിരിക്കുകയാണ്. വിഷയവുമായി ബന്ധപ്പെട്ട ജനകീയാരോഗ്യ പ്രവര്‍ത്തകന്‍ ഡോ. പി.ജി ഹരി സംസാരിക്കുന്നു.

ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ വിതരണം ചെയ്തു എന്ന സി.എ.ജി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ആരോപണം ശരിയാണെങ്കില്‍, അതില്‍ സംസ്ഥാന സര്‍ക്കാരിനു മാത്രമാണോ, അതോ കേന്ദ്ര സര്‍ക്കാരിന് ഇതില്‍ എന്തെങ്കിലും പങ്കുണ്ട് എന്ന് കരുതാന്‍ പറ്റുമോ? ആരാണ് ഇതിന്റെ ഉത്തരവാദി?

ഈ കാര്യത്തില്‍ കൃത്യമായി ഏതെങ്കിലുമൊരു സര്‍ക്കാരിനെ എടുത്തുപറയാന്‍ പറ്റില്ല. കാരണം, സി.എ.ജി റിപ്പോര്‍ട്ട് വരുമ്പോള്‍ എല്ലാ സര്‍ക്കാരിന്റെ കാലത്തും ഇത്തരം അഴിമതികളാണ് നടന്നുകൊണ്ടിരിക്കുന്നത്. ആയതിനാല്‍, ജനപക്ഷത്തു നിന്നുകൊണ്ട് ആരോഗ്യ രംഗത്തെ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന പ്രതിനിധികള്‍ ഈ കാര്യം പല തവണ ചൂണ്ടിക്കാട്ടിയതാണ്. കോവിഡ് സമയത്ത് വാങ്ങിയിട്ടുള്ള മാസ്‌കിന്റെ കാര്യമായാലും പ്രതിരോധ മരുന്നുകളുടെ കാര്യത്തിലായാലും ഈ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.


ഇപ്പോള്‍ വന്നിരിക്കുന്ന സി.എ.ജി റിപ്പോര്‍ട്ട് പോലും ആദ്യത്തെ റിപ്പോര്‍ട്ട് ആയി കണക്കാക്കാന്‍ പറ്റില്ല. ഇതിനു മുന്‍പ് വന്ന റിപ്പോര്‍ട്ടുകളിലും ഗുണനിലവാരം ഇല്ലാത്തതും കാലവധി കഴിഞ്ഞതുമായ മരുന്നുകളുടെ പ്രശ്‌നം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പക്ഷെ, ഒന്നോ രണ്ടോ വാര്‍ത്തയ്ക്ക് ശേഷം ഈ പ്രശ്‌നം ഇല്ലാതായി പോവുകയാണ് സംഭവിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലെ നീതി സ്റ്റോര്‍ പോലുള്ള സ്ഥാപനങ്ങളില്‍ പോലും ഇത്തരം അഴിമതികള്‍ ഉണ്ടായിട്ടുണ്ട്. അതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ ആണോ സംസ്ഥാന സര്‍ക്കാര്‍ ആണോ ഇതില്‍ കൂടുതല്‍ ഉത്തരവാദിത്തപ്പെട്ടിരിക്കുന്നത് എന്നതിനേക്കാളുപരി ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കേണ്ട ഇത്തരം മരുന്നുകളില്‍ വന്‍ അഴിമതികള്‍ നടത്തി എന്നതാണ് ഗൗരവത്തോടെ കാണേണ്ടത്.

ഏത് സര്‍ക്കാര്‍ ആണെങ്കില്‍ പോലും, ഇതിനു വേണ്ടി കൂട്ടുനിന്ന ആരോഗ്യമേഖലയിലെ പലരും ഉണ്ടാവുമല്ലോ? അത്തരത്തില്‍ നോക്കുമ്പോള്‍ ആരാണ് ഇതില്‍ കൂടുതല്‍ ഉള്‍പ്പെട്ടിട്ടുള്ളത്?

ഇപ്പോള്‍ മരുന്നുകളും, പ്രതിരോധ വാക്സിനുകളും അടക്കമുള്ള സാധനങ്ങള്‍ വാങ്ങുവാനും വിതരണം ചെയ്യുവാനും മെഡിക്കല്‍ കോര്‍പറേഷന്‍ രൂപീകരിച്ചിട്ടുണ്ട്. അതില്‍ ജോലി ചെയ്യുന്നവര്‍ എല്ലാം ഭരണപക്ഷത്തു നിന്നുള്ള ആളുകള്‍ ആയിരിക്കും. ഇവര്‍ ആരോഗ്യ മേഖലയുമായി വലിയ ധാരണയുണ്ടാവില്ല. അതിനാല്‍ ആരോഗ്യ മേഖലയിലുമായി ബന്ധപ്പെട്ട ആളുകള്‍ ഇവരുടെ തൊട്ട് താഴെയായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതെല്ലം ബന്ധപ്പെടുത്തി നിരീക്ഷിക്കുമ്പോള്‍ ആരോഗ്യ മേഖലയില്‍ നിന്നുള്ള ആളുകളുകള്‍ക്കും ഈ അഴിമതിയില്‍ വലിയ പങ്കുണ്ട് എന്ന് ഉറപ്പിച്ചു പറയാനാകും. മാത്രമല്ല, ഇതുമായി ബന്ധപ്പെട്ട പദ്ധതികള്‍ പലതും പല പിന്നോക്ക ജില്ലകളെയും, നിര്‍ധരരായ ആളുകളെയും കേന്ദ്രീകരിച്ചായിരുന്നു. എന്നാല്‍, ഇതില്‍ പോലും വലിയ അഴിമതികള്‍ നടന്നതായി കാണാന്‍ സാധിച്ചു. ആരോഗ്യവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും ഇത്തരം സ്‌കാമുകള്‍ നടക്കുന്നുണ്ട്. ഇപ്പോള്‍ സ്വകാര്യ മരുന്ന് നിര്‍മാണ കമ്പനിയില്‍ നിന്നാണെങ്കിലും പൊതു മരുന്ന് നിര്‍മാണ കമ്പനിയില്‍ നിന്നാണെങ്കിലും അതിലെ വലിയ ഉപഭോക്താവ് സര്‍ക്കാര്‍ തന്നെയാണ്. അതിനാല്‍ സര്‍ക്കാരിന്റെ ഓര്‍ഡര്‍ പെട്ടന്ന് കിട്ടാന്‍ വേണ്ടിയും ഇത്തരം അഴിമതികള്‍ വലിയ തോതില്‍ നടക്കുന്നുണ്ട്. ഇതിന്റെയെല്ലാം പിന്നില്‍ ആരോഗ്യ മേഖലയിലെയും രാഷ്ട്രീയ മേഖലയിലെയും ആളുകള്‍ക്ക് പങ്കുണ്ട്.

ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ വാങ്ങി കഴിച്ചത് കൂടുതലും സാധാരണക്കാരാകുമല്ലോ? അപ്പോള്‍ അതുമായി ബന്ധപ്പെട്ട് ഇവരുടെ പക്കല്‍ നിന്നും പരാതി എഴുതി വാങ്ങി പെട്ടന്ന് നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണ്? ഇത് സത്യമാണോ കള്ളമാണോ എന്ന് തെളിയിക്കാന്‍ ഇത്തരം ഒരു നീക്കം അത്യാവശ്യം അല്ലെ?

ജനങ്ങളെ സംബന്ധിച്ചിടത്തോളം ഡോക്ടറുടെ വാക്കുകളില്‍ ആണ് അവര്‍ വിശ്വസിക്കുന്നത്. അതിനപ്പുറത്തേക്ക് ചിന്തിക്കാനോ പ്രവര്‍ത്തിക്കാനോ അവര്‍ക്ക് സാധിക്കില്ല. ഇത്തരം പ്രശ്‌നങ്ങളില്‍ അവര്‍ അകപ്പെട്ടാലും അവര്‍ക്ക് നിയമപരമായി നീങ്ങാന്‍ യാതൊരുവിധ വിവരങ്ങളും ഇല്ല. ആശുപത്രികളിലെ ആരോഗ്യ സുരക്ഷാപരമായ കാര്യങ്ങളിലെ വീഴ്ചകള്‍ ചോദ്യം ചെയ്താല്‍ പോലും, അവരുടെ ആവശ്യങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതിനു പകരം അവര്‍ ജാമ്യമില്ലാ വകുപ്പില്‍ - ആരോഗ്യ സുരക്ഷാ ബില്ല് ഭേദഗതി 2021 പ്രകാരം - കേസുകളില്‍ പെടുന്ന അവസ്ഥായാണ്. ഡോക്ടര്‍ വന്ദന ദാസിന്റെ മരണത്തിനു ശേഷം ഉണ്ടായ നിയമ ഭേദഗതിയോടു കൂടി, ഇത്തരം കേസുകളുമായി മുന്നോട്ട് പോകുന്നവര്‍ വളരെ ശ്രദ്ധയോടെ മുന്നോട്ട് പോയില്ലെങ്കില്‍ വാദി പ്രതിയാക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ വഴി മാറും.


ഇപ്പോള്‍ മുഖ്യമന്ത്രിക്ക് യാത്ര ചെയ്യാന്‍ ഹെലികോപ്റ്റര്‍ ഇറക്കിയതിനെ കുറിച്ചെല്ലാം വലിയ വിവാദങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. മാത്രല്ല, മുഖ്യമന്ത്രിക്ക് സോഷ്യല്‍മീഡിയ റീച്ച് വര്‍ധിപ്പിക്കാന്‍ നല്‍കുന്ന ശമ്പളത്തെ കുറിച്ചും പ്രതിപക്ഷ നേതാവ് തന്നെ പറഞ്ഞിട്ടുണ്ട്. ഈ കാര്യങ്ങളും, മരുന്നിന്റെ ഈ അഴിമതിയും മുന്നില്‍ നില്‍ക്കുമ്പോള്‍ സര്‍ക്കാരിന് ഇതെക്കെ എങ്ങിനെ ന്യായീകരിക്കാനാവും?

ഇത്തരം കാര്യങ്ങള്‍ മുന്‍നിര്‍ത്തി നോക്കുമ്പോള്‍ യാതൊരു രീതിയിലും സര്‍ക്കാരിന് വ്യക്തമായ ന്യായീകരങ്ങള്‍ മുന്നോട്ട് വെക്കാന്‍ ആവില്ല. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിക്കുമ്പോള്‍ സുരക്ഷാ നടപടികളുടെ ഭാഗമായാണ് ഇത്തരം ഹെലികോപ്റ്റര്‍ പോലെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്ന് വിശദീകരിക്കുന്നു. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉന്നയിക്കുമ്പോഴോ, റിപ്പോര്‍ട്ടുകള്‍ ചോദിക്കുമ്പോഴോ ബന്ധപ്പെട്ട രേഖകള്‍ നശിച്ചു പോയി, നഷ്ട്ടപെട്ടു പോയി എന്ന കേവലമായ ന്യായീകരണങ്ങള്‍ ആണ് സര്‍ക്കാരും ബന്ധപ്പെട്ട രാഷ്ട്രീയ സംഘടനകളും മുന്നോട്ട് വെക്കുന്നത്. ഇത്തരം അഴിമതികള്‍ തെറ്റാണെണെന്നും അതില്‍ സത്യമില്ലെന്നും ചുരുക്കം ചില ആരോഗ്യ കേന്ദ്രങ്ങള്‍ മുന്‍നിര്‍ത്തി ന്യായീകരിക്കാനും സാധ്യത വളരെ കൂടുതലാണ്. ഇപ്പോള്‍ തന്നെ, പ്രതിപക്ഷ നേതാവ് ഉന്നയിച്ച പ്രസ്താവനകള്‍ തെറ്റാണെന്നും, ജനങ്ങളെ ഭീതിലേക്ക് തള്ളിവിടരുത് എന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞുകഴിഞ്ഞു. എന്നാല്‍, സി.എ.ജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ട് വെക്കുന്ന ഇത്തരം കാര്യങ്ങള്‍ ഒരിക്കലും തള്ളിക്കളയാന്‍ ആവില്ല.

നിര്‍മാതാക്കളില്‍ നിന്നുള്ള മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതില്‍ കെ.എം.എസ്.സിഎല്ലിന്റെ മോശം സമീപനത്തിന് സി.എ.ജി കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്. ടെന്‍ഡര്‍ വ്യവസ്ഥകള്‍ അനുസരിച്ച്, KMSCL-ന് വിതരണം ചെയ്യുമ്പോള്‍, ഓരോ ബാച്ച് മരുന്നുകളും അതിന്റെ മൊത്തം ഷെല്‍ഫ് ലൈഫിന്റെ 75% ബാലന്‍സ് നല്‍കണം അല്ലെങ്കില്‍ അവ നിരസിക്കപ്പെടണം. 67 ആശുപത്രികളിലെ മരുന്നുകളുടെ ഫിസിക്കല്‍ വെരിഫിക്കേഷനില്‍, 30 ആശുപത്രികളില്‍, മുന്‍ ബാച്ചുകള്‍ അവസാനിപ്പിക്കുന്നതിന് മുമ്പ് പുതിയ ബാച്ചുകള്‍ വിതരണം ചെയ്തതായി ഓഡിറ്റര്‍ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്.

Similar Posts