Interview
ക്രൈസ്തവ നേതാക്കളുടെ ആര്‍.എസ്.എസ് പ്രേമം
Interview

കുഞ്ഞാടുകളെ ചെന്നായ്ക്കള്‍ക്ക് കൂട്ടികൊടുക്കുന്ന ആട്ടിടയന്‍മാര്‍ - ഫെലിക്‌സ് ജെ.പുല്ലൂടന്‍

അമീന പി.കെ
|
14 April 2023 8:25 AM GMT

നരേന്ദ്ര മോദി പള്ളികള്‍ സന്ദര്‍ശിക്കുന്നതിന് മുന്‍പ്, രാജ്യത്തെ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് എതിരെ നടക്കുന്ന അക്രമങ്ങളെ ഞാന്‍ അപലപിക്കുന്നു എന്നെങ്കിലും ഒരുവാക്കു പറഞ്ഞെങ്കില്‍, അയാളുടെ കാപട്യത്തിനുള്ളിലും അത് മറക്കാനുള്ള ഒരു ശ്രമമുണ്ടെന്നെങ്കിലും നമുക്ക് മനസ്സിലാക്കാമായിരുന്നു. അതുപോലുമില്ലാതെ മെത്രാന്മാരെ വിലക്കെടുക്കാന്‍ കഴിയുമെന്നും അതുവഴി വോട്ട് ബാങ്ക് തട്ടിയെടുക്കാമെന്നുള്ള തെറ്റിദ്ധാരണയില്‍ ആ മനുഷ്യന്‍ ഒരു വിഡ്ഢിവേഷം കെട്ടുന്നു എന്നു മാത്രമേ പറയാനാകൂ. | അഭിമുഖം: ഫെലിക്‌സ് ജെ. പുല്ലൂടന്‍/ അമീന പി.കെ

ഇന്ത്യയില്‍ ക്രൈസ്തവര്‍ അരക്ഷിതരല്ല എന്നും മോദി നല്ല നേതാവാണെന്നുമാണ് സീറോ മലബാര്‍ സഭ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കഴിഞ്ഞ ദിവസം ഒരു പത്രമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ഇതിനോടുള്ള താങ്കളുടെ പ്രതികരണമെന്താണ്.

ഇത് വാസ്തവത്തില്‍ ഒരു കരുതിക്കൂട്ടിയുള്ള നീക്കമായിട്ടാണ് ഞങ്ങളെ പോലുള്ളവര്‍ക്ക് മനസ്സിലാകുന്നത്. കേരളത്തില്‍ രാഷ്ട്രീയമായി പിടിച്ചുനില്‍ക്കാന്‍ സാധ്യതയില്ലാതെ വന്നപ്പോള്‍ മോശമല്ലാത്ത ജനസംഖ്യയുള്ള ക്രൈസ്തവരുടെ ഇടയില്‍ നുഴഞ്ഞു കയറാനുള്ള ഒരു വിഫലശ്രമം മാത്രമാണ് ബി.ജെ.പി നടത്തുന്നത്. ഇവിടെ മുസ്‌ലിംകളും ക്രൈസ്തവരും വളരെ രമ്യമായി, മത സൗഹാര്‍ദത്തോടും സാഹോദര്യത്തോടും കൂടി ജീവിക്കുന്നതിനിടയില്‍ കടന്നു കയറി അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുകയാണ് ബി.ജെ.പി. ലൗ ജിഹാദ് മുതല്‍ നാര്‍ക്കോട്ടിക് ജിഹാദ് വരെ പലതും പറഞ്ഞുണ്ടാക്കി പല പ്രശ്‌നങ്ങളും സൃഷ്ടിക്കുന്ന ബി.ജെ.പിയുടെ നിലപാടിനെ അനുകൂലിക്കുന്ന ക്രൈസ്തവര്‍ കേരളത്തില്‍ തുലോം വിരളമായിരിക്കും.

1999 ലെ ഫാദര്‍ ഗ്രഹാംസ്‌റ്റൈന്‍സിന്റെ അനുഭവമൊന്നും നമുക്ക് മറക്കാനാവുന്നതല്ലലോ. എന്തിന് പറയുന്നു, സ്റ്റാന്‍ സ്വാമിയെപ്പോലെ വിശുദ്ധനായ ഒരു മനുഷ്യന്‍ - ഈ രാജ്യമദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കേണ്ടതായിരുന്നു- അത്രയും മഹാനായ, ദലിതര്‍ക്കു വേണ്ടി നിലകൊണ്ട, അവര്‍ക്ക് വേണ്ടി സംസാരിച്ച ഒരു മനുഷ്യനെ എത്ര ഹീനമായിട്ടാണ് ഈ മതരാഷ്ട്രവാദികള്‍ കൊലചെയ്തത്.

ചില മെത്രാന്‍മാരെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് രാജ്യം ആര് ഭരിച്ചാലും പ്രശ്‌നമില്ല. ഇന്നിപ്പോള്‍ മതരാഷ്ട്ര വാദത്തിന്റെ കുത്തകക്കാരായ ആര്‍.എസ്.എസിന്റെ നിയന്ത്രണത്തിലുള്ള പ്രധാനമന്ത്രി രാജ്യം ഭരിക്കുമ്പോള്‍ അവര്‍ക്കൊപ്പം നില്‍ക്കുന്നു. ഇന്ത്യക്ക് സ്വാതന്ത്രം കിട്ടുന്നതിന് മുന്‍പ് അന്ന് ബ്രിട്ടീഷുകാര്‍ക്കൊപ്പം നിന്നു, പിന്നെ രാജ്യം കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍ കോണ്‍ഗ്രസിനൊപ്പം നിന്നു. ഇനി തുറന്നു പറയാം, മുസ്‌ലിം ഭീകര പ്രസ്ഥാനമെന്ന് പറയപ്പെടുന്ന ഐ.എസ് ഈ രാജ്യം ഭരിച്ചാലും അവര്‍ക്കൊപ്പം നില്‍ക്കാന്‍ മടിയില്ലാത്ത വിധം ഒരു പ്രത്യേക സാമൂഹിക സാമ്പത്തിക സാഹചര്യത്തിലാണ് ക്രൈസ്തവ മതമേലധ്യക്ഷന്മാര്‍ നിലകൊളളുന്നത്. അവരുടെ കൈകളില്‍ വലിയ സമ്പത്തുണ്ട്. ക്രൈസ്തവ സമൂഹങ്ങളെ മൊത്തത്തിലെടുത്താല്‍ സര്‍ക്കാര്‍ കഴിഞ്ഞാല്‍ ഏറ്റവും സമ്പന്ന വിഭാഗം ക്രൈസ്തവ മതം തന്നെയായിരിക്കും. ആ സമ്പത്തിലേക്ക് ഒരു കടന്നു കയറ്റമുണ്ടാവരുത്, അതിന്റെ സോഴ്‌സിനെ സംബന്ധിച്ച് അന്വേഷണമുണ്ടാവരുത്- അതാണ് മെത്രാന്‍മാരുടെ ലക്ഷ്യം. വിദേശത്തു നിന്നു വരുന്ന പണത്തിന് തടസ്സങ്ങളുണ്ടാവരുത്. അതിന് ആരുമായും കൂട്ടുപിടിക്കാനും സ്വന്തം അണികള്‍ എന്ന് പറയുന്ന വിശ്വാസ സമൂഹത്തെ മുഴുവനും അറവുമാടുകളെ പോലെ വിറ്റെടുക്കാനും തയ്യാറെടുക്കുന്ന ഈ മെത്രാന്‍മാര്‍ക്കെതിരെ അതിശക്തമായ ജനരോഷം വിശ്വാസികളുടെ ഭാഗത്തു നിന്ന് ഉയര്‍ന്നു വന്നുകൊണ്ടിരിക്കുകയാണ്. അതിന്റെ പ്രതിഫലനങ്ങള്‍ വലിയ താമസമില്ലാതെ നമ്മുടെ രാജ്യത്തെമ്പാടും അല്ലങ്കില്‍ നമ്മുടെ കേരളത്തിലെങ്കിലും കാണും.


ബി.ജെ.പിക്ക് സമ്പൂര്‍ണ അധികാരം ലഭിച്ചാലും ന്യൂനപക്ഷങ്ങള്‍ അരക്ഷിതരാവുമെന്ന് കരുതുന്നില്ല എന്നും അദ്ദേഹം പറയുന്നുണ്ട്. ബി.ജെ.പി അധികാരത്തിലുള്ള യു.പിയിലും മധ്യപ്രദേശിലും മറ്റു ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുമൊക്കെ ക്രൈസ്തവര്‍ ഉള്‍പ്പെടെ ന്യൂനപക്ഷ സമൂഹത്തിനുനേരെയുള്ള ആക്രമണങ്ങളുടെ വാര്‍ത്ത ദൈനംദിനം പുറത്തുവന്നുകൊണ്ടിരിക്കുന്നു. എന്നിട്ടും അദ്ദേഹം ഇത്തരത്തില്‍ പ്രസ്താവനകള്‍ നടത്തിക്കൊണ്ടിരിക്കുന്നു?

ന്യൂനപക്ഷങ്ങള്‍ അരക്ഷിതരാണ് എന്ന കാര്യത്തില്‍ നമുക്കാര്‍ക്കും തര്‍ക്കമില്ലല്ലോ. ന്യൂനപക്ഷങ്ങളെ സംബന്ധിച്ചിടത്തോളം ബി.ജെ.പി അധികാരത്തില്‍ വന്ന കാലഘട്ടം മുതല്‍ വല്ലാത്ത അരക്ഷിതാവസ്ഥ നിലനില്‍ക്കുന്നുണ്ട്. 2002 മുതലുള്ള സംഭവങ്ങളൊക്കെ നമ്മുടെ മനസ്സിലുണ്ടല്ലോ. ഗോധ്ര കലാപവും അതിനുമുന്നെയുമൊക്കെ. പക്ഷെ, മറ്റൊരു കാര്യം ഞാന്‍ പറയാം, 1925ലാണ് ആര്‍.എസ്.എസ് രൂപീകരിക്കുന്നത്. അന്ന് രൂപീകരണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ പ്രഖ്യാപിതമായിരുന്നു ക്രൈസ്തവര്‍ അവരുടെ ആജന്മ ശത്രുക്കളാണെന്ന്. അതുകൊണ്ടുതന്നെ ക്രൈസ്തവ മിഷനറിമാരുടെ പ്രവര്‍ത്തങ്ങള്‍ക്കെതിരെ അതിരൂക്ഷമായ പ്രതികരണവും ആക്രമണങ്ങളുമായിട്ടാണ് അവര്‍ പോയിരുന്നത്. പിന്നീട് അത് മുസ്‌ലിം സമുദായത്തിലേക്ക് തിരിയുകയും, മുസ്‌ലിം സമുദായം അവരാലാവുന്ന രീതിയില്‍ ചെറുത്ത് നില്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ സ്വാഭാവികമായും വലിയ ശത്രു മുസ്‌ലിംകളാണെന്ന് പിന്നീട് പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍, ഇവിടെയുള്ള ഓരോ മതന്യൂനപക്ഷവും ഇവര്‍ ഭരിക്കുന്ന കാലത്തുമാത്രമല്ല ഭരിക്കപ്പെടാതിരുന്ന കാലത്തും ഇവരുടെ ആക്രമണങ്ങള്‍ക്കു വിധേയരായിരുന്നു. 1999 ലെ ഫാദര്‍ ഗ്രഹാംസ്‌റ്റൈന്‍സിന്റെ അനുഭവമൊന്നും നമുക്ക് മറക്കാനാവുന്നതല്ലലോ. എന്തിന് പറയുന്നു, സ്റ്റാന്‍ സ്വാമിയെപ്പോലെ വിശുദ്ധനായ ഒരു മനുഷ്യന്‍ - ഈ രാജ്യമദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കേണ്ടതായിരുന്നു- അത്രയും മഹാനായ, ദലിതര്‍ക്കു വേണ്ടി നിലകൊണ്ട, അവര്‍ക്ക് വേണ്ടി സംസാരിച്ച ഒരു മനുഷ്യനെ എത്ര ഹീനമായിട്ടാണ് ഈ മതരാഷ്ട്രവാദികള്‍ കൊലചെയ്തത്. അതുകൊണ്ട് രാജ്യത്തെ മത ന്യൂനപക്ഷങ്ങള്‍ അപകടത്തിലാണെന്ന കാര്യത്തില്‍ സംശയമില്ല. അത് ഇവര്‍ പറയുന്നതുപോലെ, മതന്യൂനപക്ഷങ്ങളുടെ അപകടം ആഭ്യന്തര സംഘര്‍ഷങ്ങളല്ല, ഭരണം മൂലമുണ്ടാകുന്ന ദുരന്ത സമാനമായ അവസ്ഥ വിശേഷങ്ങള്‍ തന്നെയാണ്.


റബറിന് വില മുന്നൂറ് രൂപയാക്കിയാല്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യാം എന്ന് തലശ്ശേരി അതിരൂപതാ ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി പറയുകയുണ്ടായി. ഒരുതരത്തിലുള്ള വിലപേശല്‍ രാഷ്ട്രീയമായി അതിനെ കണാനാകുമോ? അതല്ല, അതിനപ്പുറം മാനങ്ങള്‍ അതിനുണ്ടോ?

പാംപ്ലാനിയുടെ പ്രസ്തവനെയെ കുറിച്ച് ഞന്‍ പറയേണ്ട കാര്യമില്ല, അതെല്ലാവര്‍ക്കും വ്യക്തമാണ്, പാംപ്ലാനിയെ പോലുള്ളവരെല്ലാം നിലനില്‍പ്പ് രാഷ്ട്രീയം മാത്രം നോക്കുന്ന ആളുകളാണ്. കുഞ്ഞാടുകളെ ചെന്നായകള്‍ക്ക് കൂട്ടികൊടുക്കുന്ന, പിടിച്ചുകൊടുക്കുന്ന ആട്ടിടയന്‍ എന്നുപറഞ്ഞാല്‍ ഒറ്റവാക്കില്‍ പൂര്‍ണമായി. എനിക്ക് മനസ്സിലാകാത്തത് ഈ രാജ്യത്തെ രാഷ്ട്രീയക്കാര്‍ക്ക് ഇത്രയും വിവരമില്ലേ എന്നുള്ളതാണ്. ഏതെങ്കിലും ഒരു മെത്രാന്‍ എവെടെയെങ്കിലുമിരുന്നു കല്‍പിച്ചാല്‍ വോട്ടു ചെയ്യുന്നവരാണ് ജനങ്ങളാണ് ഇന്ന് ഈ രാജ്യത്തുള്ളതെന്നാണോ അവര്‍ കരുതുന്നത്. അതെല്ലാം കടന്നുപോയിട്ട് കാലമെത്രയായി. 1959 ല്‍ കാലഘട്ടത്തില്‍ സംഭവിച്ച തെറ്റ് ആവര്‍ത്തിക്കുമെന്ന് കരുതുന്നുണ്ടോ? അന്ന് ഏറ്റവും വിശ്വസ്തനായ മെത്രാന്‍മാര്‍ പറയുന്നത് കേട്ട് നെഞ്ചത്തു വെടിയേറ്റുമരിക്കാന്‍ ഫ്‌ളോറിമാരുണ്ടായിരുന്നു. ഇന്ന് കാലം വളരെ പുരോഗമിച്ചു. വിദ്യാഭ്യാസവും സാമൂഹിക വീക്ഷണവും വളരെ കൂടുതലായി. ഇവര്‍ ചെന്നായ്ക്കള്‍ പോലെ തന്നെയാണെന്നും ഇടയന്മാരല്ല എന്നും മതിരിച്ചറിയുന്ന സാഹചര്യം ആപാലവൃദ്ധം വിശ്വാസികള്‍ക്കുമുണ്ടായി. പക്ഷെ, അപ്പോഴും അടിമകളെപ്പോലെ ഇവരുടെ കാല്‍ച്ചുവട്ടില്‍ ചവിട്ടടിയേറ്റ് കിടക്കുന്ന ഒരു ചെറിയ വിഭാഗം അവര്‍ക്ക് ഓശാന പാടിക്കൊണ്ട് ചുറ്റും നില്‍ക്കുമ്പോള്‍ അവര്‍ ഒരു കൂപമണ്ഡൂകങ്ങളായി മാറുകയാണ്. അവര്‍ തങ്ങളുടെ വളരെ ചെറിയ ലോകത്ത് നിന്നുകൊണ്ട് ചുറ്റുപാടുകള്‍ മുഴുവനും തങ്ങളുടെ ചിന്താഗതിയിലാണെന്ന് തെറ്റിദ്ധരിക്കുന്ന, മെത്രാന്മാരെന്ന് പറയുന്ന പൗരോഹിത്യത്തിന്റെ ധാര്‍ഷ്ട്യവും അപ്രമാദിത്വവും ചുമക്കുന്നവര്‍ ഈ ആധുനിക യുഗത്തില്‍ ജീവിക്കാന്‍ യോഗ്യരല്ലെന്നു മാത്രമേ എനിക്ക് ഇന്നത്തെ തലമുറയെ പ്രതിനിധാനം ചെയ്ത് പറയാനുള്ളു. ഒരു വോട്ടുപോലും ഈ മെത്രാന്‍ പറഞ്ഞത് കൊണ്ട് ഒരാള്‍ക്കും കിട്ടില്ല. ഒരു മത നേതാവ് പറഞ്ഞാലും തിരിച്ചു വോട്ടുചെയ്യാനുള്ള ഒരു സാമൂഹിക വിവരക്കേട് ഏറ്റവും ചുരുങ്ങിയത് മലയാള മണ്ണിലില്ല എന്നെനിക്ക് തറപ്പിച്ചു പറയാനാവും. ഇവരിങ്ങനെ കഴുതകള്‍ പറയുന്ന പോലെ കരഞ്ഞു തീര്‍ക്കാം എന്നല്ലാതെ വേറൊന്നിനും സാധ്യതയില്ല. ഇവരുടെ എല്ലാ താല്‍പര്യങ്ങളും നാശത്തിലേക്കേ നയിക്കുകയുള്ളൂ.


ബി.ജെ.പി നേതാക്കളെ കടത്തിവെട്ടുന്ന രീതിയില്‍ വിചാരധാരയെ ന്യായീകരിക്കുന്ന പ്രതികരണമാണ് കുന്നംകുളം ഭദ്രാസന അധിപന്‍ ഗീവര്‍ഗീസ് മാര്‍ യുലീയോസ് നടത്തിയത്. ബി.ജെ.പിയോടുള്ള സമീപനത്തില്‍ പൊടുന്നനെയുള്ള ഈ മാറ്റം എന്തുകൊണ്ടായിരിക്കും?

അവരിപ്പോള്‍ ഗോള്‍വാള്‍ക്കറിനെ പോലും തള്ളി പറയുകയല്ലേ. വിചാരധാരയില്‍ അന്നത്തെ രാഷ്ട്രീയ സാഹചര്യത്തിലാണ് ഗോള്‍വാള്‍ക്കര്‍ എഴുതിയെന്നാണ് ഇവര്‍ പറയുന്നത്. അങ്ങനെയാണെങ്കില്‍ പഴയ കാലങ്ങളിലെല്ലാം എഴുതിയ എല്ലാ ആധികാരിക ഗ്രന്ഥങ്ങളും അതുപോലെയാണെന്ന് പറഞ്ഞു തള്ളുമോ; ബൈബിള്‍ ഉള്‍പ്പടെ. എന്തൊരു ബുദ്ധി ശൂന്യതയാണിത്. അടിസ്ഥാനപരമായി അതില്‍ പറഞ്ഞ കാര്യങ്ങല്‍ തിരുത്തി അതിന് മറ്റൊരു വ്യാഖ്യാനം കൊടുക്കാത്തിടത്തോളം കാലം ഗോള്‍വാള്‍ക്കറുടെ വാക്കുകള്‍ നിലനില്‍ക്കും. അത് മാത്രമല്ലല്ലോ ഓരോ ഘട്ടങ്ങളിലും ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരെ ഇന്നും ഒഡീഷയിലും ബീഹാറിലും കര്‍ണാടകയിലും നടക്കുന്ന അതിക്രമങ്ങളോട് ഇവര്‍ക്ക് എന്താണ് പറയാനുള്ളത്. അതിനപ്പുറത്ത് അതി വ്യാപകമായി മുസ്‌ലിം സമുദായങ്ങളോട് ഇവര്‍ നടത്തുന്ന അതിക്രമങ്ങളില്‍ ഇവര്‍ക്കെന്താണ് പറയാനുള്ളത്. അതിനൊന്നിനും മറുപടിയില്ലാതെ ഗോള്‍വാള്‍ക്കര്‍ ഇന്നലെയങ്ങനെ പറഞ്ഞു, ഇന്ന് ഞങ്ങള്‍ മാറ്റുന്നു എന്ന് പറയുന്നതില്‍ യാതൊരു അര്‍ഥവുമില്ല. നമ്മളെയൊക്കെ വിഡ്ഢികളാക്കാന്‍ സാധിക്കില്ലെങ്കില്‍ പോലും അതിനു വേണ്ടിയുള്ള അവരുടെയൊരു വിഫലശ്രമമാണ്.


ഈസ്റ്റര്‍ ദിനത്തില്‍ ബി.ജെ.പി നേതാക്കള്‍ വ്യാപകമായി ക്രൈസ്തവ ദേവാലയങ്ങളും ബിഷപ്പ് ഹൗസുകളും സന്ദര്‍ശിക്കുകയുണ്ടായി. രാഷ്ട്രീയമാനങ്ങളുള്ള സന്ദര്‍ശനമായി അതിനെ കാണാനാകുമോ?

രാഷ്ട്രീയം മാത്രമേ ഇതിനുള്ളൂ; സൗഹൃദ്ധ സന്ദര്‍ശനം എന്ന് ഭംഗി വാക്ക് പറയുമെങ്കിലും. ഞാനിതു പറയുമ്പോള്‍ മറ്റു രാഷ്ട്രീയക്കാര്‍ക്കും വേദനിക്കും. കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തെരെഞ്ഞെടുപ്പ് വരുമ്പോള്‍ ക്രൈസ്തവ സഭയുടെ അടുക്കള നിരങ്ങുന്ന സ്വഭാവം ഉണ്ട്. അത് ബി.ജെ.പിയും ആവര്‍ത്തിക്കുന്നു എന്ന് മാത്രമേയുള്ളൂ. കെ. സുരേന്ദ്രന്‍ മല കയറിയാലും മോദി രാജ്യത്തെ മുഴുവന്‍ ദേവാലയങ്ങള്‍ സന്ദര്‍ശിച്ചാലും നമുക്കറിയാം ഇതൊക്കെ ഇത്രയേ ഉണ്ടാവുകയുള്ളു എന്ന്. മോദി, ആ പള്ളി സന്ദര്‍ശിക്കുന്നതിന് മുന്‍പ്, രാജ്യത്തെ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് എതിരെ നടക്കുന്ന അക്രമങ്ങളെ ഞാന്‍ അപലപിക്കുന്നു എന്നെങ്കിലും ഒരുവാക്കു പറഞ്ഞെങ്കില്‍ അയാളുടെ കാപട്യത്തിനുള്ളിലും അത് മറക്കാനുള്ള ഒരു ശ്രമമുണ്ടെന്നെങ്കിലും നമുക്ക് മനസ്സിലാക്കാമായിരുന്നു. അതുപോലുമില്ലാതെ മെത്രാന്മാരെ വിലക്കെടുക്കാന്‍ കഴിയുമെന്നും അതുവഴി വോട്ട് ബാങ്ക് തട്ടിയെടുക്കാമെന്നുള്ള തെറ്റിദ്ധാരണയില്‍ ആ മനുഷ്യന്‍ ഒരു വിഡ്ഢിവേഷം കെട്ടുന്നു എന്നു മാത്രമേ എനിക്ക് പറയാനാവുകയുള്ളു.


അരമനകള്‍ കയറി നിരങ്ങിയിട്ട് ആര്‍ക്കെങ്കിലും പ്രത്യേകിച്ച് എന്തെങ്കിലും വോട്ട് കിട്ടിയതായി ഞാന്‍ കണ്ടിട്ടില്ല. 63 വയസ്സുള്ള ഞാന്‍ നാല്‍പതു വര്‍ഷത്തിലേറെയായി സമുദായത്തിന്റെ രാഷ്ട്രീയ കാര്യങ്ങളിലിടപെടുന്നയാളാണ്. ഈ കാലഘട്ടത്തിലെപ്പോഴെങ്കിലും ഇവര്‍ മുഖാന്തരം വന്നഭ്യര്‍ഥിച്ചതു കൊണ്ടോ ആ അഭ്യര്‍ഥന കേട്ട് മെത്രാന്മാര്‍ എന്തെങ്കിലും പറഞ്ഞത് കൊണ്ടോ എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടായതായി ഞാന്‍ മനസ്സിലാക്കിയിട്ടില്ല. ഒരു ഘട്ടത്തില്‍ കേരളത്തിലെ ഒരു നിശ്ചിത രാഷ്ട്രീയ പാര്‍ട്ടിക്കെതിരെ പള്ളികളില്‍ ഇടയ ലേഖനം ഇറക്കിയ സന്ദര്‍ഭത്തില്‍ എന്റെയൊക്കെ നേതൃത്വത്തില്‍ തന്നെ ആ ഇടയ ലേഖനങ്ങള്‍ പരസ്യമായി കത്തിക്കുകയും പള്ളികളില്‍ വലിയ ശബ്ദഘോഷങ്ങളോടെ വൈദികനെ തടയുകയും ചെയ്ത സമുദായം തന്നെയാണ് ക്രൈസ്തവര്‍. അന്ന് ഈ മെത്രാന്മാരൊക്കെ വളരെ വിഷണ്ണരായി നോക്കിനില്‍ക്കുക മാത്രമാണ് ചെയ്തത്. അതിനപ്പുറത്ത് ബി.ജെ.പി വിചാരിച്ചാല്‍ ഇവിടെ ഒന്നും സംഭവിക്കാനില്ല. അവരെ സംബന്ധിച്ചിടത്തോളം വളരെ സൗഹാര്‍ദ്ദമായി ജീവിക്കുന്ന രണ്ട് സമൂഹങ്ങളെ തമ്മില്‍ തല്ലിച്ച് അതിന്റെയിടയില്‍ നിന്ന് ചോരകുടിക്കുക എന്ന ലക്ഷ്യം മാത്രമേയുള്ളൂ. അതേതായാലും നടപ്പാകാന്‍ പോകുന്നില്ല. പിന്നെ, അതിനുവേണ്ടി അപ്പക്കഷണങ്ങള്‍ അന്വേഷിച്ച് നടക്കുന്ന വളരെ വിരലിലെണ്ണാവുന്ന ആളുകളെയൊക്കെ അവര്‍ക്ക് കിട്ടിയേക്കാം, അത് എല്ലാ സമൂഹത്തിലുമുണ്ടാകും. അത്തരം ആളുകളെകൊണ്ട് ചില പ്രസ്താവനകള്‍ ഇറക്കിപ്പിക്കുകയോ അവരെക്കൊണ്ട് പൊതുവേദിയില്‍ നിന്ന് പ്രസംഗിപ്പിക്കുകയോ ചെയ്തതുകൊണ്ട് അത് ക്രൈസ്തവരുടെ ആകമാനമുള്ള അഭിപ്രായമാവുന്നില്ല. അത് മനസ്സിലാക്കാനുള്ള ബുദ്ധിയും വിവേകവും കേരളത്തിലെ രാഷ്ട്രീയക്കാര്‍ക്കൊഴികെ ബാക്കിമുഴുവന്‍ ജനങ്ങള്‍ക്കുമുണ്ട് എന്നെനിക്ക് വ്യക്തമാണ്.

Similar Posts