സ്വവര്‍ഗത്തില്‍ ഉള്ളവരെ തന്നെ വേര്‍തിരിവോടെ കാണുന്നവരാണ് മനുഷ്യര്‍ - അഞ്ചു ആചാര്യ
|മനുഷ്യന്‍ സ്വന്തം ജീവശാസ്ത്രത്തെക്കുറിച്ചും ജീവജാലങ്ങള്‍ എന്ന പദവിയെക്കുറിച്ചും എത്രത്തോളം അജ്ഞരാണ് എന്ന് വരച്ചു കാട്ടുകയാണ് ശരീരശാസ്ത്രപരമായ തന്റെ സര്‍റിയല്‍ ഡ്രോയിങ്ങുകളിലൂടെ ചിത്രകാരി അഞ്ചു ആചാര്യ. അഭിമുഖം: അഞ്ചു ആചാര്യ/മീനു മാത്യു
പ്ലസ് ടുവിനു ശേഷം ഗ്രാഫിക് ഡിസൈനിംഗില്‍ ഡിപ്ലോമ കരസ്ഥമാക്കി. തൃപ്പൂണിത്തറ ആര്‍.എല്‍.വി കോളജില്‍ നിന്നും 2015 ല്‍ ഒന്നാം റാങ്കോടെ പെയിന്റിങ്ങില്‍ ബി.എഫ്.എ. ശേഷം പ്രിന്റ് മേയികിംങ്ങില്‍ ഹൈദ്രബാദ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും 2017 ല്‍ എം.എഫ്.എ ബിരുദം. നിലവില്‍ തൃപ്പൂണിത്തറ ആര്‍. എല്‍.വി കോളജില്‍ പെയിന്റിങ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപകയാണ്.
ചിത്രകലയില്‍ തന്റേതായ, വ്യത്യസ്തമായ ശെലി അഞ്ചു ആചാര്യ എന്നും പരിപാലിച്ചു പോരുന്നുണ്ട്. എന്നാല്‍, അതൊന്നും ബോധപൂര്‍വമായ ഒരു തീരുമാനത്തിന്റെ ഫലമായിരുന്നില്ല. സാഹചര്യങ്ങളുടെ സ്വാധീനതയില്‍ നൈസര്‍ഗികമായി രൂപാന്തരം പ്രാപിച്ചു വന്നവയാണവ. ജീവശാസ്ത്രം പ്രധാന വിഷയമായുള്ള പ്ലസ് ടു കാലഘട്ടത്തിലാണ്, സാധാരണ ആളുകള്‍ കാണുന്നതിനുമപ്പുറം കാര്യങ്ങളെ ശരീരശാസ്ത്രപരമായി സമീപിക്കാന്‍ ശീലിക്കുന്നത്. പാഠ്യ വിഷയത്തില്‍ ഉണ്ടായിരുന്ന ചിത്രങ്ങളിലുടെ ജീവജാലങ്ങളെ വരക്കാന്‍ ആരംഭിച്ചു. ജന്തു ജാലങ്ങളെക്കുറിച്ചും അവയുടെ ഘടനയെക്കുറിച്ചുമുള്ള അറിവു ശേഖരണത്തിലേക്കും വരകളിലേക്കും നയിച്ചതും അതേ സമയമാണ്. അല്ലാതെ ചിത്രരചന പഠിക്കുകയോ മത്സരങ്ങളില്‍ പങ്കെടുക്കുകയോ ഒന്നും ഇതുവരെയും ചെയ്തിട്ടില്ല. അന്നത് വെറും ജീവജാല സ്‌നേഹം മാത്രമായിരുന്നുവെങ്കില്‍, അതേ വിഷയത്തിലെ അധിക പഠനങ്ങള്‍ മനുഷ്യനും ജന്തുജാലങ്ങളും തമ്മിലുള്ള സഹവര്‍ത്തിത്വത്തെക്കുറിച്ച് ചിന്തിക്കാന്‍ പില്‍ക്കാലത്ത് കാരണമായി. സ്‌കൂള്‍ കാലഘട്ടത്തില്‍ എന്ത് വരച്ചോ അതിന്റെ ഒരു വിപുലീകരണം മാത്രമാണ് ഇന്ന് താന്‍ ചെയ്യുന്ന ചിത്രങ്ങള്‍.
സമതുലനാവസ്ഥയിന്‍മേല്‍ നിലനില്‍ക്കുന്ന പരിസ്ഥിതിയില്‍ മനുഷ്യന്‍ ഇല്ലാതായാല്‍ ചിലപ്പോള്‍ ഒന്നും സംഭവിക്കില്ല. പക്ഷേ, ഒരു പറ്റം കിളികളോ മറ്റു ജീവജാലങ്ങളോ ഇല്ലാതായാല്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ പ്രവചനാതീതമായിരിക്കും. സ്വാര്‍ത്ഥബൗദ്ധപരമായ ചിന്തകള്‍ക്കപ്പുറം സഹവര്‍ത്തിത്വത്തിന്റെ ഇത്തരം ചിന്തകളിലേക്ക് നയിച്ചത് തീര്‍ച്ചയായും കലയുമായുള്ള നിരന്തര സമീപ്യമാണ്.
ഡിഗ്രിയുടെ നാലാം വര്‍ഷത്തില്‍ അറിഞ്ഞോ അറിയാതെയോ ചിത്രകലയെ ഗൗരവമായി സമീപിക്കാന്‍ തുടങ്ങുമ്പോള്‍, മനുഷ്യ നിര്‍മിതവും പ്രകൃതിക്ക് ദോഷവുമായിട്ടുള്ള പ്ലാസ്റ്റിക് അടിസ്ഥാനപ്പെടുത്തിയ ആക്രിലിക് പെയിന്റുകളും ക്യാന്‍വാസുകളും ഉപയോഗിച്ചുള്ള പരമ്പരാഗത ശൈലിയായിരുന്നു പിന്തുടര്‍ന്നിരുന്നിരുന്നത്. അതിനൊരു മാറ്റം സംഭവിക്കുന്നത് ഹൈദ്രാബാദിലെ പഠനകാലത്താണ്. അപ്പോഴാണ് പ്രകൃതിയില്‍ തന്നെ ലഭ്യമായ വസ്തുക്കളെ ഉപയോഗപ്പെടുത്താന്‍ തുടങ്ങുന്നത്. അക്കാലത്തുണ്ടായ മറ്റൊരു പ്രധാന മാറ്റം, തന്റെ തന്നെ സ്വത്വത്തിനാണ്. തന്നെ തന്നെ മറ്റൊരു സ്ഥലത്തേക്ക് പറിച്ചു നടുമ്പോളുണ്ടാവാന്‍ സാധ്യതയുള്ള എല്ലാവിധ സ്ഥിതിഭേദങ്ങളും ബുദ്ധിമുട്ടുകളും എം.എഫ്.എയിലെ തുടക്കകാലത്ത് പ്രകടമായിരുന്നു. ആളുകളോട് അധികം സംസാരിക്കാതെയായി. സ്വന്തമായൊരിടം കണ്ടെത്തുന്നതില്‍ മാത്രമായി ഏകാഗ്രത. പൊതുസമൂഹത്തിന്റെ ഒച്ചപ്പാടുകളില്‍ നിന്നെല്ലാം മാറി അതുവരെയും താല്‍പര്യം കാണിക്കാതിരുന്ന ചെറു ജീവജാലങ്ങളിലേക്കും വണ്ടുകളിലേക്കുമൊക്കെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങി. കാലാവസ്ഥക്ക് അനുസൃതമായി നിറത്തിലും മറ്റും ശ്രദ്ധേയമായ മാറ്റങ്ങള്‍ സംഭവിച്ച രീതിയില്‍ നമ്മുടെ നാട്ടിലെ പല ജീവജാലങ്ങളെയും അവിടെയും കാണാന്‍ സാധിച്ചു. മനുഷ്യനും യഥാര്‍ഥത്തില്‍ അങ്ങിനെ തന്നെയാണ്. ജീവിക്കുന്ന പരിതസ്ഥിതികളുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ക്ക് കീഴ്‌പ്പെടുന്നുവെങ്കിലും ആത്യന്തികമായി അവരെല്ലാം ഒന്നു തന്നെയാണ്.
മനുഷ്യ കേന്ദ്രീകൃതമായ ആശയങ്ങളാണ് കലാരൂപങ്ങള്‍ എല്ലാം തന്നെ പ്രചരിപ്പിക്കുന്നത്. മനുഷ്യനെ കേന്ദ്രമാക്കി ബാക്കി എല്ലാ ജീവികളും അതിനു താഴെയാണ് എന്ന ബോധത്തിലാണ് നാം എല്ലാവരും ജീവിച്ചു പോരുന്നത്. സ്വവര്‍ഗത്തില്‍ ഉള്ളവരെ തന്നെ വേര്‍തിരിവോടെ കാണുന്നവരാണ് മനുഷ്യര്‍. പല ജാതി മത വ്യവസ്ഥകളുടെ ഭാഗമായി ഒരാളുടെ കീഴില്‍ മറ്റൊരാള്‍ വരിക എന്ന് പറയുന്നത് എത്രയോ മോശപ്പെട്ട അവസ്ഥയാണ്. ജീവജാലങ്ങളുടെ കാര്യത്തിലും നമ്മള്‍ അങ്ങിനെ തന്നെ. അവരെ നമ്മള്‍ കാണുന്നതും അതേ രീതിയിലാണ്. ആ നിരീക്ഷണത്തിന് എത്രയും വേഗം മാറ്റം സംഭവിക്കണം. സമതുലനാവസ്ഥയിന്‍മേല്‍ നിലനില്‍ക്കുന്ന പരിസ്ഥിതിയില്‍ മനുഷ്യന്‍ ഇല്ലാതായാല്‍ ചിലപ്പോള്‍ ഒന്നും സംഭവിക്കില്ല. പക്ഷേ, ഒരു പറ്റം കിളികളോ മറ്റു ജീവജാലങ്ങളോ ഇല്ലാതായാല്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ പ്രവചനാതീതമായിരിക്കും. സ്വാര്‍ത്ഥബൗദ്ധപരമായ ചിന്തകള്‍ക്കപ്പുറം സഹവര്‍ത്തിത്വത്തിന്റെ ഇത്തരം ചിന്തകളിലേക്ക് നയിച്ചത് തീര്‍ച്ചയായും കലയുമായുള്ള നിരന്തര സമീപ്യമാണ്.
അത്തരത്തില്‍ വ്യത്യസ്ത മനോഭാവങ്ങളും സങ്കല്‍പ്പങ്ങളും കോര്‍ത്തിണക്കിയൊരിടമാണ് മുസരീസ് ബിനാലെ. കേരളത്തിലെ ഏറ്റവും ജനശ്രദ്ദേയമായ കാലാ പ്രദര്‍ശനം. കലയുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുള്ളവര്‍ക്ക് മാത്രമല്ല, മറിച്ച് എല്ലാ ജനങ്ങള്‍ക്കും ഒരുപോലെ അനുഭവവേദ്യമാക്കന്‍ കഴിയും വിധമുള്ള മൂലകങ്ങള്‍ ചേര്‍ത്താണ് ബിനാലെ സംഘടിപ്പിച്ചിരിക്കുന്നത്. മനുഷ്യനും പ്രകൃതിയും കലയും ഒരേപോലെ ചെറുത്ത് നില്‍പ്പിനായി പോരാടുന്ന ഈ കാലഘട്ടത്തില്‍ ഇത്തരമൊരിടം വളരെ പ്രധാനമാണ്. പല രാജ്യങ്ങളില്‍ നിന്നുള്ള വിഷയങ്ങള്‍ ഇവിടെ സംസാരിക്കപ്പെടുന്നുണ്ട്. ഇത് മാത്രമാണ്, അല്ലെങ്കില്‍ ഇങ്ങനെ കാണേണ്ടതാണ് കല എന്ന വിധമുള്ള മുന്‍ധാരകളെയെല്ലാം ബിനാലെ മാറ്റി എഴുതുന്നു.
ബിനാലെയിലെ സ്ത്രീ സാനിദ്ധ്യം എല്ലായിപ്പോഴും ശ്രദ്ധേയമാണ്. എന്നാല്‍, സ്ത്രീ-പുരുഷന്‍ അല്ലെങ്കില്‍ മറ്റു ജെണ്ടറുകള്‍ എന്ന രീതിയിലൊരു തരം തിരിവിന്റെ ആവശ്യം ഇന്ന് നിലനില്‍ക്കുന്നുണ്ട് എന്ന് തോന്നുന്നില്ല. സ്ത്രീകള്‍ ശബ്ദമില്ലാത്തവര്‍ ആയിരുന്നോ? അറിയില്ല. അവരുടെ ശബ്ദങ്ങളെ ആരൊക്കെയോ തടഞ്ഞു വച്ചതായിരുന്നില്ലേ? വിഭിന്ന കാഴ്ചപ്പാടുകളില്‍ നിന്നുമുള്ള ശബ്ദങ്ങള്‍ ഇനിയുമുയരണം. സ്ത്രീകളെ 'സ്ത്രീകള്‍ മാത്രം' ആയി കാണുന്ന കാഴ്ച മാറി വരും. അതുപോലെ എല്ലാ മനുഷ്യരും ഈ പ്രപഞ്ചത്തിലെ വെറും മനുഷ്യര്‍ മാത്രം എന്നും. അതിനേക്കാള്‍ വിലമതിച്ചതാണ് നമുക്ക് ചുറ്റുമുള്ള ഓരോ ജീവ ജാലങ്ങളും.
നാനാപ്രകാരമായ ധാരാളം വിഷയങ്ങള്‍ വളരെ എളുപ്പത്തില്‍ ആശയ വിനിമയം നടത്താന്‍ കെല്‍പ്പുള്ള വേദിയാണ് ബിനാലെ. പല തലമുറകള്‍, പല കാലഘട്ടങ്ങള്‍, പല സ്വഭാവങ്ങള്‍, പല നിരീക്ഷണങ്ങള്‍. ഇതുവരെയുള്ള അറിവിന്റെ മാനദണ്ഡത്തില്‍ ഞാന്‍ വര്‍ക്കുകള്‍ ചെയ്യുന്നു. ഇതിലും കൂടുതലായും മികച്ചതായും മറ്റൊരാള്‍ക്ക് അതേ വേദിയില്‍ തന്നെ ചെയ്യാന്‍ സാധിക്കുന്നു. സാമൂഹികമായും വിപ്ലവകരമായുമുള്ള ആശയങ്ങളാണ് ഓരോ കലാകാരന്മാരും ഇവിടെ പങ്കുവെക്കുന്നത്.
മികച്ച കലാകാരന്മാര്‍ ആയിരുന്നിട്ടും എത്രയോപേര്‍ക്ക് ഇത്തരത്തില്‍ ഒരു വേദി കിട്ടിയിട്ടുണ്ടാകില്ല. അവര്‍ക്കും അവസരങ്ങള്‍ വരും. പ്രയത്‌നിക്കുന്ന ഓരോരുത്തര്‍ക്കും, ശബ്ദമുള്ള ഓരോരുത്തര്‍ക്കും അവസരങ്ങള്‍ ഉണ്ടാകും. ഫൈന്‍ ആര്‍ട്‌സ് പോലുള്ള കോഴ്‌സുകള്‍ ചെയ്തവര്‍ക്ക് മാത്രമേ ഈ മേഖലയില്‍ തിളങ്ങാന്‍ സാധിക്കൂ എന്നുള്ള എല്ലാ മുന്‍വിധികളെയും മാറ്റിക്കുറിച്ച ഒരു ബിനാലെ കൂടിയാണ് ഈ വര്‍ഷത്തേത്.
ലള്‍ (lull) എന്ന സീരീസ് ഇതിനൊക്കെയുള്ള ഉദാഹരണമാണ്. ശാന്തത - വളരെ വിരോധാഭാസപരമായി ചിത്രങ്ങള്‍ക്ക് നല്‍കിയിട്ടുള്ള പേരാണത്. നമ്മള്‍ കാണുന്ന, നമ്മള്‍ സാധാരണം അല്ലെങ്കില്‍ സ്വാഭാവികം എന്ന് കരുതുന്ന പലതും യഥാര്‍ഥത്തില്‍ സ്വാഭാവികമല്ല എന്നാണ് ഇവിടെ പറഞ്ഞുവെയ്ക്കുന്നത്. ഒരു സ്ത്രീ ഗര്‍ഭിണിയായി തന്റെ കുട്ടിയെ പ്രസവിക്കുന്നതിനെ സുഖപ്രസവം എന്ന് പറയുന്നത് അംഗീകരിക്കാന്‍ ആവുന്നില്ല. ഞാന്‍ ഒരു അമ്മയാണ്. ഇത് ജൈവികമായ ഒരു മാറ്റമാണെങ്കില്‍ പോലും അതിനുള്ളില്‍ അനുഭവിക്കേണ്ടി വരുന്ന ഒരു വേദനയുണ്ട്. പക്ഷേ, അതിനെ വളരെ ശാന്തമായ എന്തോ ഒന്നിനെ പോലെയാണ് എല്ലാവരും സമീപിക്കുക. ഗര്‍ഭധാരണത്തോട് അനുബന്ധിച്ച് ശരീരത്തില്‍ ഉണ്ടായ പല മാറ്റങ്ങളും ഒപ്പം, അനുഭവിച്ചതും ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുന്നതുമായ വിവിധ ശാരീരിക മാനസിക പ്രശ്‌നങ്ങളും ഒന്നും ഒരിക്കലും സുഖകരമല്ല. ചുറ്റും ഉള്ള ഓരോ ജീവജാലങ്ങളിലും സ്ത്രീത്വത്തിന്റെ അംശത്തെ കാണുവാനാണ് ഞാന്‍ ശ്രമിക്കുന്നത്. ജനനം-യൗവനം-വാര്‍ധക്യം. സ്ത്രീ ജീവിതത്തിലെ പരിവര്‍ത്തനങ്ങള്‍ ഒരിക്കലും അത്ര സുഗമമല്ല. ഓരോ ജീവിതങ്ങളും അവരുടെ അനുഭവങ്ങളും വ്യത്യസ്തമാണ്. എന്റെ ജീവിതം ആയിരിക്കില്ല മറ്റൊരു സ്ത്രീയുടേത്. പക്ഷേ, ഇതില്‍ എല്ലാം പൊതുവായി വരുന്ന ചില കാര്യങ്ങളുണ്ട്. പ്രസവം, അതിന്റെ ഭാഗമായി ഉണ്ടാകാറുള്ള മെഡിക്കല്‍ - പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനുകള്‍ എന്നിവ. അതിനാല്‍ പേര് ലള്‍ എന്നാണെകിലും, അത് സൂചിപ്പിക്കുന്ന പോലെ ഒരു ശാന്തത അല്ല ഈ ചിത്രങ്ങള്‍ ആശയവിനിമയം നടത്തുന്നത്.
ബിനാലെയില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങള്‍ സംവദിക്കുന്നത് വേദനയെക്കുറിച്ചാണ്. ശരീരത്തെക്കുറിച്ചാണ്. ബോഡിയെക്കുറിച്ചും ബോഡി ഷെയിമിങ്ങിനെയും കുറിച്ചാണ്. കുട്ടിക്കാലത്തെ ഏറ്റവും വലിയ തലവേദനകളില്‍ ഒന്നായിരുന്നു ബോഡി ഷെയിമിങ്. മെലിഞ്ഞത്, കറുത്തത്, നീളമില്ലാത്തത്... സ്വന്തം സ്വത്വത്തെ തന്നെ നഷ്ടപ്പെടുത്തിക്കൊണ്ടാവും നമ്മള്‍ അതൊക്കെ കേട്ട് നിക്കുന്നത്.
ഗര്‍ഭകാലത്ത് ആശയ വിനിമയം നടത്താന്‍ കഴിയാതെ വന്ന പല കാര്യങ്ങളും ഇന്നെനിക്ക് എന്റെ ചിത്രങ്ങളിലൂടെ പറയാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍, കുഞ്ഞുണ്ടായി കഴിഞ്ഞപ്പോള്‍ പഴയതു പോലെ ലാര്‍ജ് സ്‌കെയിലില്‍ ചിത്രങ്ങള്‍ വരക്കാന്‍ സാധിക്കാതെ വന്നതും സത്യമാണ്. കുഞ്ഞിന് വേണ്ടിയെങ്കില്‍ പോലും, സ്വന്തം കാര്യങ്ങള്‍ക്ക് സമയം കണ്ടെത്താനാവാതെ മറ്റു പലതിനുമായി സ്വജീവിതത്തില്‍ മുന്‍തൂക്കം നല്‍കേണ്ടി വരുന്നത് വല്ലാത്തൊരു അവസ്ഥയാണ്. അമ്മ ആകുന്നതിലോ തന്റെ കുഞ്ഞിനെ ഏറ്റവും നന്നായി വളര്‍ത്തുന്നതിലോ ഒന്നുമല്ല ഒരു സ്ത്രീയും അവളുടെ വ്യക്തിത്വവും നിലകൊള്ളുന്നത്. ഉള്ളില്‍ അവള്‍ എങ്ങനെയാണോ അങ്ങിനെ തന്നെ പുറമെയും ജീവിക്കാന്‍ സാധിക്കുമ്പോഴാണ് ഒരു സ്ത്രീ സ്ത്രീയാവുന്നത്.
ബിനാലെയില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങള്‍ സംവദിക്കുന്നത് വേദനയെക്കുറിച്ചാണ്. ശരീരത്തെക്കുറിച്ചാണ്. ബോഡിയെക്കുറിച്ചും ബോഡി ഷെയിമിങ്ങിനെയും കുറിച്ചാണ്. കുട്ടിക്കാലത്തെ ഏറ്റവും വലിയ തലവേദനകളില്‍ ഒന്നായിരുന്നു ബോഡി ഷെയിമിങ്. മെലിഞ്ഞത്, കറുത്തത്, നീളമില്ലാത്തത്... സ്വന്തം സ്വത്വത്തെ തന്നെ നഷ്ടപ്പെടുത്തിക്കൊണ്ടാവും നമ്മള്‍ അതൊക്കെ കേട്ട് നിക്കുന്നത്. പലരും ഇപ്പോഴും ചോദിക്കാറുണ്ട്, തന്നെ കണ്ടാല്‍ ഒരു കുട്ടി ഉള്ളതായി തൊന്നില്ലാലോ എന്ന്. ഒരു തരത്തില്‍ അത്തരം അഭിപ്രായങ്ങള്‍ ആഭിനന്ദനമാണ്. എന്നാല്‍, അത് വരുന്നത് ഏറെ കാലമായി നിലനില്‍ക്കുന്ന ഒരു പൊതുബോധത്തില്‍ നിന്നുമാണ്. 'പ്രസവശേഷം ഒരു സ്ത്രീയുടെ ശരീരം ഇങ്ങനെയൊക്കെ മാറണം. കുട്ടിയുണ്ട് എന്ന് അവരെ കണ്ടാലേ അറിയണം..' അതൊക്കെ ആരാണ് നിര്‍വചിക്കുന്നത്. അത് നമ്മുടെ കാഴ്ചപ്പാടിന്റെ പ്രശ്‌നമല്ലേ? വണ്ണം കുറഞ്ഞവര്‍ ഉണ്ടാകും. കൂടിയവര്‍ ഉണ്ടാകും. പൊക്കം ഉള്ളവരും ഇല്ലാത്തവരും ഉണ്ടാകും. വയറു ചാടിയവര്‍ ഉണ്ടാകും. പക്ഷേ, അവര്‍ കടന്നു വരുന്ന സാഹചര്യങ്ങള്‍ പലതാവും. അവരുടെ ഇത്രയും കാലത്തെ ജീവിത രീതികളോ ശൈലികളോ അസുഖ വിവരങ്ങളോ ശാരീരിക ബുദ്ധിമുട്ടുകളോ ഒന്നും തന്നെ നമുക്ക് അറിവുള്ളതാവില്ല. അത്തരമൊരു സാഹചര്യത്തില്‍ നമ്മുടെ ഒരു വാക്ക് അവരെ വളരെയധികം വിഷമിപ്പിച്ചേക്കാം. വേദനിപ്പിച്ചേക്കാം.