Interview
കലാപങ്ങളില്‍ ഭരണകൂടങ്ങള്‍ അദൃശ്യ പങ്കാളികളാകുന്നു - ആസിഫ് മുജ്തബ
Interview

കലാപങ്ങളില്‍ ഭരണകൂടങ്ങള്‍ അദൃശ്യ പങ്കാളികളാകുന്നു - ആസിഫ് മുജ്തബ

അമിതാഭ് സഹോദര്‍
|
17 Aug 2023 6:19 AM GMT

രാജ്യത്ത് മുസ്‌ലിംകള്‍ക്കെതിരെ ഭരണകൂട പിന്തുണയോടെ നിരന്തരം തുടര്‍ന്ന് പോരുന്ന വര്‍ഗീയ കലാപങ്ങളുടെ പശ്ചാത്തലത്തില്‍ ദില്ലിയിലെ മുസ്‌ലിം ദുരിതാശ്വാസ പ്രവര്‍ത്തക സംഘടനയായ Miles2Smile ന്റെ സ്ഥാപകനും, ഗവേഷകനുമായ ആസിഫ് മുജ്തബയുമായി മാധ്യമ പ്രവര്‍ത്തകന്‍ അമിതാഭ് സഹോദര്‍ നടത്തിയ അഭിമുഖം.

ജൂലൈ 31 തിങ്കളാഴ്ചയാണ് ഹരിയാനയിലെ നുഹ് ജില്ലയില്‍ സായുധരായ വിശ്വഹിന്ദു പരിഷത്തും (വി.എച്ച്.പി) ബജ്‌റംഗ്ദളും നടത്തിയ ഹിന്ദുത്വ ജാഥയ്ക്കിടെ മുസ്‌ലിം സമുദായത്തിനെതിരെ വര്‍ഗീയ കലാപം അഴിച്ചുവിടുന്നത്. വൈകുന്നേരത്തോടെ കലാപം ഗുരുഗ്രാമിലേക്കും സോഹ്നയിലേക്കും പടര്‍ന്നു. കലാപത്തെ തുടര്‍ന്ന് ഹിന്ദുത്വസംഘടനകള്‍ മുസ്‌ലിംകള്‍ക്കെതിരെ സാമ്പത്തിക വിലക്ക് പ്രഖ്യാപിക്കുകയും, അവിടുത്തെ ഗ്രാമത്തലവന്മാര്‍ മുസ്‌ലിംകള്‍ക്ക് തങ്ങളുടെ ഗ്രാമങ്ങളില്‍ ഔദ്യോഗികമായി പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.

കലാപം കെട്ടടങ്ങിയതോടെ ഹരിയാനയിലെ ബി.ജെ.പി സര്‍ക്കാര്‍ മുസ്‌ലിംകള്‍ക്കെതിരെ വ്യാപകമായി 'ബുള്‍ ഡോസര്‍ രാജ്' നടപ്പാക്കുകയും, അതിലൂടെ പാര്‍പ്പിടം നഷ്ടമായ മുസ്‌ലിം കുടുംബങ്ങള്‍ തെരുവിലേക്കിറക്കി വിടപ്പെടുകയും ചെയ്തു. പിന്നീട് സുപ്രീം കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് ഹരിയാന സര്‍ക്കാരിന് തങ്ങളുടെ നടപടി നിര്‍ത്തിവെയ്‌ക്കേണ്ടി വന്നു. മുസ്‌ലിംകള്‍ക്കെതിരെ പ്രവേശനവിലക്കിന് ഉത്തരവിട്ട നടപടികള്‍ കോടതിയാല്‍ ചോദ്യം ചെയ്യപ്പെടുകയും ചെയ്തു. നൂഹില്‍ നിന്നും ഏറ്റവും പുതിയതായി അറിയാന്‍ കഴിയുന്ന വാര്‍ത്ത കലാപത്തെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോയ മുന്നൂറിലധികം മുസ്‌ലിം ചെറുപ്പക്കാരെ കുറിച്ച് യാതൊരു ഔദ്യോഗിക വിവരവും ലഭിക്കുന്നില്ല എന്നതാണ്. രാജ്യത്ത് മുസ്‌ലിംകള്‍ക്കെതിരെ ഭരണകൂടപിന്തുണയോടെ നിരന്തരം തുടര്‍ന്ന് പോരുന്ന വര്‍ഗീയകലാപങ്ങളുടെ പശ്ചാത്തലത്തില്‍ ദില്ലിയിലെ മുസ്‌ലിം ദുരിതാശ്വാസപ്രവര്‍ത്തക സംഘടനയായ Miles2Smile ന്റെ സ്ഥാപകനും, ഗവേഷകനുമായ ആസിഫ് മുജ്തബയുമായി 2021 ല്‍ നടത്തിയ അഭിമുഖം.

മുസ്‌ലിംകള്‍ കലാപങ്ങളില്‍ വേട്ടയാടപ്പെടുമ്പോള്‍ നിഷ്‌ക്രിയമായി കണ്ടു നില്‍ക്കുകയും, കലാപകാരികള്‍ക്കെതിരെ നടപടി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്ന പൊലീസിനെ കുറിച്ച് നമ്മള്‍ ഗുജറാത്തിലും യു.പിയിലും നിന്നൊക്കെ കേട്ടിട്ടുണ്ട്. എന്നാല്‍, ദില്ലി കലാപത്തെ തുടര്‍ന്ന് പുറത്തുവന്ന ദൃശ്യങ്ങളില്‍ നാം കാണുന്നത് പൊലീസ് തന്നെ ഈ കലാപത്തില്‍ പങ്കാളികളാകുന്നതാണ്. അവര്‍ ബസ്സുകള്‍ക്ക് തീവെയ്ക്കുന്നു, മര്‍ദ്ദനമേറ്റ് അവശരായ മുസ്‌ലിം യുവാക്കളോട് ദേശീയ ഗാനം ആലപിക്കുവാന്‍ ആവശ്യപ്പെടുന്നു, മുസ്‌ലിം പ്രക്ഷോഭകര്‍ക്കെതിരെ കല്ലെറിയുന്നു. സ്വന്തം പൗരന്മാര്‍ക്കെതിരെ സായുധരായ ഈ ഭരണകൂട ഉപകരണം നടത്തുന്ന തുറന്ന യുദ്ധത്തെ താങ്കള്‍ എങ്ങനെയാണ് വീക്ഷിക്കുന്നത്?

ഒരു മുസ്‌ലിം വിരുദ്ധ കലാപത്തില്‍ ഭരണകൂടം മൂന്ന് തരത്തില്‍ പങ്കാളികളാകുന്നു എന്നാണ് കലാപം നടന്ന ഇടങ്ങളിലുള്ള എന്റെ പ്രവര്‍ത്തനത്തിലൂടെയും അനുഭവത്തിലൂടെയും മനസ്സിലാക്കാന്‍ സാധിച്ചിട്ടുള്ളത്. ഒന്ന്, ഭരണകൂടത്തിന്റെ നേരിട്ടുള്ള (active) പങ്കാളിത്തമാണ്. ഇവിടെ ഭരണകൂട ഉപകരണങ്ങള്‍ മുസ്‌ലിംകള്‍ക്കെതിരെ നേരിട്ട് അക്രമം നടത്തുന്നു - അവരെ ഉപദ്രവിക്കുന്നു, ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നു, കൊല്ലുന്നു. നിങ്ങള്‍ ഉദാഹരിച്ച സംഭവങ്ങളെല്ലാം അതില്‍ ഉള്‍പ്പെടുന്നു. നിങ്ങള്‍ക്കറിയാമല്ലോ, തീര്‍ത്തും സമാധാനപരമായി നടന്നുപോന്നിരുന്ന പൗരത്വബില്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ മുപ്പത് മുസ്‌ലിംകളാണ് പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. അതില്‍ ഉത്തര്‍പ്രദേശില്‍ മാത്രം കൊല്ലപ്പെട്ടത് ഇരുപത്തിമൂന്ന് പേര്‍. ഇവരെല്ലാവരും അരയ്ക്കു മുകളില്‍ വെടിയേറ്റ് മരണപ്പെട്ടവരാണ് എന്ന് നിങ്ങള്‍ക്കുകാണാം. പൗരത്വബില്‍ പ്രക്ഷോഭം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും നടക്കുന്നുണ്ടായിരുന്നു എങ്കിലും ബി.ജെ.പി ഭരണ സംസ്ഥാനങ്ങളില്‍ മാത്രമാണ് ഇത്തരത്തില്‍ അക്രമങ്ങള്‍ സംഭവിച്ചത്. ഇങ്ങനെ ഭരണകൂടത്തില്‍ അക്രമം നിലീനമായിരിക്കുകയും, സായുധരായ ഭരണകൂട ഉപകരണങ്ങള്‍ മുസ്‌ലിംകള്‍ക്കെതിരെ ഈ അക്രമം അഴിച്ചുവിടുകയും ചെയ്യുന്നതിലൂടെ അവര്‍ മുസ്‌ലിം വിരുദ്ധ കലാപങ്ങളില്‍ നേരിട്ടുള്ള പങ്കാളികളായി മാറുന്നു.

രണ്ടാമത്തേത് ഭരണകൂടത്തിന്റെ നിഷ്‌ക്രിയത്വ (പാസ്സീവ്) പങ്കാളിത്തമാണ്. ഇവിടെ ഭരണകൂടം നേരിട്ട് അക്രമത്തില്‍ പങ്കാളികളാകുന്നില്ലെങ്കില്‍ കൂടി, ആക്രമകാരികള്‍ക്ക് സഹായകമായി നിലനിന്നു പോരുന്നു. മുസ്‌ലിം വിരുദ്ധ കലാപങ്ങളില്‍ 'ഞങ്ങള്‍ നിങ്ങളോടൊപ്പമാണ്' എന്ന സന്ദേശം ഹിന്ദുത്വ തീവ്രവാദികള്‍ക്ക് അവര്‍ നല്‍കുന്നു. ഡല്‍ഹി കലാപത്തിനൊടുവില്‍ കാണാതായ ഫിറോസ് അഹമ്മദ് എന്ന് പേരുള്ള ഒരു ചെറുപ്പക്കാരന്റെ കുടുംബത്തെ ഞങ്ങള്‍ സന്ദര്‍ശിക്കുവാനിടയായി. അയാളുടെ ഭാര്യ രണ്ടുമാസം ഗര്‍ഭിണിയായിരുന്നു. ഞങ്ങള്‍ അവരെ കാണുന്ന സമയം അവരുടെ ഭര്‍ത്താവിനെ കുറിച്ചുള്ള യാതൊരു വിവരവും അവര്‍ക്ക് ഉണ്ടായിരുന്നില്ല. പിന്നീടു നടന്ന തുടരന്വേഷണത്തില്‍ ഒരു കൂട്ടം കത്തിക്കരിഞ്ഞ മൃതശരീരങ്ങള്‍ ഒരു ഓവുചാലില്‍ നിന്ന് കണ്ടെടുക്കുകയും അവിടെ നിന്നും ഫിറോസ് അഹമ്മദിന്റെ ഒരു കാല് മാത്രം കിട്ടുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഞങ്ങള്‍ ദില്ലി ഹൈക്കോടതിയില്‍ ജസ്റ്റിസ് മുരളീധരന്റെ പക്കല്‍ ഒരു പെറ്റീഷന്‍ ഫയല്‍ ചെയ്തിരുന്നു. അദ്ദേഹം കപില്‍ മിശ്രയ്‌ക്കെതിരെ കേസ് ചാര്‍ജ് ചെയ്യാന്‍ ഉത്തരവിട്ടു. എന്നാല്‍, തൊട്ടടുത്ത ദിവസം അദ്ദേഹം മറ്റൊരു കോടതിയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ടു. ഇത് ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയില്‍ നിന്നുണ്ടായ ഒരു ഭരണകൂട നിഷ്‌ക്രിയത്വത്തിന് ഉദാഹരണമാണ്. ഫിറോസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ 'ഹിന്ദു ഏക്താ' എന്ന സംഘടനയുമായി ബന്ധപ്പെട്ട ഒരു വാട്‌സ്ആപ്പ് ഗ്രൂപ് രംഗത്ത് വരികയുണ്ടായി. അതില്‍ ലോകേഷ് സോളങ്കി എന്നയാള്‍ മറ്റുള്ളവര്‍ക്കായി ആയച്ചിരിക്കുന്ന ഒരു സന്ദേശം 'പൊലീസ് ഇതില്‍ നമ്മളോടൊപ്പമുണ്ട്' എന്നായിരുന്നു. ഇതിനര്‍ഥം ഭരണകൂടം ഹിന്ദുത്വ തീവ്രവാദികളുടെ അക്രമങ്ങളില്‍, കൊലപാതകങ്ങളില്‍ സംതൃപ്തരായിരിക്കുന്നു എന്നതാണ്. ഇതിനെയാണ് ഞാന്‍ ഭരണകൂടത്തിന്റെ പാസീവ് സമീപനം എന്ന് വിശേഷിപ്പിക്കുന്നത്.


കലാപങ്ങളില്‍ ഭരണകൂടം അര്‍പ്പിക്കുന്ന നിഴല്‍ (proxy) സമീപനമാണ് മൂന്നാമത്. മുന്‍പൊക്കെ മേല്‍പ്പറഞ്ഞവയെ കുറിച്ച് നമ്മള്‍ പലപ്പോഴും സംസാരിക്കാറുണ്ടായിരുന്നെങ്കിലും ഈയൊരു സമീപനത്തെ നമ്മള്‍ അത്ര ശ്രദ്ധിച്ചു പോന്നിരുന്നില്ല. ഇവിടെ കലാപങ്ങളില്‍ ഭരണകൂടം, പൊലീസ് നിശബ്ദകാഴ്ച്ചക്കാരായി അക്രമം കണ്ടുനില്‍ക്കുകയും, അതിനെ പ്രതിരോധിക്കുവാനോ കലാപത്തിന് തടയിടുവാനോ ശ്രമിക്കാതിരിക്കുകയും ചെയ്യുന്നു. കലാപത്തിന്റെ ഇരകളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കും മുന്‍പ് ഞാന്‍ കരുതിയിരുന്നത്, ഒരു കലാപം നടക്കുമ്പോള്‍ ഭരണകൂടത്തിന്റെ പ്രവര്‍ത്തന സംവിധാനങ്ങള്‍ തകിടം മറിയുന്നുവെന്നും, അതിനാല്‍ അവര്‍ക്ക് ഇരകളെ/ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ കഴിയാതെ വരികയും ചെയ്യുന്നുവെന്നാണ്. എന്നാല്‍, അത് അങ്ങനെയല്ല. ഭരണകൂടം നൂറ് ശതമാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഒന്നാണ്. അതിന്റെ ഓരോ അധികാരകേന്ദ്രങ്ങളും, എന്താണ് ചെയ്യേണ്ടത് എന്നും എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടത് എന്നും കൃത്യമായി അറിഞ്ഞിരിക്കുന്നു. എന്നാല്‍, ഇവിടെ സംഭവിക്കുന്നത്, ഒരു ഇര പൊലീസിനെ സംരക്ഷണത്തിനായി സമീപിക്കുമ്പോള്‍ അവര്‍ ഇരകളെ കുറ്റാരോപിതരാക്കുകയും, പിന്നീട് ഇരകളുടെ പേരില്‍ എഫ്.ഐ.ആര്‍ ചാര്‍ജ് ചെയ്യുകയും ചെയ്യുന്നു എന്നതാണ്. ഉദാഹരണത്തിന്, കലാപത്തില്‍ ഹിന്ദുത്വ തീവ്രവാദികള്‍ മദീന മസ്ജിദ് തകര്‍ത്തതിന്റെ പേരില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോയ ഒരു മനുഷ്യനെ പൊലീസ് അതേ എഫ്.ഐ.ആറില്‍ തന്നെ പ്രതിചേര്‍ക്കുകയുണ്ടായി. ഇത് ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യത്തെ സംഭവമാണ്. ഈ വിരോധാഭാസത്തെ പിന്നീട് കോടതി ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് പൊലീസ് പുതിയ എഫ്.ഐ.ആര്‍ തന്നെ തയ്യാറാക്കുന്നത്.

മറ്റൊരു സംഭവത്തില്‍, കലാപത്തില്‍ കണ്ണിനു വെടിയേറ്റതിനെ തുടര്‍ന്ന് കാഴ്ച്ച നഷ്ടപ്പെട്ടൊരു മനുഷ്യന്‍ പൊലീസിനെ സമീപിച്ചിട്ടും അവര്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായില്ല. പിന്നീട് ഹൈക്കോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്ന് മാത്രമാണ് ആ കേസ് അവര്‍ ഫയല്‍ ചെയ്യുന്നത് പോലും. ദില്ലി കലാപത്തില്‍ നടന്ന സംഭവങ്ങളാണ് ഞാന്‍ പറയുന്നത്. അതിനാല്‍, കലാപശേഷം ഞങ്ങള്‍ ഇരയായവരോട് ആദ്യം പറഞ്ഞു മനസ്സിലാക്കിയത് അവര്‍ പരാതി രേഖപ്പെടുത്തുമ്പോള്‍ കൃത്യമായും ഒരു എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യിക്കണം എന്നതാണ്. കാരണം, പൊലീസുകാര്‍ പരമാവധി കേസുകളെ ഒരു എഫ്.ഐ.ആറില്‍ ചുരുക്കാന്‍ ശ്രമിക്കും. ഉദാഹരണത്തിന്, എഴുപതോ എണ്‍പതോ വീടുകള്‍ ഒരുമിച്ച് തീവയ്ക്കപ്പെട്ട ഒരു സംഭാവമുണ്ടായാല്‍ പൊലീസ് അതിനെല്ലാം കൂടി ഒരൊറ്റ എഫ്.ഐ.ആര്‍ ആയിരിക്കും ഫയല്‍ ചെയ്യുന്നുണ്ടാകുക. പിന്നീട് കോടതി അതിനെ ചോദ്യം ചെയ്താല്‍ അത്രയും കേസുകളില്‍ എഫ്.ഐ.ആര്‍ രേഖപ്പെടുത്തുവാനുള്ള സംവിധാനം തങ്ങള്‍ക്കില്ല എന്ന് പറഞ്ഞ് പൊലീസുകാര്‍ കൈമലര്‍ത്തും.

ഇവിടെ നടക്കുന്ന മറ്റൊരു കാര്യം, കുറ്റവാളിയാക്കപ്പെടുന്നത് ഒരു ഹിന്ദു ആണെങ്കില്‍ അയാളുടെ പേരില്‍ നിസ്സാരമായ വകുപ്പുകള്‍ ചുമത്തിയായിരിക്കും കേസ് ചാര്‍ജ് ചെയ്യുക. അതിനാല്‍ അയാള്‍ക്ക് പിന്നീട് എളുപ്പത്തില്‍ ജാമ്യം ലഭിച്ച് കേസില്‍ നിന്ന് ഊരിപ്പോരാന്‍ സാധിക്കുന്നു. കുറ്റവാളിയാക്കപ്പെടുന്നത് ഒരു മുസ്‌ലിം ആണെങ്കില്‍ അയാളുടെ പേരില്‍ പരമാവധി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമായിരിക്കും കേസ് ചാര്‍ജ് ചെയ്യപ്പെടുക - സെക്ഷന്‍ 302, 307, Arms Act പോലെയുള്ളവ. ഓരോ ന്യൂനപക്ഷവിരുദ്ധ കലാപങ്ങളിലും മുസ്‌ലിംകളായിരിക്കും ആദ്യദിനം മുതല്‍ ഭരണകൂടത്തിന്റെ സംരക്ഷണത്തിനായി കാത്തിരിക്കേണ്ടി വരിക. എന്നാല്‍, അത് ലഭിക്കാതെയാകുമ്പോള്‍ അവര്‍ക്ക് സ്വയം അവരുടെയും അവരുടെ കുടുംബത്തിന്റെയും ജീവനെ സംരക്ഷിക്കേണ്ട ചുമതല വരുന്നു. അങ്ങനെ കലാപത്തില്‍ അവരും പങ്കാളികളാക്കപ്പെടുന്നു. ഷാഹ്‌റൂഖ് പത്താന്റെ കേസ് അതിലൊരു ഉദാഹരണം മാത്രമാണ്. അയാളെപ്പോലെ നൂറു കണക്കിന് മനുഷ്യര്‍ ഇന്ന് ജയിലിലുണ്ട്. ഇതിനെയാണ് ഞാന്‍ കലാപത്തില്‍ ഭരണകൂടത്തിന്റെ നിഴല്‍ സമീപനം എന്ന് വിശേഷിപ്പിക്കുന്നത്. എനിക്കുറപ്പാണ് 1992'ലെ ബോംബെയിലും 2002'ലെ ഗുജറാത്തിലും 2013'ലെ മുസാഫര്‍നഗറിലും ഇപ്പോള്‍ 2020'ലെ ദില്ലിയിലും പിന്നെ നൂറ് കണക്കിന് മറ്റവസരങ്ങളിലുമൊക്കെ ഭരണകൂടം മുസ്‌ലിംകള്‍ക്കെതിരെ ഇത്തരം സമീപനം സ്വീകരിച്ച് പോന്നിട്ടുണ്ട്. എന്നെ അത്ഭുതപ്പെടുത്തുന്ന കാര്യം, 2002 ഗുജറാത്ത് കലാപത്തെ തുടര്‍ന്ന് അതില്‍ ഭരണകൂടത്തിന്റെ പങ്ക് വെളിവായപ്പോള്‍ ഒരു രാജ്യമെന്ന നിലയ്ക്ക് നമുക്കൊരു നാണം ഉണ്ടായിരുന്നു. അതില്‍ കുറ്റവാളികളെന്ന് പിന്നീട് കണ്ടെത്തപ്പെട്ട പൊലീസുകാര്‍ക്കും അതില്‍ ലജ്ജ തോന്നിയിരുന്നു. എന്നാല്‍, ഇന്ന് തീര്‍ത്തും നാണമില്ലാതെയാണ് ഭരണകൂട സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അവര്‍ നിരപരാധികളെ തുറങ്കിലടയ്ക്കുന്നു - ഷര്‍ജീല്‍ ഇമാമും, ഉമര്‍ ഖാലിദും അറസ്റ്റ് ചെയ്യപ്പെട്ട മറ്റു പതിനേഴ് പേരും ഉദാഹരണങ്ങള്‍ മാത്രമാണ്. ഗുജറാത്ത് കലാപത്തിന് ശേഷം പോലും മുസ്‌ലിംകള്‍ക്കെതിരെ കലാപം അഴിച്ചുവിട്ട ഹിന്ദുത്വ അക്രമകാരികള്‍ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്യുകയും അവര്‍ക്ക് വിചാരണ നേരിടേണ്ടി വരികയും ചെയ്തിരുന്നു. എന്നാല്‍, ഇപ്പോള്‍ അവര്‍ നിരപരാധികളായ മുസ്‌ലിംകളെയും, മുസ്‌ലിം സാമൂഹ്യ പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്ത് നീക്കുന്നു. ഇത് ഭരണകൂടത്തിന്റെ അത്യന്തം വര്‍ഗീയവും പരിതാപകാരവുമായ പ്രവൃത്തിയാണ്.

നമ്മുടെ ഭരണകൂട-ജനാധിപത്യ സംവിധാനം പാശ്ചാത്യ രാജ്യങ്ങളുടെ രാഷ്ട്രീയപശ്ചാത്തലത്തില്‍ നിന്നും വിഭിന്നമായ ഒരു സാഹചര്യത്തില്‍ വികസിച്ച് വന്ന ഒന്നാണ്. അതില്‍ ജാതീയതയും വര്‍ഗീയതയും വലിയ തോതില്‍ നിലീനമായിരിക്കുന്നുവെന്ന് ചരിത്രത്തില്‍ നിന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയും. സ്വാതന്ത്ര്യാനന്തരം മുസ്‌ലിംകളും ദലിതരും ഭരണകൂടത്തില്‍ നിന്ന് തന്നെ പലപ്പോഴായി നേരിടേണ്ടി വന്നിട്ടുള്ള വിവേചനപരമായ, അക്രമോത്സുകമായ സമീപനങ്ങള്‍ ഇതിനു തെളിവാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ഭരണകൂട വ്യവസ്ഥിതിക്കുകീഴില്‍ മുസ്‌ലിം അവകാശങ്ങള്‍ സംരക്ഷിക്കുകയും ഉറപ്പുവരുത്തുകയും ചെയ്യുക എത്രത്തോളം സാധ്യമായിരിക്കും, അല്ലെങ്കില്‍ അസാധ്യമായിരിക്കും?

ഇതിനെ നമ്മള്‍ സമഗ്രമായി മനസ്സിലാക്കേണ്ടതുണ്ട്. ഭരണകൂട വ്യവസ്ഥിതി ഒരു യന്ത്രസംവിധാനമാണ്. അതിനെ ഉപയോഗിക്കുകയും നിയന്ത്രിക്കുകയും ദൂഷ്യലക്ഷ്യങ്ങള്‍ ആണ് ഉള്ളതെങ്കില്‍ അത് തീര്‍ച്ചയായും ആ യന്ത്രത്തിന്റെ പ്രവര്‍ത്തനത്തെയും ബാധിക്കും. എങ്കില്‍ തന്നെയും അത് യന്ത്രത്തിന്റെ പ്രശ്‌നമാണ് എന്ന് കരുതാന്‍ കഴിയില്ല. മാറേണ്ടത് അതിനെ നിയന്ത്രിക്കുന്നവരാണ്. അതുകൊണ്ട് തന്നെ മുസ്‌ലിംകള്‍ ഭരണകൂട വ്യവസ്ഥിതിക്ക് ഉള്ളില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഫലമുണ്ടാകൂ എന്നാണ് എന്റെ അഭിപ്രായം.

തീര്‍ച്ചയായും അത് നേടിയെടുക്കാന്‍ പ്രയാസകരമായ ഒരു ലക്ഷ്യം തന്നെ. അംബേദ്കര്‍ ഗാന്ധിയുമായി ചേര്‍ന്ന് നടത്തിയ പൂനാ ഉടമ്പടിയെകുറിച്ച് നിങ്ങള്‍ക്കറിയാമല്ലോ. അംബേദ്കര്‍ ഗാന്ധിയോടും അദ്ദേഹം പ്രതിനിധീകരിക്കുന്ന കോണ്‍ഗ്രസിനോടും അന്ന് ആവശ്യപ്പെട്ടത് ദലിതര്‍ക്ക് രാഷ്ട്രീയ പ്രാതിനിധ്യം നല്‍കുവാനാണ്. കൃത്യമായ രാഷ്ട്രീയ പ്രാതിനിധ്യം നേടിയെടുക്കുന്നതിലൂടെ തങ്ങള്‍ക്ക് സാമൂഹികവും, സാമ്പത്തികവും, വിദ്യാഭ്യാസപരവുമായ അവകാശങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കും എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. മുസ്‌ലിംകളുടെ കാര്യവും അങ്ങനെ തന്നെ. നമ്മുടെ ഭരണകൂടത്തിനുള്ളില്‍ ജാതീയതയും വര്‍ഗീയതയും പ്രവര്‍ത്തിക്കുന്നുവെന്നത് ശരി തന്നെ. എന്നാല്‍, ഇവിടെ പ്രാധാന്യം അര്‍ഹിക്കുന്നത് സ്റ്റേറ്റിന്റെ ശരീരമാണ്. അത് നമ്മുടെ ഭരണഘടനയാണ്. നമ്മള്‍ ചോദിക്കേണ്ടത് കഴിഞ്ഞ എഴുപതിലധികം വര്‍ഷമായിട്ടും ഭരണഘടനയുടെ മൂല്യങ്ങള്‍ എന്തുകൊണ്ട് ഭരണകൂടത്തിന്റെ പ്രവൃത്തിയില്‍ പ്രതിഫലിക്കുന്നില്ല എന്നതിനെ കുറിച്ചാണ്. ആവശ്യപ്പെടേണ്ടത് മുസ്‌ലിം സമുദായത്തിന് ജനസംഖ്യാനുപാതികമായ പ്രാതിനിധ്യാവകാശമാണ്. തെരഞ്ഞെടുപ്പ് മണ്ഡലങ്ങളുടെ പുനഃക്രമീകരണപ്രക്രിയ (Constituency Delimitation) ജുഡീഷ്യറിയുടെ മേല്‍നോട്ടത്തിന് പുറത്ത് നില്‍ക്കുന്നു എന്നത് ചോദ്യം ചെയ്യപ്പെടണം. എന്തുകൊണ്ട് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 340 മുസ്‌ലിംകള്‍ക്ക് എസ്.സി പരിഗണന നല്‍കുന്നില്ല എന്നത് ചര്‍ച്ച ചെയ്യപ്പെടണം. കാരണം, റിസര്‍വേഷന് അടിസ്ഥാനമായി ഭരണഘടന നിര്‍ദേശിക്കുന്നത് ഒരു സമുദായത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ പിന്നോക്കാവസ്ഥയാണ്. മതപരിവര്‍ത്തനം നടത്തിയെന്നതുകൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയവ്യവഹാരത്തില്‍ ഒരാളുടെ സാമൂഹികനിലവാരത്തില്‍ മാറ്റം വരുന്നില്ല എന്നത് യാഥാര്‍ഥ്യമാണ്. ഇത്തരം കാര്യങ്ങളാണ് ഒരു രാഷ്ട്രീയസമൂഹമെന്ന നിലയ്ക്ക് നമ്മള്‍ ചര്‍ച്ചയില്‍ കൊണ്ടുവരേണ്ടത്. അത് വ്യവസ്ഥിതിക്ക് ഉള്ളില്‍ നിന്നുകൊണ്ട് മാത്രമേ സാധിക്കുകയുമുള്ളൂ.

മുസ്‌ലിം വിരുദ്ധ കലാപങ്ങളില്‍ പലപ്പോഴും സംഘ്പരിവാര്‍ അവരുടെ അക്രമ ഉപകരണമാക്കി മാറ്റുന്നത് ദലിത് സമുദായത്തെയാണ്. ഗുജറാത്ത് കലാപത്തില്‍ മുസ്‌ലിംകള്‍ക്കെതിരെ കലാപം നടത്തിയവരില്‍ നല്ലൊരു വിഭാഗവും ദലിത് സമുദായങ്ങളില്‍ നിന്നുള്ളവരായിരുന്നു. എന്നാല്‍, മോദി ഭരണകാലത്ത് ദലിതര്‍ക്കെതിരെ അരങ്ങേറിയ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ അവരുടെ രാഷ്ട്രീയ സംഘടനകള്‍ ബി.ജെ.പിയില്‍ നിന്നും അകലുന്നതായാണ് മനസ്സിലാക്കുന്നത്. ദില്ലിയിലെ പൗരത്വബില്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ ആകട്ടെ ദലിത് സംഘടനകള്‍ മുസ്‌ലിം സമുദായത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കാഴ്ചയും കാണുന്നു. ദലിതരുടെ ഈ രാഷ്ട്രീയ സമീപനത്തിന്റെ മാറ്റത്തെ എങ്ങനെയാണ് മനസ്സിലാക്കേണ്ടത്?

ഗുജറാത്തില്‍ മുസ്‌ലിംകള്‍ക്കെതിരെ അക്രമം നടത്തിയവരിലില്‍ ഹിന്ദുത്വവത്കരിക്കപ്പെട്ട എസ്.സി-എസ്.ടി സമുദായക്കാരുടെ പങ്ക് വലുതാണ് എന്നത് ശരിയാണ്. അവരില്‍ അധികവും എസ്.ടി സമുദായക്കാര്‍ ആയിരുന്നു എന്നതാണ് വാസ്തവവും. എന്നാല്‍, ഡല്‍ഹി കലാപത്തില്‍ അതിനു നേര്‍വിപരീതമായിരുന്നു കാര്യങ്ങള്‍. ഇവിടെ കലാപം നടത്തിയതില്‍ ദലിതര്‍ക്ക് യാതൊരു പങ്കുമില്ല. കലാപകാരികള്‍ ഒ.ബി.സി വിഭാഗത്തില്‍ പെട്ട ഗുര്‍ജാര്‍ സമുദായക്കാരായിരുന്നു. പൗരത്വബില്‍ വിരുദ്ധപ്രക്ഷോഭത്തില്‍ ദലിതരും മുസ്‌ലിംകളും ഒരേ വേദിയിലായിരുന്നു എന്നതാണ് യാഥാര്‍ഥ്യം. കലാപത്തിന്റെ മുഖ്യകേന്ദ്രമായ ജാഫറാബാദ് എന്ന സ്ഥലം തന്നെയെടുക്കാം. കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് എസ്.സി വിഭാഗക്കാര്‍ക്കുള്ള റിസര്‍വേഷന്‍ സമ്പ്രദായത്തെ അട്ടിമറിച്ചുകൊണ്ടുള്ള സര്‍ക്കാരിന്റെ ഉത്തരവിനെതിരെ ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തില്‍ ഇവിടെ ദലിത് പ്രക്ഷോഭം നടക്കുന്നത്. മുസ്‌ലിംകള്‍ യാതൊരു വിധത്തിലും ബന്ധപ്പെട്ടിട്ടുള്ള വിഷയമല്ലാതിരുന്നിട്ട് പോലും അവര്‍ ദലിത് സമുദായത്തോടൊപ്പം സമരത്തില്‍ പങ്കുചേര്‍ന്നു. പൗരത്വബില്‍ വിരുദ്ധ പ്രക്ഷോഭത്തിലും സമാനമായ തരത്തില്‍ ദലിത് നേതാക്കള്‍ വന്ന് പങ്കെടുക്കുകയും, സമരവേദിയില്‍ പ്രസംഗിക്കുകയും ചെയ്തു. ദല്‍ഹി ജുമാ മസ്ജിദില്‍ നിന്നും ഇന്ത്യന്‍ ഭരണഘടനയുമായി

മുസ്‌ലിംകള്‍ക്കിടയിലൂടെ ഇറങ്ങി വന്ന ചന്ദ്രശേഖര്‍ ആസാദിനെ നമ്മള്‍ കണ്ടതാണല്ലോ. ദലിതരും മുസ്‌ലിംകളും സമുദായമെന്ന നിലയ്ക്ക് തന്നെ അത്തരമൊരു സൗഹൃദം ഉടലെടുത്തിരുന്നു. ഞാന്‍ പലയിടത്തും കേള്‍ക്കാറുള്ളതാണ് 'ഹിന്ദു-മുസ്‌ലിം-ഭായ് ഭായ്' എന്നൊരു മുദ്രാവാക്യം. അത് അത്യന്തം പ്രശ്‌നകാരമായൊരു മുദ്രാവാക്യമായാണ് എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്. കാരണം, 'ഹിന്ദു' എന്നൊരു സമുദായം തന്നെ നിലനില്‍ക്കുന്നില്ല. അത് ഒരുപാട് വത്യസ്തതകളുള്ള പലതരം സമുദായങ്ങളെ ഒന്നിച്ചു ചേര്‍ത്ത് ബ്രാഹ്മണ്യ പ്രത്യയശാസ്ത്രത്താല്‍ നിര്‍മ്മിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സമുദായമാണ്. അതിനുള്ളില്‍ ബ്രാഹ്മണ്യവിവേചനം നേരിടുന്ന ഒരുപാട് സമുദായങ്ങള്‍ അടങ്ങിയിരിക്കുന്നു. അതിലെ ഒരു വലിയ വിഭാഗം ദലിതരാണ്.


ദലിത്-മുസ്‌ലിം സമുദായങ്ങള്‍ ഒരേ ബ്രാഹ്മണ്യ പ്രത്യയശാസ്ത്രത്താല്‍ അടിച്ചമര്‍ത്തപ്പെട്ടവരാണ്. മുസ്‌ലിം പ്രശ്‌നം കഴിഞ്ഞ ഒരു നൂറ്റാണ്ടിനുള്ളില്‍ ഉടലെടുത്തതാണെങ്കില്‍ ദലിത് പ്രശ്‌നമാകട്ടെ ഒരായിരം വര്‍ഷങ്ങളുടെ പഴക്കമുള്ളതാണ്. അതിനാല്‍ തന്നെ ദലിത് പ്രസ്ഥാനങ്ങളുടെ ഏറ്റവും മികച്ച ചങ്ങാതിയും മുസ്‌ലിം സമുദായം തന്നെയായിരിക്കും. ഒരു ദലിതനോടൊപ്പം ഭക്ഷണം കഴിക്കുന്നതിനോ, അയാളോട് ഭക്ഷണ പാത്രങ്ങള്‍ പങ്കുവെയ്ക്കുന്നതിനോ ഒരു ബ്രാഹ്മണ്യ-ഹിന്ദുവിന് പ്രശ്‌നമുണ്ടാകും. എന്നാല്‍, ഏത് തരത്തിലുള്ള വിവേചനത്തിനും ഇസ്‌ലാം എതിരാണ്. അയാളോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുവാന്‍ ഒരു മുസ്‌ലിമിനും പ്രയാസമില്ല. എന്റെ അഭിപ്രായത്തില്‍ അടിച്ചമര്‍ത്തപ്പെട്ട എല്ലാ സമുദായങ്ങളും ഹിന്ദുത്വ-ബ്രാഹ്മണ്യ പ്രത്യയശാസ്ത്രത്തിനെതിരെ ഒരുമിക്കേണ്ടതുണ്ട്.

അതില്‍ നിങ്ങള്‍ക്ക് പ്രതീക്ഷയുണ്ടോ?

എനിക്ക് വളരെ അധികം പ്രതീക്ഷയുണ്ട്.

ഞാന്‍ പഞ്ചാബില്‍ നിന്നാണ് വരുന്നത്. നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ മുസ്‌ലിം കൂട്ടക്കൊലയ്ക്ക് ഇടമായൊരു സംസ്ഥാനമാണ് അത്. വിഭജനകാലത്ത് അവിടുത്തെ സിഖ് സമുദായത്തിനും മുസ്‌ലിംകളുടെ ഭാഗത്ത് നിന്നും വലിയ അക്രമങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. മാത്രമല്ല, ചരിത്രപരമായി നോക്കിയാല്‍ മുഗള്‍ സാമ്രാജ്യത്തില്‍ നിന്നും വലിയ മതപീഡനങ്ങള്‍ നേരിടേണ്ടി വരികയും, അതിനോട് ചെറുത്തുനില്‍പ്പുകള്‍ നടത്തേണ്ടി വരികയും ചെയ്‌തൊരു സമുദായമാണ് അവര്‍. എങ്കിലും, പൗരത്വാബില്‍ വിരുദ്ധ പ്രക്ഷോഭമാകട്ടെ, ദില്ലി കലാപത്തിലാകട്ടെ, മുസ്‌ലിംകളെ പിന്തുണച്ചുകൊണ്ട് പരസ്യമായി രംഗത്തുവന്നവരാണ് സിഖ് സമുദായവും. ഈ രണ്ടു സമുദായങ്ങളും തമ്മിലുള്ള ബന്ധത്തെ ഒന്ന് നിര്‍വചിക്കാമോ?

1984'ല്‍ രാജ്യത്ത് സിഖ് വിരുദ്ധ കലാപം നടന്നപ്പോള്‍ അവര്‍ക്ക് സഹായത്തിനായി ഏറ്റവും മുന്‍പന്തിയില്‍ ഉണ്ടായിരുന്നത് മുസ്‌ലിം സമുദായമായിരുന്നു. അന്ന് മുസ്‌ലിംകള്‍ അവരെ കലാപത്തില്‍ നിന്നും സംരക്ഷിച്ചു നിര്‍ത്തിയതിന്റെയും വീടുകളില്‍ ഒളിപ്പിച്ചതിന്റെയുമൊക്കെ കഥകള്‍ എന്റെ പിതാവ് എന്നോട് പറഞ്ഞു തരുന്നത് ഞാന്‍ ഓര്‍ക്കുന്നു. ഭരണഘടനയുടെ ആര്‍ട്ടിക്കില്‍ 25'ല്‍ സിഖ് സമുദായത്തെ ഒരു ഹിന്ദു വിഭാഗമായി നിര്‍ലജ്ജം രേഖപ്പെടുത്തിയിരിക്കുന്നു. സിഖ് സമുദായം യാദൃശ്ചികമായി പോലും, ഒരുതരത്തിലുള്ള നിര്‍വചനത്തിലും ഹിന്ദു സമുദായത്തിന്റെ ഭാഗമാകുന്ന ഒന്നല്ല. എന്നിട്ടും അവരെ ഹിന്ദു സമുദായത്തോട് ചേര്‍ത്ത് നിര്‍ത്തുന്നതിന്റെ ഉദ്ദേശ്യം അവരെ നിയന്ത്രിക്കുന്നതിനും അച്ചിലിടുന്നതിനും വേണ്ടി മാത്രമാണ്. സിഖ് മതക്കാര്‍ ഇന്നത് തിരിച്ചറിഞ്ഞിരിക്കുന്നു. കര്‍ഷക ബില്‍ അവരെ ഹിന്ദുത്വവാദികളില്‍ നിന്നും പാടേ അകറ്റിയിരിക്കുന്നു. ഹിന്ദുത്വപ്രത്യയശാസ്ത്രത്തിന്റെ ലക്ഷ്യം അതിനാല്‍ തന്നെ മുസ്‌ലിംകള്‍ക്കെതിരെ മാത്രമല്ല. അതെന്ത് അല്ലയോ, അതിനെല്ലാമെതിരെയാണ്. വാസ്തവത്തില്‍ ഇത്തരമൊരു അക്രമം - 'ഹിന്ദുത്വം അല്ലാത്തത് എന്തൊക്കെയോ'- അവരെയെല്ലാം ഹിന്ദുത്വത്തിനെതിരെ ഒന്നിപ്പിക്കുകയും ചെയ്യുന്നുണ്ട്.

ഗുജറാത്ത് കലാപത്തില്‍ ഇരകളായ മുസ്‌ലിം ജനതയുടെ ക്യാമ്പുകള്‍ സന്ദര്‍ശിച്ച ശേഷം ഹര്‍ഷ് മന്ദര്‍ ഒരു ലേഖനം എഴുതിയിരുന്നു. അതില്‍ അദ്ദേഹം പറയുന്നത് മുസ്‌ലിം ക്യാമ്പുകളുടെയൊക്കെയും നടത്തിപ്പുകാരും, അതിന് നേതൃത്വം വഹിക്കുന്നവരും മുസ്‌ലിം സംഘടനകളും, സാമുദായിക നേതാക്കളും മാത്രമാണെന്നും, ഒരു രാജ്യമെന്ന നിലയ്ക്ക് ഇതില്‍ നമുക്ക് നാണം തോന്നേണ്ടതുണ്ട് എന്നുമായിരുന്നു?

ഇവിടെയും സമാനമായ അവസ്ഥ തന്നെയായിരുന്നു. മൂന്നാഴ്ചക്കാലം ആയിരുന്നു കലാപത്തിന് ഇരയാക്കപ്പെട്ട മുസ്ലിംകള്‍ ക്യാമ്പുകളില്‍ കഴിഞ്ഞിരുന്നത്. ഞാന്‍ ഉറപ്പിച്ച് പറയട്ടെ ഏതാണ്ട് തൊണ്ണൂറ് ശതമാനം ക്യാമ്പുകളുടെയും നടത്തിപ്പുകാര്‍ മുസ്ലിം സംഘടനകള്‍ തന്നെ ആയിരുന്നു. പിന്നെയുള്ളത് സിഖ് സമുദായത്തിന്റേതായിരുന്നു. എട്ടു ദിവസങ്ങള്‍ക്ക് ശേഷമാണ് സ്റ്റേറ്റ് ഒരു പ്രശ്നപരിഹാര കമ്മിറ്റിയെ അയക്കുന്നത്. എന്നാല്‍, അവര്‍ ആവശ്യമുള്ള റേഷനോ, മെഡിക്കല്‍ സഹായമോ എത്തിച്ചിരുന്നില്ല. അന്‍പത്തിരണ്ട് പേരാണ് ധര്‍ണ കുമാരന്‍ എന്നറിയപ്പെടുന്ന അരവിന്ദ് കെജ്രിവാളിനെ കണ്ട് തങ്ങളുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ അയാളുടെ വസതിയിലേക്ക് പോയത്. ഇവരില്‍ പലരും എന്റെ സുഹൃത്തുക്കള്‍ തന്നെയാണ്. എന്നാല്‍, കെജ്രിവാല്‍ തന്റെ വസതിക്ക് പുറത്തേക്ക് ഇറങ്ങി വരാന്‍ പോലും തയ്യാറായില്ല. മാത്രമല്ല, ഈ അന്‍പത്തിരണ്ട് പേരെയും പൊലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിച്ചു. പൊലീസുകാര്‍ രാത്രി മുഴുവന്‍ ഇവരെ മര്‍ദിച്ചു. അവര്‍ ചെയ്ത ഒരേയൊരു തെറ്റ് തങ്ങളുടെ മുഖ്യമന്ത്രിയെ കാണാന്‍ പോയി എന്നത് മാത്രമായിരുന്നു.

കലാപത്തിന് ഇരയായി ക്യാമ്പുകളില്‍ അഭയം തേടുന്നവര്‍ക്ക് പിന്നീട് അവരുടെ സാധാരണ ജീവിതം പുനരാരംഭിക്കുക പ്രയാസകരമായ ഒരു കാര്യമായാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ഒന്നാമതായി സമൂഹത്തില്‍ നിന്നും അത്രത്തോളം അന്യവത്കരണം നേരിടേണ്ടി വന്ന ഒരു കൂട്ടര്‍ക്ക് പൊടുന്നനെ സമൂഹത്തിലേക്ക് തന്നെ മടങ്ങിച്ചെല്ലുക എന്നത് അസാധ്യമായിരിക്കുകയും, രണ്ടാമതായി ക്യാമ്പിന്റെ സുരക്ഷിതത്വത്തില്‍ നിന്ന് പുറത്ത് കടക്കാനുള്ള വൈമുഖ്യം അവര്‍ക്കുണ്ടാകുകയും ചെയ്യും. ഇത്തരമൊരു പ്രതിസന്ധിയെ താങ്കളുടേത് പോലെയുള്ള സംഘടനകള്‍ എങ്ങനെ മറികടക്കും?

കലാപത്തിന് ഇരയായവരെ ക്യാമ്പുകളില്‍ പാര്‍പ്പിക്കുന്നതിന് തുടക്കം മുതല്‍ തന്നെ ഞങ്ങള്‍ എതിരായിരുന്നു. ക്യാമ്പ് എന്നതും ഒരുതരത്തില്‍ പറഞ്ഞാല്‍ ചേരിവത്കരണം (Ghettoization) തന്നെയാണ്. അതിന് ഒരു കാലാവധി ഉണ്ടാകില്ല. ക്യാമ്പില്‍ താങ്ങുന്നവര്‍ പിന്നീട് അവരുടെ വീടുകളിലേക്ക് പോകുകയോ പോകാതെയിരിക്കുകയോ ചെയ്യാം. കലാപത്തിന് ശേഷം മറ്റു സംഘടനകളുടെ ആദ്യ ലക്ഷ്യം ഈദ് ഗാഹില്‍ ക്യാമ്പ് ആരംഭിക്കുക എന്നതായിരുന്നു. ഇത് തീര്‍ത്തും അനാവശ്യമായ കാര്യമാണെന്ന് ഞാന്‍ അവരോടു പറഞ്ഞു. ഒരു ഭരണകൂടത്തിന് കീഴില്‍ അക്രമത്തിന് ഇരയായ അവരുടെ പൗരന്മാരെ നമ്മള്‍ എന്തിന് ഒരു മതസ്ഥാപനത്തിനുള്ളില്‍ താമസിപ്പിക്കണം? ദില്ലി സര്‍ക്കാരിന്റെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്തു തന്നെ അവരെ പാര്‍പ്പിക്കണം എന്നായിരുന്നു എന്റെ അഭിപ്രായം. എന്നാല്‍, അവര്‍ അതുകേട്ടില്ല. അവര്‍ പള്ളിയില്‍ തന്നെ ക്യാമ്പ് പണിഞ്ഞു. പിന്നീട് കോവിഡ് ആരംഭിച്ചപ്പോള്‍ അവ പൂട്ടുകയും ചെയ്തു. അതിനാല്‍ ക്യാമ്പ് നിര്‍മിക്കുന്നതിനോട് ഞങ്ങള്‍ക്ക് ഒരുതരത്തിലും സമരസപ്പെടാന്‍ കഴിയുമായിരുന്നില്ല. ഞങ്ങള്‍ ആദ്യം ചെയ്തത് മുന്‍ഗണനാക്രമത്തില്‍ ഇരകളുടെ ഒരു പട്ടിക തയ്യാറാക്കുകയാണ്. അവരെ ഞങ്ങള്‍ എല്ലാ വിധ ആവശ്യസാമഗ്രികളോടെയും മൂന്ന് മാസത്തേക്ക് ഓരോ വീടുകളില്‍ വാടകയ്ക്ക് താമസിപ്പിച്ചു. ഒരു വലിയ ദുരന്തത്തില്‍ നിന്നും കരകയറി എത്തിയിരിക്കുന്ന അവര്‍ക്ക് ആദ്യമാസം വിശ്രമം ആവശ്യമായിരുന്നു. എന്നാല്‍, അടുത്ത രണ്ടുമാസങ്ങള്‍ കൊണ്ട് സ്വന്തമായി ഒരു തൊഴില്‍ കണ്ടെത്തുവാനോ, കച്ചവടം ആരംഭിക്കുവാനോ ഞങ്ങള്‍ പറഞ്ഞു. ഇത് ക്യാമ്പുകള്‍ക്കില്ലാത്ത തരം കാലാവധിയാണ്. അതോടെ സ്വന്തം ജീവിത ഉത്തരവാദിത്തം അവര്‍ തന്നെ നിറവേറ്റി തുടങ്ങുകയും ചെയ്യുന്നു. ഞങ്ങളോടൊപ്പം ഉണ്ടായിരുന്നവര്‍ കേവലം മൂന്നാഴ്ച കാലം മാത്രമാണ് ക്യാമ്പുകളില്‍ ഉണ്ടായിരുന്നത്. ക്യാമ്പുവത്കരണം എന്നത് ഇരകളോടുള്ള മറ്റൊരു അക്രമമാണ്.

കലാപത്തിന് ശേഷം ഗുജറാത്തില്‍ സംഭവിച്ച ജനസംഖ്യാപരമായ മാറ്റം (പിന്നീട് 'Constituency delimitation' നെ തുടര്‍ന്നും) ഗുജറാത്തിന്റെ തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് സഹായകമായിട്ടുണ്ട് എന്ന് വായിച്ചറിഞ്ഞിട്ടുണ്ട്. ഇത്തരത്തില്‍ പലപ്പോഴും ഭരണകൂടം കൂടി ഉള്‍പ്പെടുന്ന കലാപങ്ങളില്‍ അതിനെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ പങ്ക് ദില്ലി കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഒന്ന് വിശദീകരിക്കാമോ?

നിങ്ങള്‍ പറഞ്ഞത് വളരെ ശരിയാണ്. നമ്മള്‍ കലാപങ്ങളുടെ കാര്യം പറയുമ്പോള്‍ പലപ്പോഴും വിട്ടുകളയുന്ന ഒരു കാര്യമാണ് അത്. ദില്ലി കലാപത്തില്‍ ഏറ്റവുമധികം നാശനഷ്ടം സംഭവിച്ച ഒരു ഇടമാണ് ശിവ് വിഹാര്‍ എന്ന സ്ഥലം. ഏറ്റവും അധികം മുസ്‌ലിം വീടുകള്‍ തകര്‍ക്കപ്പെട്ടതും, മുസ്‌ലിംകള്‍ക്ക് പാലായനം ചെയ്യേണ്ടി വന്നിരുന്നതും ഇവിടെ നിന്നാണ്. ഇവിടെ കലാപം ഇത്ര തീവ്രമായി നടക്കാന്‍ മറ്റൊരു കാരണം കൂടിയുണ്ട് എന്ന് ഞാന്‍ പിന്നീട് മനസ്സിലാക്കി. ദില്ലി തെരഞ്ഞെടുപ്പില്‍ ശിവ് വിഹാറും, അതിനോട് ചേര്‍ന്നുള്ള മുസ്റ്റാഫാബാദ് എന്ന പ്രദേശവും ചേര്‍ന്നാണ് ഒരു മണ്ഡലം ഉണ്ടാകുന്നത്. ശിവ് വിഹാറിന് പുറത്ത് മുസ്‌ലിം ചേരി പ്രദേശമാണ്. മുസ്തഫാബാദില്‍ ശിവ് വിഹാറിനെ അപേക്ഷിച്ച് ചിലവേറിയ പ്രദേശമായതിനാല്‍ ഈ ചേരികളില്‍ നിന്നുള്ള മുസ്‌ലിംകള്‍ കുറേപേര്‍ ശിവ് വിഹാറിലേക്ക് കുടിയേറി പാര്‍ക്കാന്‍ തുടങ്ങിയിരുന്നു. ഇത് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇവിടെ ജനസംഖ്യാപരമായ മാറ്റം വരുത്തിയിട്ടുണ്ട്. ഈ മാറ്റമാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഈ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് ജയിച്ചു പോരുകയായിരുന്ന മുന്‍ പ്രാദേശിക എം.എല്‍.എയെ ഇത്തവണ (2020'ല്‍) തോല്‍പ്പിച്ചു കളഞ്ഞത്. താന്‍ നേരിട്ട തോല്‍വിയെ തുടര്‍ന്ന് അയാള്‍ തന്നെ നേരിട്ട് കലാപത്തിന് നേതൃത്വം നല്‍കുകയും ചെയ്തു. ഈ മണ്ഡലത്തില്‍ നിന്നും മുസ്‌ലിംകളെ പേടിപ്പിച്ചു തുരത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഈ കലാപത്തില്‍ ഭരണകൂടവും ഉത്തരവാദികളാണ് എന്ന് തന്നെയാണ് ഞാന്‍ പറയുന്നത്.

ഒന്നാലോചിച്ചു നോക്കൂ, രാജ്യതലസ്ഥാനത്ത് വെറും ഏഴ് കി.മീ വ്യാപ്തിയില്‍ നടന്ന ഒരു കലാപം ഏഴു ദിവസമായി നടന്നുപോയി എന്നത് ഭരണകൂടത്തിന്റെ ലക്ഷ്യമാണ് വെളിവാക്കുന്നത്. അതുകൊണ്ട് തന്നെ, കലാപത്തിനിരയായ മനുഷ്യരെ അവരുടെ വീടുകളിലേക്ക് തന്നെ പുനരധിവസിപ്പിക്കുകയായിരുന്നു ഞങ്ങളുടെ പ്രധാന ലക്ഷ്യവും. എന്നാല്‍, ഇത് പ്രയാസകരമായ ഒരു ദൗത്യമായിരുന്നു. കലാപം കെട്ടടങ്ങിയശേഷം ശിവ് വിഹാറിലെ മുഴുവന്‍ മുസ്‌ലിംകളും ഞങ്ങളോടൊപ്പം ഇരുന്നു. ഇവരില്‍ കൂടുതല്‍ പേരും തിരിച്ച് പോകാന്‍ തയ്യാറായിരുന്നില്ല. പത്ത് പതിനഞ്ചു കുടുംബങ്ങള്‍ അതിനോടകം തന്നെ അവരുടെ വീടുകള്‍ മറ്റ് ഹിന്ദു കുടുംബങ്ങള്‍ക്ക് വിട്ട് പുറത്തേക്ക് പാലായനം ചെയ്യുകയും ചെയ്തിരുന്നു. ഞങ്ങളോടൊപ്പം ഇരുന്നവരോടെല്ലാം ഞാന്‍ പറഞ്ഞത് അവര്‍ ശിവ് വിഹാറിലേക്ക് തന്നെ തിരികെ മടങ്ങി പോകണമെന്നാണ്. മുസ്‌ലിംകളെ ഒരു പ്രദേശത്ത് നിന്നും ഓടിക്കണമെങ്കില്‍ ഇതുപോലെയൊരു കലാപം നടത്തി അവരെ ഭയപ്പെടുത്തിയാല്‍ മാത്രം മതി എന്നൊരു ആശയവും വിശ്വാസവും സംഘ്പരിവാറിനും ഭരണകൂടത്തിനും നമ്മള്‍ നല്‍കാന്‍ പാടില്ല. എങ്കിലും ഇരകളുടെ ഉത്കണ്ഠയും ഞങ്ങള്‍ക്ക് കണക്കിലെടുക്കേണ്ടി വന്നിരുന്നു. അതിനാല്‍ ശിവ് വിഹാറിനും മുസ്തഫാബാദിനും ഇടയില്‍ ഒരു ബഫര്‍ സോണ്‍ ആയി നിന്നിരുന്ന ജൗഹരിപൂര്‍ എന്ന സ്ഥലത്ത് ഞങ്ങള്‍ ആദ്യം പുനരധിവാസം നടത്തി. ഒരു കുടുംബത്തില്‍ നിന്നും അടുത്ത കുടുംബത്തിലേക്ക് അത് ജൗഹരിപൂരില്‍ നിന്നും ശിവ് വിഹാറിലേക്ക് പരമാവധി നീണ്ടു പോയി. ഇതിനെതിരെ ശിവ് വിഹാറിലെ മറ്റു ജനങ്ങള്‍ പ്രതിഷേധവുമായി എത്തിയിരുന്നു. എങ്കിലും ഞങ്ങള്‍ക്ക് കലാപത്തിന് ഇരയായ എല്ലാ മുസ്ലീങ്ങളെയും അവരുടെ ഇടങ്ങളില്‍ തന്നെ പുനരധിവസിപ്പിക്കാന്‍ സാധിച്ചു.

മുസ്‌ലിംകള്‍ക്കെതിരായ കലാപങ്ങളെ വര്‍ഗ്ഗസമരമായി മനസ്സിലാക്കാന്‍ കഴിയുമോ?

നിങ്ങള്‍ ചോദിച്ചത് വളരെ പ്രധാനപ്പെട്ടൊരു ചോദ്യമാണ്. ദില്ലി കലാപം നടന്നപ്പോള്‍ അതില്‍ പങ്കാളികളായവരുടെ രൂപരേഖ ഞാന്‍ തയ്യാറാക്കിയിരുന്നു. അതില്‍ ഉള്‍പ്പെട്ടിരുന്ന തൊണ്ണൂറ് ശതമാനം പേരും ബി.പി.എല്‍ വിഭാഗത്തില്‍ പെടുന്നവരാണ്. ശിവ വിഹാറില്‍ ജീവിക്കുന്ന ഭൂരിഭാഗം ആളുകളും സാമ്പത്തികമായി സുരക്ഷിതത്വം ഉള്ളവരല്ല. കലാപത്തിന് ഇരയാക്കപ്പെട്ട മുസ്‌ലിംകള്‍ എന്നോട് പറഞ്ഞത് അവരെ ആക്രമിച്ചതും അവരുടെ വീടുകള്‍ കൊള്ളയടിച്ചതും അവരുടെ അയല്‍വാസികള്‍ തന്നെയാണ് എന്ന കാര്യമാണ്. ശിവ് വിഹാറില്‍ താമസമുറപ്പിച്ചു മുസ്‌ലിംകള്‍ അവിടെ എന്തെങ്കിലുമൊക്കെ ചെറിയ കച്ചവടങ്ങള്‍- ബെല്‍റ്റ് ഉണ്ടാക്കുകയോ, റിബ്ബണ്‍ ഉണ്ടാക്കുകയോ, സാധനങ്ങള്‍ പാക്ക് ചെയ്യുകയോ- ഒക്കെ ചെയ്ത് ജീവിക്കുന്നവര്‍ ആയിരുന്നു. കലാപങ്ങള്‍ക്ക് മുസ്‌ലിംകളുടെ ഇത്തരം സാമ്പത്തിക ഭദ്രത ഇല്ലാതാക്കുകയും, അതിലൂടെ അവരുടെ പിന്നോക്കസ്ഥിതിയെ ഉറപ്പിച്ചു നിര്‍ത്തുക എന്ന ലക്ഷ്യം കൂടിയുണ്ട്. അതില്‍ തീര്‍ച്ചയായും നിങ്ങള്‍ പറഞ്ഞ വര്‍ഗസമരം ഒരു ഇന്ധനം ആയി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

ഗുജറാത്ത് കലാപത്തിലേക്ക് ഞാന്‍ ഒരിക്കല്‍ കൂടി മടങ്ങി വരട്ടെ. കലാപത്തിന് ശേഷം അവിടെ നടന്ന മറ്റൊരു പ്രതിഭാസമാണ് Disturbed Areas Act എന്നൊരു വിവേകശൂന്യമായ നിയമത്തിലൂടെ മുസ്‌ലിംകളെയും ഹിന്ദുക്കളെയും വത്യസ്ത പ്രദേശങ്ങളിലായി വിഭജിച്ചുനിര്‍ത്തി പുനരധിവസിപ്പിക്കുക എന്നത്. ഈ നിയമം മൂലം ഒരു മുസ്‌ലിമിന് ഹിന്ദു ഭൂരിപക്ഷ മേഖലയിലോ, ഹിന്ദുവിന് മുസ്‌ലിം ഭൂരിപക്ഷ മേഖലയിലോ വീട് വാങ്ങി താമസിക്കാന്‍ കഴിയില്ല. ഇതിന് ഏറ്റവും വലിയ ഇരകളാകുന്നത് പലപ്പോഴും മമുസ്‌ലിംകളാണ്. അവര്‍ പുനരധിവസിപ്പിക്കപ്പെടുന്നത് ചേരി പ്രദേശങ്ങളിലേക്ക് മാത്രമാണ്. ഈ സാമൂഹ്യാവസ്ഥയില്‍ നിന്നും പിന്നീട് അവര്‍ക്ക് ചലനക്ഷമത കൈവരിക്കാന്‍ സാധിക്കാതെയും വരുന്നു. മുസ്‌ലിംകളുടെ കൂടി സംരക്ഷണത്തിന് വേണ്ടിയാണ് ഇത്തരമൊരു ഘെറ്റോവത്കരണം എന്നാണ് ഭരണകൂടത്തിന്റെ വാദം. ഇത്തരമൊരു ഭരണകൂട വിവേചനത്തെ താങ്കള്‍ എങ്ങനെ മനസ്സിലാക്കുന്നു?

ഘെറ്റോവത്കരണം ഒരിക്കലും മുസ്‌ലിം പ്രശ്‌നത്തിന് ഒരു പരിഹാരമല്ല. മുസ്‌ലിംകള്‍ അത് ആഗ്രഹിക്കുന്നുമില്ല. ഞങ്ങള്‍ക്ക് മറ്റു സമുദായക്കാരോട് ചേര്‍ന്ന് ജീവിക്കാന്‍ തന്നെയാണ് താത്പര്യം. എങ്കില്‍ മാത്രമേ ഞങ്ങളുടെ സംസ്‌കാരം എന്തെന്നും, ജീവിതം എങ്ങനെയെന്നും രുചിച്ചു നോക്കാന്‍ മറ്റുള്ള സമുദായങ്ങള്‍ക്കും ഒരവസരം ലഭിക്കുകയുള്ളൂ. ഒരു കലാപത്തിന് ശേഷം മുസ്‌ലിംകളെ ഘെറ്റോകളിലേക്ക് ഭരണകൂടം തള്ളിവിടുക എന്നത് അവരെ കൂടുതല്‍ വരുതിയില്‍ വരുത്തുന്നതിന് വേണ്ടി മാത്രമാണ്.


ഈ അടുത്ത കാലത്താണ് ഞാന്‍ ഗുജറാത്ത് കലാപത്തെ വിഷയമാക്കി രാകേഷ് ശര്‍മ ചിത്രീകരിച്ച 'ദി ഫൈനല്‍ സൊല്യൂഷന്‍സ്' എന്ന ഡോക്യുമെന്ററി കാണാനിടയായത്. ആ ചിത്രത്തിന്റെ അവസാന ഭാഗത്ത് സംവിധായകന്‍ ഒരു മുസ്‌ലിം ആണ്‍കുട്ടിയോട് ചോദിക്കുന്നു 'അവന് വളരുമ്പോള്‍ എന്ത് ജോലിയാണ് ചെയ്യാന്‍ ആഗ്രഹമെന്ന്'. ആ കുട്ടിയുടെ മറുപടി അവനൊരു പൊലീസ് ആകണമെന്നും, അങ്ങനെ ഹിന്ദുക്കളെയൊക്കെ കൊല്ലണമെന്നുമാണ്. എന്റെ കണ്ണ് നനയിച്ചൊരു രംഗമാണ് അത്. പിന്നീട് ഓരോ കലാപം നടക്കുമ്പോഴും അതിന്റെ ഏറ്റവും വലിയ ഇരകളായി തീരുന്ന കുട്ടികളെ കുറിച്ചാണ് ഞാന്‍ ചിന്തിക്കാറുള്ളത്. ദില്ലി കലാപത്തിന് ഇരയായ കുട്ടികളുടെ മാനസികാവസ്ഥ ഇപ്പോള്‍ എങ്ങനെയാണ് എന്നൊന്ന് വിശദീകരിക്കാമോ?

നിങ്ങള്‍ പറഞ്ഞത് ശരിയാണ്. നമ്മള്‍ പലപ്പോഴും അഭിസംബോധന ചെയ്യാതെ പോകുന്ന ഒരു കാര്യമാണ് കലാപങ്ങള്‍ കുട്ടികളെ എങ്ങനെ ബാധിക്കുന്നു എന്നത്. ഇവിടെ അവര്‍ വളരെ പീഡിതമായ ഒരു സ്ഥിതിയിലാണ്. അവരുടെ ഉള്ളില്‍ കനലുണ്ട് എന്നത് സത്യമാണ്. ഞങ്ങള്‍ അവര്‍ക്ക് കൗണ്‍സിലിംഗ് ഒരുക്കുന്നുണ്ട്. അവരെ മെന്റ്റര്‍ ചെയ്യാന്‍ ആളുകളെ ക്ഷണിക്കുന്നുണ്ട്. മറ്റു സമുദായക്കാരെ വെറുക്കാതെയിരിക്കാന്‍ ഞങ്ങള്‍ അവരെ പഠിപ്പിക്കുന്നു. കലാപത്തിന് ഇരയായ ഏതാണ്ട് ഇരുന്നൂറ്റി അന്‍പതിലധികം കുട്ടികളാണ് ഞങ്ങളുടെ ദുരിതാശ്വാസ വിദ്യാലയത്തില്‍ പഠിക്കുന്നത്. ഞങ്ങള്‍ അവരോടൊപ്പമുണ്ടെന്ന് ഞങ്ങള്‍ വ്യക്തിപരമായി തന്നെ ഉറപ്പുവരുത്താറുണ്ട്- വിശിഷ്ട ദിവസങ്ങള്‍, അത് ഈദ് ആകട്ടെ, ബക്രീദ് ആകട്ടെ, ഞങ്ങള്‍ ഒരുമിച്ച് പങ്കിടുന്നു, അവര്‍ക്ക് വസ്ത്രവും മറ്റ് സമ്മാനങ്ങളുമായി ഞങ്ങള്‍ പോകുന്നു. ഇത് പുതുമയുള്ള എന്തെങ്കിലും കാര്യമായി ഞാന്‍ അവകാശപ്പെടുകയല്ല. വളരെ ഇസ്‌ലാമികമായ ഒരു കാര്യം മാത്രമാണ് ഇത് ഞങ്ങള്‍ക്ക്.

Aasif Mujtaba - is the Founder and CEO of Miles2Smile Foundation, a not for profit organization that has been working extensively for the relief and rehabilitation of the victims of communal violence, Mob Lynching & communal demolition. He is the Director of Sunrise Public School, a relief school that is dedicated towards ensuring the education of the victims of Delhi Pogrom 2020. He is alos the Vice President of IMAN-Indian Muslim Asosciation of NGOs, which works for the holistic collaboration among Indian Muslim NGOs. He was the co-organizers of 'Shaheen Bagh' anti CAA protest.

അമിതാഭ് സഹോദര്‍ : എഴുത്തുകാരന്‍, ഗവേഷകന്‍, സ്വതന്ത്ര ജേര്‍ണലിസ്റ്റ്.


Similar Posts