Interview
എം.എസ്.എഫ് നേതാക്കള്‍ക്ക് കൈവിലങ്ങ്
Interview

എം.എസ്.എഫ് നേതാക്കള്‍ക്ക് കൈവിലങ്ങ്: കേന്ദ്രത്തില്‍ മോദി ചെയ്യുന്നത് കേരളത്തില്‍ പിണറായിയും ചെയ്യുന്നു - അഡ്വ. പി.എ പൗരന്‍

Athulya Murali
|
27 Jun 2023 1:56 PM GMT

സുപ്രീംകോടതി വളരെ ഗൗരവമായി മനുഷ്യാവകാശങ്ങളെയും പൗരാവകാശങ്ങളെയും കുറിച്ച് പറഞ്ഞിട്ടുണ്ട്. ഒരാളെ അറസ്റ്റ് ചെയ്യുന്നത് സംബന്ധിച്ച് പൊലീസിന് സുപ്രീംകോടതിയുടെ കൃത്യമായ നിര്‍ദേശങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അങ്ങിനെയിരിക്കെ തികച്ചും മനുഷ്യത്വരഹിതമായ രീതിയിലും അഭിമാന ക്ഷതം ഏല്‍ക്കുന്ന വിധത്തിലും പരസ്യമായി നടുറോഡില്‍ കൂടി നടത്തി മെഡിക്കല്‍ ടെസ്റ്റിന് കൊണ്ടുപോയി എന്നത് തെറ്റാണ്. | അഭിമുഖം: അഡ്വ. പി.എ പൗരന്‍ / അതുല്യ വി.

കഴിഞ്ഞ ദിവസം കോഴിക്കോട് കൊയിലാണ്ടിയില്‍ എം.എസ്.എഫ് നേതാക്കള്‍ വിദ്യാഭ്യാസ മന്ത്രിക്കു നേരെ കരിങ്കൊടി കാണിച്ചു പ്രതിഷേധിച്ചിരുന്നു. മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തെ മുന്‍നിര്‍ത്തിയായിരുന്നു പ്രതിഷേധം. പ്രതിഷേധിച്ച രണ്ട് എം.എസ്.എഫ് പ്രവര്‍ത്തകരെയും കയ്യാമം വെച്ചാണ് പൊലീസ് വൈദ്യപരിശോധനക്ക് കൊണ്ടുപോയത്. ഈ നടപടിയെ താങ്കള്‍ എങ്ങിനെ വിലയിരുത്തുന്നു?

തികച്ചും പൊലീസിന്റെയും ഭരണകൂടത്തിന്റെയും ഭാഗത്തു നിന്നുള്ള കാടത്ത നടപടിയാണിത്. ആധുനിക സമൂഹത്തിന്, സാംസ്‌കാരിക കേരളത്തിന് ഒരിക്കലും യോജിക്കാനാവാത്ത ഒരു നടപടിയായേ ഇതിനെ കാണാന്‍ സാധിക്കൂ. ഇന്ത്യയില്‍ ഒരു ഭരണഘടനയുണ്ട്, ആ ഭരണഘടന പ്രാബല്യത്തില്‍ ഇരിക്കുന്ന രാജ്യത്ത് ജനാധിപത്യം ഉള്‍ക്കൊണ്ടുകൊണ്ട് ഭരണം നടത്തണം. ജനാധിപത്യപരമായ സംവിധാനത്തില്‍ കൂടി മാത്രം ഭരണം നിര്‍വഹിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവരാണ് സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും.

അറസ്റ്റ് സംബന്ധിച്ച് സുപ്രീം കോടതി ഗൈഡ്‌ലൈന്‍സ് ഉണ്ടല്ലോ. ഇതിനെതിരായാണ് പൊലീസ് നടപടി?

ശരിയാണ്, സുപ്രീംകോടതി വളരെ ഗൗരവമായി മനുഷ്യാവകാശങ്ങളെയും പൗരാവകാശങ്ങളെയും കുറിച്ച് പറഞ്ഞിട്ടുണ്ട്. ഒരാളെ അറസ്റ്റ് ചെയ്യുന്നത് സംബന്ധിച്ച് പൊലീസിന് സുപ്രീംകോടതിയുടെ കൃത്യമായ നിര്‍ദേശങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അങ്ങിനെയിരിക്കെ തികച്ചും മനുഷ്യത്വരഹിതമായ രീതിയിലും അഭിമാന ക്ഷതം ഏല്‍ക്കുന്ന വിധത്തിലും പരസ്യമായി നടുറോഡില്‍ കൂടി നടത്തി മെഡിക്കല്‍ ടെസ്റ്റിന് കൊണ്ടുപോയി എന്ന് പറയുന്നത് തെറ്റാണ്. ആധുനിക സംസ്‌കാരത്തിന് ഒരിക്കലും യോജിക്കാന്‍ കഴിയാത്തതാണ്. ഇതു സംബന്ധമായി വേറെയും ഗൈഡ്‌ലൈന്‍സുകളുണ്ട്. യു.എന്‍.ഒ. (യുനൈറ്റഡ് നാഷന്‍ ഓര്‍ഗനൈസേഷന്‍) മുന്‍കൈയെടുത്ത് ഉണ്ടാക്കിയ കരാറുകളുമുണ്ട്. ലോകരാഷ്ട്രങ്ങളുടെ പല നേതാക്കളും ഒപ്പിട്ടിരിക്കുന്ന കരാറുകളുമുണ്ട്. ഇതിലെല്ലാം മനുഷ്യാവകാശങ്ങള്‍ ലംഘിക്കാന്‍ പാടില്ലയെന്ന് കൃത്യമായി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. അത്തരം കരാറുകളില്‍ ഒപ്പിട്ട രാജ്യമാണ് ഇന്ത്യ. അങ്ങിനെയുള്ള രാജ്യത്തിലെ രണ്ട് യുവാക്കളെയാണ് വളരെ നിസ്സാരമായ ഒരു കേസില്‍ വിലങ്ങണിയിച്ചത്. പ്രത്യേകിച്ചും കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു എന്ന പേരില്‍. അത് മനുഷ്യന്റെ അവകാശമാണ്, പൗരാവകാശമാണ്. ജനാധിപത്യ രാജ്യത്ത്, അഭിപ്രായ സ്വാതന്ത്ര്യമുള്ള രാജ്യത്ത് പ്രതിഷേധ സൂചകമായി കറുത്ത തുണി കാണിച്ചുകൊണ്ട് പ്രതിഷേധം രേഖപ്പെടുത്താനുള്ള അവകാശം നില നില്‍ക്കുമ്പോഴാണ് ഈ യുവാക്കളെ പരസ്യമായി അവഹേളിക്കുന്ന രീതിയില്‍ കയ്യാമം അണിയിച്ചു കൊണ്ടുപോയത്. ജനാധിപത്യത്തില്‍ ഏറ്റവും അപകടകരമായ സാഹചര്യമാണിത്.


അതേസമയം, എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ -മുന്‍പ് അംഗങ്ങള്‍ ആയിരുന്നവരും ഇപ്പോള്‍ അംഗത്വം ഇല്ലെന്ന് പറയുന്നവരുമായ വിദ്യാര്‍ഥികള്‍- വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കുന്നു. വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കുന്നു. ഇതുവെച്ച് പി.എസ്.സി ലിസ്റ്റിലും പൊലീസ് ലിസ്റ്റിലും ഇടം നേടുന്നു. ഉദ്യോഗം നേടുന്നു. ഈ കേസുകളിലൊന്നും പൊലീസ് അവരെ കയ്യാമം അണിയിച്ചിട്ടില്ല.

ഡോ. വന്ദനയുടെ മരണത്തെ തുടര്‍ന്നാണ് ഇങ്ങനെ ഒരു നടപടി സ്വീകരിച്ചതെന്നാണ് പോലീസ് വാദം. എന്നാല്‍, ഇവിടെ ഒരു വിഭാഗത്തിനു നേര്‍ക്ക് മാത്രമായി എടുത്ത നടപടിയായല്ലേ ഈ സംഭവത്തെ കാണാനാവൂ?

സംശയമെന്താണ്? ഒരു വിഭാഗത്തെ തെരഞ്ഞെടുത്ത്, അല്ലെങ്കില്‍ ഒരു വിഭാഗം സംഘടനാ പ്രതിനിധികളായ യുവാക്കളെ തെരഞ്ഞെടുത്ത് അപമാനിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തികളാണ് നടന്നത്. അവരോട് ചെയ്ത പ്രവര്‍ത്തികള്‍ ഒരുതരത്തിലും ന്യായീകരിക്കാന്‍ സാധിക്കില്ല. അതിന് എന്തെല്ലാം കാരണങ്ങള്‍ ഉണ്ടെങ്കിലും എത്ര ന്യായീകരിക്കാന്‍ ശ്രമിച്ചാലും അത് അംഗീകരിക്കാന്‍ കഴിയില്ല. പൊലീസ് ഭരിക്കുന്ന ഭരണകൂടത്തിന്റെ കൂലിപ്പട്ടാളങ്ങളെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. റഷ്യയില്‍ ഉണ്ടായ പോലെയാണ് ഇന്ത്യയില്‍ ബി.ജെ.പിയുടെ ഭരണം. ഐ.പി.എസ് ഉദ്യോഗസ്ഥര്‍ പൗരന്റെ അഭിമാനത്തെ പോലും ക്ഷതമേല്‍പ്പിക്കുന്ന രൂപത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഏകപക്ഷീയമായ പ്രവര്‍ത്തനങ്ങളാണ് പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പൊലീസുകാരും ഐ.പി.എസ് കാരും മനസ്സിലാക്കിയാല്‍ നന്നായിരിക്കും, ഭരണകൂടത്തെ പ്രീതിപ്പെടുത്താന്‍ വേണ്ടി ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുമ്പോള്‍ ജനാധിപത്യത്തിനാണ് കളങ്കം ഏല്‍പ്പിക്കുന്നത് എന്ന്. മനുഷ്യാവകാശങ്ങള്‍ക്കും പൗരാവകാശങ്ങള്‍ക്കും അതുപോലെ മനുഷ്യന്റെ അഭിമാനത്തിനും പ്രത്യേകിച്ച്, യുവാക്കളുടെ അഭിമാനത്തിനും ക്ഷതം ഏല്‍ക്കുന്ന പ്രവര്‍ത്തികളാണ് പൊലീസിന്റെ ഭാഗത്തുനിന്നു ഉണ്ടായിരിക്കുന്നത്. ഇത് ഒരു തരത്തിലും ന്യായീകരിക്കാന്‍ സാധിക്കുകയില്ല. ജനാധിപത്യ സംവിധാനത്തിന് ഏറ്റവും അധികം അപകടം ഉണ്ടാക്കുന്ന അവസ്ഥ വിശേഷമാണിത്.

1975 ജൂണ്‍ 25,26 അര്‍ധരാത്രി ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ട് അന്നത്തെ പ്രധാനമന്ത്രി അല്ലെങ്കില്‍ അന്നത്തെ ഭരണകൂടം ഇതുപോലെയുള്ള പ്രവര്‍ത്തികള്‍ ഇന്ത്യ മഹാരാജ്യത്ത് ചെയ്തു കൂട്ടുകയും ഒരു ലക്ഷത്തിമൂവായിരം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കയ്യാമം വെക്കുകയും ജയിലില്‍ ഇടുകയും ചെയ്തിരുന്നു. അതിനേക്കാള്‍ രൂക്ഷമായ പ്രവര്‍ത്തികളാണ് അടിയന്തരാവസ്ഥയില്ലാതെ തന്നെ കേരളത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. മണിപ്പൂര്‍, കശ്മീര്‍ ഉള്‍പ്പെടെ മറ്റു സംസ്ഥാനങ്ങളിലും നടന്നുകൊണ്ടിരിക്കുന്നതാണ് ഇവിടെയും സംഭവിച്ചത്. ആത്യന്തികമായി പറയാന്‍ സാധിക്കുന്നത്, കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ ചെയ്യുന്നതിന്റെ പിന്തുടര്‍ച്ചയാണ് കേരളത്തില്‍ പിണറായി സര്‍ക്കാര്‍ ചെയ്യുന്നത്. അത് കേരളത്തിലിനു ലജ്ജാകരം ആയിട്ടുള്ള സംഭവമാണ്.

Similar Posts