Interview
ബ്രസീലില്‍ അധികാരത്തിലുള്ളത് ഇടതുപക്ഷമല്ല; അതൊരു ജനാധിപത്യ കൂട്ടായ്മയാണ് - ഐമര്‍ ലബാക്കി
Interview

ബ്രസീലില്‍ അധികാരത്തിലുള്ളത് ഇടതുപക്ഷമല്ല; അതൊരു ജനാധിപത്യ കൂട്ടായ്മയാണ് - ഐമര്‍ ലബാക്കി

ലെനിന്‍ സുഭാഷ്
|
22 Dec 2022 1:56 PM GMT

ഇരുപത്തേഴാമത് അന്താരാഷ്ട്ര ചലചിത്രമേളയില്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച സിനിമയാണ് കോഡിയലി യുവേസ്. ബ്രസീലിലെ അടിത്തട്ട് ജീവിതങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന പീഡനങ്ങളും അവരുടെ നിസ്സഹായതയും കോളനിവത്കരണത്തിന്റെ ഇന്നും അവസാനിക്കാത്ത വേദനകളുമാണ് ചിത്രം പറയുന്നത്. എഴുത്തുകാരനും നാടകപ്രവര്‍ത്തകനുമായ ഐമര്‍ ലബാക്കിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയെക്കുറിച്ചും ബ്രസീല്‍ രാഷ്ട്രീയത്തെക്കുറിച്ചും അവിടത്തെ ജനങ്ങള്‍ നേരിടുന്ന പ്രതിസന്ധികളെ കുറിച്ചും ഐമര്‍ ലബാക്കി സംസാരിക്കുന്നു. | അഭിമുഖം: ഐമര്‍ ലബാക്കി / ലെനിന്‍ സുഭാഷ്

കോഡിയലി യുവേസ് എന്ന സിനിമയിലേക്ക് വരുന്നതിന് മുമ്പ് താങ്കളെ കുറിച്ച് ചോദിക്കാം. എഴുത്തുകാരന്‍, നാടകപ്രവര്‍ത്തകന്‍, ടി.വി സീരീസ് നിര്‍മാതാവ് എന്ന നിലയിലെല്ലാം താങ്കള്‍ കര്‍മരംഗത്ത് സജീവമാണ്. എന്തുകൊണ്ടാണ് ഒരു സിനിമയെടുക്കാന്‍ ഇത്ര താമസിച്ചത്?

കാരണം, എനിക്ക് ജീവിക്കണമായിരുന്നു. ബ്രസീലില്‍ നിങ്ങള്‍ക്ക് ഒരു തൊഴില്‍ എടുത്താല്‍ മാത്രം ജീവിക്കാന്‍ കഴിയില്ല. ഇപ്പോള്‍ ഷേക്‌സ്പിയര്‍ ജീവിച്ചിരുന്നെങ്കില്‍ അദ്ധേഹവും ടി.വി സീരീസ് എടുക്കാന്‍ നിര്‍ബന്ധിതനാകും. എന്റെ തുടക്കം നാടകത്തിലും എഴുത്തിലുമായിരുന്നു. ഞാന്‍ ചെയ്ത ടെലിവിഷന്‍ സീരിസുകളിലെല്ലാം നാടകത്തിന്റെ സ്വാധീനം കാണാം. നാടകത്തില്‍ ഒരാളുടെ ശരീരവും സംഭാഷണവുമാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ സിനിമയില്‍ അത് ഇമേജും ശബ്ദവുമായി മാറുകയാണ്. നാടത്തിലെ പോലെതന്നെ സിനിമയിലും ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ ഉറക്കെപറയാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട്.

താങ്കളുടെ ചിത്രം കണ്ടപ്പോള്‍ തോന്നിയതാണ്, കോഡിയലി യുവേസ് എന്ന പേര് സിനിമയുടെ ആകെ അന്തസത്ത ഉള്‍ക്കൊണ്ട് ഇട്ടപേരാണോ?

ബ്രസീലുകാര്‍ വളരെ ഊഷ്മളതയുള്ള ആളുകളാണ്. അവര്‍ വ്യക്തി ബന്ധങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്നവരാണ്. നിയമത്തിനേക്കാള്‍ അവര്‍ വിശ്വസിക്കുന്നത് വ്യക്തി ബന്ധങ്ങളിലാണ്. അവരുടെ സാമൂഹിക-രാഷ്ട്രീയ കാര്യങ്ങളെയെല്ലാം സ്വാധീനിക്കാനുള്ള ശക്തി ഈ വ്യക്തി ബന്ധങ്ങള്‍ക്ക് ഉണ്ടാകും. ഈ ഒരു സ്വഭാവം കാരണം തങ്ങളെ അടിച്ചമര്‍ത്തുന്നവരെപ്പോലും ഉള്ളാലെ വിശ്വസിച്ച് കളയും, അവര്‍ക്ക് വിധേയപ്പെടും. ആ ഒരര്‍ഥത്തിലാണ് സിനിമയ്ക്ക് ഈ പേര് ചേരുക. ഒരു ശരാശരിക്കാരന് ഒട്ടും അതിജീവിക്കാന്‍ സാധ്യതയില്ലാത്ത വ്യവസ്ഥിതിയില്‍ ഞങ്ങള്‍ എങ്ങനെ അതിജീവിച്ചു എന്നാണ് സിനിമ പറയുന്നത്.


കൃത്യമായി അടുക്കപ്പെടാത്ത സീനുകളുടെ ഒരു സഞ്ചയമാണ് താങ്കളുടെ സിനിമ. എന്താണ് ഇത്തരമൊരു നരേഷന്‍ സ്വീകരിക്കാന്‍ കാരണം?

ഓര്‍ഡറിന് വലിയ പ്രാധാന്യമില്ല എന്ന് സൂചിപ്പിക്കാനാണ് അങ്ങനെയൊരു രീതി സ്വീകരിച്ചത്. സിനിമയില്‍ പല കാലങ്ങളില്‍ നടക്കുന്ന കാര്യങ്ങള്‍ ഏത് കാലത്തും നടക്കാന്‍ സാധ്യതയുള്ളതാണ്. ഭാവിയില്‍ നടക്കാന്‍ പോകുന്നത് ഭൂതകാലത്ത് നടന്നിട്ടുണ്ടാകാം. ഇപ്പോള്‍ നടക്കുന്നത് ഭാവിയിലും നടക്കാം. കഥാപാത്രങ്ങള്‍ മാറിയേക്കാം. ഒരു ക്രമത്തില്‍ കൊടുത്തത് കൊണ്ട് വലിയ മാറ്റമുണ്ടാകില്ല. പതിനാറാം നൂറ്റാണ്ടില്‍ സംഭവിച്ചത് ഈ നൂറ്റാണ്ടിലും സംഭവിക്കാം. ആദ്യം ദൈര്‍ഘ്യം കൂടിയ സീനുകള്‍ ആണ് ഉള്ളത്. പോകപോകെ ദൈര്‍ഘ്യം കുറഞ്ഞ സീനുകളായി മാറുന്നു. ചിലതിലെങ്കിലും ക്ലൈമാക്‌സില്ലായെന്ന തോന്നലുണ്ടാകും. പക്ഷേ, അതെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. അവസാന സീനില്‍ പറയുന്നത് പോലെ ഓരോ മനുഷ്യനും ഓരോ ബോംബുകളാണ്, അവര്‍ക്കേ എന്തെങ്കിലും മാറ്റമുണ്ടാക്കാന്‍ സാധിക്കൂ.


സിനിമയില്‍ ധാരാളം സംഭാഷണങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടല്ലോ, അത് ബോധപൂര്‍വം ഉള്‍പ്പെടുത്തിയതാണോ?

തീര്‍ച്ചയായും. സിനിമയില്‍ സംഭാഷണങ്ങള്‍ ഇഷ്ടപ്പെടുന്നയാളാണ് ഞാന്‍. പോര്‍ച്ചുഗീസ് സംവിധായകന്‍ മാനുവല്‍ ഡി ഒളിവിരയുടെ രീതിയാണ് ഞാന്‍ പിന്‍പറ്റുന്നത്. അദേഹം സിനിമയില്‍ സംഭാഷണങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കിയിരുന്നു.

ബ്രസീലിലെ കോളനി വാഴ്ചയുടെ തുടക്കം മുതല്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന ഒരു ഇന്ററോഗേഷന്‍ വരെ സിനിമയില്‍ കാണിക്കുന്നുണ്ട്. ബ്രസീല്‍ രാഷ്ട്രീയത്തിലെ കാലുഷ്യം തന്നെയാണോ വരച്ചിടാന്‍ ശ്രമിച്ചത്?

ആദ്യ സീനുകള്‍ നിസ്സഹായതയെക്കുറിച്ചാണ്. സാമൂഹ്യ വ്യവസ്ഥിതിക്കെതിരെ ഒന്നും ചെയ്യാന്‍ കഴിയാത്ത നിസ്സഹായരുടെ കഥകളാണ് അവ. വരേണ്യവര്‍ഗവും മധ്യവര്‍ഗവും സാധാരണക്കാരനും അനുഭവിക്കേണ്ടി വന്ന നിസ്സഹായതയാണ് ആ കഥകളിലൂടെ പറയാന്‍ ശ്രമിച്ചത്. ഒരു സീനീല്‍ ഞാന്‍ ഒരു പ്രത്യേക തീയതി കൊടുക്കുന്നുണ്ട്. ബ്രസീല്‍ ചരിത്രം അറിയുന്നവര്‍ക്കറിയാം, അന്നാണ് അവിടെ വലിയൊരു കലാപമുണ്ടായത്, ചരിത്രമാണത്. ക്രിസ്തുമതത്തില്‍ വിശ്വസിക്കാത്തവരെ പീഡിപ്പിക്കുന്ന അവസ്ഥയുണ്ടായിരുന്നു ബ്രസീലില്‍. അതെന്തിനാ ശ്രദ്ധിക്കുന്നത്, അത് ജൂതന്മാര്‍ക്കാണല്ലോ സംഭവിച്ചതെന്നാണ് മധ്യവര്‍ഗം ചിന്തിക്കുന്നത്. തീര്‍ച്ചയായും അത് നമ്മുടെ പ്രശ്‌നമാണ്. കാരണം, ജൂതരും ബ്രസീലുകാരാണല്ലോ. അവസാന മൂന്ന് സീനുകള്‍ ടോര്‍ച്ചറിംഗിനെക്കുറിച്ചാണ്. 1964 മുതല്‍ 85 വരെയുള്ള സൈനിക സ്വേച്ഛാധിപത്യത്തിന്റെ നാളുകളില്‍ ഭരണകൂടം ജനങ്ങളെ അതിക്രൂരമായി പീഡിപ്പിച്ചിരുന്നു. സി.ഐ.എ ഇവിടത്തെ പട്ടാളക്കാര്‍ക്ക് ടോര്‍ച്ചര്‍ ചെയ്യേണ്ട രീതിയെക്കുറിച്ച് പഠിപ്പിച്ചിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ആംനെസ്റ്റി നിയമം വന്നു. അത് പക്ഷേ പീഡിപ്പിക്കപ്പെട്ടവര്‍ക്ക് വേണ്ടിയായിരുന്നില്ല. പീഡകന്മാരുടെ രക്ഷക്കുള്ള നിയമമായിരുന്നു. നിങ്ങള്‍ ഭൂതകാലത്ത് എന്ത് ക്രൂരത ചെയ്താലും ഞങ്ങള്‍ അതൊക്കെ പൊറുത്തിരിക്കുന്നു എന്നാണ് ആ നിയമം പറയുന്നത്. 80ല്‍ വന്ന പുതിയ ഭരണഘടനയും ഈ നിയമത്തെ തൊട്ടില്ല. അതുകൊണ്ട്തന്നെ ഒരു പീഡകനും ശിക്ഷിക്കപ്പെട്ടില്ല. സ്ഥാനമൊഴിയാന്‍ പോകുന്ന പ്രസിഡണ്ട് ബോല്‍സനാരോ ആരെയാണ് നാഷണല്‍ ഹീറോ എന്ന് കൊട്ടിഘോഷിച്ചത്? മുന്‍ പ്രസിഡണ്ട് ദില്‍മ റുസെഫിനെ കസ്റ്റഡിയില്‍ പീഡിപ്പിച്ച കേണല്‍ ആല്‍ബര്‍ട്ടോ ഉസ്ത്രയെ. ഈ യുദ്ധക്കുറ്റവാളികളെ നമ്മള്‍ വിചാരണ ചെയ്തില്ലെങ്കില്‍ ജനങ്ങള്‍ വിചാരിക്കും, അവര്‍ ചെയ്ത പീഡനങ്ങള്‍ക്ക് കാരണമുണ്ടായിരുന്നെന്ന്. ഇപ്പോഴും ബ്രസീലിലെ കറുത്തവര്‍ഗക്കാരും, പാവങ്ങളും പൊലീസുകാരാല്‍ പീഡനമേറ്റുവാങ്ങുകയാണ്. എന്നാല്‍, ഈ ചിന്ത മധ്യവര്‍ഗത്തിന് പോകില്ല. കാരണം അത് അവരുടെ പ്രശ്‌നമല്ല.


ചരിത്രം അതാണെങ്കില്‍, ബോല്‍സനാരോ അധികാരത്തില്‍ എത്തിയതെങ്ങനെയാണ്?

അതൊരു പ്രയാസമുള്ള ചോദ്യമാണ്. ബ്രസീല്‍ രാഷ്ട്രീയം ഞങ്ങള്‍ക്ക് തന്നെ മനസിലാക്കാന്‍ പ്രയാസമാണ്. വര്‍ക്കേഴ്‌സ് പാര്‍ട്ടി 2012 മുതല്‍ 16 വരെ അധികാരത്തില്‍ ഇരുന്നു. ദില്‍മ വളരെ സത്യസന്ധയായ സ്ത്രീയാണ്. അവര്‍ അഴിമതിക്കെതിരെ നിലപാടെടുത്തു. ലുല നേരത്തെ വലതുപക്ഷത്തേയും വിശ്വാസത്തിലെടുക്കാന്‍ ശ്രമിച്ചിരുന്നു. ദില്‍മ അതിനൊരുക്കമല്ലായിരുന്നു. ബ്രസീലില്‍ ഒരു സ്ത്രീ പ്രസിഡണ്ടാകുന്നത് അത്ര എളുപ്പമായിരുന്നില്ല. പുരുഷമേധാവിത്വത്തിന്റെ കേന്ദ്രമായിരുന്നു അവിടം. മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ക്ക് വലിയ പ്രാധാന്യം കൊടുത്ത സര്‍ക്കാരായിരുന്നു അത്. ഇതൊന്നും പക്ഷേ വലതു പക്ഷത്തിനോ അവരെ പിന്തുണക്കുന്നവര്‍ക്കോ അത്ര പിടിച്ചില്ല എന്നതാണ് ഒരു കാരണം. കൂടാതെ ബ്രസീലില്‍ പൊതുവെ രാഷ്ട്രീയക്കാര്‍ക്കെതിരെ ഒരു വികാരം വളര്‍ന്ന് വന്നിരുന്നു. ഇതൊക്കെ മനസ്സിലാക്കുന്നതില്‍ അന്ന് ഇടതുപക്ഷം പരാജയപ്പെട്ടു. പിന്നെ ലോകരാഷ്ട്രീയത്തില്‍ പൊതുവെ തീവ്ര വലത്പക്ഷത്തിന് മേല്‍കൈ നേടാന്‍ കഴിഞ്ഞ കാലഘട്ടമായിരുന്നു അത്.


ഇന്ത്യയില്‍ നരേന്ദ്രമോദി, ഹംഗറിയില്‍ യാനോസ് ആദര്‍, അമേരിക്കയില്‍ ട്രംപ് തുടങ്ങിയവരൊക്കെ വന്നില്ലെ. അവരുടെ കൈയില്‍ ധാരാളം പണമുണ്ടായിരുന്നു. അവര്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ച് കാര്യം നേടുന്നു. പ്രധാന പത്രങ്ങളെല്ലാം ഇപ്പോള്‍ മരിച്ചുകൊണ്ടിരിക്കുകയാണ്. പ്രധാന ടി.വി ചാനലുകളെല്ലാം ക്ഷയിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ, ഇന്റര്‍നെറ്റ് കാര്യക്ഷമമായി ഉപയോഗിക്കുന്നതിലൂടെ ഇവര്‍ പിടിച്ച് നില്‍ക്കുന്നു. പരിശീലനം ലഭിച്ച മാധ്യമപ്രവര്‍ത്തകര്‍ ഒരു കാര്യത്തിന്റെ ഇരുവശവും പഠിച്ച് വാര്‍ത്ത കൊടുക്കുമ്പോലെ ഇന്റര്‍നെറ്റില്‍ ചെയ്യുന്നില്ല. ഇവര്‍ ഇവര്‍ക്കനുകൂലമായത് പടച്ച് വിടുന്നു. തികച്ചും പക്ഷപാതപരമായ വാര്‍ത്തകളാണ് അതിലൂടെ നമുക്ക് കിട്ടുന്നത്. അമേരിക്കയില്‍ ട്രംപിന്റെ തെരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിച്ചവര്‍ തന്നെയാണ് ഇവിടെ ബോല്‍സനാരോക്ക് വേണ്ടിയും കളത്തിലിറങ്ങിയത്. 30 വര്‍ഷമായി പാര്‍ലമെന്റില്‍ ഉണ്ടെങ്കിലും ബോല്‍സനാരോ പറയുന്നത് താന്‍ ഒരു രാഷട്രീയക്കാരനല്ല എന്നാണ്. ഏകദേശം നാല്‍പതിനായിരത്തിലധികം മുന്‍ സൈനികരാണ് സര്‍ക്കാരിന്റെ ഏറ്റവും പ്രധാന സ്ഥാനങ്ങളിലെല്ലാം ഇരിക്കുന്നത്. കോവിഡ് സമയത്ത് വാക്‌സിന്‍ ഇറക്കുമതി ചെയ്യാതെ ഈ സര്‍ക്കാരാണ് ജനങ്ങളെ മരണത്തിലേക്ക് തള്ളി വിട്ടത്. ഇങ്ങനെയൊക്കെ ആണെങ്കിലും ബോല്‍സനാരോ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 49 ശതമാനത്തിലധികം വോട്ട് നേടി. നേരിയ വ്യത്യാസത്തിലാണ് ലുല ഡി സെല്‍വ ജയിച്ചത്. യഥാര്‍ത്ഥത്തില്‍ ഇടതുപക്ഷമല്ല ഇപ്പോള്‍ അധികാരത്തില്‍ വന്നിട്ടുള്ളത്. അതൊരു ജനാധിപത്യ കൂട്ടായ്മയാണ്. വലതുപക്ഷത്തിലേയും മധ്യവര്‍ഗത്തിലേയും ഒരു വിഭാഗം ഇടതുപക്ഷത്തിനോട് ചേരുകയായിരുന്നു. ഇടതുപക്ഷം ഒറ്റയ്ക്ക് ഭരണത്തില്‍ വരാന്‍ ശ്രമം നടത്തിയിരുന്നെങ്കില്‍ അവര്‍ക്ക് അധികാരത്തില്‍ വരാന്‍ കഴിയില്ലായിരുന്നു.


ബ്രസീലിലെ എഴുത്തുകാരും ആക്ടിവിസ്റ്റുകളും ആര്‍ക്കൊപ്പമാണ്?

അവര്‍ ഭിന്നിക്കപ്പെട്ടിരിക്കുന്നു. വലിയൊരു ശതമാനം ഇടതിനൊപ്പമാണെങ്കിലും അവര്‍ക്കൊന്നും ചെയ്യാനില്ലാത്ത സാഹചര്യമാണ്. എഴുത്തുകാര്‍ക്ക് കാതോര്‍ക്കുന്നവരൊന്നും ഇപ്പോള്‍ ബ്രസീലില്‍ ഇല്ല. പിന്നെയും അവര്‍ കേള്‍ക്കുക സംഗീതജ്ഞന്‍മാരുടെ വാക്കുകളാണ് (ചിരിക്കുന്നു). എങ്കിലും ഞങ്ങള്‍ക്ക് പറയാനുള്ളത് ഞങ്ങള്‍ പറയും. സിനിമയും സാഹിത്യവും നാടകവുമെല്ലാം ഇപ്പോഴും ബ്രസീലിലെ ജനങ്ങളെക്കുറിച്ച് ചിന്തിക്കുന്നുണ്ട്, പറയുന്നുണ്ട്. നിലവിലെ വ്യവസ്ഥിതിയില്‍ മാറ്റമുണ്ടാക്കുന്ന രാഷ്ട്രീയത്തില്‍ ഇടപെടണമെന്ന ബോധ്യത്തിലാണ് അവരെല്ലാം പ്രവര്‍ത്തിക്കുന്നത്.


ബ്രസീലും ഇന്ത്യയുമായുള്ള സാമ്യങ്ങളെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ? പ്രത്യേകിച്ച് വലിപ്പത്തിലും, ജനസംഖ്യയിലും കോളനിവത്കരണത്തിന്റെ കാര്യത്തിലും?

തീര്‍ച്ചയായും. എന്നാല്‍, അടിസ്ഥാനപരമായി വലിയ ഒരു അന്തരവുമുണ്ട്. വിദേശ അധിനിവേശത്തിന് മുമ്പ് നിങ്ങള്‍ക്ക് ഏറക്കുറെ വികസിച്ച ഒരു സംസ്‌കാരം ഉണ്ടായിരുന്നു. ബ്രസീലിലും വിദേശികള്‍ വരുന്നതിന് മുന്നെ വിവിധ വിഭാഗങ്ങള്‍ അധിവസിച്ചിരുന്നു. അവര്‍ക്ക് അത്രതന്നെ വികസിച്ച് വരാത്ത ഒരു സംസ്്കാരമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍, അവയൊക്കെ തന്നെ വിദേശാധിപത്യത്തില്‍ നശിപ്പിക്കപ്പെട്ടു. ആളുകളെ അവര്‍ കൊന്നുതള്ളി. മറ്റൊരു കാര്യം, നിങ്ങള്‍ക്ക് വൈവിധ്യമാര്‍ന്ന ഭാഷകളും സംസ്‌കാരങ്ങളും ഇന്നും ഉണ്ട്. ബ്രസീലില്‍ എല്ലായിടത്തും ഏറക്കുറേ ഒരേ ഭാഷയാണ് സംസാരിക്കുന്നത്. രാജ്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും ഒന്നുതന്നെ. ഞങ്ങള്‍ക്ക് ഞങ്ങളെ കുറിച്ചോ ആദിമ ജനതയെക്കുറിച്ചോ ഇവിടത്തെ അത്ര തന്നെ അവബോധമില്ലെന്നാണ് എനിക്ക് തോന്നുന്നത്.


ബ്രസീലിയന്‍ സിനിമയുടെ ഇപ്പോഴത്തെ അവസ്ഥയെന്താണ്?

ഞങ്ങള്‍ ഏറ്റവും ബുദ്ധിമുട്ടേറിയ കാലത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. മൂലധനം മുഴുവന്‍ സിനിമ നിര്‍മാണത്തില്‍ ഉപയോഗിക്കുന്നത്‌കൊണ്ട് തന്നെ സിനിമയുടെ വിതരണവും പ്രദര്‍ശനവുമടക്കമുള്ള കാര്യങ്ങള്‍ക്ക് പണമില്ലാത്ത അവസ്ഥയാണിപ്പോള്‍. സിനിമ നിര്‍മാണത്തില്‍ നിന്ന് കിട്ടുന്ന പണമല്ലാതെ പ്രദര്‍ശത്തില്‍ നിന്ന് വരുമാനമില്ല. ചെറിയ ശതമാനം കച്ചവട സിനിമകളുടെയും ഒണ്‍ലൈന്‍ സ്ട്രീമിംഗ് സിനിമകളുടേയും കാര്യം വ്യത്യസ്തമാണ്. അവര്‍ക്ക് വലിയ കുഴപ്പമില്ല. രാഷ്ട്രീയമൂല്യവും കലാമൂല്യവുമുള്ള സിനിമകള്‍ക്ക് കഷ്ടകാലമാണ്. ഒരു സിനിമയെടുക്കാന്‍ മൂന്നും നാലും വര്‍ഷം വേണ്ടിവരുന്നു. എന്റെ പല സുഹൃത്തുക്കളും സിനിമയെടുക്കുന്നത് നിര്‍ത്തി മറ്റു പല ജോലിയും ചെയ്താണ് ജീവിക്കുന്നത്. ഈ സിനിമ തന്നെ ഞാന്‍ നാലു വര്‍ഷം മുന്നെ തുടങ്ങിയതാണ്. പുതിയ സര്‍ക്കാര്‍ വരുമ്പോള്‍ പ്രതീക്ഷയുണ്ട്; ആശങ്കയും. സര്‍ക്കാരിന്റെ പ്രഥമ പരിഗണനയിലേക്ക് വരേണ്ടുന്ന ധാരാളം പ്രശ്‌നങ്ങള്‍ ബ്രസീലിലുണ്ട്. അതുകൊണ്ട് തന്നെ സിനിമ നിര്‍മാണത്തിന് സഹായം നല്‍കാന്‍ സര്‍ക്കാരിന് ആകുമൊ എന്ന് കണ്ടറിയണം. അതേസമയം ടി.വി സീരിസുകള്‍ ചെയ്ത് ജീവിക്കാം. അത് കലയല്ല. മൂലധന ശക്തികളുടെ കളികള്‍ മാത്രമാണ്. അത് കുഴപ്പമാണെന്നല്ല പറയുന്നത്. ഒരു പിടി നല്ല കലകള്‍ക്ക് പിടിച്ച് നില്‍ക്കണമെങ്കില്‍ സര്‍ക്കാര്‍ സഹായമുണ്ടെങ്കിലേ സാധിക്കൂ.



Similar Posts