Interview
സെന്‍സര്‍ഷിപ്പ് സിനിമയുടെ ആശയത്തെ പരിമിതപ്പെടുത്തും - ജോളി ചിറയത്ത്
Interview

സെന്‍സര്‍ഷിപ്പ് സിനിമയുടെ ആശയത്തെ പരിമിതപ്പെടുത്തും - ജോളി ചിറയത്ത്

ജുബൈര്‍ ടി.കെ
|
28 March 2023 1:04 PM GMT

രാഷ്ട്രീയ സാംസ്‌കാരിക വിഷയങ്ങളില്‍ കൃത്യമായ നിലപാടുകളുള്ള വ്യക്തിയാണ് അഭിനേത്രിയും ആക്ടിവിസ്റ്റുമായ ജോളി ചിറയത്ത്. മനുഷ്യാവകാശ ലംഘനങ്ങള്‍ സിനിമകളില്‍ സാമാന്യവത്കരിക്കുന്നതിനെ തെല്ല് അത്ഭുതത്തോടെയാണ് ജോളി നോക്കി കാണുന്നത്. ജോളി ചിറയത്ത് സിനിമയും ജീവിതവും നിലപാടുകളും പങ്കുവെക്കുന്നു. അഭിമുഖം: ജോളി ചിറയത്ത്/ജുബൈര്‍ ടി.കെ

ഇതുവരെയുളള സിനിമ യാത്രയെ എങ്ങനെ നോക്കി കാണുന്നു?

ഒരു നടി ആയി ഇന്നത്തെ അവസ്ഥയില്‍ എത്തുന്നത് തികച്ചും അപ്രതീക്ഷിതമായിരുന്നു. അതേസമയം സിനിമ എന്ന മാധ്യമത്തിലൂടെ, അല്ലെങ്കില്‍ നാടകത്തിലൂടെയൊക്കെ നമ്മുടെ വീക്ഷണങ്ങള്‍ ആവിഷ്‌കരിക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. അതിന്റെ ഭാഗമായി അതൊക്കെ പഠിക്കണമെന്നും ആഗ്രഹിച്ചിരുന്നു. ആദ്യ സിനിമ ഓഡിഷനില്‍ തന്നെ അവസരം ലഭിക്കുകയും ലിജോ പല്ലിശ്ശേരി എന്ന ബ്രാന്‍ഡ് ഡയറക്ടറുടെ സിനിമയില്‍ തന്നെ ആദ്യ വേഷം ചെയ്യാന്‍ കഴിഞ്ഞതും ഭാഗ്യമാണ്.

ലിജോയുടെ പേര് സൂചിപ്പിച്ചതുക്കൊണ്ട് ചോദിക്കുകയാണ്. നാല്‍പ്പതോളം സിനിമയില്‍ നിരവധി സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചതാണല്ലോ? ഇവരില്‍ നിന്നെല്ലാം ലിജോയെ മാറ്റി നിര്‍ത്തുന്നത് എന്താണ്?

മലയാള സിനിമയെ അത്രയധികം ത്രസിപ്പിക്കാന്‍ ലിജോക്ക് കഴിഞ്ഞിട്ടുണ്ട്. ഒരു നടിയുടെയോ നടന്റേയോ സിനിമ ഇറങ്ങാന്‍ കാത്തിരിക്കുന്നത് പോലെ തന്നെ പ്രേക്ഷക സമൂഹം ലിജോയുടെ സിനിമക്കായി കാത്തിരിക്കും. അത്തരത്തിലുളള സംവിധായകര്‍ മലയാളത്തില്‍ അപൂര്‍വമാണ്. ആ രീതിയില്‍ നോക്കുമ്പോള്‍ എല്‍.ജെ.പി മാസ്റ്ററാണ്. അദ്ദേഹത്തിന്റെ ചിന്തകള്‍ക്ക് ഒരു പുതുമയുണ്ടാകും. അതുപോലെ തന്നെ അദ്ദേഹത്തിന്റെ വിഷ്വല്‍ ലാംഗ്വേജിനും ഒരു പ്രത്യേകതയുണ്ട്. ലിജോയുടെ ഓരോ സിനിമയും ഓരോ ഫ്‌ളേവറാണ്.

ഒളിപ്പോര് അടക്കം മൂന്ന് സിനിമകളില്‍ സംവിധാന സഹായിയായി നിന്നിട്ടുണ്ട്. ക്യാമറക്കു മുമ്പില്‍ നില്‍ക്കാനാണോ പുറകില്‍ നില്‍ക്കാനാണോ കൂടുതല്‍ ഇഷ്ടം?

വ്യക്തിപരമായി എനിക്കൊരു ഫിലിംമേക്കര്‍ ആകാനാണ് ആഗ്രഹം. പക്ഷേ, സിനിമ, കഥയോ കവിതയോ പോലെ ഒറ്റക്ക് സംഭവിക്കുന്ന ഒന്നല്ല. വന്‍ നിക്ഷേപം സിനിമക്ക് വേണം. അതുകൊണ്ട് നമ്മളെ പോലെയുളള ആളുകള്‍ക്ക് അതത്ര എളുപ്പമല്ല. ഇപ്പോഴുളളത് എന്റെ അതിജീവനമാണ്. അഭിനയം എന്റെ പാഷന്‍ ഒന്നുമല്ല. അത്രയധികം ആത്മവിശ്വാസവുമില്ല. പക്ഷേ, അഭിനയിക്കാന്‍ ഇഷ്ടമാണ്. ഇപ്പോള്‍ കൂടുതല്‍ സ്വാഭാവികമായിട്ടുളള അമ്മ വേഷങ്ങളാണ് ചെയ്യുന്നത്. അതുകൊണ്ട് അത് ചെയ്തുപോകുന്നു. അതിനപ്പുറത്തേക്കുളള കഥയും തിരക്കഥയും വരേണ്ടതുണ്ട്.


നാട്ടിന്‍പുറത്തെ സ്ത്രീ നേര്‍ക്കാഴ്ചയാണ് താങ്കള്‍ കഥാപാത്രങ്ങള്‍ ചെയ്യുന്നത് കാണുമ്പോള്‍ തോന്നുക. എങ്ങനെയാണ് ഓരോ കഥാപാത്രവും Raw & Real ആകുന്നത്?

ഞാന്‍ ജനിച്ചതും വളര്‍ന്നതും അങ്ങനെയുളള പശ്ചാത്തലത്തിലാണ്. എന്റെ അമ്മ അടക്കം ഞാന്‍ കണ്ട എല്ലാ അമ്മമാരും ആ പരിസരത്തില്‍ നിന്നു വരുന്നവരാണ്. അപ്പോള്‍ എന്റെ ക്ലാസ് അതാണ്. അതുകൊണ്ടു തന്നെ എനിക്കത് ഒരു ബുദ്ധിമുട്ടല്ല.


സാധാരണ സിനിമ പ്രവര്‍ത്തകരില്‍ നിന്നു വിഭിന്നമായി നിലപാട് സ്വീകരിക്കുകയും അത് തുറന്നു പറയുകയും ചെയ്ത ആളാണ് താങ്കള്‍. ശബ്ദിക്കാനുളള ഊര്‍ജം ജീവിത യാത്രയില്‍ എങ്ങനെയാണ് കിട്ടിയത്?

വളരെ സാധാരണ പശ്ചാലത്തില്‍ വരുന്ന ഒരാളാണ് ഞാന്‍. ജീവിതത്തിന്റെ രണ്ടറ്റവും തമ്മില്‍ കൂട്ടി യോജിപ്പിക്കാന്‍ പെടാപ്പാട് പെടുന്ന മനുഷ്യര്‍ക്കിടയില്‍ നിന്നാണ് വളര്‍ന്നുവന്നത്. ഇവരെയൊക്കെ സൂക്ഷ്മമായി നിരീക്ഷിക്കുമ്പോള്‍ എനിക്ക് മനസ്സിലായത് ഇതിലൊക്കെ ഒരു അനീതി ഉണ്ടല്ലോ എന്നാണ്. അതുകൊണ്ടു തന്നെ അനീതി കാണുമ്പോള്‍ എന്റെ ശ്രദ്ധ അതിലേക്കു പോകുന്നു. മനുഷ്യര്‍ ബുദ്ധിമുട്ടുന്നുണ്ടെങ്കില്‍ അത് മനുഷ്യരെ കൊണ്ടു തന്നെയാണ്. അത് ആരും പറയാന്‍ തയ്യാറായില്ലെങ്കില്‍ നമ്മള്‍ പറയണം. അതാണ് എന്റെ രാഷ്ട്രീയം.

ഈയിടെ അന്തരിച്ച സംവിധായകന്‍ കെ. പി. ശശിയുടെ അടുത്ത സുഹൃത്തായിരുന്നു താങ്കള്‍. കെ.പി ശശിയെ പുതുതലമുറക്കു പരിചയപ്പെടുത്തി കൊടുക്കേണ്ടത് എങ്ങനെയാണ്?

എത്രയോ പേര് മരിച്ചു പോകുന്നുണ്ട്. പക്ഷേ, എന്നിട്ടും എന്തുകൊണ്ടാണ് കെ.പി ശശിയെ പറ്റി നമ്മള്‍ ചര്‍ച്ച ചെയ്യുന്നത്. അത് തന്നെയാണ് അദ്ദേഹത്തിന്റെ പ്രത്യേകത. ഊര്‍ജസ്വലനായി നിന്നുകൊണ്ട് സിനിമയിലൂടെയും, കാര്‍ട്ടൂണ്‍, ഡോക്യുമെന്ററി തുടങ്ങിയവയിലൂടെയും പറയാനുളളത് പറഞ്ഞയാളാണ് അദ്ദേഹം. കെ.പി ശശി ഒരു പ്രൊഡക്ട് ഉണ്ടാക്കുന്നതിനപ്പുറം കലാരൂപങ്ങളെ ഒരു ടൂള്‍ ആയിട്ടാണ് കണ്ടത്. അനീതി അനുഭവിക്കുന്നവരോട് അവരുടെ ഭാഷയില്‍ സംവദിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. ജീവിച്ചിരിക്കുന്ന നമ്മള്‍ കെ.പി ശശി സമൂഹത്തിനോട് പറയാന്‍ ആഗ്രഹിച്ച കാര്യങ്ങള്‍ പറഞ്ഞു കൊണ്ടേയിരിക്കണം. എനിക്കൊരു മെന്റര്‍ ആയിരുന്നു കെ.പി. ശശി.


സിനിമ സംസാരിക്കുന്ന രാഷ്ട്രീയത്തിനു മേല്‍ സെന്‍സര്‍ഷിപ്പിന്റെ കത്രിക വെക്കുന്നു. എന്ത് കാണണം, കാണേണ്ട എന്ന് അധികാര കേന്ദ്രങ്ങള്‍ തീരുമാനിക്കുമ്പോള്‍ സിനിമയുടെ സ്വാതന്ത്ര്യത്തെ എത്രത്തോളം ബാധിക്കുന്നുണ്ട്? കശ്മീര്‍ ഫയല്‍സ്, ബി.ബി.സി ഡോക്യുമെന്ററി, പത്താനെതിരെയുളള വെറുപ്പ് പടര്‍ത്തല്‍ എന്നിവയൊക്കെ ഇതിനോടൊപ്പം ചേര്‍ത്തു വായിക്കാം?

ആര്‍ട് ഫോം എന്ന നിലയില്‍ സിനിമയുടെ ആശയത്തെ പരിമിതപ്പെടുത്തുന്ന ഒന്നാണ് സെന്‍സര്‍ഷിപ്പ്. മനുഷ്യരുടെ ജീവിതത്തിന്റെ പരിഛേദമാണ് സിനിമ. ഇവിടെ ഏറ്റവും പൊലീസ് അട്രോസിറ്റീസ് നടക്കുന്ന സ്ഥലമാണ്. അത് അങ്ങിനെത്തന്നെ സിനിമയിലും കാണിക്കുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. ഇത് പൊലീസ് അതിക്രമങ്ങളെ സ്വാഭാവികവത്കരിക്കലാണ്. ഇത്തരം രംഗങ്ങളില്‍ ഇല്ലീഗല്‍ ആണെന്നുളള ഡിസ്‌ക്ലെയിമര്‍ കാണിക്കുന്നില്ല. സിഗരറ്റ് ഉപയോഗിക്കുമ്പോള്‍ അവിടെ ഡിസ്‌ക്ലെയിമര്‍ കാണിക്കുന്നു. എന്നാല്‍, സിനിമയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ സ്വാഭാവികവത്കരിക്കുകയാണ്. ഇതിലൊന്നും പ്രശ്‌നം തോന്നാത്തവര്‍ക്കിടയില്‍ എന്ത് പറഞ്ഞാലും നടക്കുമെന്ന് ഭരണകൂടത്തിനു തോന്നി. യാഥാര്‍ഥത്തില്‍ സെന്‍സര്‍ഷിപ്പ് ഓരോരുത്തരുടെയും മനസ്സിലാണ് വേണ്ടത്. ഒരു സിനിമയില്‍ നിന്ന് വേണ്ടത് എടുക്കാനും വേണ്ടത് ഒഴിവാക്കാനുമുളള വിവേകവും ബോധവും പ്രേക്ഷകരില്‍ വേണം. ബോംബ് ഉണ്ടാക്കിവെച്ച് സമാധാനം സംസാരിക്കുന്നവരോട് തിരിച്ചും ചോദ്യം ചോദിക്കാന്‍ നമ്മള്‍ തയ്യാറാകണം. പത്താന്‍ സിനിമയെ പോസറ്റീവായി കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഒരു വിഷയത്തിലൂടെ ഭരണകൂടത്തിനു മറുപടിയായി ആ സിനിമയെ സ്വീകരിച്ചു വലിയ വിജയമാക്കി. അങ്ങനെ ഭരണകൂടത്തിന്റെ എല്ലാ വേട്ടയാടലുകള്‍ക്കും വിട്ട് കൊടുക്കാന്‍ ജനം തയ്യാറല്ല എന്ന് ഇതിലൂടെ തെളിയിച്ചു.

സമൂഹത്തിലെ ജാതീയത പരിഷ്‌കരിച്ചു എന്നു പറയുന്ന സമൂഹത്തില്‍ ഇന്നും ജാതീയതയുണ്ട്. സിനിമയിലും ജാതീയതയുണ്ട്. കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജാതിവിവേചനത്തിനെതിരെ വിദ്യാര്‍ഥികള്‍ക്കൊപ്പം ഉറക്കെ ശംബ്ദിച്ചയാളാണ് താങ്കള്‍. ആധുനിക സമൂഹമെന്ന് നാം വിചാരിക്കുന്നിടത്ത് കേട്ട ഈ സംഭവത്തെ എങ്ങനെ നോക്കികാണുന്നു?

നേരത്തെ പറഞ്ഞ, അതിക്രമങ്ങളെ സ്വാഭാവികവത്കരിക്കുന്ന സമൂഹമാണ് നമ്മുടേതെന്നതുപോലെ തന്നെയാണ് ജാതിഘടനയുടെയും അവസ്ഥ. പേരിലെ ജാതിവാല്‍ മാറ്റിയതുകൊണ്ട് കാര്യമില്ല. സാമൂഹികമായി പേറുന്ന പ്രിവിലേജാണ് ജാതി. ജാതിവാല്‍ മാറ്റിക്കൊണ്ട് ജാതിക്കെതിരെ സംസാരിക്കുന്നവര്‍ ജാതി പ്രിവിലേജുകള്‍ കൈയൊഴിഞ്ഞ് ജീവിച്ച് കാണിക്കണം. നമ്മുടെ സാമൂഹിക ഘടനയെടുത്താല്‍ അധികാരത്തിലിരുന്നവര്‍ കൂടുതലും സവര്‍ണ്ണരാണ്. അതിപ്പോള്‍ വിദ്യഭ്യാസപരമായിട്ടാണെങ്കിലും സാമ്പത്തികമായിട്ടാണെങ്കിലും സവര്‍ണ്ണര്‍ തന്നെയാണ്. ആദിവാസി യുവാവിനു നേരെ മോഷണം ആരോപിച്ചു നടന്ന അക്രമം എടുത്തു നോക്കൂ. അവര്‍ തിരിച്ചു ശബ്ദിക്കില്ലെന്ന ബോധ്യത്തിലാണ് ആ ശരീരത്തില്‍ കൈ വെക്കുന്നത്. അവന്റെ സ്ഥാനത്ത് ഒരു സവര്‍ണ്ണനായിരുന്നെങ്കില്‍ ഇങ്ങനെയാണോ സമൂഹം പ്രതികരിക്കുക? ഇതൊക്കെ മാറണമെങ്കില്‍ ഭരണഘടനയെ മതിക്കുന്ന രാഷ്ട്രീയ നേതാക്കളും തലമുറയും വരണം. അത് അത്ര എളുപ്പമല്ല. നവോത്ഥാനം സംസാരിക്കുന്ന നമ്മള്‍ വീണ്ടും പിറകോട്ട് സഞ്ചരിച്ച് സമരങ്ങളിലൂടെ തുല്യത നേടിയെടുക്കണം. എഴുത്തുകളിലൂടെയും, വായനകളിലൂടെയും കേള്‍വികളിലൂടെയും ജാതീയത തിരുത്തണം.


Similar Posts