Interview
കൊച്ചി ബിനാലെ
Interview

ബോഡി ഇല്ലാത്ത ഒന്നിനെ എങ്ങനെയാണ് ബോഡി ഷെയ്മിങ് ചെയ്യുക?

മീനു മാത്യു
|
6 April 2023 12:02 PM GMT

കാഴ്ചയുടെ എല്ലാ മാനദണ്ഡങ്ങളെയും വെല്ലുവിളിച്ചുകൊണ്ടുള്ള ഒരു ആഖ്യാന തന്ത്രത്തെ അവതരിപ്പിച്ചുകൊണ്ട് കേരളം നേരിട്ട ജാതി പീഡനങ്ങളോട് വൈകാരികമായി സംവേദനം നടത്തുകയാണ് ജിതിന്‍ ലാല്‍ തന്റെ ചിത്രങ്ങളിലൂടെ. അധ്യാപകനും ചിത്രകാരനുമായ ജിതിന്‍ ലാല്‍ എന്‍.ആര്‍ സംസാരിക്കുന്നു. അഭിമുഖം: മീനു മാത്യു

കൊച്ചി മുസിരിസ് ബിനാലെയില്‍ തന്റെ ചിത്രങ്ങള്‍ ആദ്യമായി പ്രദര്‍ശിപ്പിക്കപ്പെട്ടത്തിന്റെ അഭിമാനത്തിലും സന്തോഷത്തിലുമാണ് അധ്യാപകനും ചിത്രകാരനുമായ ജിതിന്‍ ലാല്‍ എന്‍.ആര്‍. പ്രശസ്ത എഴുത്തുകാരന്‍ സി. അയ്യപ്പന്റെ പ്രേതഭാഷണമെന്ന കഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് തയ്യാറാക്കിയ പന്ത്രണ്ട് ചിത്രങ്ങളാണ് പ്രധാന വേദിയായ ആസ്പിന്‍ വാള്‍ ഹൗസിലെ അഡ്മിന്‍ ബ്ലോക്കില്‍ പ്രദര്‍ശനത്തിന് എത്തിച്ചിരിക്കുന്നത്. ബിനാലെയുടെ ഈ വര്‍ഷത്തെ പ്രതിപാദ്യവിഷയവും താന്‍ പ്രചാരകന്‍ ആകുന്ന ആശയങ്ങളിലുമുള്ള സാമ്യവുമാകണം ഷുബുഗി റാവു (ക്യുറേറ്റര്‍) തന്റെ ചിത്രങ്ങളെ തേടി എത്താനുള്ള കാരണം എന്ന് അദ്ദേഹം പറയുന്നു. കാഴ്ചയുടെ എല്ലാ മാനദണ്ഡങ്ങളെയും വെല്ലുവിളിച്ചുകൊണ്ടുള്ള ഒരു ആഖ്യാന തന്ത്രത്തെ അവതരിപ്പിച്ചുകൊണ്ട് കേരളം നേരിട്ട ജാതി പീഡനങ്ങളോട് വൈകാരികമായി സംവേദനം നടത്തുകയാണ് ജിതിന്‍ ലാലിന്റെ ചിത്രങ്ങള്‍.

പിതാവ് പാലക്കാട് റെയില്‍വേ ഡിവിഷണല്‍ ഓഫീസിലെ ജീവനക്കാരന്‍ ആയിരുന്നതിനാല്‍ അവിടെ തന്നെയായിരുന്നു ജിതിന്‍ ലാലിന്റെ സ്‌കൂള്‍ വിദ്യാഭ്യാസവും. പിന്നീട് നാല് വര്‍ഷക്കാലം തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളജില്‍ ഡിഗ്രി പഠനം. 2013 ല്‍ എം.എസ്.യു ബറോഡയില്‍ നിന്നും പി.ജി കരസ്ഥമാക്കി. ശേഷം അഞ്ചു വര്‍ഷം ബറോഡയില്‍ തന്നെ ഫ്രീലാന്‍സ് ഡിസൈനര്‍ ആയും അധ്യാപകനായും ജോലി ചെയ്തു. ബ്ലൂ പ്രിന്റ് എന്ന കമ്യൂണിറ്റി സ്റ്റുഡിയോയില്‍ ജോലി ചെയ്തിരുന്ന കാലഘട്ടത്തിലാണ് വിവിധ ഗ്രൂപ്പ് എക്‌സിബിഷനുകളുടെ ഭാഗമാകുന്നത്. 2016-17 കാലഘട്ടത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ബറോഡ പാംഫ്‌ലറ്റിന്റെ ഡിസൈനര്‍. 2017 ല്‍ ആദ്യ സോളോ എക്‌സിബിഷന്‍-എ ഡാര്‍ക് പ്ലയ്‌സ് ഇന്‍ ദി സണ്‍- ചെയ്തു. 2018 മുതല്‍ തൃപ്പൂണിത്തറ ആര്‍.എല്‍.വി കോളജില്‍ പെയിന്റിങ് വിഭാഗത്തില്‍ അധ്യാപകനാണ്.

ചിത്രകലയിലേക്ക് എങ്ങിനെയാണ് എത്തുന്നത്? ജീവിതത്തിന്റെ ഏതു കാലഘട്ടമാണ് ഒരു ചിത്രകാരന്‍ എന്ന നിലയില്‍ താങ്കളെ കൂടുതല്‍ സ്വാധീനിച്ചിട്ടുള്ളത്?

സ്‌കൂള്‍ കാലഘട്ടം മുതല്‍ക്കേ വര കൂടെ തന്നെയുണ്ട്. ഒരു അധ്യാപകന്‍ ആയതുകൊണ്ട് തന്നെ, ആര്‍ക്കും വരക്കാന്‍ സാധിക്കും എന്നതാണ് എന്റെ നിലപാട്. ഇഷ്ടമില്ലാത്ത എന്തെങ്കിലും കാര്യത്തില്‍ നിന്നും രക്ഷപ്പെടാനോ ആരെയെങ്കിലും സ്വാധീനിക്കാനോ പ്രശംസ പിടിച്ചു പറ്റാനോ ചിത്രം വര തന്നെയായിരുന്നു എന്റെയും ആദ്യ ഉപാധി. സയന്‍സ് പ്രധാന വിഷയമായി എടുത്താണ് പ്ലസ് ടു കഴിയുന്നത്. അപ്പോഴും ഏതെങ്കിലും ഒരു വിഷയത്തില്‍ അഭിരുചി ഉണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. ചിത്രരചന പഠിക്കാനും അതില്‍ മുന്നോട്ട് പോകാനുമുള്ള ആദ്യ ഉപദേശം നല്‍കുന്നത് കലാകാരന്‍ കൂടിയായ കൊച്ചച്ചന്‍ ദേവദാസാണ്. മറ്റു കുടുംബാംഗംങ്ങള്‍ക്കെല്ലാം ഫൈന്‍ ആര്‍ട്‌സ് കോളജില്‍ പോകുന്നവര്‍ അനാര്‍ക്കിസ്റ്റുകളോ വിപ്ലവകാരികളോ ആണെന്നുള്ള മുന്‍വിധി കലര്‍ന്ന ചിന്താഗതി മാത്രമായിരുന്നു ഉണ്ടായിരുന്നത്.

ദലിത് ജീവിതങ്ങളുടെ യാഥാര്‍ഥ്യങ്ങള്‍ വളരെ ഭാവനാത്മകമായാണ് 'പ്രേതഭാഷണത്തില്‍' താങ്കള്‍ അവതരിപ്പിച്ചിരിക്കുന്നത്. അതിനു പ്രചോദനമായ അനുഭവങ്ങള്‍ സ്വജീവിതത്തില്‍ നിന്നു തന്നെയായിരുന്നോ?

അച്ഛനും അമ്മയും മുന്‍പ് ജീവിച്ചിരുന്നത് ഒരു ദലിത് കോളനിയിലായിരുന്നു. എന്നാല്‍, അച്ഛന് റെയില്‍വേയില്‍ ജോലി ഉണ്ടായിരുന്നത് കൊണ്ട് എന്റെ ചെറുപ്പകാലത്ത് തന്നെ അവിടെ നിന്നും മാറാനും തികച്ചും വ്യത്യസ്തമായ മെച്ചപ്പെട്ട ഒരു സാഹചര്യത്തില്‍ വളരാനും സാധിച്ചു. അതിനാല്‍ തന്നെ ദലിത് പ്രശ്‌നങ്ങളിലേക്ക് ആദ്യ സമയങ്ങളിലോന്നും ശ്രദ്ധ ചെലുത്തിയിരുന്നില്ല. ബറോഡയിലെ ജീവിതവും, അവിടെ പ്രവര്‍ത്തിച്ചു പോന്ന ചുറ്റുപാടുകളുമാണ് ചിന്താഗതിയിലെ മാറ്റത്തിന് കാരണം.


ദലിത് അവസ്ഥകളെക്കുറിച്ചു ബോധ്യം ഉണ്ടായപ്പോള്‍ 'വിടവുകളാ'യിരുന്നു പ്രധാന പ്രശ്‌നം. ചരിത്രത്തിലോ സാഹിത്യത്തിലോ ഒരു ഇടം കണ്ടെത്താന്‍ കഴിയുന്നില്ല. എത്ര അന്വേഷിച്ചിട്ടും ഒരു തുടര്‍ച്ചയോ ക്രമമോ നിര്‍ണ്ണയിക്കല്‍ അസാധ്യമായി. എവിടെയാണ് സ്വന്തം അസ്ഥിത്വം നിലകൊള്ളുന്നത് എന്ന ഒരു സംശയം. അനിശ്ചിതത്വത്തില്‍ തുടരേണ്ടിവരുന്നു എന്ന തിരിച്ചറിവ്..

ദലിതരായ മനുഷ്യര്‍ എവിടെയെങ്കിലും പ്രതിപാദിക്കപ്പെട്ടിട്ടുണ്ടെകില്‍ തന്നെ അതെല്ലാം കേവലം മനുഷ്യത്വത്തിന്റെ പേരില്‍ മാത്രമാണ്. ഒരു കര്‍ഷകന്‍, അല്ലെങ്കില്‍ ദരിദ്രനായ ഒരു മനുഷ്യന്‍.. അങ്ങിനെ. അതില്‍ കവിഞ്ഞ് ഒരിക്കലും ദലിത് ചിത്രീകരണത്തിന് സാധ്യത തന്നെ ഉണ്ടായിട്ടില്ല. ഉത്തരം കിട്ടാത്ത, എന്നാല്‍ ഉത്തരം വേണ്ട അത്തരം വിഷയങ്ങളെ കൈകാര്യം ചെയ്യേണ്ടതിന്റെ ആവശ്യകത പതിയെ തിരിച്ചറിഞ്ഞു.

അഭാവം അഥവാ ഇല്ലായ്മ എന്നത് വെറുമൊരു വാക്ക് അല്ല. സ്വത്വ പ്രതിസന്ധി (Identity Crisis) പ്രാതിനിധ്യം (Representation) ഇല്ലായ്മയുടെ ഫലമാണ്. നിങ്ങള്‍ക്ക് ഒന്നിനോടും നിങ്ങളെ സദൃശ്യപ്പെടുത്താനോ ഒന്നിലും നിങ്ങളെ തിരിച്ചറിയാനോ കഴിയാതെ വരിക. അടിമത്വത്തിന്റെ ഒരു വിപുലീകൃത ഭാവം! അടിമത്വം കാരണം നശിപ്പിക്കപ്പെട്ട ഒരു കൂട്ടം ജനതയ്ക്ക് ചരിത്രം ഇല്ലാത്ത അവസ്ഥ. ഞാന്‍ കൂടി ഭാഗമായിരിക്കുന്ന, വലിയൊരു ജനതയുടെ ജീവിതത്തെ യുഗങ്ങളായി നിയന്ത്രിച്ചു പോരുന്ന, ഒരു സംഘര്‍ഷ പശ്ചാത്തലത്തെ കുറച്ചുകൂടി വിശാലമായി നമ്മള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു.


മലയാളത്തിലെ അറിയപ്പെടുന്ന എഴുത്തുകാരനാണ് സി. അയ്യപ്പന്‍. ദലിത് ജീവിതത്തെ അദ്ദേഹം വളരെ ശക്തവും സ്വാഭാവികവും അതിതീവ്രവുമായ ഭാഷയിലൂടെ അവതരിപ്പിക്കുന്ന കഥയാണ് പ്രേതഭാഷണം. സി. അയ്യപ്പനും അദ്ദേഹത്തിന്റെ കൃതിയും എങ്ങിനെയാണ് സ്വാധീനിച്ചത്?

എവിടെയൊക്കെയാണോ ദലിത് ജീവിതങ്ങള്‍ പരാമര്‍ശിക്കപ്പെടുന്നത്, സിനിമയിലോ സംഗീതത്തിലോ, അവിടെയെല്ലാം ഒരു നിയന്ത്രണം ദൃശ്യമാണ്. അവിടെത്തന്നെയാണ് സി. അയ്യപ്പന്റെയും പ്രസക്തി. അദ്ദേഹം സ്വയം രൂപപ്പെടുത്തുന്ന ഒരു ചരിത്രമുണ്ട്. അദൃശ്യമായ ഒരു ചരിത്രത്തെ എങ്ങനെ സര്‍ഗാത്മകമായി ചിത്രീകരിക്കാം എന്നാണ് അദ്ദേഹം ചിന്തിച്ചത്. ചരിത്രം സൃഷ്ടിക്കപ്പെടേണ്ടത്തിന്റെ ആവശ്യകത അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു.

ഭാഷയിലെല്ലാം നമ്മള്‍ സൃഷ്ടിക്കുന്നതാണ്. പ്രബല ചരിത്രവും അങ്ങിനെ തന്നെ. സൃഷ്ടിക്കുക അഥവാ, രൂപപ്പെടുത്തുക എന്നത് വളരെ രസകരമായ ഒരു പ്രക്രിയയാണ്. 'പ്രേതഭാഷണ'ത്തില്‍ പ്രധാന ആശയമായ പ്രേതത്തിന്റെ അവതരണമാണ് ഏറ്റവും അധികം ശ്രദ്ധിക്കേണ്ട വസ്തുത. രൂപമില്ലാത്ത ഒരു വസ്തുവിന്റെ രേഖീയമല്ലാത്ത പ്രഭാഷണത്തിലൂടെ സമയത്തിന്റെയും കാലത്തിന്റെയും നിര്‍വചിക്കപ്പെട്ട ഘടനകളെ അയ്യപ്പന്‍ തകര്‍ക്കുന്നു. അതുവഴി നമ്മുടെ ഭൂമിശാസ്ത്രത്തിലും ഭാഷയിലും അദൃശ്യമായി നിലനില്‍ക്കുന്ന ചരിത്രത്തെ തന്ത്രപരമായി അദ്ദേഹം പുറത്തേയ്ക്ക് കൊണ്ടുവരുന്നു.


താന്‍ കുറച്ചു കര്യങ്ങള്‍ സംസാരിക്കാനാണ് വന്നത് എന്ന് പറഞ്ഞു തുടങ്ങുന്ന പ്രേതം കഥയുടെ അവസാനത്തോടെ പറഞ്ഞു വയ്ക്കുന്നത് കഠിനമായ, മരവിച്ച സത്യങ്ങളാണ്. അത്തരം യാഥാര്‍ഥ്യങ്ങള്‍ ഒരിക്കലും ഒരു ജീവനുള്ള മനുഷ്യ ശരീരത്തിന് സംവദിക്കുക സാധ്യമല്ല. അയ്യപ്പന്റെ ഇത്തരത്തിലുള്ള സാങ്കേതികത്വത്തെയാണ് ഞാന്‍ പൊയ്കയില്‍ അപ്പച്ചന്റെ ആശയങ്ങളെക്കൂടി ഉള്‍ക്കൊണ്ടുകൊണ്ട് ദൃശ്യ കലയിലേക്ക് ആവഹിക്കുവാന്‍ ശ്രമിച്ചത്. ഒരിക്കലും സി. അയ്യപ്പന്റെ കഥയെ അതുപോലെ പകര്‍ത്തി എഴുതാനയിരുന്നില്ല എന്റെ ശ്രമം. കഥ പറഞ്ഞ രീതിയെയും അതിന്റെ ഘടനയെയും മാത്രമാണ് ഉള്‍ക്കൊണ്ടത്. അയ്യപ്പനെ പരിഭാഷപ്പെടുത്താന്‍ ശ്രമിക്കാത്തതുകൊണ്ട് തന്നെ അതില്‍ അത്ര റിസ്‌കും ഉണ്ടായിരുന്നില്ല. സമകാലിക സാഹചര്യത്തിലേക്ക് അദ്ദേഹത്തെ എങ്ങനെ പ്രതിഷ്ഠിക്കാന്‍ കഴിയും എന്നത് മാത്രമായിരുന്നു എന്റെ വിഷയം. എല്ലാവര്‍ക്കും മനസ്സിലാകും വിധമുള്ള ബിംബങ്ങള്‍ തന്നെയാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. 'നിങ്ങള്‍ക്ക് നിങ്ങളെ എവിടെ കണ്ടെത്താനാകും?' എന്ന ചോദ്യമായിരുന്നു പ്രധാന പ്രശ്‌നം. ആ കണ്ടെത്തലിനായി ആകെ പരിശോധിക്കാന്‍ ഉള്ളതോ അധിനിവേശ ശക്തികളായ ജര്‍മന്‍, ബ്രിട്ടീഷ് സൈന്യങ്ങള്‍ എടുത്ത ചിത്രങ്ങങ്ങള്‍ മാത്രവും. പിന്നെയുള്ളത് നമ്മള്‍ സിനിമയിലോ സംഗീതത്തിലോ കണ്ട് പഴകിയ സങ്കല്‍പ്പങ്ങളും.

നിറങ്ങള്‍ ഇല്ലാത്ത ചിത്രങ്ങള്‍. അല്ലെങ്കില്‍ അധികം വര്‍ണാഭമല്ലത്ത ചാര നിറത്തിലുള്ള ചിത്രങ്ങള്‍. എന്തുകൊണ്ടാണ് അവയില്‍ നിന്നും നിറങ്ങളെ ഒഴിവാക്കിയത്? എങ്ങിനെയാണ് നിറങ്ങളുടെ തിരഞ്ഞെടുപ്പ്?

മുന്‍പ് ചിത്രങ്ങളില്‍ വളരെയധികം നിറങ്ങള്‍ ഉപയോഗിച്ചിരുന്നു. മോണോക്രൊമാറ്റിക് ആയ ഒരു ശൈലി സ്വീകരിക്കുമ്പോള്‍ ദലിത് സമൂഹത്തിന്റെ യഥാര്‍ഥ ജീവിതം മാത്രമായിരുന്നു മനസ്സില്‍. നിറങ്ങള്‍ വളരെയധികം സങ്കീര്‍ണമാണ്. ഒരേ ചിത്രത്തിന് തന്നെ വ്യത്യസ്തമായ പല വ്യാഖ്യാനങ്ങളും പകര്‍ന്നു നല്‍കാന്‍ നിറങ്ങള്‍ക്ക് സാധിക്കും. അവയെ നിയന്ത്രിക്കുക പ്രയാസമാണ്. ഞാന്‍ ശ്രദ്ധിക്കുന്നത് വരക്കുക അഥവാ ആലേഖനം ചെയ്യുക എന്ന പ്രക്രിയയെയാണ്. അതിനാല്‍ തന്നെ 'പ്രേതഭാഷണത്തില്‍' കൂടുതലും കാണാന്‍ സാധിക്കുക സ്‌ട്രോക്കുകളും മര്‍ക്കുകളുമാണ്. ചിത്രം പൂര്‍ണമായും ഫില്‍ ചെയ്യുക എന്നതിനെ പറ്റി ചിന്തിച്ചിട്ടില്ല. സ്‌ട്രോക്കുകള്‍ ആയതുകൊണ്ട് തന്നെ തുടക്കവും അവസാനവും ഇത്തരം ചിത്രങ്ങള്‍ക്ക് വലിയൊരു പ്രശ്‌നം തന്നെയാണ്.


നിറങ്ങള്‍ വളരെ യാദൃശ്ചികമായി ആണ് ഒഴിവാക്കാറ്. പ്രധാന വിഷയം അവയെ എങ്ങനെ ഉപയോഗിക്കണം എന്ന് അറിവില്ല എന്നതാണ്. ബ്ലാക്ക് ഹിസ്റ്ററിയെ പറ്റി പഠിക്കുമ്പോള്‍ മനസ്സിലായ ഒരു കാര്യം പ്രൈഡിന്റെ ഭാഗമായി വര്‍ണശബളമായ രീതികള്‍ അവര്‍ കൈക്കൊള്ളുന്നു എന്നതാണ്. സ്വതവേ ന്യൂനപക്ഷ ജീവിതങ്ങള്‍ നിറം മങ്ങിയതാണെന്നും അവരെ ചിത്രീകരിക്കാന്‍ കറുപ്പും വെള്ളയും മാത്രമേ ഉള്ളൂ എന്നും ചിന്തിക്കുന്ന മനുഷ്യര്‍ക്ക് മുന്‍പിലേക്ക് തികച്ചും വ്യത്യസ്തമായ ഒരു ആശയമാണ് അവര്‍ മുന്നോട്ടു വെക്കുന്നത്. തങ്ങളുടെ ജീവിതവും നിറപ്പകിട്ടാര്‍ന്നതാണ്. എല്‍.ജി.ബി.ടി.ക്യു കമ്യൂണിറ്റിയുടെ മാതൃകയും ഉദാഹരണമാണ്. നിറങ്ങളെ അതിനാല്‍ എങ്ങനെ വേണമെങ്കിലും സമീപിക്കാം. നമുക്കത് ഉപയോഗിക്കാന്‍ അറിവുണ്ടാകണം എന്നേയുള്ളൂ. എന്നെ സംബന്ധിച്ചിടത്തോളം അത് കുറച്ചു സങ്കീര്‍ണ്ണമാണ്.

ദലിത് സമൂഹം അനുഭവിക്കുന്ന ചൂഷണങ്ങള്‍.. സ്വാതന്ത്ര്യത്തിനു ശേഷമെങ്കിലും എല്ലാം മാറിയെന്ന് പറയുമ്പോഴും ഇവിടെ ഒറ്റപ്പെട്ടത്തും അല്ലാത്തതുമായ പല അക്രമ - വിവേചന സംഭവങ്ങളും ആവര്‍ത്തിക്കപ്പെടാറുണ്ട്. സമൂഹമാകട്ടെ ഇപ്പോഴും അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ജാതി വ്യവസ്ഥയും ഇടതടവില്ലാതെ പിന്തുടരുന്നു. ഇതിനൊരു മാറ്റം പ്രതീക്ഷിക്കുന്നുണ്ടോ? ഒരു അധ്യാപകന്‍ എന്ന നിലയില്‍ പുതുതലമുറ ഇത്തരം വ്യവസ്ഥകളെ എങ്ങനെ നേരിടുമെന്നാണ് കരുതുന്നത്?

ഒരു മാറ്റം തീര്‍ച്ചയായും പ്രതീക്ഷിക്കുന്നുണ്ട്. ഇതിലെല്ലാം ഏയിസ്‌തെറ്റിക്ക്‌സിനു വലിയൊരു പ്രാധാന്യമുണ്ട്. എന്തുകൊണ്ടാണ് പൊയ്കയില്‍ അപ്പച്ചന്‍ ഒരു ചരിത്രം പറഞ്ഞുണ്ടാക്കാന്‍ ശ്രമിക്കുന്നത്? അദ്ദേഹം തന്റെ എഴുത്തുകളില്‍ പറയുന്നത് പോലെ, ദലിതുകളെ കേരളത്തില്‍ ആദ്യമായി ഐഡന്റിഫൈ ചെയ്യുന്നത് ക്രിസ്തുവിനോടു ചേര്‍ത്താണ്. കാരണം, പീഡിപ്പിക്കപ്പെട്ട ഒരാളുടെ പ്രതിബിംബമായി നില്‍ക്കുന്നത് ക്രിസ്തുവാണ്. ആ ഒരു സങ്കല്‍പ്പം അതിപ്രധാനമായ ഒന്നാണ്. അത്തരത്തില്‍ ഏയിസ്‌തെറ്റിക്‌സ് നമ്മുടെ ബോധ-സംവേദന ശക്തികളെ ഗൗരവമായി ബാധിക്കും. ഒരു വ്യക്തിയെ നമ്മള്‍ ഗ്രഹിക്കുന്ന രീതിയെ വരെ ഒരു സിനിമയ്ക്ക് സ്വാധീനിക്കാന്‍ കഴിയും. അതിനാല്‍ അവിടെനിന്നാണ് നമ്മള്‍ ഒരു പരിവര്‍ത്തനം സാധ്യമാക്കേണ്ടത്. കാഴ്ചയില്‍ വരുന്ന മാറ്റം. കാഴ്ചയാണ് മാറേണ്ടത്. അയ്യപ്പന്‍ ലക്ഷ്യം വെക്കുന്നതും അത്തരത്തില്‍ പൊതു ബോധത്തില്‍ ഉണ്ടാവേണ്ട മാറ്റം തന്നെയാണ്. അദ്ദേഹത്തിന്റെ പ്രേതം എല്ലാ കെട്ടുപാടുകള്‍ക്കും പുറത്താണ്. അതിനു ആകൃതിയില്ല, ഘടനയില്ല, ശരീരമില്ല. ബോഡി ഇല്ലാത്ത ഒന്നിനെ എങ്ങനെയാണ് ബോഡി ഷെയ്മിങ് ചെയ്യുക? ജാതിസത്വത്തിന്റെ സങ്കീര്‍ണ്ണ കെട്ടുപാടില്‍ നിന്നല്ലാതെ സാധ്യമാകുന്ന ഒരു വീക്ഷണ രീതിയാണ് ഉണ്ടാകേണ്ടത്. അത്തരമൊരു ഗതിമാറ്റം കാഴ്ചയില്‍ എങ്ങനെ സാധ്യമാക്കാം എന്നതാണ് എന്റെയും ചിന്താവിഷയം.

ദലിത് പോലെ തന്നെ ഇന്നും ന്യൂനപക്ഷം എന്ന് അറിയപ്പെടുന്നവരാണ് സ്ത്രീകളും. ബിനാലെയ്ക്ക് പിന്നണിയിലെ സ്ത്രീ സാനിധ്യത്തെ എങ്ങിനെ നോക്കി കാണുന്നു?

വളരെ സുപ്രധാനമായ ഒരു വിഷയമാണത്. ഷുബുഗി റാവു (ഈ വര്‍ഷത്തെ ക്യൂറേറ്റര്‍) ആണ് എന്നെ വിളിക്കുന്നതും ഇതിലേക്ക് ക്ഷണിക്കുന്നതും. ക്യുറേറ്ററായി ഒരു സ്ത്രീ വന്നപ്പോള്‍, മുന്‍പ് പറഞ്ഞ രീതിയില്‍ കാഴ്ചയ്ക്ക് ഒരു പരിവര്‍ത്തനം സംഭവിച്ചിട്ടുണ്ട്. അവരുടെ കാഴ്ചകളും കാഴ്ചപ്പടുകളും സമീപന രീതികളും എല്ലാം തന്നെ വ്യത്യസ്തമാണ്. സാധാരണയായി, ഇതിനോടകം തന്നെ പ്രസിദ്ധരായ അല്ലെങ്കില്‍ അംഗീകരിക്കപ്പെട്ട കലാകാരന്മാരെയാണ് ബിനാലെയിലേയ്ക്കു ക്ഷണിക്കുക. ആ രീതിക്ക് ഇത്തവണ മാറ്റം വന്നു. അത് ഒരു കുറേറ്ററിന്റെ കാഴ്ചപ്പാടിലുണ്ടായ മാറ്റമാണ്. സമൂഹം അല്ലെങ്കില്‍ ഒരു വര്‍ഗം എന്ന് പറയുന്നത് നമ്മള്‍ സാങ്കല്‍പ്പികമായി സൃഷ്ടിക്കേണ്ട ഒന്നാണെന്നാണ് ഷുബുഗി അഭിപ്രായപ്പെടുന്നത്. Communities are not something that we are born into. That is something we make. എന്നായിരുന്നു അവരുടെ ഉദ്ഘാടന പ്രസ്താവന. ഒരു സ്ത്രീ ആയതുകൊണ്ട് മാത്രമാണ് അവര്‍ക്ക് ആ ബോധ്യം ഉണ്ടായത്. അയ്യപ്പനെ മുന്‍നിര്‍ത്തിയുള്ള എന്റെ നിരീക്ഷണവും സമാനമാണ്. നമുക്ക് വേണ്ടതെന്താണോ, മെച്ചപ്പെട്ട ഒരു അവസ്ഥയോ സ്ഥിതിയോ, എന്തായാലും അത് നമ്മള്‍ തന്നെ നിര്‍മിക്കണം.

മനുഷ്യനും പ്രകൃതിയും ഒപ്പം കലയും ഒരേപോലെ ചെറുത്തുനില്‍പ്പിനായി പോരാടുന്ന ഈ കാലഘട്ടത്തില്‍ ബിനാലെ പോലുള്ള ആര്‍ട്ട് എക്‌സിബിഷനുകള്‍ എത്രത്തോളം പ്രസക്തമാണ്? ഈ പോരാട്ടത്തില്‍ കലയ്ക്കും കലാകാരനും എന്തൊക്കെ ചെയ്യാന്‍ സാധിക്കും?

പത്തു വര്‍ഷമായി കേരളത്തില്‍ വളരെ ജനകീയമായി നടത്തപ്പെടുന്ന ഒരു ആഘോഷമാണ് ബിനാലെ. പല രാജ്യങ്ങളില്‍ നിന്നും ഭൂപ്രദേശങ്ങളില്‍ നിന്നുമുള്ളവര്‍ അസ്വാധകരായും സംഘാടകരായും ഇവിടെ എത്തുന്നുണ്ട്. ഷുബുഗി തിരഞ്ഞെടുത്തിരിക്കുന്ന ആര്‍ട്ടിസ്റ്റുകള്‍ എല്ലാം തന്നെ പലവിധ സംഘര്‍ഷ സാഹചര്യങ്ങളില്‍ നിന്നും വരുന്നവരാണ്. ഒരു കലാസൃഷ്ടിയെ സംബന്ധിച്ചിടത്തോളം, മനസ്സിലായില്ലയെങ്കില്‍ പോലും, അത് നേരിട്ട് കണ്ടനുഭവിക്കുക എന്ന് പറയുന്നത് വളരെ പ്രധാനമാണ്. ഏതൊരു സാധാരണക്കാരനായ കാഴ്ചക്കാരനിലും ചെറിയ ഒരു മാറ്റം അവ വരുത്തും. അതിനു ബിനലെക്ക് കഴിയുന്നുണ്ട്. എന്നാല്‍, അതുമാത്രം മതിയാവില്ല എന്നൊരു അഭിപ്രായവും ഉണ്ട്. കലയെ ശാസ്ത്രീയമായും പ്രബോധനപരമായും സമീപിക്കുന്നതോടൊപ്പം കാഴ്ചയുടെ രാഷ്ട്രീയത്തെ കൂടി ചര്‍ച്ചാവിഷയം ആക്കണം. എല്ലാവര്‍ക്കും കലയെ ആസ്വദിക്കാനും സംഗ്രഹിക്കാനും സാധിക്കണം. ബിനാലെ അതിനൊരു അവസരം നല്‍കുന്നുണ്ടെങ്കിലും അവിടം കൊണ്ട് ആ പ്രക്രിയ അവസാനിപ്പിക്കാന്‍ പാടില്ല. ഇനിയും മുന്നോട്ട് പോകണം.


ജിതിന്‍ ലാല്‍ എന്ന സൃഷ്ടാവിന്റെ കണ്ണിലെ സൃഷ്ടിയായ പ്രേതഭാഷണം?

അധികാര വ്യവസ്ഥിതിയാല്‍ കീഴ്‌പ്പെടുത്തപ്പെട്ട ഒരു പരിതസ്ഥിതിയില്‍ നിന്നുമാണ് ഞാന്‍ എന്റെ തന്നെ വീക്ഷണം സാധ്യമാക്കുന്നതും ചുറ്റുപാടുകളെ നിരീക്ഷിക്കുന്നതും. ആ വീക്ഷണശൈലിയെ ഭേദിക്കാന്‍ പറ്റിയൊരു സങ്കേതം ഇനിയും ആവശ്യമാണ്. ജാതി എപ്പോഴും പ്രകടമായ ഒന്നാണ്. ഒരാള്‍ ഇരയാക്കപ്പെടുമ്പോഴോ കൊല്ലപ്പെടുമ്പോഴോ മാത്രമല്ല അത് ദൃശ്യമാകുന്നത്. മനുഷ്യര്‍ പരസ്പരം നോക്കുന്നത് മുതല്‍ ജാതി പ്രവര്‍ത്തിച്ചു തുടങ്ങുന്നുണ്ട്. അതാവട്ടെ ഇപ്പോള്‍ വളരെ സ്വാഭാവികം എന്ന നിലയിലാണ്. ഒരു സ്ത്രീ വീട്ടുജോലി ചെയ്യുക എന്ന് പറയുന്നതും, അവള്‍ എതിര്‍ത്താല്‍ അവളെ തല്ലുക എന്നുള്ളതും പുരഷനെ സംബന്ധിച്ചിടത്തോളം തികച്ചും സാധാരണമായ ഒന്നാണ്. അതുപോലെ തന്നെ ജാതിചിന്തകള്‍ ശരീരത്തിനുള്ളിലും പുറത്തും സാധാരണം എന്ന നിലയില്‍ ഇന്നും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതേ വിഷയത്തില്‍ തന്നെ ചിത്രങ്ങളുടെ ഒരു ശ്രേണി തയ്യാറാക്കുക എന്നതും മറ്റു മാധ്യമങ്ങളെക്കൂടി എങ്ങനെ ഉള്‍പ്പെടുത്താം എന്നതുമാണ് ഇപ്പോള്‍ ലക്ഷ്യം. ഒന്നിനെയും ഒരിടത്തായി ചുരുക്കാന്‍ പാടില്ല. ഞാനത് ആഗ്രഹിക്കുന്നുമില്ല.


Similar Posts