Interview
ഞാന്‍ അനുഭവിച്ച സാമൂഹിക അസമത്വമാണ് എന്റെ രാഷ്ട്രീയത്തെ രൂപപ്പെടുത്തിയത് - പുഷ്പവതി
Interview

ഞാന്‍ അനുഭവിച്ച സാമൂഹിക അസമത്വമാണ് എന്റെ രാഷ്ട്രീയത്തെ രൂപപ്പെടുത്തിയത് - പുഷ്പവതി

ജെയ്സി തോമസ്
|
22 Nov 2022 1:34 PM GMT

ഈ രാജ്യത്ത് നിലനില്‍ക്കുന്ന സാമൂഹികവും രാഷ്ട്രീയപരവുമായ അനീതികളോട് ക്രിയാത്മകമായി സംഗീതത്തെ ഉപയോഗിച്ചു കൊണ്ട് നിലപാട് എടുത്തയാളാണ് ഞാന്‍. കഴിഞ്ഞ ഇരുപത് വര്‍ഷമായി നടത്തിവരുന്ന നിഷേധിക്കാനാകാത്ത സംഗീത സാന്നിധ്യം കൊണ്ടാണ് എനിക്ക് കേരള സംഗീത നാടക അക്കാദമിയുടെ വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം ലഭിച്ചത് എന്നാണ് ഞാന്‍ വിചാരിക്കുന്നത്. | അഭിമുഖം: പുഷ്പവതി/ ജെയ്‌സി തോമസ്

പുഷ്പവതി പൊയ്പാടത്ത് എന്ന ഗായികയുടെ പാട്ടിനെ ഒറ്റവാക്കില്‍ വിശേഷിപ്പിച്ചാല്‍ 'പോരാട്ടം' എന്നായിരിക്കും ഉത്തരം. പൊള്ളുന്ന വരികളിലൂടെ അതിനെക്കാള്‍ ചൂടുള്ള ഉറച്ച ശബ്ദത്തില്‍ അവര്‍ സമൂഹത്തിലെ വിവേചനങ്ങള്‍ക്കെതിരെ പാടിക്കൊണ്ടേയിരുന്നു. ജെ.എന്‍.യുവില്‍ മുഴങ്ങിയ ആസാദി മുദ്രാവാക്യങ്ങളെ ഗാനരൂപത്തിലാക്കിയ പുഷ്പവതി...'പുലയനൊരു പള്ളി, പറയനൊരു പള്ളി'...പാടി ജാതിവെറിക്കെതിരെ കലഹിച്ചവള്‍, 'എത്രയെത്ര മതിലുകള്‍ തകര്‍ത്തെറിഞ്ഞ കേരളം' വിപ്ലവകേരളം ഏറ്റുപാടിയ പുഷ്പവതിയുടെ പാട്ടുകള്‍.... കേരളത്തിന്റെ മണ്ണില്‍ പുഷ്പവതി രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത് പല രൂപങ്ങളിലാണ്...പല താളങ്ങളിലാണ്.

അച്ഛനില്‍ നിന്നും പകര്‍ന്നു കിട്ടിയ പാട്ടാണ് പുഷ്പവതി ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയത്. പാലക്കാട് സംഗീത കോളേജില്‍ നിന്നും ഗാനഭൂഷണം ഹൈ ഫസ്റ്റ് ക്ലാസോടെയാണ് പാസായി. പിന്നീട് ഗാനപ്രവീണയില്‍ ഒന്നാം റാങ്ക്, കര്‍ണാടക സംഗീതത്തില്‍ എ.ഐ.ആര്‍ ല്‍നിന്ന് ബി. ഗ്രേഡ്. ട്രാക്ക് പാടിക്കൊണ്ടായിരുന്നു പിന്നണി ഗാനരംഗത്തേക്ക് എത്തുന്നത്. കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലെ 'കാത്തു കാത്തൊരു മഴയത്ത്' എന്ന പാട്ടിലൂടെ പിന്നണി ഗായികയായി. സാള്‍ട്ട് ആന്‍ഡ് പെപ്പറിലെ 'ചെമ്പാവ് പുന്നെല്ലിന്‍' എന്ന ഗാനത്തിലൂടെ പുഷ്പവതി എന്ന ഗായികയെ മലയാളികള്‍ തിരിച്ചറിയുന്നത്. സിനിമയില്‍ വളരെ കുറച്ചു പാട്ടുകളേ പുഷ്പവതി പാടിയിട്ടുള്ളൂ. പാട്ടിനെ പോരാട്ടമായി കണ്ട ഒരു പാട്ടുകാരിയിലേക്ക് വൈകിയെത്തിയ അംഗീകാരമാണ് കേരള സംഗീത നാടക അക്കാദമിയുടെ വൈസ് ചെയര്‍പേഴ്‌സണ്‍ എന്ന സ്ഥാനം. പുഷ്പവതി സംസാരിക്കുന്നു.


കേരള സംഗീത നാടക അക്കാദമിയുടെ വൈസ് ചെയര്‍പേഴ്‌സണായി ചുമതലയേറ്റിരിക്കുന്നു. നീണ്ട കാലത്തെ അവഗണനക്കും പോരാട്ടത്തിനും ശേഷം കിട്ടിയ അംഗീകാരമായിട്ടാണോ ഈ നേട്ടത്തെ കാണുന്നത്?

ഈ രാജ്യത്ത് നിലനില്‍ക്കുന്ന സാമൂഹികവും രാഷ്ട്രീയപരവുമായ അനീതികളോട് ക്രിയാത്മകമായി സംഗീതത്തെ ഉപയോഗിച്ചു കൊണ്ട് നിലപാട് എടുത്തയാളാണ് ഞാന്‍. കഴിഞ്ഞ 20 വര്‍ഷമായി ഞാന്‍ നടത്തിവരുന്ന നിഷേധിക്കാനാകാത്ത സംഗീത സാന്നിധ്യം കൊണ്ടാണ് ഈ സ്ഥാന ലബ്ധി ഉണ്ടായത് എന്ന് ഞാന്‍ വിചാരിക്കുന്നു. ഒരു സ്ത്രീ എന്ന നിലയിലും സാമൂഹികമായ പിന്നാക്കാവസ്ഥയില്‍ നിന്നും വന്ന ആളെന്ന നിലയിലും ഞാനിതില്‍ അഭിമാനിക്കുന്നുണ്ട്.

പ്രതിഫലമൊന്നുമില്ലാതെ പാടാന്‍ വിളിക്കുന്നതിനെക്കുറിച്ച് പുഷ്പവതി പറഞ്ഞിട്ടുണ്ട്. ജാതി തന്നെ ആണോ ഇവിടെയും പ്രശ്‌നം?

ഞാന്‍ ഒരു പ്രൊഫഷണല്‍ ഗായികയും സംഗീത സംവിധായികയും ആണ്. സംഗീതം എന്റെ ജീവനോപാധിയാണ്. പ്രതിഫലം വാങ്ങാതെ ഞാന്‍ പാടാറില്ല. ആരായാലും ചോദിച്ച് വാങ്ങാറുണ്ട്.

ജാതി തന്നെയാണോ സിനിമ പിന്നണി ഗാനരംഗത്ത് അവസരങ്ങള്‍ കുറയുന്നതിനു പിന്നില്‍?

ജാതി എന്നത് ഇന്ത്യന്‍ സാമൂഹികതയില്‍ നിഷേധിക്കാനാകാത്ത വിപത്തായി എല്ലാ മേഖലയിലും ഉണ്ട്. അതു വെള്ളത്തില്‍ അലിഞ്ഞ ഉപ്പ് പോലെയാണ്. ഉപ്പിനെ വേര്‍തിരിച്ചെടുക്കണം.


മാറുമറക്കല്‍ പോരാട്ടം നടന്ന മണിമലര്‍ക്കാവിന്റെ സമരപാരമ്പര്യം എങ്ങനെയാണ് പുഷ്പവതിയെ സ്വാധീനിച്ചിട്ടുള്ളത്?

ഞാന്‍ ജനിച്ചു വളര്‍ന്ന മണ്ണാണ് തൃശൂര്‍ ജില്ലയിലെ വേലൂര്‍. എന്റെ ഗ്രാമം നിരവധി സമരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച നാടാണ്. വേളത്ത് ലക്ഷ്മിക്കുട്ടിയുടെ നേതൃത്വത്തില്‍ നടന്ന മാറ് മറക്കല്‍ സമരം ചരിത്രപ്രാധാന്യം ഉള്ളതാണ്. കെ.കെ ശങ്കരന്‍, എ.എസ്.എന്‍ നമ്പീശന്‍ എന്നിവരുടെ നേതൃത്വത്തില്‍ കനാല്‍ സമരം, കര്‍ഷക സമരം തുടങ്ങിയവ നടന്നിട്ടുണ്ട്. ശേഖരന്‍ അത്താണിക്കലിന്റെ(അദ്ദേഹം ഈയിടെയാണ് മരിച്ചത്) നേതൃത്വത്തില്‍ മിച്ചഭൂമി സമരം ഉണ്ടായിട്ടുണ്ട്. ആ സമരത്തിലൂടെ കുറച്ചുപേര്‍ക്കവിടെ സ്വന്തമായി ഭൂമിയുണ്ടായി. അങ്ങനെ ഇടതുപക്ഷ സമരചരിത്രം ചുവപ്പിച്ചൊരു മണ്ണായിരുന്നു വേലൂര്‍. ഇപ്പോഴും അങ്ങനെയാണ്.

പാട്ടിലൂടെയുള്ള രാഷ്ട്രീയം എന്ന ആശയത്തിനു പിന്നില്‍ പ്രചോദനമായത്?

ഞാന്‍ അടിസ്ഥാനപരമായിട്ട് ഒരു ഗായികയാണ്. എനിക്കു പറയാനുള്ള കാര്യം സംഗീതത്തില്‍ കൂടിയാകുമ്പോള്‍ അതു കൂടുതല്‍ ആളുകളില്‍ ചെന്നെത്തും. ഒരു പ്രസംഗത്തിനോ അല്ലെങ്കില്‍ മറ്റു കലകള്‍ക്കോ ഇത്രയും സാധിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. സംഗീതത്തിന് എല്ലാവരിലേക്കും പടരാനുള്ള കഴിവുണ്ട്. അതുകൊണ്ടു തന്നെ സംഗീതത്തില്‍ കൂടി നമുക്ക് പറയാനുള്ള രാഷ്ട്രീയം പറയുക എന്നത് ഒരു രാഷ്ട്രീയ നിലപാടാണ്. രാഷ്ട്രീയ പ്രവര്‍ത്തനമായിട്ടാണ് ഞാനതിനെ കാണുന്നത്. എന്തുകൊണ്ട് അങ്ങനെ ചെയ്യുന്നുവെന്ന് ചോദിച്ചാല്‍, ഞാന്‍ ജീവിതത്തില്‍ അനുഭവിച്ച അസമത്വം എന്നിലുണ്ടാക്കിയിട്ടുള്ള പ്രതിഷേധമാണ് അതിനു കാരണം. ഞാന്‍ അനുഭവിച്ച സാമൂഹിക അസമത്വം ആണ് എന്റെ രാഷ്ട്രീയ ബോധത്തെ രൂപപ്പെടുത്തിയത്.


''എത്രയെത്ര മതിലുകള്‍ തകര്‍ത്തെറിഞ്ഞ കേരളം'' എന്ന് പുഷ്പവതി പാടിയിട്ടുണ്ട്. യഥാര്‍ഥത്തില്‍ ഇപ്പോഴും ആ മതിലുകള്‍ നമുക്കിടയില്‍ ഇല്ലേ?

ചുവപ്പു വസ്ത്രം ധരിച്ചാല്‍ തല്ലിക്കൊന്നു കളയുന്ന ഒരു കാലമുണ്ടായിരുന്നു കേരളത്തില്‍. എന്റെ അമ്മയൊക്കെ പറഞ്ഞുകേട്ടിട്ടുണ്ട്. അമ്മ പണ്ട് ചുവന്ന ബ്ലൗസിട്ടതിന് കോണ്‍ഗ്രസുകാര്‍ അടിച്ചോടിച്ച കാര്യം. അമ്മ പേടിച്ച് നെല്ലു പുഴുങ്ങുന്ന കലത്തിനുള്ളില്‍ ഒളിച്ചിരുന്നതുമൊക്കെ. അങ്ങനെയൊക്കെയുള്ള ഒരു നാടായിരുന്നു കേരളം. നമുക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനു മുന്‍പ് നാരായണ ഗുരുവിന്റെയും പൊയ്കയില്‍ അപ്പച്ചന്റെയും അയ്യങ്കാളിയുടെയും സഹോദരന്‍ അയ്യപ്പന്റെയും പണ്ഡിറ്റ് കറുപ്പന്റെയും... അങ്ങനെ നിരവധി പേരുടെ നവോത്ഥാനപരമായ പ്രവര്‍ത്തനങ്ങളാല്‍ ഉഴുതുമറിക്കപ്പെട്ട മണ്ണിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേരോട്ടം ഉണ്ടായത്. അന്നു നിലനിന്നിരുന്ന സാമൂഹികപരമായ നിരവധി അസമത്വങ്ങളെ പാര്‍ട്ടി അഭിസംബോധന ചെയ്തിട്ടുണ്ട്. അതിനൊരു തുടര്‍ച്ചയുണ്ടാകണം.

ആ നവോത്ഥാന പ്രവര്‍ത്തനങ്ങളെ ഇനിയും മുന്നോട്ട് കൊണ്ടുപോകേണ്ടത് നാടിന്റെ ആവശ്യമാണ്. സാമൂഹിക പ്രവര്‍ത്തനമെന്നത് നിരന്തരമായ പ്രക്രിയയാണ്, ജാഗ്രതയാണ്. അതങ്ങനെ പെട്ടെന്ന് പാതിവഴിയില്‍ നിര്‍ത്തേണ്ട ഒരു കാര്യമല്ല. നമ്മുടെ വീട് പോലെയാണ് അത്. വീട് ഒരു ദിവസം വൃത്തിയാക്കിയാല്‍ അടുത്ത ദിവസമാകുമ്പോഴേക്കും വീണ്ടും പൊടിയും അഴുക്കും നിറയും. മുറ്റത്തു ചവറു വീഴും. നമ്മുടെ നാട്ടിടവഴികളിലൊക്കെ നമ്മള്‍ നടക്കാതിരുന്നാല്‍ പുല്ലും കാടുമൊക്കെ പിടിച്ച് നടക്കാന്‍ കഴിയാത്ത അവസ്ഥയാകും. എന്റെ നാട്ടിലൊക്കെ പോയാല്‍ ഞങ്ങള്‍ പശുവിനെ മേച്ച് നടന്ന സ്ഥലങ്ങളിലൊക്കെ ആകെ കാടു പടര്‍ന്നിരിക്കുന്നത് കാണാം. അവിടെ വിഷപ്പാമ്പുകളൊക്കെ കാണുമെന്ന് പേടിച്ച് ആ വഴിക്കൊന്നും ഇപ്പോള്‍ പോകാന്‍ പറ്റാത്ത സ്ഥിതിയായിട്ടുണ്ട്. സമൂഹത്തില്‍ ഭയരഹിതമായി ജീവിക്കാന്‍ സാമൂഹികപരവും വര്‍ഗീയപരവും ജാതിപരവുമായി വിപത്തിനെ ജാഗ്രതയോടെ നേരിടണം. അതിനെ അഭിസംബോധന ചെയ്തുകൊണ്ടു മാത്രമെ അതിനെ മറികടക്കാന്‍ കഴിയുകയുള്ളൂ. നമ്മുടെ മുന്നില്‍ ഒരു പ്രശ്‌നം വന്നുകഴിഞ്ഞാല്‍ അതിനെ നേരിടാതെ മറികടക്കാന്‍ സാധിക്കുകയില്ല. അത്തരത്തിലുള്ളൊരു മുന്നോട്ടുപോക്കാണ് സമൂഹത്തിന് ആവശ്യം.

പൊയ്കയില്‍ അപ്പച്ചന്റെ പാട്ടുകളും ആശയങ്ങളും എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്?

ശ്രീനാരായണ ഗുരുവും അയ്യങ്കാളിയും ജീവിച്ചിരുന്ന അതേ കാലഘട്ടത്തിലാണ് മധ്യതിരുവിതാകൂറില്‍ പൊയ്കയില്‍ അപ്പച്ചനും ജീവിച്ചിരുന്നത്. അദ്ദേഹം അനുഭവിച്ച അടിമത്തത്തിന്റെയും സഹനത്തിന്റെയും അതില്‍ നിന്നുള്ള അതിജീവനത്തിന്റെയും ഒക്കെ അനുഭവങ്ങളാണ് അദ്ദേഹത്തിന്റെ വരികളിലുള്ളത്. അതെന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. പൊയ്കയില്‍ അപ്പച്ചന്റെ വരികള്‍ക്ക് ഇന്നും വളരെ പ്രാധാന്യമുണ്ട്. അദൃശ്യരാക്കപ്പെടുന്ന മനുഷ്യരെ അത് അഭിസംബോധന ചെയ്യുന്നുണ്ട്.


Similar Posts