ഇവിടെ എസ്.സി-എസ്.ടി കമീഷന്‍ എന്ന ഒന്നുണ്ടോ? ബിന്ദു വൈലാശ്ശേരി
|വനാവകാശ നിയമപ്രകാരം ആദിവാസികള്‍ക്ക് ലഭിക്കേണ്ട ഭൂമി ആവശ്യപ്പെട്ടുകൊണ്ട് നിലമ്പൂരിലെ ആദിവാസികള്‍ കഴിഞ്ഞ മെയ് 10 നാണ് നിലമ്പൂര്‍ ഐ.റ്റി.ഡി.പി ഓഫീസിനുമുന്നില്‍ സമരം ആരംഭിക്കുന്നത്. സമരം ഇന്നേക്ക് അന്‍പത് ദിവസം പിന്നിട്ടിരിക്കുന്നു. ബിന്ദു വൈലാശ്ശേരി, ബിന്ദു സദാനന്ദന്‍ എന്നിവരാണ് ഇപ്പോള്‍ നിരാഹാര സമരത്തിലുള്ളത്. സമര നേതാവ് കൂടിയായ ബിന്ദു വൈലാശ്ശേരിയുമായി അനുപമ സുനില്‍കുമാര്‍ നടത്തിയ അഭിമുഖം.
ബിന്ദു വൈലാശ്ശേരിയുടെ നേതൃത്വത്തിലുള്ള ഭൂസമരം 50 ദിവസം പിന്നിട്ടു. ഇത്തരമൊരു സമരത്തിലേക്ക് നയിക്കാനുണ്ടായ സാഹചര്യമെന്താണ്? സമരം മുന്നോട്ടുവെക്കുന്ന ആവശ്യങ്ങള്‍ എന്തൊക്കെയാണ്?
ഞങ്ങള്‍ ഇങ്ങിനെയൊരു സമരത്തിലേക്ക് പ്രവേശിക്കേണ്ട ഘട്ടം വന്നതെന്താണെന്ന് വെച്ചാല്‍, ആദിവാസികള്‍ക്ക് കിട്ടുന്ന ആനുകൂല്യങ്ങള്‍ മുഴുവന്‍ തട്ടിയെടുക്കപ്പെടുകയാണ് ചെയ്യുന്നത്. ആദിവാസികള്‍ക്കെന്നും പറഞ്ഞിട്ട് പല ഫണ്ടുകളും പല പദ്ധതികളും കൊണ്ടുവരുക, ആ പദ്ധതികള്‍ വക മാറ്റി ചിലവഴിക്കുക, അതുപോലെത്തന്നെ ആദിവാസികളുടെ ഫണ്ട് മറ്റുള്ളവര്‍ തട്ടിയെടുക്കുക. ആദിവാസികള്‍ക്കൊന്നും കിട്ടുന്നില്ല. നിലമ്പൂര്‍ മേഖലയില്‍, ഭൂമി വിതരണത്തിന്റെ കാര്യത്തിലും
ഇതുതന്നെയാണിപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. നിലമ്പൂര്‍ മേഖലയില്‍ ഭൂമി വിതരണവുമായി സംബന്ധിച്ച് പറയുകയാണെങ്കില്‍ 90% ആദിവാസികളും ഭൂരഹിതരാണ്. വനമേഖലയില്‍ താമസിക്കുന്ന ആദിവാസികളുമുണ്ട്, സാധാരണ കോളനികളില്‍ താമസിക്കുന്നവരുമുണ്ട്. ഈ വനമേഖലയില്‍ താമസിക്കുന്ന ആദിവാസികള്‍ക്ക് വനത്തിനോട് ചേര്‍ന്ന് ഭൂമി നല്‍കി അവരെ സംരക്ഷിക്കണമെന്നാണ് നിയമം. അതൊന്നും ഇവിടെ നടപ്പാക്കപ്പെടുന്നില്ല. അവരും, പുറത്ത് കോളനിയില്‍ താമസിക്കുന്നവരെപ്പോലെ ബുദ്ധിമുട്ടില്‍ത്തന്നെയാണ്. വനമേഖലയിലും അവര്‍ ഒരു സൗകര്യവുമില്ലാതെയാണ് താമസിക്കുന്നത്. കാടിന്റെ പുറത്ത് താമസിക്കുന്ന ആദിവാസികള്‍ക്ക് ഒരേക്കര്‍ ഭൂമി കൊടുത്ത് അവരെ സംരക്ഷിക്കണമെന്നാണ് പറഞ്ഞിട്ടുള്ളത്. അത് ഇവിടെ പാലിക്കപ്പെടുന്നില്ല. അങ്ങനെയൊരു ഘട്ടത്തിലാണ് സമരത്തിലേക്ക് പ്രവേശിക്കുന്നത്. അത് പുതിയ കാര്യമൊന്നുമല്ല. കാലാകാലങ്ങളായി നടന്നുവരുന്നൊരു സമ്പ്രദായം തന്നെയാണിത്.
ഗവണ്‍മെന്റ് ഒരു പാക്കേജ് തയ്യാറാക്കി, അതിലൂടെ സ്ഥലമില്ലാത്തലര്‍ക്ക് 5 സെന്റും 10 സെന്റും ഭൂമി കൊടുക്കുന്നതില്‍ ഞങ്ങള്‍ക്ക് തടസ്സമില്ല. പക്ഷെ, വനഭൂമി കൊടുക്കുമ്പോള്‍ അത് ഒരു ഏക്കര്‍ ഭൂമിയില്‍ കുറച്ചു കൊടുക്കാന്‍ പാടില്ല. ഈ ആവശ്യമുന്നയിച്ചാണ് ഞങ്ങള്‍ സമരം ചെയ്യുന്നത്. ആദിവാസികള്‍ക്ക് ലഭിക്കേണ്ട ഭൂമിയില്‍ തട്ടിപ്പ് നടത്തുകയാണ് ഇവര്‍ ചെയ്യുന്നത്. അത് 10 സെന്റും 20 സെന്റും ആക്കിയിട്ട് അവര്‍ തന്നെ ഒരു പാക്കേജ് ഉണ്ടാക്കി, അവരുടെ താല്‍പര്യപ്രകാരം ആണിവിടെ വിതരണം ചെയ്യുന്നത്. അതായത്, ഇത്ര ആദിവാസികള്‍ക്ക് ഞങ്ങള്‍ പട്ടയം കൊടുത്തിട്ടുണ്ട്, ഇത്ര ആദിവാസികള്‍ക്ക് ഭൂമി കൊടുത്തു എന്ന് വരുത്തി തീര്‍ക്കാന്‍ വേണ്ടിയിട്ടാണ് ഇവര്‍ പട്ടയയമേളകള്‍ നടത്തുന്നത്. നിലമ്പൂരില്‍ ഇത്രയധികം
ഭൂരഹിതരുള്ള മേഖലയില്‍ കൊടുക്കാന്‍ ആകെ 250 ഏക്കര്‍ ഭൂമിയാണ് ഇവര്‍ കണ്ടെത്തിയിട്ടുള്ളത്. ഇവര്‍ പറയുന്നൊരു മുടന്തന്‍ ന്യായം എന്തെന്നാല്‍, ആദിവാസികള്‍ക്ക് കൊടുക്കാന്‍ നിലമ്പൂര്‍ മേഖലയില്‍ ഭൂമി ഇല്ലെന്നതാണ്. പാട്ടക്കരാര്‍ ഒഴിഞ്ഞ, ഇഷ്ടംപോലെ ഭൂമി ഇവിടെയുണ്ട്. അവര്‍ അത് പിടിച്ചെടുത്ത് ആദിവാസികള്‍ക്ക് കൊടുക്കട്ടെ. വനത്തില്‍ തന്നെ ഇവര്‍ കണ്ടെത്തിയ ഭൂമി ഇഷ്ടംപോലെയുണ്ട്. ഇതും കൊടുക്കട്ടെ ആദിവാസികള്‍ക്ക്. ഇതൊന്നും കൊടുക്കാതെ ആകെ 250 ഏക്കര്‍ ഭൂമി, തുണ്ടം തുണ്ടമാക്കി കൊടുക്കാനുള്ള പുറപ്പാടാണ് ഇവിടെ അധികാരികള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അതിനെതിരെയാണ് ഞങ്ങള്‍ ഇപ്പോഴിവിടെ സമരം ചെയ്യുന്നത്. ഇപ്പോള്‍ ഞങ്ങളിത് ചെയ്തില്ലെങ്കില്‍, ഞങ്ങളുടെ വരും തലമുറയ്ക്ക് ഒരു സെന്റ് ഭൂമി പോലും ഇവര്‍ കൊടുക്കില്ല. അതിനാലാണ് ഞങ്ങളിപ്പോള്‍, ഈ ഭൂമി വിതരണത്തിന് മുന്‍പ് തന്നെ ഇത്തരത്തിലൊരു നിലപാട് സ്വീകരിച്ചത്.
ഏതൊക്കെ കോളനികളില്‍ നിന്നുള്ളവര്‍ ഇപ്പോളിവിടെ സമരത്തിനുണ്ട്?
ഞങ്ങളിവിടെ നിലമ്പൂര്‍ ബ്ലോക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഉണ്ട്. പണിയര്‍, കുറുമര്‍, നായ്ക്കര്‍, ആളന്‍മാര്‍ എന്നിങ്ങനെ 18 കോളനികളില്‍ നിന്നുള്ളആദിവാസി വിഭാഗത്തിലുള്ളവരാണ് ഇവിടെ സമരത്തിലുള്ളത്. ചാലിയാര്‍ പഞ്ചായത്തിലെ അകംപാടം, എടവണ്ണ, പാറേക്കാട്, മൈലാടി നിലമ്പൂര്‍ ബ്ലോക്കിലെ എടക്കര, ചുങ്കത്തറ, തുടങ്ങിയ വിവിധ കോളനികളില്‍ താമസിക്കുന്നവരാണ്. ഞങ്ങളിവിടെ നിലവില്‍ ഇപ്പോള്‍ നൂറോളം കുടുംബങ്ങളുണ്ട്. സമരത്തില്‍ മൊത്തം ഇരുനൂറോളം കുടുംബങ്ങള്‍ ഉണ്ട്.
50 ദിവസത്തോളമായല്ലൊ സമരം തുടരുന്നു. ഇതിനിടയില്‍ എന്തെങ്കിലും തരത്തിലുള്ള ചര്‍ച്ചയ്‌ക്കോ മറ്റോ അധികൃതര്‍ തയ്യാറായിട്ടുണ്ടോ?
ചര്‍ച്ചയ്ക്ക് വേണ്ടി ഇവര്‍ വരാറുണ്ട്. ചര്‍ച്ചയ്ക്ക് വരുമ്പോഴൊക്കെത്തന്നെയും ഈ 250 ഏക്കര്‍ ഭൂമിയുടെ കണക്കും പൊക്കിപ്പിടിച്ചു കൊണ്ടാണ് വരുന്നത്. ഇതിലിവര്‍ പല തവണ കൂട്ടലും കുറക്കലും നടത്തി, ഇത്ര ഭൂമിയേ ഉള്ളൂ, അതിലേക്ക് ഇത്രയധികം കുടുംബങ്ങളുണ്ട് എന്ന് നിരന്തരം പറയുകയാണ് ചെയ്യുന്നത്. ഇതുവരെ ഇവിടെ നടത്തിയ ചര്‍ച്ചകളില്‍ ഇതുതന്നെയാണ് ഞങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്നത്. അല്ലാതെ ഞങ്ങളുടെ സമരത്തിന്റെ പരിഹാരം ചര്‍ച്ചയോ, ഞങ്ങള്‍ സമരത്തിലൂടെ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ഒരു പോംവഴിയോ ഒന്നും തന്നെ അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ഉദ്യോഗസ്ഥരില്‍ പലര്‍ക്കും, ഞങ്ങള്‍ ആദിവാസികള്‍ എന്തിനാണ് ഇവിടെ സമരം ചെയ്യുന്നതെന്നു പോലും അറിയില്ല എന്നാണ് ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്. കാരണം, അവര്‍ ഞങ്ങളോട് ഇങ്ങോട്ടാണ് ഓര്‍ഡറുകളും മറ്റും ചോദിക്കുന്നത്. ആകെ കുറച്ചു ഭൂമിയേ ഉള്ളൂ, അതില്‍ 20 സെന്റ് തരാനേ നിവൃത്തിയുള്ളൂ എന്നൊക്കെയാണ് ഞങ്ങളോട് പറയുന്നത്. ഞങ്ങളെന്തിനാണ് സമരം ചെയ്യുന്നത്, ഞങ്ങളുടെ സമരം മുന്നോട്ടുവെക്കുന്ന ആവശ്യത്തിന്റഎ പ്രാധാന്യം എന്താണ് എന്നതിനെക്കുറിച്ചൊന്നും ഉദ്യോഗസ്ഥര്‍ക്ക് യാതൊരു ധാരണയുമില്ല. അല്ലാതെ ഞങ്ങളോട് ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ചോദിക്കുകയും സംസാരിക്കുകയും ചെയ്യില്ലല്ലോ.
സമരത്തിലിരിക്കുന്നവരുടെ തൊഴില്‍, ജീവിതം എങ്ങിനെയൊക്കെയാണ് നടന്നുവരുന്നത്. ഇവിടെ നിങ്ങള്‍ക്കിടയില്‍ ജോലിയ്ക്ക് പോകുന്നവര്‍ ഉണ്ടല്ലൊ. അവര്‍ അതൊക്കെ ഉപേക്ഷിച്ചിട്ടല്ലേ ഇവിടെ സമരത്തിനിരിക്കുന്നത്?
ജോലിയുള്ളവര്‍ ജോലിയ്ക്ക് പോവുന്നുണ്ട്. സ്‌കൂളില്‍ പോകുന്ന മക്കളുള്ള അമ്മമാര്‍, രാത്രി വീട്ടില്‍ പോയി, രാവിലെ മക്കളെ സ്‌കൂളില്‍ അയച്ചിട്ട് ഇവിടെ സമരത്തില്‍ വന്നിരിക്കുകയാണ് എന്നും. അങ്ങനെ ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും മാറിയും അഡ്ജസ്റ്റ് ചെയ്തുമൊക്കെയാണ് മുന്നോട്ട് പോകുന്നത്. അങ്ങനെയൊക്കെത്തന്നെയാണ് ഞങ്ങള്‍ ജീവിക്കുന്നത്. സമരത്തിനിടയ്ക്കും ജോലിയ്ക്ക് പോയിട്ടാണ് ജീവിക്കുന്നത്. സമരത്തിന്റെ ചിലവുകള്‍ കൂടി ഇതുവഴി നിറവേറ്റുന്നുണ്ട്. മാത്രമല്ല, പല നല്ല മനസ്സുള്ള ആളുകള്‍ ഞങ്ങളെ സഹായിക്കുന്നുണ്ട്. സന്നദ്ധ സംഘടനകള്‍ സഹായിക്കുന്നുണ്ട്. അരിയും സാധനങ്ങളുമെല്ലാം ആളുകള്‍ ഇവിടെ കൊണ്ടുത്തരുന്നുണ്ട്. പിന്നെ ഈ പരിസരവാസികളും ഞങ്ങളെ സഹായിക്കാറുണ്ട്. ആ സഹായങ്ങള്‍ കൊണ്ടൊക്കെയാണ് ഞങ്ങള്‍ ജീവിക്കുന്നത്. സമരത്ിലിരിക്കുന്ന സ്ത്രീകള്‍ ഉള്‍പ്പെടെ പ്രാഥമിക കാര്യങ്ങള്‍ക്കൊക്കെ വളരെ ബുദ്ധിമുട്ടാണ്. ഇവിടെ നിന്നും സ്ത്രീകളൊക്കെ രാവിലെ നേരത്തെ തന്നെ പുഴയിലേക്ക് പോകും. അങ്ങനെ പല സ്ഥലങ്ങളിലായി പോയിട്ടൊക്കെയാണ് കാര്യങ്ങള്‍ നിര്‍വഹിക്കുന്നത്.
നിലവില്‍ താമസിച്ചു കൊണ്ടിരിക്കുന്ന കോളനികളുടെയും വീടുകളുടെയും അവസ്ഥ എങ്ങനെയാണ്?
മിക്ക ആളുകള്‍ക്കും കുടിലുകളാണ് ഉള്ളത്. പിന്നെ 'ലൈഫിന്റെ' വീട് ലഭിച്ചവരുമുണ്ട്. ഞങ്ങളുടെ കോളനിയില്‍ 100 കുടുംബത്തില്‍ ആകെ 40 വീടുകളൊക്കെയേ ഉള്ളൂ. ബാക്കിയൊക്കെ ഷെഡ് വെച്ച് താമസിക്കുന്നവരാണ്. ലൈഫിന്റെ വീടിന് മൂന്ന് സെന്റ് സ്ഥലമെങ്കിലും വേണമെന്നാണ് നിബന്ധന. അപ്പോള്‍ ആ മൂന്ന് സെന്റില്‍ ഒരു വീട് മാത്രമേ വെക്കാന്‍ കഴിയുകയുള്ളൂ. പിന്നെയുള്ള കുടുംബങ്ങളെല്ലാം സൈഡില്‍ ഷെഡ് കെട്ടി, അതില്‍ ജീവിക്കുന്നവരാണ്. അതിപ്പോ ഏത് കോളനിയില്‍ ചെന്നാലും ഇതൊക്കെ തന്നെയാണ് നിങ്ങള്‍ക്ക് കാണാന്‍ കഴിയുക.
നിങ്ങള്‍ നടത്തുന്നതുപോലെ കേരളത്തിന്റെ പല ഭാഗങ്ങളിലും ഭൂസമരങ്ങള്‍ നടക്കുന്നുണ്ടല്ലൊ? ചെങ്ങറ, അരിപ്പ, ആറളം തുടങ്ങി കേരളത്തില്‍ പലയിടത്തും ഭൂസമരങ്ങള്‍ നടക്കുന്നുണ്ട്. ഈ ഭൂസമരങ്ങളുമായി നിങ്ങളുടെ സമരം എങ്ങനെ ബന്ധപ്പെട്ടുകിടക്കുന്നു? അവരും നിങ്ങളും ഉന്നയിക്കുന്ന ആവശ്യം ഒന്നു തന്നെയാണോ?
ഭൂമിയ്ക്കു വേണ്ടിയുള്ള സമരമെല്ലാം ഒന്നു തന്നെയേ ഉള്ളൂ. സമരത്തിലുള്ള എല്ലാവരും ഇതേ അവസ്ഥയില്‍ തന്നെയാണ് കഴിയുന്നത്. ഇപ്പൊ ചെങ്ങറയിലാണെങ്കിലും, അരിപ്പയില്‍ ആണെങ്കിലും ഭൂസമരമെല്ലാം ഒന്നു തന്നെയാണ്. വ്യത്യസ്ത രീതികളില്‍ സമരം നടക്കുന്നു എന്നല്ലാതെ വേറെ മാറ്റങ്ങളൊന്നുമില്ല. അവര്‍ കുടിലു കെട്ടി സമരം ചെയ്യുന്നു, ഞങ്ങള്‍ ഇവിടെ ട്രൈബല്‍ ഓഫീസിനുമുന്നിലും; അത്ര തന്നെ. ഞങ്ങള്‍ക്ക് കുടില് കെട്ടാന്‍ അറിയാഞ്ഞിട്ടല്ല. ഞങ്ങളുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഇതാണ്. നിലമ്പൂര്‍ ഐ.ടി.ഡി.പി ഡിപ്പാര്‍ട്ട്‌മെന്റ് ആണ് ഞങ്ങള്‍ക്ക് സ്ഥലം വിതരണം ചെയ്യാന്‍ ബാധ്യസ്ഥര്‍. അതുകൊണ്ടാണ് ഞങ്ങളിവിടെ സമരത്തിനിരിക്കുന്നത്.
ഇടക്കാലത്തുണ്ടായ ഒരു ചര്‍ച്ചയെ പറ്റി പറഞ്ഞല്ലോ. ആ ചര്‍ച്ചയില്‍ 40 സെന്റ് ഭൂമി തരാമെന്ന് പറഞ്ഞു, പക്ഷെ അത് നിങ്ങള്‍ അംഗീകരിച്ചില്ല. പകരം നിങ്ങള്‍ക്ക് നിങ്ങളുടെ ആവശ്യപ്പെടുന്ന അത്ര ഭൂമി കിട്ടിയേ പറ്റൂ എന്ന വാശിയിലാണ് നിങ്ങളെന്നാണ് അധികൃതര്‍ പ്രചരിപ്പിക്കുന്നത്. അതേക്കുറിച്ച് എന്താണ് പറയാനുള്ളത്?
ഉദ്യോഗസ്ഥര്‍ക്കും ഗവണ്‍മെന്റിനും പോലീസിനും എന്താണ് പറയാന്‍ പറ്റാത്തത്? അവര്‍ ഈ നാട്ടില്‍ നടക്കുന്നതാണോ പറഞ്ഞു കൊണ്ടിരിക്കുന്നത്? നേരെ വിപരീതമല്ലേ? അതുപോലെത്തന്നെ ഇതും അവര്‍ വിപരീതമായിട്ടാണ് കാണുന്നതും പറയുന്നതുമൊക്കെ. ഞങ്ങളിവിടെ സമരം ചെയ്യുന്നത് ഒരേക്കര്‍ ഭൂമിയ്ക്ക് വേണ്ടിയിട്ടാണ്. 40 സെന്റിനും 20 സെന്റിനും വേണ്ടിയല്ല. അത് ചര്‍ച്ച ചെയ്യുമ്പോള്‍ മര്യാദയ്ക്കുള്ള എന്തെങ്കിലും കാര്യമാണെങ്കില്‍ അത് ഞങ്ങള്‍ പാലിക്കും. അവരുടെ ഈ നിബന്ധനകള്‍ ഞങ്ങളുടെ മേല്‍ കെട്ടി വെക്കുന്ന രീതി നടക്കില്ല.
സമരം 50 ദിവസത്തോളമായി. ഇതുവരെ നടന്ന ചര്‍ച്ചകളില്‍ നിന്നും അനുകൂലമായ നടപടികളൊന്നും തന്നെ ഉണ്ടായിട്ടില്ല. അത്തരമൊരു സാഹചര്യത്തില്‍ ഇതിന്റെ മുന്നോട്ടുള്ള പോക്കിനെ എങ്ങനെയാണ് നിങ്ങള്‍ നോക്കിക്കാണുന്നത്?
ഇപ്പോഴത്തെ അവസ്ഥയില്‍ സമരം തീര്‍ച്ചയായും തുടര്‍ന്ന് പോകും. അതിന് ആളുകള്‍ തയ്യാറാണ്, അവര്‍ ശക്തരാണ്. 45 ദിവസമായിട്ടും ഞാന്‍ തന്നെയാണ് പ്രധാനമായും ഇത് തുടര്‍ന്നു കൊണ്ടുപോകുന്നത്. അതിനിടയ്ക്ക് മൂന്ന് നാല് പേര്‍ മാറി മാറി ഇരുന്നിട്ടുണ്ട്. ആരോഗ്യ സംബന്ധമായ കാര്യങ്ങള്‍ കൊണ്ടാണ് മാറിമാറിയിരിക്കുന്നത്. ഡോക്ടമാര്‍ അവര്‍ക്ക് തോന്നുമ്പോള്‍ വരും. വരുമ്പോള്‍ പ്രഷറും ഷുഗറുമൊക്കെ നോക്കാറുണ്ട്. ഞാന്‍ ഒരു സമയത്ത് വല്ലാതെ ക്ഷീണിതയായപ്പോള്‍ അവര്‍ വന്ന് എന്നെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. രണ്ട് ദിവസം അവിടെ അഡ്മിറ്റ് ആയി. പിന്നെ ഞാന്‍ തിരിച്ച് ഇങ്ങോട്ട് വന്ന ശേഷം അവര്‍ക്ക് തോന്നിയ പോലെയൊക്കെയേ വരാറും നോക്കാറുമൊക്കെയുള്ളൂ. ഞങ്ങള്‍ക്കിടയിലെ രണ്ടുപേര്‍ക്ക് വയ്യാതെ ആയപ്പോള്‍ ഞങ്ങള്‍ തന്നെയാണ് ആശുപത്രിയില്‍ കൊണ്ടുപോയതും കാര്യങ്ങള്‍ ചെയ്തതുമെല്ലാം.
ഗവണ്‍മെന്റ് പറയുന്നത് നിലമ്പൂര്‍ താലൂക്കില്‍ ഭൂമി ഇല്ല എന്നാണ്. പക്ഷെ, നിങ്ങള്‍ പറയുന്നു ഉണ്ട് എന്ന്. അപ്പോള്‍ നിങ്ങള്‍ക്ക് തരാന്‍ പറ്റിയ ഭൂമി അവര്‍ക്ക് കാണിച്ചു കൊടുക്കാന്‍ പറ്റില്ലേ?
നിലമ്പൂര്‍ താലൂക്കില്‍ തന്നെ ഭൂമി ഒരുപാടുണ്ട്. ഞങ്ങള്‍ അത് കാണിച്ചു കൊടുക്കാമെന്ന് പറഞ്ഞിട്ടുണ്ട്. പിന്നെ അവ ഏതൊക്കെയാണെന്നൊന്നും ഇപ്പൊ പറയാന്‍ പറ്റില്ല. കാരണം, അതവര്‍ക്ക് അറിയാം. എവിടെയൊക്കെയാണ് ഭൂമി ഉള്ളതെന്ന്. ഏകദേശം അഞ്ഞൂറ്റി ചില്ലാനം ഏക്കര്‍ ആണ് കോടതി വിധി പ്രകാരം കണ്ടെത്തിയ ഭൂമി. ആ കണ്ടെത്തിയ ഭൂമിയില്‍ത്തന്നെ 250 ഏക്കര്‍ മാത്രമേ ഇവര്‍ വെളിപ്പെടുത്തിയിട്ടുള്ളൂ. ബാക്കിയുള്ള ഭൂമി എവിടെയാണെന്നു കൂടി ഇവര്‍ വെളിപ്പെടുത്തണം. അത് അവരുടെ ഭാഗത്ത് നിന്നവര്‍ വെളിപ്പെടുത്തട്ടെ. അല്ലെങ്കില്‍ ഇതിനകത്ത് കോടതി ഇടപെടട്ടെ. അല്ലെങ്കില്‍ എസ്.സി-എസ്.ടി കമ്മീഷനോ മറ്റോ ഇടപെടട്ടെ.
എസ്.സി-എസ്.ടി കമീഷന്റെ കാര്യം പറഞ്ഞല്ലോ, സമരത്തിനോട് കമീഷന്റെ സമീപനമെങ്ങിനെയാണ്?
ഞങ്ങളിപ്പോള്‍ 50 ദിവസമായി ഐ.ടി.ഡി.പിയുടെ മുന്നില്‍ സമരത്തിനിരിക്കുന്നു. ഇവിടെ എസ്.സി-എസ്.ടി കമീഷണന്‍ ഉണ്ടോ എന്നു തന്നെ ഇപ്പോള്‍ ഞങ്ങള്‍ക്ക് സംശയമുണ്ട്. കാരണം, ഇതുവരെ ഒരുവിധപ്പെട്ട മാധ്യമങ്ങളുളൊക്കെ സമരം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പക്ഷേ, എസ്.സി.എസ്.ടി കമീഷണനെ ഇങ്ങോട്ട് കണ്ടിട്ടില്ല. ഞങ്ങള്‍ ആദിവാസികള്‍ ഇങ്ങനെ പട്ടിണി സമരം നടത്തിയാല്‍ കമീഷണന്‍ ഇടപെടണമെന്നാണ് നിയമം. എന്നാല്‍, ഇതുവരെയായിട്ട് കമീഷണന്റെ ഇടപെടല്‍ ഉണ്ടായിട്ടില്ല. മനുഷ്യാവകാശ കമ്മീഷണനോ, എസ്.സി.എസ്.ടി കമ്മീഷണനോ ഇവിടെ ഉണ്ടോ? ഉണ്ട് എന്നാണ് അറിവ്. അതായത്, രേഖയില്‍ ഉണ്ട് എന്നാണ്. പക്ഷെ അത് പ്രാബല്യത്തില്‍ ഉണ്ടോ എന്നറിയില്ല. ഇത്രയും ദിവസമായിട്ട് ഇടപെട്ടിട്ടില്ല. കോടതി ഇടപെടണം. സുപ്രീം കോടതി വിധി നടപ്പാക്കാനാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. നിയമമാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. ആയതുകൊണ്ട് ആവശ്യമായ നിയമനടപടികള്‍ എടുക്കണം. ഞങ്ങള്‍ എന്തിനു വേണ്ടിയാണോ ഇവിടെ ഇരിക്കുന്നത്, ആ പ്രശ്‌നം പരിഹരിക്കാന്‍ വേണ്ട നടപടിയെടുക്കണം.