പ്രായോഗികതക്ക് മുന്‍ഗണന കൊടുക്കുന്നവരാണ് മലയാളികള്‍ - പി.എഫ് മാത്യൂസ്
|പ്രായോഗികതക്ക് മുന്‍ഗണന കൊടുക്കുന്നവരാണ് മലയാളികളെന്ന് പി.എഫ് മാത്യൂസ് പറയുന്നു. കേരളത്തിന്റെ സമസ്ത നേട്ടങ്ങള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്ന കേരളീയം 2023 ന്റെ ഭാഗമായി അദ്ദേഹവുമായി നടത്തിയ സംഭാഷണത്തില്‍ നിന്ന്. അഭിമുഖം: പി.എഫ് മാത്യൂസ്/സുനില്‍കുമാര്‍ എം.എന്‍
നിരന്തരം മാറ്റത്തെ ആഗ്രഹിക്കുന്ന എഴുത്തുകാരനാണ് പി.എഫ് മാത്യൂസ്. കൊച്ചിയില്‍ ജനിച്ച പി.എഫ് മാത്യൂസ് കഥ, നോവല്‍, തിരക്കഥ എന്നീ മേഖലകളില്‍ സജീവം. ചാവുനിലം, ഇരുട്ടില്‍ ഒരു പുണ്യാളന്‍ എന്നീ നോവലുകളും പുത്രന്‍, കുട്ടിസ്രാങ്ക്, ഈ.മ.യൗ, അതിരന്‍ എന്നീ തിരക്കഥകളും രചിച്ചു. കുട്ടിസ്രാങ്കിന് ചലച്ചിത്ര രചനയ്ക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. 13 കടല്‍ക്കാക്കകളുടെ ഉപമ എന്ന കഥാസമാഹാരത്തിന് വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്‌ക്കാരം ലഭിച്ചു.
ഉള്ളടക്കവും രൂപവും ഒന്നാണെന്ന ചിന്തയിലേക്ക് എത്തിപ്പെട്ടത് എങ്ങനെയാണ്? ഉള്ളടക്കമാണ് സാഹിത്യം എന്നു കരുതുന്ന സാമൂഹ്യ-സാംസ്‌കാരിക ചുറ്റുപാടില്‍ ജീവിക്കെ ആ യാത്ര എത്രത്തോളം ദുഷ്‌കരമായിരുന്നു?
വൈക്കം മുഹമ്മദ് ബഷീര്‍ ഞാന്‍ ജനിക്കുന്നതിനു മുമ്പേ ആ വഴിയിലൂടെ സഞ്ചരിച്ചയാളല്ലേ. അദ്ദേഹത്തിന്റെ അപാരമായ നര്‍മ്മബോധമാണ് മലയാളി മനസ്സിനെ പിടിച്ചെടുത്തത് എന്ന് എനിക്ക് തോന്നാറുണ്ട്. ബഷീറിനെ പോലെ മറ്റൊരാള്‍ മലയാളത്തില്‍ ഇല്ല.
മലയാളി എന്ന നിലയില്‍ ഒന്നിലും അത്രയ്ക്ക് അഭിമാനമൊന്നും തോന്നിയിട്ടില്ല. പിന്നെ പറയാവുന്നത് ഭാഷയാണ്. മലയാളം എന്ന ഭാഷ.
എന്നെ രസിപ്പിച്ച കഥകളും നോവലുകളും തന്നെയാണ് എന്നെ പ്രചോദിപ്പിച്ചിട്ടുള്ളതും. ഉള്ളടക്കവും രൂപവും ഒന്ന് തന്നെയാണ് എന്ന ചിന്ത പുതിയതല്ല. പണ്ടേ അതുണ്ടായിരുന്നു. തിരിച്ചറിഞ്ഞ് ഇടപഴകിയപ്പോള്‍ അതുതന്നെയാണ് എന്റെ പാത എന്ന് എനിക്ക് തോന്നിയിട്ടുണ്ടാകും എന്നേ പറയാനാകൂ. ഏതാണ്ട് 70കളുടെ അവസാനത്തിലാണ് ഞാന്‍ എഴുതി തുടങ്ങുന്നത്. ഫ്രഞ്ച് അസ്ഥിത്വവാദത്തിന്റെ മാറ്റൊലികളുടെ കാലം. അന്നത്തെ വായനക്കാര്‍ക്കും നിരൂപകര്‍ക്കും മറ്റൊന്നും സ്വീകാര്യമല്ലായിരുന്നു. എന്നാലും എഴുത്തുവഴി ദുഷ്‌കരമായിരുന്നു എന്നു ഞാന്‍ പറയില്ല. ധാരാളം ചെറുകഥകള്‍ എഴുതി, ചാവുനിലം എന്ന നോവലും അച്ചടിക്കാന്‍ കഴിഞ്ഞു. അക്കാലത്ത് അതൊന്നും വായനക്കാരുടെ മുന്നിലെത്തിയിരുന്നില്ല. ചെലവില്ലാത്ത പുസ്തകത്തിന് ദീര്‍ഘകാലം രണ്ടാം പതിപ്പും ഉണ്ടായില്ല. ഇവിടെ നിന്നു നോക്കുമ്പോള്‍ അതൊന്നും ദുഷ്‌കരം എന്ന വാക്കുകൊണ്ട് വിശേഷിപ്പിക്കാന്‍ സാധിക്കുന്നില്ല. ആള്‍ക്കൂട്ടപ്പെരുവഴിയിലൂടെ നടക്കുകയാണെങ്കില്‍ യാത്ര സുഗമമായിരിക്കും. അതുവഴി നടക്കാന്‍ തുനിഞ്ഞില്ല എന്ന സന്തോഷം ഉണ്ട് താനും.
അകാല വാര്‍ധക്യം ബാധിച്ച പുതുതലമുറയാണ് ഇന്നുള്ളത് എന്നൊരു വിമര്‍ശനം ഉണ്ടോ പി.എഫ് മാത്യൂസ് എന്ന നിരന്തരം മാറ്റത്തെ ആഗ്രഹിക്കുന്ന എഴുത്തുകാരന്റെയുള്ളില്‍?
അങ്ങനെ ഒരു വിമര്‍ശനം എനിക്കില്ല. പലരും കാലത്തെ തിരിച്ചറിഞ്ഞവരും അതിനൊത്ത് സഞ്ചരിക്കാന്‍ പ്രാപ്തിയുള്ള വരുമാണ്. കലയിലും സാഹിത്യത്തിലും ഏതെങ്കിലും ഒരു വഴി മാത്രമാണ് ശരി എന്ന് പറയാനാകില്ല. നൂറു പേരുണ്ടെങ്കില്‍ അത്രയും വഴികള്‍ ഉണ്ടായിരിക്കേണ്ടതാണ്. നിരന്തരം മാറിക്കൊണ്ടേയിരിക്കണം എന്ന ചിന്ത എന്റെ ഉള്ളില്‍ ഉണ്ടെന്നുള്ളത് വാസ്തവം തന്നെ. പക്ഷേ, എല്ലാവരും അങ്ങനെ തന്നെ ആകണം എന്ന നിര്‍ബ്ബന്ധബുദ്ധി ഇല്ല.
എഴുത്തുകാരന്‍ എന്ന നിലയില്‍ സ്വയം മനസ്സിലാക്കി തുടങ്ങിയത് ഏതു കാലം മുതലാണ്?
എന്ന് തുടങ്ങി എന്ന ചോദ്യത്തിന് കൃത്യമായ ഒരു ഉത്തരം പറയാന്‍ കഴിയില്ല. പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം സ്വയം മനസ്സിലാക്കല്‍ എന്ന പ്രക്രിയ അവസാന ശ്വാസം വരെ തുടരേണ്ടതുണ്ട്. കാരണം, എന്നില്‍ ഇനിയും എന്തൊക്കെയോ തിരിച്ചറിയപ്പെടാതെ കിടക്കുന്നുണ്ട് എന്ന തോന്നലു തന്നെ. മനുഷ്യന്‍ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഒരു ജീവിയായതിനാല്‍ സ്വയം മനസ്സിലാക്കുക എന്നത് പൂര്‍ത്തിയാവാത്തതും അവസാനിക്കാത്തതും ആയ ഒരു പ്രവൃത്തിയാണ്.
താങ്കളുടെ ചിന്തകളെ ഇരുട്ടും ഓര്‍മകളും എത്ര മാത്രം സ്വാധീനിച്ചിട്ടുണ്ട് എന്നു പറയാമോ?
ഓര്‍മയാണ് പ്രധാന സംഭരണി. പക്ഷേ, അത് അക്ഷയമാണെന്ന് ഞാന്‍ വിചാരിക്കുന്നില്ല. സ്വാഭാവികമായും മറവിയെയാണ് ഭയപ്പെടുന്നത്. അതെ, മറവിയാണ് ഇരുട്ട്. മറവിയെ ഭാവനകൊണ്ട് മറികടക്കാന്‍ കഴിയുമെന്നാണ് എന്റെ തോന്നല്‍. അറിയില്ല.. അവിടെ വരെ എത്തുമ്പോഴേ അത് പറയാനാകൂ.
എഴുത്തെന്ന പ്രക്രിയയില്‍ ആനന്ദിക്കുന്ന, നിരന്തരം പുതുക്കാന്‍ പണിയെടുത്തുകൊണ്ടിരിക്കുന്ന ആളാണ് താങ്കള്‍. എഴുത്ത് എപ്പോഴെങ്കിലും താങ്ങാനാവാത്തതിലധികം ഭാരം നല്‍കിയിട്ടുണ്ടോ?
എഴുത്ത് എനിക്ക് പ്രാരാബ്ദമോ ഭാരമോ അല്ല. എന്റെ വിരസ ജീവിതത്തില്‍ നിന്ന് പലപ്പോഴും രക്ഷപ്പെടുന്നത് എഴുതാന്‍ കഴിയുമെന്ന ബോധ്യം കൊണ്ടാണ്.
മലയാളി എന്ന നിലയില്‍ ഏറ്റവും വലിയ അഭിമാനം?
ഒന്നിലും അത്രയ്ക്ക് അഭിമാനമൊന്നും തോന്നിയിട്ടില്ല. പിന്നെ പറയാവുന്നത് ഭാഷയാണ്. മലയാളം എന്ന ഭാഷ.
മലയാളി സമൂഹത്തെക്കുറിച്ച്? മലയാളി വായനക്കാരെ കുറിച്ച്?
പ്രായോഗികതയ്ക്ക് മുന്‍ഗണന കൊടുക്കുന്നവരാണ് മലയാളികളെന്നു തോന്നിയിട്ടുണ്ട്. പക്ഷേ, പലപ്പോഴും സഹജീവികളില്‍ മതിപ്പുണ്ടാക്കാന്‍ എന്തും ചെയ്യുമെന്ന അവസ്ഥയിലേക്ക് അവര്‍ ചുരുങ്ങിപ്പോകുന്നതുപോലെ തോന്നിയിട്ടുണ്ട്. തീര്‍ച്ചയായും വായനക്കാര്‍ ധാരാളമുണ്ട്. എല്ലായിടത്തുമെന്നതുപോലെ ഇവിടെയും നല്ല വായനക്കാര്‍ കുറവാണ്.
കേരളത്തിന്റെ സമസ്ത നേട്ടങ്ങള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്ന കേരളീയം നവംബര്‍ 1 മുതല്‍ 7 വരെ തിരുവനന്തപുരത്ത് വെച്ച് നടക്കുന്നു. താങ്കള്‍ക്ക് നല്‍കാനുള്ള സന്ദേശമെന്താണ്?
മലയാള നാട്ടിന്റെ വളര്‍ച്ചയും സാംസ്‌കാരികമായ ഔന്നത്യവും ലോകത്തിനു മുന്നില്‍ ഉയര്‍ത്തിപ്പിടിക്കുന്ന കേരളീയം പരിപാടിക്ക് എന്റെ എല്ലാ ആശംസകളും.