മഹാരാജാസില്‍ തോറ്റകുട്ടിയെ ജയിപ്പിച്ചിട്ടുണ്ടെങ്കില്‍ ജയിച്ച കുട്ടിയെ തോല്‍പിച്ചിട്ടുമുണ്ടാകും - ഡോ. ബിന്ദു എം.പി
|തെറ്റുകള്‍ ചെയ്തവരെ കൂടെ നിര്‍ത്തുകയും, ശേഷം അവരെ വലിയ തെറ്റുകള്‍ ചെയ്യാന്‍ മടിക്കാത്തവരാക്കുകയും ചെയ്യുന്ന രീതിയായി പാര്‍ട്ടി പോളിസി മാറ്റിയിരിക്കുന്നു. തെറ്റുണ്ടെന്ന് കണ്ടാല്‍ നടപടിയെടുക്കാം എന്നാണ് മന്ത്രി പറയുന്നത്. തെറ്റുണ്ട് എന്ന് തെളിഞ്ഞു കഴിഞ്ഞു. അഭിമുഖം: ഡോ. ബിന്ദു എം.പി / ഇന്‍ഷ ഫാത്തിമ
കഴിഞ്ഞ ദിവസങ്ങളില്‍ എറണാകുളം മഹാരാജാസ് കോളജിലും കാലടി സര്‍വകലാശാലയിലുമൊക്കെയായി നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളെ എങ്ങിനെ നോക്കിക്കാണുന്നു?
നമ്മുടെ കാമ്പസുകളില്‍ അത് യൂണിവേഴ്‌സിറ്റികളായാലും പ്രൈവറ്റ് കോളജുകളായാലും അക്കാദമിക് ആയിട്ടുള്ള കാര്യങ്ങളില്‍ നിന്ന് മാറി കേവലമായ രാഷ്ട്രീയ തലത്തിലേക്ക് മാറാന്‍ തുടങ്ങിയിട്ട് കുറച്ചുനാളായി. അവിടെ രാഷ്ട്രീയമായ ചര്‍ച്ചകളാണ് നടക്കുന്നത്. കരിക്കുലം പോലും ആ തലത്തിലേക്ക് മാറി. എഴുപത്-എണ്‍പത് കാലഘട്ടത്തിലെ കാമ്പസുകള്‍ എടുത്താല്‍ അന്ന് രാഷ്ട്രീയവും ഉണ്ടായിരുന്നു, ക്രിയാത്മകമായ അക്കാദമിക് ചര്‍ച്ചകളും ഉണ്ടായിരുന്നു. കാമ്പസുകളില്‍ നല്ല ചിന്തകരെയും നല്ല നിരീക്ഷകരെയും അധ്യാപകരെയും അന്ന് വാര്‍ത്തെടുക്കാന്‍ കഴിഞ്ഞത് നമുക്ക് കാണാന്‍ കഴിയും.
തൊണ്ണൂറുകള്‍ക്ക് ശേഷം കാമ്പസുകള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ മാത്രം ആക്കി മാറ്റുകയാണ്. അത്തരത്തിലുള്ള മാറ്റങ്ങള്‍ക്ക് വേണ്ടി വളരെ ദീര്‍ഘവീക്ഷണത്തോടുകൂടിയുള്ള സംവിധാനങ്ങള്‍ എസ്.എഫ്.ഐ പോലുള്ള വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ കൊണ്ടുവന്നു. മറ്റു വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ക്ക് കാമ്പസില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാതിരിക്കുകയും ചെയ്തു. അതിന്റെ പ്രധാന കാരണം അക്രമ രാഷ്ട്രീയമാണ്. മിക്കവാറും കാമ്പസുകളില്‍ സംഘട്ടനങ്ങള്‍ കാണാന്‍ സാധിക്കും. അതിന്റെ ഭാഗമായി അധികാരവും ആള്‍ബലവും കയ്യൂക്കും ഉള്ളവര്‍ വാഴുകയും മറ്റുള്ളവര്‍ മായഞ്ഞുപൊവുകയും ചെയ്യുന്ന പ്രവണതയാണ് കണ്ടുവരുന്നത്.
എസ്.എഫ്.ഐ പോലുള്ള സംഘടനകള്‍ പേരെടുക്കാന്‍വേണ്ടി കുറെ കാര്യങ്ങള്‍ പ്രൊജക്റ്റ് ചെയ്ത് കൊണ്ടുവരും. അതിന്റെ മറവില്‍ സംഘടന വളര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുകയും ചെയ്യുന്നു. തൊണ്ണൂറുകളിലെ കാമ്പസ് എടുത്താല്‍ അത് മനസ്സിലാക്കാം. അതേസമയത്തു തന്നെയാണ് കാമ്പസ് രാഷ്ട്രീയം പാടില്ല എന്ന ഹൈക്കോടതി വിധി വരുന്നത്. അതോടൊപ്പം കുട്ടികള്‍ പഠിക്കുക മാത്രമാണ് ചെയ്യേണ്ടത് എന്ന ബോധം നമ്മുടെ കാമ്പസുകളിലേക്ക് അറിയാതെ പ്രചരിച്ചു.
ആഗോളതലത്തില്‍ വിദ്യാഭ്യാസപരമായി ഒരുപാട് മാറ്റങ്ങള്‍ വന്നു. ആഗോളവത്കരണത്തിനു ശേഷം ക്വാളിറ്റി പ്രാധാന്യമില്ലാത്ത ഒരുപാട് അക്കാദിക് സ്ഥാപനങ്ങള്‍ വന്നു. അതിന്റെ ഫലമായും ഹൈക്കോടതി വിധിയുടെ ഫലമായും രാഷ്ട്രീയപാര്‍ട്ടികള്‍ കാട്ടിക്കൂട്ടുന്നതിനെ ശ്രദ്ധിക്കാതെ വന്നു. വിദ്യാര്‍ഥികള്‍ മാര്‍ക്ക് വാരിക്കൂട്ടുന്നതില്‍ ശ്രദ്ധിക്കുകയും രാഷ്ട്രീയ തെറ്റുകളെ കുട്ടികള്‍ കാണാതെ പോവുകയും ചെയ്തു. അതൊരുപറ്റം ആളുകളുടെ കൈകളില്‍ കാമ്പസുകളുടെ കേന്ദ്രീകരണം എത്തുകയും ചെയ്തു. അങ്ങിനെയുള്ളവര്‍ അവരുടെ അധികാരം സ്ഥാപിക്കാന്‍ പല കുറുക്കുവഴികളും നോക്കിത്തുടങ്ങി. പലപ്പോഴും നമ്മള്‍ കാണുന്നത്, കാമ്പസുകളില്‍ യൂണിയന്‍ ഓഫീസ് അധികാര കേന്ദ്രമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. കാമ്പസുകളുടെ ഭരണം പൂര്‍ണമായും വിദ്യാര്‍ഥി സംഘടനകളുടെ കൈകളിലേക്കെത്തി. അവിടെ നടക്കുന്ന പല ചര്‍ച്ചകളും പ്രവര്‍ത്തനങ്ങളും മടുത്ത് പല കുട്ടികളും കാമ്പസ് രാഷ്ട്രീയം വിട്ടു കളഞ്ഞിട്ടുണ്ട്.
കരിക്കുലം കമ്മിറ്റിയിലെ അക്കാദമിഷന്‍മാരെ എടുത്ത് പരിശോധിച്ചാല്‍ മിക്കവാറും ആ യുണിവേഴ്‌സിറ്റിയിലെ ഇടതുപക്ഷ സംഘടനക്കാരായിരിക്കും കമ്മറ്റിയില്‍. ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ അക്കാദമിക് ബോഡിയുടെ സ്ട്രക്ചര്‍ നോക്കിയാല്‍ നമുക്ക് അത് മനസ്സിലാക്കാം. കേരളത്തിലെ അങ്ങോളം ഇങ്ങോളം ഉള്ള അക്കാദമിക് ബോഡികളിലെ കമ്മറ്റിമെമ്പര്‍ ആരാണ് എന്ന് കേരളത്തിലെ പ്രബുദ്ധജനത അന്വേഷിക്കേണ്ടതാണ്.
അതേസമയം തന്നെ അധ്യാപക സംഘടനകളും വന്നു. കേരളത്തിലെ കാമ്പസുകളെ കാന്‍സര്‍ പോലെ കറണ്ട് തിന്നവരാണ് അധ്യാപക സംഘടനകള്‍. സ്വാഭാവികമായും വിദ്യാര്‍ഥി സംഘടനകളും അധ്യാപക സംഘടനകളും സംസാരിക്കേണ്ടത് വിദ്യാര്‍ഥികള്‍ക്കോ അധ്യാപകര്‍ക്കോ വിദ്യാഭ്യാസത്തിനോ വേണ്ടിയാണ്. പക്ഷേ, കേരളത്തിലെ വിദ്യാര്‍ഥി സംഘടനകളും അധ്യാപക സംഘടനകളും നിന്നത് സ്വന്തക്കാര്‍ക്ക് വേണ്ടിയാണ്. തങ്ങളുടെ കൊള്ളരുതായ്മകളെ അനുകൂലിക്കുന്ന അധ്യാപക സംഘടനകളെയും, അധ്യാപകരുടെ കൊള്ളരുതായ്മകളെ അനുകൂലിക്കുന്ന വിദ്യാര്‍ഥി സംഘടനകളും പരസ്പരം കൈകോര്‍ത്തു നിന്നു. അധ്യാപകര്‍ക്ക്, ഏത് സംഘടനയിലാണോ ചേരുന്നത് ആ സംഘടനയിലെ നേതാക്കള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കേണ്ടി വരുന്നു. അതിനെ എതിര്‍ക്കുന്നവര്‍ക്ക് ട്രാന്‍സ്ഫര്‍ പോലുള്ള പ്രതികാര നടപടികള്‍ ഉണ്ടാവുകയും ചെയ്യുന്നു. അത്തരം നടപടികളെടുക്കാനുള്ള അധികാരം വരെ സംഘടനാ വക്താക്കളിലേക്ക് വരുന്നു. ഗൈഡ് ഷിപ്പ് അവുവദിക്കുന്നത്‌പോലും സംഘടന നേതാക്കള്‍ തീരുമാനിക്കുന്ന തലത്തിലേക്കെത്തി.
യൂണിവേഴ്‌സിറ്റികളിലെ സെനറ്റിലും സിന്‍ഡിക്കേറ്റിലും ഓപണ്‍ യൂണിവേഴിസറ്റികളിലും കരിക്കുലം കമ്മിറ്റികളിലുമൊക്കെ ഈ സംഘടനകളുടെ വക്താക്കളാണ് വരുന്നത്. കരിക്കുലം കമ്മിറ്റിയിലെ അക്കാദമിഷന്‍മാരെ എടുത്ത് പരിശോധിച്ചാല്‍ മിക്കവാറും ആ യുണിവേഴ്‌സിറ്റിയിലെ ഇടതുപക്ഷ സംഘടനക്കാരായിരിക്കും കമ്മറ്റിയില്‍. ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ അക്കാദമിക് ബോഡിയുടെ സ്ട്രക്ചര്‍ നോക്കിയാല്‍ നമുക്ക് അത് മനസ്സിലാക്കാം. കേരളത്തിലെ അങ്ങോളം ഇങ്ങോളം ഉള്ള അക്കാദമിക് ബോഡികളിലെ കമ്മറ്റിമെമ്പര്‍ ആരാണ് എന്ന് കേരളത്തിലെ പ്രബുദ്ധജനത അന്വേഷിക്കേണ്ടതാണ്. കാരണം, നമ്മള്‍ അടയ്ക്കുന്ന നികുതിയാണ് അവര്‍ക്ക് കൂലിയായി കിട്ടുന്നത്. അതിനാല്‍ അത് പരിശോധിക്കാനുള്ള നിരീക്ഷണ കണ്ണുകള്‍ നമ്മള്‍ ഓരോരുത്തര്‍ക്കും ഉണ്ടാകണം. അത് ഇല്ലാതെ പോയതാണ് മഹാരാജാസില്‍ സംഭവിച്ചത്. ഇത്തരത്തില്‍ തീര്‍ത്തും അരാജകത്തമാണ് കാമ്പസുകളില്‍ സൃഷ്ടിക്കപ്പെടുന്നത്. നമ്മള്‍ പ്രതീക്ഷിക്കാത്ത തരത്തിലുള്ള പ്രവൃത്തികളാണ് കുട്ടികളില്‍ നിന്നും ഉണ്ടാകുന്നത്. ഒരുതരത്തിലുള്ള അരാഷ്ട്രീയ രാഷ്ട്രീയവത്കരണമാണ് നമ്മുടെ കാമ്പസുകളില്‍ സംഭവിക്കുന്നത്.
കാമ്പസുകളിലെ ക്രിമിനല്‍ രാഷ്ട്രീയവത്കരണത്തെ എതിര്‍ക്കുന്ന അധ്യാപകര്‍ക്കുനേരെ പ്രതിഷേധങ്ങളുണ്ടാവുന്നു. പ്രിന്‍സിപ്പലിന്റെയും അധ്യാപകന്‍മാരുടെയും കസേരകള്‍ കത്തിക്കുക, ശവക്കുഴി നിര്‍മിക്കുക, റീത്ത് സമര്‍പ്പിക്കുക തുടങ്ങി അധ്യാപകരെ അങ്ങേയറ്റം തേജോ വധം ചെയുന്നതും നമ്മള്‍ കണ്ടതാണ്. പയ്യന്നൂര്‍ കോളജിലെയും നേഹ്‌റു കോളജിലേയും അധ്യാപികമാരുടെ വീടുപോലും ആക്രമിക്കപ്പെട്ടു. ചില സമയങ്ങളില്‍ സംഘടനയുടെ കൂടെ നിന്നില്ല എങ്കില്‍ ഒന്നും ആകാന്‍ പറ്റില്ല എന്ന ബോധമാണ് അധ്യാപകര്‍ക്കുണ്ടാവുന്നത്. അധ്യാപക സംഘടനക്ക് കൂട്ടുനിന്നുകൊണ്ട് കുട്ടികളുടെ പ്രവര്‍ത്തികള്‍ എന്താണ് എന്ന് നോക്കാന്‍ അധ്യാപകര്‍ക്ക് പറ്റാതെ പോകുന്നു.
എസ്.എഫ്.ഐ നേതാവ് പി.എം ആര്‍ഷോ പരീക്ഷയെഴുതാതെ വിജയിച്ചതായി രേഖപ്പെടുത്തിയ സംഭവം വിവാദമായിരിക്കുകയാണല്ലോ. എന്തായിരിക്കാം ഈ വിഷയത്തില്‍ സംഭവിച്ചത്?
നേരത്തെ പറഞ്ഞ രീതിയിലുള്ള ഒരുപാട് ജീര്‍ണതകളില്‍നിന്ന് ഒരു ജീര്‍ണത പെട്ടെന്ന് പുറത്തുവരുക മാത്രമാണ് എസ്.എഫ്.ഐ നേതാവ് പി.എം ആര്‍ഷോയുടെ കാര്യത്തില്‍ ഉണ്ടായത്. ഇതെല്ലാം യൂണിവേഴ്‌സിറ്റികളിലും ഒരുപാട് കോളജുകളിലും നടക്കുന്നതിന്റെ ഭാഗം തന്നെയാണ്. മുന്‍ ഗവണ്‍മെന്റിന്റെ ഹയര്‍ എജുക്കേഷന്‍ മിനിസ്റ്റര്‍ നടത്തിയ മാര്‍ക്ക് അദാലത്ത് ഇതിന്റെ മറ്റൊരു വശമാണ്. അന്ന് അദാലത്തായി നടത്തിയെങ്കില്‍ ഇന്നത് അദാലത്ത് ഇല്ലാതെ നടത്തി എന്ന് മാത്രം. ഇത് മഹാരാജാസിലെ ഒരു കുട്ടിക്ക് വേണ്ടി മാത്രം നടത്തിയതായിരിക്കില്ല. ഇതുപോലുള്ള ഒരുപാട് കുട്ടികള്‍ക്ക് വേണ്ടി നടത്തിയിട്ടുണ്ടായിരിക്കും. അതില്‍ ഈ ഒരാളുടെ കേസ് മാത്രമാണ് പുറത്തുവന്നത്. കാമ്പസില്‍ നടക്കാന്‍ പാടില്ലാത്തത് നടക്കുകയും അതിനെ ന്യായീകരിക്കാന്‍ ഒരുപാട് പേര്‍ രംഗത്ത് വരുകയും ചെയ്യുന്നു. പരീക്ഷക്ക് ഹാജരാകാത്ത കുട്ടി ജയിച്ചു എന്ന് പറഞ്ഞ് വെബ്‌സൈറ്റില്‍ ഇടുന്നത് സ്‌ക്രൂട്ടിണി ഇല്ലാതെ, എത്രമാത്രം ജാഗ്രത ഇല്ലാതെയാണ് അവടുത്തെ അധ്യാപകര്‍ അല്ലെങ്കില്‍ പരീക്ഷ കണ്‍ട്രോളര്‍ ബോഡിയില്‍ ഉള്ളവര്‍ ചെയ്തത് എന്ന് ചിന്തിച്ചു നോക്കൂ. ഇത്തരം വളരെ ലാഘവത്തോടെ കൈകാര്യം ചെയ്താല്‍ ജയിച്ച ഒരു കുട്ടി പരാജയപ്പെട്ടു എന്നതും സംഭവിക്കാവുന്നതാണ്.
മഹാരാജാസ് പോലെ എസ്.എഫ്.ഐക്കും ഇടത് അധ്യാപക-അനധ്യാപക സംഘടനകള്‍ക്കും സ്വാധീനമുള്ള കോളജുകളില്‍ ഇത്തരം കൃത്രിമങ്ങള്‍ നടക്കാറുണ്ടെന്നാണ് പറയുന്നത്?
വിദ്യാര്‍ഥികളുടെ ഭാവിയെക്കുറിച്ച് അല്ല വിദ്യാര്‍ഥി സംഘടനകളും അധ്യാപക സംഘടനകളും ചിന്തിക്കുന്നത്. ശരിക്കും കാമ്പസില്‍ പല പ്രസ്ഥാനങ്ങളും കുട്ടികള്‍ക്ക് വേണ്ടിയല്ല നില കൊള്ളുന്നത് എന്ന് പറയേണ്ടിവരും. റിസള്‍ട്ട് പ്രസിദ്ധീകരിക്കാത്തത്, അധ്യാപകര്‍ ഇല്ലാത്തത് തുടങ്ങി കുട്ടികളുടെ എന്തുമാത്രം പ്രശ്‌നങ്ങള്‍ ഉണ്ട്. എന്നാല്‍, അവയൊക്കെ 'രാഷ്ട്രീയ'വത്കരിച്ചു. (രാഷ്ട്രീയം എന്ന് ഞാന്‍ പറയുമ്പോള്‍, ശരിയായ മറ്റൊരു രാഷ്ട്രീയമുണ്ട്) അതില്‍ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കേരള വര്‍മ കോളജില്‍ ആരെ നിയമിക്കണം എന്നുവരെ എസ്.എഫ്.ഐ തീരുമാനിക്കുന്ന അവസ്ഥ. ഇത്തരത്തിലാണ് എസ്.എഫ്.ഐയുടെ കാമ്പസ് രാഷ്ട്രീയം എത്തിയത്. ഇതൊന്നുമല്ല കാമ്പസ് രാഷ്ട്രീയം. കാമ്പസ് രാഷ്ട്രീയം എന്നാല്‍ കാമ്പസിന് അകത്തും പുറത്തുമുള്ളതായ കാര്യങ്ങളെകുറിച്ച് കുട്ടികളില്‍ വളരെ ആഴത്തിലുള്ള പോസിറ്റീവായ ക്രിയാത്മകമായ ചര്‍ച്ചകള്‍ നടത്തി വികസിപ്പിച്ചെടുക്കേണ്ടതാണ്. എന്നാല്‍, പലപ്പോഴും കുട്ടികളെ ഭീഷണിപ്പെടുത്തി കൊണ്ട് രാഷ്ട്രീയ വക്താക്കളാക്കി മാറ്റുകയാണ്.
ഇവര്‍ തന്നെയാണ് പലപ്പോഴും കാമ്പസില്‍ നടക്കുന്ന മിക്ക അനാവശ്യ പ്രവണതകള്‍ക്ക് കുട പിടിക്കുന്നതും. അതുകൊണ്ട് ഇവര്‍ക്ക് എല്ലാവിധത്തിലുള്ള സപ്പോര്‍ട്ടും എല്ലാ സിസ്റ്റത്തില്‍ നിന്നും കിട്ടും. കോളജുകളെ സംബന്ധിച്ച് അവിടത്തെ അധ്യാപക സംഘടനകളുടെയും അനധ്യാപക സംഘടനകളുടെയുമൊക്കെ സംരക്ഷണം അവര്‍ക്ക് കിട്ടും. ഭരണത്തില്‍ ഇരിക്കുന്നവരും പാര്‍ട്ടി സംവിധാനങ്ങളും അവരെ സംരക്ഷിക്കും. കാരണം, പാര്‍ട്ടിക്ക് നാളെയും വേണം ഇത്തരത്തിലുള്ള കുട്ടികളെ.
എസ്.എഫ്.ഐ പ്രവര്‍ത്തകയും കാലടി സര്‍വകലാശാല യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന കെ. വിദ്യയുടെ വ്യാജ രേഖയുമായി ബന്ധപ്പെട്ട മറ്റൊരു സംഭവവും ചര്‍ച്ചാ വിഷയമായിട്ടുണ്ട്. അതിലും പി.എം ആര്‍ഷോയുടെ പങ്ക് പുറത്തുവരുന്നുണ്ട്?
ആര്‍ഷോയുടെ കേസില്‍ ആണെങ്കിലും വിദ്യയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലാണെങ്കിങ്കിലും നാളത്തെ രാഷ്ട്രീയ നേതാക്കള്‍ ആവേണ്ടവരാണവര്‍ എന്നതാണ്. ആര്‍ഷോ ആയാലും വിദ്യ ആയാലും ഉയര്‍ന്ന സ്ഥാനത്ത് എത്തേണ്ടവരാണ്. അവരൊക്കെയായരിക്കും ചിലപ്പോള്‍ യുവജന കമീഷന്റേയോ മറ്റോ തലപ്പത്ത് എത്തുന്നവര്‍. എന്നാല്‍, ചെറുപ്പത്തിലെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നേര്‍വഴിയിലൂടെ നടക്കാതെ, തെറ്റ് ചെയ്ത്, അത് ഒളിപ്പിച്ചുവെച്ച് എങ്ങനെ ഒരു സ്ഥാനത്തേക്ക് എത്താം എന്നാണ് അവര്‍ പഠിക്കുന്നത്. യഥാര്‍ഥ രാഷ്ട്രീയ പ്രവര്‍ത്തനത്തെ മറച്ചുവെച്ച് ഒരു ഫേക്ക് രാഷ്ട്രീയ പ്രവര്‍ത്തകര്‍ ആയി ഇവരെ മാറ്റുന്നു എന്നതാണ് ഇവരുടെ പാര്‍ട്ടികള്‍ ചെയ്യുന്നത്. ഒരിക്കല്‍ ഒരു തെറ്റ് ചെയ്ത് ഒരു സ്ഥാനത്ത് എത്തി അത് ആസ്വദിച്ച് ഒരാള്‍ക്ക് അടുത്തതും ഈസി ആയിട്ട് ചെയ്യാനുള്ള ഒരു വഴി പാര്‍ട്ടി തന്നെ ഒരുക്കിക്കൊടുക്കുകയാണ്. ഒരു തെറ്റുപറ്റിയാല്‍ അത് തിരുത്തി കൊണ്ടുവരാനോ സ്വയം വിമര്‍ശനം നടത്താനോ പാര്‍ട്ടിയോ സംഘടനയോ നേതാക്കളോ തയ്യാറാകാത്തത് കൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ മൂടിവെക്കേണ്ടി വരുന്നത്.
മാധ്യമങ്ങള്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് എന്നാണ് പറയുന്നത്. യഥാര്‍ഥത്തില്‍ അത് വ്യാജ സര്‍ട്ടിഫിക്കറ്റ് അല്ല. മഹാരാജാസ് കോളജിന്റെ ഒറിജിനല്‍ ലെറ്റര്‍പാഡില്‍ ഉള്ള സര്‍ട്ടിഫിക്കറ്റ് എങ്ങനെ വ്യാജ സര്‍ട്ടിഫിക്കറ്റ് ആവും? അത് ആര് ഇഷ്യുചെയ്തു? അതിന് ആരൊക്കെയാണ് അവരെ സഹായിച്ചത്? ആര്‍ഷോയുടെ കേസ് പുറത്തുവരുന്ന അതേസമയം തന്നെയാണ് വിദ്യയുടെ കേസും പുറത്തുവരുന്നത്. പലപ്പോഴും കാമ്പസില്‍ നടക്കുന്നത് ഇത്തരത്തിലുള്ള നെറ്റ് വര്‍ക്കിങ് ആണ്. ഇത് മഹാരാജാസിലെ മാത്രം കാര്യമല്ല, കേരളത്തിലെ മുഴുവന്‍ കാമ്പസുകളിലും നടക്കുന്ന അധോലോക പ്രവര്‍ത്തനം തന്നെയാണ്. മറ്റു കുട്ടികള്‍ക്കോ അധ്യാപക സംഘടനകള്‍ക്കോ വാ തുറക്കാന്‍ പറ്റാതെ അടിച്ചിരുത്തി കൊണ്ട് കേന്ദ്രീകൃതമായ ഭരണ വ്യവസ്ഥിതി കുട്ടികളെ ഇപ്പോള്‍തന്നെ പഠിപ്പിക്കുന്നു. ഇത്തരം കള്ളങ്ങള്‍ ചെയ്യുന്ന ഒരാള്‍ക്ക് വേറെ ഒരു സ്ഥാനത്ത് എത്തിയാലും അത് ചെയ്യാന്‍ വളരെ എളുപ്പമായിരിക്കും. രാഷ്ട്രീയപരമായി പരിശീലിക്കുന്നതിന് പകരം അരാഷ്ട്രീയപരമായി രാഷ്ട്രീയംകൊണ്ട് എങ്ങിനെ ജീവിക്കാമെന്ന് പഠിപ്പിക്കുകയാണ് പാര്‍ട്ടികള്‍ കുട്ടികളെ.
വിദ്യാര്‍ഥികള്‍ സമ്മര്‍ദം ചെലുത്തി മാര്‍ക്ക് വാങ്ങിക്കുന്ന അവസ്ഥയില്ലേ?
അത് ഉണ്ടാവാം, ഇല്ല എന്ന് എനിക്ക് പറയാന്‍ സാധിക്കില്ല. കാരണം, സെമസ്റ്റര്‍ സംവിധാനം വന്നതിനുശേഷം ക്ലാസില്‍ കുട്ടികള്‍ക്ക് നിശ്ചിത ശതമാനം ഹാജര്‍, ഇന്റേണല്‍ അസൈന്‍മെന്റ്‌സ് എന്നിവയൊക്കെ ആവശ്യമായി. ക്ലാസ്സില്‍ കയറുന്ന കുട്ടികള്‍ പഠനത്തില്‍ മുന്നോട്ടു വരികയും 'രാഷ്ട്രീയ' പ്രവര്‍ത്തനങ്ങളുമായി പോകുന്ന കുട്ടികള്‍ പിന്നില്‍ ആവുകയും ചെയ്യും. അപ്പോള്‍ പലപ്പോഴും അധ്യാപകര്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്ന കുട്ടികള്‍ക്ക് വേണ്ടി കുട പിടിക്കേണ്ടി വരും. അങ്ങിനെ ചെയ്തില്ലെങ്കില്‍ സ്ഥലംമാറ്റം, അധ്യാപക സംഘടനയില്‍ നിന്ന് പുറത്താക്കല്‍ തുടങ്ങിയവ ഉണ്ടാവും. സംഘടനയുടെ സമ്മര്‍ദം കൊണ്ട് തെറ്റുകള്‍ ചെയ്യേണ്ടിവരുന്ന അധ്യാപകര്‍ അവരുടെ സങ്കടങ്ങളൊക്കെ പലപ്പോഴും പങ്കുവെക്കാറുണ്ട്. അര്‍ഹതയില്ലാത്ത കുട്ടികള്‍ക്ക് മാര്‍ക്ക് നല്‍കേണ്ടി വരിക, അര്‍ഹതയുള്ള വരെ താഴയപ്പെടുക പോലുള്ള കാര്യങ്ങള്‍ നടക്കാറുണ്ട്. അര്‍ഷോ എന്ന കുട്ടി ജയിലില്‍ ആയതുകൊണ്ട് മാത്രമാണ് ജയിക്കാതിരുന്നത്. അല്ലെങ്കില്‍ ആ കുട്ടി ജയിച്ചേനെ. അവന്റെ മുന്‍പത്തെ മാര്‍ക്ക് ലിസ്റ്റ് എടുത്താല്‍ നമുക്ക് കാണാന്‍ സാധിക്കും, 80 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് ഉണ്ട്. അത് എങ്ങനെയാണ് സംഭവിക്കുന്നത് എന്ന് ചോദിക്കേണ്ടതു തന്നെയാണ്. അപ്പോള്‍ വരുന്ന ന്യായങ്ങള്‍ പഠിക്കുന്ന കുട്ടികള്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തനം ചെയ്തുകൂടെ, അവര്‍ക്ക് മാര്‍ക്ക് സ്‌കോര്‍ ചെയ്യാന്‍ പറ്റില്ലേ എന്നാണ്. പറ്റും, പക്ഷേ ധാര്‍മികമായ അല്ലെങ്കില്‍ ശരിയായ രീതിയില്‍ ആവണം എന്ന് മാത്രം. ഈ കേസ് പിടിക്കപ്പെട്ടില്ല എങ്കില്‍ ഈ കുട്ടി നാളെ പി.ജി കഴിഞ്ഞ് പി.എച്ച്.ഡിക്ക് ചേരുകയും പി.എച്ച്.ഡി കരസ്ഥമാക്കുകയും ശേഷം സ്വാഭാവികമായും വലിയ സ്ഥാനങ്ങളിലേക്ക് എത്തിച്ചേരുകയും ചെയ്‌തേനെ. നാളെ നന്നായി പഠിച്ചു മാര്‍ക്ക് വാങ്ങിയ കുട്ടികള്‍ ഇവരുടെയൊക്കെ മുമ്പില്‍ ഇന്റര്‍വ്യുവിനും മറ്റും ഹാജരാകേണ്ട ഗതികേട് പോലും കേരളത്തിലെ കുട്ടികള്‍ക്ക് ഉണ്ടായേനെ.
രണ്ടു സംഭവങ്ങളിലും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. നിക്ഷ്പക്ഷമായ അന്വേഷണവും നടപടിയും പ്രതീക്ഷിക്കാമോ?
നമ്മുടെ വനിതാ കമീഷന്‍ അധ്യക്ഷ ആയിരുന്ന ജോസഫൈന്‍ പറഞ്ഞതുപോലെ - പാര്‍ട്ടിക്ക് പാര്‍ട്ടിയുടേതായ പൊലീസും പാര്‍ട്ടിയുടേതായ കോടതിയും പാര്‍ട്ടിയുടേതായ ന്യായാധിപനും വിചാരണയും ഒക്കെ ഉള്ള കാലത്ത് ഒരു നിക്ഷ്പക്ഷതയും നമ്മള്‍ പ്രതീക്ഷിക്കേണ്ട. എന്നാലും എന്നെപ്പോലുള്ള അക്കാദമിക് സമൂഹത്തിന്റെ കണ്‍സേണ്‍ എന്താണെന്നുവെച്ചാല്‍, ഒരു കുട്ടിചെയ്ത തെറ്റിന് -അത് ആരുമാവട്ടെ, പാര്‍ട്ടിയുടെ പ്രധാന നേതാക്കള്‍ ചെയ്യുന്ന തെറ്റിന് - ഒരു അന്വേഷണ കമീഷനെ വെച്ച് മറിച്ചുകളയേണ്ട കാര്യമില്ല. എന്റെ അഭിപ്രായത്തില്‍ വിദ്യ എന്ന ഈ കുട്ടിയെ പൊതുജന മധ്യത്തില്‍ വിചാരണ ചെയ്യേണ്ടതാണ്. കാരണം, അവര്‍ ചെയ്തത് ഒരു ക്രിമിനല്‍ കുറ്റമാണ്. ഒരു ക്രിമിനലിനെ നമ്മള്‍ എങ്ങനെയാണോ വിചാരണ ചെയ്യുന്നത് അഥവാ സമൂഹം നോക്കുന്നത് അതുപോലെതന്നെയാവണം വിദ്യയോടുള്ള സമീപനവും. ഇതേ പ്രവര്‍ത്തി ഒരു സാധാരണക്കാരനോ സാധാരണക്കാരിയോ ജീവിക്കാന്‍ വേണ്ടി ചെയ്‌തെങ്കില്‍ അതിനെ ക്രിമിനല്‍വത്കരിച്ച് കൊണ്ട് സമൂഹം ചെയ്തതല്ല ഇവരോട് ചെയ്തുകണ്ടത്. ചാനല്‍ ചര്‍ച്ചകളില്‍ വന്നുകൊണ്ട് അധ്യാപകര്‍ പോലും അവരെ സപ്പോര്‍ട്ട് ചെയ്ത് സംസാരിക്കുന്നതാണ് കാണുന്നത്. യഥാര്‍ഥത്തില്‍ പൊതുജനം നേരിട്ട് വിചാരണ ചെയ്യേണ്ട സമയം അതിക്രമിച്ചു.
മറ്റൊന്ന് എത്ര വിദ്യമാര്‍ കേരളത്തില്‍ അങ്ങോളം ഇങ്ങോളം ഉണ്ട് എന്നതാണ്. പലപ്പോഴും പാര്‍ട്ടി കൊടുക്കുന്ന ലിസ്റ്റ് വെച്ചാണ് കോണ്‍ട്രാക്ടട് അടിസ്ഥാനത്തില്‍ ടീച്ചേഴ്‌സിനെയും ഗസ്റ്റ് ലെക്‌ചേഴ്‌സിനെയുമൊക്കെ നിയമിക്കുന്നത്. അന്വേഷണം ആളുകളുടെ കണ്ണില്‍ മറ ഇടാനുള്ള കളിയാണ്. പുറത്ത് അന്വേഷണം എന്ന് വലിയ വെണ്ടക്ക അക്ഷരത്തില്‍ പത്രത്തില്‍ വരികയും മറ്റൊരു വിഷയം ലഭിച്ചാല്‍ ജനം ഇതൊക്കെ മറക്കുകയും ചെയ്യും. തെറ്റുകള്‍ ചെയ്തവരെ കൂടെ നിര്‍ത്തുകയും, ശേഷം അവരെ വലിയ തെറ്റുകള്‍ ചെയ്യാന്‍ മടിക്കാത്തവരാക്കുകയും ചെയ്യുന്ന രീതിയായി പാര്‍ട്ടി പോളിസി മാറ്റിയിരിക്കുന്നു. തെറ്റുണ്ടെന്ന് കണ്ടാല്‍ നടപടിയെടുക്കാം എന്നാണ് മന്ത്രി പറയുന്നത്. തെറ്റുണ്ട് എന്ന് തെളിഞ്ഞു കഴിഞ്ഞു. പല മാധ്യമങ്ങളിലും പത്രങ്ങളിലും വ്യാജ സര്‍ട്ടിഫിക്കറ്റ് പൊതുജനങ്ങള്‍ കാണിച്ചു കൊടുത്തിട്ടും അവര്‍ പറയുന്നത് അന്വേഷിച്ചിട്ട് കണ്ടെത്താം എന്നാണ്. ഇതില്‍ ഒരു നടപടിയാണ് നമ്മള്‍ ആഗ്രഹിക്കുന്നത്. കേരളത്തില്‍ ഇത്തരം കാര്യങ്ങള്‍ തുടര്‍ക്കഥയാണ്. മൊത്തമായും രാഷ്ട്രീയവത്കരിച്ചു കഴിഞ്ഞു. എന്തും ചെയ്യാം ആര്‍ക്കും ചോദ്യം ചെയ്യാന്‍ അധികാരമില്ല. ചോദിച്ചാല്‍ തന്നെ അത് എവിടെയും എത്തില്ല. കേരള ജനതയ്ക്ക് ഷോര്‍ട്ട് മെമ്മറിയാണ് എന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ ഭരണകൂടവും അതിനെ സപ്പോര്‍ട്ട് ചെയ്യുന്ന ഒരു കൂട്ടം ആള്‍ക്കാരും ആണ് കേരളത്തെ നയിക്കുന്നത്.