ബി 32 മുതല്‍ 44 വരെ സിനിമക്കെതിരെ നടന്നത് പെയ്ഡ് കാമ്പയിന് - ശ്രുതി ശരണ്യം
|ഒരു സിനിമ കൊണ്ട് ഫെമിനിസം പഠിപ്പിക്കാന്‍ പറ്റുമെന്ന വിശ്വാസം എനിക്കില്ല. ഒന്ന് തൊട്ട് ഫെമിനിസം പഠിപ്പിക്കേണ്ട ഗതികേട് ആണ്. നമ്മള് ഇപ്പോളും ഫെമിനിസത്തിന്റെ ആദ്യഘട്ടത്തില്‍ നില്‍ക്കുകയാണ്. ഈ കഥ പറയുക എന്നത് എന്റെ വൈകാരിക ആവശ്യം ആയിരുന്നു. മികച്ച സ്ത്രീ/ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലുള്ള പ്രത്രേക അവാര്‍ഡ് ലഭിച്ച ബി 32 മുതല്‍ 44 വരെ സിനിമയുടെ സംവിധായിക ശ്രുതി ശരണ്യം സംസാരിക്കുന്നു. |അഭിമുഖം: ശ്രുതി ശരണ്യം/കിരണ ഗോവിന്ദന്
വലിയതോതിലുള്ള നെഗറ്റീവ് കാമ്പയിനിനെ അതിജീവിച്ച് ബി 32 മുതല്‍ 44 വരെ എന്ന സിനിമ 2022 ലെ സംസ്ഥാന ചലചിത്ര അവാര്‍ഡ് നേടിയിരിക്കുന്നു. എങ്ങിനെ പങ്കുവെക്കുന്നു ഈ മുഹൂര്‍ത്തത്തെ?
അവാര്‍ഡ് ലഭിച്ചതില്‍ വലിയ സന്തോഷമുണ്ട്. പലരും പറഞ്ഞിരുന്നു അവാര്‍ഡ് കിട്ടുമെന്ന്. പേക്ഷ, കിട്ടുമെന്ന പ്രതീക്ഷ എന്നിക്കുണ്ടായിരുന്നില്ല. കാരണം, അതെല്ലാം ജൂറിയെ ഡിപ്പന്റ് ചെയ്ത് നില്ക്കുന്ന കാര്യമാണല്ലോ. എനിക്ക് ലഭിച്ച ഈ അവാര്‍ഡ് എല്ലാ സ്ത്രീകള്‍ക്കും ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിനും വലിയൊരു പ്രോത്സാഹനമാകട്ടെ എന്നാണ് പറയാനുള്ളത്. ഇനിയും ഒരുപാട് സ്ത്രീകള്‍ അവരുടെ സിനിമയുമായി മുന്നോട്ടു വരട്ടെ. കെ.എസ്.എഫ്.ഡി.സി ഇങ്ങനെയൊരു സിനിമ ചെയ്യാന്‍ അവസരമുണ്ടാക്കിയതുകൊണ്ടാണ് ഈ നേട്ടം ലഭിച്ചത്. പിന്നെ ഒരുപാടാളുകള്‍ സിനിമയുടെ ഭാഗമായി രാവും പകലും അധ്വാനിച്ചു. അതിന്റെയൊക്കെ ഫലമായുണ്ടായ നേട്ടമാണിത്.
ബി 32 മുതല്‍ 44 വരെ എന്ന സിനിമയിലേക്കെത്തുന്നതെങ്ങിനെയാണ്. കെ.എസ്.എഫ്.ഡി.സി ശ്രുതി ശരണ്യം എന്ന സംവിധായികയെ തേടി വന്നതാണോ, അതോ ശ്രുതി എന്ന സിനിമാ സ്നേഹി തേടി പിടിച്ചതാണോ?
ബി 32 മുതല്‍ 44 വരെ എന്ന സിനിമയുടെ ഇതിവൃത്തം എന്റെ മനസ്സിലേക്ക് വരുന്നത് 2018 ലാണ്. അന്നത് സുഹൃത്തക്കളോടും ഈ സിനിമയില്‍ പ്രവര്‍ത്തിച്ച ക്രൂ മെമ്പേഴ്സിനോടും കാസ്റ്റ്ങ്ങിന്റെ ഭാഗമായവരോടും രമ്യ നമ്പീശന് ഉള്‍പ്പെടെയുള്ളവരോടും ചര്‍ച്ച ചെയ്തിരുന്നു. കഥ എങ്ങനെയാണ് മെറ്റീരിയലിസ്റ്റ് ചെയ്യേണ്ടത് എന്ന് അറിയില്ലായിരുന്നു. കാരണം, നമുക്ക് അന്ന് അതിനുള്ള ഒപ്ഷന്സ് ഇല്ലായിരുന്നു. ഇത്തരത്തിലുള്ള വിഷയം പ്രൊഡ്യൂസ് ചെയ്യാന്‍ പ്രൈവറ്റായിട്ടുള്ള ഓര്‍ഗനൈസേഷനോ പ്രൊഡക്ഷന്‍ സെറ്റപോ തയ്യാറാകുമോ എന്ന കാര്യത്തില്‍ സംശയം ഉണ്ടായിരുന്നു. അങ്ങിനെ ഇരിക്കുമ്പോളാണ് കെ.എസ്.എഫ്.ഡി.സി കേരള സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് സിനിമ നിര്മിക്കാനായിട്ട് ഫണ്ട് കൊടുക്കുന്നു എന്നറിയുന്നത്. 2019 തില്‍ അപ്ലൈ ചെയ്യാന്‍ പറ്റിയില്ല. കാരണം, പത്തു ദിവസത്തിനുള്ളില്‍ സ്ക്രിപ്റ്റ് സമര്‍പ്പിക്കണമായിരുന്നു. പക്ഷെ, കഥാതന്തു മാത്രമാണ് കയ്യില്‍ ഉണ്ടായിരുന്നത്. പത്തു ദിവസത്തിനുള്ളില്‍ സ്ക്രിപ്റ്റ് തയ്യാറാക്കുക അസാധ്യമായിരുന്നു. അതുകൊണ്ട് അന്ന് സബ്മിറ്റ് ചെയ്തിരുന്നില്ല. പിന്നീട് 2020 -21 കാലഘട്ടത്തില്‍ ഒരു സിനോപ്സിസ് തയ്യാറാക്കി കൊടുത്തു. അങ്ങനെ ഒരു നാലു റൗണ്ട് കഴിഞ്ഞാണ് ഈ സിനിമ ഉണ്ടായത്. സര്‍ക്കാര്‍ ഫണ്ട് നിലവില്‍ വന്നത് കൊണ്ടാണ് നമുക്ക് ഇങ്ങനെ ഒരു സിനിമ ഉണ്ടാക്കാന്‍ സാധിച്ചത്. അതിലെനിക്ക് നന്ദി ഉണ്ട്. ഇങ്ങോട്ട് തേടി വരിക എന്നും അങ്ങോട്ട് തേടി പോവുക എന്ന പ്രയോഗവും ശരിയാണെന്നു തോന്നുന്നില്ല. ഇത് പരസ്പരമുള്ളൊരു പ്രോസസ്സ് ആണ്. ഏതു സിനിമ ഉണ്ടാകുന്നതും ഇങ്ങനെയാണ്. അതിനകത്തു സംവിധായകനും നിര്‍മാതാവിനും ഒരേ റോളാണ്. രണ്ട് പേരുടെയും ഉഭയ സമ്മത പ്രകാരമുള്ള പ്രോസസ്സ് ആണിത്. പിന്നെ കഥാപാത്രങ്ങള്‍ എന്നെ തേടി വന്നോ എന്ന് ചോദിച്ചാല്‍ അത് തേടി വന്നു എന്ന് വേണം പറയാന്‍. ഞാനുമായി ഏറെ ബന്ധപ്പെട്ട കിടക്കുന്ന സ്വഭാവമുള്ള കഥാപാത്രങ്ങളാണ് ഓരോരുത്തരും. അവരുടെ വ്യക്തിത്വത്തിന് എന്റെ വ്യക്തിത്വവുമായും കഥാപാത്രങ്ങളുടെ വ്യക്തിത്വവുമായും ബന്ധമുള്ളതായി തോന്നിയിട്ടുണ്ട്. കഥാപാത്രങ്ങള്‍ ഒരു പക്ഷെ എന്നെ തേടി വന്നതായിരിക്കണം.
അണിയറ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എഴുപത്തഞ്ച് ശതമാനവും സ്ത്രീകള്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ച സിനിമ. അത് സിനിമയുടെ വാണിജ്യ സാധ്യതയെ ബാധിച്ചു എന്ന് തോന്നുന്നുണ്ടോ?
എഴുപത്തിയഞ്ചു ശതമാനവും സ്ത്രീകള്‍ ആയിരുന്നു. അത് വാണിജ്യ സാധ്യതയെ ബാധിക്കില്ലല്ലോ. നമ്മുടെ പ്രോഡക്റ്റ് നന്നായാല്‍ പോരെ. വാണിജ്യ സാധ്യതയെ ബാധിക്കുന്ന ഘടകങ്ങള്‍ മറ്റുപലതാണ്. ഇപ്പോളത്തെ കാലത്ത് സിനിമ കാണാന്‍ ആളുകള്‍ പോകുന്നത് തന്നെ വിരളമാണ്. അവരെ പിടിച്ചിരുത്താന്‍ ആ സിനിമയിലെ എന്റര്‍ടൈന്‍മെന്റ് ആയിരിക്കണം മുന്നിട്ട് നില്‍ക്കേണ്ടത്. അതും വളരെ സെലെക്ടഡ് ആയ സ്പെസിഫിക് ആയ തീയേറ്റര്‍ അനുഭവം കൊടുക്കുന്ന സിനിമ മാത്രമാണ് വിജയിക്കുന്നത്. ഒരുപാട് കാശു മുടക്കി എടുത്തിട്ടുള്ള സിനിമകള്‍ വരെ ഇവിടെ പരാജയപ്പെടുന്നു. കൂടുതലാളുകള്‍ക്കും സിനിമ ഒ.ടി.ടിയില്‍ കാണാനാണ് താല്പര്യം എന്നുള്ളത് കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. എന്റെ സിനിമ ഒരു ഒ.ടി.ടി ടൈപ് ആണ്. പക്ഷെ, അത് തിയേറ്ററിലാണ് വന്നത്. സര്‍ക്കാരിന്റെ നിയമത്തിന്റെ ഭാഗമായിട്ടാണ് സിനിമ തീയേറ്ററില്‍ പ്രദര്‍ശിപ്പിച്ചത്. ഇത് ഒ.ടി.ടിയില്‍ ആണെങ്കില്‍ കൂടുതല്‍ പേര് കാണും എന്ന് എനിക്ക് വിശ്വാസം ഉണ്ട്. നിര്‍ഭാഗ്യവശാല്‍ ഇത് തിയേറ്ററിലാണ് റിലീസ് ചെയ്തത്.
പല തരത്തിലുള്ള ജന്‍ഡറിനെ അഡ്രസ് ചെയ്ത സിനിമയാണ്. പക്ഷെ, ഒടുക്കം സ്ത്രീപക്ഷ സിനിമയെന്ന ലേബലില്‍ ഒതുങ്ങി പോയെന്ന് തോന്നുന്നുണ്ടോ?
ഇത് പലതരത്തില്‍ ജെന്‍ഡറിനെ അഡ്രസ് ചെയ്ത സിനിമയാണ് അതിനെ സ്ത്രീപക്ഷ സിനിമ എന്ന് പറഞ്ഞു ഒതുക്കാനുള്ള ശ്രമം എന്തുകൊണ്ടോ പല ഭാഗത്തു നിന്നും ഉണ്ടായി. അത് നിങ്ങള്‍ പറഞ്ഞ പോലെ എഴുപത്തഞ്ച് ശതമാനം സ്ത്രീകള്‍ പ്രവര്‍ത്തിച്ചുള്ള സിനിമ ആയതുകൊണ്ടാകാം. അങ്ങനെ ഒരു ലേബലിലേക്ക് ഇതിനെ ഒതുക്കാനുള്ള ശ്രമം വളരെ അധികമുണ്ടായി. അതിനു വേണ്ടി മാത്രം ഒരു കൂട്ടം ആളുകള്‍ ശ്രമിച്ചു എന്നതാണ് എന്നെ അത്ഭുത പെടുത്തിയത്. എങ്ങനെ ഈ സിനിമയെ പരാജയപ്പെടുത്താന്‍ നോക്കി ഇരിക്കുന്ന ഒരു കൂട്ടം മനുഷ്യര്‍ ഉണ്ട്. ഇവരാരും സിനിമ കണ്ടവര്‍ അല്ല, സിനിമക്കെതിരെ പെയ്ഡ് ക്യാമ്പയിന് നടന്നു എന്ന് തന്നെ പറയാം.
നഗ്നത പ്രദര്‍ശിപ്പിക്കാതെയും ശരീരത്തിന്റെ രാഷ്ട്രീയം പറഞ്ഞത് മനഃപൂര്‍വമാണോ. അതോ സ്വഭാവികമായി സംഭവിച്ചതാണോ?
ശരീരത്തിന്റെ രാഷ്ട്രീയം പറയാന്‍ ശരീരം കാണിക്കണം എന്ന നിബന്ധനയും നിര്‍ബന്ധവും ഇല്ല. നഗ്നത പ്രദര്‍ശിപ്പിക്കുമ്പോള്‍ ശരീരത്തിന്റെ രാഷ്ട്രീയത്തെ പറയുന്നതിനുമപ്പുറം ശരീരത്തിന്റെ ആണ്‍നോട്ടങ്ങളെ പരിപോഷിപ്പിക്കുക്കുന്ന തരത്തിലേക്ക് സിനിമ മാറാനുള്ള സാധ്യത ഉണ്ട്. അതിന്റെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. കാര്യം പറയാന്‍ നഗ്നത പ്രദര്‍ശിപ്പിക്കേണ്ട കാര്യമില്ല. ഇരുട്ടിനെ അറിയാന്‍ കണ്ണടച്ച് ഇരുട്ടക്കേണ്ട കാര്യമില്ല എന്ന് പറയുന്നത് പോലെ. നഗ്നത പ്രദര്‍ശിപ്പിച്ചാലേ ശരീരത്തെ കുറിച്ച് പറയാനാകൂ എന്നുണ്ടോ. അതൊരു വികലമായ ചിന്തയായിട്ടേ എനിക്ക് തോന്നുന്നുള്ളൂ. ശരീരം എന്നതൊരു യാഥാര്‍ഥ്യം മാത്രമാണ്. അതിനെ കുറിച്ച് സംസാരിക്കാന്‍ ആണ്‍നോട്ടങ്ങളെ ഒരുരീതിയിലും ചൊടിപ്പിക്കാത്ത രീതിയില്‍ നമുക്ക് അതിനെ കുറിച്ച് സംസാരിക്കാന്‍ സാധിക്കുമെന്നാണ് എനിക്ക് മനസ്സിലായിട്ടുള്ളത്.
സിനിമക്ക് വേണ്ടത്ര പ്രൊമോഷന് ലഭിച്ചില്ലെന്ന് ശ്രുതി പറഞ്ഞിട്ടുണ്ട്, അതെന്തു കൊണ്ടാകാം?
സിനിമക്ക് വേണ്ടത്ര പ്രൊമോഷന് ലഭിച്ചില്ല എന്നതല്ല ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത്. അങ്ങനെയല്ല മുന്‍പും ഞാന്‍ പറഞ്ഞിട്ടുള്ളത്. സിനിമയെ തകര്‍ക്കാന്‍ ഒരുപറ്റം ആളുകള്‍ ഉണ്ടായിരുന്നു എന്നുള്ളതാണ്. അതായത് സമൂഹ മാധ്യമങ്ങളില്‍ സിനിമയെ വിമര്‍ശിച്ച പല ഐ.ഡികള്‍ക്കും നാഥന് പോലും ഇല്ലാത്ത വ്യാജ ഐ.ഡികള്‍ ആയിരുന്നു. അത്തരത്തിലുള്ള ഐ.ഡികളില്‍ നിന്നുമൊക്കെ ഒരുപാട് ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് എന്തുകൊണ്ട് സംഭവിച്ചു എന്ന് പോലും എനിക്ക് മനസ്സിലായിരുന്നില്ല. അത് ആദ്യ ദിവസത്തെ പത്ര സമ്മേളനം തൊട്ട് കാണുന്നതാണ്. സിനിമക്കെതിരായ കുറെ സാമൂഹിക വിരുദ്ധരുടെ ആക്രമണങ്ങള്‍ പല ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. ഈ സിനിമയുടെ പേരില്‍ ഞാനും എന്റെ കൂടെയുള്ളവരും ക്രൂശിക്കപ്പെട്ടു.
അസ്ഥാനത്തുള്ള ചോദ്യങ്ങള്‍ ചോദിച്ചിട്ടുണ്ട്. അത്തരത്തിലുള്ള ചോദ്യങ്ങള്‍ ഞങ്ങളോട് ചോദിക്കേണ്ട കാര്യമില്ല. എന്നോടോ എന്റെ ഒപ്പം പ്രവര്ത്തിച്ചവരോടോ ചോദിക്കേണ്ട കാര്യം പോലുമില്ലാത്ത കാര്യങ്ങളാണ് ചോദിച്ചത്. ചോദിക്കുന്ന ചോദ്യങ്ങള്‍ പലപ്പോഴും സിനിമയുമായി യാതൊരു ബന്ധവും ഇല്ലാത്ത ഈ സിനിമയെ തകര്‍ക്കണം എന്ന ഉദ്ദേശത്തോട് കൂടിയിട്ടുള്ള ചോദ്യങ്ങള്‍ ആയിരുന്നു. അത് എന്തിനു എന്ന് പോലും എനിക്ക് മനസ്സിലായില്ല. സ്ത്രീകള്‍ ഒന്ന് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനോട് ഭയങ്കരമായ പ്രശ്നങ്ങള്‍ ഉള്ള ആളുകള്‍ ഉണ്ട് എന്നതാണല്ലോ മനസ്സിലാക്കേണ്ടത്. സര്‍ക്കാര്‍ നിര്‍മാണം ആയതുകൊണ്ട് സംഭവിച്ച കാല താമസങ്ങള്‍ സിനിമക്ക് ഉണ്ടായിട്ടുണ്ട്.
ഒരു പുരുഷന് സ്ത്രീപക്ഷ സിനിമ എടുക്കുമ്പോള്‍ ലഭിക്കുന്ന സ്വീകാര്യത സ്ത്രീ സംവിധായികയ്ക്ക് ഇന്‍ഡസ്ട്രിയും സമൂഹവും നല്കുന്നുണ്ടോ?
പുരുഷന് സ്ത്രീപക്ഷ കഥ പറയുമ്പോള്‍ അതിന് സ്വീകാര്യത കൂടും. അതൊരു യാഥാര്‍ഥ്യമാണ്. ഒരുപാട് സ്ത്രീ സംവിധായകര്‍ ഇപ്പോള്‍ ഇന്ഡസ്ട്രിയിലേക്ക് കടന്നുവരുന്നുണ്ട്. അത് ഏറെ പ്രതീക്ഷയും സന്തോഷവും നല്കുന്നു. തുടക്കം മുതല്‍ തന്നെ സപ്പോര്‍ട്ട് ചെയ്യുന്നവരും പ്രോത്സാഹിപ്പിക്കുന്നവരുമൊക്കെ ഉണ്ടായാല്‍ കുറച്ചുകൂടി വിസിബിലിറ്റി ലഭിക്കും.
ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്, ജയ ജയ ഹേ എന്നീ സിനമയുടെ, അല്ലെങ്കില്‍ അതില്‍ കൂടുതല്‍ നിലവാരം ഉണ്ടായിട്ട് കൂടി ബി 32 വിന് പ്രേക്ഷകരില്‍ നിന്നും അര്‍ഹിക്കുന്ന വിജയം കിട്ടിയില്ല. ഇതിന് കാരണം മാര്‍ക്കറ്റിംഗ് പോരായ്മയായി മാത്രം വിലയിരുത്താന്‍ പറ്റുമോ?
ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന് മലയാളത്തില്‍ തന്നെ വന്ന ഏറ്റവും വലിയ സ്ത്രീപക്ഷ സിനിമയാണ്. ജിയോ ബേബിയെപോലെ അത്രമാത്രം സ്ത്രീപക്ഷത്ത് നിന്ന് ചിന്തിക്കുന്ന ഒരു സംവിധായകനെ കണ്ടിട്ടില്ല. ആ സിനിമ വിജയിച്ചത് ഒ.ടി.ടിയില്‍ വന്നത് കൊണ്ടാണ്. അത് തീയേറ്റര്‍ റിലീസ് ആയിരുന്നെങ്കില്‍ അതിന്റെ വിധിയും ഇത് തന്നെ ആകുമായിരുന്നു. ജയ ജയ ജയഹേ നന്നായി മാര്‍ക്കറ്റ് ചെയ്യപ്പെട്ട, കാമ്പയിന് ചെയ്യപ്പെട്ട സിനിമയാണ്. അതിനു മാത്രം ഫണ്ട് ഉണ്ടായിരുന്നിരിക്കണം. ഞങ്ങളുടെ കാര്യത്തില്‍ ഇതൊരു സര്‍ക്കാര്‍ സംരംഭം ആയത് കൊണ്ട് ഇതിന്ടെ ഫണ്ട് കുറവാണ്. സിനിമ റിലീസ് ആകുന്നതിന്റെ 15 ദിവസം മുന്നെയാണ് മാര്‍ക്കറ്റിംഗ് തുടങ്ങിയത്. നമ്മുടെ സിനിമക്ക് ഉണ്ടായ നെഗറ്റീവ് പബ്ലിസിറ്റിയും മാര്‍ക്കറ്റിംഗ് വൈകി തുടങ്ങിയത് കാരണവും സിനിമ ആളുകളിലേക്ക് എത്തിയില്ല. അതാണ് സിനിമ വിജയിക്കാതെ പോയതിനുള്ള കാരണം.
നിര്‍ഭാഗ്യവശാല്‍ ഈ തലമുറയിലെ 18 വയസ്സൊക്കെ പ്രായമുള്ള കുട്ടികളാണ് ഞങ്ങളുടെ സിനിമക്കെതിരെ കാമ്പയിന് നടത്തി പ്രവര്‍ത്തിച്ചിട്ടുള്ളത്. അതെനിക്ക് വിഷമം ഉണ്ടാക്കി. രഞ്ജി പണിക്കരെ പോലെയുള്ളവരൊക്കെ കുറെ കാലം കഴിഞ്ഞപ്പോള്‍ അവരുടെ എഴുത്തിനെ തിരുത്തിയിട്ടുണ്ട്. അവരുടെ എഴുത്തിലെ ആണ് ഈഗോയെ മാറ്റിയിട്ടുണ്ട്. പ്രിഥ്വിരാജിനെ പോലെയുള്ളവര്‍ സ്ത്രീ വിരുദ്ധ സിനിമകളില്‍ അഭിനയിക്കില്ലെന്നു നിലപാട് എടുത്തിട്ടുണ്ട്. ഇവരൊക്കെ ഈ തലമുറയിലെ ആളുകളല്ല. പക്ഷെ, ഈ തലമുറയിലുള്ള ആളുകളാണ് ഫെമിനിസത്തെ കുറിച്ച് വികലമായി ചിന്തിക്കുകയും സമൂഹ മാധ്യമങ്ങളില്‍ നമ്മളെ തെറി വിളിക്കുകയും ചെയ്തത്. അത് നമ്മള് താഴെക്കാണ് പോകുന്നത് എന്നാണല്ലോ കാണിക്കുന്നത്.
സമൂഹം വികലമായി മനസ്സിലാക്കിയ ഒന്നാണ് ഫെമിനിസം. അതിനെ കൃത്യമായി വരച്ചു കാണിക്കാനുള്ള ശ്രമമാണോ ഈ സിനിമ?
ഒരു സിനിമ കൊണ്ട് ഫെമിനിസം പഠിപ്പിക്കാന്‍ പറ്റുമെന്ന വിശ്വാസം എനിക്കില്ല. ഒന്ന് തൊട്ട് ഫെമിനിസം പഠിപ്പിക്കേണ്ട ഗതികേട് ആണ്. നമ്മള് ഇപ്പോളും ഫെമിനിസത്തിന്റെ ആദ്യഘട്ടത്തില്‍ നില്‍ക്കുകയാണ്. ഈ കഥ പറയുക എന്നത് എന്റെ വൈകാരിക ആവശ്യം ആയിരുന്നു. അതുകൊണ്ടാണ് ചെയ്തത്. ഒരു സിനിമ കൊണ്ട് വികലമായ ചിന്ത ഉള്ളവരെ മാറ്റാം എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല.