കൈവിലങ്ങ്: എം.എസ്.എഫിന് നേരെ നടക്കുന്നത് ടാര്‍ഗറ്റ് അറ്റാക്ക് - അഡ്വ. നജ്മ തബ്ഷീറ
|വിലങ്ങ് അണിയിക്കുന്നത് പ്രതി രക്ഷപ്പെടാന്‍ സാധ്യതയുണ്ടാകുമ്പോഴോ പ്രതി അക്രമാസക്തനാകാനുള്ള സാഹചര്യം ഉണ്ടാകുമ്പോഴോ മാത്രമാണ്. എന്നാല്‍, ഇതിന്റെ നഗ്‌നമായ ലംഘനമാണ് കൊയിലാണ്ടിയില്‍ എം.എസ്.എഫ് നേതാക്കള്‍ക്ക് നേരിടേണ്ടിവന്നത്. | അഭിമുഖം: അഡ്വ. നജ്മ തബ്ഷീറ/ഹഫീസ പി.കെ
മലബാറിലെ പ്ലസ് വണ്‍ വിഷയവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്ക് നേരെ പ്രതിഷേധിച്ച രണ്ട് എം.എസ്.എഫ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍, തീവ്രവാദികളോട് എന്നപോലെ ഇവരെ വിലങ്ങണിയിച്ചായിരുന്നു വൈദ്യപരിശോധനക്ക് കൊണ്ടുപോയത്. സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ ഇരിക്കെയാണ് ഇത്തരത്തിലൊരു നിയമലംഘനം നടന്നത്. പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായ ഈ നടപടിയെ എങ്ങനെയാണ് നോക്കികാണുന്നത്?
കേരളത്തിലെ ക്രമസമാധാനപാലനം എന്നത് കഴിഞ്ഞ കുറച്ച് കാലങ്ങളായി പൂര്‍ണ്ണമായും കുത്തഴിഞ്ഞ രൂപത്തില്‍ ഒരു തമാശ കണക്കെ നമുക്കു മുന്നില്‍ ഉയര്‍ന്നുനില്‍ക്കുകയാണ്. കഴിഞ്ഞദിവസം മലബാറിലെ പ്ലസ് വണ്‍ വിഷയവുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച ഞങ്ങളുടെ രണ്ട് സഹപ്രവര്‍ത്തകരെയാണ് പൊലീസ് കൈവിലങ്ങ് അണിയിച്ച് കൊണ്ടുപോയത് വലിയ ചര്‍ച്ചയാകുന്നത്. ഈ പ്രതിഷേധം നടക്കുന്നത് മലബാറിലെ എല്ലാവിധത്തിലും യോഗ്യതയുള്ള കുട്ടികള്‍ക്ക് ഉപരി പഠനത്തിന് അര്‍ഹതയില്ലാത്ത അവസ്ഥയില്‍ അവരെ ചവിട്ടി താഴ്ത്തുന്ന രൂപത്തിലുള്ള ഒരു സമീപനം വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടായതുകൊണ്ടാണ്. മലബാറില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ കുട്ടികള്‍ക്ക് പോലും നാട്ടില്‍ തന്നെ തുടര്‍ന്നു പഠിക്കാനുള്ള സാഹചര്യം ഇല്ല. അത്തരമൊരു സാഹചര്യത്തിലാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എം.എസ്.എഫ് വലിയ സമരവുമായി മുന്നോട്ടു വന്നിട്ടുള്ളത്. ആ കൂട്ടത്തില്‍ വിദ്യാഭ്യാസ മന്ത്രിയെ കരിങ്കൊടി കാണിക്കുക എന്ന സാധാരണ നിലയിലുള്ള ഒരു സമരരീതി അവലംബിച്ചതിനെയാണ് ഈ കുട്ടികളെ കൈവിലങ്ങ് അണിയിച്ചു കൊണ്ടുപോകുന്ന നിയമലംഘന നടപടി പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്.
നിയമപ്രകാരം എന്തെല്ലാം സാഹചര്യങ്ങളിലാണ് വിലങ്ങ് അണിയിക്കേണ്ടത്?
ജനാധിപത്യ വ്യവസ്ഥ നിലനില്‍ക്കുന്ന ഇന്ത്യയില്‍ നിയമപ്രകാരം സി.ആര്‍.പി.സി പ്രൊവിഷനുകളും അതുപോലെ തന്നെ സുപ്രീം കോടതിയിലെയും മറ്റു ഹൈക്കോടതികളുടെ വിധികളുടേയും അടിസ്ഥാനത്തില്‍ ആണ് നിയമം നടപ്പാക്കപ്പെടുന്നത്. ഒരു പ്രതിയെ കൈവിലങ്ങണിയിക്കുന്നത് സംബന്ധിച്ച് കൃത്യമായ സി.ആര്‍.പി.സി പ്രൊവിഷന്‍ സെക്ഷന്‍ 46ല്‍ തന്നെ പറയുന്നുണ്ട് നോണ്‍ വയലന്റ് ആയ പ്രതികളെയൊന്നും കൈവിലങ്ങ് അണിയിച്ച് കൊണ്ടുപോകേണ്ട ആവശ്യമില്ലെന്ന്. അതേസമയം സുപ്രീംകോടതിയുടെ തന്നെ മുന്‍പുള്ള ഒരു റൂളിംഗ് ഉണ്ട്, സുനില്‍ ബത്ര-ഡല്‍ഹി അഡ്മിനിസ്‌ട്രേഷന്‍ എന്ന കേസില്‍ പറയുന്നത് പ്രകാരം ഒരു ശിക്ഷാനടപടിയായി കൈവിലങ്ങ് ഉപയോഗിക്കാന്‍ പാടില്ല എന്നാണ്. വിലങ്ങ് അണിയിക്കുന്നത് പ്രതി രക്ഷപ്പെടാന്‍ സാധ്യതയുണ്ടാകുമ്പോഴും പ്രതി അക്രമാസക്തമായിട്ടുള്ള സാഹചര്യം ഉണ്ടാകുമ്പോഴും മാത്രമാണ്. എന്നാല്‍, ഇതിന്റെ നഗ്‌നമായ ലംഘനമാണ് ഈ വിഷയത്തില്‍ നടന്നിരിക്കുന്നത്.
എന്തുകൊണ്ടായിരിക്കാം കരിങ്കൊടി കാണിച്ചതിന്റെ പേരില്‍ ഇത്തരത്തില്‍ വിലങ്ങണിയിച്ചുകൊണ്ടുപോയത്? അവര്‍ എം.എസ്.എഫ് പ്രവര്‍ത്തകര്‍ ആയതുകൊണ്ടാണോ? ഇത് കടുത്ത മനുഷ്യാവകാശ ലംഘനം തന്നെയല്ലേ?
ഷീല ബാര്‍സെ-സ്റ്റേറ്റ് ഓഫ് മഹാരാഷ്ട്ര എന്ന കേസില്‍ മഹാരാഷ്ട്ര ഹൈക്കോടതി തന്നെ നിരീക്ഷിക്കുന്ന ഒരു കാര്യമുണ്ട്, ഇങ്ങനെ നിയമപ്രകാരമല്ലാതെ നടത്തുന്ന കയ്യാമം പൂര്‍ണ്ണമായും മനുഷ്യാവകാശ ലംഘനമാണ്. ഈ രണ്ടു വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം നഗ്‌നമായ മനുഷ്യാവകാശ ലംഘനം തന്നെയാണ് പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. പക്ഷേ, ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ആദ്യത്തെ സംഭവമായോ അത്ര ഞെട്ടിക്കുന്ന സംഭവമായോ തോന്നാത്തത്, കഴിഞ്ഞ കുറച്ച് നാളുകളായി ഇത്തരത്തില്‍ ജനാധിപത്യ മാര്‍ഗത്തില്‍ പ്രതിഷേധിക്കുന്ന എല്ലാതരം മനുഷ്യര്‍ക്കുമെതിരെ പ്രത്യേകിച്ച് ഞങ്ങള്‍ എം.എസ്.എഫുകാര്‍ക്കെതിരെ കൃത്യമായ രൂപത്തില്‍ ഇത്തരം ടാര്‍ഗറ്റ്ഡ് അറ്റാക്ക് നടക്കാറുണ്ട്.
കേരളത്തില്‍ അഴിമതി തുടര്‍ക്കഥയാവുകയും ക്രമസമാധാനം കൃത്യമായ രൂപത്തില്‍ പരിപാലിക്കാന്‍ പറ്റാത്ത സാഹചര്യം വരികയും ചെയ്തപ്പോള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കുന്ന പ്രവര്‍ത്തകരെ പൊലീസ് എങ്ങനെയാണ് നേരിടുന്നത് എന്ന് നോക്കുക. ഞങ്ങളുടെ നാട്ടില്‍ പെരിന്തല്‍മണ്ണയില്‍ വെച്ച് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കാന്‍ പോയ രണ്ടു സഹപ്രവര്‍ത്തകരെ വാഹനമിടിപ്പിച്ച് കൊല്ലുന്ന രൂപത്തില്‍ - ഒരു പരിധിവരെ അവര്‍ക്ക് തെന്നിമാറാന്‍ സാധിച്ചിട്ടില്ലായിരുന്നുവെങ്കില്‍ വലിയൊരു അപകടം ഉണ്ടാവുന്ന രീതിയില്‍ - പൊലീസ് പെരുമാറിയത് നേരിട്ട് കാണാന്‍ സാധിച്ചിട്ടുണ്ട്. ഇങ്ങനെ ചെറിയ പ്രതിഷേധങ്ങളോട് പോലും വലിയ തോതിലുള്ള അസഹിഷ്ണുത പുലര്‍ത്തിക്കൊണ്ട് വൈരാഗ്യ ബുദ്ധിയോടുകൂടി പൊലീസ് പ്രവര്‍ത്തിക്കുന്നത് ഇവിടെ തുടര്‍ക്കഥയാവുകയാണ്. കഴിഞ്ഞ ഏഴു വര്‍ഷമായി കേരളത്തിനൊരു ആഭ്യന്തരമന്ത്രി ഉണ്ടോ എന്ന ചോദ്യം ഉയരുന്നത് പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും മാത്രമല്ല എല്ലാവിധ മനുഷ്യരില്‍ നിന്നും ആണ് എന്ന് ഓര്‍ക്കുന്നത് നന്നാവും.
എസ്.എഫ്.ഐ പ്രവര്‍ത്തകരായ കെ. വിദ്യയുടെയും നിഖില്‍ തോമസിന്റെയും അറസ്റ്റില്‍ എവിടെയും വിലങ്ങണിയിച്ചുള്ള നിയമലംഘനം നടന്നിട്ടില്ല. സി.പി.എമ്മിന്റെ പ്രതിപക്ഷത്തോടുള്ള വിരോധമല്ലേ ഇതില്‍ പ്രകടമാകുന്നത്?
വിദ്യാഭ്യാസ രംഗത്തെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നമ്മള്‍ കേട്ടുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിക്കുന്നതിലും സംവരണ അട്ടിമറി നടത്തുന്നതിലും യോഗ്യതയില്ലാത്തവരെ യൂണിവേഴ്‌സിറ്റികളില്‍ അധ്യാപകരായി കുത്തിത്തിരുകുന്നതിനെയും കുറിച്ചാണ്. ആ കേസിലൊക്കെ പ്രതിയാക്കപ്പെട്ട ആളുകള്‍-ഒരുപക്ഷേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ആളുകള്‍-ഒക്കെ നമ്മുടെ മുന്നില്‍ വിലസി നടക്കുകയാണ്. ഒളിവില്‍ പോയി എന്നു പറയുന്ന പ്രതികള്‍ ചാനല്‍ മുറിയില്‍ ഇരുന്നു ചര്‍ച്ച ചെയ്യുകയാണ്. ആ സമയത്ത് അവര്‍ക്കെതിരെ ഒരു ചെറുവിരല്‍ പോലും അനക്കാത്ത പൊലീസ് ജനാധിപത്യ സമരമാര്‍ഗങ്ങള്‍ സ്വീകരിക്കുന്ന മറ്റു രാഷ്ട്രീയ പാര്‍ട്ടികളിലെ വിദ്യാര്‍ഥികളോട് കാണിക്കുന്ന സമീപനം ഒന്നു നോക്കുക. അതില്‍നിന്നും വ്യക്തമാകുന്നത് ഇത് കേവലം പൊലീസിന്റെ മാത്രം പ്ലാന്‍ അല്ല, കൃത്യമായ ഭരണകൂടത്തിന്റെ, സി.പി.എമ്മിന്റെ പിന്തുണയോട് കൂടിയുള്ള പ്രവര്‍ത്തനങ്ങള്‍ തന്നെയാണ്.
സി.പി.എം എന്ന രാഷ്ട്രീയ പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം മാര്‍ക്‌സിസം എന്ന ഐഡിയോളജിയെ സംബന്ധിച്ചിടത്തോളം ജനാധിപത്യത്തിന്റെ മുഖംമൂടി ഒരുപാട് കാലം അണിയാവുന്ന ഒന്നല്ല. അത് അവര്‍ക്കെതിരെ പ്രതിഷേധം ഉയര്‍ത്തുന്നവരെ പൂര്‍ണ്ണമായും അടിച്ചമര്‍ത്തുന്ന രൂപത്തിലും പ്രകടമാവുക തന്നെ ചെയ്യും.
ഡോ. വന്ദനയുടെ കാര്യത്തില്‍ ഉണ്ടായ അലംഭാവം കാരണമാണ് ഇത്തരത്തില്‍ ഒരു വിലങ്ങ് അണിയിക്കുന്നതെന്നാണ് പൊലീസിന്റെ ന്യായീകരണം. അല്ലെങ്കില്‍ എം.എസ്.എഫ് പ്രവര്‍ത്തകര്‍ സുപ്രീംകോടതി മാനദണ്ഡം അനുസരിച്ചുള്ള പരിധികളില്‍ ഉള്‍പ്പെടുന്നവര്‍ ആയിരിക്കണം. അല്ലാത്തപക്ഷം ഇത് വ്യക്തിഹത്യ തന്നെയല്ലേ?
ഈ കൈവിലങ്ങ് അണിയിച്ചത് ഏതെങ്കിലും തരത്തില്‍ ന്യായീകരിക്കുന്ന ആളുകള്‍ ഉന്നയിക്കുന്ന വാദം ഡോ. വന്ദനയുടെ വിഷയത്തിനുശേഷം ഉണ്ടായ ഒരു മുന്‍കരുതലാണ് എന്നാണ്. പക്ഷേ, നിയമങ്ങള്‍ ലംഘിച്ചു കൊണ്ട് ഏതുതരത്തിലുള്ള മുന്‍കരുതലാണ് ഇവര്‍ എടുക്കുന്നത്. ഒരുതരത്തിലും അപകടകാരികള്‍ അല്ലാത്ത രണ്ട് കുട്ടികളെ അറസ്റ്റ് ചെയ്യുമ്പോള്‍ ഇത്തരത്തിലുള്ള ഒരു സന്ദേശം നല്‍കുന്നത് ഏത് രീതിയിലുള്ള മുന്‍കരുതലാണ്. സമരങ്ങളെ സംബന്ധിച്ചിടത്തോളം ശിക്ഷ എന്നു പറയുന്നത് അവസാനത്തില്‍ കോടതി വിധിക്കുന്ന ശിക്ഷ മാത്രമല്ല. അതില്‍ ഇടപെടുന്ന ആളുകളെ ഏതൊക്കെ തരത്തില്‍ ബുദ്ധിമുട്ടിക്കാമോ അതൊക്കെ ഒരുതരത്തില്‍ ശിക്ഷ തന്നെയാണ്. കൈവിലങ്ങ് അണിയിച്ച് പൊതുനിരത്തിലൂടെ കൊണ്ടുപോവുക എന്നത് ഒരു സമരത്തിന്റെയും സമരം ചെയ്യുന്ന മനുഷ്യരുടേയും അവരെ സപ്പോര്‍ട്ട് ചെയ്യുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെയും മാനസിക വീര്യം തകര്‍ക്കാന്‍ വേണ്ടിയുള്ള ശിക്ഷ തന്നെയാണ്. അത്തരത്തില്‍ ഒരു ശിക്ഷയായി കൈവിലങ്ങിനെ ഉപയോഗിക്കുന്നതോടുകൂടി സുപ്രീംകോടതിയുടെ ഒരു റൂളിങ്ങിനെയാണ് കേരള പൊലീസ് കവച്ചു വെച്ചിരിക്കുന്നത്, അല്ലെങ്കില്‍ നിയമലംഘനം നടത്തിയിരിക്കുന്നത്.
എസ്.എഫ്.ഐയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം പരസ്യപ്പെടുത്തിയ റിപ്പോര്‍ട്ടര്‍ക്കെതിരെ കേസെടുക്കുക, വിദ്യാഭ്യാസ മന്ത്രിക്ക് നേരെ കരിങ്കൊടികാണിച്ച എം.എസ്.എഫ് പ്രവര്‍ത്തകരെ വിലങ്ങണിയിച്ച് വ്യക്തിഹത്യ നടത്തുക തുടങ്ങി ഇടതു സര്‍ക്കാര്‍ മോദി സര്‍ക്കാറിനോട് കിട പിടിക്കുകയാണോ?
എതിര്‍ക്കുന്നവരെ, ജനാധിപത്യപരമായി വിസമ്മതങ്ങള്‍ രേഖപ്പെടുത്തുന്നവരെയൊക്കെ അവരുടെ കൈയിലുള്ള എല്ലാ ടൂളുകളും ഉപയോഗിച്ചും അധികാരത്തിന്റെ എല്ലാ സാധ്യതകള്‍ ഉപയോഗിച്ചും തകര്‍ക്കുക എന്ന ഇന്ത്യയിലെ ബിജെപി ഫാസിസ്റ്റ് സര്‍ക്കാറിന്റെ അതേ നയം തന്നെയാണ് കേരളത്തില്‍ സി.പി.എം എന്ന് പറയുന്ന രാഷ്ട്രീയകക്ഷി ഉപയോഗിച്ചുവരുന്നത്.
എം.എസ്.എഫ് പ്രവര്‍ത്തകരെ വിലങ്ങണിയിച്ചു അക്രമകാരികളായി ചിത്രീകരിക്കുന്നതിലൂടെ ന്യൂനപക്ഷ രാഷ്ട്രീയത്തോടുള്ള സര്‍ക്കാറിന്റെ നിലപാട് വ്യക്തമാക്കുകയാണോ?
എല്ലായിപ്പോഴും ഇടതു സര്‍ക്കാര്‍ മലബാറിനോട് കാണിക്കുന്ന വിവേചനവും മലബാറിന്റെ അവകാശ സംരക്ഷണത്തിനു വേണ്ടി നടത്തുന്ന സമരങ്ങളെ അടിച്ചമര്‍ത്താന്‍ കാണിക്കുന്ന ഉത്സാഹവും അവരുടെ ന്യൂനപക്ഷ നിലപാടുകളോടുള്ള പ്രതിഫലനമായി തന്നെ കാണാന്‍ സാധിക്കുകയുള്ളു. പ്രത്യക്ഷത്തില്‍ മുസ്ലിം-ദnിത് സംഘടനകളോടൊക്കെ വലിയ ആഭിമുഖ്യം കാണിക്കുകയും എന്നാല്‍, അവരുടെ അവകാശ സമരങ്ങളെ അടിച്ചമര്‍ത്താന്‍ ധൃതി കാണിക്കുകയും ചെയ്യുന്നത് ഇടതു സര്‍ക്കാറിന്റെ എപ്പോഴുമുള്ള സമീപനത്തിന്റെ തുടര്‍ച്ചയായി മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ.