Interview
ഷാഹീന്‍ ബാഗിലെ സ്ത്രീകള്‍ പ്രതിരോധത്തിന്റെ ഊര്‍ജവും മാതൃകയുമാണ് - നൗഷീന്‍ ഖാന്‍
Interview

ഷാഹീന്‍ ബാഗിലെ സ്ത്രീകള്‍ പ്രതിരോധത്തിന്റെ ഊര്‍ജവും മാതൃകയുമാണ് - നൗഷീന്‍ ഖാന്‍

ശബ്‌ന ഷെറിന്‍ എം.
|
8 Oct 2024 4:38 AM GMT

ഡല്‍ഹിയിലെ സര്‍വകലാശാലകളിലും ഷാഹീന്‍ ബാഗ് ഉള്‍പ്പെടെ തെരുവുകളിലും അരങ്ങേറിയ പൗരത്വ പ്രക്ഷോഭങ്ങളുടെ നേര്‍ക്കാഴ്ചകളുമായി തയ്യാറാക്കിയ 'ലാന്‍ഡ് ഓഫ് മൈ ഡ്രീംസ്' എന്ന ഡോക്യുമെന്ററിയുടെ സംവിധായിക നൗഷീന്‍ ഖാനുമായി ശബ്‌ന ഷെറിന്‍ എം. സംസാരിക്കുന്നു.

മാനുഷിക മൂല്യങ്ങളെ തച്ചുടക്കും വിധം നാനാത്വത്തില്‍ അധിഷ്ഠിതമായ രാജ്യത്തിന്റെ ഭരണഘടനാ തത്വങ്ങള്‍ ധ്വംസിക്കപ്പെടുന്നതിന്റെ അനുഭവസാക്ഷ്യമാണ് പൗരത്വ ഭേദഗതി ബില്ല് (CAA ), ദേശീയ പൗരത്വ രജിസ്റ്റര്‍ (NRC) തുടങ്ങിയ നിയമ ഭേദഗതികള്‍. ഇന്ത്യന്‍ ജനതയെ തെരുവിലിറങ്ങി ശബ്ദമുയര്‍ത്താനും അധികാര ഭീകരതക്കെതിരെ ആഞ്ഞടിക്കാനും ജാതിമതഭേദമന്യേ ഒരു കുടക്കീഴില്‍ അണിനിരക്കാനും പൗരത്വ പ്രക്ഷോഭം ഹേതുവായി. പൗരത്വം ചോദ്യം ചെയ്യപ്പെടുന്ന ഹിന്ദുത്വ അജണ്ടയെ ചൊല്ലി ഇപ്പോഴും പലതരത്തിലുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്.

2020 ല്‍ നടന്ന ഡല്‍ഹി കലാപം ഹിന്ദുത്വ ഭരണകൂടത്തിന്റെ തേര്‍വാഴ്ചയുടെ നേര്‍ചിത്രമാണ്. ഉമര്‍ ഖാലിദ്, സഫൂറ സര്‍ഗാര്‍, ശര്‍ജീല്‍ ഇമാം തുടങ്ങി നിരവധി വിദ്യാര്‍ഥികള്‍ അറസ്റ്റിലായി. ഉമര്‍ ഖാലിദ്, ശര്‍ജീല്‍ ഇമാം, സലീം ഖാന്‍, ശിഫാ ഉ റഹ്മാന്‍, ശദാബ് അഹ്മദ്, അക്തര്‍ ഖാന്‍, ഖാലിദ് ഫൈസി, ഗുല്‍ശിഫ ഫാത്തിമ എന്നിവര്‍ ജാമ്യംപോലും ലഭിക്കാതെ നീതി നിഷേധിക്കപ്പെട്ട് ഇപ്പോഴും ജയിലില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു.

പൗരത്വ പ്രക്ഷോഭ കാലത്ത് ചിത്രീകരിച്ച ഒരു ഡോക്യുമെന്ററി ആണ് land of my dreams. ജാമിഅ മില്ലിയ്യയില്‍ തന്നെ പഠനം പൂര്‍ത്തിയാക്കിയ നൗഷീന്‍ ഖാന്‍ ആണ് ഈ ഡോക്യുമെന്ററിയുടെ സംവിധായിക. 74 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി കണ്ടിരിക്കുന്ന ഓരോരുത്തരിലും രാജ്യതലസ്ഥാനത്ത് അരങ്ങേറിയ പൗരത്വ പ്രക്ഷോഭത്തിന്റെ തീക്ഷ്ണത അനുഭവവേദ്യമാകും.

തിരൂര്‍ തുഞ്ചന്‍പറമ്പ് മലയാളം സര്‍വ്വകലശാലയില്‍ നടന്ന പതിനേഴാമത് സൈന്‍സ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഡോക്യുമെന്ററി ആയി തെരഞ്ഞെടുത്തത് നൗഷീന്‍ ഖാന്റെ land of my dreams ആണ്. ചിത്രത്തിന്റെ സംവിധായിക നൗഷീന്‍ ഖാന്‍ സംസാരിക്കുന്നു.

Land of my dreams എന്ന ഡോക്യുമെന്ററി ചെയ്യാനുള്ള പ്രചോദനം എന്താണ്? എന്തെങ്കിലും പ്രത്യേക അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ?

മാസ് കമ്യൂണിക്കേഷനില്‍ എംഎ ബിരുദം നേടി, മൂന്ന് വര്‍ഷത്തിന് ശേഷം 2019 ഡിസംബറില്‍ എന്റെ സര്‍വ്വകലാശാലയായ ജാമിഅ മില്ലിയ ഇസ്ലാമിയ സന്ദര്‍ശിച്ചപ്പോഴാണ് വിദ്യാര്‍ഥി പ്രതിഷേധത്തെക്കുറിച്ച് ഞാന്‍ അറിഞ്ഞത്. ഞാന്‍ എന്റെ ഫോണില്‍ പൊലീസ് നടപടികള്‍ പകര്‍ത്താന്‍ തുടങ്ങി. തുടക്കം മുതലേ, എനിക്ക് ചരിത്രപരമായ എന്തോ ഒന്നിന് ഞാന്‍ സാക്ഷ്യം വഹിക്കുകയാണെന്ന് മനസ്സിലായി. അതിനാല്‍ ആ നിമിഷങ്ങള്‍ രേഖപ്പെടുത്തണമെന്ന് തോന്നി. ഷൂട്ടിംഗിനായി ഞാന്‍ എല്ലാ ദിവസവും അവിടെയെത്തി. പ്രക്ഷോഭ സ്ഥലങ്ങളില്‍ പോയി. ഷാഹീന്‍ ബാഗിലെ സ്ത്രീകളുടെ സമരം ഓരോ ദിവസവും ചിത്രീകരിച്ചു.

ഈ ഡോക്യുമെന്ററി ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് എന്തെങ്കിലും വെല്ലുവിളികള്‍ നേരിട്ടിട്ടുണ്ടോ?

ഈ ചിത്രം പൂര്‍ണ്ണമായും സ്വാശ്രയമാണ്. കാരണം, അത് ഞാന്‍ സ്വയം ചിത്രീകരിച്ചതാണ്. ഏറ്റവും പ്രയാസകരമായ വശം, എന്റെ സ്വന്തം ഫണ്ട് തന്നെ ആയിരുന്നു എന്നതാണ്. എഡിറ്റിംഗ് പ്രക്രിയ താല്‍പര്യമുള്ളതും എന്നാല്‍ ഒറ്റപ്പെടുത്തുന്നതുമായിരുന്നു. എന്റെ സ്വന്തം വ്യക്തിത്വത്തെക്കുറിച്ച് മനസ്സിലാക്കാനും ഇന്ത്യയിലെ ഒരു മുസ്‌ലിം എന്ന നിലയിലുള്ള എന്റെ അനുഭവം പരിശോധിക്കാനും എനിക്ക് താല്‍പര്യമുണ്ടായിരുന്നു. ഈ സാമൂഹിക-രാഷ്ട്രീയ ചുറ്റുപാടില്‍ എന്റെ വികാരങ്ങള്‍ എങ്ങനെ പ്രകടിപ്പിക്കണമെന്നും എത്രമാത്രം സംസാരിക്കണമെന്നും അറിയില്ലായിരുന്നു. ഡോക്യുമെന്ററിയുടെ ചിത്രീകരണം മുതല്‍ സിനിമയുടെ വിതരണം വരെയുള്ള ഓരോ ഘട്ടവും വെല്ലുവിളി നിറഞ്ഞതായിരുന്നു. ഭാഗ്യവശാല്‍, എന്നെ നിരുപാധികം പിന്തുണക്കുന്ന സുഹൃത്തുക്കളെയും ഉപദേശകരെയും ഞാന്‍ കണ്ടെത്തി. സിനിമ പൂര്‍ത്തിയാക്കാന്‍ അവരെന്നെ പ്രാപ്തയാക്കി.

ജപ്പാനില്‍ സ്വീകാര്യത ലഭിച്ച സിനിമക്ക് ഇന്ത്യയില്‍ കൂടുതല്‍ പ്രേക്ഷകരുണ്ടായെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു.

സിഎഎ-എന്‍ആര്‍സി ഇപ്പോഴും ചര്‍ച്ചാ വിഷയമായിരിക്കുന്ന സമയത്ത് ഡോക്യുമെന്ററിയിലൂടെ അതിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ?

ഞാന്‍ അങ്ങനെ പ്രതീക്ഷിക്കുന്നു. ഇന്ത്യയ്ക്ക് പുറത്തും കേരളത്തിലും ചിത്രം മികച്ച പ്രകടനം കാഴ്ചവച്ചു. എന്നാല്‍, ഉത്തരേന്ത്യയില്‍ വളരെ കുറച്ച് പ്രദര്‍ശനങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ, കാരണം, പല ഫെസ്റ്റിവലുകളും പല കാരണങ്ങളാല്‍ എന്റെ സിനിമ പ്രദര്‍ശിപ്പിക്കാന്‍ വിമുഖത കാണിക്കുന്നു.

ഡോക്യുമെന്ററി ചിത്രീകരണസമയത്ത് ആളുകളുടെ മനോഭാവം എങ്ങനെയായിരുന്നു?

ഷാഹീന്‍ ബാഗിലെ സ്ത്രീകള്‍ അങ്ങേയറ്റം പിന്തുണച്ചു. പ്രതിരോധത്തെക്കുറിച്ചും പ്രതീക്ഷയെക്കുറിച്ചും എന്നെ പഠിപ്പിച്ചുകൊണ്ട് അവര്‍ അവരുടെ ഹൃദയവും വീടും എനിക്ക് തുറന്നുതന്നു. ഇന്ത്യക്കാരന്‍ എന്നതിന്റെ അര്‍ഥമെന്താണെന്ന് അവര്‍ എനിക്ക് കാണിച്ചുതന്നു. പൊതുവെ മാധ്യമങ്ങളെ കുറിച്ച് ആളുകള്‍ക്ക് സംശയമുള്ളതിനാല്‍ സിനിമ ചെയ്യാന്‍ ബുദ്ധിമുട്ടുള്ള സമയമായിരുന്നു. പക്ഷേ, സ്ത്രീകള്‍ എപ്പോഴും എന്നെ സംരക്ഷിച്ചു.


| ഡോക്യുമെന്ററിയില്‍ നിന്ന്

ഡോക്യുമെന്ററി പുറത്തിറങ്ങിയതിനു ശേഷം ആളുകളുടെ പ്രതികരണം എങ്ങനെയാണ്?

മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജപ്പാനില്‍ നിന്നാണ് മികച്ച ഒരു പ്രതികരണം ലഭിച്ചത്. ജപ്പാനിലെ 2023-ലെ യമഗാറ്റ ഇന്റര്‍നാഷണല്‍ ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലില്‍ (18th Yamagata International Documentary Film Festival) സിറ്റിസണ്‍സ് പ്രൈസ് നേടി. ചിത്രം കണ്ട സ്ത്രീകള്‍ അങ്ങേയറ്റം വികാരഭരിതരായിരുന്നു. സിനിമ അവരുമായി ആഴത്തില്‍ സംവദിക്കുന്നതായി തോന്നി. ജപ്പാനില്‍ മികച്ച സ്വീകാര്യത ലഭിച്ച സിനിമക്ക് ഇന്ത്യയില്‍ കൂടുതല്‍ പ്രേക്ഷകരുണ്ടായെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

ഈ ഡോക്യുമെന്ററിയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ എന്ന നിലയില്‍ നിങ്ങള്‍ക്ക് ഏതെങ്കിലും വിധത്തില്‍ പ്രയാസം നേരിടേണ്ടി വന്നിട്ടുണ്ടോ?

ഞാനൊരു സ്ത്രീയായത് കൊണ്ട് മാത്രമാണ് എനിക്ക് ഈ സിനിമ ചെയ്യാന്‍ സാധിച്ചത്. ഒരു മനുഷ്യനും ഈ സിനിമ ചെയ്യാന്‍ കഴിയില്ല.

ഏതെങ്കിലും വിധത്തില്‍ സ്‌ക്രീനിംഗ് തടസ്സപ്പെടുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ? അങ്ങനെയൊരു ആശങ്കയുണ്ടോ?

ശരിയായി പറഞ്ഞാല്‍, ഇന്ത്യയില്‍ കുറച്ച് പ്രദര്‍ശനങ്ങളേ ഉണ്ടായിട്ടുള്ളൂ. പ്രദര്‍ശനങ്ങള്‍ തടസ്സപ്പെട്ടില്ലെങ്കിലും, ഓരോന്നിനും മുമ്പില്‍ എനിക്ക് ആശങ്കയും ഉത്കണ്ഠയുമുണ്ട്. ചിത്രം വിതരണം ചെയ്യുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യുമ്പോള്‍, നമ്മുടെ സംസ്‌കാരം എത്രമാത്രം അസഹിഷ്ണുതയുള്ളതായി മാറിയെന്ന് എനിക്ക് കൂടുതല്‍ ബോധ്യപ്പെടുന്നുണ്ട്.

രാജ്യത്ത് ഹിന്ദുത്വ അജണ്ട നടപ്പാക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. എങ്ങനെ ഇതിനെ പ്രതിരോധിക്കാം?

ഷാഹീന്‍ ബാഗിലെ സ്ത്രീകള്‍ നമ്മെ പഠിപ്പിച്ചതുപോലെ, ഇരുണ്ട സമയത്തും പ്രതീക്ഷയോടെയും ജീവിതത്തിന്റെ നിറവോടെയും നിന്നുകൊണ്ട് നമുക്കതിനെ മറികടക്കാന്‍ കഴിയും. അവര്‍ പ്രതിരോധത്തിന്റെ ഊര്‍ജവും മാതൃകയുമാണ്.


| ഡോക്യുമെന്ററിയില്‍ നിന്ന്

സൈന്‍സ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഡോക്യുമെന്ററി ആയി land of my dreams തെരഞ്ഞെടുത്തിരിക്കുന്നു. എങ്ങനെ പ്രതികരിക്കുന്നു?

വിമര്‍ശനാത്മക സിനിമകള്‍ പ്രദര്‍ശിപ്പിക്കുകയും എന്നെപ്പോലുള്ള സ്വതന്ത്ര ചലച്ചിത്ര പ്രവര്‍ത്തകരെ പിന്തുണയ്ക്കുകയും ചെയ്യുന്നതിനാല്‍ ഞാന്‍ SIGNS ഫെസ്റ്റിവല്‍ വളരെ ബഹുമാനത്തോടെയാണ് കാണുന്നത്. ഈ അവാര്‍ഡ് ലഭിച്ചത് ഒരു ബഹുമതിയാണ്. എന്റെ ജോലി തുടരാന്‍ ഇത് എനിക്ക് വലിയ അഭിമാനവും ദൃഢനിശ്ചയവും നല്‍കുന്നു.



Similar Posts