നാടകം നല്‍കുന്ന സംതൃപ്തി മറ്റൊന്നിലുമില്ല - മുന്‍ഷി ബൈജു
|പോക്കറ്റ് കാര്‍ട്ടൂണുകളുടെ ദൃശ്യാവിഷ്‌ക്കാരം എന്ന് വിശേഷിപ്പിക്കാവുന്ന ഏഷ്യാനെറ്റിലെ ജനപ്രിയ ആക്ഷേപഹാസ്യ പരിപാടി 'മുന്‍ഷി 'യിലെ ശ്രദ്ധേയമായ കഥാപാത്രമാണ് മൊട്ട. തുടക്കം മുതല്‍ 600 എപ്പിസോഡുകളില്‍ മൊട്ടക്ക് ജീവന്‍ നല്‍കിയ ബൈജു വീണ്ടും നാടക രംഗത്ത് സജീവമാവുകയാണ്. ഈ പരിപാടിയിലെ പ്രകടനം അദ്ദേഹത്തെ മുന്‍ഷി ബൈജുവാക്കി. |Itfok2023
കുട്ടിക്കാലം മുതല്‍ നാടകത്തോട് അഭിനിവേശം കാണിച്ച ബൈജു നാടകത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലാന്‍ ചെയ്ത ശ്രമങ്ങള്‍ അതിശയകരമാണ്. വിധുവിന്‍സെന്റിന്റെ മാന്‍ഹോളില്‍ നായകനായ ബൈജു മമ്മൂട്ടിയുടെ ബ്ലാക്ക് അടക്കം നിരവധി സിനിമകളില്‍ അഭിനയിച്ചു. പക്ഷേ, തന്റെ ഇടം നാടകത്തിലാണെന്ന് അദ്ദേഹം പറയുന്നു. ഇടവേളക്കുശേഷം നാടകത്തില്‍ സജീവമാകുന്ന ബൈജു തന്റെ നാള്‍വഴികള്‍ പങ്കുവെക്കുന്നു.
തിരുവനന്തപുരം സിറ്റിയിലാണ് ജനിച്ചതെങ്കിലും അഞ്ചു വയസു മുതല്‍ നെടുമങ്ങാട് കരിപ്പൂര്‍ എന്ന കൊച്ചുഗ്രാമത്തിലാണ് ഞാന്‍ വളര്‍ന്നത്. കുട്ടിക്കാലം മുതലേ നാടകത്തോട് വലിയ കമ്പം തോന്നിയിരുന്നു. ചെറിയ ക്ലാസുകളില്‍ പഠിക്കുമ്പോള്‍ റേഡിയോ നാടകങ്ങള്‍ പകര്‍ത്തി, സുഹൃത്തുക്കളെ സംഘടിപ്പിച്ച് അവതരിപ്പിക്കുമായിരുന്നു. അക്കാലത്ത് റേഡിയോ ഉള്ള അപൂര്‍വം വീടുകളില്‍ ഒന്നായിരുന്നു ഞങ്ങളുടേത്. കണ്ടതും കേട്ടതും എന്ന പരിപാടി വരെ ഇങ്ങനെ പകര്‍ത്തി അവതരിപ്പിച്ചു. പിന്നീട് വലിയ കാമ്പ് ഇല്ലെങ്കിലും ചിലത് എഴുതി നാടകമാണെന്ന് പറഞ്ഞ് അവതരിപ്പിച്ചു. പരിസരത്തെ ചര്‍ച്ചിലും അമ്പലത്തിലും ഇങ്ങനെ അവതരണങ്ങള്‍ നടത്തി. സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ അധ്യാപകരുടെ നിര്‍ബന്ധം മൂലം പെണ്ണുകാണല്‍ എന്ന നാടകത്തില്‍ 20 കാരനായി അഭിനയിച്ചു. പിന്നീട്, ശ്രീമൂലനഗരം മോഹനന്റെ 'സമാധി 'യിലും. അന്ന് 19 വയസായിരുന്നു.
പിന്നെ സിനിമാ ജ്വരം തലക്കടിച്ചു. അങ്ങിനെ അവസരം തേടി ബക്കര്‍, അരവിന്ദന്‍ തുടങ്ങി പല സംവിധായകരെയും സമീപിച്ചെങ്കിലും അവര്‍ക്കൊന്നും കണ്ണില്‍ പിടിച്ചില്ല. അങ്ങനെയിരിക്കെ, വഴുതക്കാട് സുഗുതന്‍ സ്മാരകത്തില്‍ സംഘടിപ്പിച്ച ചലച്ചിത്ര ശിബിരത്തില്‍ പങ്കെടുത്തു. പെരുമ്പുഴ ഗോപാലകൃഷ്ണന്‍ സാറും കെ.ജി ജോര്‍ജ് സാറുമാണ് ക്യാമ്പിന് നേതൃത്വം നല്‍കിയത്. 1987ലായിരുന്നു ഇത്. അവിടെ അടൂര്‍, അരവിന്ദന്‍, കെ.ആര്‍ മോഹനന്‍, കെ.കെ ചന്ദ്രന്‍ തുടങ്ങി എല്ലാ പ്രഗല്‍ഭരുമെത്തി ക്ലാസെടുത്തു. അതിന്റെ ബാക്കിപത്രമെന്നവണ്ണം കെ.കെ ചന്ദ്രന്‍ സാര്‍ പറഞ്ഞതനുസരിച്ച് പെരുമ്പുഴ ഗോപാലകൃഷ്ണന്‍ സാറിന്റെ ശിപാര്‍ശ കത്തുമായി പി.ആര്‍ നായരുടെ എഡിറ്റിങ്ങ് അസിസ്റ്റന്റായി. 87ല്‍ അദ്ദേഹം എന്നെ 'ഒരേ തൂവല്‍ പക്ഷി'കളുടെ അസിസ്റ്റന്റ് എഡിറ്ററാക്കി. അദ്ദേഹം എഡിറ്റിങ്ങ് പഠിപ്പിക്കുകയായിരുന്നു. യൂനിയന്‍ കാര്‍ഡ് ഇല്ലാതിരുന്നതിനാല്‍ പ്രതിഫലമില്ലാതെ നാലരവര്‍ഷം ജോലി ചെയ്തു.
ആസ്ഥാന വിഡ്ഢികള്‍ എന്ന നാടകത്തില്‍ ബൈജു
അക്കാലത്ത് തിരുവനന്തപുരത്ത് കാവാലം നാരായണപണിക്കര്‍ സാറിന്റെ നാടക ക്യാമ്പായ 'തിരുവരങ്ങി'ല്‍ ഒന്നര വര്‍ഷം പോയി. റിഹേഴ്‌സലില്‍ പങ്കെടുത്തിരുന്നില്ല. പക്ഷേ, റിഹേഴ്‌സലുകളും അദ്ദേഹത്തിന്റെ ശൈലികളുമെല്ലാം കണ്ടും കേട്ടും മസിലാക്കി. അവിടെ പ്രവേശനം കിട്ടല്‍ എളുപ്പമല്ലായിരുന്നു. രാജാകേശവദാസ് സ്‌കൂളിലായിരുന്നു ക്യാമ്പ്. എന്നും വൈകുന്നേരം 5.30ന്. പിന്നീട് കലാധരന്റെ നാടക ക്യാമ്പില്‍ പങ്കെടുത്തു. നാടകത്തിന് വേണ്ടത് താളമാണ്. കാവാലത്തിന്റെ ക്യാമ്പുകള്‍ നിരീക്ഷിച്ചതോടെ അത് എനിക്ക് ലഭിച്ചു. പിന്നീട് ശങ്കരപ്പിള്ള സാറിന്റെ ക്യാമ്പില്‍ പങ്കെടുത്തു. നടന് മനോധര്‍മം വേണമെന്നത് അദ്ദേഹമാണ് എന്നെ പഠിപ്പിച്ചത്. അഭിനയം എന്നാല്‍ മനോധര്‍മമാണെന്ന് അദ്ദേഹം പറഞ്ഞു തന്നു.
പി.കെ. വേണുക്കുട്ടന്‍ നായര്‍ നേതൃത്വം നല്‍കിയത് അടക്കം മൂന്ന് ക്യാമ്പുകളിലും പങ്കെടുത്തു. ശേഷം ശ്രമിക് വിദ്യാപീഠത്തിന്റെ ഹൃസ്വകാല കോഴ്‌സില്‍ ചേര്‍ന്നു. അവിടെ പഠിപ്പിക്കാന്‍ എത്തിയ
ഡി. രഘൂത്തമനുമായുള്ള കൂടിക്കാഴ്ച എന്നെ 'അഭിനയ' യില്‍ എത്തിച്ചു. അദ്ദേഹം നേരത്തെ എന്നെ പലയിടത്തും കണ്ടിരുന്നു. അതിനിടെ, അഭിനയയില്‍ തന്നെ രാമാനുജന്‍ സാര്‍ നേതൃത്വം നല്‍കിയ 10 ദിവസത്തെ ക്യാമ്പില്‍ പങ്കെടുത്തിരുന്നു. അതിനുശേഷം വീണ്ടും രഘൂത്തമനെ കണ്ടതിന്റെ ഫലമായാണ് അഭിനയയില്‍ വീണ്ടും എത്തിയത്.
അവിടെ കോഴ്‌സിന് ചേര്‍ന്നു. 10 വര്‍ഷം അഭിനയയിലുണ്ടായിരുന്നു. അക്കാലത്ത് അഭിനയയുടെ നിരവധി പ്രൊഡക്ഷനില്‍ പങ്കാളിയായി. പ്രധാന വേഷങ്ങളായിരുന്നു. തുടര്‍ന്ന് കര്‍ണാടക 'നീനാസ'ത്തില്‍ ഒരു വര്‍ഷം പഠിച്ചു. നീനാസത്തില്‍ പ്രവേശനം ലഭിച്ച ആദ്യ മലയാളിയാണ് ഞാന്‍. 1999ല്‍ കോഴ്സ് പൂര്‍ത്തിയായി. 33-ാം വയസിലാണിത്. തുടര്‍ന്ന് രാജേഷിന്റെ ഇതും നാടകമോ എന്ന നാടകത്തില്‍ നായകതുല്യമായ വേഷം ചെയ്തു. ജ്യോതിഷിന്റെ (ഇപ്പോള്‍ കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യാപകന്‍) ഭഗവദജ്ജുകത്തിലും അഭിനയിച്ചു. എല്ലാ ഞായറാഴ്ചകളിലും 'മാനവീയം വീഥി'യില്‍ തെരുവുനാടകങ്ങളുമുണ്ടായിരുന്നു. ഭഗവദജ്ജുകം ഏഴ് വേദികളില്‍ അവതരിപ്പിച്ചു.
രഘൂത്തമന്‍ സംവിധാനം ചെയ്ത അയ്യപ്പ പ്പണിക്കരുടെ 'പാലങ്ങള്‍' എന്റെ അഭിനയ ജീവിതത്തില്‍ നല്ലൊരു അധ്യായമാണ്. അതില്‍ ഒരുഘട്ടത്തില്‍ റിഹേഴ്‌സല്‍ ഇല്ലാതെ ഒരു രംഗത്ത് അഭിനയിക്കേണ്ടി വന്നു. രഘൂത്തമന്‍ നിര്‍ബന്ധിച്ചതുകൊണ്ടായിരുന്നു. അന്നത്തെ കളി കാണാന്‍ കേന്ദ്ര സംഗീത നാടക അക്കാദമി ഭാരവാഹികളുമുണ്ടായിരുന്നു. പാലങ്ങള്‍ അവര്‍ക്ക് നന്നെ ബോധിച്ചു. അതിന്‍ ഫലമായി അക്കാദമി അഭിനയക്ക് ശമ്പള ഗ്രാന്റ് അനുവദിച്ചു. നാല് അഭിനേതാക്കള്‍ക്കുള്ള തുകയാണ് അനുവദിച്ചത്. അന്ന് 'മുന്‍ഷി' യില്‍ നിന്ന് വരുമാനം ഉണ്ടായിരുന്നതിനാല്‍ ശമ്പള ഗ്രാന്റ് എനിക്ക് വേണ്ടെന്ന് പറഞ്ഞു.
പാലങ്ങള്‍ പോലെ എനിക്ക് ഒരുപാട് അംഗീകാരം ലഭിച്ച മറ്റൊരു നാടകമാണ് 'ഭഗവദജ്ജുകം. നാഷണല്‍ സ്‌കൂള്‍ ഡ്രാമയുടെ നാടകോത്സവത്തില്‍ ഇത് അവതരിപ്പിച്ചപ്പോഴാണ് ഏറെ അഭിനന്ദനങ്ങള്‍ ലഭിച്ചത്. അഭിനയയില്‍ ഉണ്ടായിരുന്നപ്പോള്‍ ടാഗോറിന്റെ രോഗികളുടെ മിത്രം, സൂക്ഷ്മചര്‍ച്ച, അയ്യപ്പപണിക്കരുടെ റോസ്ലി തുടങ്ങി ഒരുപാട് സ്‌കിറ്റുകള്‍ ചെയ്തിരുന്നു. അതൊക്കെ വളരെ സംതൃപ്തിയോടെയാണ് ഓര്‍ക്കുന്നത്. സിനിമയും നാടകവുമായതോടെ അസന്തുലിതാവസ്ഥ വന്നു. അതോടെ ഞാന്‍ ചെയ്ത കഥാപാത്രങ്ങള്‍ എന്നെ വിട്ടു. രാജു മാഷിന്റെ (രാജു നരിപ്പറ്റ) 'പകലോന്റെ പള്ളിവേട്ട'യില്‍ (റോയല്‍ ഹണ്ട് ഓഫ് ദ സണ്‍ എന്നതിന്റെ മലയാള നാടകാവിഷ്‌ക്കാരം) ഫാ. വാല്‍വര്‍ദെ എന്ന വില്ലന്‍ കഥാപാത്രത്തെ ഞാന്‍ അവതരിപ്പിച്ചിരുന്നു. ലോകത്തെ മികച്ച വില്ലന്‍ കഥാപാത്രങ്ങളിലൊന്നാണ് ഫാ. വാല്‍വര്‍ദെ. അത് പിന്നീട് എസ്. അജയനാണ് ചെയ്തത്. അഭിനയയില്‍ ഞാന്‍ ചെയ്ത കഥാപാത്രങ്ങള്‍ രഘൂത്തമനാണ് തുടര്‍ന്ന് ചെയ്തത്. അതോടെ നാടകവും സിനിമയും നഷ്ടമായി. പിന്നീട് ഇറ്റ്‌ഫോക്കില്‍ കണ്ണന്‍ സംവിധാനം ചെയ്ത തേവരുടെ ആന കളിച്ചു. പാലങ്ങളും ഇറ്റ്‌ഫോക്കില്‍ അവതരിപ്പിച്ചു. ഇറ്റ്‌ഫോക്ക് പ്രേക്ഷകര്‍ നല്ലവണ്ണം സ്വീകരിച്ച നാടകമാണ് പാലങ്ങള്‍.
അതുവരെയും ശങ്കരപ്പിള്ള സാറിന്റെ നാടകം ചെയ്തിരുന്നില്ല. വിതുരയിലെ പഴയ സംഘമായ സുഹൃത് നാടക സംഘത്തിന്റെ സുധാകരന്‍ എന്നെ വിളിച്ച് ശങ്കരപ്പിള്ള സാറിന്റെ 'ആസ്ഥാനവിഡ്ഢികള്‍ ' ചെയ്യാന്‍ വിളിച്ചു. നീണ്ട ഇടവേളക്കുശേഷമാണ് വീണ്ടും നാടകത്തിലെത്തിയത്. ഈ വര്‍ഷം ജനുവരി ഒന്നിന് വിതുരയിലും ഈ മാസം നാലിന് തിരുവനന്തപുരത്തും നാടകം കളിച്ചു. നാടക രംഗത്ത് വീണ്ടുമൊരു തുടക്കമാണിപ്പോള്‍.
ഫാ. വാല്‍വര്‍ദെയെ കൂടാതെ ഭഗവദജ്ജുകത്തിലെ ഗുരു, പാലങ്ങളിലെ ഗുണ്ടാജി തുടങ്ങിയവ ഇന്നും മനസില്‍ സൂക്ഷിക്കുന്ന എന്റെ നല്ല കഥാപാത്രങ്ങളാണ്. പാലങ്ങളില്‍ നെഗറ്റീവ് നായകനാണ് ഗുണ്ടാജി. വൈക്കം മുഹമ്മദ് ബഷീറിന്റെ ആദ്യകാല കഥയായ 'തങ്കം' ഹ്രസ്വചിത്രമാക്കിയിരുന്നു. പേരറിയാത്ത ഭിക്ഷക്കാരനാണ് നായകന്‍. പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്ത് കൈരളി ടി.വി സംപ്രേക്ഷണം ചെയ്ത ആ ചിത്രത്തില്‍ ഞാനാണ് നായകവേഷം ചെയ്തത്. ആ കഥാപാത്രവും ഏറെ സംതൃപ്തി നല്‍കുന്നതാണ്.
സിനിമ
സിനിമ മേഖലയില്‍ അഭിനയം മാത്രമല്ല, ശബ്ദം കൊടുക്കുകയും ചെയ്തിട്ടുണ്ട്. 20 ഓളം സിനിമയില്‍ പ്രവര്‍ത്തിച്ചു. അധികമാരും കണ്ടിരിക്കാന്‍ വഴിയില്ലാത്ത കെ.പി കുമാരന്‍ സാറിന്റെ 'ഗ്രാമ വൃക്ഷത്തിലെ കുയില്‍: എന്ന ചിത്രത്തില്‍ നാരായണ ഗുരുവായി അഭിനയിച്ചു. അത് എനിക്ക് വളരെ സന്തോഷവും സംതൃപ്തിയും നല്‍കിയ സിനിമയാണ്. ഐ.എഫ്.എഫ്.കെയില്‍ പുരസ്‌ക്കാരം ലഭിച്ച വിധുവിന്‍സെന്റിന്റെ 'മാന്‍ഹോളി'ല്‍ പ്രധാന കഥാപാത്രങ്ങളിലൊന്നായി അഭിനയിച്ചു. ചിറ്റപ്പന്‍ എന്ന കഥാപാത്രമായിരുന്നു. വിപിന്‍ വിജയ് യുടെ 'ടെട്രാഹെഡ്രോണ്‍' ചെയ്തു. ഇങ്ങനെ മൂന്ന് നാല് സിനിമകളില്‍ പ്രധാന വേഷങ്ങള്‍ ചെയ്തു. 2015ല്‍ വിധു വിന്‍സെന്റ് ചെയ്ത 'നാടകാന്ത്യം' എന്ന ഹ്രസ്വ ചിത്രത്തിലും അഭിനയിച്ചു. മീഡിയവണ്‍ ആണ് അത് നിര്‍മിച്ചത്. അതിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് എനിക്കും മികച്ച തിരക്കഥക്കും സംവിധാനത്തിനുമുള്ള അവാര്‍ഡ് വിധു വിന്‍സെന്റിനും ലഭിച്ചു.
മുന്‍ഷി
മുന്‍ഷി ഏഷ്യാനെറ്റില്‍ തുടങ്ങുന്നത് 2000 സെപ്തംബര്‍ 10 ന് ഓണത്തിനാണ്. അത് സംപ്രേക്ഷണം ചെയ്തു തുടങ്ങുംമുമ്പ് രണ്ട് വര്‍ഷം ട്രയല്‍ ഷൂട്ടിങ്ങ് ഉണ്ടായിരുന്നു. ആദ്യം ഒരു ചാനലും മുന്‍ഷി എടുത്തില്ല. മൂന്ന് മിനിറ്റുള്ള ഷോ എങ്ങിനെ എടുക്കുമെന്നായിരുന്നു ചോദ്യം. ഏഷ്യാനെറ്റില്‍ ഉണ്ടായിരുന്ന എം.ആര്‍ രാജനാണ് ഇത് ചാനലില്‍ എടുക്കാന്‍ കാരണക്കാരനായത്. വാര്‍ത്തക്കൊപ്പം ചേര്‍ത്ത് കൊടുക്കാമെന്ന് പറഞ്ഞത് അദ്ദേഹമായിരുന്നു. നിരവധി ചര്‍ച്ചകള്‍ക്കു ശേഷമാണ് സംപ്രേക്ഷണം ചെയ്യാന്‍ തീരുമാനിച്ചത്.
അന്ന് സ്‌കൂള്‍ അധ്യാപകനായിരുന്ന വടക്കുന്തല ശ്രീകുമാറും റെയില്‍വെ ഉദ്യോഗസ്ഥനായിരുന്ന സനല്‍ നന്ദാവനവുമാണ് തിരക്കഥ രചിച്ചത്. ഇവര്‍ അക്കാലത്ത് ഹാസ്യ കൈരളിയില്‍ കോളങ്ങള്‍ എഴുതിയിരുന്നവരാണ്. പിന്നീടാണ് അനില്‍ ബാനര്‍ജി ചെയ്തു തുടങ്ങിയത്.
തുടക്കത്തില്‍ ഇത് വാര്‍ത്താധിഷ്ഠിത പരിപാടിയായിരുന്നില്ല. ആക്ഷേപഹാസ്യമായിരുന്നു. വീരപ്പന്‍ സംഭവങ്ങള്‍, അവാര്‍ഡ് പ്രഖ്യാപിച്ചിട്ട് ചെറിയ ചടങ്ങ് നടത്തി പത്രത്തില്‍ കൊടുക്കുന്നവര്‍ തുടങ്ങിയ സംഭവങ്ങളെ ഹാസ്യാത്മകമായി വിമര്‍ശിക്കുന്നതായിരുന്നു പരിപാടി. എ.കെ ആന്റണി മദ്യം നിരോധിച്ചപ്പോള്‍ അത് വിഷയമാക്കി ഏതാനും എപ്പിസോഡുകള്‍ ചെയ്തു. അന്ന് രാഷ്ട്രീയക്കാരുടെയും നേതാക്കളുടെയുമൊക്കെ പേര് പറഞ്ഞാല്‍ പ്രേക്ഷകര്‍ ഇടപെടുമായിരുന്നു. ഒരുപാട് തടസങ്ങള്‍ ഉണ്ടാകുമായിരുന്നു. പിന്നീട് അവതരണങ്ങളിലൂടെ ആ അവസ്ഥക്ക് മാറ്റം വന്നു.
പിന്നീട് പത്രങ്ങളുടെ എഡിറ്റോറിയല്‍ പേജ് അടിസ്ഥാനമാക്കി തിരക്കഥകള്‍ തയാറാക്കി. അതിന് മുഖപ്രസംഗങ്ങളിലെ വിഷയങ്ങളും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അവയിലെ ഏതാനും ഭാഗങ്ങള്‍ എടുത്ത് വിവിധ പ്രാദേശിക ശൈലിയില്‍ അവതരിപ്പിക്കുകയായിരുന്നു. ഞാന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്നു. അനില്‍ ബാനര്‍ജിക്ക് മുമ്പ് മികച്ച സീരിയലിന് സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. അതിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. വേറെയും ചില സീരിയലുകളുടെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ആ പശ്ചാത്തലത്തിലാണ് മുന്‍ഷിയുടെയും അണിയറയില്‍ പ്രവര്‍ത്തിച്ചത്.
മുന്‍ഷിയുടെ ആദ്യ നിര്‍മാതാവ് റോബര്‍ട്ട് തോമസ് എന്ന മൊട്ടയടിച്ച് കണ്ടിട്ടുണ്ട്. അദ്ദേഹമാണ് മുന്‍ഷിയിലെ മൊട്ടയുടെ വേഷത്തിന് എന്നെ നിര്‍ദ്ദേശിച്ചത്. ട്രയല്‍ ഷൂട്ടിങ്ങ് കഴിഞ്ഞ് ഏഷ്യാനെറ്റിന്റെ ചര്‍ച്ചക്കുള്ള എപ്പിസോഡ് മുതല്‍ മൊട്ട ഞാനായി. സംപ്രേക്ഷണം ചെയ്തു തുടങ്ങിയപ്പോഴാണ് മൊട്ടയുടെ കൈയ്യില്‍ കോഴിയും തലയില്‍ പ്ലാസ്റ്ററുമെല്ലാം വന്നത്. ആദ്യം ടവലായിരുന്നു ഉടുത്തിരുന്നത്. പിന്നീടത് ബാനര്‍ ആക്കി.
കുറച്ചു കഴിഞ്ഞപ്പോള്‍ വാര്‍ത്തകള്‍ കേന്ദ്രീകരിച്ചായി തിരക്കഥ. എല്ലാ വിവരങ്ങളും കൃത്യമാക്കിയിരുന്നു. ആദ്യമൊക്കെ രണ്ടു മൂന്ന് എപ്പിസോഡുകള്‍ ഒന്നിച്ച് എടുത്തിരുന്നു. പിന്നീട് അന്നന്ന് ചെയ്തു. ചെയ്ത് നീങ്ങിയതോടെ എല്ലാം ശീലമായി. ആദ്യമൊക്കെ തിരക്കഥ ചര്‍ച്ചയില്‍ എല്ലാവരും പങ്കെടുത്തിരുന്നു. ആദ്യ 600 എപ്പിസോഡില്‍ ഞാനായിരുന്നു മൊട്ട. സിനിമ വന്നപ്പോഴാണ് മുന്‍ഷിയില്‍ നിന്ന് മാറിയത്.
ഇടവേളക്കുശേഷം വീണ്ടും നാടകത്തിലേക്ക് തിരിച്ചു വന്നതിന്റെ സന്തോഷത്തിലാണ് ഞാന്‍. നാടകം തരുന്ന സംതൃപ്തി മറ്റൊന്നില്‍ നിന്നും എനിക്ക് കിട്ടാറില്ല. നേരത്തെ മുടങ്ങിയ രണ്ടു പ്രൊഡക്ഷന്‍ കൂടി സജീവമാക്കണം. ഈ സന്ദര്‍ഭത്തില്‍ ചിലരെ എനിക്ക് മറക്കാനാവില്ല. ജ്യേഷ്ഠ സഹോദരനെപ്പോലെ ഒപ്പം നിന്ന ഡി. രഘൂത്തമാണ് ഒരാള്‍. ഒരു ആചാര്യനെ പോലെ നാടകരംഗത്ത് ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കിയ ജി. ശങ്കരപ്പിള്ള സാര്‍, സിനിമയില്‍ ഒരു വഴി തുറന്നു തരികയും വിലാസമുണ്ടാക്കുകയും ചെയ്ത പി. രാമന്‍ നായര്‍ (പി.ആര്‍. നായര്‍ ), എനിക്ക് മാക്ടയില്‍ അംഗത്വം തന്ന കെ.ജി ജോര്‍ജ്, കര്‍ണാടക നീനാസത്തിന്റെ
(നീലകണ്‌ഠേശ്വര നാട്യ സേവാ സംഘം) പ്രിന്‍സിപ്പാളായിരുന്ന സി.ആര്‍ ജംബെ എന്നിവരാണവര്‍. ജീവിതത്തില്‍ ഇവരെ ഓര്‍ക്കാതെ എനിക്ക് മുന്നോട്ടു പോകാനാവില്ല.