Interview
എഡോസള്‍ഫാന്‍ പുനരധിവാസം
Interview

എന്‍ഡോസള്‍ഫാന്‍: സജിയുടെ മരണത്തിന്റെ ഉത്തരവാദി സര്‍ക്കാരാണ് - അമ്പലത്തറ കുഞ്ഞികൃഷ്ണന്‍

വൃന്ദ ടി.എം
|
21 Oct 2023 6:15 AM GMT

വിഷമഴപ്പെയ്ത്ത് തീര്‍ന്നിട്ടും ദുരിതം ഒഴിയാതെയാണ് കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ ഇന്നും ജീവിക്കുന്നത്. മരുന്നും ചികിത്സയും മുടങ്ങിയതിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്യേണ്ടിവന്ന സജിയുടെ അവസ്ഥ ഒടുവിലെത്തേതാണെന്ന് പറയുന്നു സാമൂഹിക പ്രവര്‍ത്തകനും എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയമുന്നണി കണ്‍വീനറുമായ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍. | അഭിമുഖം: വൃന്ദ ടി.എം

കാസര്‍ഗോഡ് ജില്ലയിലെ ഇരുപത്തിരണ്ടോളം ഗ്രാമങ്ങളിലാണ് രണ്ടായിരമാണ്ട് വരെ തുടര്‍ച്ചയായി എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചിരുന്നത്. 2000 ഡിസംബറില്‍ ആണ് അവസാനമായി എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചത്. അതിനു മുന്‍പ് തന്നെ അവിടെ ജനിക്കുന്ന കുട്ടികളില്‍ പലതരത്തിലുള്ള വൈകല്യങ്ങള്‍ കണ്ടുവരാന്‍ തുടങ്ങിയിരുന്നു.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ ജനങ്ങള്‍ ഓരോ ദിവസവും തള്ളിനീക്കുന്നത് അങ്ങേയറ്റം പ്രയാസത്തോടെയാണ്. മറ്റുപല മേഖലകളിലും സംസ്ഥാന സര്‍ക്കാര്‍ വളര്‍ച്ച പ്രാപിക്കുമ്പോഴും എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ കാര്യത്തില്‍ വളര്‍ച്ച മുരടിച്ചു കൊണ്ടിരിക്കുകയാണ്. അവര്‍ക്ക് കിട്ടേണ്ട പെന്‍ഷനോ മറ്റു ആനുകൂല്യങ്ങളോ ഒന്നും മതിയായ രീതിയില്‍ ലഭ്യമാക്കാന്‍ ഇന്നും സര്‍ക്കാരിന് സാധിച്ചിട്ടില്ല.

അതില്‍ പ്രധാനപ്പെട്ട ഒന്നാണ് എന്‍ഡോസള്‍ഫാന്‍ പുനരധിവാസ പാക്കേജിന്റെ ഭാഗമായി പ്രഖ്യാപിച്ച പാര്‍പ്പിട പദ്ധതി. പത്തു മാസത്തിനകം ആദ്യഘട്ടം പൂര്‍ത്തീകരിക്കുമെന്ന് പറഞ്ഞ് 2020 ജൂലൈയില്‍, അന്നത്തെ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ തറക്കല്ലിട്ട എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമം ഇതുവരെയും യഥാര്‍ഥ്യമായിട്ടില്ല. ഒരു വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കുമെന്ന് 2022 ജൂണില്‍ അന്നത്തെ മന്ത്രി എം.വി ഗോവിന്ദന്‍ നടത്തിയ പ്രഖ്യപാനവും പാഴ്‌വാക്കായി. പുനരധിവാസ ഗ്രാമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവാന്‍ ഇനിയും ഒരു വര്‍ഷമെങ്കിലും എടുക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങളില്‍നിന്ന് വ്യക്തമാകുന്നത്. ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും പകുതി പോലും ആയിട്ടില്ല.

മുളിയാര്‍ മുതലപ്പാറയിലെ 25 ഏക്കര്‍ ഭൂമിയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. ആരോഗ്യ പരിപാലനം, തൊഴില്‍ പരിശീലനം, ഡേ കെയര്‍ സെന്റര്‍ തുടങ്ങിയവയാണ് പദ്ധതിയില്‍ ഉള്ളത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോര്‍പ്പറേറ്റീവ് സൊസൈറ്റിക്കാണ് ഇതിന്റെ നിര്‍മാണ കരാര്‍. ഈ വര്‍ഷം മെയ് 24 നകം പൂര്‍ത്തീകരിക്കുമെന്നായിരുന്നു ധാരണ. എന്നാല്‍, ഇതുവരെയായി പകുതി പണിപോലും പൂര്‍ത്തിയായിട്ടില്ല. കാസര്‍ഗോഡ് വികസന പാക്കേജില്‍ നിന്ന് അഞ്ച് കോടി രൂപയോളം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ചിട്ടുണ്ട്. എന്നാല്‍, ഇതെല്ലാം പാഴായ രീതിയിലാണ് കാര്യങ്ങളുടെ അവസ്ഥ. സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ ബാധിതരോട് കാണിക്കുന്ന അനീതിയാണിതെന്നാണ് അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ പറയുന്നത്.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി സര്‍ക്കാര്‍ ഒരുപാട് ക്ഷേമ പദ്ധതികളൊക്കെ ആവിഷ്‌കരിക്കുകയുണ്ടായി. പക്ഷേ, ജനങ്ങള്‍ ഇപ്പോഴും പ്രതിഷേധത്തിലാണ്. എന്താണ് എന്‍ഡോസള്‍ഫാന്‍ ദുരിതബധിതരുടെ കാര്യത്തില്‍ സംഭവിക്കുന്നത്?

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി മാറി മാറി വന്ന സര്‍ക്കാരുകള്‍ ഒരുപാട് പദ്ധതികള്‍ ആവിഷ്‌കരിച്ചു എന്നത് ശരിതന്നെയാണ്. പക്ഷേ, പദ്ധതികളെല്ലാം തന്നെ പാതിവഴിയില്‍ ഉപേക്ഷിക്കുകയോ ഫലവത്തായരീതിയില്‍ നടപ്പാക്കുകയോ ഉണ്ടായില്ല. അതിന്റെ ഒടുവിലത്തെ ഉദാഹരണാണ് രോഗികള്‍ക്ക് ലഭിക്കേണ്ട മരുന്നും പെന്‍ഷനും മുടങ്ങിയത്. സര്‍ക്കാരിന്റെ ഈ അനീതിയുടെകൂടി ഇരയാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത സജി.

രോഗികള്‍ക്ക് നല്‍കികൊണ്ടിരുന്ന മരുന്നും, പെന്‍ഷനും നിലച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞു. ഏഴ് മാസത്തോളമായി പെന്‍ഷനും മരുന്നും ലഭിക്കുന്നില്ല. വളരെ കുറച്ച് പഞ്ചായത്തുകളില്‍ മാത്രമേ മരുന്നുകള്‍ ലഭ്യമാക്കുന്നുള്ളു. ദേശീയ ആരോഗ്യ ദൗത്യം പദ്ധതി വഴി മരുന്ന് വിതരണം നടത്തിയിരുന്നത് കഴിഞ്ഞ വര്‍ഷം നിര്‍ത്തിയിരുന്നു. തുടര്‍ന്ന് കാസര്‍ഗോഡ് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി സഹായം നല്‍കുമെന്ന് തീരുമാനിച്ചെങ്കിലും നാളിതുവരെ നടപടി ആയില്ല. അഞ്ച് മാസമായി പെന്‍ഷന്‍ തുകയും മുടങ്ങിയിരിക്കുകയാണ്. കിടപ്പു രോഗികള്‍ക്ക് 2,200 രൂപയും മറ്റു രോഗികള്‍ക്ക് 1,600 രൂപയും ദുരിതബാധിതരെ പരിചരിക്കുന്നവര്‍ക്ക് 600 രൂപയുമാണ് പെന്‍ഷന്‍ നല്‍കുന്നത്. കൂടാതെ ആശുപത്രിയിലേക്ക് പോകാനുള്ള വാഹനസൗകര്യവും നിലച്ചിട്ട് ഏകദേശം ഒരു വര്‍ഷത്തോളം ആയി.


കഴിഞ്ഞ ദിവസം രോഗികളെ ആശുപത്രിയില്‍ എത്തിക്കാന്‍ 6,000 ത്തോളം രൂപ നല്‍കി സ്വകാര്യ ആംബുലന്‍സ് വിളിക്കേണ്ട അവസ്ഥ വരെ വന്നു. ഇത്തരം പ്രശ്‌നങ്ങള്‍ ഉന്നയിക്കാനും, പരിഹരിക്കാനും വേണ്ടിയുള്ള സെല്‍ പോലും കൂടിയിട്ട് ഏകദേശം എട്ട് മാസത്തോളം ആയി. ഈയൊരു പദ്ധതി തന്നെ ഉപേക്ഷിക്കുന്ന തലത്തിലേക്ക് സര്‍ക്കാര്‍ തന്നെ നീങ്ങുന്നുണ്ട് എന്ന സംശയത്തിലേക്കാണ് ഇതെല്ലാം വിരല്‍ ചൂണ്ടുന്നത്.

ദുരിത ബാധിതര്‍ക്കായി സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് ഉണ്ടാക്കി കൈമാറിയ വീടുകള്‍ അര്‍ഹര്‍ക്ക് നല്‍കണമെന്ന കോടതി ഉത്തരവ് നടപ്പാക്കപ്പെട്ടില്ല എന്ന പരാതി ഉയര്‍ന്നിരുന്നുവല്ലോ?

സത്യസായി ട്രസ്റ്റിന്റെ കാര്യത്തില്‍ വലിയ വീഴ്ചയാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. ട്രസ്റ്റ് നിര്‍മിച്ചു നല്‍കിയ വീട് ഗുണഭോക്താക്കള്‍ക്ക് കൈമാറാന്‍ പോലും കലക്ടര്‍ തയ്യാറാവാതിരുന്നപ്പോള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഹൈകോടതിയെ സമീപിച്ചു. എന്നാല്‍, ആദ്യം മതിയായ ഗുണഭോക്താക്കള്‍ ഇല്ലെന്നും, പിന്നീട് കണക്കിലധികം ഗുണഭോക്താക്കള്‍ ഉള്ളതിനാല്‍ ആളുകളെ നറുക്കിട്ട് തിരഞ്ഞെടുക്കണം എന്നായിരുന്നു കളക്ടറുടെ വാദം. 2019 ല്‍ ട്രസ്റ്റ്, നിര്‍മാണം പൂര്‍ത്തിയാക്കി മുഴുവന്‍ വീടുകളും സര്‍ക്കാരിന് കൈമാറിയെങ്കിലും ഗുണഭോക്താക്കളെ കണ്ടെത്തി വീടുകള്‍ കൈമാറാന്‍ ജില്ലഭരണകൂടത്തിനു സാധിക്കാത്തത് സര്‍ക്കാരിന്റെ വലിയ വീഴ്ചയാണ്. പല തവണ സെല്‍ യോഗത്തില്‍ ഈ കാര്യം ഉന്നയിച്ചെങ്കിലും തുടര്‍നടപടികള്‍ ഒന്നും ഉണ്ടായില്ല. രണ്ടര കോടി രൂപ ചിലവഴിച്ചു ഉണ്ടാക്കിയ വീടുകള്‍ മൂന്നു വര്‍ഷത്തോളം ഉപയോഗ ശൂന്യമാക്കി വെച്ചതിനാല്‍ കേടുപാടുകള്‍ വരുകയും, അത് നന്നാക്കാനായി വീണ്ടും 25 ലക്ഷത്തോളം മുടക്കുകയും ചെയ്യേണ്ടി വന്നു. ഒക്‌ടോബര്‍ 15 നകം വീടുകള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് കൈമാറണമെന്ന ഹൈകോടതി ഉത്തരവിനെ പോലും വകവെക്കാന്‍ ജില്ലാ ഭരണകൂടം തയ്യാറായില്ല.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ഔദ്യോഗിക ലിസ്റ്റില്‍നിന്ന് ഒഴിവാക്കപ്പെട്ടവരും സമരത്തിലാണിപ്പോള്‍. ഈ സമരത്തിന്റ പശ്ചാത്തലമെന്താണ്? എന്താണ് ഈ സമരം മുന്നോട്ടുവെക്കുന്ന ആവശ്യങ്ങള്‍?

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്താനായി 2010-ല്‍ ആണ് ആദ്യമായി മെഡിക്കല്‍ ക്യാമ്പ് നടത്തുന്നത്. പിന്നീടുള്ള ക്യാമ്പുകള്‍ ഭരണകൂടം ഒഴിവാക്കാനുള്ള ശ്രമമായിരുന്നു. അതിനെതിരെ സമരങ്ങള്‍ നടന്നു. അതിന്റെ ഫലമായി 2013 ല്‍ വീണ്ടും ക്യാമ്പ് നടത്തി. അതില്‍ പതിനായിരത്തോളം ആളുകളെ പരിശോധിച്ചതില്‍ കേവലം 348 പേരെ മാത്രമാണ് തെരഞ്ഞെടുത്തത്. 3000 ത്തോളം കുട്ടികള്‍ ആ ക്യാമ്പില്‍ പങ്കെടുത്തിട്ടും അവരെ പൂര്‍ണമായും ഒഴിവാക്കുന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ എത്തിയത്. പിന്നീട് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ സമരത്തെ തുടര്‍ന്ന് സമിതിയുമായി നടന്ന ചര്‍ച്ചയില്‍ വീണ്ടും ക്യാമ്പ് നടത്താന്‍ തീരുമാനിച്ചു. അന്ന് സമരത്തില്‍ വി.എസ് അച്യുതാനന്ദനും പങ്കെടുത്തിരുന്നു. ആ തീരുമാനത്തിന്റെ ഭാഗമായി 2017 ല്‍ അഞ്ച് ദിവസങ്ങളില്‍ അഞ്ച് മേഖലകളിലായി ക്യാമ്പ് നടത്തി. ആ ക്യാമ്പുകളില്‍ നിന്നും 1905 പേരെ അര്‍ഹതപ്പെട്ടവരായി തിരഞ്ഞെടുത്തു എന്ന് അന്നത്തെ ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചിരുന്നു. പക്ഷെ, പിന്നീട് നടന്ന സെല്‍ യോഗത്തില്‍ 1905 എന്നത് 287 ആയി ചുരുങ്ങി. ഇത് വലിയ പ്രശ്‌നമായി മാറിയപ്പോള്‍ വീണ്ടും പുനഃപരിശോധിച്ച് 76 പേരെ കൂടി ഉള്‍പ്പെടുത്തി. പക്ഷെ, അപ്പോഴും ഭൂരിഭാഗം കുട്ടികളും ഇതില്‍ ഉള്‍പ്പെട്ടിരുന്നില്ല. ഇതിനെതിരായി തിരുവനന്തപുരത്ത് അനിശ്ചിത കാല പട്ടിണി സമരം നടത്തി. ദയഭായ് ഉള്‍പ്പെടെ പങ്കെടുത്ത ഈ സമരത്തെ തുടര്‍ന്ന് 18 വയസിനു താഴെയുള്ള കുട്ടികളെ കൂടി ഇതില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. അപ്പോഴും ബാക്കി വന്ന 1031 പേരുടെ കാര്യത്തില്‍ ഇപ്പോഴും നടപടി സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടം തയ്യാറായിട്ടില്ല. ഈ രോഗികളും അവരുടെ കുടുംബങ്ങളുമാണ് ഇപ്പോള്‍ സമരത്തിലുള്ളത്.


ആത്മഹത്യ ചെയ്ത സജിയുടെ ദുരവസ്ഥ നേരത്തെ പറഞ്ഞിരുന്നുവല്ലോ? എന്തായിരുന്നു ആത്മഹത്യയിലേക്ക് നയിച്ച ഘടകം?

ജില്ലാ ഭരണകൂടത്തിന്റെയും കേരള സര്‍ക്കാരിന്റെയും പരാജയത്തിന്റെ തെളിവാണ് സജിയുടെ ആത്മഹത്യ. കാസര്‍ഗോഡ്, മാലക്കല്ല് സ്വദേശിയായ സജി മാനസിക പിരിമുറുക്കം നേരിട്ടിരുന്നു. കഴിഞ്ഞ ഏഴ് മാസമായി സജിക്കും കുടുംബത്തിനും മരുന്നും പെന്‍ഷനും ലഭിച്ചിരുന്നില്ല. സജിയുടെ മക്കളും ഭാര്യയും എന്‍ഡോസള്‍ഫാന്‍ ബാധിതരാണ്. സജിക്ക് സ്വന്തമായി റബ്ബര്‍ കൃഷി ഉണ്ടെങ്കിലും അതെല്ലാം നോക്കി നടത്താന്‍ ഉള്ള ശേഷി സജിക്കും കുടുംബത്തിനും ഉണ്ടായിരുന്നില്ല. പെന്‍ഷന്‍ ഇല്ലെങ്കിലും, മരുന്നെങ്കിലും ലഭിച്ചാല്‍ സജിക്ക് ഒരുപക്ഷെ ആശ്വാസമായേനെ. സജിയുടെ മരണത്തിനു കാരണം രോഗമോ, മറ്റു കുടുംബ പ്രശ്‌നങ്ങളോ അല്ല. പൂര്‍ണമായും സജിയുടെ മരണത്തിന്റെ ഉത്തരവാദികള്‍ ഭരണകൂടം തന്നെയാണ്.


ഇനിയും എത്ര കാലം എന്‍ഡോസള്‍ഫാന്‍ ദുരുതബാധിതരുടെ പ്രതിസന്ധി തുടരും? എത്ര മരണങ്ങള്‍ക്കും ആത്മഹത്യകള്‍ക്കും നാം സാക്ഷിയാകേണ്ടി വരും എന്നത് സര്‍ക്കാരും പൊതുസമൂഹവും ഗൗരവത്തിലെടുക്കേണ്ട കാര്യമാണ്.


Similar Posts