Interview
ഗ്രെയ്റ്റ് ഇന്ത്യന്‍ കിച്ചന്‍
Interview

അഴുക്കുവെള്ളം മുഖത്തേക്ക് വലിച്ചെറിഞ്ഞ് ഇറങ്ങിപ്പോകല്‍ എപ്പോഴും സൊലൂഷനല്ല - പ്രശാന്ത് വിജയ്

റിന്‍ഷ ഫാത്തിമ
|
13 Dec 2023 4:14 PM GMT

ഇരുപത്തെട്ടാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ മലയാളം സിനിമ ഇന്ന് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച, യുവ സംവിധായകന്‍ പ്രശാന്ത് വിജയ് സംവിധാനം ചെയ്ത സിനിമയാണ് ദായം-Inheritance. അപ്രതീക്ഷിതമായി സംഭവിച്ച അമ്മയുടെ വിയോഗംമൂലം അടുക്കളയിലേക്ക് ആനയിക്കപ്പെട്ട കല്യാണി എന്ന പെണ്‍കുട്ടിയുടെ ആത്മസംഘര്‍ഷങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങളാണ് സിനമയുടെ പ്രമേയം. എന്നാല്‍, സിനിമയിലൂടെ ഉത്തരങ്ങള്‍ കൊടുക്കാതിരിക്കുക, ചോദ്യങ്ങള്‍ മാത്രം ഉയര്‍ത്തുക എന്ന കാഴ്ചപ്പാടാണ് സംവിധായകനുള്ളത്. പ്രശാന്ത് വിജയ് യുമായി റിന്‍ഷ ഫാത്തിമ നടത്തിയ അഭിമുഖം.

'ദായം' എന്ന പേരിടാനുള്ള കാരണം എന്തായിരുന്നു?

എന്റെ എല്ലാ സിനിമകളുടെയും പേരിടല്‍ വളരെ നീണ്ട ഒരു പ്രക്രിയയാണ്. സിനിമയുടെ പേര് ആദ്യമേ തീരുമാനിക്കുന്നതല്ല, നെയ്പ്പായസം എന്ന കഥയുമായി സിനിമയെ ബന്ധിപ്പിച്ചിട്ടുണ്ടായിരുന്നു. നെയ്പായസം എന്നാണ് പേരിട്ടിരുന്നതെങ്കില്‍ ഡയറക്ട് ആയിട്ട് ആളുകള്‍ അതായിരിക്കും ചിന്തിക്കുക. അതുകൊണ്ട് പ്രേക്ഷകര്‍ അങ്ങനെ ആലോചിക്കരുത് എന്നുണ്ടായിരുന്നു. സിനിമയില്‍ മാധവിക്കുട്ടിയുടെ കഥയുടെ റഫറന്‍സ് വേണം. പക്ഷെ, അതായിരിക്കരുത് അതിന്റെ പ്രധാന ഘടകം. പിന്നീട് ആലോചിച്ചപ്പോഴാണ് 'Inheritance' എന്നുള്ളത് ശ്രദ്ധയില്‍ പെട്ടത്. അമ്മയില്‍ നിന്ന് കിട്ടിയ കാര്യങ്ങളെ കുറിച്ചാണ് സംസാരിക്കുന്നത്, അതുകൊണ്ട് ദായം എന്ന പേരിലേക്ക് വന്നു.

സിനിമയില്‍ പാചകം ഒരു പ്രധാന ഘടകമാണ്? എന്തുകൊണ്ടാണ് ഇങ്ങനെയൊരു സ്‌ക്രിപ്റ്റ് ഈ ഒരു രീതിയില്‍ എടുത്തത്? എന്തായിരുന്നു പ്രചോദനം?

ഇന്ദു ലക്ഷ്മി എഴുതിയ സ്‌ക്രിപ്റ്റ് ആണ് ഇതിന്റെ ബെയ്‌സ്. പാചകം എന്നുള്ള ഘടകം ആദ്യമേ ഉണ്ട്. ഇതില്‍ നെയ്പ്പായസം എന്നുള്ള എലമെന്റ് ഞാനാണ് കൊണ്ടുവന്നത്. സാഹിത്യവുമായി കണക്ട് ചെയ്യാനാണ് നെയ്പ്പായസം കൊണ്ട് വന്നത്. സിനിമയിലെ അമ്മ കഥാപാത്രത്തിന്റെ ഒരു പ്രധാനപ്പെട്ട വിഭവമായിരുന്നു നെയ്പ്പായസം. അമ്മയുടെ പാചകം വളരെ നല്ലതായിരുന്നു. അമ്മയുടേത് രുചികരമായ പാചകം ആയിരുന്നു. അമ്മയുടെ പാചകം ഒന്നും മകള്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ കഴിഞ്ഞില്ല. അടുക്കള എന്നതിന് വേറെ ഒരു പൊളിറ്റിക്കലായ ഒരു റീഡിങ് നടക്കുന്നുണ്ട്. അതായത് സ്ത്രീകളും അടുക്കളയും എന്നൊരു equation വരുന്നുണ്ട്. അടുക്കള എന്നു പറയുന്നത് ആഹാരം ഉണ്ടാക്കുന്ന സ്ഥലമാണ്. ആഹാരം ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു ഘടകമാണ്. ആഹാരം ആരുണ്ടാക്കുന്നു എന്ന് പറയുന്നത് പിന്നീട് വരുന്ന കാര്യമാണ്. പക്ഷെ, നമ്മുടെ സാമൂഹ്യ പശ്ചാത്തലത്തില്‍ സ്ത്രീകളാണ് ഭക്ഷണം ഉണ്ടാക്കേണ്ടത് എന്നുള്ള ഒരു ചിന്താഗതി വരുന്നു. പക്ഷെ, ഞാന്‍ ഈ സിനിമ ചെയതതിന് ശേഷം പ്രതികരണങ്ങള്‍ കേള്‍ക്കുമ്പോഴാണ് അത്രക്കും ശക്തമാണ് ജന്‍ഡര്‍ ആയിട്ടുള്ള association എന്ന് ഞാന്‍ മനസ്സിലാക്കുന്നത്. പക്ഷെ, ഞാന്‍ gender ആയിട്ടുള്ള association ആലോചിച്ചിരുന്നില്ല. ഞാന്‍ ഉദ്ദേശിച്ചിരുന്നത് ആഹാരം നമ്മുടെ അടിസ്ഥാന ആവശ്യമാണ്; അത് ഗംഭീരമായി ചെയ്തിരുന്ന ഒരാളാണ് സിനിമയിലെ അമ്മ കഥാപാത്രം. എല്ലാവരും വിലമതിച്ചിരുന്ന അമ്മയുടെ ആ കഴിവിലേക്ക് സിനിമയിലെ മുഖ്യ കഥാപാത്രമായ കല്യാണി എന്ന കുട്ടിയും എത്തിപ്പെടാന്‍ ശ്രമിക്കുന്നു. ഈ സിനിമ തീരുന്നില്ല, തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഈ കുട്ടിയുടെ ജീവിതവും കഥാപാത്രത്തിന്റെ ജീവിതവും എല്ലാം തുടര്‍ന്നുകൊണ്ടേയിരിക്കും. ഇതിലെ കഥാപാത്രമായ കുട്ടി പാചകം ചെയ്യാന്‍ തുടങ്ങുന്നു. അമ്മ തരാതെ പോയ എല്ലാവരും ഇഷ്ടപ്പെട്ടിരുന്ന ഒരു റസിപ്പി എഴുതി ചേര്‍ക്കാനുള്ള ശ്രമമാണ് സിനിമയില്‍ കാണിക്കുന്ന പുസ്തകത്തിലെ ബ്ലാങ്ക് പേജില്‍.

ഇത് ഒരു ആക്ടിവിസ്റ്റ് സ്വഭാവമുള്ള സിനിമയായിരുന്നെങ്കില്‍ കുറച്ചുകൂടി റവലൂഷനറി ക്ലെമാക്‌സ് കൊണ്ടുവരാമായിരുന്നു. പക്ഷെ, താങ്കള്‍ റിയലിസത്തില്‍ സ്റ്റിക്ക് ഓണ്‍ ചെയ്യുകയാണ്. എന്താണതിന്റെ കാരണം?

അത്തരം ക്ലൈമാക്സുകള്‍ പലപ്പോഴും കൊമേഴ്സ്യല്‍ സിനിമകളിലാണ് ഉണ്ടാകാറ്. ജാവേദ് അഖ്തര്‍ പറഞ്ഞ, എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട ഒരു കാര്യമുണ്ട്. 'ബോളിവുഡ് സിനിമകളുടെ പ്രത്യേകത അവ രണ്ടു മണിക്കൂറില്‍ നീതി നടപ്പാക്കുന്നു എന്നതാണ്. ലോകത്തെ മറ്റൊരു നിയമ സംവിധാനത്തിനും കഴിയാത്തതാണത്' അതുകൊണ്ട് തന്നെയാണ് ഈ സിനിമകള്‍ക്ക് ഇത്രയും ജനപ്രീതി കിട്ടുന്നതും. നമ്മുടെ കൊമേഴ്ഷ്യല്‍ സിനിമകളുടെ മുഖമുദ്ര എന്ന് പറയുന്നത് എല്ലാത്തിനും പരിഹാരമുള്ള 'The End' ആണ്. പോപ്പുലര്‍ സാഹിത്യവും സിനിമകളുമെല്ലാം എല്ലാത്തിനുമുള്ള ഉത്തരങ്ങള്‍ പൊതിഞ്ഞു കൊടുക്കാനാണ് നോക്കുന്നത്.

അടുക്കള എന്ന് പറയുമ്പോള്‍ ഇന്ന് എല്ലാവരും കൂട്ടിവായിക്കുന്നത് 'ദ ഗ്രെയ്റ്റ് ഇന്ത്യന്‍ കിച്ചന്‍' ആണ്. ആ സിനിമയില്‍ പറയുന്നത് മുഖ്യകഥാപാത്രമായ സ്ത്രീയുടെ വിജയത്തെക്കുറിച്ചാണ്. അവസാനം എല്ലാ പ്രതിസന്ധികളോടും പൊരുതി വിജയം കൈവരിക്കുകയാണ്, നമ്മള്‍ ആഗ്രഹിച്ചത് പോലുള്ള ഒരു ഹീറോയിക്ക് വിജയമാണ് അതില്‍ കാണാന്‍ സാധിക്കുന്നത്. ദായത്തില്‍ കാണിച്ചത് ഇതൊന്നുമല്ലായിരുന്നു. നമ്മള്‍ ഉപയോഗിച്ച ക്യാമറ ആങ്കിളുകളിലും, മ്യൂസിക്കിലുമൊന്നും ഇതൊരു വിജയമാണ് എന്ന സൂചന കൊടുക്കുന്നില്ല. നമ്മുടെ അടുക്കളയില്‍ അനീതികള്‍ നടക്കുന്നു എന്ന ഓര്‍മപ്പെടുത്തലാണ് ദായം. ആ ഒരു ഓര്‍മപ്പെടുത്തല്‍ ഉള്‍ക്കൊണ്ടിട്ടുണ്ടെങ്കില്‍ സിനിമ വിജയിച്ചു എന്നതാണ്. എന്റെ കാഴ്ച്പ്പാടില്‍ സിനിമയുടെ ജോലി ഉത്തരങ്ങള്‍ കൊടുക്കലല്ല, ചോദ്യങ്ങള്‍ ഉയര്‍ത്തുക മാത്രമാണ്; അത് സിനിമ മാത്രമല്ല ഏത് കലാരൂപവും ആയിക്കോട്ടെ. ഗ്രെയ്റ്റ് ഇന്ത്യന്‍ കിച്ചനില്‍ അഴുക്കുവെള്ളം ദേഹത്തേക്ക് ഒഴിച്ച് ഇറങ്ങിപ്പോകുന്നത് കാണിക്കുന്നു. അത് ജിയോ ബേബി എന്ന സംവിധായകന്‍ നിര്‍ദ്ദേശിക്കുന്ന സൊലൂഷനാണ്. അത്തരത്തിലൊരു സൊലൂഷന്‍ ഞാന്‍ കൊടുക്കുന്നില്ല. സ്ത്രീകള്‍ മാത്രം അടുക്കളയില്‍ ആണെങ്കില്‍ അതിന് ഓരോ വീട്ടിലും ഒരോരോ കാരണങ്ങളുണ്ടാകും. ഇതെല്ലാം ജനറലൈസ് ചെയ്യുന്നതില്‍ ഒരു തെറ്റുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ഈ ചിത്രം ഒരു കണ്ണാടി പോലെയാണ്. എന്റെ വീട്ടിലും ഓരോ പ്രശ്ങ്ങള്‍ ഉണ്ട്, അതെങ്ങനെ പരിഹരിക്കാം എന്ന് ഒരോരുത്തരും ചിന്തിച്ചാല്‍ അതാണ് സൊലൂഷന്‍.

സിനിമയില്‍ ആര്‍ത്തവത്തെ കുറിച്ച് പ്രതിപാധിക്കുന്നുണ്ട്. ആര്‍ത്തവത്തിലിരിക്കുന്ന പെണ്‍കുട്ടി ബലിയിടാന്‍ പാടില്ല?

ഇതിപ്പോള്‍ ഒരു ഹിന്ദു പശ്ചാത്തലത്തിലുള്ള ഒരു വീട്ടില്‍ നടക്കുന്ന സിനിമയാണ്. എല്ലാ മതത്തിലും അതിന്റേതായ ചട്ടക്കൂടുകള്‍ ഉണ്ട്. മനുഷ്യനെ ഓരോ ചട്ടക്കൂടുകളിലും നിയന്ത്രണങ്ങളിലും ആക്കുക എന്നുള്ളതാണ് ഓരോ മതത്തിന്റെയും റോള്‍ എന്ന് പറയുന്നത്. പക്ഷെ, ഈ സിനിമയിലെ കുടുംബത്തിന് ഇതുപോലുള്ളൊരു വിശ്വാസവും ഇല്ല. മതം എന്ന് പറയുന്നത് പോലെ തന്നെയാണ് നമ്മുടെ അധികാരകേന്ദ്രങ്ങളും. സ്‌നേഹത്തിനപ്പുറത്തും വിശ്വാസവും ഉണ്ട് എന്നുള്ളതും സമൂഹത്തിലെ ഒരു യാഥാര്‍ഥ്യമാണ്. വിശ്വാസം കഴിഞ്ഞിട്ടേ സ്‌നേഹവും മറ്റും ഉള്ളൂ. ഇതാണ് നമ്മുടെ സമൂഹത്തിന്റെ കാഴ്ചപ്പാട്.





Similar Posts