Interview
എന്താണ് ഉഷ്ണതരംഗം
Interview

ഉഷ്ണതരംഗം: അന്തരീക്ഷ താപത്തേക്കാള്‍ കൂടുതലായിരിക്കും ശരീരം അനുഭവിക്കുന്ന താപം - ഡോ. എം.ജി മനോജ്

ഷെല്‍ഫ് ഡെസ്‌ക്
|
30 April 2024 12:36 PM GMT

കേരളത്തില്‍ രൂപപ്പെട്ട ഉഷ്ണതരംഗത്തിന്റെ കാരണങ്ങളെയും പ്രതിവിധികളെയും കുറിച്ച് കുസാറ്റ്, അഡ്വാന്‍സ്ഡ് സെന്റര്‍ഫോര്‍ അറ്റ്‌മോസ്ഫിയര്‍ റഡാര്‍ റിസര്‍ച്ച് സെന്ററിലെ ശാസ്ത്രജ്ഞന്‍ ഡോ. എം.ജി മനോജ് സംസാരിക്കുന്നു.

കേരളം നേരിട്ടുകൊണ്ടിരിക്കുന്ന ഇപ്പോഴത്തെ കാലാവസ്ഥ - പ്രത്യേകിച്ച് ഉഷ്ണതരംഗം പുതിയ പ്രതിഭാസമാണോ? ഈ അവസ്ഥ എത്രകാലം നീണ്ടുനില്‍ക്കും?

കേരളത്തെ സംബന്ധിച്ചിടത്തോളം ഉഷ്ണതരംഗം എന്നത് പുതിയവാക്കാണ്. 2017ലാണ് ഇന്ത്യന്‍ കാലവസ്ഥാ നിരീക്ഷണ കേന്ദ്രം കേരളത്തില്‍ ആദ്യമായി ഉഷ്ണതരംഗം പ്രഖ്യാപിച്ചത്. പാലക്കാട് ജില്ലയില്‍ ഒരുതവണമാത്രമായിരുന്നു അത്. ഇപ്പോഴുള്ള അത്രയും കാഠിന്യം അന്നുണ്ടായിരുന്നില്ല. ഉഷ്ണതരംഗവുമായി ബന്ധപ്പെട്ടുള്ള മരണവും കേരളത്തില്‍ നേരത്തെ ഉണ്ടായിട്ടില്ല. ഇത്തവണയാണ് അതിന്റെ വ്യാപ്തി വര്‍ധിക്കുന്നതും പാലക്കാട്, തൃശൂര്‍, കൊല്ലം ജില്ലകളില്‍ അലര്‍ട്ട് പ്രഖ്യാപിക്കേണ്ടിവന്നതും.

ഉത്തരേന്ത്യയെ സംബന്ധിച്ചിടത്തോളം ഉഷ്ണതരംഗം പുതുമയുള്ള കാര്യമല്ല. കേരളീയര്‍ കഴിഞ്ഞ ഒരു ദശകമായി ഉഷ്ണതരംഗം പോലുള്ള പുതിയ വാക്കുകള്‍ കേട്ടുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ പാലക്കാട് 41.8 ഡിഗ്രി സെല്‍ഷ്യസ് ആണ് ഔദ്യോഗികമായി രേഖപ്പെടുത്തിയിരിക്കുന്നത്. താപമാപിനികള്‍ സ്ഥാപിച്ചിട്ടില്ലാത്ത സ്ഥലങ്ങളില്‍, പ്രേ്രതകിച്ച് ടൗണ്‍ പ്രദേശങ്ങളില്‍ ഇതില്‍കൂടുതല്‍ ഊഷാമാവ് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. കാരണം, അവിടങ്ങളില്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങളും ടാറിട്ട റോഡുകളും ധാരാളം ഉണ്ട്. ഇവിടങ്ങളില്‍ പലതരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പച്ചപ്പ് നഷ്ടപ്പെടുകയും കൃത്രിമമായ ഭൂപ്രതലം സൃഷ്ടിക്കപ്പെടുകയും ചെയ്യുമ്പോള്‍ ഊഷ്മാവിന്റെ വര്‍ധവന് അതിതീവ്രമാകും. അതുകൊണ്ട് ചൂട് 43 ഉം 44 ഉം ഡിഗ്രി ക്രോസ്സ് ചെയ്തിട്ടുണ്ടാകാം. അവിടെയൊക്കെ താപമാപിനികള്‍ സ്ഥാപിച്ചാലേ കൃത്യമായ കണക്ക് ലഭിക്കുകയുള്ളൂ. എങ്കിലും ലഭ്യമായ കണക്ക് അനുസരിച്ചു തന്നെ ഇത് വളരെ തീവ്രമാണ്. ഒരുപക്ഷേ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറിയേക്കും.

വേനല്‍മഴ ഉള്ളതുകൊണ്ട് ഹുമിഡിറ്റിയുടെ അളവ് അന്‍പത് ശതമാനമാകും. അപ്പോള്‍ താപവും ഈര്‍പ്പവും കൂടിച്ചേര്‍ന്ന് അസ്വസ്ഥമാകുന്ന സാഹചര്യം സംജാതമാകാനുള്ള സാഹചര്യമുണ്ട്. അതുകൊണ്ടുതന്നെ ശരീരം അനുഭവിക്കുന്ന താപനില രേഖപ്പെടുത്തുന്ന 40-42 ഡിഗ്രി ആയിരിക്കില്ല, അന്തരീക്ഷത്തിലേത്. ഈര്‍പ്പത്തിന്റെ ചൂട് കൂടി കണക്കിലെടുത്തുകൊണ്ടുള്ള ഹീറ്റ് ഇന്‍ഡക്‌സ് 44-45 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് പോകും. ഇതിന്റെ ഭാഗമായി ശാരീരിക അവശതകള്‍ അനുഭവിക്കുന്നവര്‍ക്ക് പലപ്പോഴും അസ്വസ്ഥതകള്‍ ഉണ്ടാകുവാനും കുഴഞ്ഞുവീഴാനുമൊക്കെയുള്ള സാധ്യതകള്‍ ഉണ്ട്.

2023-2024 വര്‍ഷം എല്‍ ലിനോ വര്‍ഷമായിരുന്നു. അതിന്റെ ഭാഗമായി ആഗോള അടിസ്ഥാനത്തില്‍ തന്നെ ഈ നൂറ്റാണ്ടില്‍ അനുഭവപ്പെട്ട ഏറ്റവും തീവ്രമായ ചൂട് അനുഭവപ്പെടുന്ന വര്‍ഷമാണ് 2024. അത് എല്‍ ലിനോയുമായി ബന്ധപ്പെട്ടതാണ്. എന്നാല്‍, ഇപ്പോള്‍ എല്‍ ലിനോ ന്യൂട്രല്‍ സ്‌റ്റേജിലേക്ക് - എല്‍ ലിനോയോ ലാ ലിനോയോ അല്ലാത്ത - വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ വരുന്ന മാസങ്ങളില്‍ ചൂട് കുറയുമെങ്കിലും ഈ ഒരാഴ്ച രാജ്യത്തെ സംബന്ധിച്ച്, കേരളത്തെ സംബന്ധിച്ച്, പ്രത്യകിച്ചും തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളെ സംബന്ധിച്ച് ചൂട് 44-46 ഡിഗ്രി സെല്‍ഷ്യസിലേക്ക് അടുക്കുന്ന സാഹചര്യമാണ് ഉള്ളത്.

അന്തരീക്ഷത്തിലുണ്ടായിട്ടുള്ള അസാധാരണമായ സര്‍ക്കുലേഷന്‍ പാേറ്റണ്‍ ആണ് ഇപ്പോഴത്തെ ഈ സാഹചര്യത്തിന് കാരണം. കാറ്റിന്റെ ദിശ, ക്ലോക്ക് തിരിയുന്ന അതേ ദിശയില്‍ - ഇതിനെയാണ് ആന്റി സൈക്ലോണ്‍ എന്നു പറയുക - ഇത്തരത്തിലുള്ള ഒരു ആന്റി സൈക്ലോണ്‍ അന്തരീക്ഷത്തിന്റെ മധ്യതലത്തില്‍, അല്ലെങ്കില്‍ ഭൂപ്രതലത്തില്‍ നിന്ന് മൂന്ന്-നാല് കി.മീറ്റര്‍ ഉയരത്തിലായി സ്ഥിതിചെയ്യുന്നുണ്ട്. ഇത്തരത്തിലുള്ള ആന്റി സൈക്ലോണ്‍ തെക്കേ ഇന്ത്യയിലുണ്ട്. ഈ സര്‍ക്കുലേഷന്റെ ശക്തി കുറയുമ്പോള്‍ മാത്രമേ ഉഷ്ണതരംഗത്തിന്റെയും ശക്തി കുറയുകയുള്ളൂ.

വിവിധ കാലാവസ്ഥാ പ്രവചന മാതൃകകള്‍ സൂചിപ്പിക്കുന്നത്, മെയ് 4-5 തിയ്യതി വരെയെങ്കിലും ഈ അസാധാരണമായ സര്‍ക്കുലേഷന്‍ തെക്കേ ഇന്ത്യയുടെ മുകളില്‍ സ്ഥിതിചെയ്യും എന്നാണ്. അതുകൊണ്ടുതന്നെ വേനല്‍മഴ കേരളത്തിലും സമീപ സംസ്ഥാനങ്ങളിലും വളരെ കുറവായിരിക്കും. ചില ഒറ്റപ്പെട്ട മഴ ഉണ്ടായേക്കാം. എന്നാല്‍, ഈ മഴ ഉഷ്ണതരംഗത്തിന്റെ തീവ്രത കുറക്കാന്‍ പര്യാപ്തമല്ല. കേരളത്തില്‍ വേനല്‍മഴ ലഭിക്കാന്‍ സാധ്യതയുള്ളത് മേയ് രണ്ടാം വാരത്തിലാണ്. അതുകൊണ്ടുതന്നെ ഈയൊരാഴ്ച നല്ല ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. അതോടൊപ്പം തന്നെ ചില സ്ഥലങ്ങലില്‍ വേനല്‍മഴ ഉള്ളതുകൊണ്ട് ഹുമിഡിറ്റിയുടെ അളവ് അന്‍പത് ശതമാനമാകും. അപ്പോള്‍ താപവും ഈര്‍പ്പവും കൂടിച്ചേര്‍ന്ന് അസ്വസ്ഥമാകുന്ന സാഹചര്യം സംജാതമാകാനുള്ള സാഹചര്യമുണ്ട്. അതുകൊണ്ടുതന്നെ ശരീരം അനുഭവിക്കുന്ന താപനില രേഖപ്പെടുത്തുന്ന 40-42 ഡിഗ്രി ആയിരിക്കില്ല, അന്തരീക്ഷത്തിലേത്. ഈര്‍പ്പത്തിന്റെ ചൂട് കൂടി കണക്കിലെടുത്തുകൊണ്ടുള്ള ഹീറ്റ് ഇന്‍ഡക്‌സ് 44-45 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് പോകും. ഇതിന്റെ ഭാഗമായി ശാരീരിക അവശതകള്‍ അനുഭവിക്കുന്നവര്‍ക്ക് പലപ്പോഴും അസ്വസ്ഥതകള്‍ ഉണ്ടാകുവാനും കുഴഞ്ഞുവീഴാനുമൊക്കെയുള്ള സാധ്യതകള്‍ ഉണ്ട്. പ്രത്യേകിച്ച് പകല്‍ 11 മണിക്കും മുന്നുമണിക്കും ഇടയിലുള്ള സമയം നേരിട്ടുള്ള സൂര്യപ്രകാശം ഏല്‍ക്കാതെ ശരീരത്തെ സംരക്ഷിക്കണം. നിര്‍ജലീകരണം ഉള്‍പ്പെടെയുള്ള സാഹചര്യങ്ങല്‍ തടഞ്ഞുകൊണ്ട് തണലുള്ള പ്രദേശങ്ങളിലേക്ക് മാറിനില്‍ക്കണം. ഈര്‍പ്പത്തിന്റെ കൂടി എഫക്ട് കൂടിച്ചേരുമ്പോള്‍ ശരീരം അനുഭവിക്കുന്ന താപനില അന്തരീക്ഷ താപനിലയേക്കാള്‍ നാലോ അഞ്ചോ ഡിഗ്രി സെല്‍ഷ്യസിലേക്ക് അധികമായിരിക്കും അനുഭവിക്കുക. അതുകൊണ്ടുതന്നെ തികഞ്ഞ ജാഗ്രത പുലര്‍ത്തേണ്ട ഘട്ടമണിത്.

സമീപകാലത്തൊന്നുമില്ലാത്ത ഉഷ്ണതരംഗത്തിലേക്ക് കേരളം കടന്നിരിക്കുന്നു. ഇതൊരു സവിശേഷ സാഹചര്യമാണോ? അതോ കേരളത്തിന്റെ കാലാവസ്ഥയുടെ പാറ്റേണ്‍തന്നെ മാറിക്കഴിഞ്ഞോ? ഇത് ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടോ?

ഒരുപരിധിവരെ അത് ശരിയാണ്. കേരളത്തിന്റെ ഭൂപ്രകൃതിയില്‍ രണ്ടോ മൂന്നോ വര്‍ഷംകൊണ്ട് പെട്ടെന്നൊരുമ മാറ്റം ഉണ്ടായി എന്നല്ല സൂചിപ്പിത്. പക്ഷേ, കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു അര്‍ബനൈസ്ഡ് ആയിട്ടുള്ള ഏരിയ ആണ്. മറ്റു ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് പോയാല്‍, അവിടെ ജനവാസ കേന്ദ്രങ്ങളും ജനവാസമില്ലാത്ത മേഖലകളും വേര്‍തിരിച്ചുകാണാം. കിലോമീറ്ററുകള്‍ ദൈര്‍ഘ്യമേറിയ നെല്‍പാടങ്ങളും മറ്റു കൃഷിയിടങ്ങളുമെക്കെയുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം അങ്ങനെ ജനവാസ മേഖലയില്ലാത്ത സ്ഥലങ്ങള്‍ വളരെ കുറവാണ്. കേരളം ഒരു അര്‍ബനൈസ്ഡ് ഏരിയ ആയി മാറിയിരിക്കുന്നു.


അതോടൊപ്പം തന്നെ ചേര്‍ത്തുവായിക്കേണ്ട വസ്തുത, പകല്‍ താപനിലയേക്കാള്‍ കൂടുതല്‍ രാത്രി താപനിലയിലെ വലിയ വ്യത്യാസമാണ്. അതിന്റെ ഒരു പ്രധാനകാരണം കേരളത്തോട് ചേര്‍ന്ന് കിടക്കുന്ന അറുനൂറ് കിലോമീറ്ററിലധികം വരുന്ന തീരപ്രദേശമാണ് - അറബിക്കടലാണ്. കടല്‍ അസാധാരണമായ നിലയില്‍ ചുട്ടുപൊള്ളിക്കിടക്കുകയാണ്. ഇപ്പോള്‍ പ്രതീക്ഷിക്കുന്ന സമുദ്ര താപനിലയേക്കാള്‍ ഒന്നരമുതല്‍ രണ്ടര ഡിഗ്രി സെല്‍ഷ്യസ് വരെ അധികമാണ് ചൂടായിക്കിടക്കുന്നത്. രാത്രി സമയങ്ങളില്‍ കടലില്‍നിന്നുള്ള ചൂട് ഉയര്‍ന്നുപൊങ്ങുകയും അത് തീരമേഖലയെ ആകെത്തന്നെ ചൂടിലേക്ക് നയിക്കുകയും ചെയ്യും. ഈ ചൂടേറിയ സമുദ്രത്തിന്റെ സാമിപ്യവും നമ്മുടെ കാലാവസ്ഥ മാറുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. അതോടൊപ്പം തന്നെ ആഗോള അടിസ്ഥാനത്തില്‍ തന്നെ താപനില എല്ലായിടത്തും വര്‍ധിക്കുന്നുണ്ട്. അതുപോലെ നമ്മുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മൂലം പച്ചപ്പ് നഷ്ടപ്പെടുന്നതുമൊക്കെ ഘടകങ്ങളാണ്. ഓരോ വീട് പണിയുമ്പോഴും അത്രയധികം പ്രദേശത്തെ പച്ചപ്പാണ് നഷ്ടപ്പെടുന്നത്. ഒരാള്‍ ചെയ്യുമ്പോള്‍ ചെറിയ ഇഫക്ട് ആയിരിക്കും. പക്ഷേ, എല്ലാവരും അത് ചെയ്യുമ്പോള്‍ ക്യുമിലേറ്റീവ് ഇംപാക്ട് വളരെ കൂടുതലായിരിക്കും. അത് തിരിച്ചുപിടിക്കാനുള്ള കൃത്യമായ നിയമ നിര്‍മാണം ഉണ്ടാകേണ്ടതുണ്ട്. ഉദാഹരണമായി, രണ്ടായിരം ചരുരശ്ര അടിയില്‍ കൂടുതല്‍ വീട് വെക്കുന്നവര്‍ മഴക്കുഴി നിര്‍മിക്കണമെന്നത് നിര്‍ബന്ധമാണ്. അതുപോലെത്തന്നെ ഇത്തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങല്‍ നടത്തുമ്പോള്‍ ആ പ്രദേശത്ത് ഉണ്ടായിരുന്ന പച്ചപ്പിനും മരങ്ങള്‍ക്കും ആനുപാതികമായോ ഇരട്ടിയോ മരങ്ങള്‍ വെച്ചുപിടിപ്പിക്കാന്‍ സാധിക്കണം. അത്തരത്തിലുള്ള നിയമ നിര്‍മാണങ്ങള്‍ നടത്തിയില്ലെങ്കില്‍ കേരളം വറചട്ടിയിലേക്ക് തന്നെ പോകും.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചൂട് അനുഭവിക്കുന്നത് പാലക്കാട്, തൃശൂര്‍, കൊല്ലം ജില്ലകള്‍ ആണല്ലോ? ഈ മൂന്ന് ജില്ലകളുടെ പ്രേ്രതകതയെന്താണ്?

നേരത്തെ സൂചിപ്പിച്ചപോലെ ക്ലോക്ക് തിരിയുന്ന ദിശലാണ് അന്തരീക്ഷത്തില്‍ കാറ്റിന്റെ സഞ്ചാരം. അത് അന്തരീക്ഷത്തിന്റെ മേല്‍ത്തട്ടില്‍ നാലോ അഞ്ചോ കി.മീറ്റര്‍ ഉയരത്തിലാണ്. കേരളത്തില്‍ വീശുന്ന കാറ്റ്, കിഴക്കുനിന്നാണ് വരുന്നത്. അതായത്, തമിഴ്‌നാട്, കര്‍ണാടകത്തിന്റെ വരണ്ട പ്രദേശങ്ങളില്‍നിന്നുള്ള കാറ്റാണ് കേരളത്തില്‍ വീശുന്നത്. ഈ പ്രദേശങ്ങളിലെ പാലക്കാട് മലനിരകള്‍ക്കിടയില്‍ 23 കി.മീറ്റര്‍ വിടവുണ്ട്. ഡക്കാന്‍ പീഠഭൂമിയില്‍നിന്നുള്ള വരണ്ട കാറ്റാണ് പാലക്കാട്, തൃശൂര്‍ ജില്ലകളിലധികം. കൊല്ലത്ത് ആര്യങ്കാവ് - തെന്‍മല ചുരത്തിലൂടെയും വരണ്ട വായുവിന്റെ പ്രവാഹമുണ്ട്. അതുകൊണ്ടുകൂടിയാണ് ഈ ജില്ലകളില്‍ വേനല്‍മഴ കുറയുകയും ചൂട് വര്‍ധിക്കുകയും ചെയ്യുന്നന്നത്.

ഇതിന് സമാനമായി വര്‍ഷക്കാലത്ത് അധികമായി മഴ അനുഭവിക്കേണ്ടി വരുമോ?

കേരളത്തില്‍ അതി തീവ്രമഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. മണ്‍സൂണിനെ സംബന്ധിച്ചുള്ള കൃത്യമായ പ്രവചനം മെയ് അവസാന വാരത്തോടുകൂടിയേ ഉണ്ടാകൂ. എങ്കിലും പ്രാരംഭ അവലോകനത്തില്‍ സൂചിപ്പിക്കുന്നത്, ഈ വര്‍ഷം എല്‍ ലിനോയില്‍നിന്ന് ലാ ലിനോയിലേക്കുള്ള മാറ്റമാണ്. മണ്‍സൂണിന്റെ രണ്ടാംഘട്ടം - ആഗസ്റ്റ്, സെപ്റ്റംബര്‍ മാസം ആകുമ്പോള്‍ ഇപ്പോഴുള്ള എല്‍ ലിനോയുടെ നെഗറ്റീവ് ഫെയ്‌സായ ലാ ലിനോയിലേക്ക് പോകും. അങ്ങിനെ വന്നാല്‍ ഇന്ത്യന്‍ മണ്‍സൂണിനെ സംബന്ധിച്ച് അത് ശുഭകരമാണ്. അതോടൊപ്പം തന്നെ ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോള്‍ (indian ocean dipole) എന്ന പ്രതിഭാസം കൂടിയുണ്ട്. അതുകൂടി പോസറ്റീവ് ആയാല്‍ അതും ഇന്ത്യന്‍ മണ്‍സൂണിന് നല്ലതായി ഭവിക്കുകയും മഴ അധികം ലഭിക്കാന്‍ കാരണമാവുകയും ചെയ്യും. ഈ ഘടകങ്ങളെല്ലാം അനുകൂലമായി വന്നാല്‍ ഒരുപക്ഷേ, അതിശക്തമോ അതി തീവ്രമോ ആയ മഴ മണ്‍സൂണിന്റെ രണ്ടാംഘട്ടത്തില്‍ ലഭിക്കുമന്നാണ് കരുതുന്നത്.


Similar Posts