കുറ്റവാളിയാണെങ്കിലും വധശിക്ഷ പരിഹാരമല്ല - പേരറിവാളന്‍
|മനുഷ്യാവകാശത്തിനായി പ്രവര്‍ത്തിക്കണമെന്നുണ്ട്. പ്രത്യേകിച്ചും ജയില്‍ ജീവിതം നയിക്കുന്നവരുടെ അവകാശങ്ങള്‍ക്കായി. അവരുടെ പ്രയാസങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. നീണ്ട മുപ്പത്തൊന്നുവര്‍ഷകാലത്തെ ജയില്‍വാസത്തിനുശേഷം ലോകത്തെ അങ്ങേയറ്റം ആസക്തിയോടെ നോക്കുകയാണ് പേരറിവാളന്‍; തനിക്ക് നിഷേധിച്ച ജീവിതം തിരിച്ചുപിടിക്കാനുള്ള ആസക്തിയോടെ. | അഭിമുഖം: പേരറിവാളന്‍ / സോഫിയ ബിന്ദ്
'ഡി.എസ്.പി കൃഷ്ണമൂര്‍ത്തി എന്ന ഒരു ഉദ്യോഗസ്ഥനുണ്ടായിരുന്നു. അദ്ദേഹം സ്വീകരിച്ച പീഡനമുറകള്‍ വ്യത്യസ്തമായിരുന്നു. എന്റെ പിറകുവശം ചുമരിനോട് ചേര്‍ത്ത് എന്നെ തറയിലിരുത്തും. ഗാര്‍ഡിനോട് എന്റെ ഒരു കാല്‍ചുമരിനോട് ചേര്‍ത്ത് ബലമായി പിടിക്കാന്‍പറയും. മറ്റേ കാല്‍ അയാള്‍തന്നെ ചുമരിനോട് ചേര്‍ത്ത് കൊണ്ട് എതിര്‍ ദിശയിലേക്ക് വലിച്ച് പിടിക്കും. രണ്ട് കാലുകളും അപ്പോള്‍ 180 ഡിഗ്രിയിലാകും. അപ്പോളുണ്ടാകുന്ന വേദന വാക്കുകള്‍കൊണ്ട് വിവരിക്കാന്‍കഴിയില്ല. ഇന്‍സ്‌പെക്ടര്‍ ടി.എന്‍ വെങ്കിടേശ്വരന്റെ മര്‍ദനരീതി മറ്റൊന്നാണ്. അദ്ദേഹം എന്റെ വിരലുകള്‍ക്കിടയില്‍ പെന്‍സിലോ ചെറിയ കമ്പുകളോ കുത്തിനിര്‍ത്തി വിരലുകളമര്‍ത്തികൊണ്ട് അവ തിരിപ്പിക്കും. നഖങ്ങള്‍ക്കിടയില്‍ മൊട്ടുസൂചി തിരുകിക്കയറ്റും. കാലിലെ ചെറുവിരലുകള്‍ അയാളുടെ ഷൂസ് കൊണ്ട് ഞെരിച്ചമര്‍ത്തും. ഇത്തരം പീഡനമുറകളില്‍ അദ്ദേഹം അപാര വൈദഗ്ധ്യം പ്രകടിപ്പിച്ചു ' (സത്യം മാത്രമായിരുന്നു ആയുധം- പേരറിവാളന്‍/അനുശ്രീ - എന്ന പുസ്തകത്തില്‍നിന്ന്)
പീഡനപര്‍വം കഴിഞ്ഞ് മോചിതനായ പേരറിവാളന്‍ പുതിയ ആകാശവും പുതിയഭൂമിയും അടുത്തറിയുകയാണ്. നീണ്ട മുപ്പത്തൊന്നുവര്‍ഷകാലത്തെ ജയില്‍വാസത്തിനുശേഷം ലോകത്തെ അങ്ങേയറ്റം ആസക്തിയോടെ നോക്കുകയാണ്. തനിക്ക് നിഷേധിച്ച ജീവിതം ഇനി തിരിച്ചുപിടിക്കാനുള്ള ആസക്തി. ഒരു യൗവ്വനം മുഴുവന്‍ ഇരുട്ടിലായ ജീവിതത്തില്‍നിന്നും പുതുവെളിച്ചത്തിലേക്കുള്ള കുതിപ്പാണ് അറിവിന് മുന്നോട്ടുള്ള ജീവിതം. 19-ാം വയസില്‍ രാജീവ്ഗാന്ധി വധക്കേസിലെ പ്രതികള്‍ക്ക് ബാറ്ററിവാങ്ങി കൊടുത്തത് പേരറിവാളനാണ് എന്നതായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ നിഗമനം. 'ബാറ്ററി വാങ്ങി കൊടുത്തിരുന്നു, അതെന്തിനാണെന്ന് അറിയില്ലായിരുന്നു' എന്നായിരുന്നു പേരറിവാളിന്റെ മൊഴി. എന്നാല്‍, മൊഴിയുടെ ആദ്യഭാഗം മാത്രമേ കോടതിയിലെത്തിയുള്ളൂ. ഇതിലൂടെ പ്രതി കുറ്റം സമ്മതിച്ചുവെന്ന് അന്വേഷണസംഘം കോടതിയെ ധരിപ്പിച്ചു. കൊടിയ പീഡനങ്ങള്‍ക്കൊടുവില്‍ ഒപ്പിടുവിച്ച കുറ്റസമ്മതമൊഴിയെ അടിസ്ഥാനമാക്കി പേരറിവാളനെ വധശിക്ഷക്ക് വിധിച്ചു.
(മൊഴി രേഖപ്പെടുത്തിയ സി.ബി.ഐ എസ്.പി ത്യാഗരാജന്‍ 2013 ല്‍ റിട്ടയര്‍മെന്റിനുശേഷം തന്റെ ഭാഗത്ത് നിന്ന് സംഭവിച്ച വീഴ്ച തുറന്നുപറഞ്ഞിരുന്നു. 'അതെന്തിനായിരുന്നു എന്നറിയില്ല' എന്ന പേരറിവാളിന്റെ മൊഴി താന്‍ ബോധപൂര്‍വം വിട്ടുകളഞ്ഞാതെണന്നും അതില്‍ കുറ്റബോധമുണ്ടെന്നും വെളിപ്പെടുത്തിയിരുന്നു)
'30 വര്‍ഷത്തെ പോരാട്ടമാണിത്. ഒറ്റലക്ഷ്യത്തിനുവേണ്ടി രാഷ്ട്രീയക്കാര്‍ക്കുപോലും ഇത്രയും നീണ്ട പോരാട്ടം നടത്താന്‍കഴിയുമോ എന്നു സംശയമാണ്. മകന്‍ നിരപരാധിയാണ് എന്ന് തെളിയിക്കുന്നതിനുവേണ്ടി ഇന്ത്യയില്‍ ഞാന്‍ മുട്ടാത്ത വാതിലുകളില്ല' - മകന്റെ മോചനത്തിനുവേണ്ടി ജീവിച്ച അര്‍പ്പുതമ്മാള്‍ എന്ന അമ്മയുടെ വാക്കുകളാണിത്.
തന്റെ മകന്‍ തെറ്റ് ചെയ്തിട്ടില്ല എന്ന ഒരമ്മയുടെ ഉത്തമബോധ്യവും നീതിക്ക് വേണ്ടിയുള്ള ഉറച്ച പോരാട്ടവുമാണ് പേരറിവാളിന്റെ മോചനത്തിന് കാരണമായത്. നഷ്ടപ്പെട്ടുപോയ ജീവിതം തിരിച്ചുപിടിക്കുന്ന, സന്തോഷത്തിന്റെ ഈ ദിനങ്ങളെക്കുറിച്ച് പേരറിവാളന്‍ സംസാരിക്കുന്നു.
താങ്കളുടെ ഇപ്പോഴത്തെ ജീവിതം എങ്ങനെ പോകുന്നു, സന്തോഷവാനല്ലേ?
ഏറെ സന്തോഷം. ഒരുപാട് യാത്രചെയ്യണമെന്നാണ് ആഗ്രഹം. അതിലൂടെ പുതിയ അനുഭവങ്ങള്‍ ഉണ്ടാക്കിയെടുക്കാനാണ് ശ്രമിക്കുന്നത്. ഒരു സ്ഥലത്ത് ഇരിക്കാന്‍ എനിക്ക് സാധിക്കുന്നില്ല. 31 വര്‍ഷം നാല് ചുവരുകള്‍ക്കുള്ളിലാണ് ഞാന്‍ ജീവിച്ചത്. അതുകൊണ്ട് ഇനിയുള്ള കാലം കഴിയുന്നത്ര യാത്ര ചെയ്യണം. യാത്രയെന്നാല്‍ യാതൊരു തടസ്സങ്ങളും ബാധ്യതയുമില്ലാതെ അനുഭവങ്ങള്‍ തേടിയുള്ള യാത്ര. എന്റെ യാത്രക്ക് വ്യക്തമായ ലക്ഷ്യങ്ങളൊന്നുമില്ല. ഓരോ മനുഷ്യനെയും കണ്ടറിഞ്ഞും കേട്ടറിഞ്ഞുമുള്ള യാത്രയാണ് ഞാന്‍ ഉദ്ദേശിക്കുന്നത്.
ഒറ്റപ്പെട്ട ജീവിതത്തിന് ഒരറുതിവേണ്ടേ? പെണ്‍സുഹൃത്തുക്കള്‍, വിവാഹം എന്നിവയെക്കുറിച്ച് ആലോചനയുണ്ടോ?
ഇല്ല, ഒന്നും ആലോചിച്ചിട്ടില്ല. ഇപ്പോള്‍ ജീവിതപങ്കാളിയെന്നു പറയാന്‍ ആരുമില്ല, ആരുമായും പ്രണയവുമില്ല. അമ്മയിതുവരെ എനിക്ക് ഒരാളെ കണ്ടെത്തിയിട്ടില്ല. എനിക്ക് കൃത്യമായ വരുമാന മാര്‍ഗമില്ല. അതിനുള്ള ചില ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അതിനൊപ്പം ജീവിതപങ്കാളിയെയും കണ്ടെത്തണം.
ഏതുരീതിയിലാണ് വരുമാനമാര്‍ഗം കണ്ടെത്താന്‍ ശ്രമിക്കുന്നത്. ജോലിയെക്കുറിച്ച് സ്വപ്നങ്ങളുണ്ടോ?
കാഞ്ചീപുരത്തിനടുത്തായി എനിക്ക് കുറച്ച് സ്ഥലമുണ്ട്. അവിടെ ജൈവവനമായി മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ ചില പണികള്‍ ആരംഭിച്ചിട്ടുണ്ട്. അത് പക്ഷെ പെട്ടെന്ന് വരുമാനം തരുന്ന സംവിധാനമല്ല. ദീര്‍ഘകാല പദ്ധതിയാണത്. അതില്‍നിന്ന് വരുമാനം ലഭിക്കണമെങ്കില്‍ സമയമെടുക്കും. നിലവില്‍ പെട്ടെന്നുള്ള വരുമാനത്തിനായി ചിലതൊക്കെ എഴുതണമെന്നാഗ്രഹമുണ്ട്.
പുസ്തകം എഴുതുന്നതിനെക്കുറിച്ചാണോ? സ്വന്തം അനുഭവങ്ങള്‍ തന്നെയാണോ വിഷയമായെടുക്കുന്നത്?
അതിനൊരു വ്യക്തത വന്നിട്ടില്ല, ഫിക്ഷനായിട്ടും, ഫാന്റസിയായിട്ടും ചിലതൊക്കെ എഴുതിയിട്ടുണ്ട്. അതൊന്നും പ്രസിദ്ധീകരിച്ചിട്ടില്ല. കൂടാതെ എന്റെ ജീവിതാനുഭവങ്ങളെക്കുറിച്ചും എഴുതാന്‍ ആലോചനയുണ്ട്. അതെല്ലാം തുടങ്ങണം.
ഒരിക്കലും മറക്കാനാകാത്ത ജയില്‍ അനുഭവത്തെക്കുറിച്ച് പങ്കുവയ്ക്കാമോ?
എന്റെ അമ്മയെ കാണാന്‍ വേണ്ടിയാണ് ജയിലില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നത്. എന്നെ കാണാനായി ജയിലിനു മുന്നില്‍ മണിക്കൂറുകളോളം അമ്മ കാത്തുനിന്നുട്ടുണ്ട്. എന്റെ ഏറ്റവും വലിയ വേദനയായിരുന്നു അത്. ആദ്യ ഘട്ടത്തിലൊന്നും കാണാന്‍ അനുവദിച്ചിരുന്നില്ല. പിന്നീടാണ് അനുവാദം ലഭിച്ചത്. അമ്മ എനിക്കായി കൊണ്ടുവരുന്ന പഴങ്ങള്‍പോലും തരാന്‍ അനുവദിച്ചിരുന്നില്ല. 1991 ല്‍ എന്റെ മൂത്ത സഹോദരിയുടെ വിവാഹം നടന്നു. അതില്‍ പങ്കെടുക്കണമെന്നും, സഹോദരിയെ ഒന്ന് കാണണമെന്നും ഏറെ ആഗ്രഹിച്ചിരുന്നു. അതിനായി പല ശ്രമങ്ങളും നടത്തി. പക്ഷേ, അനുമതി ലഭിച്ചില്ല. ഈ ആവശ്യത്തിനായി ഞാന്‍ ജയിലില്‍ നിരാഹാര സമരം പോലും നടത്തിയിരുന്നു.
ജയില്‍ ജീവിതത്തില്‍ നല്ല അനുഭവങ്ങള്‍ എന്ന് പറയാന്‍ എന്തെങ്കിലും അവശേഷിക്കുന്നുണ്ടോ?
അവസാനത്തെ പത്ത് വര്‍ഷം കുറച്ചുകൂടി നല്ല അനുഭവങ്ങളാണുണ്ടായിട്ടുള്ളത്. ജയില്‍ ഉദ്യോഗസ്ഥരെല്ലാം സുഹൃത്തുക്കളെ പോലെ പെരുമാറിയിരുന്നു. എന്നെ സന്ദര്‍ശിക്കാനെത്തുന്ന ബന്ധുക്കളെയെല്ലാം കാണാന്‍ അനുവാദം തന്നു. പക്ഷെ, പിന്നീടാണ് ബന്ധുക്കളുടെയെല്ലാം വസ്ത്രം അഴിച്ച് പരിശോധിച്ചിരുന്നു എന്ന വിവരം ഞാനറിഞ്ഞത്. ഇതെനിക്ക് വലിയ വിഷമമുണ്ടാക്കി. ഇതിന്റെ പേരില്‍ ജയിലധികൃതരുമായി ഞാന്‍ വഴക്കിട്ടു.
തുടര്‍പഠനത്തെ കുറിച്ച് ആലോചിക്കുന്നതായി അറിഞ്ഞിരുന്നു. ഡിഗ്രിയാണോ? ഭാവി പരിപാടികളെന്തെല്ലാമൊണ്?
അതെ, ഡിഗ്രിക്ക് പഠിക്കാനാണ് ഉദ്ദേശിക്കുന്നത്. മനുഷ്യാവകാശത്തിനായി പ്രവര്‍ത്തിക്കണമെന്നുണ്ട്. പ്രത്യേകിച്ച് ജയില്‍ ജീവിതം അനുഭവിക്കുന്നവരുടെ അവകാശങ്ങള്‍ക്കായി. അവരുടെ പ്രയാസങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കണമെന്ന് ഉദ്ദേശിക്കുന്നു. വധശിക്ഷയോട് ഞാന്‍ വിയോജിക്കുന്നു. ചിലപ്പോള്‍ നിരപരാധികളാകും വധിക്കപ്പെടുന്നത്. കുറ്റവാളിയാണെങ്കില്‍പോലും വധശിക്ഷ ഒരു പരിഹാര മാര്‍ഗമേ അല്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
അവസാനമായി ഒരു ചോദ്യം കൂടി. എപ്പോഴെങ്കിലും സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഇവരെയൊക്കെ കാണാന്‍ ആഗ്രഹിക്കുന്നുണ്ടോ?
ഞാന്‍ എല്ലാവരെയും കാണാന്‍ ആഗ്രഹിക്കുന്നുണ്ട്, പ്രത്യേകിച്ച് ഒരാളെന്നൊന്നുമില്ല. എല്ലാവരെയും കാണാം. ആരെയും മാറ്റി നിര്‍ത്തണമെന്നില്ല. എല്ലാരെയും കാണണം, സംസാരിക്കണം എന്നാണ് എന്റെ ആഗ്രഹം.
-------------
ജയിലില്‍വച്ച് രാഷ്ട്രപതിക്ക് നല്‍കിയ ദയാഹര്‍ജിയില്‍ പേരറിവാളന്‍ എഴുതിയ വാചകങ്ങളിങ്ങനെയാണ്. 'ഒരു വസ്തുത വെളിപ്പെടുന്നത് ഏത് രൂപത്തിലായാലും അതിന്റെ ഉണ്മ തിരിച്ചറിയാന്‍ കഴിയുന്നതാണ് ജ്ഞാനം. നീതി വിജയിക്കട്ടെ' - തീര്‍ച്ചയായും വൈകി ലഭിച്ച നീതിയാണ് പേരറിവാളിന് ഇന്ന് പുതിയ ലോകം തുറന്നുകൊടുത്തത്.
സോഫിയ ബിന്ദ്, അര്‍പ്പുതമ്മാള്‍, പേരറിവാളന്‍, അനുശ്രീ