Interview
ഇരുപത്തെട്ടാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഇന്ത്യന്‍ ചിത്രം ആഗ്രയുടെ സംവിധായകന്‍ കാനു ബേല്‍
Interview

അടിച്ചമര്‍ത്തപ്പെടുന്ന ലൈംഗീകത വയലന്‍സിന് കാരണാകുന്നുണ്ട് - കാനു ബേല്‍

ലെനിന്‍ സുഭാഷ്
|
19 Dec 2023 10:38 AM GMT

വയലന്‍സ് പുറത്തുവരുന്നത് നമ്മുടെ വികാരങ്ങളെ ആരും അഭിമുഖീകരിക്കാത്തപ്പോഴാണ്. മനുഷ്യരുമായുള്ള ഇഴയടുപ്പം കൂട്ടാന്‍ ശ്രമിച്ച് പരാജയപ്പെടുകയും വികാരങ്ങള്‍ അമര്‍ത്തിവെക്കേണ്ടി വരികയും ചെയ്യുമ്പോഴാണ് ഒരാള്‍ അക്രമത്തിലേക്ക് പോവുക. അഭിമുഖം: കാനു ബെല്‍/ലെനിന്‍ സുഭാഷ്

ഇരുപത്തെട്ടാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഇന്ത്യന്‍ ചിത്രം ആഗ്രയുടെ സംവിധായകന്‍ കാനു ബേല്‍ മീഡിയവണ്‍ ഷെല്‍ഫുമായി സംസാരിക്കുന്നു. സ്ഥലപരിമിതിയും കുടുംബ പശ്ചാത്തലവും കാരണം അടിച്ചമര്‍ത്തപ്പെട്ട ലൈംഗീക ജീവിതമുള്ള യുവാവിന്റെ കഥയാണ് ആഗ്ര പറയുന്നത്. ആഗ്ര ഈ വര്‍ഷം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഡയറക്ടര്‍സ് ഫോര്‍ട്ട്‌നൈറ്റ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 2014 ല്‍ കാനിലെ കാമറെ ഡി ഓര്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം നേടിയ 'തിത്ലി'യാണ് അദ്ദേഹത്തിന്റെ ആദ്യ സിനിമ.

ആഗ്ര എന്ന പേര് പെട്ടെന്ന് നമുക്ക് താജ്മഹലുമായും പ്രണയവുമായും ബന്ധിപ്പിക്കാന്‍ സാധിക്കും. എന്നാല്‍, താങ്കളുടെ ആഗ്ര എന്ന സിനിമ ആ ഇമേജിനെ ആകെ തകര്‍ക്കുന്ന ഒന്നാണ്. സ്വസ്ഥതയില്ലാത്ത കുടുംബാന്തരീക്ഷം, ലൈംഗീകമായി വീര്‍പ്പുമുട്ടുന്ന നായകന്‍, അവരുടെ നൂറായിരം പ്രശ്‌നങ്ങള്‍. ഈ ഒരു അപനിര്‍മാണം പേരിലൂടെ ഉദ്ദേശിച്ചിരുന്നോ?

ഇന്ത്യയില്‍ പലര്‍ക്കും, ലോകത്തിന് പ്രത്യേകിച്ചും ആഗ്ര എന്നുകേട്ടാല്‍ താജ്മഹല്‍ ആണ്. എന്നാല്‍, ഇന്ത്യയിലെ ഏറ്റവും വലിയ മാനസികരോഗ ആശുപത്രി ഉള്ളത് ആഗ്രയിലാണ്. ഈ കഥ എഴുതുമ്പോഴൊക്കെ ഞാന്‍ ചിന്തിക്കാറുണ്ടായിരുന്നു ഈ വീട് മൊത്തം ഭ്രാന്തന്മാരാണല്ലോ എന്ന്. ആ ഒരു അര്‍ഥത്തില്‍ നോക്കുകയാണെങ്കില്‍ ആഗ്രയിലെ മാനസികരോഗാശുപത്രി മനസ്സില്‍ കണ്ടാണ് ഞാന്‍ ആ പേരിട്ടത്.

താങ്കളുടെ മുഖ്യ കഥാപാത്രം ഗുരു, സെക്ഷ്വലി ഫ്രസ്‌ട്രേറ്റഡ് ആയ ആളാണ്. അയാളുടെ പെരുമാറ്റത്തില്‍ അത് തെളിഞ്ഞുകാണാം. സെക്‌സ് ചെയ്യാന്‍ സ്ഥലമില്ലാത്ത ഈ നിസ്സഹായാവസ്ഥയാണോ ഇന്ത്യന്‍ യുവാക്കളെ അക്രമകാരികളാക്കുന്നത്?

നോക്കൂ, സെക്‌സ് സംഭവിക്കുന്നത് ശരീരത്തിലല്ല മനസ്സിലാണ്. പിന്നെ നിങ്ങള്‍ പറഞ്ഞ ഈ വയലന്‍സ്, അതിന്റെ ഒരു കാരണമാണ് അടിച്ചമര്‍ത്തപ്പെടുന്ന ലൈംഗീകത. എന്നാല്‍, യഥാര്‍ത്ഥ പ്രശ്‌നം വൈകാരിക പ്രശ്‌നങ്ങളെ അടിച്ചമര്‍ത്തുന്നതും അവഗണിക്കുന്നതുമാണ്. വയലന്‍സ് പുറത്തുവരുന്നത് നമ്മുടെ വികാരങ്ങളെ ആരും അഭിമുഖീകരിക്കാത്തപ്പോഴാണ്. ആ വീട്ടില്‍ ഗുരുവിന് വട്ടാണെന്ന് എല്ലാവരും പറയും. പക്ഷേ, ബോധമുള്ള ഒരാളേ ആ വീട്ടില്‍ ഉള്ളൂ, അത് ഗുരുവാണ്. ബന്ധങ്ങളില്‍ സത്യസന്ധരാകാന്‍ അവന്‍ അച്ഛനോടും അമ്മയോടും അച്ഛന്റെ കാമുകിയോടുമെല്ലാം പറയുന്നുണ്ട്. എന്നാല്‍, ബന്ധങ്ങള്‍ ഊഷ്മളമാക്കുന്നതിനേക്കാള്‍ വീടാണ് അവര്‍ക്കെല്ലാം വേണ്ടതെന്ന് മനസിലാക്കുമ്പോള്‍ അതിന്റെ പരിഹാരവും അവനാണ് ചെയ്യുന്നത്. വാസ്തവത്തില്‍ മനുഷ്യരുമായുള്ള ഇഴയടുപ്പം കൂട്ടാന്‍ ശ്രമിച്ച് പരാജയപ്പെടുകയും വികാരങ്ങള്‍ അമര്‍ത്തിവെക്കേണ്ടി വരികയും ചെയ്യുമ്പോഴാണ് ഒരാള്‍ അക്രമത്തിലേക്ക് പോവുക.


ഇന്ത്യയിലെ ഇന്‍ഡിപെന്‍ഡന്റ് സിനിമയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്? വളര്‍ച്ചയാണോ? തളര്‍ച്ചയാണോ? പ്രേക്ഷകര്‍ എങ്ങനെയാണ് അതിനെ സ്വീകരിക്കുന്നത്?

ഇതിന് ലളിതമായ ഒരു ഉത്തരം ഇല്ല. താങ്കളുടെ ഒറ്റ ചോദ്യത്തില്‍ മൂന്ന് ചോദ്യങ്ങള്‍ ഉണ്ട്. ഓരോന്നിനായി ഉത്തരം പറയാന്‍ ശ്രമിക്കാം. ഇന്ത്യന്‍ സിനിമക്ക് മഹത്തരമായ സ്വതന്ത്ര സിനിമ പാരമ്പര്യമുണ്ട്. ആ പാരമ്പര്യം ഇപ്പോഴും സജീവമാണ്. കഴിഞ്ഞവര്‍ഷം ഏകദേശം 70 സ്വതന്ത്ര സിനിമകള്‍ ലോകത്തെ വിവിധ അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഞാന്‍ പറയുന്നത് ഏറ്റവും പ്രധാനപ്പെട്ട പത്ത് മേളകളെ കുറിച്ചാണ്. എന്റെ ഓര്‍മയില്‍ സ്വതന്ത്ര സിനിമക്ക് ഇത്രയും നല്ല ഒരു വര്‍ഷം ഉണ്ടായിട്ടില്ല. സ്വതന്ത്ര സിനിമ ചെയ്യുന്നവര്‍ സജീവമാണ്. ഈ ബൃഹത് ലോകത്ത് അവര്‍ക്ക് ചെയ്യാന്‍ കഴിയുന്നതും ചെയ്യാന്‍ ആഗ്രഹിക്കുന്നതും അവര്‍ ചെയ്യുന്നുണ്ട്. പ്രേക്ഷകര്‍ക്ക് പക്ഷേ ഈ സിനിമകള്‍ കാണാന്‍ സാധിക്കുന്നുണ്ടോ എന്നത് സംശയമാണ്. നേരത്തെ പറഞ്ഞ എഴുപത് സിനിമകളില്‍ നാലെണ്ണമേ പ്രേക്ഷകര്‍ കാണുന്നുള്ളൂ; നിങ്ങളൊരു സിനിമാപ്രേമിയാണെങ്കില്‍ ഏറിപ്പോയാല്‍ അഞ്ച്. ബാക്കി 65 സിനിമകള്‍ ആരും കാണുന്നില്ല, കാണുന്നത് പോട്ടെ അറിയുന്നുപോലുമില്ല. നമ്മള്‍ സിനിമയെ അളക്കുന്നത് അതിന്റെ പ്രത്യക്ഷമായ വിജയത്തിന്റെ അടിസ്ഥാനത്തിലാണ്. ഒരു കലാരൂപം സിനിമയോ, ചിത്രമോ, സംഗീതമോ എന്തോ ആയികൊള്ളട്ടെ നിങ്ങളുടെ അബോധമനസ്സിനെ എങ്ങനെ അത് സ്വാധീനിക്കുന്നു എന്ന് മിക്കവരും പരിഗണിക്കാറില്ല. നിങ്ങളാരാണെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുകയും ഗോചരമല്ലെങ്കില്‍ പോലും നിങ്ങളുടെ വ്യക്തിത്വത്തിനെ മുന്നോട്ടുനയിക്കുകയും ചെയ്യുന്ന കലയുടെ ശേഷിയെ ആരും ഗൗനിക്കാറില്ല. അങ്ങനെ നോക്കുമ്പോള്‍ സമൂഹമെന്ന നിലയില്‍ നമ്മള്‍ ഇനിയും പരിണമിക്കാനുണ്ട്. അവിടെയാണ് ഭരണകര്‍ത്താക്കളുടെ ഇടപെടല്‍ വേണ്ടത്. നമ്മുടെ ജീവിതത്തിനെ ഇതുവരെ കാണാത്ത തലത്തിലേക്ക് മാറ്റാനുള്ള കലയുടെ സാധ്യതയെ കുറിച്ച് അവര്‍ ചിന്തിക്കാന്‍ തുടങ്ങണം.

കാണികളുടെ കാഴ്ച്ചാശീലങ്ങള്‍ മാറിയിട്ടുണ്ടോ? ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ അവര്‍ക്ക് വലിയ സാധ്യതയല്ലേ തുറന്നുകൊടുത്തിരിക്കുന്നത്?

വളരെ സത്യസന്ധമായി പറയുകയാണെങ്കില്‍, നമ്മളിപ്പോള്‍ പാവങ്ങളെ കുറിച്ച് പറഞ്ഞു. അവരാണല്ലോ ജനസംഖ്യയുടെ ഭൂരിഭാഗം. അവര്‍ക്ക് തീയേറ്ററുകളുടെയോ, ഒ.ടി.ടിയുടെയോ ചിലവ് താങ്ങാനാകുമോ? ഇല്ല. അതുകൊണ്ട് ഇതൊന്നും മാറുന്നില്ല. വളരെ ചെറിയ ഒരു ശതമാനത്തിന് ഇതെല്ലാം ഉപയോഗിക്കാന്‍ സാധിക്കും. ജനങ്ങളെ രണ്ടായി തിരിച്ചാല്‍ ഒരു വിഭാഗം പരമ്പരാഗത കാഴ്ചാശീലത്തിന്റെ ഭാഗമായി തീയേറ്ററുകളില്‍ പോകുകയും കോണ്ടന്റ് കാണുകയും ചെയ്യുന്നു. ഞാന്‍ അതിനെ സിനിമ എന്ന് വിളിക്കില്ല. ദിവസം മുഴുവന്‍ ജോലിയെടുത്ത് ക്ഷീണിച്ച് വന്നതിന് ശേഷം രണ്ടര മണിക്കൂറുള്ള കോണ്ടന്റ് കണ്ട് അവര്‍ ഉറങ്ങുന്നു. അവര്‍ക്ക് നല്ല ഉറക്കം കിട്ടാന്‍ അത് സഹായിക്കുന്നുണ്ട്. ഉറക്കഗുളിക പോലെയാണത്. മറ്റൊരു വിഭാഗം കൗമാരപ്രായക്കാരും, ചെറുപ്പക്കാരുമാണ്. അവര്‍ക്ക് കാണാന്‍ അനുവദിക്കപ്പെട്ടതിലെ ജനാധിപത്യവിരുദ്ധത അവര്‍ക്ക് മനസ്സിലായിട്ടുണ്ട്. അതുകൊണ്ട് പരമ്പരാഗത തീയേറ്ററുകളില്‍ നിന്നും ഒ.ടി.ടി കളില്‍ നിന്നും അവര്‍ അകലുകയാണ്. അതിനേക്കാള്‍ വലിയ മേഖലയായ അവരെ കൂടുതല്‍ രസിപ്പിക്കുന്ന ഗെയ്മിങ്ങില്‍ പലരും വലിയ രീതിയില്‍ തല്‍പരരാണ്. ഇവരാണ് വരുംകാലത്ത് പൈസ തന്ന് സിനിമ കാണാനുള്ളവര്‍. ഈ ഒരു സുനാമിയെക്കുറിച്ച് സിനിമ മേഖലയിലുള്ളവരും, വിതരണക്കാരും, ഒ.ടി.ടികളും ചിന്തിക്കുന്നില്ല.


'ആഗ്ര' സിനിമയില്‍ നിന്നുള്ള ദൃശ്യം

ഇന്ത്യന്‍ സിനിമകളില്‍ ദ്രുതഗതിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റത്തെ എങ്ങനെ നോക്കി കാണുന്നു, പ്രത്യേകിച്ച് പ്രോപ്പഗണ്ടാസിനിമകളെ?

പ്രോപ്പഗണ്ടാസിനിമകള്‍ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. ഓരോ സര്‍ക്കാര്‍ വരുമ്പോഴും ഒരു നിശ്ചിത ശതമാനം കോണ്ടെന്റിനെ (സിനിമ) തങ്ങള്‍ക്ക് അനുകൂലമായി നിര്‍ത്താന്‍ ശ്രമിക്കും. അവര്‍ക്കറിയാം സിനിമ ആശയപ്രചരണത്തിനുള്ള ശക്തമായ മാധ്യമമാണെന്ന്. പക്ഷേ, ഇപ്പോഴുള്ള പ്രോപ്പഗണ്ടാസിനിമകള്‍ വാട്‌സ്ആപ്പില്‍ വരുന്ന ഒരു പഠനവുമില്ലാത്ത വിവരങ്ങള്‍ വെച്ചാണ് ചെയ്യുന്നത്. അതുകൊണ്ടാണ് അതിലെ പ്രോപ്പഗണ്ട തിരിച്ചറിയുന്നത്. ഒരു ആലോചനയുമില്ലാതെയാണവ സിനിമയാക്കുന്നത്. നാസികളുടെ പ്രോപ്പഗണ്ട സംവിധായിക ലെനി റൈഫന്‍സ്റ്റാള്‍ ഒരു പ്രസ്ഥാനമായിരുന്നു. അവര്‍ എന്ത് പ്രോപ്പഗണ്ട പ്രചരിപ്പിച്ചെന്ന് പറഞ്ഞാലും സിനിമക്ക് ക്വാളിറ്റി ഉണ്ടായിരുന്നു. അത് ഇപ്പോഴിറങ്ങുന്ന പ്രോപ്പഗണ്ട സിനിമകളെന്ന് പറയപ്പെടുന്ന കോണ്ടെന്റുകള്‍ക്ക് ഇല്ല.

ഇന്ത്യന്‍ ഭരണകൂടത്തെ വിമര്‍ശിക്കാന്‍ ഇവിടുത്തെ സംവിധായകര്‍ക്ക് ഭയമുണ്ടോ? വിമര്‍ശനങ്ങളെ പ്രതിരോധിക്കാന്‍ ഏതെങ്കിലും തരത്തിലുള്ള ഭീഷണിയുണ്ടോ?

സ്വന്തം അതിജീവനത്തെക്കുറിച്ചുള്ള ഭയമല്ലാതെ മറ്റൊരു ഭയത്തിന്റെയും ആവശ്യമില്ല. നിങ്ങള്‍ നിങ്ങളുടെ അതിജീവനത്തെ ഭയപ്പെടുന്നില്ലെങ്കില്‍ മറ്റൊന്നിനെയും പിന്നെ ഭയപ്പെടേണ്ടതില്ല.

ഗവണ്‍മെന്റ്, സിനിമകളിലും അതിന്റെ പ്രേമേയത്തിലും ഇടപെടുന്നില്ല എന്ന് പറയാന്‍ കഴിയുമോ?

ഇല്ല, ചിലതെല്ലാം കേട്ടിട്ടുണ്ട്. ഒരു ജനാധിപത്യത്തില്‍, സത്യസന്ധമായ ആശയങ്ങളുടെ സ്വതന്ത്രമായ പ്രവാഹത്തെ തടസ്സപ്പെടുത്താതിരിക്കാനുള്ള നിതാന്ത ജാഗ്രത ഓരോരുത്തരുടേയും ഭാഗത്ത് നിന്ന് ഉണ്ടാകണം. ആശയങ്ങള്‍ ഭരണകൂടത്തിന് അനുകൂലമാണെങ്കിലും പ്രതികൂലമാണെങ്കിലും അതിന്റെ പ്രവാഹം തടസപ്പെടരുത്. ഏത് ഭരണകൂടത്തിനും അത് ബാധകമാണ്. അടിയന്തരാവസ്ഥയുടെ കാലത്താണെങ്കില്‍ ഞാന്‍ ഇന്ദിരഗാന്ധിയെ വിമര്‍ശിക്കും. ആശയങ്ങളുടെ സ്വതന്ത്ര പ്രവാഹം സര്‍വപ്രധാനമാണ്. ഇന്ത്യന്‍ സമൂഹത്തിന്റെ പ്രത്യേകത അതിന്റെ അഭിപ്രായങ്ങളിലുള്ള വൈവിധ്യമാണ്. അതിന് ഇടതോ വലതോ ചേര്‍ന്ന് നിന്നല്ലാതെ മധ്യത്തില്‍ നിന്ന് കാര്യങ്ങളെ വകതിരിവോടെ വിലയിരുത്താനുള്ള കഴിവുണ്ട്. ആ അഭിപ്രായ വൈവിധ്യം തീര്‍ച്ചയായും നിലനിര്‍ത്തണം.

അവസാനമായി താങ്കളുടെ പുതിയ സിനിമ ഡെസ്പ്പാച്ചിനെ കുറിച്ച്. അത് വെളിപ്പെടുത്താമല്ലോ അല്ലേ?

ഡെസ്പ്പാച്ച് ഇപ്പൊ പോസ്റ്റ് പ്രൊഡക്ഷനിലാണ്. ഏകദേശം പൂര്‍ത്തിയായി. അടുത്ത വര്‍ഷം ആദ്യം റിലീസ് ഉണ്ടാകും.

എന്താണ് ഡെസ്പ്പാച്ച് ചര്‍ച്ച ചെയ്യുന്നത്?

ക്രൈംജേര്‍ണലിസത്തിന്റെ ലോകത്ത് നടക്കുന്ന ഒരു കഥയാണ്. പ്രിന്റ് ജേര്‍ണലിസത്തിന്റെ കാലം മങ്ങുന്നത് മനസ്സിലാക്കുന്ന ഒരു മാധ്യമപ്രവര്‍ത്തകന്റെ നിരാശയും, പുതിയൊരു സ്‌കൂപ്പുമായി വരാനുള്ള അയാളുടെ ശ്രമവുമാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്.


ലെനിന്‍ സുഭാഷ്, കാനു ബെല്‍

Similar Posts